Homeചർച്ചാവിഷയം

യാത്ര വളര്‍ത്തിയ പെണ്‍കുട്ടി

നാലു ദശകങ്ങള്‍ക്ക് മുമ്പ് 1977ലെ ജൂലൈ മാസത്തിലാണ് മോസ്കോയിലെ ഷെറി മത്യാ വോ വിമാനത്താവളത്തില്‍ ചെന്ന് ഇറങ്ങുന്നത്. നേരം പുലരുന്നതേ ഉണ്ടായിരുന്നുള്ളൂ. 13 വയസ്സാണ് അന്ന് പ്രായം. ഒമ്പതാംക്ലാസ് വിദ്യാര്‍ഥിനി. ഇന്ത്യയുടെ നാനാ കോണുകളില്‍ നിന്നുള്ള 15 കുട്ടികള്‍ ഒപ്പമുണ്ടായിരുന്നു. മോസ്കോ എന്ന അത്ഭുത ലോകത്ത് കണ്ട കാഴ്ചകള്‍. ലെനിന്‍റെ ഭൗതികശരീരം.

വൃത്തിയുള്ള റോഡുകള്‍, വലിയ വലിയ കെട്ടിടങ്ങള്‍, പാര്‍ക്കുകള്‍ ,കോട്ടും സൂട്ടും ഇട്ട് റോഡുകള്‍ വൃത്തിയാക്കുന്ന ആളുകള്‍ കാഴ്ചകള്‍ കെങ്കേമം. മോസ്കോയില്‍ നിന്ന് ശബ്ദമില്ലാത്ത അത്യാധുനിക സജ്ജീകരണങ്ങളുള്ള തീവണ്ടിയില്‍ കയറി ഉക്രൈനിലേക്ക്. ഉക്രൈനിലെ ക്രിമിയയില്‍ കീവില്‍ മലനിരകളുടെ താഴ്വാരത്ത്, കരടി പര്‍വ്വതത്തിന് ഓരത്ത് കരിങ്കടല്‍ തീരത്ത് ഒന്നര മാസം താമസം.

കൂട്ടിന് 150 ഓളം രാജ്യങ്ങളില്‍ നിന്നുള്ള കുട്ടികളും ഉണ്ടായിരുന്നു. സ്വര്‍ണ്ണ ത്തലമുടിക്കാര്‍, ചുരുണ്ട് കറുത്ത കുറ്റി മുടിയുള്ളവര്‍, നീണ്ട കറുത്ത മുടിയുള്ളവര്‍, കുറുകിയകണ്ണുകളുള്ളവര്‍. തൊലിയുടെ നിറങ്ങള്‍ പറയണ്ട. ഞാന്‍ ജനിച്ചുവളര്‍ന്ന തിരുവനന്തപുരം എന്ന ഇടം മാത്രമല്ല ലോകം എന്ന പാഠവും ജന്മാന്തര സൗഹൃദങ്ങള്‍ക്കൊപ്പം ആര്‍ത്തേക്ക് ഇന്‍റര്‍നാഷണല്‍ പയനിയര്‍ ക്യാമ്പ് എനിക്ക് സമ്മാനിച്ചു. ആഫ്രിക്കക്കാര്‍ക്ക്, അമേരിക്കക്കാര്‍ക്ക്, മംഗോളിയക്കാര്‍ക്ക് എന്നുവേണ്ട ലോകത്തിലെ എല്ലാ കോണുകളിലും ഉള്ളവര്‍ക്കും പൊതുവായത് സ്നേഹിക്കാനും കൂട്ടുകൂടാനും ഉള്ള കഴിവാണ് എന്ന അറിവാണ് ആ ചെറിയ പ്രായത്തില്‍ എനിക്ക് കിട്ടിയത് .അവിടെ അനുഭവിച്ച അത്ഭുതങ്ങളും അമ്പരപ്പുകളും ആണ് ‘പ്രകാശ രേഖ’യായി ആദ്യം മാതൃഭൂമി വാരികയിലും പിന്നീട് ‘ബീന കണ്ട റഷ്യ’ എന്ന പേരില്‍ പുസ്തകമായി ഡി. സി ബുക്സില്‍ നിന്നും പുറത്തുവന്നത് .

പുസ്തകം പുറത്തു വരുമ്പോള്‍ എനിക്ക് പതിനഞ്ച് വയസ്സാണ് പ്രായം. കൊച്ചുകുട്ടിയുടെ യാത്രയേയും പുസ്തകത്തേയും ഒരുപാട് പേര്‍ നെഞ്ചേറ്റി. അന്നും ഇന്നും. നാല്‍പ്പതു വര്‍ഷങ്ങള്‍ക്ക് ഇപ്പുറവും ‘ബീന കണ്ട റഷ്യ’ ഇപ്പോഴും പ്രസിദ്ധീകരിക്കപ്പെടുന്നു. വായിക്കപ്പെടുന്നു. യാത്ര എന്നിലേക്കും എനിക്ക് ചുറ്റുമുള്ളവരിലേക്കും ഒരു ആവേശമായി പടരുന്നത് പലപ്പോഴും ‘ബീന കണ്ട റഷ്യ’യിലൂടെ ഞാനനുഭവിച്ചു, യാത്രകള്‍ ലോകത്തെവിടേക്കുമുള്ള യാത്രപോകലുകള്‍. അതിലേക്ക് ആണ് ഞാന്‍ പിറന്നുവീണത്. മര്‍ച്ചന്‍റ് നേവി ഉദ്യോഗസ്ഥനായിരുന്ന അച്ഛന് യാത്രകള്‍ ആയിരുന്നു ജീവിതം. ലോകം മുഴുവന്‍ യാത്ര ചെയ്യുന്ന അച്ഛന്‍ നീണ്ട കത്തുകളിലൂടെ ഓരോ ഇടത്തും കണ്ട കാര്യങ്ങള്‍ പങ്കു വെച്ചു കൊണ്ടിരുന്നു .യാത്രയും യാത്ര എഴുത്തും ജീവിതത്തിന്‍റെ ഭാഗമാക്കി മാറ്റിയത് ഈ കുട്ടിക്കാലമായിരുന്നു. വളര്‍ന്നപ്പോള്‍ ഏതുനേരത്തും ബാഗും തൂക്കി എവിടേക്കും പോകാന്‍ ഉള്ള ശീലം ജീവിതത്തിന്‍റെ ആനന്ദം ആയപ്പോള്‍ നന്ദി പറഞ്ഞതും കുട്ടിക്കാലത്തെ ഈ അനുഭവങ്ങള്‍ക്കാണ്.
ചലിക്കുന്ന ചക്രങ്ങള്‍ എന്നെ ഉന്മാദിയാക്കുന്നു. അത് ബസ്സോ തീവണ്ടിയോ വിമാനമോ എന്തുമാകാം. പുതിയ നാടുകള്‍ എനിക്ക് സ്വന്തം നാടുകള്‍ തന്നെയാകുന്നു.അവിടുത്തെ പുഴയും മലയും മണ്ണും കാറ്റും എന്‍റേത് തന്നെയാണ്. ഓരോ മടക്കയാത്രയും തിരിച്ചുവരുമെന്ന ഉറപ്പിന്‍മേലാണ്.

മുപ്പത് വര്‍ഷങ്ങള്‍ക്ക് അപ്പുറത്താണ് കേരളത്തിലെ ഗ്രാമങ്ങളിലേക്കുള്ള യാത്രകളുടെ തുടക്കം. കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗം ആയ ഇന്ത്യ ഇന്‍ഫര്‍മേഷന്‍ സര്‍വീസില്‍ ചേര്‍ന്നപ്പോള്‍ മുതല്‍ കേരളത്തില്‍ അലഞ്ഞുതിരിയാന്‍ ഉള്ള അവസരങ്ങള്‍ കൂടെ വരുകയായിരുന്നു മുപ്പതു വര്‍ഷം മുമ്പ് കണ്ട കേരളമല്ല ഇന്നത്തെ കേരളം. പ്രകൃതിയും പരിസരവും മാറിപ്പോയിരിക്കുന്നു. മനുഷ്യനും മാറി. ഒറ്റക്ക് യാത്ര ചെയ്യുന്ന സ്ത്രീ എന്നത് അന്ന് അപൂര്‍വ്വ കാഴ്ചയായിരുന്നു. ഹോട്ടലുകള്‍ ഒറ്റക്ക് താമസിക്കുവാന്‍ എത്തുന്ന സ്ത്രീയെ പകപ്പോടെ നോക്കി .ഹോസ്റ്റലുകള്‍ അസമയത്ത് എത്തുന്ന സ്ത്രീക്കു നേരെ വാതിലുകള്‍ അടച്ചു. സുഹൃദ്, ബന്ധുവീടുകള്‍ ആയിരുന്നു അന്ന് താമസിക്കാന്‍ ആശ്രയം .പലപ്പോഴും ജോലിചെയ്യുന്ന ഇടത്തുനിന്ന് താമസസ്ഥലത്തേക്ക് മണിക്കൂറുകള്‍ യാത്ര ചെയ്യേണ്ടിവന്നു .ആര്‍ത്തവ ദിവസങ്ങളില്‍ ഇത്തരം യാത്രകള്‍ തളര്‍ത്തി. മൂത്രമൊഴിക്കാന്‍ സ്ഥലം തേടി അലഞ്ഞു സഹികെട്ട് ആശുപത്രിയില്‍ കയറി ഒപി ടിക്കറ്റ് എടുത്ത് കാര്യം സാധിച്ചിട്ടുണ്ട് .

ഓഫീസിലെ ആണുങ്ങള്‍ ഫീല്‍ഡില്‍ ഒരു പെണ്ണിനോട് ഒപ്പം പണിയെടുക്കാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. ഒരു ഓഫീസര്‍ പലവട്ടം പറഞ്ഞു ‘ഗ്രാമങ്ങളിലേക്ക് പോയി നിങ്ങളോടൊപ്പം താമസിക്കുമ്പോള്‍ പേരുദോഷം ഉണ്ടാവും. ഞങ്ങള്‍ക്കും നിങ്ങള്‍ക്കും അപകടമാണ്. സ്ഥലം മാറ്റം വാങ്ങി സുരക്ഷിതമായ ഏതെങ്കിലും ഓഫീസിലേക്ക് പോകൂ’ ഞാന്‍ എങ്ങും പോയില്ല. ജോലിക്കൊപ്പം നാട് കാണാം എന്ന ഇരട്ട ലോട്ടറി എന്‍റെ കോശങ്ങളില്‍ എത്രമാത്രം ഊര്‍ജ്ജ സ്രോതസ്സുകളുടെ ഉറവകള്‍ ഉണര്‍ത്തിക്കൊണ്ടിരുന്നു എനിക്കല്ലേ അറിയൂ.

ഒറ്റക്ക് യാത്ര ചെയ്യുമ്പോള്‍ എല്ലാം സുന്ദരം എന്നൊന്നും പറയാന്‍ പറ്റില്ല. ഞരമ്പുരോഗികള്‍ ടിക്കറ്റെടുത്ത് പിന്നാലെ വന്നിട്ടുണ്ട്. തോണ്ടലും തൊടലും ഒക്കെ ഉണ്ടായിട്ടുണ്ട് .ബസ് ബ്രേക്ക് ഡൗണായിട്ടുണ്ട്. തീവണ്ടി വൈകിയിട്ടുണ്ട്. ഇതിനെയൊക്കെ പേടിച്ചു വീട്ടിലിരുന്നാല്‍ യാത്ര എന്ന അനുഭവം സ്ത്രീക്ക് ഒരിക്കലും സ്വന്തമാവില്ല എന്ന് ഉറപ്പായതിനാല്‍ ഞാന്‍ യാത്ര ചെയ്ത് കൊണ്ടേയിരുന്നു. അത് മറ്റൊരു കാലമായിരുന്നു. മൊബൈലും ഇന്‍റര്‍നെറ്റും സ്ത്രീ യാത്രകള്‍ക്ക് തുണയാകാത്ത കാലം.
ഇന്ത്യയുടെ വടക്ക് കിഴക്കന്‍ മേഖലകളിലെ യാത്രകള്‍ രണ്ടു വര്‍ഷക്കാലം നീണ്ടു നിന്നു. ഗുവാഹത്തിയില്‍ താമസം. ചുറ്റുമുള്ള സംസ്ഥാനങ്ങളിലേക്ക് യാത്രകള്‍.’ബ്രഹ്മപുത്രയിലെ വീട്’ ആ യാത്രകളുടെ, ജീവിതത്തിന്‍റെ ഓര്‍മ്മകളാണ്.

ഏറ്റവും രസകരമായ മറ്റൊരു യാത്ര ഇന്ത്യന്‍ റെയില്‍വേയുടെ വില്ലേജ് ഓണ്‍ വീല്‍സ് യാത്ര ആണ്. കുടുംബമില്ലാതെ ഒറ്റക്ക് യാത്ര ചെയ്യാനെത്തുന്ന സ്ത്രീ അക്കാലത്ത് അത്ഭുതമായിരുന്നു. കുടിക്കുന്ന വെള്ളത്തില്‍ മയക്കുമരുന്ന് കലര്‍ന്നതും ഒരുമിച്ച് മുറിയെടുത്ത് ജോളിയായി കൂടാം എന്ന് സഹയാത്രികന്‍ ഓഫര്‍ ചെയ്തതും ഒക്കെ ഇന്ന് ഓര്‍ക്കുമ്പോള്‍ തമാശ പോലെ. അന്ന് സ്ത്രീ യാത്രകള്‍, അതും ഒറ്റക്കുള്ള യാത്രകള്‍ ഉള്‍ക്കൊള്ളുവാന്‍ കഴിയുന്നവര്‍ ചുരുക്കമായിരുന്നു.

വില്ലേജ് ഓണ്‍ വീല്‍സ് തീവണ്ടിയില്‍ തന്നെ ദിവസങ്ങളോളം താമസിച്ചു സ്ഥലങ്ങള്‍ കണ്ടു മടങ്ങിയെത്തുന്ന യാത്രാപരിപാടിയായിരുന്നു. സ്ഥലങ്ങള്‍ കാണുന്നതിന് ഒപ്പം ഒട്ടേറെ മനുഷ്യരെ അടുത്തറിയാനും കൂട്ടുകൂടാനും ഉള്ള അനുഭവം കൂടി പകര്‍ന്നുതരുന്ന യാത്രയായിരുന്നു അത്. യാത്ര പകര്‍ന്നു തരുന്ന സഹജാവബോധവും ഉള്‍ക്കരുത്തും അറിയാനായി എന്നതായിരുന്നു ഈ യാത്രയുടെ സമ്പാദ്യം .

റെയില്‍വേ സ്റ്റേഷനുകളില്‍ പത്രം വിരിച്ചു ഉറങ്ങാനും സ്റ്റേഷനുകളിലെ കുളിമുറികളില്‍ ബക്കറ്റും സോപ്പുമായി ഓടിപ്പോയി കുളിച്ചു തീവണ്ടി പുറപ്പെടുന്നതിന് മുമ്പ് മടങ്ങിയെത്താനും സ്ത്രീകള്‍ക്കും സാധ്യമാണ് എന്ന് തീരുമാനമാക്കിത്തന്നതും ഈ വിനോദയാത്ര തീവണ്ടിയാണ്. ഈ യാത്രയുടെ അനുഭവങ്ങള്‍ ‘ചുവടുകള്‍’ എന്ന പേരില്‍ മാതൃഭൂമി ഓണ്‍ലൈനില്‍ എഴുതിയത് വായിച്ച് നിരവധി സ്ത്രീകള്‍ ഐ.ആര്‍. സി. ടി.സി.യുടെ യാത്ര പരിപാടിയില്‍ പോയതായി പറഞ്ഞിട്ടുണ്ട് . ഒരു സ്ത്രീയുടെ യാത്ര മറ്റു സ്ത്രീകള്‍ക്ക് യാത്ര ചെയ്യാന്‍ പ്രചോദനം നല്‍കും എന്ന് പലവട്ടം എനിക്ക് ഉറപ്പായിട്ടുണ്ട്..
‘നിങ്ങളുടെ യാത്രകള്‍ ഞങ്ങളെ സഞ്ചാരികളാക്കി’എന്ന് പറഞ്ഞിട്ടുള്ളത് ഒന്നോ രണ്ടോ പേരല്ല. അതിജീവനമാണ് സ്വീകരിക്കേണ്ട തന്ത്രമെന്ന് പഠിച്ചു കഴിയുമ്പോള്‍ യാത്ര സ്ത്രീയുടേയും കൂടിയാവുന്നു .

ഒറ്റക്കും കൂട്ടുകാര്‍ക്കൊപ്പവും കുടുംബത്തോടൊപ്പവും ഒരുപാട് യാത്രകള്‍ നടത്തി. പ്രസിദ്ധമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ആയിരുന്നു ആദ്യകാല യാത്രകള്‍. ചാര്‍മിനാറും ചിറാപുഞ്ചിയും ഹരിദ്വാറും ഋഷികേശും ബനാറസും മധുരയും വിശാഖപട്ടണവും ഒക്കെ കണ്ടു നിറഞ്ഞപ്പോള്‍ മനസ്സ് പദ്ധതിയിട്ടു. “ഇന്ത്യയുടെ ഗ്രാമങ്ങളിലേക്ക് പോവുക, ആ തുടിപ്പുകള്‍ അറിയുക.” അതിന് ഒരു വിഷയവും സ്വയം കണ്ടെത്തി. ഇന്ത്യയിലെ പഞ്ചായത്തുകളിലെ ദലിത് സ്ത്രീ സംവരണം ഇന്ത്യന്‍ ഗ്രാമങ്ങളില്‍ എന്തുമാറ്റമാണ് ഉണ്ടാക്കിയതെന്ന് നേരിട്ട് കണ്ടറിയുക.

സ്ഥലക്കാഴ്ചകള്‍ മാത്രമല്ല, മനുഷ്യനെ തേടിയുള്ള കാഴ്ചയും കൂടിയായിരുന്നു അത്. ഗുജറാത്ത്, രാജസ്ഥാന്‍, ഹരിയാന, ഉത്തര്‍പ്രദേശ്, ബീഹാര്‍ മണിപ്പൂര്‍, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളിലേക്ക് ആയിരുന്നു ആ യാത്രകള്‍.
ഗ്രാമങ്ങള്‍ നമ്മെ സ്വീകരിക്കുന്നത് അവിടുത്തെ രുചിയും മണവും നിറവും ശബ്ദങ്ങളും ഒക്കെ കൊണ്ടാണ്. എവിടെപ്പോയാലും അവിടുത്തെ പ്രത്യേകതയായ ഭക്ഷണം കഴിക്കാന്‍, അവിടുത്തെ ചന്തകളില്‍ അലഞ്ഞുതിരിയാന്‍ അവിടുത്തെ പാരമ്പര്യ വേഷങ്ങള്‍ കെട്ടി ഒരുങ്ങാന്‍ ഒന്നും ഞാന്‍ മറക്കാറില്ല .ഏത് സ്ഥലത്ത് യാത്ര ചെയ്യുമ്പോഴും ആ സമയം മുഴുവന്‍ അവിടെ ജീവിക്കുകയാണ്.
യാത്രയുടെ മഹാമന്ത്രം കഴിയുന്നതും വീട്ടിലേക്കുള്ള ഫോണ്‍വിളികള്‍ കുറക്കുക എന്നതാണ്. അമ്മയുടെ ശബ്ദത്തിലെ നൊമ്പരം ,ഭര്‍ത്താവിന്‍റെ സ്വരത്തിലെ ആകാംക്ഷ, മകന്‍റെ ഒച്ചയിടറല്‍ ഒക്കെ മനസ്സില്‍ തീ കോരിയിടും. കാതങ്ങള്‍ക്കകലെ ഇരുന്നു ഇതിനൊന്നും പരിഹാരം കാണാന്‍ പറ്റില്ലെന്നതിനാല്‍ ചിന്തിച്ചു വഷളാകാം എന്നത് അല്ലാതെ മറ്റു പ്രയോജനമൊന്നുമില്ല .
യാത്ര പുറപ്പെടുമ്പോള്‍ രണ്ടു മൊബൈലുകള്‍ ചാര്‍ജ് ചെയ്തു വെക്കും. രണ്ടിനും വേറെ കമ്പനികളുടെ സിംകാര്‍ഡ് മറക്കാറില്ല. അതുപോലെ മൊബൈല്‍ പവര്‍ ബാങ്ക് മറക്കാറില്ല.

മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് യാത്ര ടിക്കറ്റും ഹോട്ടല്‍ മുറിയും ഒക്കെ ബുക്ക് ചെയ്തു പോകുന്നതാണ് സ്ത്രീകള്‍ക്ക് നല്ലതെന്ന് അറിയാമെങ്കിലും വളരെ കുറച്ച് യാത്രകളെ അങ്ങനെയൊക്കെ നടക്കാറുള്ളു.ബസ്റ്റാന്‍ഡില്‍ ചെന്ന് കിട്ടുന്ന ബസ്സില്‍ കയറി യാത്രകള്‍ നടത്തുന്നത് തരുന്ന ത്രില്‍ അത് അനുഭവിച്ചുതന്നെ അറിയേണ്ടതാണ് .

യാത്രകള്‍ വിശാലമാക്കുന്നത് അറിവിന്‍റെ ചക്രവാളങ്ങള്‍ മാത്രമല്ല മനസ്സിന്‍റെ ആകാശങ്ങളെ കൂടിയാണ്. എത്രയേറെ പേരുണ്ട് ഈ ലോകത്തിന്‍റെ വിവിധ കോണുകളില്‍ പ്രിയങ്കരമായ സ്നേഹത്തോടെ കാത്തിരിക്കുന്നത്. ഒരു വിനോദസഞ്ചാരി സ്ഥലങ്ങള്‍ കാണുന്നതുപോലെയല്ല യാത്രിക/യാത്രികന്‍ നാട് കാണുന്നത്. ജീവിതത്തുടുപ്പുകളിലേക്കാണ് അവളുടെ /അവന്‍റെ ഓരോ കാലടിയും എത്തിച്ചേരുന്നത് .

സ്ത്രീയാത്രകളുടെ പരിമിതികളെ അതിജീവിക്കേണ്ടത് സ്വന്തം മനസ്സുകൊണ്ട് തന്നെയാണ്. സ്വന്തം സുരക്ഷിതത്വത്തെക്കുറിച്ച് ഓരോ മിനിട്ടിലും ബോധവതി ആകേണ്ടതും മറ്റാരുമല്ല. എവിടെ പോകുന്നു എന്നതിനേക്കാളേറെ എങ്ങനെ അവിടം കാണുന്നു ,എത്രക്ക് ആസ്വദിക്കുന്നു അനുഭവിക്കുന്നു എന്നതൊക്കെയാണ് പ്രധാനം. മറ്റൊരിടത്ത് കാണുന്ന കാഴ്ചകള്‍, മനുഷ്യര്‍, അവരുടെ ജീവിതം ഒക്കെ സ്വന്തം ഉള്ളിലേക്ക് ആവാഹിക്കാന്‍ കഴിയുമ്പോഴാണ് യാത്ര സഫലമാകുന്നത്.

യാത്ര പോകുന്ന ആളല്ല മടങ്ങി വരുന്നത്. ഓരോ യാത്രയും നമ്മെ സ്ഫുടം ചെയ്തെടുക്കുകയാണ്. ഈ ഭൂമി, ഈ രാജ്യം അതിമനോഹരം ആണെന്നും ഇവിടെ ജീവിക്കാന്‍ കൊള്ളാവുന്നത് ആണെന്നുള്ള ബോധം ആണ് ഇത്രയുംനാളുള്ള യാത്രകള്‍ എനിക്ക് സമ്മാനിച്ചത് . വഴികള്‍ നീണ്ട് തന്നെ കിടക്കുകയാണ്. മുന്നോട്ടേക്ക് .

കെ.എ.ബീന
എഴുത്തുകാരി,
പത്രപ്രവര്‍ത്തക

COMMENTS

COMMENT WITH EMAIL: 0