Homeചർച്ചാവിഷയം

യാത്രയെ ജാതിവത്കരിക്കുമ്പോള്‍

പ്രായ ലിംഗ ഭേദമന്യെ മനുഷ്യരെ എക്കാലവും ഭ്രമിപ്പിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ് യാത്രകള്‍. അതുകൊണ്ട് തന്നെ യാത്ര ചെയ്യാന്‍ പറ്റാതിരിക്കുക എന്നത് മനുഷ്യര്‍ക്ക് എത്രത്തോളം മടുപ്പുളവാക്കുന്നതാണ് എന്നത് ഈ അടുത്തകാലത്തുണ്ടായ സാഹചര്യങ്ങള്‍ നമുക്ക് മനസ്സിലാക്കി തന്നു. ഒരു പാന്‍ഡെമിക് സാഹചര്യത്തെ നേരിടാന്‍ ഭരണകൂടങ്ങള്‍ സ്വീകരിച്ച നടപടികള്‍ വ്യക്തി ജീവിതത്തിന്/ വിശിഷ്യാ സഞ്ചാര സ്വാതന്ത്ര്യത്തിന് മേലുള്ള അമിതാധികാര പ്രയോഗമൊ കടന്നുകയറ്റമോ ഒക്കെയായി വ്യാഖ്യാനിക്കപ്പെട്ടു. എന്നുവരികിലും ഈ കാലം തിരിച്ചറിവുകളുടേത് കൂടിയായിരുന്നു എന്ന് വേണം മനസ്സിലാക്കാന്‍. ജാത്യാധികാരങ്ങള്‍ കൊടികുത്തി വാണ ഇരുണ്ട ഭൂതകാലങ്ങള്‍ ചിലര്‍ക്കെങ്കിലും ഈ കാലത്ത് ഓര്‍മ്മ വന്നിരിക്കണം. ഈ ഒരു സാഹചര്യത്തിലാണ് കേരളത്തിന്‍റെ പ്രാദേശിക ഭൂമികയില്‍ നിലനിന്നിരുന്ന ജാത്യാധികാരങ്ങളെ കൃത്യമായി അടയാളപ്പെടുത്തിയ രണ്ട് യാത്രാവിവരണങ്ങള്‍ എന്തുകൊണ്ടും പ്രസക്തമാവുന്നത്. എസ്. എ. ലീലാവതി എഴുതിയ ‘ഭാരതത്തിന്‍റെ ഊര്‍ധ്വരേഖയിലൂടെ’ (1983) എന്ന യാത്രാവിവരണവും ദേവകി നിലയങ്ങോട് എഴുതിയ ‘യാത്ര: കാട്ടിലും നാട്ടിലും’ എന്ന 1930 കള്‍ക്കും 40 കള്‍ക്കും ഇടയിലെ കാലം പരാമര്‍ശിക്കുന്ന യാത്രാകുറിപ്പും രണ്ട് വ്യത്യസ്ത കാലങ്ങളില്‍ കേരളത്തില്‍ നിലനിന്നിരുന്ന ജാത്യാധികാരങ്ങളെ സംബോധന ചെയ്യുന്നവയാണ്. ജാതിശ്രേണിയില്‍ വ്യത്യസ്ത നിലകളെ പ്രധിനിധീകരിക്കുന്നവര്‍ എന്ന നിലയ്ക് ലീലാവതിയുടെയും ദേവകി നിലയങ്ങോടിന്‍റെയും യാത്രയെഴുത്തുകള്‍ എക്കാലവും പ്രസക്തമാണ്. ഒരു തരത്തില്‍ പറഞ്ഞാല്‍ ചരിത്രരേഖകള്‍ തന്നെയാവുന്നുണ്ട് ഈ രണ്ട് കൃതികള്‍.

യാത്ര എന്നാല്‍ ആരുടേതാണ് അല്ലെങ്കില്‍ എന്താണ് യാത്ര എന്നൊക്കെയുള്ള ചോദ്യങ്ങള്‍ പലപ്പോഴും കുഴക്കാറുണ്ട്. ചരിത്രത്തില്‍ രേഖപ്പെടുത്തിയതോ അല്ലാത്തതോ ആയ ഗംഭീര യാത്രകളേയും യാത്രികരേയും അന്വേഷിക്കുമ്പോള്‍ ഇത്തരത്തില്‍ പല ചോദ്യങ്ങളും ഉയര്‍ന്ന് വരും. ചരിത്രകാരനായ ജെയിംസ് ക്ലിഫോര്‍ഡ് തന്‍റെ Routes: Travel and Translation in the Late Twentieth Century (1997) എന്ന കൃതിയില്‍ ഇതുസംബന്ധിച്ച് ഒരു നിരീക്ഷണം മുന്നോട്ട് വയ്ക്കുന്നുണ്ട് . വിക്ടോറിയന്‍ കാലത്ത് ധനാഢ്യരായ യാത്രികരോടൊപ്പം സഞ്ചരിച്ച കറുത്തവരായിട്ടുള്ള സഹായികളെയും, ജോലിക്കാരെയും ഒരിക്കലും യാത്രികരായി കണ്ടിരുന്നില്ല എന്ന് ക്ലിഫോര്‍ഡ് ചൂണ്ടിക്കാണിക്കുന്നു. അല്ലെങ്കില്‍ അത്തരം ആശ്രയ യാത്രകളുടെ അനുഭവങ്ങള്‍ ഒരിക്കലും യാത്രാനുഭവങ്ങള്‍ എന്ന നിലക്ക് മുഖവിലക്കെടുത്തിരുന്നില്ല എന്നും അദ്ദേഹം നിരീക്ഷിക്കുന്നു. അങ്ങിനെനോക്കുമ്പോള്‍, മുഖവിലയ്ക്കെടുക്കപ്പെട്ടവയെക്കാളും രേഖപെടുത്തപ്പെട്ടവയെക്കാളും തീക്ഷ്ണവും കൗതുകരവുമായ അനുഭവങ്ങളായിരിക്കാം ആ മനുഷ്യര്‍ക്ക് ഉണ്ടായിരുന്നത് എന്ന് മനസ്സിലാക്കാവുന്നതാണ്. മറ്റൊരു വീക്ഷണകോണില്‍ കൂടി ഉരുത്തിരിയുന്ന ചരിത്രമായി അത്തരം അനുഭവങ്ങളെ കണക്കാക്കാവുന്നതാണ്. ഇപ്പോള്‍ ഈ മാറിയ കാലത്ത് അനുഭവങ്ങളുടെ വ്യത്യസ്തതകള്‍ ആഘോഷിക്കപ്പെടുമ്പോള്‍ അരികുകളിലേക്ക് മാറ്റി നിര്‍ത്തപ്പെട്ടവരുടെ യാത്രാനുഭവങ്ങള്‍ ശ്രദ്ധ നേടുകയാണ്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, വേറൊരു ചരിത്രം അനാവരണം ചെയ്യപ്പെടുകയാണ്.

ഇവിടെ, ദളിത് സമുദായാംഗമായ ലീലാവതിയുടേയും, ബ്രാഹ്മണ സമുദായാംഗമായ ദേവകി നിലയങ്ങോടിന്‍റെയും യാത്രാനുഭവങ്ങള്‍ ഇത്തരം ചില സാധ്യതകളിലേക്കാണ് വെളിച്ചം വീശുന്നത്. വ്യത്യസ്ത സാമൂഹിക സാമുദായിക സാമ്പത്തിക പരിസരത്തു നിന്നുള്ള ഇവര്‍ രണ്ടുപേരും ജാതിപരമായും ലിംഗപരമായും സാമ്പത്തികപരമായും നേരിടേണ്ടിവന്ന തന്താങ്ങളുടെ അരക്ഷിതാവസ്ഥയാണ് അവരവരുടെ യാത്രാകുറിപ്പുകളില്‍ പ്രധാനമായും ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ജാതിപരമായി ഉന്നത ശ്രേണിയില്‍ നില്‍ക്കുന്ന നിലങ്ങോടിന്‍റെ കുട്ടിക്കാല യാത്രാനുഭവ ഓര്‍മ്മകള്‍ ആണെങ്കില്‍ ജാതിപരമായി താഴെ നിലക്കുള്ള ഒരു സ്ത്രീയുടെ യാത്രാനുഭവമാണ് ലീലാവതിയുടെ യാത്രാവിവരണം.

ഭാരതത്തിന്‍റെ ഊര്‍ധ്വരേഖയിലൂടെ (1983) തൃശൂര്‍ ജില്ലയില്‍ നിന്നുള്ള എസ്. എ. ലീലാവതി എന്ന ഒരു ദളിത് സമുദായാംഗമായ ഹിന്ദി അധ്യാപികയുടെ യാത്രപോവുക എന്ന അദമ്യമായ അവരുടെ ആഗ്രഹത്തിന്‍റെ പൂര്‍ത്തീകരണമാണ് 1982 -ല്‍ വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൂടി സുഹൃത്തിന്‍റെ കുടുംബത്തോടൊപ്പം അവര്‍ നടത്തിയ യാത്ര. ഈ യാത്രയുടെ വിവരണമാണ് ‘ഭാരതത്തിന്‍റെ ഊര്‍ധ്വരേഖയിലൂടെ’ (1983) എന്ന കൃതി. സമൂഹത്തില്‍ മാന്യതയും, സ്വീകാര്യതയും ഉള്ള അധ്യാപക ജോലി എന്ന ഉദ്യോഗത്തിലിരുന്നിട്ടും മറ്റു ശാരീരിക മാനസീക വെല്ലുവിളികള്‍ ഒന്നും തന്നെ നേരിടാതിരുന്നിട്ടും ലീലാവതിക്ക് തന്‍റെ കീഴാള ജാതിനില യാത്ര പോകുന്നതിന് വിലങ്ങുതടിയായി അനുഭവപ്പെടുന്നു എന്ന വെളിപ്പെടുത്തലില്‍ കൂടിയാണ് അവരുടെ യാത്രാഖ്യാനം തുടങ്ങിയിരിക്കുന്നത് തന്നെ. ലീലാവതിയുടെ വാക്കുകളില്‍,

ചെറുപ്പം മുതല്‍ക്കേ എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ് രാജ്യങ്ങള്‍ ചുറ്റിക്കാണുക എന്നത്. പക്ഷെ ഒരു ഹരിജന്‍ അദ്ധ്യാപികയായ ഞാന്‍ മനക്കോട്ടകള്‍ കെട്ടി ഇരിക്കുകയല്ലാതെ യാതൊരു ഫലവും ഉണ്ടായില്ല. രാജ്യങ്ങള്‍ ചുറ്റിക്കറങ്ങി കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സന്ദര്‍ഭം കിട്ടിയില്ലെങ്കിലും സുപ്രസിദ്ധരായ പല മഹാന്മാരുടെ യാത്രാവിവരണത്തെ പറ്റിയുള്ള പുസ്തകങ്ങള്‍ വായിച്ച് ഞാന്‍ സംതൃപ്തി കൊള്ളാറുണ്ട്. എനിക്കും പോയാലെന്ത്? സാമ്പത്തിക ശേഷി മോശമായ എനിക്ക് അതേപ്പറ്റി ചിന്തിച്ചിട്ട് കാര്യമുണ്ടോ? ഇല്ല ഒരു കാര്യവുമില്ല’. (12)

1947 ലെ സ്വാതന്ത്ര്യ ലബ്ദിക്ക് മുപ്പത്തിയാറ് വര്‍ഷങ്ങള്‍ക്ക് ശേഷം, അതായത്, 1983 ല്‍ പ്രസിദ്ധപ്പെടുത്തിയ 1982 ല്‍ നടത്തിയ യാത്രയെ വിശദീകരിക്കുന്ന കൃതി എന്ന നിലക്ക് ഒട്ടൊരു ഞെട്ടലുളവാക്കുന്ന വസ്തുതയാണിത്. ഒരു പരമാധികാര സ്വതന്ത്ര രാജ്യത്തെ പൗരന്‍ എന്ന നിലക്കുള്ള അവകാശങ്ങളെ കുറിച്ചുള്ള ബോധ്യങ്ങള്‍ക്കിടയിലും തന്‍റെ ജാതിനില അവരെ അലട്ടണമെങ്കില്‍ ജാതിവെറി നിലനിന്നിരുന്ന കാലത്തു കീഴാള ജീവിതങ്ങള്‍ കടന്നുപോയ ഭീതിദമായ ഭൂതകാലങ്ങളെ തന്‍റെ ഓര്‍മയുടെ പരിസരത്തു നിന്നും മാറ്റാന്‍ അവരെക്കൊണ്ടാവാത്തതാവണം ഇത്തരം ചിന്തകള്‍ക്കുള്ള ഒരു കാരണം. മോശമായ സാമ്പത്തിക ശേഷിയും ഒരു കാരണമായി അവര്‍ പറയുന്നുണ്ടെങ്കിലും ‘ഹരിജന്‍’ എന്ന തന്‍റെ ജാതിനില ഒരു യാത്രാനുഭവ എഴുത്തില്‍ പരാമര്‍ശിക്കണമെങ്കില്‍ സാമ്പത്തിക സ്ഥിതിയെക്കാള്‍ വലിയ തടസ്സമായാണ് ജാതിനില അവര്‍ക്കനുഭവപ്പെടുന്നത് എന്ന് വേണം മനസ്സിലാക്കാന്‍. ഹരിജനക്ഷേമ വകുപ്പ് നടത്തിയ യാത്രാവിവരണ മത്സരത്തില്‍ ഈ കൃതി ഒന്നാം സ്ഥാനം നേടുകയുണ്ടായി എന്ന ശ്രദ്ധേയമായ വസ്തുത നിലനില്‍ക്കെ തന്നെ ഒരു യാത്രാവിവരണത്തില്‍ ജാതിനിലയെകുറിച്ചുള്ള പരാമര്‍ശങ്ങള്‍ / വിഹ്വലതകള്‍ ഉള്‍ക്കൊള്ളിക്കേണ്ടതുണ്ടോ എന്നത് ഒട്ടൊക്കെ ചിന്തനീയ കാര്യമാണ്. ഇന്ത്യന്‍ ചുറ്റുപാടില്‍ അവരവരുടെ സാമൂഹിക സാംസ്കാരിക സ്ഥിതിക്കനുസൃതമായി ഓരോ വ്യക്തിയുടെ ഉള്ളിലും സ്വന്തം മത/ ജാതി/ ഗോത്ര നിലയെ കുറിച്ചുള്ള ബോധ്യം ഉണ്ടെന്ന് വരികിലും, യാത്രാകുറിപ്പുകളുടേയും വിവരണങ്ങളുടേയും പുറംചട്ടകളിലോ അല്ലെങ്കില്‍ അങ്ങിനെ ഒഴിവാക്കാന്‍ പറ്റാത്ത മറ്റു സ്ഥലങ്ങളിലൊ ഒഴികെ പൊതുവെ യാത്രാഖ്യാനങ്ങളില്‍ ആഖ്യാതാവിന്‍റെ മത / ജാതിനില വായനക്കാരിലേക്ക് ചിന്തകള്‍ക്കും ചര്‍ച്ചകള്‍ക്കുമായി ആഖ്യാതാവ് തന്നെ ഇട്ടു കൊടുക്കുന്ന രീതി അധികമൊന്നും കണ്ടിട്ടില്ല. ഇവിടെ, ഹരിജന്‍ എന്ന സ്വന്തം ജാതിനില ലീലാവതി എന്ന ഹിന്ദി അധ്യാപികയ്ക്ക് എത്രമാത്രം പ്രശ്നകരമായി അനുഭവപ്പെടുന്നു എന്നതിന്‍റെ നേര്‍ചിത്രമാണ് ഇത്തരം ഒരു പരാമര്‍ശത്തില്‍ കൂടി അവര്‍ പറഞ്ഞു വയ്ക്കുന്നത്. ഈ അവസരത്തില്‍ ദളിത് എഴുത്തുകാരിയായ ബാമ തന്‍റെ ആത്മകഥാഗന്ധിയായ കരുക്ക് (2000) എന്ന നോവലില്‍ അഭിപ്രായപ്പെടുന്നത് ഇവിടെ ചേര്‍ത്ത് വായിക്കാവുന്നതാണ്. ബാമയുടെ അഭിപ്രായപ്രകാരം ഒരാള്‍ കീഴ് ജാതിയിലാണ് ജനിച്ചതെങ്കില്‍ മരണം വരേക്കും അയാള്‍ അതിന്‍റെ തിക്തതകള്‍ അനുഭവിക്കേണ്ടിവരും എന്നും, എത്ര തന്നെ പഠിപ്പുണ്ടായാലും നല്ല നിലക്ക് ജീവിച്ചാലും ജാതിവെറി അയാളെ പിന്തുടര്‍ന്ന് കൊണ്ടേയിരിക്കും എന്നും ബാമ തന്‍റെ കൃതിയില്‍ നിരീക്ഷിക്കുന്നു.
എഴുത്തിന്‍റെ മറ്റൊരു ഘട്ടത്തില്‍ ലീലാവതി ഇങ്ങനെ എഴുതുന്നു:

“എല്ലാവര്‍ക്കും നല്ല ഉറക്കത്തിന്‍റെ തിടുക്കമാണ്. എനിക്ക് മാത്രം ഉറക്കം വന്നില്ല. കണ്ട കാഴ്ചകളെ പറ്റി ഞാന്‍ അയവിറക്കാന്‍ തുടങ്ങി. കാരണം എന്നെപ്പോലെ ഭാഗ്യവതികളായിട്ട് ഹരിജന്‍ വിഭാഗത്തില്‍ പ്രത്യേകിച്ച് എന്‍റെ സമുദായത്തില്‍ (സാമ്പവ) ഇല്ലെന്ന് തോന്നിപ്പോയി. … ഇന്നും യാതൊരു വിധ പുരോഗമനവുമില്ലാതെ എത്രയെത്ര സാമ്പവ സമുദായക്കാരാണ് അധോഗതിയില്‍ ജീവിതം നയിക്കുന്നത് എന്നോര്‍ക്കുമ്പോള്‍ മനസ്സില്‍ വേദന തോന്നുന്നു’. (4748 )

സാമൂഹികമായോ സാമ്പത്തികമായോ വിദ്യാഭ്യാസപരമായോ പുരോഗതി കൈവരിക്കാത്ത തന്‍റെ സമുദായത്തേയും സമുദായങ്ങളേയും ഓര്‍ത്തുള്ള വിലാപം അവരുടെ യാത്രാനുഭവ എഴുത്തില്‍ ഒളിഞ്ഞും തെളിഞ്ഞും ചിതറിക്കിടക്കുന്നതായി കാണാം. തങ്ങളുടെ ജീവിതപരിസരം വിട്ടൊരു ലോകം ഭൂരിപക്ഷത്തിനും അന്യമാണെന്ന് അവര്‍ ഒട്ടൊരു വിഷമത്തോടെ കുറിക്കുന്നുണ്ട്.

ശീലിച്ചുപോന്ന കുലത്തൊഴിലുകളില്‍ തുടങ്ങി പലസാഹചര്യങ്ങള്‍ ഈ അവസ്ഥക്ക് കാരണമാകുന്നുണ്ടെങ്കിലും ചില കാരണങ്ങള്‍ എടുത്ത് പറയേണ്ടതുണ്ട്. തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ട ദളിത് സ്വത്വം പേറുന്ന പാട്ടുകളും കഥകളും ദളിത് ജീവിതങ്ങളെ വളരെയധികമായി സ്വാധീനിക്കുന്നുണ്ട് എന്ന് ഡോ. എ. കെ. വാസു അദ്ദേഹത്തിന്‍റെ ‘പാര്‍ശ്വവത്കരണം: സഞ്ചാരം, സാഹിത്യം’ എന്ന ലേഖനത്തില്‍ നിരീക്ഷിക്കുന്നുണ്ട്. സ്വന്തം ഇടങ്ങളെയും ജന്മിയെയും വിട്ട് പോന്നാല്‍ മരണം തന്നെയും സംഭവിച്ചേക്കാം എന്ന് മുന്നറിയിപ്പ് നല്‍കുന്ന ഇത്തരം ഫോക്കു പാട്ടുകളും കഥകളും ദളിത് ജീവിതങ്ങളെ തങ്ങളുടെ ചുറ്റുപാടുകള്‍ക്ക് പുറത്തേക്ക് കടക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നതായും അദ്ദേഹം നിരീക്ഷിക്കുന്നു. മുന്‍കാലങ്ങളെ അപേക്ഷിച്ച് ആളുകള്‍ കൂടുതലായി യാത്ര ചെയ്യുന്ന ഈ മാറിയ കാലത്ത് ഇത്തരം അവസ്ഥകള്‍ക്ക് വലിയ തോതില്‍ മാറ്റം വന്നതായി മനസ്സിലാക്കാവുന്നതാണ്.
തൃശ്ശൂരിന് അപ്പുറം ലോകം കാണാന്‍ സാധിക്കാതിരുന്നലീലാവതി തന്‍റെ യാത്രാവിവരണം അവസാനിപ്പിക്കുമ്പോള്‍ ഈ യാത്ര കൊണ്ട് കൈവരിക്കാന്‍ സാധിച്ച ചെറുതല്ലാത്ത അറിവുകളുടേയും അനുഭവങ്ങളുടേയും ഊര്‍ജം മുന്നോട്ടുള്ള ജീവിതത്തില്‍ മുതല്‍ക്കൂട്ടാവുമെന്ന് പ്രതീക്ഷിക്കുകയാണ്.

‘യാത്ര: കാട്ടിലും നാട്ടിലും’
സാമൂഹികമായ അംഗീകാരം ഒഴികെ പറയത്തക്ക വ്യക്ത്യാധികാരങ്ങള്‍ ഒന്നും തന്നെയില്ലാത്ത നമ്പൂതിരി സമുദായത്തിലെ സ്ത്രീകളുടെ ജീവിതം എത്രത്തോളം വിലക്കുകള്‍ നിറഞ്ഞവയായിരുന്നു എന്നതിന്‍റെ ദൃഷ്ടാന്തമാണ് നിലയങ്ങോടിന്‍റെ ‘യാത്ര: കാട്ടിലും നാട്ടിലും’ എന്ന ഓര്‍മ്മ എഴുത്ത്. 1930 കള്‍ക്കും 40 കള്‍ക്കും ഇടയില്‍നിലനിന്നിരുന്ന സാമൂഹികാന്തരീക്ഷത്തിന്‍റെ, വ്യവസ്ഥിതിയുടെ ഒക്കെ സൂക്ഷ്മ വിവരങ്ങള്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്ന ഈ വിവരണം ഒരു കാലഘട്ടത്തിന്‍റെ ചരിത്രരേഖ കൂടി ആവുന്നുണ്ട്. 1928 -ല്‍ ജനിച്ച ദേവകി നിലയങ്ങോട് പത്ത് വയസ്സ് പോലും തികയാത്ത പ്രായത്തില്‍ തന്‍റെ അമ്മ യോടൊപ്പം അവരുടെ ഇല്ലമായ അമ്മാത്തേക്ക് നടത്തിയ ചെറുയാത്രയുടെ ഓര്‍മ്മയാണ് ഈ വിവരണത്തിനാധാരം. അമ്മയുടെ ഇല്ലത്തേക്ക് പോകാന്‍ നടത്തുന്ന മുന്നൊരുക്കങ്ങളില്‍ തുടങ്ങി തോണിയിലും പിന്നെ ആ കാലത്തെ കല്‍ക്കരി ബസ്സിലും ഒക്കെയായി നടത്തുന്ന ക്ലേശകരം എങ്കിലും അതീവസന്തോഷകരമായ ഒരു യാത്രയുടെ വിശദ വിവരണമാണ് ഈ കുറിപ്പില്‍ കൂടി അവര്‍ പങ്കുവച്ചിരിക്കുന്നത്.
ഇതില്‍ എടുത്ത് പറയേണ്ട വസ്തുത എന്തെന്നാല്‍ അമ്മാത്തേക്കുള്ള യാത്രക്ക് മറ്റു വരുമാനമാര്‍ഗ്ഗമൊന്നുമില്ലാത്ത അമ്മ പണം കണ്ടെത്തിയിരുന്ന രീതിയാണ്. നിത്യേന ചോറ് വയ്ക്കുന്നതിലേക്ക് അളന്നെടുക്കുന്ന അരിയില്‍ നിന്നും ഓരോ പിടി അരി വീതം എടുത്ത് സൂക്ഷിച്ചു വച്ച്, അത് വില്‍ക്കാനുള്ള അളവില്‍ എത്തിച്ചേരുമ്പോള്‍ സഹായികള്‍ വഴി വിറ്റ് കിട്ടുന്ന തുച്ഛമായ പണമാണ് യാത്രാവശ്യത്തിനായി ഉപയോഗിക്കുക. ഇത്തരത്തില്‍ പണം കണ്ടെത്തുന്നത് ഒരുപാട് കാലതാമസം നേരിടുന്ന സംഗതി എന്നുവരികിലും ഇല്ലത്ത് നിന്നും പണം കൊടുക്കുന്ന ഏര്‍പ്പാടില്ലാത്തത് കൊണ്ട് നമ്പൂതിരി സ്ത്രീകള്‍ സ്വന്തം ആവശ്യങ്ങള്‍ക്കായി ഈ വിധം ‘പിടിയരി’ സൂക്ഷിച്ച് വച്ച് വിറ്റാണ് പണം കണ്ടെത്തിയിരുന്നത് എന്ന് നിലയങ്ങോട് പ്രത്യേകം സൂചിപ്പിക്കുന്നുണ്ട്. സാമ്പത്തികമായ ആശ്രിതത്വം വ്യക്തികളെ പ്രത്യേകിച്ച് സ്ത്രീകളെ നിയന്ത്രിച്ച് നിര്‍ത്തുന്നതില്‍ ഒരു കാരണമാകുന്നതെങ്ങിനെ എന്നതിന്‍റെയും കൂടി ഉദാഹരണമായി വേണം ഈ സമ്പ്രദായത്തെ നോക്കിക്കാണാന്‍. നമ്പൂതിരി സ്ത്രീ ജീവിതങ്ങള്‍ അനുഭവിച്ചു പോന്ന വിലക്കുകളുടെ കേവലം ഒരു ഉദാഹരണം മാത്രമാണിതെന്നും പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്.

തുണക്കാരി സ്ത്രീയോടൊപ്പം അന്തര്‍ജ്ജനമായ അമ്മയും പെണ്‍മക്കളും നടത്തിയ യാത്രക്ക് ഇനിയുമുണ്ട് പ്രത്യേകതകള്‍ ഏറെ. സ്വരുക്കൂട്ടിയ അഞ്ചു രൂപ ഉപയോഗിച്ചുള്ള യാത്രയില്‍ വണ്ടിക്കൂലി കൊടുക്കുന്നത് തുണക്കാരിയുടെ ചുമതലയാണ്. പുതപ്പും മറക്കുടയും അന്തര്‍ജനങ്ങളായ സ്ത്രീകള്‍ യാത്രയിലുടനീളം പാലിക്കേണ്ടതുണ്ട്. അമ്മയെ തൊടാതെ ശുദ്ധം നോക്കേണ്ടത് മക്കളുടെ കൂടി ചുമതലയാവുന്നുണ്ട് എന്ന് നിലയങ്ങോടിന്‍റെ ആഖ്യാനത്തില്‍ നിന്നും മനസ്സിലാക്കാം. യാത്രാഇടവേളയിലെ കുളിയും നനയും, വിശ്രമവും, ബ്രാഹ്മണര്‍ക്കായി മാത്രമുള്ള ഊട്ടുപുരയും, ഭക്ഷണം പാകം ചെയ്യലും തോണിയും കരി ബസ്സും ഒക്കെ കടന്നുവരുന്ന അമ്മാത്തേക്കുള്ള ആ യാത്രാവിവരണം സ്വാതന്ത്യ്ര പൂര്‍വ്വ കേരളത്തിലെ 30 കള്‍ക്കും 40 കള്‍ക്കും ഇടയിലെ ഏതാണ്ട് വിസ്മൃതിയിലായി കഴിഞ്ഞ കാലഘട്ടത്തിന്‍റെ ഓര്‍മ്മചിത്രമാവുകയാണ്. നമ്പൂതിരി പെണ്‍കുട്ടികള്‍ മുതിര്‍ന്ന് ഋതുമതിയാവുമ്പോള്‍ അവര്‍ക്കായി വിലക്കുകളുടെ മറ്റൊരു ലോകമാണ് ഉരുത്തിരിയുക എന്നും ആ കാലത്ത് ‘യാത്രകളെല്ലാം മുറിഞ്ഞ് ചിറകില്ലാതെ ഞാന്‍ ഒതുങ്ങി’ എന്ന് യാത്രാകുറിപ്പിന്‍റെ അവസാനത്തില്‍ നിലയങ്ങോട് എഴുതി ചേര്‍ക്കുന്നു.

രണ്ടു വ്യത്യസ്ത സാമുദായിക സാമൂഹിക സാമ്പത്തിക പരിസരത്തു നിന്നുള്ള സ്ത്രീകള്‍ വ്യത്യസ്ത കാലങ്ങളിലെ തങ്ങളുടെ യാത്രകളെ നോക്കിക്കാണുമ്പോള്‍ അത് ചരിത്രത്തിലേക്കുള്ള നാഴിക കല്ലുകള്‍ ആവുകയാണ്. മുഖ്യധാരാ യാത്രാ ചരിത്രത്തിന് വെളിയില്‍ സംഭവിച്ച അവഗണിക്കപ്പെട്ടതോ വിസ്മൃതിയിലാക്കപ്പെട്ടതോ ആയ ഇത്തരം യാത്രാനുഭവങ്ങള്‍ അമൂല്യങ്ങളായ അറിവുകളുടെ കലവറകളാണ്. തങ്ങളുടെ അനുഭവങ്ങള്‍ എഴുതി പ്രസിദ്ധീകരിച്ച് പിന്‍തലമുറകള്‍ക്ക് വെളിച്ചം പകരുന്നതില്‍ക്കൂടി ചെറുതല്ലാത്ത സാമൂഹ്യപ്രവര്‍ത്തനം കൂടി സാധ്യമാക്കുന്നുണ്ട് ഈ രണ്ട് സ്ത്രീകള്‍.

References

Clifford, James. Routes: Travel and Translation in the Late Twentieth Century. Harvard University Press, 1997.
Vasu, A.K.,’പാര്‍ശ്വവത്കരണം : സഞ്ചാരം, സാഹിത്യം.’, Dr. M. B Manoj edited by and Shareef Hudavi P. K അതിജീവനം : ആദിവാസി -ദളിത് -ബഹുജന സമൂഹ പാഠങ്ങള്‍, Pitsa, 2018, pp.152-157.
Leelavathi, S. A. ഭാരതത്തിന്‍റെ ഊര്‍ധ്വരേഖയിലൂടെ.
Prabhath Printers Ayyanthole, 1983.Nilayangode Devaki. യാത്ര : കാട്ടിലും നാട്ടിലും ഏതെന്‍സ് മുതല്‍ ഹരിദ്വാര്‍ വരെ edited by Saji Varghese. Mathrubhumi Books, 2015, pp. 75-82.

സംഗീത ദാമോദരന്‍
ഗവേഷക വിദ്യാര്‍ത്ഥി
ഇംഗ്ലീഷ് വിഭാഗം
കോഴിക്കോട് സര്‍വ്വകലാശാല

 

 

COMMENTS

COMMENT WITH EMAIL: 0