Homeചർച്ചാവിഷയം

പീഡനത്തിന്‍റെ ഭാഷ

മായാലീല

പീഡനത്തിന് പല രൂപമാണ്, ശാരീരികം മാനസികം വൈകാരികം അങ്ങനെ പലത്. കുട്ടികളോട് ചെയ്യപ്പെടുന്ന, ഏറ്റവും കൂടുതല്‍ അവഗണിക്കുന്നതും അശ്രദ്ധമായി എല്ലാവരും ചെയ്യുന്നതുമായ ഒന്നാണ് മാനസിക പീഡനം. കുഞ്ഞുങ്ങളുടെ തലച്ചോറിന് ആ കുഞ്ഞ് വളര്‍ന്ന് വരുമ്പോള്‍ ഏത് തരത്തിലുള്ള വ്യക്തി ആകും എന്ന് നിര്‍ണ്ണയിക്കാനുള്ള കഴിവുണ്ട്. ജനിക്കുമ്പോള്‍ മുതല്‍ ആ കുഞ്ഞിന് കിട്ടുന്ന ദൈനംദിന അനുഭവങ്ങള്‍ ആണ് തലച്ചോറിനെ ഓരോ രീതിയില്‍ പരുവപ്പെടുത്തുന്നത്. ആവര്‍ത്തിച്ച് കേള്‍ക്കുന്നത് അവന്‍റെ/ അവളുടെ വിശ്വാസങ്ങളാകും, ആവര്‍ത്തിച്ച് ചെയ്യുന്നത് അവരുടെ ശീലങ്ങളാകും. വിശ്വാസങ്ങളും അനുഭവങ്ങളും കൂടിച്ചേര്‍ന്ന് കാഴ്ചപ്പാടുകളാകും. സ്വന്തമായി കാര്യങ്ങളെ വിശകലനം ചെയ്യാനോ തെറ്റേത് ശരിയേത് എന്ന് തിരിച്ചറിയാനോ കുഞ്ഞുങ്ങള്‍ക്ക് കഴിവില്ല. അവിടെയാണ് ചുറ്റുമുള്ള മുതിര്‍ന്ന മനുഷ്യര്‍ ആ കുഞ്ഞിന്‍റെ വളര്‍ച്ചയില്‍ എത്രയും വലിയ പങ്കാണ് വഹിക്കുന്നത് എന്ന് മനസ്സിലാക്കേണ്ടത്. പ്രത്യേകിച്ചും ഭാഷ, ഉപയോഗിക്കുന്നതും ഉപയോഗിക്കാത്തതുമായ വാക്കുകളുടെ പ്രഹരവും തലോടലും ഒരു തലമുറയുടെ നിലനില്‍പ്പിന്‍റെ ആണിക്കല്ലാകുമ്പോള്‍.
കുഞ്ഞുങ്ങളോട് പ്രകടിപ്പിക്കുന്ന ഓരോ പെരുമാറ്റത്തിനും ഓരോ വാക്കിനും മൂല്യമുണ്ട്. അതുപോലെയാണ് പറയാതെ പോകുന്ന വാക്കുകള്‍. ചില നേരങ്ങളില്‍ നിശബ്ദത കുഞ്ഞുങ്ങളുടെ വളരുന്ന മനസ്സില്‍ ശൂന്യതയാണ് നിറയ്ക്കുക. കൂടെയുള്ള മുതിര്‍ന്നവരുടെ ശ്രദ്ധയും പരിചരണവുമാണ് കുട്ടികളുടെ പ്രോത്സാഹനം. പരിസരം പര്യവേക്ഷണം ചെയ്യാന്‍ തുടങ്ങുന്ന ഒരു കുഞ്ഞ് ഓരോ തവണയും തന്‍റെ അമ്മയോ മറ്റ് സംരക്ഷകരോ അടുത്തുണ്ടോ എന്നുറപ്പു വരുത്തിയാണ് മുന്നോട്ട് പോകുന്നത്. അപ്പോള്‍ കൊടുക്കാവുന്ന പ്രോത്സാഹനങ്ങളുടെയും ഉറപ്പുകളുടെയും വാക്കുകള്‍ അവരില്‍ ആത്മവിശ്വാസവും ധൈര്യവും നിറയ്ക്കും. പക്ഷെ അതില്ലാതെ തന്നെ ശ്രദ്ധിക്കാന്‍ ആരുമില്ലാതെ തന്നോട് ആഹ്ളാദത്തിന്‍റെ നേട്ടങ്ങളുടെ ഭാഷ ആരും സംസാരിക്കാതെ നിശബ്ദതയെ അഭിമുഖീകരിക്കേണ്ടി വരുന്ന ഒരു കുഞ്ഞ് അസ്ഥിരതയും അനിശ്ചിതത്വവും ആണ് ഉള്ളില്‍ വളര്‍ത്തുക. ആദ്യചുവട് തന്നെ പിഴച്ചുപോയോ ശരിയായില്ലേ ചെയ്യാന്‍ പാടില്ലേ എന്ന ഒടുങ്ങാത്ത സംശയത്തിന്‍റെ മേഘങ്ങളാണ് ആ മനസ്സില്‍ ഉരുണ്ടു കൂടുക. വളരുന്ന ഘട്ടത്തില്‍ ലഭിക്കുന്ന ആഹാരവും ആരോഗ്യവും പോലെ പ്രധാനമായ ഒരു പോഷകവസ്തുവാണ് ശ്രദ്ധ. അത് കൊടുക്കാതെ തിരസ്കരിക്കുന്നത് പീഡനമാണ്. അശ്രദ്ധയുടെ ഭാഷ ചതിയാണ്. അവരോടു പ്രകടമായി സ്നേഹവും കരുതലും കാണിക്കണം, ഓരോ നേട്ടവും ഓരോ ചുവടും ഏറ്റവും ആരോഗ്യകരമായ ശ്രദ്ധയും പ്രോത്സാഹനവും കൊടുത്ത് പരിപോഷിപ്പിക്കണം. ഒരു ജീവിതകാലത്തേയ്ക്ക് വേണ്ടുന്ന മാനസികാരോഗ്യം ആണ് ആദ്യത്തെ വര്‍ഷങ്ങളില്‍ കുഞ്ഞുങ്ങള്‍ക്ക് അതുവഴി കിട്ടുന്നത്.
മുതിരുന്ന കുട്ടികള്‍ക്ക് നേരെ ഉപയോഗിക്കുന്ന ഭാഷയും പ്രധാനമാണ്. സ്കൂളില്‍ പോകാന്‍ തുടങ്ങുന്ന പ്രായത്തിലെ കുട്ടികളോട് സദാ അനുസരിപ്പിക്കുന്ന ഉത്തരവുകളുടെ ഭാഷ ഉപയോഗിക്കുന്നത് അവരെ അടിച്ചമര്‍ത്തുകയാണ് ചെയ്യുന്നത്. അങ്ങനെ ചെയ്യരുത് ഇങ്ങനെ ചെയ്യരുത് എന്ന് എപ്പോഴും ഉത്തരവിടുന്ന മാതാപിതാക്കള്‍ കുട്ടികളില്‍ ആത്മവിശ്വാസം വളരുന്നത് തടയും. പകരം ‘ഇങ്ങനെ ചെയ്താലോ അതാണ് കൂടുതല്‍ സുരക്ഷിതം അതാണ് കൂടുതല്‍ ഫലപ്രദം’ എന്ന് അവരെ പറഞ്ഞു ബോധ്യപ്പെടുത്താം. കുട്ടികള്‍ സങ്കടപ്പെടുമ്പോള്‍ ദേഷ്യപ്പെടുമ്പോള്‍ അവരോടു മിണ്ടാതിരിക്ക് അടങ്ങിയിരിക്ക് തുടങ്ങിയ ഉത്തരവുകളില്‍ നിശബ്ദമാക്കുന്നത് അവരെ കൂടുതല്‍ വൈകാരിക പ്രശ്നങ്ങളിലേക്ക് തള്ളിവിടും. പകരം അവരുമായി അനുരജ്ഞനത്തിന്‍റെ ഭാഷ ഉപയോഗിക്കാം, എന്താണ് പറ്റിയതെന്നും എന്താണ് വേണ്ടതെന്നും ചോദിക്കാം. ദേഷ്യം/സങ്കടം മാറ്റാന്‍ എന്തെങ്കിലും സാധ്യതകള്‍ ഉണ്ടെങ്കില്‍ അതവര്‍ക്ക് നിര്‍ദ്ദേശമായി കൊടുക്കാം. ആ ഭാഷയും ആ പെരുമാറ്റവും കുട്ടികള്‍ക്ക് പരിപാലനമാണ്. അത് അപഹരണത്തിന്‍റെയോ അവഗണനയുടെയോ ഭാഷയല്ല.
മടുപ്പിലും വിദ്വേഷത്തിലും വിഷാദത്തിലും ആയിരിക്കുന്ന മുതിര്‍ന്ന മനുഷ്യരുടെ വൈകാരികപ്രശ്നങ്ങള്‍ എടുത്തെറിയാന്‍ ഉള്ളതല്ല കുട്ടികള്‍. അത്തരം മടുപ്പുകള്‍ കുട്ടികളോട് കാണിക്കുന്നത് തികച്ചും അനീതിയും പീഡനവുമാണ്. മുതിര്‍ന്നവരുടെ മാനസികാരോഗ്യം നോക്കേണ്ടത് കുട്ടികളല്ല, കുട്ടികളുടെ മാനസികാരോഗ്യം നോക്കേണ്ടത് മുതിര്‍ന്നവരാണ്. ജന്തുവെന്നും, നാശമെന്നും, ശല്യമെന്നും, ഉപദ്രവമെന്നും, സ്വൈര്യക്കേടെന്നും ഉള്ള വാക്കുകള്‍ കുട്ടികളുടെ നേര്‍ക്ക് പ്രയോഗിക്കുന്ന ആയുധങ്ങളാണ്. അത് മുറിപ്പെടുത്തുന്ന ഭാഷയാണ്. അവരോട് സത്യസന്ധമായി സംവദിക്കൂ, അവരോട് അപ്പോള്‍ അമ്മയ്ക്കോ അച്ഛനോ ഉള്ള അസുഖകരമായ അവസ്ഥയെ പ്പറ്റി പറഞ്ഞു മനസ്സിലാക്കൂ, കുറച്ചു കഴിഞ്ഞാല്‍ ശരിയാകുമെന്ന വാഗ്ദാനത്തില്‍ അവരുടെ ആവശ്യങ്ങളെ മാനിച്ചുകൊണ്ട് തന്നെ അത് നീട്ടി വയ്ക്കൂ. തീരെ യുക്തി ഭലിക്കാത്ത പ്രായത്തിലെ കുട്ടികളില്‍ നിന്ന് അച്ഛനമ്മമാര്‍ വൈകാരികവിക്ഷോഭ സമയങ്ങളില്‍ ഒഴിഞ്ഞു നില്‍ക്കണം. കുട്ടികളോടുള്ള ഭാഷയില്‍ അത്തരം രോഗാവസ്ഥകള്‍ അനുവദനീയമല്ല. ഭാഷയ്ക്കും ഉത്തരവാദിത്തമുണ്ട്.
വിവേചനത്തിന്‍റെ വാക്കുകള്‍, തമാശയെന്ന ഹീനമായ നാടകത്തില്‍ കലര്‍ത്തി ഒരു കാരണവശാലും കുട്ടികളുടെ മേല്‍ പ്രയോഗിക്കരുത്. അവരുടെ നിറത്തെ, അവരുടെ രൂപത്തെ, ഉയരത്തെ ഒക്കെ കുത്തുവാക്കുകള്‍ ഉപയോഗിച്ച് എടാ കുള്ളാ എടീ കറുമ്പി, തുടങ്ങി സ്നേഹത്തില്‍ ചാലിച്ച നിര്‍ദ്ദോഷ പരിഹാസങ്ങളില്‍ ഉള്‍പ്പെടുത്തരുത്. ഒരാള്‍ക്ക് താന്‍ എങ്ങനെയാണോ അങ്ങനെ തന്നെ അംഗീകരിക്കപ്പെടുന്ന സ്നേഹിക്കപ്പെടുന്ന ഒരു ചുറ്റുപാടാണ് ഏറ്റവും സാന്ത്വനത്തോടെ സ്വന്തം കുടുംബത്തില്‍ നിന്നും ലഭിക്കേണ്ടത്. ആ ചുറ്റുപാടില്‍ നിന്ന് അവരെ പരിഹാസിക്കുന്നത് ഒരു കുട്ടിയോട് ചെയ്യുന്ന കൊടും വഞ്ചനയാണ്. പഠിക്കാന്‍ പിന്നോട്ടാണെങ്കില്‍ കായികവിനോദങ്ങളില്‍ കഴിവില്ലെങ്കില്‍ മണ്ടനോ മന്ദിയോ പൊട്ടനോ പാഴ്ജന്മമോ എന്നൊക്കെ സ്വന്തം മാതാപിതാക്കളില്‍ നിന്ന് തന്നെ കേള്‍ക്കേണ്ടി വരുന്ന ഒരാളും എന്തെങ്കിലും കഴിവുകള്‍ ആര്‍ജ്ജിക്കാന്‍ പ്രാപ്തിനേടിക്കൊള്ളണം എന്നില്ല. അതെല്ലാം മനസ്സിന് ഏല്‍പ്പിക്കുന്ന ആഘാതങ്ങള്‍ ചെറുതല്ല.
ഒരു പെണ്‍കുട്ടിയ്ക്ക് തന്‍റെ സഹോദരനെ അപേക്ഷിച്ച് കിട്ടാതെ പോകുന്ന സ്നേഹത്തിന്‍റെയും കരുതലിന്‍റെയും വാക്കുകള്‍, അവള്‍ക്ക് കിട്ടുന്ന തരംതാഴ്ത്തലിന്‍റെ വാക്കുകള്‍, ഒതുങ്ങാന്‍ പറയുന്ന ഉപദേശങ്ങള്‍, ഇത്തരം ലിംഗവിവേചനത്തിന്‍റെ ഭാഷ നൂറ്റാണ്ടുകളായി പെണ്‍കുട്ടികള്‍ നേരിടുന്ന പീഡനമാണ്. മേല്‍പ്പറഞ്ഞ പരിഹാസങ്ങളും ഇത്തരം വിവേചനങ്ങളും കുട്ടികളില്‍ “എന്നൊക്കൊണ്ട് ഒന്നിനും കൊള്ളില്ല” എന്ന വിശ്വാസമാണ് ഉറപ്പിക്കുന്നത്.
ഇതെല്ലാം നേരിട്ടുകൊണ്ട് വളരുന്ന കുട്ടികള്‍ സ്കൂളിലും സമൂഹത്തിലും പ്രശ്നക്കാരായി തീരുകയാണ് ഉണ്ടാവുക. അങ്ങനെ വളരുന്ന കുട്ടികളാണ് മുതിര്‍ന്ന് ഒരു രാജ്യത്തെ നയിക്കേണ്ടവരും നിലനിര്‍ത്തേണ്ടവരും ഒക്കെ ആകുന്നത്, അവരാണ് അടുത്ത തലമുറയുടെ മാതാപിതാക്കള്‍. വാക്കും വരിയും ഉടഞ്ഞ മനസ്സിന്‍റെ ഉടമകള്‍ അവരുടെ ജീവിതവും മറ്റുള്ളവരുടെ ജീവിതവും അസ്വസ്ഥമാക്കും, അവര്‍ വേദനിക്കും മറ്റുള്ളവരെ വേദനിപ്പിക്കും, സ്വയം നശിക്കും മറ്റുള്ളവരെ നശിപ്പിക്കും. അവഗണനയുടെ അനീതിയുടെ ഭാഷ അവസാനം ഏത് രോഗത്തിന്‍റെ പേരില്‍ അറിയപ്പെടും എന്നൊരു ചോദ്യം മാത്രമേ അവശേഷിപ്പിക്കൂ.
ഭാഷ വളര്‍ത്താനും ഹനിക്കാനും ഉപയോഗിക്കാം. “എന്തിനു കൊള്ളാം നിന്നെ” എന്നും “എത്ര ഭംഗിയായി ഇക്കാര്യം ചെയ്തു നീ” എന്നും ഭാഷയില്‍ പ്രയോഗമുണ്ട്. “അരുത്” എന്നും “ഇതാണ് ചെയ്യേണ്ടത്” എന്നും രണ്ടു രീതിയില്‍ ഒരേ കാര്യം അവതരിപ്പിക്കാം. നിശബ്ദതയും അവഗണനയും ഒരുവശത്തും മറുവശത്ത് ചിരിയും കെട്ടിപ്പിടുത്തവും കൈകൊട്ടലും ശരീരം കൊണ്ട് പ്രകടിപ്പിക്കാവുന്ന ഭാഷകളാണ്. “മിണ്ടാതിരിക്ക് അതൊന്നും വല്യ കാര്യമല്ല” എന്നും “ശരി കേള്‍ക്കട്ടെ എന്താണ് പറ്റിയത്” എന്നും ഭാഷയുണ്ട്, അവഗണനയോ ശ്രദ്ധയോ എന്ന രണ്ടുപയോഗമുണ്ട്. മാനസികാരോഗ്യമുള്ള കുട്ടികളെ ആണ് വളര്‍ത്തിയെടുക്കേണ്ടത് എങ്കില്‍ ഭാഷയുടെ ഇത്തരം സാധ്യതകളില്‍ ഏതാണ് ഉപയോഗിക്കേണ്ടത് എന്ന തീരുമാനം എടുക്കാനും നടപ്പിലാക്കാനും കഴിയണം. അല്ലെങ്കില്‍ വളര്‍ത്തിയെടുക്കുന്ന കുട്ടി വാശിയുടെ അഹങ്കാരത്തിന്‍റെ ക്രൂരതയുടെ വിഷാദത്തിന്‍റെ ആത്മഹത്യയുടെ ഒക്കെ ഭാഷ തിരിച്ചു നമ്മോട് പറഞ്ഞു തുടങ്ങും. അവര്‍ മുതിരുമ്പോള്‍ ആത്മവിശ്വാസക്കുറവിന്‍റെ അപായത്തിന്‍റെ അസുഖത്തിന്‍റെ അസ്വാരസ്യത്തിന്‍റെ വാക്യവും വാച്യവും ഉപയോഗിക്കും. കുട്ടികളോടുള്ള ഭാഷ ഉത്തരവാദിത്തമാണ്, അത് ഉത്തരവാദിത്തത്തോടെ സംവദിക്കപ്പെടണം. ഇല്ലെങ്കില്‍ അത് പീഡനത്തിന്‍റെ ഭാഷയാണ്, മായ്ക്കാന്‍ കഴിയാത്ത വണ്ണം പതിഞ്ഞു പോകുന്നത്.

 

 

 

 

മായാലീല
സ്പീച്ച് ലാംഗ്വേജ് പത്തോളജിസ്റ്റ്

 

COMMENTS

COMMENT WITH EMAIL: 0