Homeചർച്ചാവിഷയം

വയനാടന്‍ തേയിലക്കാടുകളിലെ പെണ്‍ജീവിതങ്ങള്‍

സ്ത്രീ പങ്കാളിത്തത്തില്‍ മുന്നിട്ടു നില്‍ക്കുന്ന ഇന്ത്യയിലെ തൊഴില്‍ മേഖലകളില്‍ ഒന്നാണ് തേയില തോട്ടം മേഖല. 70 ശതമാനത്തോളം തോട്ടംതൊഴിലാളികള്‍ സ്ത്രീകളാണ് (രാജീവ്, 2022). പൊതുവില്‍ സംഘടിത തൊഴില്‍ മേഖലകളില്‍ അവിദഗ്ദ്ധ തൊഴില്‍ കൈകാര്യം ചെയ്യുന്നവരില്‍ സ്ത്രീ പ്രാധിനിത്യം കൂടുതലാകുന്ന വസ്തുത കാലങ്ങളായി തുടര്‍ന്ന് വരുന്ന ഒന്നാണ്. ലോകത്തിലെ ആഡംബര പാനീയങ്ങളില്‍ ഒന്നായിരുന്ന ‘ചായ’ ലോകത്തിലെ ഏറ്റവും ജനകീയ പാനീയമായി മാറിയതിനു പിന്നിലും ഇത്തരത്തിലുള്ള ലക്ഷ കണക്കിന് അവിദഗ്ദ്ധ തൊഴിലാളികളുടെ പ്രത്യേകിച്ച് അവിദഗ്ദ്ധ സ്ത്രീ തൊഴിലാളികളുടെ കൈകളുണ്ട്. “ഉയരം കൂടും തോറും ചായയുടെ സ്വാദു കൂടും” എന്നുള്ള പരസ്യ വാചകവും കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന തേയില കുന്നുകളും മാത്രം കണ്ടും കേട്ടും പരിചയിച്ച സമൂഹത്തിനു സ്വാദോടെ നുകരുന്ന ചായ ഉണ്ടാക്കാന്‍ തേയില കാടുകള്‍ കയറിയിറങ്ങുന്ന സ്ത്രീ തൊഴിലാളികളുടെ ദുരിത ജീവിതം തേയില തോട്ടം മേഖലയില്‍ ജനിച്ചു വളര്‍ന്ന അനുഭവത്തിന്‍റെ വെളിച്ചത്തില്‍ ഈ ലേഖനത്തിലൂടെ വിശകലം ചെയ്യുകയാണ്.

ചൈനയിലാണ് തേയിലയുടെ ഉത്ഭവം എന്നാണ് കരുതപ്പെടുന്നത്. ആദ്യം ഔഷധമായും പിന്നീട് ലഹരിക്കായും ഉപയോഗിച്ചിരുന്ന തേയില 1689 മുതല്‍ ഈസ്റ് ഇന്ത്യ കമ്പനി നേരിട്ട് ഇറക്കുമതി ചെയ്യാന്‍ തുടങ്ങി (Willson and Clifford,1992). 1833 ഓട് കൂടെ കമ്പനിക്ക് ചൈനയുടെ തേയില കമ്പോളത്തിലുണ്ടായിരുന്ന കുത്തക തകരുകയും മറ്റ് മാര്‍ഗങ്ങള്‍ അന്വേഷിക്കേണ്ടി വരുകയും ചെയ്തു. 1823 ല്‍ റോബര്‍ട്ട് ബ്രൂസ് അസമില്‍ തേയിലയുടെ സാന്നിദ്ധ്യം ഇന്ത്യയില്‍ ആദ്യമായി കണ്ടുപിടിക്കുകയും 1838 ഓട് കൂടി ലണ്ടനിലേക്ക് ഇന്ത്യയില്‍ നിന്നുള്ള ആദ്യ തേയില സാമ്പിള്‍ കയറ്റി അയക്കുകയും ചെയ്തു (Satheesh ,2018). 1850 കളോടെ വടക്ക് കിഴക്കന്‍ മലനിരകളില്‍ തേയില വ്യാപകമായി കൃഷി ചെയ്യാന്‍ ആരംഭിച്ചു. പിന്നീട് തെക്കെ ഇന്ത്യയിലെ കേരളം തമിഴ്നാട് പ്രദേശങ്ങളിലേക്കും വന്‍ തോതില്‍ കൃഷി വ്യാപിപ്പിച്ചു. കേരളത്തില്‍ പ്രധാനമായും ഇടുക്കി വയനാട് ജില്ലകളിലാണ് കൃഷി വ്യാപകമായത്. 1890 കളോടെ വയനാട്ടില്‍ വാണിജ്യ അടിസ്ഥാനത്തില്‍ കൃഷി ആരംഭിച്ചു. കാലാവസ്ഥ ഭൂമിയുടെ ലഭ്യത എന്നിവ പ്രധാനമായും തേയില കൃഷി വ്യാപനത്തെ സ്വാധീനിച്ചിരുന്നു. താരതമ്യേന ജനസാന്ദ്രത കുറഞ്ഞ സ്ഥലങ്ങളായതിനാലും പ്രദേശത്തെ ജനങ്ങള്‍ കുറഞ്ഞ കൂലിയില്‍ പണികളികളിലേര്‍പ്പെടാന്‍ വിമുഖത കാണിച്ചതിനാലും ഇക്കാലത്തു തോട്ടം മാനേജ്മന്‍റ് വാന്‍ തോതിലുള്ള തൊഴിലാളി ക്ഷാമം അനുഭവിച്ചിരുന്നതായി പഠനങ്ങള്‍ അടയാളപ്പെടുത്തുന്നു (Ravi Raman, 2010).. തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിന് കങ്കാണിമാര്‍ വഴി പലയിടങ്ങളില്‍ നിന്നും ആളുകളെ തോട്ടങ്ങളിലേക്ക് ബലമായും അല്ലാതെയും കൊണ്ട് വന്നിരുന്നു (Mohandas, 2015). വയനാടിനെ സംബന്ധിച്ചടുത്തോളം ഭൂമിശാസ്ത്രപരമായ സവിഷേതകള്‍ തൊഴിലാളി വൈവിധ്യത്തില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. രണ്ട് സംസ്ഥാനങ്ങളോട് അതിര്‍ത്തി പങ്കിടുന്ന ജില്ലയായതിലാല്‍ തന്നെ തമിഴ്നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും ഉള്ള തൊഴിലാളികളെ കൂടുതലായും ജില്ലയിലെ തോട്ടങ്ങളില്‍ കാണാം. കുടുംബത്തോടുകൂടിയുള്ള കുടിയേറ്റത്തെ തൊഴിലാളികളുടെ തിരിച്ചു പോക്ക് തടയുന്നതിനായി മാനേജ്മന്‍റ് പ്രോത്സാഹിപ്പിച്ചിരുന്നു. ഇത്തരത്തില്‍ കുടിയേറ്റം നടത്തിയവരില്‍ ഭൂരിഭാഗം ആളുകളും തോട്ടങ്ങളില്‍ സ്ഥിരതാമസം ആരംഭിക്കുകയും അവരില്‍ പകുതിയിലധികം പേരും ഇന്നും തോട്ടം തൊഴിലിനെ ആശ്രയിച്ച ജീവിക്കുകയും ചെയ്യുന്നു.

തേയില തോട്ടം തൊഴിലുകളെ ഫാക്ടറി ജോലികള്‍ തോട്ടം ജോലികള്‍ എന്നിങ്ങനെ രണ്ടായി തരം തിരിക്കാം – കൊളുന്തു പറിച്ചെടുക്കലാണ് തോട്ടത്തിലെ പ്രധാന പണികളിലൊന്ന്. ഈ മേഖലയിലെ ഏറ്റവും പ്രയാസമേറിയതും വിദഗ്ധ പരിശീലനം ആവശ്യമില്ലാത്തതുമായ ഈ തൊഴിലില്‍ ഏര്‍പ്പെടുന്നത് പൊതുവില്‍ സ്ത്രീകളാണ്. പറിച്ചെടുക്കുന്ന തേയില ചുമന്നുകൊണ്ടാണ് തേയില കാടിനുള്ളിലൂടെ തൊഴിലാളികള്‍ കൊളുന്ത് നുള്ളുന്നത്. മിനിമം കൂലിയായ 310 രൂപ കിട്ടണമെങ്കില്‍ ദിവസം 27 കിലോ കൊളുന്ത് പറിക്കണം. അധികം പറിക്കുന്ന ഓരോ കിലോ തേയിലക്കും 20 പൈസയാണ് കൂലി. ഇതിനു വേണ്ടി പ്രതികൂല കാലാവസ്ഥയിലും അപകടകരമായ തൊഴില്‍ അന്തരീക്ഷത്തിലും രാവിലെ 8 മുതല്‍ വൈകീട്ട് 5 വരെ തേയിലക്കാടിനുള്ളിലൂടെ ജീവന്‍ പണയം വെച്ച് കെട്ടിപ്പടുത്ത ജീവിതങ്ങളാണ് ഓരോ സ്ത്രീ തൊഴിലാളികളുടെയും.

“പുലര്‍ച്ചെ നാല് മണിക്കാരംഭിക്കുന്ന പണികള്‍ അവസാനിക്കുന്നത് രാത്രി പത്തടുപ്പിച്ചാണ്. വീട്ടിലെ പണികള്‍ കുട്ടികളെ സ്കൂളിലെക്കൊരുക്കല്‍ തുടങ്ങി പലവിധ പണികള്‍ തീര്‍ത്തിട്ട് ഏഴരയോടടുപ്പിച്ചു വീട്ടില്‍ നിന്നിറങ്ങിയാല്‍ മാത്രമേ നടന്ന് എട്ടു മണിക്ക് പണി സ്ഥലത്തെത്താനാകു. നേരം വൈകിയാല്‍ പ്രശ്നമാകും. മുള്ള് വിഷജന്തുക്കള്‍ തുടങ്ങിയവയില്‍ നിന്നുമുള്ള രക്ഷക്ക് വലിയ ഷൂസുകളാണ് ഉപയോഗിക്കുന്നത് , അതും ശേഖരിച്ച തേയിലയും ചുമന്നു കൊണ്ടുള്ള കാടിനുള്ളിലൂടെയുള്ള തേയില ശേഖരണം വലിയ ബുദ്ധിമുട്ടാണ്. ഒപ്പം പെയ്യുന്ന മഴയും ചുട്ടു പൊള്ളുന്ന വെയിലും മുഴുവനും കൊള്ളണം. ചില കാലങ്ങളില്‍ മിനിമം കിലോ നുള്ളിയെടുക്കാന്‍ പോലും ബുദ്ധിമുട്ടാണ്. വിശ്രമം പോലുമില്ലാതെ പറിക്കണം. ഇരിക്കാന്‍ പോലും സൂപ്രവൈസര്‍ സമ്മതിക്കില്ല. പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ യാതൊരു വിധ സൗകര്യങ്ങളും ജോലി സ്ഥലത്തില്ല. ആര്‍ത്തവ സമയങ്ങള്‍ അതി കഠിനമാണ്. ഉച്ചയ്ക്കും വൈകുന്നേരവും ശേഖരിച്ച തേയില തൂക്കി നോക്കി ഉറപ്പു വരുത്തിയതിനു ശേഷമേ വീട്ടിലോ ട്ട് പോകാവൂ. വീട്ടിലെത്തിയാല്‍ പിടിപ്പതു പണി കാണും. ഒന്നിടവിട്ട ദിവസങ്ങളിലെ പാടിയില്‍ (ഒറ്റമുറി ലൈന്‍ വീടുകള്‍ ) വെള്ളം വരൂ. അത് ശേഖരിക്കണം. അത്താഴം ശരിയാക്കണം. സ്ഥിരമായി പണിയുണ്ട്, അതാണ് ഏക ആശ്വാസം.” തേയില തോട്ടം തൊഴിലാളിയുടെ വാക്കുകളാണ്.

സുരക്ഷിതവും മാനുഷികവുമായ തൊഴില്‍ സാഹചര്യങ്ങളുടെ അടിസ്ഥാന ഘടകമാണ് പ്രവൃത്തി സമയം. ജോലിയുടെ സമയം, ദൈനംദിന, പ്രതിവാര വിശ്രമ കാലയളവുകള്‍, വാര്‍ഷിക അവധിദിനങ്ങള്‍ എന്നിവയ്ക്കുള്ള മാനദണ്ഡങ്ങള്‍ ഇന്‍റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ (ഐഎല്‍ഒ) നല്‍കുന്നുണ്ട്. 1919 ലെ ആദ്യഇന്‍റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ (ഐഎല്‍ഒ) കണ്‍വെന്‍ഷന്‍ പ്രകാരം പരമാവധി പ്രവൃത്തി സമയം ആഴ്ചയില്‍ 48 മണിക്കൂര്‍ ആണ്. എന്നാല്‍ 1962ല്‍ ഇത് 40 മണിക്കൂറായി പരിമിതപ്പെടുത്തി. ജോലി സമയം പരിമിതപ്പെടുത്താനുള്ള കാരണം, മെച്ചപ്പെട്ട തൊഴില്‍-ജീവിത സന്തുലിതാവസ്ഥ പ്രോത്സാഹിപ്പിക്കുകയും തൊഴിലാളികളുടെ സമ്മര്‍ദ്ദം ചെലുത്തുന്ന തൊഴില്‍ സാഹചര്യങ്ങളും അപകടനിരക്കും കുറയ്ക്കുകയും ചെയ്യുക എന്നതാണ്. പ്രതിവാര വിശ്രമവും ശമ്പളമുള്ള വാര്‍ഷിക അവധിയും സാധാരണ ഒരു തൊഴിലിന്‍റെ ഭാഗമാണ്. പല രാജ്യങ്ങളിലും ഒരു ആഴ്ചയിലെ പരമാവധി ജോലി സമയത്തിനുവേണ്ടി നിശ്ചിത മണിക്കൂറുകള്‍ ഉണ്ടാകും. ഇത് ആഴ്ചയില്‍ 35 മുതല്‍ 48 മണിക്കൂര്‍ വരെ വ്യത്യാസപ്പെടാം. പ്രസവ സംരക്ഷണത്തിന്‍റെ ഭാഗമായി 2000ڔഇല്‍ നടന്ന ഇന്‍റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ 183 കണ്‍വെന്‍ഷന്‍ പ്രകാരം സ്ത്രീകള്‍ക്ക് പ്രസവാവധി ലഭ്യമാക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നു. പ്രസവ അവധി കഴിഞ്ഞ സ്ത്രീകള്‍ ജോലിസ്ഥലത്തേക്ക് മടങ്ങുമ്പോള്‍ മുലയൂട്ടാന്‍ സമയവും നല്‍കുന്നു (T K Anandhi,2020).

കേരളത്തില്‍ ചുരുക്കം പ്ലാനറ്റേഷനുകള്‍ മാത്രമേ തൊഴിലാളികളുടെ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തുന്നുള്ളു. 1951 ലെ ജഘഅ അനുശാസിക്കുന്ന മുഴുവന്‍ കാര്യങ്ങളും കൃത്യമായി ഒരു പ്ലാന്‍റ്റേഷന്‍ പോലും നടപ്പാക്കുന്നില്ല (ഭവമിക്, ). ആദ്യകാലങ്ങളില്‍ തൊഴിലാളികള്‍ക്ക് ആവശ്യമായ കത്രിക, ചാക്ക് തുടങ്ങിയവ നല്‍കി പോരുന്ന സാഹചര്യം നിലനിന്നിരുന്നു. എന്നാല്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിലേറെയായി പലവിധ കാരണങ്ങള്‍ പറഞ്ഞ ഈ ആനുകൂല്യം തൊഴിലാളികള്‍ക്ക് നിഷേധിക്കുന്നു. ഈ സംവിധാനം നിര്‍ത്തലാക്കിയത് കൂടുതല്‍ ബാധിക്കുന്നതും സ്ത്രീ തൊഴിലാളികളെ തന്നെയാണ്.
തുല്യ ജോലിക്ക് തുല്യ വേതനം പ്രത്യക്ഷത്തില്‍ പ്ലാന്‍റ്റേഷനുകളില്‍ നടപ്പിലാക്കുന്നുണ്ട്. എന്നാല്‍ വിശദമായി നിരീക്ഷിച്ചാല്‍ എട്ടു മണിക്കൂര്‍ ജോലി ചെയ്യുന്ന പുരുഷ തൊഴിലാളികള്‍ വളരെ ചുരുക്കമാണ്. പൊതുവില്‍ കച്ചറ വെട്ടല്‍ (തേയില വെട്ടി ഒതുക്കല്‍), വള പ്രയോഗങ്ങള്‍ തുടങ്ങിയവയാണ് പുരുഷ തൊഴിലാളികളുടെ തോട്ടത്തിലെ പണികള്‍. നിശ്ചയിച്ച അളവിലുള്ള ജോലി തീര്‍ത്താല്‍ വീട്ടിലേക്ക് മടങ്ങാനുള്ള സൗകര്യം പുരുഷ തൊഴിലാളികള്‍ക്ക് പ്ലാന്‍റ്റേഷന്‍ നല്‍കുന്നുണ്ട്. എന്നാല്‍ “അയ്യന്‍” എന്നറിയപ്പെടുന്ന സൂപ്രവൈസര്‍മാര്‍ സ്ത്രീ തൊഴിലാളികളെ നിയന്ത്രിക്കാനുണ്ടാകും. നിശ്ചിത തൂക്കത്തിന് മുകളില്‍ തേയില പറിച്ചാല്‍ അയ്യന് കമ്മീഷന്‍ ഉള്ളതിനാല്‍ മുഴുവന്‍ സമയവും ജോലി ചെയ്യുന്നതിന് സ്ത്രീ തൊഴിലാളികള്‍ നിര്‍ബന്ധിതരാകും.
ഭാരം തൂക്കി നടക്കുന്നതുമൂലമുള്ള ആരോഗ്യ പ്രശ്നങ്ങള്‍ അലട്ടുന്നവരാണ് മിക്ക സ്ത്രീകളും. വിരമിക്കല്‍ കാലയളവിന് മുന്‍പ് തന്നെ എല്ലു തേയ്മാനം പോലുള്ള അസുഖങ്ങളാല്‍ ജോലി ഉപേക്ഷിക്കേണ്ടി വരുന്നവരും പലവിധ കീടനാശിനികള്‍ പ്രയോഗിക്കുന്ന തേയില ചെടികളുമായുള്ള സമ്പര്‍ക്കം മൂലം കാലകാലങ്ങളായി അല്ലര്‍ജി തലവേദന തുടങ്ങിയ അസുഖങ്ങളാലും ബുദ്ധിമുട്ടുന്നവരാണ് തോട്ടത്തിലെ ഏറിയ സ്ത്രീ തൊഴിലാളികളും. തോട്ടം തൊഴിലാളികളെ പറ്റിയുള്ള പഠനങ്ങളില്‍ സ്ത്രീ തൊഴിലാളികള്‍ ഭൂരിഭാഗവും വലിയ രീതിയിലുള്ള വിളര്‍ച്ച അനുഭവിക്കുന്നവരാണെന്നു മിക്കവാറും ചെറിയ പ്രായത്തില്‍ കല്യാണം കഴിച്ചവരാണെന്നുമാണ് (mamta Gurung,2018).. വളരെ പരിമിതമായ ആശുപത്രി സൗകര്യങ്ങള്‍ മാത്രമാണ് മിക്ക തോട്ടം മുതലാളിമാരും നിലവില്‍ നല്‍കി വരുന്നത്. ഭൂരിഭാഗം ആശുപത്രികളും കൊളോണിയല്‍ കാലത്തു നിര്‍മിച്ചവയാണ്. യാതൊരു വിധ നവീകരണ പ്രവര്‍ത്തനങ്ങും നടത്താതെ ഇവയെല്ലാം തന്നെ ശോചനീയ അവസ്ഥയിലോ പൂട്ടിയിട്ട നിലയിലോ ആണ്.

നോട്ട് നിരോധനത്തോട് കൂടെ തൊഴിലാളികള്‍ക്ക് നേരിട്ട് കയ്യില്‍ ശമ്പളം നല്‍കുന്ന സംവിധാനം ഇല്ലാതായി.ഇത് ഏറ്റവും കൂടുതല്‍ പ്രതികൂലമായി ബാധിച്ചത് സ്ത്രീ തൊഴിലാളികളെയാണ്. പൊതു സമൂഹവുമായി ബന്ധം പുലര്‍ത്താനുള്ള അവസരം ഇത് വഴി ഉണ്ടായെങ്കില്‍ പോലും ഭൂരിഭാഗം തൊഴിലാളികളും ബാങ്ക് പോലുള്ള സേവന മേഖലകളുമായി നേരിട്ട് ബന്ധം പുലര്‍ത്താന്‍ സാഹചര്യവും അറിവും ലഭിച്ചവരല്ല. ശമ്പളം കിട്ടാന്‍ മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുകയും ദിവസങ്ങളോളം കാത്തിരിക്കേണ്ടി വരുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്.

ഒറ്റ മുറി വീടുകളിലെ ജീവിതം വലിയ ദുരിതമാണ്. കുടിയേറ്റം നടത്തിയവരുടെ തലമുറയില്‍ ഉള്‍പ്പെടുന്ന ഭൂരിഭാഗം തൊഴിലാളികളും നൂറു വര്‍ഷങ്ങള്‍ക്കിപ്പുറവും താമസ സൗകര്യത്തിനു പാടികള്‍ എന്നറിയപ്പെടുന്ന ലൈന്‍ മുറികളെയാണ് ഇന്നും ആശ്രയിക്കുന്നത്.

ഇവിടെയും അധിക ഭാരം ചുമക്കുന്നത് സ്ത്രീകളാണ്. ചുരുങ്ങിയത് നാലംഗങ്ങള്‍ ഉള്ള വീടുകള്‍. ഏറ്റവും ചുരുങ്ങിയ സ്ഥല പരിധിക്കുള്ളില്‍ വീട്ടിലെ കാര്യങ്ങള്‍ മുഴുവന്‍ മുന്നോട്ട് കൊണ്ട് പോകേണ്ട ഉത്തരവാദിത്യം എല്ലാ കാലത്തും സ്ത്രീകളുടേതാണ്. കൊളോണിയല്‍ കാലഘട്ടത്തില്‍ നിര്‍മിച്ച ഇത്തരം കെട്ടിടങ്ങള്‍ മിക്കതും വാസ യോഗ്യം പോലുമല്ല എന്ന വസ്തുത നിലനില്‍ക്കുമ്പോള്‍ തന്നെ യാതൊരു വിധ ആവശ്യങ്ങളും നിറവേറ്റാന്‍ തോട്ടം ഉടമകള്‍ തയ്യാറാകുന്നില്ല.

തികച്ചും അടഞ്ഞു കിടക്കുന്ന ഭൂപ്രകൃതിയും സാമൂഹ്യ ചുറ്റുപാടുകളും സ്ത്രീകളുടെ അവസരങ്ങളെ പരിമിതപ്പെടുത്തുന്ന സാഹചര്യമാണ് തേയില തോട്ടം മേഖലകളില്‍ കാണപ്പെടുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വലിയ തോതിലുള്ള കുറവ്, മറ്റു ഭാഷകളിലുള്ള തൊഴിലാളികള്‍ക്കുള്ള വിദ്യാഭ്യാസ സൗകര്യത്തിന്‍റെ അഭാവം, ജാതി വേര്‍തിരുവകള്‍ മൂലമുള്ള പ്രശ്നങ്ങള്‍ മറ്റു സാധ്യതകളുടെ കുറവുകള്‍ തുടങ്ങിയവ തേയിലത്തോട്ടങ്ങളിലെ സ്ത്രീകളുടെ ചലനാത്മകതയെ പരിമിതപ്പെടുത്തുന്നു. ഒപ്പം കമ്പനിയില്‍ ജോലി ചെയ്തില്ലെങ്കില്‍ പാര്‍പ്പിടം നഷ്ടമാകും എന്ന സാഹചര്യം ഉള്ളതിനാല്‍ തന്നെ കുടുംബത്തിലെ ആരെങ്കിലും തൊഴിലെടുക്കുക എന്ന ഉത്തരവാദിത്യം സ്ത്രീകളിലേക്ക് വരുകയും മറ്റു സാധ്യതകള്‍ തേടുന്നതിനുള്ള സാഹചര്യങ്ങള്‍ നഷ്ടമാകുകയും ചെയ്യുന്നു. നിലവിലെ സ്ത്രീ തൊഴിലാളികളുടെ വിദ്യാഭ്യാസ നിലവാരം വളരെ പിന്നിലാണ്. അത് കൊണ്ട് തന്നെ സാമൂഹ്യ ഇടപെടലുകളില്‍ ഇവരുടെ സാന്നിധ്യം കുറവാണ്. 2015 ല്‍ മൂന്നാര്‍ തേയില തോട്ടങ്ങളില്‍ നടന്ന സമരങ്ങള്‍ പിന്തുടര്‍ന്ന് പോലും യാതൊരു ഇടപെടലുകളും സ്ത്രീ തൊഴിലാളികളുടെ ഭാഗത്തു നിന്ന് വയനാട്ടില്‍ ഉണ്ടായിട്ടില്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും ട്രേഡ് യൂണിയനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇവയിലെ സ്ത്രീ പ്രാധിനിത്യം വളരെ കുറവാണ്. 2020 വയനാട്ടിലെ റിപ്പണ്‍ കേന്ദ്രീകരിച്ചു നടത്തിയ പഠനത്തിലെ സ്ഥിരം തൊഴിലാളികളായ എല്ലാ സ്ത്രീകളും വിവിധ ട്രേഡ് യൂണിയനുകളില്‍ അംഗത്വം എടുത്തിട്ടുണ്ടെങ്കിലും ട്രേഡ് യൂണിയന്‍ മീറ്റിങ്ങുകളെ കുറിച്ചുള്ള അറിയിപ്പ് പോലും ഭൂരിഭാഗം സ്ത്രീകള്‍ക്കും ലഭിക്കാറില്ല എന്നതാണ്. 120 സ്ത്രീ തൊഴിലാളികളുമായി നടത്തിയ സംഭാഷണത്തില്‍ കേവലം 2 സ്ത്രീകള്‍ മാത്രമാണ് ട്രേഡ് യൂണിയന്‍റെ ഭാരവാഹിത്യം വഹിച്ചിട്ടുള്ളത്. മിക്ക സ്ത്രീകളും വീട്ടിലെ പുരുഷന്മാരുടെ അഭിപ്രായത്തിന്‍റെ അടിസ്ഥാനത്തനത്തിലാണ് യൂണിയനുകളില്‍ അംഗത്വം എടുത്തിട്ടുള്ളത്. സ്ത്രീ തൊഴിലാളികളുടെ അടിസ്ഥാന ആവശ്യങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകളോ തീരുമാനങ്ങളോ സമരങ്ങളോ ട്രേഡ് യൂണിയന്‍റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല എന്നതാണ് ഭൂരിഭാഗം സ്ത്രീകളുടെയും അഭിപ്രായം.

കാലാവസ്ഥ വ്യതിയാനം സൃഷ്ട്ടിച്ച തൊഴിലാളികളുടെ അരക്ഷിതാവസ്ഥ വളരെ വലുതാണ്. 2018 ല്‍ വയനാട് പുത്തുമല 2019 ല്‍ ഇടുക്കി പെട്ടിമുടി തേയില തോട്ടങ്ങളില്‍ നടന്ന ഉരുള്‍പൊട്ടലുകള്‍ 90 പേരുടെ ജീവനുകളാണ് കവര്‍ന്നത്. ഇവരെല്ലാവരും തന്നെ തോട്ടം മേഖലയെ ആശ്രയിച്ചു കഴിയുന്നവരായിരുന്നു. തേയില തോട്ടങ്ങളില്‍ സംഭവിച്ച ഈ ഉരുള്‍പൊട്ടലുകള്‍ക്ക് ശേഷവും അപകട സാധ്യത മേഖലകളില്‍ പോലും പോയി തേയില നുള്ളേണ്ട സാഹചര്യമാണ് തൊഴിലാളികളുടേത്. ഈ പ്രദേശങ്ങളിലെ പാടികളില്‍ കഴിയുന്ന തൊഴിലാളി കുടുംബങ്ങള്‍ ഭീതിയോടെയായാണ് ഓരോ മഴക്കാലത്തേയും അതിജീവിക്കുന്നത്. ഒപ്പം കാലാവസ്ഥ വ്യതിയാനം മൂലം തേയില ഉല്പാദനത്തിലുള്ള കുറവ് തെഴിലിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്, തൊഴില്‍ ദിനങ്ങള്‍ കുറയുന്ന സാഹചര്യം അധിക വരുമാനം ഇല്ലാതാകുന്ന അവസ്ഥ, ആരോഗ്യ പ്രശ്നങ്ങള്‍ തുടങ്ങി നിരവധി പ്രതികൂല സാഹചര്യങ്ങളിലാണ് തൊഴിലാളികള്‍.
എല്ലാ മേഖലകളില്ലെന്ന പോലെ കൊറോണ തോട്ടം മേഖലയിലും സൃഷ്ടിച്ച ആഘാതം വലുതാണ്. ലോക്ക് ഡൌണ്‍ സമയം തോട്ടങ്ങള്‍ അടച്ചിട്ട കാലങ്ങളില്‍ യാതൊരു വിധ സാമ്പത്തിക സഹായങ്ങളും തൊഴിലാളികള്‍ക്ക് ഉണ്ടായിരുന്നില്ല. ക്രമേണ അന്‍പത് ശതമാനം തൊഴിലാളികള്‍ക്കു ഒന്നിടവിട്ട ദിവസങ്ങളില്‍ തൊഴിലെടുക്കാനുള്ള അനുവാദം സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നു ലഭിക്കുന്നത് വരെ സൗജന്യ കിറ്റ് മാത്രമായിരുന്നു തൊഴിലാളികളുടെ ആശ്രയം. 1000 രൂപ ധനസഹായവും ലഭിച്ചിരുന്നു. മിക്ക കുടുംബങ്ങളും ലോണ്‍ ഇന്‍സ്റ്റാള്‍മെന്‍റ് അടവുകള്‍ കുറി തുടങ്ങിയവയുടെ ഗഡുക്കള്‍ മാസങ്ങളോളം തിരിച്ചടക്കാന്‍ കഴിയാതെ വലിയ സാമ്പത്തിക ബാധ്യതയിലേക്ക് എത്തപ്പെട്ടു.. കൊറോണ കാലത്തെ സാമൂഹ്യ അകലം പാലിക്കല്‍ പോലുള്ള മുന്‍കരുതലുകള്‍ തോട്ടങ്ങളില്‍ കൃത്യമായി പാലിക്കുക പ്രയാസകരമാണ്, ഒപ്പം നീണ്ട സമയം മാസ്ക് ഉപയോഗിച്ചു ആയാസകരമായ തൊഴിലില്‍ ഏര്‍പ്പെടുക എന്നതും വലിയ പ്രതിസന്ധികളാണ് തൊഴിലാളികളില്‍ ഉണ്ടാക്കിയത്. സാമ്പത്തികമായി ഉണ്ടായ ബാധ്യതകള്‍, കൊറോണ പോസിറ്റീവ് ആയതു മൂലമുള്ള ആരോഗ്യ പ്രശ്നങ്ങള്‍, ഒറ്റ മുറി വീടുകളിലെ ക്വാറന്‍റീന്‍ പരിമിതികള്‍ തുടങ്ങി നിരവധി അരക്ഷിതാവസ്ഥകളാണ് കോവിഡ് സൃഷ്ടിച്ചത്.
മറ്റൊരു ജോലി സാധ്യതയെ പറ്റി പലവിധ കാരണങ്ങളാല്‍ ചിന്തിക്കാന്‍ കഴിയാത്ത നിസ്സഹായാവസ്ഥയാണ് കുറഞ്ഞ വേതനത്തിലും ഇത്രയും അപകടകരമായ സാഹചര്യങ്ങളിലും തൊഴിലെടുക്കാന്‍ സ്ത്രീകളെ നിര്ബന്ധിതരാക്കുന്നത്. തുടര്‍ന്നുള്ള തലമുറകളില്‍ കൃത്യമായ വിദ്യാഭ്യാസവും സാധ്യതകളെ കുറിച്ചുള്ള അറിവുകളും സൃഷ്ടിക്കുന്നത് വഴി പുതുതലമുറയെ പുതിയ വഴികള്‍ തേടുന്നതിന് പ്രാപ്തരാക്കും. നിലവിലെ നീതി നിഷേദത്തിനു സര്‍ക്കാരിന്‍റെയും തൊഴിലാളി യൂണിയനുകളുടെയും ഭാഗത്തു നിന്ന് കൃത്യവും ശക്തവുമായ ഇടപെടലുകള്‍ അനിവാര്യമാണ്. മിനിമം കൂലി 500 രൂപ എങ്കിലും ആക്കണം എന്ന 2015 കാലഘട്ടത്തിലെ സമര ആവശ്യം പോലും നടപ്പാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. മൂന്ന് മാസം കൂടുമ്പോള്‍ സാലറി റിവ്യൂ കമ്മിറ്റി കൂടി വേതനം പുതുക്കി നിശ്ചയിക്കണം എന്ന വ്യവസ്ഥ കൃത്യമായി പാലിക്കപ്പെടണം. ഇനിയും ഇവരെ കണ്ടില്ലെന്നു നടിച്ചു വികസന കേരളം മുന്നോട്ട് കുതിക്കുമ്പോള്‍ ആവശ്യപ്പെടാനുള്ള ആര്‍ജ്ജവമോ അവബോധമോ ഇല്ലാതെ തികച്ചും ഇരുട്ടറയില്‍ വീണ് പോകുന്ന പുതിയ തലമുറകളെ സൃഷ്ടിക്കുക കൂടിയായാണ് ചെയ്യുന്നത്.

സഹായക ഗ്രന്ഥങ്ങള്‍

Bhomik, K. Sharit. (2011) “Ethnicity and Isolation: Marginalization of Tea Plantation Workers”, Indian University Press, 4(2)
Raj, Jayaseelan. (2010). The Remnants of Colonial Capital: Economic Crisis and the Social Reproduction of Alienation in a South Indian Plantation Belt, PhD thesis, Department of Social Anthropology Department of Social Anthropology University of Bergen University of Bergen Norway.
Mohandas p. (2015), A Historical Study of the Colonial Investment in Malabar and The Nilgiris in the Nineteenth century, PhD Thesis, University of Calicut
Raman, K. Ravi. (2010). Global Capital and Peripheral Labour: The History and Political Economy of Plantation Workers in India. London and New York: Routledge.
Raman, Ravi k. (1986), “Plantation Labour Revisit Required.” , Economic and Political Weekly, 21(22):960-962.

https://www.keralawomen.gov.in/ml/node/217

Women In The Tea Industry: Gender Roles, Unequal Pay, And Feudal Structures Disadvantage Female Labourers

അതുല്യ എസ്.
ഗവേഷക
ഡവലപ്മെന്‍റ് സ്റ്റഡീസ്
മഹാത്മ ഗാന്ധി സര്‍വകലാശാല

COMMENTS

COMMENT WITH EMAIL: 0