Homeചർച്ചാവിഷയം

യുദ്ധങ്ങളുടെയും രാജാക്കന്മാരുടെയും നാടായ ജയ് പൂരിലേക്ക്

ഡിസംബറിലെ തണുപ്പിലായിരുന്നു ജയ്പൂരിലേക്കു പറന്നിറങ്ങിയത്. പാതിമരുഭൂമിയിലെ അസ്തമയ സൂര്യന്‍റെ ഇന്ദ്രജാലം കണ്ടു വിസ്മയിച്ച് അതിമനോഹരമായ ഒരു ലാന്‍ഡിംഗ് . ഓറഞ്ചും ചുവപ്പും കലര്‍ന്ന സൂര്യരശ്മികള്‍ പ്രകാശസ്തംഭം പോലെ നഗരത്തിന്‍റെ പുറത്തേക്കു വീണു കിടക്കുന്നതായിരുന്നു ആദ്യഷോട്ട്. എയര്‍പോര്‍ട്ടിലെ തിരക്കിനുശേഷം ഹോട്ടലിലേക്കുള്ള യാത്രയില്‍ നഗരം വര്‍ണ്ണത്തില്‍ കുളിച്ചു നിന്നു .ഹോട്ടലില്‍ എത്തിയ ശേഷം ഞങ്ങള്‍ തെര്‍മല്‍ വെയറുകള്‍ അണിഞ്ഞ് നഗരം ചുറ്റാനിറങ്ങി.

ആ രാത്രിയുടെ മായികസൗന്ദര്യം വിവരിക്കാന്‍ വാക്കുകള്‍ ഇല്ല. ഇരുട്ട് നഗരത്തിന്‍റെ അഭംഗികളെ എല്ലാം മറച്ചുവെച്ചു. വെളിച്ചം സൗന്ദര്യത്തെ ജ്വലിപ്പിച്ച രാത്രി. നിറമുള്ള കരകൗശല വസ്തുക്കളും കണ്ണാടിത്തുണ്ടുകള്‍ പതിപ്പിച്ച ഉടുപ്പുകളും മരത്തിന്‍റെ വര്‍ണ്ണമണികള്‍ നിരന്നു കിടക്കുന്ന തെരുവുകളും പിങ്ക് സിറ്റിയുടെ മനോഹാരിതയെ ഇരട്ടിപ്പിച്ചു . ഡിസംബറിന്‍റെ തണുപ്പില്‍ മിര്‍സ ഇസ്മയില്‍ റോഡിലൂടെ സൈക്കിള്‍ യാത്ര ചെയ്യുമ്പോള്‍ പല്ലുകള്‍ കൂട്ടിയിടിച്ചു. ഉറക്കെ പാട്ടുപാടിയും ചൂട് ചോളം തിന്നും ഞങ്ങള്‍ തണുപ്പിനെ ആഘോഷിച്ചു തിമിര്‍ത്തു. എല്ലാ മേജര്‍ റോഡുകളും അവസാനിക്കുന്ന ഈ എം. ഐ. റോഡ് ജയ്പൂരിന്‍റെ ഹൃദയം ആണ്.

ഇരുവശങ്ങളിലും ഷോപ്പിംഗ്മാളുകള്‍  കബാബുകളും പറാത്തകളും വേവുന്ന ഗന്ധം. ഈ രാത്രി അവസാനിക്കാതിരുന്നെങ്കില്‍ എന്ന് തോന്നിയാണ് ഉറങ്ങാന്‍ കിടന്നത്. അതിരാവിലെ ജയ്പൂരിന്‍റെ തണുപ്പിലേക്ക് ഇറങ്ങി. ഇന്നലെ രാത്രിയില്‍ നിറങ്ങളില്‍ കുളിച്ചു സ്വപ്നം പോലെ തോന്നിച്ച ജയ്പൂര്‍ രാവിലത്തെ പെര്‍ഫോമന്‍സില്‍ കുറച്ചു മടുപ്പിച്ചു. ചരിത്രത്തിന്‍റെ നാള്‍വഴിയിലെവിടെയോ നിശ്ചലമാക്കപ്പെട്ടു പോയൊരു നഗരം. നോര്‍ത്ത് ഇന്ത്യന്‍ നഗരങ്ങളുടെ സ്ഥിരം അച്ചടക്കമില്ലാത്ത ട്രാഫിക്കും നിരന്തരം ഹോണ്‍ മുഴക്കുന്ന വിവരം കെട്ടവരും നിശബ്ദതയുടെ സൗന്ദര്യം എന്തെന്ന് ശരിക്കും മനസ്സിലാക്കിത്തന്നു.
1876 ലെ വെയില്‍സ് രാജകുമാരന്‍ ആല്‍ബര്‍ട്ട് എഡ്വേര്‍ഡിന്‍റേയും വിക്ടോറിയ രാജ്ഞിയുടേയും സന്ദര്‍ശനത്തിന് മഹാരാജാവ് സവായ് റാം സിങ് നഗരത്തെ പിങ്കണിയിച്ചു. ആതിഥ്യ മര്യാദയുടെ നിറമത്രേ പിങ്ക്.ഇന്നു ഒരു നരച്ച നിറം പോലെ അതു നമുക്ക് തോന്നിപ്പോകുന്നു.

ആദ്യം പോയത് ചിത്രങ്ങളിലൂടെ എന്നും ഭ്രമിപ്പിച്ചിരുന്ന ജയ്പൂരിന്‍റെ ലാന്‍ഡ്മാര്‍ക്കായ ഹവാമഹലിലേക്കായിരുന്നു. 1799 ല്‍ മഹാരാജ സവായ് പ്രതാപ് സിംഗ് നിര്‍മിച്ച സുന്ദര സൗധം . തന്‍റെ അന്തപ്പുരസ്ത്രീകള്‍ക്ക് തെരുവിന്‍റെ ആഘോഷങ്ങള്‍ അടഞ്ഞ ചുവരകള്‍ക്കുള്ളില്‍ നിന്ന് കാണാനായി നിര്‍മ്മിച്ച കാറ്റിന്‍റെ മന്ദിരം . കൃഷ്ണ ഭക്തനായിരുന്ന സവായ പ്രതാപ് സിംഗ് കൃഷ്ണകിരീടത്തിന്‍റെ ആകൃതിയില്‍ രൂപകല്‍പന ചെയ്ത ഹവാമഹല്‍ രജപുത്ര കലാവിരുതിന്‍റെ ഉത്തമ ദര്‍ശനമാണ്. തെരുവിന് അഭിമുഖമായി 953 കുഞ്ഞു ജാലകങ്ങള്‍. മൂടുപടമണിഞ്ഞ രജപുത്ര സുന്ദരിമാര്‍ പുറംലോകം കണ്ടിരുന്ന കിളിവാതിലുകള്‍. ചുവപ്പും പിങ്കും മണല്‍കല്ലില്‍ പണിതീര്‍ത്ത കാറ്റിന്‍റെ കൊട്ടാരം.പുറത്തു നിറയെ ജയ്പൂര്‍ കരകൗശല വസ്തുക്കളുടെ വര്‍ണ്ണലോകം.

ഒരു ചെറിയ വാതിലിലൂടെ ഹവാമഹലിനുള്ളിലേക്കു പ്രവേശിക്കാം. ഉള്ളിലെ ഒരു ചെറുമൈതാനത്തില്‍ നാഗരികാംഗനകള്‍ തനത് രാജസ്ഥാനി വേഷമിട്ട് അലഞ്ഞു നടക്കുന്നത് കണ്ട് കഥയെന്തെന്ന് അറിയാന്‍ ഞാന്‍ ഉള്ളിലേക്ക് ചെന്നു. കുറച്ച് നേരം ശ്രദ്ധിച്ചപ്പോഴാണ് പിടികിട്ടിയത് അരികില്‍ തന്നെയുള്ള ഒരു ചെറുമുറിയില്‍ ഒരു രാജസ്ഥാനി സ്ത്രീ കഠിനാധ്വാനം ചെയ്തു ഒരോരുത്തരെയായി മേക്കപ്പ് ഇട്ട് ഒരുക്കിയിറക്കുന്നു. അവരുടെ മകന്‍ ഒരു നല്ല ക്യാമറയില്‍ ഗാഗ്രാചോളി ധരിച്ചവരുടെ ചിത്രങ്ങളെടുക്കുന്നു. ബന്ധുക്കള്‍ ആരും ഒരു പിക്ച്ചറും പകര്‍ത്താതെയിരിക്കാന്‍ അവന്‍ ഒച്ചയിടുന്നുമുണ്ട്. ഒരു പിക്ച്ചറിന് നൂറ് രൂപയാണ് ചാര്‍ജ്.
ഭര്‍ത്താവിന്‍റേയും മകളുടേയും കടുത്ത പ്രോത്സാഹനം കൂടി ആയപ്പോള്‍ എന്നെ ഞാന്‍ ജയ്പുര്‍ ബ്യൂട്ടീഷ്യന്‍ ഉമാ ശര്‍മ്മക്ക് സമര്‍പ്പിച്ചു. ഉയരക്കുറവുള്ള അവര്‍ പൊക്കം അഡ്ജസ്റ്റ് ചെയ്യാന്‍ ഒരു കുഞ്ഞന്‍ സ്റ്റൂളില്‍ കയറി നിന്നു നിറയെ ഞൊറികളുള്ള പാവാടയും കണ്ണാടിത്തുണ്ടുകള്‍ പിടിപ്പിച്ച ചോളിയും സ്വീക്വന്‍സും മുത്തുകളും കോറലുകളും തുന്നിയ ചുനരിയും വെള്ളി അലുക്കുകള്‍ നിറഞ്ഞ ചോക്കറും നത്താണി എന്നറിയപ്പെടുന്ന മൂക്കുത്തിയും കമ്മലുകളും അണിയിച്ച് എന്‍റെ ചെവിയില്‍ ബ്യൂട്ടിഫുള്‍ എന്ന് മൊഴിഞ്ഞു .. അത് കേട്ടു ഞാന്‍ കോരിത്തരിച്ചു. ഹവാമഹലില്‍ നിന്നും നടന്നു പോകാവുന്ന ദൂരം മാത്രമുള്ള സിറ്റി പാലസ് ആണ് അടുത്ത ലക്ഷ്യം. ജന്തര്‍ മന്തറും ഒരു വിളിപ്പാടകലെത്തന്നെ ഉണ്ട്.

1729 ല്‍ സവായ് മാന്‍ സിംഗ് രണ്ടാമനാണ് സിറ്റി പാലസ് നിര്‍മ്മിച്ചത്. ചന്ദ്രമഹല്‍, മുബാറക് മഹല്‍ എന്നീ രണ്ടു നിര്‍മ്മിതികള്‍ ചേര്‍ന്നതാണ് സിറ്റി പാലസ്. രജപുത്ര , മുഗള്‍ യൂറോപ്യന്‍ വാസ്തുവിദ്യകളാണിതിലുടനീളം.സിറ്റി പാലസിന്‍റെ ഒരു വശത്തു ഇന്നും രാജകുടുംബങ്ങള്‍ താമസിക്കുന്നുണ്ട്.

സിറ്റി പാലസിലെ മാന്‍സിംഗ് മ്യൂസിയം ഒരിക്കലും മിസ് ചെയ്യാന്‍ പാടില്ലാത്ത കാഴ്ചയാണ്. 300 വര്‍ഷങ്ങള്‍ മുന്‍പുള്ള രജപുത്ര രാജാക്കന്മാരുടെ ആഡംബരം നിറഞ്ഞ ജീവിത രീതികളും വസ്ത്രങ്ങളും ആയുധങ്ങളും രജപുത്ര – ഇസ്ലാമിക്- യൂറോപ്യന്‍ ശില്പവേലകളും മനോഹരമായി ഷോ കേസ് ചെയ്തിരിക്കുന്നയിടം.

പശ്മിന സില്‍ക്കിന്‍റെ സ്കാര്‍ഫുകള്‍, എംബ്രോയിഡറി നിറഞ്ഞ പട്ടു വസ്ത്രങ്ങള്‍. അക്കാലത്തെ രജപുത്ര രാജാക്കന്മാര്‍ എത്ര കണ്ടു തങ്ങളുടെ വേഷവിധാനങ്ങളില്‍ ശ്രദ്ധ പുലര്‍ത്തിയിരുന്നു എന്നു നമ്മളോര്‍ത്തു പോകും. മഹാരാജാ സാവോയ് മധോസിങ് ഒന്നാമന്‍റെ വസ്ത്ര വൈവിധ്യങ്ങള്‍ കണ്ടു മകള്‍ക്ക് അതിശയമായി. ഏതാണ്ട് ഇരുന്നൂറ്റമ്പത് കിലോ ഗ്രാം തൂക്കമെങ്കിലുമുള്ള ഒരു മോട്ടു രാജ. അദ്ദേഹത്തിന്‍റെ കുര്‍ത്തയും പാന്‍റുമൊക്കെ ഒരു കുഞ്ഞന്‍ ആനക്ക് സുഖമായി ധരിക്കാം. ഈ രാജാവ് യുദ്ധത്തിന് പോയിട്ടുണ്ടാകുമോ എന്നൊക്കെ മകള്‍ സംശയം ചോദിക്കാന്‍ തുടങ്ങി.

നല്ല ജയ്പൂര്‍ അടി കിട്ടാതെ നമുക്ക് വീട്ടില്‍ പോകണ്ടെ എന്ന് ചോദിച്ച് ഞാന്‍ സംശയാലുവിനെ അടക്കി. ലോകൈക സുന്ദരികളില്‍ ഒരാളെന്ന് പുകള്‍ പെറ്റ ജയ്പൂര്‍ രാജാമാതാ ഗായത്രിദേവിയുടെ അതിസുന്ദരങ്ങളായ ചിത്രങ്ങളും ഈ പാലസ് മ്യൂസിയത്തിനു മിഴിവേറ്റുന്നു. മഹാരാജാ മധോസിങ് വിദേശത്തു കിരീടധാരണ ചടങ്ങ് കൂടാന്‍ പോയപ്പോള്‍ ഗംഗാ ജലം കരുതിയിരുന്ന ഭീമന്‍റെ വെള്ളിക്കുടങ്ങള്‍ ഇതിന്‍റെ മണ്ഡപത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. കപ്പല്‍ ചേതം ഭയന്ന് ഒന്നിനെ കടലില്‍ കളയേണ്ടി വന്നു എന്നും ചരിത്രം.

സിറ്റി പാലസില്‍ നിന്നും പുറത്തിറങ്ങി ചെല്ലുമ്പോള്‍ അതിമനോഹരമായ ഒരു പപ്പെറ്റ് ഷോ നടക്കുകയാണവിടെ. വര്‍ണ വസ്ത്രങ്ങളണിഞ്ഞ തടിപ്പാവകളും ദോലാക്കുകളും സാരംഗികളും എല്ലാം ചേര്‍ന്ന് ഒരു ദൃശ്യ ശ്രവ്യ വിരുന്ന്. കഡ്പുത്തലി പാവകളിയുടെ അതി സുന്ദരമായ ഒരു ആവിഷ്ക്കാരം . ഇതെല്ലാം വിദേശികള്‍ വളരെ ആഹ്ലാദത്തോടെയാണ് കാണുന്നത്.
എന്തോ, വിദേശികള്‍ക്ക് ഈ സ്ഥലം എത്രയിഷ്ടമാണെന്നോ.’ ലാന്‍ഡ് ഓഫ് മഹാരാജാസ് ‘എന്നാണ് അവര്‍ ഇതിനെ വിശേഷിപ്പിക്കുന്നത് തന്നെ. രജപുത്ര , ജാട്ട്, മുഗള്‍ രാജവംശങ്ങളോരോന്നും സമ്മാനിച്ച സമാനതകളില്ലാത്ത അദ്വിതീയമായ ശില്പകലകളിലേക്കു അവര്‍ വിസ്മയഭരിതരായി നോക്കി നില്‍ക്കുന്നു .

അതു കൊണ്ടു തന്നെ രാജകൊട്ടാരങ്ങളിലേയും ഹവേലികളിലേയും താമസശൈലി ഒരുക്കി ഉദയ്പൂരിലെ ഒബ്റോയ് ഉദയ് വിലാസും ജോധ്പൂരിലെ ഉമൈദ് ഭവന്‍ പാലസും ജയ്പൂറിലെ രാംബാഗ് പാലസുമൊക്കെ വിദേശ സഞ്ചാരികളെ കാത്തിരിക്കുന്നു. അഥിതിദേവോ ഭവ: എന്ന് കരുതുന്ന രാജസ്ഥാനി തദ്ദേശീയരും ടൂറിസത്തിന്‍റെ മാറ്റ് കൂട്ടുന്നു .

ഒരു പക്ഷെ, വെളുപ്പും ചാരനിറവും കറുപ്പും ഫാഷനില്‍ മികച്ചു നില്‍ക്കുന്ന ഒരു നാട്ടില്‍ നിന്നും സംസ്കാരത്തില്‍ നിന്നും മഴവില്ലുപോലെ നിറങ്ങള്‍ നിറഞ്ഞു നില്‍ക്കുന്നയിടത്തേക്ക് വന്നതിന്‍റെയാകും. നിറങ്ങള്‍ കോരിയൊഴിച്ച രാജസ്ഥാനി തലപ്പാവുകളും ബാന്ദ്നി ചിത്രപ്പണികളുള്ള ചുനരികളും ധരിച്ച വിദേശികള്‍ ധാരാളമുണ്ട് ജയ്പൂരില്‍. കണ്ണാടിത്തിളക്കമുള്ള ലഹരിയാ, ഗോട്ടപ്പതി വസ്ത്രവൈവിധ്യങ്ങളിലേക്ക് മിഴികള്‍ നിറയെ വിസ്മയവുമായി നോക്കി നില്‍ക്കുന്ന വിദേശവനിതകളാണ് ചുറ്റും.

നെയ്യും ക്രീമും തൈരും മുന്നില്‍ നില്‍ക്കുന്ന വിഭവങ്ങളാണ് രാജസ്ഥാനിലേത്. വെള്ളത്തിന്‍റേയും പച്ചക്കറികളുടേയും ദൗര്‍ലഭ്യത്തെ അവര്‍ പാലും പാലുല്‍പ്പന്നങ്ങളും കൊണ്ടു നേരിടുന്നു. യുദ്ധത്തിന് പോകുന്ന രാജപുത്രപാരമ്പര്യം കൊണ്ടു തന്നെ ഏറെ നാള്‍ കേടു കൂടാതെയുള്ള വിഭവങ്ങളാണ് കൂടുതലും. ബിക്കാനീര്‍ ഇതിനു പ്രശസ്തമാണ്. തനതു രജപുത്ര ആഹാരത്തിനായി ചെന്നു കയറിയത് ഒരു സിംഹത്തിന്‍റെ മടയിലായിരുന്നു. ദാല്‍ ബാട്ടി ചൂര്‍മ്മയും പ്യാസ് കി കച്ചോരിയും ഖീറും എല്ലാം ചേര്‍ന്ന രണ്ടു രാജസ്ഥാനി താലികള്‍ എത്തി.രണ്ടു പലഹാരങ്ങളും ഒരു കറിയും ചേര്‍ന്നതാണ് രാജപുത്താനയുടെ ഐക്കണിക് ഡിഷ് ആയ ദാല്‍ ബാട്ടി ചൂര്‍മ. ഗോതമ്പു കുഴച്ചു ഫ്രൈ ചെയ്തുണ്ടാക്കുന്ന ബാട്ടി വെള്ളക്കടലയും ഉഴുന്നും ചേര്‍ന്നുണ്ടാക്കിയ ദാലില്‍ കുഴച്ചു കഴിക്കണം. ഒപ്പം ഗോതമ്പും നെയ്യും ചേര്‍ന്ന ചൂര്‍മ്മയും കൂടി അകത്താക്കണം.

ആഹാ. അതൊക്കെ പിന്നെ അങ്ങനെയേ ചെയ്യൂ. രാജസ്ഥാനികള്‍ തോറ്റു പോകും ഞങ്ങളുടെ ആഹാരകാര്യത്തിലെ ഡെഡിക്കേഷന്‍ കണ്ടാല്‍. ഇന്നത്തെ രാത്രി ബാപ്പു ബസാറിലേക്കാണ്. ജയ്പൂര്‍ ഒരു ഷോപ്പിംഗ് പറുദീസയാണ്. ബാപ്പു ബസാര്‍, നെഹ്റു ബസാര്‍, എം. ഐ റോഡ് തീരുന്നില്ല സ്ട്രീറ്റ് ഷോപ്പിംഗ് ലിസ്റ്റ്.

രത്നങ്ങളും ജയ്പൂര്‍ ബ്ലൂപോട്ടറിയും ചിത്രപണികള്‍ ചെയ്ത ബാഗുകളും ഷൂസുകളുമാണ് ചുറ്റിനും. ഒട്ടകത്തിന്‍റെ തോല്‍ കൊണ്ടു നിര്‍മ്മിക്കുന്ന മൊജാരി പാദരക്ഷകള്‍ക്കും ബാപ്പു ബസാര്‍ പേര് കേട്ടതാണ്. രാജസ്ഥാനി ആഭരണങ്ങളും ലോക ശ്രദ്ധ പിടിച്ചു പറ്റിയതാണ്. ജോധാ അക്ബറില്‍ ജയ്പൂര്‍ ആഭരണങ്ങളാല്‍ വിഭൂഷിതയായി തന്‍റെ ചാരനിറമുള്ള മിഴികള്‍ ഉയര്‍ത്തി നമ്മെ നോക്കുന്ന ലോകസുന്ദരി ഐശ്വര്യ റായിയെ ഓര്‍മ്മയില്ലേ? ആപ്ലിക് വര്‍ക്കുകളും ബ്ലോക്ക് പ്രിന്‍റും ഇവിടുത്തെ വസ്ത്രങ്ങളെ അങ്ങേയറ്റം ആകര്‍ഷകമാക്കുന്നു.

അടുത്ത ദിവസം ജല്‍മഹലിലേക്കായിരുന്നു. ജയ്പൂര്‍ മാര്‍ക്കറ്റുകളും ഹവേലികളുമൊക്ക കണ്ടു വൈകുന്നേരം അടുക്കാറാകുമ്പോഴാണ് തടാകത്തിന്‍റെ നടുവിലെ ആ വിസ്മയ കാഴ്ചയിലേക്ക് ചെല്ലുന്നത്. ജല്‍മഹല്‍ ഒരുഗ്രന്‍ കാഴ്ചയാണ് , സവായ് ജയ് സിംഗ് രണ്ടാമന്‍റെ നിര്‍മിതി. ദര്‍ഭാവതി നദിക്ക് കുറുകെ കെട്ടിയ അണക്കെട്ടിന്‍റെ ഫലമായി രൂപം കൊണ്ട മന്‍സാഗര്‍ തടാകത്തിന്‍റെ നടുക്ക് അഞ്ചു നിലകളില്‍ ഉയര്‍ന്നു നില്‍ക്കുന്ന ജല്‍മഹല്‍. വൈകുന്നേരത്തെ സൂര്യന്‍റെ ചരിഞ്ഞ രശ്മികള്‍ പ്രതിഫലിക്കുന്ന ജലോപരിതലം ,രജപുത്ര സുന്ദരികളുടെ ഉടുപ്പിട്ട ചേച്ചിമാരുടേയും വാളൂരി പിടിച്ചു രാജാവായി നില്‍ക്കുന്ന ചേട്ടന്മാരുടേയും ഫോട്ടോഷൂട്ട് ആണ് ചുറ്റും.

ജയ്പൂരിന്‍റെ നഗരപ്രാന്തത്തിലാണ് ഇതിന്‍റെ നില്‍പ്പ്, രജപുത്ര മുഗള്‍ ശൈലികള്‍ മനോഹരമായി സമ്മേളിച്ചിരിക്കുന്ന കൊട്ടാരം. മന്‍സാഗറില്‍ ജലം നിറയുമ്പോള്‍ ഇതിന്‍റെ നാല് നിലകളും വെള്ളത്തിനടിയിലാകും .ചുറ്റും ആരവല്ലി മലനിരകള്‍.
വര്‍ണ്ണാഭമായ ജയ്പൂരിന്‍റെ ഒരു ക്രോസ് സെക്ഷന്‍ പോലെ തോന്നും ചുറ്റും കണ്ടാല്‍. മുതുകില്‍ വര്‍ണ്ണപരവതാനി ഏന്തി സെല്‍ഫിക്ക് പോസ് ചെയ്യുന്ന ഒട്ടകങ്ങള്‍. തന്നെക്കാള്‍ പല മടങ്ങു തൂക്കമുള്ളവരെയും ഒരു പരാതിയുമില്ലാതെ ചുമക്കുന്ന ഇത് എത്രയോ സാധു മൃഗം എന്നു ഞാന്‍ എപ്പോഴുമോര്‍ക്കും. യാത്ര അമര്‍ ഫോര്‍ട്ടിലേക്കായിരുന്നു. ജയ്പൂര്‍ ജനിക്കുന്നതിനു മുന്‍പുള്ള കോട്ടയാണിത്. കച് വാ രാജാവായിരുന്ന സവായ് മാന്‍ സിങ് രണ്ടാമന്‍ പണി കഴിപ്പിച്ചത് . പല വര്‍ണങ്ങളിലുള്ള മേലാപ്പിട്ട് സഞ്ചാരികളെയും പുറത്തേറ്റി അടിവച്ചു പോകുന്ന ആനകള്‍. ആനകളെ ജയ്പൂര്‍ രാജവംശം തങ്ങളുടെ ശക്തിയുടെ അടയാളമായി കരുതിയിരുന്നത്രെ.
വളഞ്ഞു പുളഞ്ഞു പോകുന്ന വമ്പന്‍ മതിലുകള്‍ക്കുള്ളില്‍ ചുവന്ന മണല്‍ക്കല്ലിലെ ഒരു മജസ്റ്റിക് കൊട്ടാരം.ട്രെയിനിനു സമയമായതിനാല്‍ ഒരു ഓട്ടപ്രദക്ഷിണത്തില്‍ അമര്‍ ഫോര്‍ട്ട് ഒതുക്കേണ്ടി വന്നു. അടുത്ത് തന്നെയുള്ള ജയ്ഗര്‍ ഫോര്‍ട്ടും ഒഴിവാക്കേണ്ടി വന്നു.

കാഴ്ചകള്‍ കണ്ടു മതിവരാതെ ഡല്‍ഹിയിലേക്കുള്ള ട്രെയിന്‍ കയറാന്‍ ഞങ്ങള്‍ റെയില്‍വേ സ്റ്റേഷനിലേക്ക് തിരിച്ചു. ജയ്പൂരില്‍ നിന്നും കുമയൂണ്‍ കുന്നുകളിലേക്കുള്ള ഈ യാത്രയുടെ മറ്റൊരു വിസ്മയമായത് ജയ്പൂര്‍ റെയില്‍വേ സ്റ്റേഷനിലെ ഐ.ആര്‍.സി.ടി.സിയുടെ എക്സിക്യൂട്ടീവ് ലൗഞ്ച് ആണ്. രണ്ടുമണിക്കൂര്‍ ആളൊന്നിന് 165 / രൂപ. ഫ്രീ വൈ ഫൈയും കോഫിയും ന്യൂസ് പേപ്പറും അങ്ങേയറ്റം വൃത്തിയുള്ള വാഷ് റൂമുകളും ബുഫേ സെര്‍വീസും ലഗേജ് റാക്കും മാഗസിന്‍ റാക്കും ടിവിയും എല്ലാമുള്ള സംവിധാനം .

എല്ലാ ക്രെഡിറ്റ് കാര്‍ഡും ഡെബിറ്റ് കാര്‍ഡും സ്വീകരിക്കും .ഒന്ന് ഫ്രഷ് ആകാന്‍ വേണ്ടി മാത്രം ഹോട്ടല്‍ റൂമുകളെ ആശ്രയിക്കേണ്ടി വരുന്ന സഞ്ചാരികള്‍ക്കു ഒരു നല്ല ഓപ്ഷന്‍. പുറത്തെ കൊടും തണുപ്പ് അകത്തളങ്ങളെ സ്പര്‍ശിക്കുന്നതേയില്ല. റിക്ലൈനിങ് ചെയറുകളില്‍ സ്വച്ഛമായി വിശ്രമിക്കുന്ന യാത്രികര്‍ .എയര്‍പോര്‍ട്ടിലെ പ്രയോറിറ്റി പാസ്സ് ലൗഞ്ചുകളോട് കിടപിടിക്കുന്ന ഇന്‍റീരിയര്‍.
262 /രൂപയുടെ വെജ് ബുഫേ ലഞ്ചില്‍ നല്ല ചൂട് ഹോട് ആന്‍ഡ് സോര്‍ വെജ് സൂപ്പും മട്ടര്‍ പനീറും ദാല്‍ ധട്കയും ബസ്മതി ചോറും പപ്പടവും ആലു ജീരയും ചപ്പാത്തിയും റൈത്തയും സലാഡും നല്ല ഒരു പായസവും കിട്ടും.

ജയ്പൂര്‍ റെയില്‍വേ സ്റ്റേഷനും നല്ല വൃത്തി. ഓരോ 10 മിനുട്ടിലും പ്ലാറ്റ് ഫോമില്‍ ഡ്രൈവിംഗ് സ്വീപ്പിങ് മെഷീന്‍ ഓടിയെത്തുന്നുണ്ട് .
ഇവിടെ കൂട്ടിനു ഓസ്ട്രേലിയക്കാരായ ജോസഫിനും ഹാരിയും ഉണ്ടായിരുന്നു. .ജോധ്പൂരിലേക്കുള്ള ട്രെയിന്‍ നാല്‍പ്പത് മിനിറ്റ് ലേറ്റ് ആയതുകൊണ്ട് ലോഞ്ചിലേക്കു കയറിയതാണെന്നു ദമ്പതികള്‍ സങ്കടം പങ്കു വെച്ചു. ലോഞ്ച് ‘ ക്ഷ ‘പിടിച്ചൂന്നു പറയാനും പറഞ്ഞു.
ബാങ്കോക്ക്, സിങ്കപ്പൂര്‍, കംബോഡിയ ഒക്കെ കണ്ടു കറങ്ങിവന്നിരിക്കുന്ന ഇരിപ്പാണ് രണ്ടു പേരും. കേരളത്തിലേക്ക് സ്വാഗതം ചെയ്തപ്പോള്‍ അതൊക്കെ പണ്ടേ കവര്‍ ചെയ്തുവെന്ന മറുപടി. രണ്ടു മാസമായി യാത്ര തുടങ്ങീട്ടത്രേ. വളരെ കുറച്ചു ലഗ്ഗേജ് മാത്രം. പോന്നപ്പോള്‍ കെട്ടിപ്പിടിച്ചു യാത്ര പറഞ്ഞു വീണ്ടും കാണാമെന്നു പറഞ്ഞു.

യാത്രയില്‍ ജയ്പൂരില്‍ നിന്ന് ഡല്‍ഹിക്കുള്ള പൂജ എക്സ്പ്രസ്സിലിരുന്ന് ഞാന്‍ ജയ്പൂരിനെപ്പറ്റി ഓര്‍ത്തുകൊണ്ടിരുന്നു. പെട്ടെന്നുള്ള യാത്ര ആയതിനാല്‍ സെക്കന്‍ഡ് സ്ലീപ്പര്‍ ആണ് കിട്ടിയതെങ്കിലും ട്രെയിനിനു പതിവില്ലാത്ത വൃത്തി ഉള്ളതിനാല്‍ ആകെയൊരു സന്തോഷം തോന്നി. ചുറ്റും രാജസ്ഥാനിലെ ഊഷരഭൂമികള്‍. ഇടയ്ക്കിടെ തെളിയുന്ന കടുക് പൂക്കുന്ന പാടങ്ങള്‍. മുന്നിലിരിക്കുന്ന രജപുത്രസുന്ദരിയുടെ മൂക്കുത്തി തിളക്കം. കൈയില്‍ കലമ്പുന്ന കുപ്പിവളകള്‍. കണ്ണാടിയുടുപ്പില്‍ നിന്നു ചിതറുന്ന വെളിച്ചത്തിന്‍റെ തരികള്‍. ആരവല്ലി പര്‍വ്വതനിരകള്‍ക്കപ്പുറം മറയുന്ന സൂര്യന്‍. തണുപ്പ് ഇഴഞ്ഞു വരുന്ന ജാലകങ്ങള്‍. ഞാന്‍ ഞാനാകുന്ന യാത്രകള്‍.

ഹരിയാനയുടെ പച്ച നിറമുള്ള നിലങ്ങളിലൂടെ യാത്ര ചെയ്തുകൊണ്ടിരിക്കുമ്പോള്‍ എത്ര പെട്ടന്നാണ് ആ യാത്രയുടെ വിധി തന്നെ മാറിയതെന്നോ . ഹരിയാനയിലെ റവാരി സ്റ്റേഷനിലേക്ക് പൂജ എക്സ്പ്രസിനെ വരവേറ്റത് അതിഭീകരമായ ആരവമായിരുന്നു.
പ്ലാറ്റ്ഫോമിന് ഇരുവശവും തടിച്ചു കൂടിയ ജനക്കൂട്ടം കണ്ട് എന്തോ വര്‍ഗീയ ലഹളയാണെന്നാണ് ആദ്യം ഭയന്നത്. പക്ഷെ, അതിനും അപ്പുറമുള്ള കാര്യങ്ങളാണ് അവിടെ നടന്നത്. ഏതാണ്ട് എഴുപത് പേര്‍ക്ക് മാത്രം സീറ്റിംഗ് കപ്പാസിറ്റിയുള്ള ആ കമ്പാര്‍ട്ടുമെന്‍റിലേക്ക് ഏതാണ്ട് അഞ്ഞൂറിലേറെ പേര്‍ ഇടിച്ചു കയറാന്‍ തുടങ്ങി. എതിരെ വന്നു നിന്ന മറ്റൊരു ട്രെയിനിന്‍റെ പാര്‍സല്‍ കംപാര്‍ട്മെന്‍റിന്‍റെ പൂട്ടിയിട്ട വാതില്‍ അവര്‍ പൂട്ട് തകര്‍ത്തു തുറന്നു കയറുന്നതു ഞങ്ങള്‍ ഭീതിയോടെ കണ്ടിരുന്നു. പൊതുമുതല്‍ നശിപ്പിക്കലിന്‍റെ ദൃക്സാക്ഷികളായി ഞങ്ങള്‍.

ഹരിയാനയിലെ കര്‍ണാലില്‍ ഏതോ പോലീസ് റിക്രൂട്ട്മെന്‍റില്‍ പങ്കെടുക്കാനായി പോകുന്ന ഇരുപതിനും മുപ്പതിനും ഇടയില്‍ പ്രായമുള്ള, ലോകവിവരം അതീവ കമ്മിയായ ഒരു ജനത. പോലീസ് ഫിസിക്കല്‍ ടെസ്റ്റിനെ മറികടക്കാനായി ജിമ്മില്‍ നിന്നും ചാടി വന്ന കുറെ മല്ലന്മാര്‍. ഇവരാണോ സര്‍ക്കാരിനെ സേവിക്കാന്‍ പോകുന്നത് എന്നോര്‍ത്ത് ആശങ്ക തോന്നി.

അപ്പര്‍ ബര്‍ത്തിലേക്ക് ചാടിക്കയറി താഴെ ഇരിക്കുന്നവരുടെ മുഖത്തു ഷൂവും പാദരക്ഷകളും ഉരച്ചും തികച്ചും ഗ്രാമ്യമായ ഹരിയാന്‍വി ഭാഷ സംസാരിച്ചും അവര്‍ രംഗം കീഴടക്കി. ശരിക്കും ഒരു ഭീതിദമായ അന്തരീക്ഷം. ആറു മണിക്കൂര്‍ കൂടി യാത്ര ചെയ്താലേ ഡല്‍ഹി സ്റ്റേഷന്‍ എത്തൂ. അവിടെ നിന്നും വാടകക്കെടുക്കുന്ന കാറില്‍ കുമയൂണ്‍ കുന്നുകള്‍ തേടിപ്പോകാനാണ് ഞങ്ങളുടെ അടുത്ത യാത്രാ പ്ലാന്‍. ആ ആറു മണിക്കൂര്‍ യുഗങ്ങള്‍ പോലെ തോന്നിച്ചു.

ഞങ്ങള്‍ ഇറങ്ങിയിട്ട് വേണം മദ്യപിക്കാന്‍ എന്നവര്‍ പരസ്പരം പറഞ്ഞു ചിരിച്ചു .ഇടക്കിടെ സൗത്ത് ഇന്ത്യന്‍സ് പൊതുവെ കറുത്താണ് ഇരിക്കുന്നതെന്നൊക്കെയുള്ള പ്രകോപനപരമായ കമന്‍റുകള്‍ കേട്ടു രക്തം തിളച്ചു ഞാനിരുന്നു. ഉത്തേരേന്ത്യയില്‍ പഠിച്ച് വളര്‍ന്ന ഭര്‍ത്താവിന് ഗ്രാമങ്ങളിലെ ഹിന്ദി അറിയാവുന്നതിനാല്‍ അവരോടു നയപരമായി സംസാരിച്ചു കൊണ്ടേയിരുന്നു. ചിന്തിക്കാതെ പ്രവര്‍ത്തിക്കുന്ന ഒരു ജനത. നയം മാത്രമേ നടക്കൂ. സല്‍മാന്‍ ഖാന്‍ അഭിനയിച്ച ‘സുല്‍ത്താന്‍’ എന്ന മൂവി ഈ നാടിനെപ്പറ്റി ആണെന്ന് മകളും ഭര്‍ത്താവും ചെവിയില്‍ അടക്കം പറഞ്ഞു.

അന്യഗ്രഹജീവികളുടെ നടുക്ക് പെട്ടത് പോലെയുള്ള ആ ഇരിപ്പ് അനന്തമായി നീളുമോയെന്നു സംശയിച്ചു ഞങ്ങളിരുന്നു.
എന്തായാലും ഡല്‍ഹി എത്തിയതോടെ അവരില്‍ ചിലരെങ്കിലും നമ്മളുടെ കൂട്ടുകാരായി. ലഗേജുകള്‍ ഇറക്കാനും ഞങ്ങളെ കൊടും തിരക്കില്‍ നിന്നും സ്റ്റേഷനില്‍ ഇറക്കാനും അവര്‍ സഹായിച്ചു. ദീര്‍ഘനിശ്വാസത്തോടെ കൊടും തണുപ്പിലും വിയര്‍ത്തു ഞാന്‍ ഓള്‍ഡ് ഡല്‍ഹി സ്റ്റേഷനിലെ ചാരു ബെഞ്ചിലിരുന്നു പോയി.

രമ്യ എസ്. ആനന്ദ്
യാത്രിക
എഴുത്തുകാരി

COMMENTS

COMMENT WITH EMAIL: 0