“ബഹിരാകാശത്തെ അദൃശ്യമായ തടസ്സങ്ങള്‍ മറികടക്കുകയെന്ന വെല്ലുവിളിയില്‍ വിജയിച്ചെങ്കിലും ഭൂമിയിലെ വിവേചനം എന്നെ അലോസരപ്പെടുത്തിക്കൊണ്ടിരിക്കുന്നു” സ്പേസ് വാക്ക് നടത്തിയ ആദ്യ ചൈനീസ് വനിത എന്ന നിലയില്‍ ചരിത്രത്തിലേക്ക് നടന്നുകയറിയ വാങ് യാപിങ്ങിന്‍റെ വാക്കുകളാണിത്. ചൈനയുടെ ബഹിരാകാശനിലയമായ ടിയാന്‍ഗോങ് ബഹിരാകാശനിലയത്തിലേക്കുള്ള യാത്രയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടതു മുതല്‍ മാധ്യമങ്ങളുടെ ശ്രദ്ധ വാങ്ങിലേക്ക് തിരിഞ്ഞു. മേയ്ക്കപ്പിനെക്കുറിച്ചും സാനിറ്ററി പാഡിനെക്കുറിച്ചും ബഹിരാകാശത്തെ ആര്‍ത്തവചക്രത്തെക്കുറിച്ചും ഒക്കെയായിരുന്നു മിക്ക ഇന്‍റര്‍വ്യൂകളിലും അവര്‍ അഭിമുഖീകരിക്കേണ്ടി വന്ന ചോദ്യങ്ങള്‍! പിന്നെ ആറുമാസത്തെ ബഹിരാകാശ ദൗത്യത്തിലായിരിക്കുമ്പോള്‍ അഞ്ചുവയസ്സുകാരി മകള്‍ തനിച്ചായിപ്പോവില്ലേ എന്ന ആശങ്കച്ചോദ്യവും. അതേസമയം രണ്ട് പുരുഷ സഹയാത്രികരുടെ മക്കളെക്കുറിച്ച് ഇത്തരം ആകുലത നിറഞ്ഞ ചോദ്യങ്ങളൊന്നും ഉയര്‍ന്നതുമില്ലെന്ന് വാങ് പറയുന്നു.
1980-ല്‍ ചൈനയിലെ ഷാന്‍ഡോങ് പ്രവിശ്യയില്‍ യാന്‍ടായ് നഗരത്തില്‍ ഒരു സാധാരണ കര്‍ഷക കുടുംബത്തിലാണ് വാങ് യാപിങ്ങിന്‍റെ ജനനം. യാന്‍ടായ് യിഴോങ് ഹൈസ്ക്കൂള്‍, ചാങ്ചണ്‍ ഫ്ലൈറ്റ് കോളേജ് , ഏവിയേഷന്‍ യൂണിവേഴ്സിറ്റി ആന്‍റ് ഫ്ലൈറ്റ് സ്ക്കൂള്‍ എന്നിവിടങ്ങളിലായിരുന്നു പഠനം. വുഹാന്‍ എയര്‍ഫോഴ്സില്‍ പൈലറ്റ് ആയിരിക്കുന്ന സമയത്ത് ഭൂകമ്പ രക്ഷാപ്രവര്‍ത്തനങ്ങളിലും ബീജിങ് ഒളിമ്പിക്സിനു മുന്നോടിയായി കൃത്രിമ മഴ പെയ്യിക്കാനുള്ള ക്ലൗഡ് സീഡിങ്ങിലുമൊക്കെ വാങ് മുന്‍ നിരയിലുണ്ടായിരുന്നു. 2010-ല്‍ എയര്‍ഫോഴ്സില്‍ ക്യാപ്റ്റന്‍ ആയിരിക്കുന്ന സമയത്താണ് ചൈനയുടെ ബഹിരാകാശ പരിശീലന പരിപാടിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. 2012-ലെ ഷെന്‍ഷൂ -9ബഹിരാകാശദൗത്യത്തിലേക്ക് വാങ്ങിന്‍റെ പേരും പരിഗണിക്കപ്പെട്ടെങ്കിലും ഒടുവില്‍ ലിയു യാങ് ആണ് അതിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 2013-ല്‍ ഷെന്‍ഷൂ 10 ദൗത്യത്തില്‍ ബഹിരാകാശപ്പറക്കലിന് അവസരം ലഭിച്ചത് വാങ്ങിനെ സംബന്ധിച്ച് സ്വപ്നസാക്ഷാല്‍ക്കാരം തന്നെയായിരുന്നു.
2021-ഷെന്‍ഷു-13 ദൗത്യത്തില്‍ ടിയാന്‍ഗോങ് ബഹിരാകാശനിലയത്തിലേക്കുള്ള യാത്രയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ രണ്ടുതവണ ബഹിരാകാശയാത്ര നടത്തുന്ന ആദ്യ ചൈനീസ് വനിതയെന്ന റെക്കോര്‍ഡും വാങ്ങിനു സ്വന്തമായി. ഷായ് ജിഗാങ്, യേ ഗ്വാങ്ഫു എന്നിവര്‍ക്കൊപ്പം ബഹിരാകാശനിലയത്തിന്‍റെ അറ്റകുറ്റപ്പണികള്‍, നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍, വിവിധ പരീക്ഷണങ്ങള്‍ തുടങ്ങി വെല്ലുവിളികളും സാഹസികതയും നിറഞ്ഞ നിരവധി കാര്യങ്ങളാണ് ഈ ദൗത്യത്തില്‍ പൂര്‍ത്തിയാക്കാനുള്ളത്. ആറര മണിക്കൂര്‍ നീണ്ട ബഹിരാകാശനടത്തിലൂടെ സ്പേസ് വാക്ക് നടത്തുന്ന ആദ്യ ചൈനീസ് വനിത എന്ന നേട്ടത്തിനും ഉടമയായി വാങ്. പാതിയാകാശത്തിന് അര്‍ഹരായ സ്ത്രീകളെ ബഹിരാകാശദൗത്യങ്ങളില്‍ നിന്നും ഇനിയും അകറ്റി നിര്‍ത്താന്‍ ആവില്ലെന്ന് വാങ്ങിനെപ്പോലുള്ളവരുടെ നേട്ടങ്ങള്‍ ലോകത്തോടു വിളിച്ചു പറയുന്നു.
COMMENTS