തൊഴിലിടത്ത് വച്ച് നിഷ്ഠൂരമായി ആക്രമിപ്പെട്ടിട്ടും ഇരയായിരിയ്ക്കാന് വിസമ്മതിച്ച ഒരു നടി നിശബ്ദതയുടെ നീണ്ട ചരിത്രം അട്ടിമറിച്ച ദിവസമാണ് . അവള് നീതിന്യായ സംവിധാനത്തിന് മുമ്പാകെ നല്കിയ മൊഴി നാളിതുവരെയും ആരാലും തിരുത്തി എഴുതാന്‍ ഇടവന്നിട്ടില്ല .
മലയാള സിനിമ എന്ന തൊഴിലിടത്തില്‍ ഈ ഒച്ച വയ്ക്കലുണ്ടാക്കിയ ഭൂകമ്പം ചെറുതല്ല . അതിന്റെ തുടര്‍ച്ചയാണ് മലയാള സിനിമയിലെ പ്രതിരോധ കൂട്ടായ്മയായ ഡബ്ല്യു. സി.സി. (വിമന്‍ ഇന്‍ സിനിമാ കലക്ടീവ് ). തുടര്‍ന്ന് 2017 മെയ് 18 ന് സിനിമയില്‍ ലിംഗനീതി ഉറപ്പു വരുത്തണമെന്നാവശ്യപ്പെട്ട് സബ്ല്യു.സി.സി. മുഖ്യമന്ത്രിക്ക് നേരിട്ട് നല്കിയ പരാതിക്ക് ഉടന്‍ ഫലവുമുണ്ടായി. 2017 ജൂലൈ ഒന്നിന് 90 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി മലയാള സിനിമയിലെ സ്ത്രീകളുടെ അവസ്ഥയെക്കുറിച്ച് പഠിക്കാന്‍ ജസ്റ്റിസ് ഹേമ അധ്യക്ഷയായി ഒരു കമ്മീഷന് നിലവില്‍ വന്നു. ദേശീയ അവാര്‍ഡ് ജേതാവും മലയാളത്തിന്റെ പ്രിയനടി ശാരദയും ഐ.എ.എസ്. ഉദ്യോഗസ്ഥയായ കെ.ബി. വത്സലകുമാരിയും അടങ്ങുന്ന മൂന്നംഗ സമിതിയെയാണ് സര്‍ക്കാര്‍ ഇതിന് നിയോഗിച്ചത് . വന്‍ തുക ചിലവിട്ട് രണ്ടര വര്‍ഷക്കാലം കൊണ്ട് നടത്തിയ പഠനങ്ങള്‍ക്കും അന്വേഷണങള്ക്കും ശേഷം 2019 ഡിസംബര്‍ 31 ന് ജസ്റ്റിസ് ഹേമ കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയതു . എന്നാല്‍ കഴിഞ്ഞ പത്തു മാസക്കാലമായി ഇതിന്മേല് ഒരു തീരുമാനവുമുണ്ടായിട്ടില്ല. അതിനി ഇരുളിലാകാതെ മുന്നോട്ടു കൊണ്ടു പോകേണ്ട ഉത്തരവാദിത്വം കേരളത്തിലെ സ്ത്രീ സമൂഹത്തിനുണ്ട് , പൊതു സമൂഹത്തിനുണ്ട്.
‘ മലയാളസിനിമ എന്ന തൊഴിലിടം’ എന്ന സംഘടിതയുടെ ഈയൊരു ലക്കം എഡിറ്റ് ചെയ്യാന്‍ എനിക്ക് പ്രേരകശക്തിയായത് പെണ്ധീരതകള് പകര്‍ന്നു നല്കുന്ന കരുത്താണ്. കൃത്യമായി പറഞ്ഞാല്‍ 2014 മാര്‍ച്ച് 9 നാണ് സംഘടിതയുടെ എഡിറ്റോറിയല്‍ ബോര്‍ഡില്‍ അവസാനമായി എന്റെ പേരച്ചടിച്ചു വരുന്നത് . അതില്‍ പിന്നെ ആറ് വര്‍ഷം പിന്നിട്ടു. ആരും തളര്‍ന്നു പോയിട്ടില്ല. പോരാട്ടത്തിന്റെ പുതിയവഴികളില് ഇക്കാലത്ത് രൂപം കൊണ്ട ഡബ്ല്യു.സി.സി.ക്കൊപ്പം നടന്നതിന്റെ അനുഭവങ്ങള്‍ കൂടിയാണ് ഇവിടെ സമാഹരിക്കുന്നത്.
മലയാളസിനിമ എന്ന തൊഴിലിടത്തിന്റെ പെണ്‍ചരിത്രം തുടങ്ങുന്നത് 1928 ല്‍ ആദ്യനായിക പി.കെ. റോസിയെ അഞ്ചു രൂപ ദിവസക്കൂലിക്ക് അഭിനയിക്കാന്‍ കരാറാക്കുന്നിടത്താണ് . പ്രതിദിനം 500 രൂപക്ക് മുബൈയില്‍ നിന്നും കൊണ്ടുവന്ന നായിക സൗകര്യങ്ങള്‍ പോരാത്തതിനാല്‍ തിരിച്ചു പോയപ്പോള്‍ ഉണ്ടായ പ്രതിസന്ധി തീര്‍ക്കാനാണ് അഞ്ചു രൂപക്ക് നാട്ടില്‍ നിന്നു തന്നെ ഒരു നടിയെ കരാറാക്കുന്നത് . എന്നാല്‍ ഒരു ദളിത് സ്ത്രീ ഒരു ഉന്നതകുലജാതയുടെ വേഷമണിഞ്ഞ് വെള്ളിത്തിരയിലെത്തിയതില് രോഷാകുലരായ ആണ്കാണിക്കുട്ടത്തിന്റെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ ആ നായികക്ക് ജന്മനാടുവിട്ടോടേണ്ടി വന്നു. റോസിയുടെ ഒച്ചവയ്ക്കല് നാം കേട്ടിട്ടില്ല. എന്നാല്‍ നിശബ്ദമാക്കപ്പെട്ട ഒട്ടേറെ നിലവിളികള്‍ നിറഞ്ഞ ആ തൊഴിലിടത്തിന്റെ ദുരവസ്ഥകള്‍ ഇന്നും മാറ്റമില്ലാതെ തുടരുന്നു . നവോത്ഥാനകേരളത്തിന്റെ നാണക്കേടായിട്ട്.
റോസിക്ക് ലഭിക്കാതെ പോയ നീതിയില്‍ നിന്നേ നമുക്ക് തുടങ്ങാനാവൂ . അന്ന് നിയമങ്ങളില്ലായിരുന്നു. എന്നാല്‍ ഇന്ന് നിയമങ്ങളുണ്ടായിട്ടും സിനിമയിലെ സ്ത്രീകള്‍ക്ക് അനുഭവിക്കേണ്ടി വരുന്ന വിവേചനങ്ങള്‍ക്ക് അറുതിയുണ്ടാകുന്നില്ല . ഇന്ന് നിയമങ്ങളുണ്ട്, എന്നിട്ടും നീതിയില്ല. ലിംഗവിവേചനങ്ങളെക്കുറിച്ച് ഉച്ഛരിക്കുന്നത് പോലും ഇവിടെ അസാധ്യമാണ് . തുറന്നു പറയുക എന്നാല്‍ നിലനില്പ് തന്നെ അപകടപ്പെടുത്തുക എന്നാണര്‍ത്ഥം.
2017 ല്‍ നടിക്ക് നേരെ നടന്ന ആക്രമണത്തിലൂടെ തുറന്നുകാട്ടപ്പെട്ടത് സുപ്രീം കോടതി നിര്‍ദ്ദേശിച്ച തൊഴില്‍ നിയമം അംഗീകരിക്കാനും നടപ്പിലാക്കാനും വിസമ്മതിച്ചു നില്ക്കുന്ന ഒരു തൊഴിലിടത്തിന്റെ സ്ത്രീവിരുദ്ധതയും മനുഷ്യത്വഹീനതയുമാണ് . നമ്മുടെ വിനോദ വ്യവസായത്തിന്റെ വികൃതമുഖമാണത് .
ഇരുപതില്‍ കൂടുതല്‍ പേര് പണിയെടുക്കുന്ന ഏത് തൊഴിലിടത്തിലും ലിംഗസുരക്ഷ ഉറപ്പു വരുത്താന്‍ അനിവാര്യമായും ഉണ്ടായിരിക്കേണ്ട നിയമപരമായ ബാധ്യതയാണ് ഒരു അഭ്യന്തര പരാതി പരിഹാര സമിതി . 90 വയസ്സ് പിന്നിട്ട മലയാള സിനിമയില്‍ അത് ഇതുവരെയും ഉണ്ടായിട്ടില്ല. അത് നടപ്പിലാക്കാന്‍ ഉത്തരവാദപ്പെട്ട സിനിമയിലെ നിര്‍മ്മാണ സംഘടനാ സംവിധാനങ്ങള്‍ പുറം തിരിഞ്ഞു നില്‍ക്കുകയാണ്. മാത്രമല്ല നിയമം പാലിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പു വരുത്താന്‍ ഉത്തരവാദപ്പെട്ട സര്‍ക്കാര്‍ സംവിധാനങ്ങളും ഈ അന്യായം കണ്ടില്ലെന്നു നടിയ്ക്കുന്നു .
നിയമത്തെക്കുറിച്ചുള്ള അജ്ഞത ഒരു കാരണവശാലും നിയമപരമായ ബാധ്യതകള്‍ നിറവേറ്റേണ്ട ഉത്തരവാദിത്വത്തില്‍ നിന്നും ഒരു സംഘടനാ സംവിധാനത്തെയും സ്വതന്ത്രമാക്കുന്നില്ല. തൊഴിലിടത്തെ അത് സ്ത്രീ സൗഹാര്ദ്ദപരമല്ലാതാക്കുന്നു . അലിഖിതവും ചൂഷണോന്മുഖവുമായ ആണധികാരത്തിന് ആധിപത്യത്തില്‍ തുടരാന്‍ അവസരമൊരുക്കുന്നു . അത് പൊളിച്ചെഴുതാതെ സിനിമയിലെ സ്ത്രീയ്ക്ക് ഇനി മുന്നോട്ട് പോകാനേ കഴിയില്ല.
തൊഴില്‍ അവസാനിക്കുന്നിടത്താണല്ലോ ജീവിതം തുടങ്ങുന്നത് . അവസാനിക്കാത്ത തൊഴില്‍ എട്ടു മണിക്കൂര്‍ ജോലി, എട്ടു മണിക്കൂര്‍ വിനോദം , എട്ടു മണിക്കൂര്‍ വിശ്രമം എന്ന സ്വപ്നത്തെ ഉണര്‍ത്തി . തൊഴിലിടങ്ങളെ കുറച്ചൊന്നുമല്ല അത് സമരാത്മകമാക്കിയത് . എണ്ണമറ്റ ബലികളുണ്ടായി അതിന്റെ പേരില്‍. ഓരോ നേട്ടത്തിനും പണിയെടുക്കുന്ന തൊഴിലാളി വര്‍ഗ്ഗം വലിയ വില കൊടുക്കേണ്ടി വന്നിട്ടുണ്ട്. ഒരു സ്വാതന്ത്ര്യവും വെറുതെ കിട്ടിയതല്ല. നീണ്ട അവകാശ പോരാട്ടങ്ങളിലൂടെ നേടിയെടുക്കപ്പെട്ടതാണ് . എന്നാല്‍ ഈ പരിണാമത്തില്‍ സവിശേഷ ശ്രദ്ധ കിട്ടാതെ പോയ ഒരു മേഖലയാണ് സ്ത്രീകളുടെ അവകാശങ്ങള്‍ . ലിംഗസമത്വവും തുല്യജോലിക്ക് തുല്യവേതനവും സ്ത്രീയുടെ മൗലീകാവകാശമാണെന്ന വസ്തുതയോട് സിനിമയടക്കമുള്ള തൊഴിലിടങ്ങള്‍ നിഷേധാത്മകമായ നിലപാടാണെടുത്തത് . അതിനി മാറിയേ തീരൂ.മാററിയേ തീരൂ.
പുരുഷന് എടുക്കേണ്ടി വരുന്നതിന്റെ എത്രയോ ഇരട്ടി ഭാരം ചുമന്നാണ് ഏതൊരു സ്ത്രീയ്ക്കും സിനിമയിലൊരു ഇടമുണ്ടാക്കാന്‍ ഓടേണ്ടി വരുന്നത്. ആണത്തം ഏല്പിക്കുന്ന ഭാരം അതിലൊന്നാണ്. തീരുമാനമെടുക്കപ്പെടുന്ന ഇടങ്ങളൊക്കെ നിയന്ത്രിക്കപ്പെടുന്നത് പുരുഷാധികാരത്തിന്റെ പ്രത്യയശാസ്ത്രവക്താക്കളാണ്. അതാണ് മാറ്റമില്ലാതെ തുടരുന്നത് . അതാണ് ഈ തൊഴിലിടത്തെ വിവേചന പൂര്‍ണ്ണമാക്കുന്നതും.
എണ്‍പതുകളുടെ മധ്യത്തിലാണ് പെണ്ണുണര്ച്ചകളുടെ വിളി കേട്ട് ഞാനടക്കമുള്ള തലമുറ ഫെമിനിസത്തിന്റെ പതാക കയ്യിലേന്തിയത്. സ്ത്രീകളുടെതായ സംഘടനാ സംവിധാനങ്ങള്‍ അന്ന് രൂപം കൊള്ളുന്നതേയുള്ളൂ . മാനുഷിയും ബോധനയുമൊക്കെ ഉയിര് കൊണ്ട കാലമാണത് . 1990 ഡിസംബറില്‍ നാലാമത് അന്താരാഷ്ട്ര സ്ത്രീ വിമോചന സംഘടനകളുടെ സമ്മേളനം കോഴിക്കോട്ട് ദേവഗിരി കോളേജില്‍ ചേരുമ്പോള്‍ ഒന്നല്ല പല തരം പെണ്കുട്ടായ്മകളുടെ വസന്തം ഞാന്‍ നേരിട്ടനുഭവിച്ചിട്ടുണ്ട്. അതിന്റെ ബഹുസ്വരത ഹൃദയത്തില്‍ ഏറ്റുവാങ്ങിയിട്ടുണ്ട് . ഈ ഫെമിനിസ്റ്റ് കൂട്ടായ്മ പകരുന്ന ഊര്‍ജ്ജമാണ് മൂന്നര പതിറ്റാണ്ട് പിന്നിട്ട് ഡബ്ലു. സി.സി. ക്കൊപ്പം നിന്ന് പോരാടുമ്പോഴും അനുഭവിക്കാനാകുന്നത് .
സിനിമ എനിക്ക് സിദ്ധാന്തം മാത്രമല്ല. തൊണ്ണൂറുകളുടെ തുടക്കം മുതല്‍ ഫിലീം ഫെസ്റ്റിവലുകളിലൂടെയും 2004 മുതല്‍ സിനിമ എന്ന തൊഴിലിടത്തിനുള്ളിലൂടെയുമുള്ള യാത്രയാണ്. അത് എന്നെ പഠിപ്പിച്ചത് സിനിമ എന്ന ആണിടത്തില്‍ പോരാടി നില്‍ക്കാനാണ്. അവിടെ താഴ്ത്താതെ വയ്ക്കേണ്ടത് പെണ്ണിന്റെ ആത്മാഭിമാനത്തിന്റെ കൊടിക്കൂറയാണ്.
നീണ്ട മുറവിളികള്‍ക്കൊടുവിലാണ് 1998 ല്‍ സിനിമ ഒരു വ്യവസായമായി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത് . 2013 മുതല്‍ തൊഴിലിടങ്ങളിലെ ലിംഗവിവേചനം തടയാന്‍ ഇവിടെ നിയമമുണ്ടായി. എന്നാല്‍ സിനിമയിലെ തൊഴിലിടങ്ങളില്‍ ലിംഗനീതി മാത്രം പുലര്‍ന്നില്ല. അതിന് ഇനിയുമെത്രയോ അഴിച്ചുപണികള്‍ ഇവിടുത്തെ ആണത്തങ്ങളിലും അവരുടെ കാഴ്ചപ്പാടുകളിലും ഉണ്ടാകേണ്ടതുണ്ട്.
സംഘടിതയുടെ ഈ ലക്കം സിനിമ എന്ന തൊഴിലിടം മുന്നോട്ടു വയ്ക്കുന്ന ഒട്ടേറെ പ്രശ്നങ്ങളുടെയും പ്രതിസന്ധികളുടെയും ഒരു നഖചിത്രം അവതരിപ്പിക്കുകയാണ്. കാഴ്ചപ്പാടുകളിലും തീരുമാനങ്ങളിലും വരാനിരിക്കുന്ന മാറ്റങ്ങളുടെ ഒരു മുന്നോടി മാത്രമാണിത്.
പൊതുജനങ്ങളുടെ നികുതിപ്പണം കൊണ്ട് ഉണ്ടായ ഹേമ കമ്മീഷന് റിപ്പോര്ട്ടിന്മേല് സ്ത്രീ സൗഹാര്‍ദ്ദപരമായ നയങ്ങളും നടപടികളുമുണ്ടാകണം . ഇവിടെ അവതരിപ്പിക്കപ്പെട്ട പ്രമേയങ്ങളുടെ തുടര്‍ച്ചകളും അവയുടെ തുടര്‍ചലനങ്ങളും സമൂഹത്തിലുണ്ടാകുമ്പോള്‍ മാത്രമേ അത്തരമൊരു മാറ്റം സാധ്യമാകൂ. ഈ ലക്കം സംഘടിത അതിനായി സമര്‍പ്പിക്കുന്നു.
തിരഞ്ഞെടുപ്പാണ് വരാന്‍ പോകുന്നത്. അതില്‍ മുങ്ങിപ്പോകരുത് ലിംഗനീതിയുടെ വിഷയങ്ങള്‍. നമുക്കും വേണം നമ്മുടെ മുദ്രാവാക്യങ്ങള്‍. നാം നമ്മുടെ പോരാട്ടം അടിയറവ് വയ്ക്കുന്ന പ്രശ്നമില്ല. അത് മുന്നോട്ട് കൊണ്ട് പോവുക തന്നെ ചെയ്യും . ഒരു സ്ത്രീയും സ്വന്തം തൊഴിലിടത്തിലും വീട്ടകത്തിലും പൊതു ഇടത്തിലും ആക്രമിക്കപ്പെടാത്ത കാലം വരും വരെ നമുക്ക് വിശ്രമമില്ല.
( ഫെമിനിസ്റ്റ് , തിരക്കഥാകൃത്ത് , നിരവധി സ്ത്രീ /ചലച്ചിത്ര
പഠനഗ്രന്ഥങ്ങളുടെ കര്‍ത്താവ് , കോളേജ് അധ്യാപിക.)
COMMENTS