Homeചർച്ചാവിഷയം

യക്ഷി : ഭയം സ്വാതന്ത്ര്യം പരിച്ഛേദം

ഹരിത എം.

പുനര്‍വായനകളില്‍ സവിശേഷമായ ഒരപരമണ്ഡലം ചുമക്കുന്നു എന്ന ഒറ്റക്കാരണം കൊണ്ട് വേറിട്ടടയാളപ്പെടാന്‍ കെല്‍പ്പുള്ള സബ് കോണറുകളാണ് സാഹിത്യത്തില്‍ യക്ഷിക്കഥകളുടേത്.
കുട്ടികളെ രസിപ്പിച്ചിരുന്ന ജര്‍മ്മന്‍ യക്ഷിക്കഥകള്‍ ഡിസ്നി സിനിമയാക്കിയപ്പോള്‍,രാജകുമാരനില്‍ അവസാന അഭയം തേടുന്ന വേലക്കാരികകളോ മത്സ്യകന്യകമാരോ,കര്‍ഷക പുത്രിമാരോ ആയ നായികമാര്‍ പാട്രിയാര്‍ക്കിയല്‍ സമഭാവനയുടെ ഉപോല്പന്നങ്ങളായി വകയിരുത്തപ്പെട്ടു.ആണ്‍താല്പര്യങ്ങളുടെ ലൈംഗിക-സദാചാര ആവശ്യങ്ങള്‍ നിറവേറപ്പെടുന്നതിനുള്ള കണ്ടീഷനിങ് ആണ് കുട്ടികളെ ഫെയറി ടൈലുകള്‍ വായിക്കാന്‍ വിടുന്നതിലൂടെ നിറവേറപ്പെടുന്നതെന്ന ആലിസ് സൈത്തിനെ പോലെയുള്ള മനഃശാസ്ത്രജ്ഞരുടെ വാദങ്ങളും ചെറുതല്ലാത്ത പ്രകമ്പനം അന്നേ സൃഷ്ടിച്ചിരുന്നു.അത്തരം വാദങ്ങളെ പൊളിക്കാന്‍ വേണ്ടി തന്നെ ഫെയറി ടൈലുകളെ ഉപജീവിച്ചെടുക്കുന്ന സിനിമകളില്‍ ഡിസ്നിയെപോലെയുള്ള പ്രൊഡക്ഷന്‍ കമ്പനികള്‍ ജനിതകമാറ്റം വരുത്തിയ യക്ഷികഥാചിത്രങ്ങളായ ഫ്രോസണ്‍,മോനാ,മുലാന് ,ബ്രേവ് തുടങ്ങിയവ ഉള്‍പ്പെടുത്തുകയുണ്ടായി.വിവാഹമെന്ന സാധ്യതയിലല്ലാതെ സ്ത്രീ എന്ന ലിംഗത്തെ സമാന്തരമായി നിര്‍വചിക്കുന്ന പോസ്റ്റ് ട്രൂത് ഫെയറി ടൈല്‍ സിനിമകള്‍ എന്ന നിലയില്‍ അവ വ്യവഹരിക്കപ്പെട്ടു.

മലയാളത്തില്‍ യക്ഷി എന്ന ബിംബത്തിന്‍റെ ചിത്രീകരണം അതികാല്പനികമാണ്. വേരുകളെ അന്വേഷിക്കുന്തോറും അധികാരബിംബങ്ങള്‍ക്കെതിരെ ‘പക’എന്ന വൈകാരികതയില്‍ എതിരിടുന്ന റിബലുകളായാണ് യക്ഷി എന്ന നിര്‍മ്മിതി കേരളീയ ഭാവുകത്വത്തില്‍ സ്ഥാനം കണ്ടെത്തിയത് എന്നുകാണാം. അനിയന്ത്രിതമായ ക്ഷോഭത്തില്‍/വൈകാരിക വിക്ഷോഭത്തില്‍ കൊലപാതകത്തിന് വിധേയയാക്കപ്പെട്ട സ്ത്രീയുടെ ആത്മാവിന്‍റെ പ്രേതനീതിയാണ് യക്ഷിയിലൂടെ നടപ്പാക്കാറുള്ളത്. ജാതി, ലിംഗം, അധികാരം എന്നീ സാംസ്കാരിക പരിപ്രേക്ഷ്യങ്ങളില്‍ നിന്ന് വിസ്മൃതിയ്ക്കപ്പെട്ട ഈ സ്ത്രീമാതൃക സ്വാത്വബോധത്തിന്‍റെ, അതിരുകളില്ലാത്ത ലിബറേഷന്‍റെ പ്രതിനിധിയായാണ് ആധുനിക ഫെമിനിസ്റ്റ് ചിന്തകളില്‍ കാലുറപ്പിച്ചത്. ഐതീഹ്യമാലയിയുടെയും പുരാവൃത്തങ്ങളുടെയും പോസ്റ്റ് കള്‍ച്ചറല്‍ വായനകള്‍ ആ ബിംബത്തെ വിഭാവനം ചെയ്യുന്നത് സ്ത്രീവാദസങ്കല്‍പ്പനങ്ങളിലെ അധികാര സംഘര്‍ഷത്തിന്‍റെ ടൂളായാണ്. ഐഡന്‍റിറ്റിയെ പരിഗണിക്കാതിരുന്ന ജന്‍ഡറിന്‍റെ മൂല്യച്യുതിയോടുള്ള അവസാനിക്കാത്ത സമരമായും അവളുടെ പകവിവക്ഷിക്കപ്പെട്ടു.
കള്ളിയങ്കാട്ടു നീലിയാണ് മലയാളത്തിലെ പ്രമുഖ യക്ഷി. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതീഹ്യമാലയിലാണ് നീലിയെക്കുറിച്ചുള്ള പരമാര്‍ശം കാണാനാകുക.സ്വാര്‍ത്ഥനായ ഭര്‍ത്താവിനാല്‍ ക്രൂരമായി കൊലചെയ്യപ്പെട്ട അല്ലിയാണ് നീലിയായി മാറിയത്.യക്ഷിയിലെ സൗന്ദര്യം എന്ന ആരോപണത്തിന്‍റെ വക്താക്കളില്‍ പ്രധാനി നീലിയാണ്.ചോരചെഞ്ചുണ്ടുകളും പൈമ്പാലിന്‍റെ നിറവും,കൈക്കൊതുങ്ങാത്ത കേശഭാരവുമുണ്ടായിരുന്ന മലയാളിയുടെ ഐഡിയല്‍ സ്ത്രീസങ്കല്പമായിരുന്നു നീലിയുടേത്. രൂപത്തില്‍ കേരളീയ ഭാവഭദ്രത തുളുമ്പിനിന്നെങ്കിലും അവളുടെ പകയും,രാക്ഷസീയ ഭാവവും പൊതുമണ്ഡലത്തില്‍ തീര്‍ത്തും മാതൃകാപരമോ സദാചാരപരമോ ആയിരുന്നില്ല.അതിനാല്‍ തന്നെ കടമറ്റത്തു കത്തനാരെന്ന പുരുഷനാല്‍ സമൂഹത്തിന്‍റെ അധികാര ദ്വന്ദ്വത്തിന് നിരക്കും വിധം അവള്‍ ഉച്ചാടനം ചെയ്യപ്പെട്ടു. സ്ത്രീയെ അംഗീകരിക്കാനല്ലാതെ ആരാധിക്കാന്‍ മടിയില്ലാതിരുന്ന സാംസ്കാരികാന്തരീക്ഷം അവളുടെ പരാജയത്തെ/വ്യക്തി എന്ന നിലയില്‍ അവളനുഭവിച്ച നീതികേടിനെ ദൈവീകമെന്ന് കണക്കാക്കി അവരോധിച്ചു. എന്നിരുന്നാലും ആയുസ്സില്ലാത്ത നീലിയുടെ പകയായിരുന്നു അവളുടെ സ്വാതന്ത്ര്യം. നൈമിഷികമായിരുന്നെങ്കില്‍ കൂടിയും,പാതിവ്രത്യത്തിന്‍റെയും ഉത്തരവാദിത്വത്തിന്‍റെയും മാറാപ്പുകള്‍ക്കിടയില്‍ നിന്നും മരണമാണ് അവളെ സ്വച്ഛന്ദമായ ആ സ്വാതന്ത്ര്യത്തിലേക്ക് ഉയര്‍ത്തിയത്. നീലിയുടെ അടിച്ചമര്‍ത്തപ്പെടലിനെ പാവനമായും,അവള്‍ ഉന്നയിച്ച/വിഹരിച്ച ‘യക്ഷിത്വം’ എന്ന അപരിമേയ മണ്ഡലത്തെ പൈശാചികമായും വിലയിരുത്തപ്പെടുന്നതിനകത്തുള്ള സ്ഥൂലരൂപമായ ലിംഗപദവീ പ്രശ്നത്തെ മായ്ച്ചുകൊണ്ടാണ് നാം ആ കഥാപാത്രത്തെ മനസിലാക്കുന്നത്. അവളില്‍ നിലനില്‍ക്കുന്ന ‘ചോരക്കൊതി’ ഉത്കടമായ സ്വാതന്ത്ര്യദാഹമാണ്.അവളില്‍ അടിച്ചേല്‍പ്പിച്ച പരിപാവനത്വം അവള്‍ ഉണ്ടാക്കിയെടുത്ത കരുത്തിന്‍റെ/നിരാശ്രയത്വത്തിന്‍റെ/ പെണ്ണത്വത്തിന്‍റെ ആത്മബലിയാണ്.പുരാവൃത്തം കണ്ട ബാഹുല്യമേറിയ സ്ത്രീപക്ഷവാദിയായി നീലിയെ പ്രതിഭാവനം ചെയ്യുമ്പോള്‍ അവളുടെ ‘പ്രീ എക്സോര്‍സീറ്റ് കരിസ്മയെ’സ്വാതന്ത്ര്യത്തിന്‍റെ ബദല്‍ സങ്കേതമായി അടയാളപ്പെടുത്തേണ്ടിവരും.
യു.എ. ഖാദറിന്‍റെ തൃക്കോട്ടൂര്‍ പെരുമയിലെ ചന്തയില്‍ ചൂടി വില്‍ക്കുന്ന പെണ്ണ് എന്നകഥയില്‍ റെഫെറന്‍സ് ആയി വിനിയോഗിക്കപ്പെടുന്നത്,വടക്കന്‍ പാട്ടിലെ പൂലുവയക്ഷി കുട്ടിമാണിയാണ്. ജാത്യാവിഷ്ടമായ സവര്‍ണ്ണ പ്രിവിലേജുകള്‍ക്ക് ഇരയായി രക്തസാക്ഷിത്വം വരിച്ച കുട്ടിമാണി,കഥയിലെ ജാനകി എന്ന നായികാകഥാപാത്രത്തിനെ കവിഞ്ഞുനില്‍ക്കുന്നതായാണ് വായനക്കാരന് അനുഭവപ്പെടുക.കുട്ടിമാണിയിലാണ് ജാനകിയുടെ കരുത്തിനെ എഴുത്തുകാരന്‍ ആവാഹിച്ചുവെച്ചത്.
തന്‍റെ പകയെ മോള്‍ഡ് ചെയ്യാന്‍ ആ സ്ത്രീ പ്രതി പ്രവര്‍ത്തിപ്പിക്കുന്ന അപരമുഖമാണ് കുട്ടിമാണിയുടേത്. രണ്ടുസ്ത്രീകള്‍ ജീവിതത്തിന്‍റെ രണ്ടു ഘട്ടങ്ങളില്‍ അനുഭവിച്ച ജാതി-ലിംഗ ഭീകരതയുടെ വീണ്ടെടുപ്പായാണ് ഈ കഥയില്‍ ‘യക്ഷി’എന്ന രൂപകം ഇടപെടുന്നത്.അത് വിഭാവനം ചെയ്യുന്നത് കരുത്തിന്‍റെയും, ആത്മവിശ്വാസത്തിന്‍റെയും പ്രതീകമായിട്ടും. അതിനു ഉപോത്ബലകമായി വര്‍ത്തിക്കുന്ന പക എന്ന സ്രോതസ്സ് ഇവിടേയും ജാനകിയ്ക്ക് നല്‍കുന്നത് അവിശ്വസനീയമായ സ്വാതന്ത്ര്യബോധമാണ് എന്നതിനെ വേറിട്ട് കാണേണ്ടതുണ്ട്.
യക്ഷിക്കഥകളും,യക്ഷി കേന്ദ്രകഥാപാത്രമായി വരുന്ന ആഖ്യായികളും ഉത്തരാധുനികതയുടെ കാലിഡോസ്കോപ്പിലെ, ഫെമിനിസ്റ്റ് തീമുകളിലധിഷ്ഠിതമായ നവ ലിബറല്‍ പുരവൃത്തങ്ങളുടെ ഗണത്തിലാണ് ഉള്‍പ്പെടുന്നത്. വ്യക്തികേന്ദ്രീകൃതമായ കാരണങ്ങള്‍ കൊണ്ട് ഭീകരമായി കൊലചെയ്യപ്പെട്ട് പിന്നീട് ദൈവീകതയുടെ അന്തര്‍ സരണികളിലേക്ക് ഉയര്‍ത്തപ്പെടുന്ന ഭാവുകത്വമായി അവരെ നിര്‍മ്മിച്ചത് പുരുഷാധികാര സമൂഹമാണെങ്കിലും,പൊതുമധ്യത്തില്‍ സ്ത്രീയ്ക്ക് കയ്യാളാന്‍ കഴിയാതിരുന്ന അത്യപൂര്‍വമായ ഭീതിയുടെ രൂപീകരണം നടക്കപ്പെട്ടത് ആ ബിംബം മുന്നോട്ടുവെച്ച അബോധപൂര്‍വമായ ശാക്തീകരണ പ്രവര്‍ത്തനത്തിന്‍റെ ഫലമായിരുന്നു എന്നുവേണം കരുതാന്‍. അതിനാല്‍ യക്ഷിക്കഥകളൊന്നും കേവലം ഇമാജിനേറ്റീവ് നരേറ്റീവുകളായി തുടരുന്നില്ല.

 

 

 

 

ഹരിത എം.
ജേര്‍ണലിസം മലയാളം ഇനീ വിഷയങ്ങളില്‍ ബിരുദാനന്തരബിരുദം.സ്വദേശം കോഴിക്കോട്. അദ്ധ്യാപിക.ആനുകാലികങ്ങളില്‍ കഥകളും ലേഖനങ്ങളും എഴുതാറുണ്ട്.
.

COMMENTS

COMMENT WITH EMAIL: 0