പ്രമുഖ സാമൂഹ്യശാസ്ത്രജ്ഞനായ ടി.എച്ച്. മാര്‍ഷലിന്‍റെ നിര്‍വ്വചനമനുസരിച്ച് ഒരു സമൂഹത്തിന്‍റെ/സമുദായത്തിന്‍റെ പൂര്‍ണ അംഗമായവര്‍ക്ക് നല്‍കുന്ന പദവിയാണ് പൗരത്വം. ഈ പദവിക്കൊപ്പം എത്തുന്ന അവകാശങ്ങളെയും ഉത്തരവാദിത്വങ്ങളെയും അതിന്‍റെ ശരിയായ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നവരെയാണ് പൗരന്മരായി കണക്കാക്കേണ്ടതെന്നും അദ്ദേഹം പറയുന്നു. ഈ നിര്‍വചനത്തെ സാമാന്യ യുക്തിക്കനുസരിച്ച് കീറി മുറിക്കാന്‍ ഒരു ശ്രമം നടത്തുകയാണ്.
എന്താണ് സമൂഹം അഥവാ സമുദായം? അംഗത്വം എന്ന ആശയത്തെ ഏത് മാനദണ്ഡങ്ങളുപയോഗിച്ചാണ് നിര്‍വചിക്കാനാവുക? ഈ സംവിധാനത്തിലെ തുല്യതാ സങ്കല്പത്തിന്‍റെ അളവുകോല്‍ എന്താണ്? സി.എ.എ, എന്‍.ആര്‍.സി പ്രതിഷേധങ്ങളുടെ ഭാഗമായി അടുത്തിടെ രാജ്യമെമ്പാടും ചര്‍ച്ച ചെയ്ത വിഷയമാണ് പൗരത്വം. ഇത് പോലുള്ള കുറച്ച് കട്ടിയുള്ള വിഷയങ്ങള്‍ പൊതുവെ ചര്‍ച്ച ചെയ്യപ്പെടാറുണ്ടായിരുന്നത് നമ്മുടെ നിയമ ക്ലാസുകളിലും നിയമനിര്‍മാണ സഭകളിലും ഒരു പരിധിവരെ കാമ്പസുകള്‍ പോലുള്ള ഇടങ്ങളിലുമായിരുന്നു. എന്നാല്‍ പൗരത്വം എന്ന, സാധാരണ മനുഷ്യരുടെ ചിന്താ മണ്ഡലങ്ങളില്‍ വിദൂരമായി പോലും പൊങ്ങി വരാത്തൊരു വിഷയത്തെ നമ്മുടെ കവലകളിലും കടപ്പുറങ്ങളിലും അയല്‍ക്കൂട്ടങ്ങളിലും ഒക്കെ എത്തിക്കാന്‍ ഈ പ്രതിഷേധങ്ങള്‍ക്കും പോരാട്ടങ്ങള്‍ക്കും കഴിഞ്ഞു. രണ്ടുവരി ഫെയ്സ്ബുക്ക് എഴുത്തുകാര്‍ക്കും വാരികപ്പേജുകളില്‍ ഖണ്ഡംഖണ്ഡമായി എഴുതുന്നവര്‍ക്കും വാര്‍ത്താ ചാനലിലെ ചര്‍ച്ചാപ്രേമികള്‍ക്കും ഇന്ത്യയില്‍ അടുത്തിടെ പതഞ്ഞു പൊന്തിയ പൗരത്വ വിഷയം വലിയ ഉള്ളടക്ക നിര്‍മിതിക്ക് സഹായകരമായി.
ജീവിതത്തിലാദ്യമായി ഞാനും ഞാനുള്‍പ്പെടുന്ന എന്‍റെ കുടുംബവും (മുക്കുവ ജാതിക്കാരായ ലത്തീന്‍ കത്തോലിക്ക കുടുംബം) ഞങ്ങളുടെ പൗരത്വത്തെപ്പറ്റി ചിന്തിച്ച സമയമായിരുന്നു അത്. അല്ലെങ്കില്‍ത്തന്നെ ചര്‍ച്ചിനും സ്റ്റേറ്റിനും ഇടയില്‍പ്പെട്ട് ഭരിക്കപ്പെടാനുള്ള അവകാശം ആര്‍ക്ക് പതിച്ച് നല്‍കണമെന്ന് അറിയാതെ ആശയക്കുഴപ്പത്തിലായൊരു ജനതയാണ്! ആത്മീയവും സാമുദായികവുമായ അധികാരം പ്രാഥമികമായി പള്ളിക്ക് മേല്‍ അന്തര്‍ലീനമായിരിക്കുമ്പോഴും, ഒരു പൗരന്‍ (പൗരനും മനുഷ്യനും വഴിപോക്കനും പോലെ സ്ത്രീരഹിത സങ്കല്പത്തില്‍ ഉണ്ടായി വന്ന പദങ്ങളില്‍ നിന്ന് മുക്തി നേടാന്‍ ഒരു പകരം ഭാഷ കണ്ടെത്തേണ്ടിയിരിക്കുന്നു) എന്ന നിലയില്‍ രാഷ്ട്രീയമായും സാമ്പത്തികമായുമെല്ലാം സ്റ്റേറ്റിനോട് ബന്ധപ്പെട്ടു നില്‍ക്കേണ്ടി വരുന്നതിന്‍റെ ധര്‍മ്മസങ്കടം ആവോളമുള്ള സമുദായത്തിലെ ഒരംഗമാണ്. ബെനഡിക്ട് ആന്‍ഡേഴിസണിന്‍റെ ‘സാങ്കല്പിക സമുദായം’ (Imagined Communities) എന്ന ആശയം ആദ്യമായി വായിക്കുമ്പോഴുണ്ടാവുന്ന ചില തിരിച്ചറിവുകള്‍ പൗരത്വ സംവാദങ്ങളിലും പ്രസക്തമാണെന്ന് തോന്നുന്നു. സാമൂഹികമായി നിര്‍മിച്ചെടുക്കപ്പെട്ട ഒരു ജനത, തങ്ങളൊരു ഗ്രൂപ്പിന്‍റെ ഭാഗമാണെന്ന് സ്വയം സങ്കല്പിക്കപ്പെടുമ്പോള്‍ ആണല്ലോ അവിടെ ദേശീയതയും അതിന്‍റെ ഉപോല്പന്നമായ പൗരത്വവും നിലവില്‍ വരുന്നത്. ഇന്ത്യാപാക് ക്രിക്കറ്റ് മത്സര സായാഹ്നങ്ങളില്‍ വല്ലാതെ ഉണ്ടായിപ്പോവുന്ന ‘ഇന്ത്യന്‍ ദേശീയത’യുടെ കാതലില്‍ നിന്ന് വ്യത്യസ്തമായതാണ് സി.എ.എ പ്രതിഷേധങ്ങള്‍ക്കിടെ മുസ്ലീം മുസ്ലിംഇതര വിഭാഗങ്ങള്‍ ഒറ്റയ്ക്കോ കൂട്ടായോ ഉയര്‍ത്തിപ്പിടിച്ച പൗരത്വബോധം എന്നത് ഈ സാങ്കല്പിക സമുദായങ്ങളുടെ പൗരത്വത്തെ ക്കുറിച്ചുള്ള വൈവിധ്യം വ്യക്തമാക്കുന്നു. കൂട്ടങ്ങള്‍ രൂപപ്പെടുന്നതിനേക്കാള്‍ താനൊരു കൂട്ടത്തിന്‍റെ ഭാഗമാണെന്ന സങ്കല്പത്തിലധിഷ്ഠിതമായി രൂപപ്പെടുന്ന കൂട്ടങ്ങളെപ്പറ്റിയാണ്, അവര്‍ സ്റ്റേറ്റിന്‍റെ വാലിഡിറ്റിക്ക് അര്‍ഹരാണോ അല്ലയോ എന്ന കൗതുകകരമായ സംവാദമാണ് നാം ഇന്ത്യ എന്ന സാങ്കല്പിക സമുദായങ്ങളുടെ വിവിധ ഭാഗങ്ങളില്‍ കണ്ടത്.
മുന്‍പ് സൂചിപ്പിച്ചതു പോലെ പൗരത്വ പദവി നേടിയവരെ വിശേഷിപ്പിക്കാന്‍ പൗരന്‍ എന്ന ആണ്‍നിര്‍മ്മിത പദം മാത്രമേ നമ്മുടെ നിഘണ്ടുവിലുള്ളൂ. മലയാളത്തില്‍ മാത്രമല്ല ലോകത്തെ ഒട്ടുമിക്ക ഭാഷകളിലും ഇത്തരത്തിലുള്ള പദങ്ങള്‍ മാത്രം കാണാനാവുന്നത്, ഈ സംവാദങ്ങളില്‍ തുടക്കം മുതലേ സ്ത്രീകളുടെ സ്ഥാനം എവിടെയായിരുന്നു എന്നതിന്‍റെ ദിശ വ്യക്തമാക്കുന്നുണ്ട്. (സാങ്കല്പിക) സമുദായത്തില്‍/ രാജ്യത്തില്‍ ഉള്‍പ്പെടുന്നവരെന്ന ധാരണയില്‍ പൗരത്വ പദവി നേടിയ ആണുങ്ങളുടെ പിന്നില്‍ ആ പൗരത്വത്തിന് പങ്കുപറ്റി ഓരം ചേര്‍ന്നു നിന്നവരായിരുന്നു പെണ്ണുങ്ങള്‍ എന്നാണ് യാഥാസ്ഥിതിക വിവരണങ്ങളില്‍ നിന്ന് നമുക്ക് എത്തിച്ചേരാവുന്ന നിഗമനം. പ്രാതിനിധ്യമില്ലായ്മയുടെ വിവിധ പാളികളാണ് ഇവിടെ അനാവരണം ചെയ്യപ്പെടുന്നത്. സി.എ.എ സമരവുമായി ബന്ധപ്പെട്ട് ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട, ഒരുപക്ഷേ പൗരത്വ പ്രതിഷേധങ്ങളില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ സമരമായി ഇന്നും തുടരുന്ന ഷഹീന്‍ ബാഗിലെ സ്ത്രീകളുടെ പോരാട്ടം ഇക്കൂട്ടത്തില്‍ പ്രത്യേകം ചര്‍ച്ച ചെയ്യേണ്ട ഒന്നാണ്. ഇതിനോടകം ഷഹീന്‍ബാഗുമായി ബന്ധപ്പെട്ട നിരവധി തലങ്ങളിലെ വായനകള്‍ വന്നതുകൊണ്ടു തന്നെ ഈ വിഷയത്തെ ഗഹനമായി ഇഴകീറി പരിശോധിക്കാന്‍ ഇവിടെ ഉദ്ദേശിക്കുന്നില്ല. എന്നാല്‍ ഷഹീന്‍ബാഗുള്‍പ്പെടെ പൗരത്വ സമരമുഖത്ത് അണിനിരന്ന സ്ത്രീകളെ പ്രതി ഉണ്ടായ സംവാദങ്ങള്‍, ‘സ്ത്രീകള്‍ പോലും’ സമരത്തിനിറങ്ങി എന്നിവ പോലുള്ള പ്രയോഗങ്ങള്‍, പൗരത്വം എന്ന വിശാല സങ്കല്പത്തെ എങ്ങനെയാണ് ലിംഗഭേദത്തിന്‍റെ പ്രശ്നം കൂടി ആക്കുന്നതെന്ന് വ്യക്തമാക്കും. പൗരത്വ പ്രശ്നം ഒരു രാഷ്ട്രീയ സമൂഹത്തിലെ ആണ്‍പെണ്‍ ഭേദമില്ലാതെ എല്ലാവരെയും സാരമായി ബാധിക്കുന്ന വിഷയമാണെന്നിരിക്കെ, എങ്ങനെയാണ് സ്ത്രീകള്‍ക്ക് ഈപ്രശ്നത്തിന്‍റെ സ്റ്റേക്ക്ഹോള്‍ഡര്‍മാര്‍ ആവാന്‍ സാധിക്കാതെ പോവുന്നത്? രാജ്യത്തെ പൗരര്‍ ആയിരിക്കാനുള്ള അവകാശസമരങ്ങളില്‍ സ്ത്രീകളുടെ കൂടി കര്‍തൃത്വം (അഴലിര്യ) ഏറ്റെടുത്ത് പ്രതിഷേധിക്കാനുള്ള അധികാരം പുരുഷന്‍മാര്‍ക്ക് ലഭിക്കാനിടയായ സാഹചര്യത്തെ ഏതൊക്കെ തലങ്ങളിലാണ് പരിശോധിക്കേണ്ടത്? ഈ ലേഖനത്തിന്‍റെ തുടക്കത്തില്‍ ടി.എച്ച്. മാര്‍ഷലിന്‍റെ പൗരത്വ വിര്‍വചനവുമായി ബന്ധപ്പെടുത്തി ഉന്നയിച്ച ചോദ്യങ്ങള്‍ വീണ്ടും ആവര്‍ത്തിക്കേണ്ടി വരുകയാണ്. വിഭവവും അധികാരവും പ്രാതിനിധ്യ വുമുള്ള ഒരു വിഭാഗം മാത്രം സമുദായത്തിന് അഥവാ സമൂഹത്തിന് വേണ്ടിയുള്ള സംഘര്‍ഷങ്ങളുടെ ഭാഗമാവുന്നതില്‍ തുടങ്ങുകയാണ് ലിംഗപരമായ അനീതി. ലൈംഗിക ന്യൂനപക്ഷങ്ങളും സ്ത്രീകളും ഉള്‍പ്പെടുന്ന ഒരു സമൂഹത്തില്‍, ഈ വിഭാഗങ്ങള്‍ സ്വന്തം സ്വത്വത്തിേډല്‍ പ്രതിസന്ധി നേരിടുന്നു എന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കുമ്പോള്‍ തന്നെയാണ് ഇവര്‍ പൗരത്വ പ്രതിഷേധങ്ങളില്‍ പങ്കാളികളാവുന്നതും. പൗരത്വ സമരങ്ങളില്‍ പങ്കെടുത്ത സ്ത്രീകള്‍ക്കും ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കും ഇരട്ട ഉത്തരവാദിത്വമാണുണ്ടായിരുന്നത്. ഒരു വശത്ത് ലിംഗ പ്രാതിനിധ്യം ഉറപ്പുവരുത്താനും മറുവശത്ത് പൗരത്വം എന്ന രാഷ്ട്രീയ നിലനില്‍പ്പിന് വേണ്ടിയുള്ള ചെറുത്തുനില്‍പ്പില്‍ പങ്കാളികളാവാനും. ഇതേ സമരമുഖത്ത് ഇറങ്ങിയ പുരുഷനുണ്ടായിരുന്നതും ഈ പ്രിവിലേജ് തന്നെ. കുട്ടികളെയും വയോധികരെയും പരിചരിക്കുകയെന്ന വൈകാരിക ജോലി ചെയ്യാന്‍ നിര്‍ബന്ധിതരായിത്തീരുന്ന സ്ത്രീകളെ, അതൊരു ശമ്പളമില്ലാത്ത ജോലിയാണെന്ന് തീര്‍പ്പുകല്പിക്കപ്പെട്ട സമൂഹത്തില്‍ എങ്ങനെയാണ് തുല്യ അംഗമായി പറഞ്ഞു വയ്ക്കുക? സ്നേഹം, പരിചരണം എന്നിങ്ങനെ വിപണിയില്‍ പണരഹിത മൂല്യമുള്ള (സ്നേഹം പൈസ കൊടുത്താല്‍ വാങ്ങാന്‍ കിട്ടുന്നതല്ലെന്ന സംഗതി) ഭാരങ്ങളെ സ്ത്രീകളിലേല്‍പ്പിച്ച് പൗരത്വം നേടിയെടുക്കാന്‍ ഇറങ്ങുന്ന പുരുഷന്മാര്‍ ഏറെയുള്ള സമൂഹത്തിലിരുന്നാണ് നമ്മള്‍ മതത്തിന്‍റെ അടിസ്ഥാനത്തില്‍ പൗരത്വം കല്പിക്കുന്ന സ്റ്റേറ്റിന്‍റെ നീതിരാഹിത്യത്തെപ്പറ്റി സംസാരിക്കുന്നത്. പുരുഷ കേന്ദ്രീകൃത വ്യവസ്ഥിതിയിലെ പൗരത്വ പ്രതിസന്ധികള്‍ മറികടക്കാന്‍ സ്ത്രീകള്‍ക്കിടയില്‍ പുതു സഖ്യങ്ങള്‍ രൂപപ്പെടേണ്ടത് അനിവാര്യമായിരിക്കുന്നു. ജാതിക്കും മതത്തിനും വര്‍ഗത്തിനും വംശത്തിനും അതീതമായി ഇത്തരം മാതൃകകള്‍ രൂപപ്പെട്ടാലേ തുല്യനീതി എന്നത് സങ്കല്പത്തില്‍ നിന്ന് പുറത്തു കടന്ന് യാഥാര്‍ത്ഥ്യമാവുകയുള്ളൂ. എഴുത്തിലും സിനിമയിലും മറ്റ് കലാ പ്രകടനങ്ങളിലും പ്രതിനിധീകരിക്കപ്പെടുന്ന സ്ത്രീപക്ഷ വിവരണങ്ങള്‍ രാഷ്ട്രീയസാമൂഹിക തലങ്ങളിലും നടപ്പില്‍വരണം. പൗരത്വമെന്നത് സാങ്കല്പിക രാഷ്ട്രങ്ങളെ ചുറ്റിപ്പറ്റിയുള്ള ആശയമാവുമ്പോള്‍ ലിംഗനീതിക്ക് സങ്കല്പേതര ലോകത്തിലും പ്രാധാന്യമേറെ ഉണ്ടെന്ന തിരിച്ചറിവാണ് ഉണ്ടാവേണ്ടത്. അതിേډലുള്ള നയരൂപീകരണത്തിന് ഒരു പരിധി വരെയെങ്കിലും ലിംഗനീതി ഉറപ്പു വരുത്താനായേക്കും.
സിന്ധു മരിയ നെപ്പോളിയന്‍
റേഡിയോ മണ്‍സൂണില്‍
തിരുവനന്തപുരത്തെ മത്സ്യത്തൊഴിലാളികള്‍ക്കായി ആരംഭിച്ച കമ്മ്യൂണിറ്റി റേഡിയോ പ്രോഗ്രാം പ്രൊഡ്യൂസറാണ്
COMMENTS