തീ പടരും വേഗതയിൽ കീഴൂർ ഗ്രാമത്തിൽ ആ വാർത്ത പടർന്നു. ‘ഗിരിജാമ്മയുടെ കെട്ടിയവൻ മരിച്ചു’. ഇന്നലെ പാതിരാത്രിയാണ് സംഭവം. കവലയിൽ പാതിരോട്ടത്തിന് ഇടുന്ന ഓട്ടോക്കാരനായ തോമസുകുട്ടിയാണ് വെളുപ്പിനെ വാർത്തയെത്തിച്ചത്. കേട്ടവർ കേട്ടവർ പനവീടൻ തറവാട്ടിലേക്ക് പായാൻ തുടങ്ങി. വായിലിട്ട ബ്രഷ് വേലിയിൽ വെച്ച്, വായിലെ പത ചാലിൽ തുപ്പിയാണ് ഗോമതിയമ്മ നടത്തം തുടങ്ങിയത്. അപ്പോഴേക്കും വഴിയിൽ ഏതാണ്ട് പലായനത്തിന്റെ പ്രതീതി ആയിക്കഴിഞ്ഞിരുന്നു.. പ്രഭാതകൃത്യങ്ങൾ കഴിഞ്ഞവരും കഴിയാത്തവരുമായ ഏറെക്കുറെ എല്ലാ ദേശവാസികളും ഒരേ ലക്ഷ്യത്തോടെ നടന്നു. കുറച്ചറിഞ്ഞവർ അറിയാത്തവർക്കും കുറേ അറിഞ്ഞവർ കുറച്ചറിഞ്ഞവർക്കും എരിവും പുളിയും ചേർത്ത് മരണവിവരം വിശദീകരിച്ചു. മരണവീട്ടിലേക്ക് പോകുന്നവരുടെ മുഖത്ത് സ്വാഭാവികമായ് കാണുന്ന ദുഃഖമല്ല, മറിച്ച് എന്തോ ജിജ്ഞാസയാണ് ആ മുഖങ്ങളിലെല്ലാം കളിയാടിയത്. മണിക്കൂറുകൾക്കുള്ളിൽ പനവീടൻ തറവാട് കീഴൂർ ഗ്രാമവാസികളെക്കൊണ്ട് നിറഞ്ഞു. മരണത്തിന്റെ ആകസ്മികതയെ വെളിവാക്കാൻ ഓരോരുത്തരും അവരുടെ സാക്ഷ്യം വെളിപ്പെടുത്തി. ‘ഞാനിന്നലെ ഉച്ചയ്ക്ക് കണ്ടതേയുള്ളു. ഗിരിജാമ്മയും ശേഖരൻ ചേട്ടനും വണ്ടിയിൽ പോകുന്നു’. ‘എന്റെ തോമസേ മിനിയാന്ന് സിനിമയ്ക്ക് തിയറ്ററിൽ ഇവരും ഉണ്ടായിരുന്നൂന്നെ ! മനയ്ക്കലെ ബാബുവിന്റെ വിശദീകരണമാണത്. അല്ലാ ശേഖരന്റെ വണ്ടീടെ ഹോൺ ഇപ്പോഴും എന്റെ കാതിൽ മുഴങ്ങാ…. ചായക്കടക്കാരൻ വേലപ്പന്റെ സാക്ഷിമൊഴി. ഇതിനിടയിലും ഗിരിജാമ്മയുടെ സാമീപ്യമില്ലാതെ പനവീട്ടിൽ ശേഖരനെ കുറേ കാലങ്ങൾ ക്കു ശേഷംഎല്ലാദേശവാസികളും കൺകുളിർക്കെ കണ്ടു. പാവം ശേഖരന് അവരെ കണ്ട് ആ സ്നേഹം നുണയാൻ കഴിഞ്ഞില്ലെങ്കിലും!….
എന്നിട്ടും ദേശക്കാരുടെ കണ്ണിലെ വലിയ ആകാംഷ അവിടെത്തന്നെ നിന്നു. ഗിരിജാമ്മയെ തേടി ആ കണ്ണുകൾ പാഞ്ഞു. അതാ അകത്തിരിക്കുന്നു. ശുഭ്രവസ്ത്രധാരിയായി തികഞ്ഞ ആഢിത്വത്തോടെ ഗിരിജാമ്മ.
ങ്ങ്…. ഹ്യൂം…. ഗിരിജാമ്മയെ കണ്ട ഓരോ ദേശവാസികളും നിരാശയോടെ പിൻവാങ്ങി. വലിയ മുറ്റത്ത് കാറുകൾ ഒന്നൊന്നായ് നിരന്നു. ആറ് ആൺമക്കളും കുടുംബവും ഏതാനും മണിക്കൂറുകൾക്കകം എത്തി. ആൺ മക്കൾ പരസ്പരം കെട്ടിപ്പിടിച്ച് കരഞ്ഞു. ചിലർ സ്വയം നിയന്ത്രിച്ചു. മരുമക്കൾ ഗിരിജാമ്മയുടെ സമീപമെത്തി തിരിച്ചു പോന്നു. വീടിന്റെ പലഭാഗങ്ങളിലും മരുമക്കളുടെ അടക്കം പറച്ചിൽ. വീട്ടുവേലക്കാരികൾ ദേവുവും ചന്ദ്രയും അവിടവിടെ ഓടിനടന്നു. തിരക്കിട്ട് എന്തൊക്കെയോ ചെയ്തു കൊണ്ടിരുന്നു.. ഇടയിൽ ഗിരാജാമ്മയുടെ അടുത്ത് ചെന്ന് എന്തോ കേൾക്കും. പിന്നെ മൂത്തമകന്റെ അടുത്തേക്ക് പോകുന്നതു കാണാം. അവർക്കിടയിൽ എന്തൊക്കെയോ തീരുമാനങ്ങൾ പ്രവൃത്തിയിലേക്ക് രൂപപ്പെടാൻ വെമ്പുന്നതായി തോന്നും. എങ്കിലും ചലനവും ശബ്ദവും തീരെ മടിച്ചു മടിച്ചു മാത്രം അവിടെ നിലനിന്നു. തീരുമാനങ്ങൾക്കും ഊഹങ്ങൾക്കും ശേഷമുള്ള ചില ഇരുത്തി മൂളലുകൾ മാത്രം അവിടവിടെ നിഗൂഢമായ് പതുങ്ങി കേട്ടു . പണിക്കാരനും ആശ്രിതനുമായ വേലു മാത്രം കരഞ്ഞും നോർത്തുമുണ്ടിൽ കണ്ണീർ പിഴിഞ്ഞും പറമ്പിലും പുരയിലുമായി നടന്നു. അടുത്ത പുലർച്ചയേ ഏക മകൾ വരൂ. ഗ്രാമവാസികൾ ഓരോരുത്തരായി തിരിച്ചു പോകാൻ തുടങ്ങി. ആരുടെ മുഖത്തും മരണമറിഞ്ഞ് ഓടിവന്നപ്പോഴുള്ള ഉത്സാഹമില്ല തിരിച്ചു പോക്കിൽ. മകളെപ്പോഴാവോ യൂറോപ്പിൽ നിന്നു വര്വാ… ഗോമതിയമ്മ ആരോടെന്നില്ലാതെ ചോദിച്ചു. വെളുപ്പിന് 4ന് ! ആരോ മറുപടിയും പറഞ്ഞു. ഓ…. കുറേ കണ്ഠങ്ങളിൽ നിന്ന് ആ ശബ്ദം മുഴങ്ങി. എന്തോ ചില പ്രതീക്ഷകൾ ബാക്കി നിൽക്കുന്നു എന്ന ധ്വനി ആ ശബ്ദങ്ങളിൽ ഉണ്ടായിരുന്നു.
തിരിച്ചു പോകുന്നവരുടെ മനസ്സിൽ കാലങ്ങളായുള്ള ഗിരിജാമ്മയുടെ മുഖം പലരൂപത്തിലും ഒരേ ഭാവത്തിലും തെളിഞ്ഞു. പനവീടൻ തറവാട്ടിലെ പൗരുഷമൊത്ത ഏക ആൺതരി -ശേഖരൻ – നാടിനു കണ്ണിലുണ്ണി. സ്നേഹവും സൗഹൃദവും പങ്കിട്ടു നടക്കവേ, ഇരുപത്തഞ്ചാം വയസ്സിൽ വിവാഹിതനായി, സുന്ദരിയായ പെൺകുട്ടി-ഗിരിജാമ്മ – അവർക്കന്ന് പതിനഞ്ചോ പതിനാറോ പ്രായം. പിന്നീട് ശേഖരന്റെ പൗരുഷം രൂപത്തിലേ ഉള്ളൂ എന്നാണ് കീഴൂർ വാസികളുടെ കണ്ടെത്തൽ. പട്ടും പൊന്നും പൂവും ചൂടി കാറിൽ നിവർന്നിരിന്നു പോകുന്ന ഗിരിജാമ്മ. അവർ പറയുന്നിടത്തേക്ക് സ്റ്റിയറിംഗ് തിരിക്കുന്ന ശേഖരൻ എന്നൊക്കെ നാട്ടുകാർ കളിയാക്കുമെങ്കിലും നയിച്ച വഴിയെല്ലാം ശരിയായിരുന്നവെന്ന് ആ കുടുംബത്തിന്റെ ജീവിത വിജയം സാക്ഷ്യം. ഉദ്യോഗസ്ഥരായ മക്കൾ കുടുംബത്തോടൊപ്പം മാറി താമസിക്കുന്നു. ഏക മകൾ ഭർത്താവിനും കുടുംബത്തിനും ഒപ്പം വിദേശത്ത്. ഗിരിജാമ്മ ആരോടും അധികം സംസാരിക്കില്ല. വിവാഹ ശേഷം ശേഖരനും അങ്ങനെത്തന്നെ. എങ്കിലും ദേശത്തെ എല്ലാ പ്രധാന കാര്യങ്ങളിലും ഗിരിജാമ്മയും ശേഖരനും എത്തും. നാട്ടിൽ മരിക്കാൻ കിടക്കുന്നവരുണ്ടെങ്കിൽ ഗിരിജാമ്മ പോയിക്കണ്ടാലേ പോകൂ എന്നാണ് നാട്ടുകാരുടെ ഭാഷ്യം. അതിനവർ തെളിവും നിരത്തും. തെങ്ങു കയറ്റുകാരൻ രാഘവൻ, പൊറംപോക്കിലെ നാണിപ്പെണ്ണ്, ഷാരത്തെ നങ്ങേമവാരസ്യാര് ഒക്കെ തെളിവാണ്. അഞ്ചുമാസം വെള്ളമിറങ്ങാതെ കിടന്ന കിട്ടുണ്ണിയാശാനെ ഗിരിജാമ്മ സന്ദർശിച്ചത് നാട്ടുകാരുടെ ഓർമ്മയിലുണ്ട്. ഒരു സന്ധ്യാ സമയം ഗിരിജാമ്മയും ശേഖരതണ്ടാനും ആ പടികേറി പോകുന്നതു കണ്ടു. അല്പസമയത്തിനുള്ളിൽ ഇറങ്ങുകയും ചെയ്തു. ആ ഇറക്കത്തോടൊപ്പം മുളചീന്തുന്ന നാദത്തോടെ ആശാന്റെ പെൺകുട്ടികളുടെ നിലവിളി ഉയർന്നത് ഇന്നും തങ്ങളുടെ ചെവിയിലുണ്ടെന്ന് നാട്ടുകാർ. എന്തൊക്കെയായാലും നാട്ടിലെ പ്രധാന ചടങ്ങുകളിൽ, വിവാഹമാണെങ്കിൽ തലേന്ന്, മരണമാണെങ്ങിൽ തൊട്ടു മുൻപ് ഇങ്ങനെയൊക്കെ ഗിരിജാമ്മ തന്റെ സാന്നിധ്യം അറിയിക്കും. വിലപ്പെട്ട ചില നിർദ്ദേശങ്ങൾ പറയും. അത് കേൾക്കുന്നവർക്ക് ഒഴിവാക്കാനാവാത്ത വിധം വിലപ്പെട്ടതാകും. ഈ സന്ദർശനങ്ങളിൽ പറഞ്ഞ് പറഞ്ഞ് നാട്ടുകാർ പതംവരുത്തിയ ഒന്നുണ്ട്. എടക്കാരത്തി നാണിയുടെ മകളുടെ കല്യാണത്തലേന്ന് നടത്തിയ വീടു സന്ദർശനമാണത്. വീട് സന്ദർശിച്ച ഗിരിജാമ്മ കണ്ടും കേട്ടും, എന്നാൽ അധികം സംസാരിക്കാൻ നിൽക്കാതെ മടങ്ങി. പക്ഷേ ആ തിരക്കിട്ട മടക്കത്തിന് പിന്നിൽ ധൃതിയിൽ ചെയ്യാനുള്ള ഒന്നിന്റെ നിശ്ചയദാർഢ്യമുണ്ടായിരുന്നെന്ന് നാട്ടുകാർ മനസ്സിലാക്കാൻ പോകുന്നതേ ഉണ്ടായിരുന്നുള്ളൂ. അധികം വൈകാതെ ഗിരിജാമ്മയുടെ വാല്യക്കാരിൽ ഒരാൾ നാണിയുടെ വീട്ടിലെത്തി നാണിയുടെ കയ്യിൽ ഒരു പൊതി കൊടുത്തു. നാണിയുടെ കണ്ണീരൊപ്പാൻ കെല്പുള്ള ആ പൊതിയിലെ ആഭരണങ്ങൾ അണിഞ്ഞാണ് പിറ്റേ ദിവസം നാണിയുടെ മകൾ വിവാഹപന്തലിലെത്തിയത്.
ഇതൊക്കെയാണ് ഗിരിജാമ്മ. എന്നിട്ടും മരണവീട്ടിലും നാട്ടിലും ആരും പരസ്പരം പറയാതെ ചില ചോദ്യങ്ങളും അഭിപ്രായങ്ങളും അന്തരീക്ഷത്തിൽ മൂടിക്കെട്ടി നിന്നു. പലവിധ ആകാംഷകളിൽ മുഴുകി കീഴൂർ ഗ്രാമവാസികൾ അന്ന് പകൽ കഴിച്ചു കൂട്ടി. രാത്രിയാകട്ടെ മുതിർന്നവർക്കെല്ലാം ശിവരാത്രിയും. ശേഖരൻ തണ്ടാന്റെ മരണദു:ഖമാണോ കാരണം? ആവാനിടയില്ല! ഇനി ഗിരിജാമ്മയോടുള്ള സ്നേഹമാണോ, സാധ്യത കുറവാണ്. എങ്കിലും ആരും ഉറങ്ങിയില്ല. സമയം പുലർച്ചെ 4.30. ഒരു കാറിന്റെ ശബ്ദം. ഓ… മകളെത്തി. നാട്ടുകാരെല്ലാം ഉണർന്ന് കാറിനു പുറകെ ഓടി. ചിലർ മുൻപേയും ചിലർ കാറിനു പിറകേയുമായി ഓടി. മകളോടൊപ്പം ചിലർ, പിൻ വാതിലിലൂടെ മറ്റുചിലർ, കുറച്ചു പേർ ജനാലയ്ക്കൽ. എതാണ്ട് ടി.വി. പ്രത്യക്ഷപ്പെട്ട ആദ്യ കാലങ്ങളിൽ രാമായണം കാണാൻ ശേഖരതണ്ടാന്റെ വീട്ടുമുറ്റത്ത് ഗ്രാമവാസികൾ തിങ്ങി നിന്ന ഓർമ ഉണർത്തി ആ കാഴ്ച്ച. മകൾ പതുക്കെ മുറിയിൽ കയറി. അച്ഛന്റെ കാലിൽ തൊട്ട് നെറുകയിൽ വച്ചു. അമ്മയുടെ അടുത്ത് ചെന്ന് കൈ പിടിച്ചു. ഗിരിജാമ്മ ഒന്ന് ഇളകിയിരുന്നു. മകൾ പിന്നെ അകത്തേക്ക് കയറി പോയി. പിന്നെ ഉച്ചക്ക് സംസ്കാര ക്രിയകൾ തുടങ്ങുന്നതു വരെ ഗ്രാമത്തിലെ സ്ത്രീകൾ കുറേ നേരമെങ്കിലും പ്രതീക്ഷയറ്റ് ഉറങ്ങി. സംസ്കാര ചടങ്ങിലുടനീളം ഗിരിജാമ്മയെ അചഞ്ചലമായ് കണ്ട് ഗ്രാമവാസികൾ ആശയറ്റ് തിരിച്ചു പോന്നു. താൻ ശീതീകരിച്ച് വച്ചിരുന്ന പൗരുഷം മുഴുവൻ എടുത്ത് ശേഖരൻ തണ്ടാൻ വീടിനു തെക്കേ മൂലയിൽ പടർന്നു പൊങ്ങി. ഏറെക്കുറെ ശൂന്യമായ പറമ്പ് മൂകതയിൽ കൂടുതൽ വിശാലമായി. അവസാനത്തെ കനലും കത്തിത്തീരുന്നത് കാത്ത് ആശ്രിതൻ വേലു അവിടുത്തെ തെങ്ങിൻ ചോട്ടിൽ ഇരുന്നു. സമയം പാതിരയോടടുത്തു കാണും, കീഴൂർ ഗ്രാമവാസികൾ രണ്ടു ദിവസമായ് കേൾക്കാൻ ചെവിയോർത്ത ആ നാദം – ദൈന്യതയുടെ എല്ലാ പാരവശ്യങ്ങളോടെയും വേലുവിന്റെ ചെവിയിലലച്ചു, വേലുവിന് ഒട്ടും ആകാംക്ഷയോ അത്ഭുതമോ തോന്നിയില്ല. അത്തരം ഏങ്ങലടികൾ അയാൾ മുൻപും കേട്ടിട്ടുണ്ട്. കണ്ടത്തിൽ വെള്ളം നോക്കാൻ പോകുന്ന ചില പാതിരകളിൽ ആണത്. മച്ചിനകത്തു നിന്ന്, ഗിരിജാമ്മയുടെ ആൺമക്കൾ ഓരോരുത്തരായി മാറിത്താമസിക്കുന്ന ദിനങ്ങളിൽ, മകളുടെ വിദേശയാത്രയ്ക്കു ശേഷം, നാട്ടിലെ കറുപ്പന്റ മകൻ വിദേശത്ത് ദാരുണമായ് മരിച്ച വാർത്ത വന്ന ദിവസം രാത്രി, വീട്ടിലെ പശു കുഴിയിൽ വീണ് ചത്ത ദിവസം രാപ്പാടികൾക്കൊപ്പം ആ തേങ്ങലും രാത്രിയുടെ ഏകാന്തതയിൽ മറ്റാരും കേൾക്കാതെ വിലയിച്ചമരും. പക്ഷേ അന്നൊക്കെ ഇടയിൽ കേൾക്കാറുള്ള ആശ്വാസ വചനങ്ങൾ കനലെടുത്ത് പോയെന്ന പൊള്ളൽ വേലുവിനെ ഉലച്ചു. ആ ഏങ്ങലടികൾ ഉയർത്തുന്ന നിസ്സഹായത പനവീടൻ തറവാടിനെ ചൂഴ്ന്നു നിന്നു. വേലുവിൻ്റെ ചെവിയിൽ അത് വീണ്ടും വീണ്ടും പ്രകമ്പനം കൊണ്ടു.
ഷീല എൻ.കെ.
COMMENTS