പാരമ്പര്യചികിത്സ എന്നത് ആദിവാസിവിഭാഗത്തിന്‍റെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നിട്ടുള്ള ഒന്നാണ്. തങ്ങള്‍ കഴിക്കുന്നതെന്തോ അത് മരുന്നാണ് എന്നാണ് അവരുടെ പക്ഷം. ആ അറിവാകട്ടെ ഒരു പരിധിവരെ അവര്‍ തങ്ങളുടെ അടുത്ത തലമുറക്ക് കൈമാറാന്‍ ഏറെ ശ്രദ്ധിച്ചിരുന്നു. പാരമ്പര്യ ചികിത്സ എന്നത് ഒരു വിഭാഗത്തിന്‍റെ വിശ്വാസവും സാംസ്കാരികവുമായ കാഴചപ്പാടുകളില്‍ നിന്നും, അവരുടെ പ്രകൃതിയിലുള്ള നിരന്തരമായ ഇടപെടലുകളില്‍ കൂടിയും ഉരുത്തിരിഞ്ഞുവന്നു പോന്നിട്ടുള്ള ഒന്നാണ്.
പാരമ്പര്യ ചികിത്സ എന്ന പ്രവൃത്തി, മരുന്നുകളുടെ ശേഖരണവും, അതിന്‍റെ പരിചരണവും, പുതിയ പരീക്ഷണങ്ങളും ഒക്കെ ഇഴചേര്‍ന്നു കിടക്കുന്ന ഒന്നാണ്. അതാകട്ടെ അത്യധികം സ്ത്രീകേന്ദ്രീകൃത പ്രവൃത്തികൂടെയാണ്. ഏതൊരാള്‍ക്കും കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ പാരമ്പര്യചികിത്സയുടെڔ നടത്തിപ്പില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്ത്രീകളുടെ പങ്കു പരിശോധിക്കാവുന്നതാണ് (Centre for Biological Diversity, 1992). ഏറെക്കുറെ എല്ലാ മതത്തിലും സ്ത്രീകളും പുരുഷന്മാരും തങ്ങളുടെ പാരമ്പര്യ ചികിത്സാരീതി കൈമോശം വരാതെ സൂക്ഷിക്കാനുള്ള പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നുണ്ട്. എന്നിരുന്നാലും പ്രഥമദൃഷ്ട്യാ കണക്കില്‍ പെടാത്തതുകൊണ്ട് ഇത്തരത്തിലുള്ള സ്ത്രീകളുടെ പങ്ക് വിസ്മരിക്കപ്പെടുകയോ കണക്കില്‍പ്പെടാതെ പോവുകയോ ആണുണ്ടായിട്ടുള്ളത് (Gibb, 2009). Sarah Carter (1996) ഇല്‍ വിശകലനം ചെയ്യപ്പെട്ടിട്ടുള്ളത്, ചരിത്രപരമായ രേഖകള്‍ എടുത്തുപരിശോധിച്ചാല്‍, വൈദ്യശാസ്ത്രരംഗത്ത്, വൈദ്യന്മാര്‍ പ്രധാനമായും ‘വയറ്റാട്ടി’കളുടെ സേവനം ഒരു പരിധിയില്‍ കൂടുതല്‍ ഉപയോഗിച്ചുപോന്നിട്ടുണ്ട്. ഇതിനുദാഹരണമായി കാര്‍ട്ടര്‍ ആധുനികവൈദ്യന്മാര്‍ ഇത്തരത്തിലുള്ള സ്ത്രീകളുടെ സഹായം പ്രസവം, മഞ്ഞപ്പിത്തം മുതലായ അസുഖങ്ങള്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്തിപ്പോന്ന ഒരുപാട് ഉദാഹരണങ്ങള്‍ എടുത്തുകാണിക്കുന്നുണ്ട്. ഇത്തരത്തിലുള്ള ചരിത്രപരമായ തെളിവിനായി കാര്‍ട്ടര്‍ 1880 ല്‍ പുറത്തിറങ്ങിയ രേഖകള്‍ ഉദ്ധരിച്ചിട്ടുണ്ട്. Pidathala and Rahman (2003) ല്‍ ചര്‍ച്ചചെയ്യപ്പെട്ടിട്ടുള്ളതുപോലെ ലോകമെമ്പാടും സ്ത്രീകള്‍ കൃഷിയിലായാലും, ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിനായാലും, ഭക്ഷ്യസുരക്ഷക്കായാലും പാരമ്പര്യചികിത്സയിലായാലും നിസ്തുലസേവനം വഹിച്ചിട്ടുണ്ട്.
സ്ത്രീകളുടെ ഭക്ഷ്യസുരക്ഷയിലെ പങ്കിന് നിരവധി നിധാനങ്ങള്‍ ഉണ്ട്, അവര്‍ക്കാകട്ടെ നമ്മുടെ ചുറ്റുപാടും ലഭ്യമാകുന്ന പ്രകൃതിവിഭങ്ങളെപ്പറ്റിയും അതിലുള്‍ക്കൊള്ളുന്ന മരുന്നുകളെപ്പറ്റിയും കൃത്യമായ അറിവുണ്ട്. കാലങ്ങളായി രോഗശാന്തിയെ സ്ത്രീകളില്‍ അധിഷ്ഠിതമായ ഒരു പ്രക്രിയയായി കണക്കാക്കപ്പെട്ടിട്ടുണ്ട്. ചരിത്രപരമായി ഇത്തരത്തിലുള്ള മരുന്നുകളുടെ ഉത്പാദനം നിത്യേനയുള്ള പാചകപ്രവൃത്തിയുടെ ഭാഗമാണ്. ആയിരക്കണക്കിന് വര്‍ഷങ്ങളായി ഉള്‍നാടുകളില്‍ പാരമ്പര്യചികിത്സ സ്ത്രീകള്‍ കൈകാര്യം ചെയ്യപ്പെട്ടു പോന്നിട്ടുള്ള ഒന്നാണ് (NAHO, 2003).
മധ്യപ്രദേശില്‍ നിന്നുള്ള ആദിവാസി ചികിത്സക
ഇത്തരത്തിലുള്ള പ്രക്രിയ നമ്മുടെ നയരൂപീകരണത്തിന്‍റെ ഭാഗമാക്കേണ്ടതുണ്ട്. ഇതിനു സ്ത്രീ പുരുഷ അടിസ്ഥാനത്തില്‍ കൃത്യമായ വേര്‍തിരിവ് സാധ്യമായതിനാലും (ലഭ്യത, ഉപയോഗം, നിയന്ത്രണം) അതിന്‍റെ പുനരുത്പാദനത്തിലും കണ്ടുപിടുത്തതിലും പലവിധ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്താവുന്നതാണ്. ഈ അറിവ് സാങ്കേതികമായി അതിന്‍റെ പ്രചാരണത്തേയും, അടുത്തതലമുറക്ക് പകര്‍ന്നു നല്കുന്നതിനേയും, ക്രോഡീകരിച്ചുവെക്കുന്നതിനേയും ആശ്രയിച്ചിരിക്കുന്നു (Pidatala and Rahman, 2003:1). സ്ത്രീകള്‍ ആണ് കൂടുതലായി വനങ്ങളെ ആശ്രയിച്ചു കഴിയുന്നത്. ഉത്തര്‍പ്രദേശ് കേന്ദ്രീകരിച്ച് നിലവിലുള്ള പഠനപ്രകാരം സ്ത്രീകള്‍ കാടുകളില്‍ നിന്ന് കൂടുതല്‍ വരുമാനം കണ്ടെത്തുന്നവരാണ്. പാവപ്പെട്ട ആളുകളില്‍ സ്ത്രീകള്‍ നാല്പത്തഞ്ച് ശതമാനവും പുരുഷന്മാര്‍ പതിമൂന്ന് ശതമാനവും കാടുകളില്‍നിന്ന് വരുമാനം കണ്ടെത്തുന്നവരാണ് (Agarwal, 1989; FAO and SIDA, 1991; Yadama et al., 1997). സ്ത്രീകള്‍ പ്രധാനമായും കുടുംബപരമായ പ്രവര്‍ത്തികളില്‍ കൂടുതല്‍ ഇടപെടുന്നതിനാല്‍ അവര്‍ പാരമ്പര്യചികിത്സാരംഗത്ത് മുഖ്യപങ്ക് വഹിക്കുന്നു. പൊതുവായുള്ള സാമ്പത്തികപുരോഗതിയും നഗരവല്‍ക്കരണവും പുരുഷന്മാരെ അങ്ങോട്ട് ആകര്‍ഷിച്ചുനിര്‍ത്തുന്നതിനാല്‍ സ്ത്രീകള്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിതരാവുന്നു (Pidatala and Rahman, 2003). മാത്രമല്ല, ഗ്രാമങ്ങളില്‍ കൂടുതലായും സ്ത്രീകളാണ് ആരോഗ്യരംഗം പരിപാലിച്ചുപോരുന്നത് (Siles, 2007). Lumpkin (1993) ഈയൊരു രംഗത്ത് നടത്തേണ്ട നരവംശശാസ്ത്രപരമായ പഠനങ്ങളെപ്പറ്റിയും അതിന്‍റെ നിലവിലുള്ള അഭാവത്തെപ്പറ്റിയും ചൂണ്ടിക്കാണിക്കുന്നുണ്ട്. സ്ത്രീവൈദ്യസമൂഹം മറ്റുസ്ത്രീകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുവാന്‍ ആഗ്രഹിക്കുന്നവരാണ്. ഇങ്ങനെ വൈദ്യം ചെയ്യുന്നവര്‍ ആ വിഭാഗങ്ങളിലെ മറ്റു സ്ത്രീകളേക്കാളും, ചില പുരുഷന്മാരേക്കാളും മുന്‍പന്തിയില്‍ നില്‍ക്കുന്നവരാണ്. അവര്‍ സാമ്പത്തികമായി ഭദ്രത കൈവരിക്കാന്‍ ശ്രമിക്കുന്നവരും സാമ്പത്തികമായി മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കുവാന്‍ ശ്രമിക്കുന്നവരും ആണ്. അത്തരത്തിലുള്ള ഒട്ടനവധി സ്ത്രീകള്‍ (നാട്ടുവൈദ്യര്‍) ഇന്ത്യയില്‍ ഉണ്ടെന്നു പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട് (Pidatala and Rahman, 2003).
തമിഴ്നാട്ടില്‍ നിന്നുള്ള ആദിവാസി ചികിത്സക
വയനാട്ടിലുടനീളം വ്യത്യസ്തങ്ങളായ ആദിവാസി വിഭാഗത്തില്‍പ്പെട്ട സ്ത്രീകളുടെ അവസ്ഥ എടുത്തുപരിശോധിച്ചാല്‍ പാരമ്പര്യചികിത്സാരംഗത്ത് അവര്‍ക്ക് വേണ്ടത്ര പ്രാധാന്യം കിട്ടിയിട്ടില്ലെന്നത് നിസ്തര്‍ക്കമായ കാര്യമാണ്. പലതരത്തിലുള്ളڔ സാമൂഹികവും സാമ്പത്തികവുമായ ഘടകങ്ങളും, വിശ്വാസങ്ങളും (അവയില്‍ ചിലതൊക്കെ അടുത്തകാലത്ത് രൂപപ്പെട്ടവയും ആണ്) അതില്‍ മോശമല്ലാത്ത ഒരു പങ്കു വഹിച്ചിട്ടുണ്ട്. ഉദാഹരണം പറഞ്ഞാല്‍ ആര്‍ത്തവനാളുകളില്‍ കല്പിച്ചിട്ടുള്ള അശുദ്ധി എന്ന സങ്കല്‍പം അവരുടെ ചികിത്സാരീതിയെ കുറച്ചൊന്നുമല്ല പ്രതികൂലമായി ബാധിച്ചിട്ടുള്ളത്. ഈ സ്ത്രീകളാവട്ടെ തങ്ങളുടെ ദൈനംദിന ജീവിതത്തില്‍പ്പോലും ഔഷധമൂല്യമുള്ള ഇലകളും പച്ചക്കറികളും ഉള്‍പ്പെടുത്താന്‍ പ്രത്യേകം ശ്രദ്ധ ചെലുത്തിപ്പോന്നിട്ടുള്ളവരാണ്. ആദിവാസി വിഭാഗത്തില്‍പ്പെട്ട സ്ത്രീകളാവട്ടെ മതിയായ രീതിയില്‍ അല്ലാത്ത ഏതൊരു ഭക്ഷണക്രമവും രോഗാവസ്ഥ സൃഷ്ടിക്കുന്നു എന്ന് വിശ്വസിക്കുന്നവരാണ്.
ഇത്തരത്തില്‍ വായനാട്ടില്‍ കാണപ്പെട്ടുവരുന്ന പ്രധാനപ്പെട്ട ആദിവാസി വിഭാഗങ്ങള്‍ കുറിച്യ, കുറുമ, കാട്ടുനായ്ക്ക, പണിയ, അടിയ വിഭാഗത്തില്‍പ്പെട്ടവര്‍ ആണ്. ഈ ഓരോ വിഭാഗത്തിലേയും സ്ത്രീകളുടെ ഇത്തരത്തില്‍ ഉള്ള ചികിത്സാരീതിയില്‍ ഉള്ള പങ്ക് ഏറെ വ്യത്യസ്തവും ആണ്. കുറിച്യ വിഭാഗത്തില്‍ ഇത്തരത്തില്‍ ഉള്ള സ്ത്രീകളുടെ പങ്ക് വളരെ പ്രകടമായി കാണാന്‍ സാധിക്കില്ലെങ്കിലും അത് അവരുടെ ഈ മേഖലയിലുള്ള പങ്ക് വിസ്മരിക്കാന്‍ ഉതകുന്ന ഒന്നല്ല. തങ്ങളുടെ വീടുകളിലെ പുരുഷന്മാരുടെ അഭാവത്തില്‍ അവര്‍ ഈ കൃത്യനിര്‍വ്വഹണത്തില്‍ ഏര്‍പ്പെടാന്‍ പ്രാമുഖ്യം കാണിക്കാറുണ്ട്. എന്നിരുന്നാലും ചില സന്ദര്‍ഭങ്ങളില്‍ അവര്‍ ഇത്തരം പ്രവൃത്തിയില്‍ ഏര്‍പ്പെടാന്‍ വിമുഖത കാണിക്കാറുമുണ്ട്. ഇതിനു നിദാനമായ ഒരു കാര്യം അവര്‍ക്ക് നയപരമായ ഒരു കാര്യങ്ങളിലും പങ്ക് ഇല്ല എന്നുള്ള വസ്തുതയാണ്. മാത്രമല്ല, കാലങ്ങളായി അനുവര്‍ത്തിച്ചുപോന്ന പല നയങ്ങളും സ്ത്രീകളെ മാറ്റിനിര്‍ത്തപ്പെടുകയോ അവരുടെ ആവാസവ്യവസ്ഥയില്‍ നിന്ന് പുറന്തള്ളപ്പെടുകയോ ആണ് ഉണ്ടായിട്ടുള്ളത്. ഇത് അവരുടെ സ്വതന്ത്രമായിട്ടുള്ളڔ (മരുന്ന് ശേഖരണം പോലെയുള്ള) ഇടപെടലുകളില്‍നിന്ന് അവരെ അകറ്റിനിര്‍ത്താന്‍ കാരണമായിട്ടുണ്ട്. അതും അവരുടെ കാലക്രമേണയുള്ള വിടുതലിന് കാരണമായിട്ടുണ്ടായിരിക്കാം.
പണിയ വിഭാഗമാകട്ടെ, കാലങ്ങളായി അടിമജോലിക്കാരായി തങ്ങളുടെ ജീവിതം നയിച്ചുപോന്നിട്ടുള്ളവരാണ്. അവരിലെ ചികിത്സകര്‍ കാലങ്ങളായി ‘മരുന്നുകാര്‍’, അഥവാ ‘ദൈവക്കാര്‍’ എന്ന പേരില്‍ അറിയപ്പെടുന്നു. അവര്‍ വീടുകള്‍ സന്ദര്‍ശിച്ചു ചികിത്സ നടത്തിയാണ് അവരുടെ ജീവിതച്ചെലവ് നിര്‍വഹിച്ചുപോന്നിട്ടുള്ളത്. വീടുകളില്‍ കയറി തിരിച്ചുവരുന്ന വഴിയില്‍ തങ്ങളുടെ ചികിത്സക്ക് ആവശ്യമായ മരുന്നുകള്‍ ശേഖരിക്കുകയാണ് പതിവ്. അവര്‍ ഏറെക്കുറെ തങ്ങളുടെ ചികിത്സാസമ്പ്രദായം നിര്‍ത്തിവെച്ച നിലയാണ്. മാത്രമല്ല ഈയൊരു മേഖലയില്‍ പരിശീലനം നേടിയിട്ടുള്ളവര്‍ തുലോം കുറവാണ്. പാരമ്പര്യമായി അവര്‍ പിന്തുടര്‍ന്നുപോന്ന വിശ്വാസങ്ങള്‍ മറ്റു ആദിവാസിവിഭാഗങ്ങളില്‍ നിന്ന് ഈയൊരു അറിവ് നേടിയെടുക്കുന്നതില്‍നിന്ന് അവരെ പിന്തിരിപ്പിക്കുന്നു.
മുള്ളുകുറുമ വിഭാഗമാവട്ടെ പാരമ്പര്യമായി സ്വന്തമായി കൃഷിരീതികള്‍ അവലംബിച്ചുപോന്നിട്ടുള്ളവരാണ്. അവരുടെ പാര്‍പ്പിടം ‘കുടി’ എന്ന് അറിയപ്പെടുന്നു, അതാകട്ടെ വനാന്തരഭാഗത്താണ് സ്ഥിതി ചെയ്തുപോന്നിട്ടുള്ളത്. മുള്ളുകുറുമ വിഭാഗവും അവരുടെ വിശ്വാസങ്ങള്‍ പോലെതന്നെ ഈയൊരു മേഖലയിലും പിന്തുടര്‍ന്നുപോന്നിട്ടുള്ളവരാണ്. മുള്ളുക്കുറുമവിഭാഗത്തിലെ ചികിത്സകരെ പ്രധാനമായും രണ്ട് വിഭാഗങ്ങളായി തരംതിരിക്കാം, അത് എല്ലാ രോഗങ്ങള്‍ക്കും ചികിത്സിക്കുന്ന ‘ജനറലിസ്റ്റ്’ എന്നറിയപ്പെടുന്നവരും ഏതെങ്കിലും ഒരു രോഗത്തിന് മാത്രം ചികിത്സനല്‍കുന്ന ‘സ്പെഷ്യലിസറ്റ്’ എന്നറിയപ്പെടുന്നവരും ആണ്.ڔ വളരെ അടുത്തകാലത്ത് വരെ ഈ വിഭാഗത്തിലെ സ്ത്രീകളുടെ ഇടയില്‍ ‘മിഡ് – വൈഫറി’ (വയറ്റാട്ടി)ڔ സമ്പ്രദായം നിലനിന്നിരുന്നു. എന്നിരുന്നാലും കാടുകളിലെ അവരുടെ ആവാസവ്യവസ്ഥ നഷ്ടപ്പെട്ടതിനാലും, ആധുനികവൈദ്യത്തിന്‍റെ അമിതപ്രസരം കാരണവും അങ്ങിനെയൊരു വിഭാഗം അവരുടെ ഇടയില്‍ നിന്ന് അപ്രത്യക്ഷമാക്കപ്പെട്ടു.
മറ്റേതൊരു വിഭാഗത്തെയും പോലെതന്നെ അവരുടെ ആവാസവ്യവസ്ഥയുടെ നഷ്ടം സ്ത്രീകള്‍ക്ക് തങ്ങളുടെ ചികിത്സ മുന്നോട്ടുകൊണ്ടുപോവുന്നതിനു വെല്ലുവിളിയായി ഭവിച്ചു. തങ്ങളുടെ അറിവ് പവിത്രമാണെന്നും അതിന്മേല്‍ ഉള്ള ഏതൊരു തരത്തിലുള്ള കടന്നാക്രമണവും തങ്ങളുടെ കഴിവിനെ പ്രതികൂലമായിബാധിക്കും എന്നും അവര്‍ വിശ്വസിച്ചുപോന്നു. ഈയൊരു കാരണം കൊണ്ടുതന്നെ അവര്‍ തങ്ങളുടെ അറിവ്, പ്രത്യേകിച്ചും മരുന്നുചെടികളുടെ ലഭ്യത സംബന്ധിക്കുന്ന വിവരങ്ങള്‍ പുറമെയുള്ള ആളുകള്‍ക്ക് പകര്‍ന്നുകൊടുക്കാന്‍ വിമുഖത കാണിച്ചു. ആവാസവ്യവസ്ഥ നഷ്ടമായതോടെ അത് അവരുടെ കൂട്ടുകുടുംബ വ്യവസ്ഥയെയും കൂട്ടായജീവിതത്തെയും സാരമായി ബാധിക്കാന്‍ തുടങ്ങി. അണുകുടുംബവ്യവസ്ഥയും സ്വകാര്യസ്വത്തവകാശവും അവരുടെ അറിവിനെ വ്യക്തികേന്ദ്രീകൃതമാക്കി മാറ്റുകയും, അത് പിന്നീട് വ്യക്തി അധിഷ്ഠിത സമ്പ്രദായമായി മാറുകയും ചെയ്തു. അവര്‍ കാടുകളില്‍നിന്നു അകന്നുതാമസിച്ചുതുടങ്ങിയതോടെ കൂടുതല്‍ മിശ്രവിവാഹങ്ങള്‍ നടക്കുകയും അത് കൂട്ടുത്തരവാദിത്വത്തില്‍ നിന്ന് അവരെ അകറ്റുകയും അങ്ങിനെ വ്യക്തിനിര്‍മ്മിത ചികിത്സാസമ്പ്രദായത്തിലേക്ക് വഴിതിരിച്ചുവിടുകയും ചെയ്തു.
അമിതകീടനാശിനി ഉപയോഗിച്ചുള്ള കൃഷിയും തങ്ങളുടെ തൊടിയിലെ മരുന്നുകള്‍ ഉപയോഗിച്ചുള്ള ചികിത്സ തുടരുന്നതില്‍ നിന്നും അവരെ പിന്തിരിപ്പിക്കുകയും അത് അവരെ ദൂരെയുള്ള കാടുകളില്‍ പോയി മരുന്ന് ശേഖരിക്കുന്നതിന് നിര്‍ബന്ധിതരാക്കുകയും ചെയ്തു. കുടുംബത്തിലുള്ള ഉത്തരവാദിത്തം കാരണം പലപ്പോഴും അത് അവര്‍ക്ക് അപ്രാപ്യമായി വരികയും ചെയ്തു. മാത്രമല്ല പുതിയ തലമുറ ഈ ചികിത്സാരീതി പ്രോത്സാഹിപ്പിക്കാതിരിക്കുന്നതിനാലും തങ്ങളുടെ മാതാപിതാക്കള്‍ ‘വൈദ്യം’ ചെയ്യുന്നവരാണെന്നു പുറത്തു അറിയപ്പെടാന്‍ ഇഷ്ടമില്ലാത്തതിനാലും അവര്‍ക്ക് ഈയൊരു പ്രവൃത്തിയില്‍ ഏര്‍പ്പെടുന്നതിനു ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവന്നു.
കുറിച്യവിഭാഗം പ്രത്യേകം ‘വംശ’ങ്ങളായോ ‘തറവാടു’കള്‍ ആയോ വിഭജിക്കപ്പെട്ടിരിക്കുന്നു. ഈ വിഭാഗം ആവട്ടെ ഏറ്റവുമധികം നഗരവല്‍ക്കരണത്തിന്‍റെ സ്വാധീനം ഉള്ളവരാണ്. അതുകൊണ്ടുതന്നെ ഈയൊരു വിഭാഗം പ്രത്യക്ഷമായിത്തന്നെ ‘ആയുര്‍വേദ’ വൈദ്യന്‍മാരുമായി സംഘട്ടനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരാണ്. കുറിച്യ വിഭാഗത്തിലെ ഏറ്റവും മുതിര്‍ന്ന വൈദ്യനായ അച്ചപ്പന്‍ വൈദ്യര്‍ ആണ് വയനാട്ടിലെ പാരമ്പര്യ ചികിത്സാരീതിക്ക് തുടക്കമിട്ടത്. അദ്ദേഹം പിന്നീട് അത് പലയാളുകള്‍ക്കും പകര്‍ന്നുനല്‍കുകയും ചെയ്തു. അദ്ദേഹത്തിന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ ഒട്ടുമിക്ക ആയുര്‍വേദ വൈദ്യന്മാര്‍ക്കും കാടുകളില്‍ ലഭ്യമാവുന്ന അപൂര്‍വമായ മരുന്നുചെടികളെക്കുറിച്ചു അധികമൊന്നും ധാരണയില്ല. നേരെമറിച്ചു, ആയുര്‍വേദ വൈദ്യന്മാരാകട്ടെ ഇത്തരം പാരമ്പര്യവൈദ്യരീതിയെ അധികമൊന്നും പ്രോത്സാഹിപ്പിക്കുന്നില്ല താനും. ഇതിനു അവര്‍ പറയുന്ന കാരണം പാരമ്പര്യവൈദ്യം മതിയായ പരിശീലനമോ അതിനുതകുന്ന രേഖകളോ അടിസ്ഥാനപ്പെടുത്തി പ്രവര്‍ത്തിക്കുന്നവയല്ല എന്നതാണ്. പാരമ്പര്യവൈദ്യന്മാര്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങള്‍ അവര്‍ക്ക് രോഗികളെ ചികിത്സിക്കാനുള്ള മതിയായ സൗകര്യം ഇല്ല എന്നുള്ളതാണ്. മാത്രമല്ല, അവര്‍ക്ക് സര്‍ക്കാരില്‍ നിന്ന് വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ല എന്നതും ഇതൊരു ലാഭേച്ഛകൂടാതെ ദാനമായിക്കണ്ട് നല്‍കപ്പെടുന്ന പ്രവൃത്തി ആണെന്നതും ആണ്. കൃഷിയിടങ്ങളില്‍ ഉപയോഗിക്കുന്ന അണുനാശിനികളുടെ അമിതഉപയോഗം അവരുടെ മരുന്നിനെ മാലിന്യവല്‍ക്കരിക്കുന്നു. മരുന്ന് കൃഷിചെയ്യുന്നത് ഒരു പ്രതിവിധിയായി കാണാമെങ്കിലുംڔ മതിയായ പിന്തുണ ലഭിക്കാതെ കാടിനുള്ളില്‍ മരുന്നുകൃഷി പ്രാവര്‍ത്തികമാക്കാന്‍ ബുദ്ധിമുട്ടാണ്. കുറിച്യരാകട്ടെ കാലങ്ങളായി ബ്രിട്ടീഷുകാരുടെ സേനയില്‍ അംഗങ്ങള്‍ ആയിട്ടുള്ളവരായതു കൊണ്ടുതന്നെ അവര്‍ കോളനിവല്‍ക്കരണകാലത്തു കാടിനുള്ളില്‍ ആധിപത്യം സ്ഥാപിച്ചവരാണ്. കാടിനുള്ളിലെ അവരുടെ ആവാസവ്യവസ്ഥ നഷ്ടപ്പെട്ടത് അവര്‍ക്ക് നല്ല തിരിച്ചടിയായിത്തീര്‍ന്നിട്ടുണ്ട്.
മുള്ളു കുറുമ വീട് സമ്പ്രദായങ്ങള്‍
കാട്ടുനായ്ക്ക വിഭാഗത്തെ ഇപ്പോഴും ഏറെയൊന്നും മാറ്റംവരാത്ത ആദിവാസി വിഭാഗമായാണ് കണക്കാക്കിപ്പോരുന്നത്. കാലങ്ങളായി മൃഗങ്ങളെ നായാടിയും കാടിനെ അധികമായി ആശ്രയിച്ചും ആണ് അവര്‍ തങ്ങളുടെ ജീവിതവൃത്തി നിര്‍വഹിച്ചുപോന്നിട്ടുള്ളത്. അവരുടെ കാടിനുള്ളിലെ ആവാസവ്യവസ്ഥയുടെ നഷ്ടം അവരുടെ ജീവിതവൃത്തിയെ കുറച്ചൊന്നുമല്ല ബാധിച്ചിട്ടുള്ളത്, മാത്രമല്ല അത് അവരുടെ പരമ്പരാഗതമായ അറിവിനേയും പ്രതികൂലമായി ബാധിച്ചു. അവരാകട്ടെ കാലങ്ങളായി അണുകുടുംബവ്യവസ്ഥിതി പുലര്‍ത്തിപ്പോന്നിട്ടുള്ളവരും പരസ്പരം ബന്ധങ്ങളില്‍ ദൃഢത കാത്തുവെച്ചിട്ടുള്ളവരും ആണ്.
കാട്ടുനായ്ക്ക വിഭാഗം
കാടിനുള്ളില്‍നിന്നും അവരുടെ കൂട്ടത്തോടെയുള്ള പുറന്തള്ളപ്പെടല്‍ കാരണം മറ്റുവിഭാഗങ്ങളുമായി കൂട്ടുകൂടാന്‍ അവര്‍ നിര്‍ബന്ധിതരായി. അത് അവരെ പലവിധ ചൂഷണങ്ങള്‍ക്കും വിധേയമാക്കുകയും അന്നുവരെ അവര്‍ ‘പരിപാവന’മായി കാത്തുവെച്ച അറിവിനെ കച്ചവടമാക്കാനുള്ള മറ്റുള്ളവരുടെ ശ്രമങ്ങള്‍ക്ക് ഒരു പരിധിവരെ സഹായകമാവുകയും ചെയ്തു. പിന്നീടും തങ്ങളുടെ വിഭാഗത്തിന് പുറത്തുള്ളവരുമായുള്ള കൂട്ട് പരമാവധി ഒഴിവാക്കുന്നതിനുള്ള ശ്രമങ്ങള്‍ അവര്‍ തുടരുകയും, മരുന്നുശേഖരണത്തിനെപ്പറ്റിയുള്ള വിവരങ്ങള്‍ രഹസ്യമാക്കിവെക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയും ചെയ്തു. കാട്ടുനായ്ക്ക വിഭാഗത്തില്‍ സ്ത്രീവൈദ്യന്മാരുടെ സാന്നിധ്യം പ്രബലമായിത്തന്നെ കാണപ്പെട്ടുവന്നിരുന്നു, അവരാകട്ടെ പുരുഷന്മാരെ ഈയൊരു കാര്യത്തില്‍ കടത്തിവെട്ടുന്നുണ്ട്. എന്നിരുന്നാലും അവരുടെ പ്രവൃത്തി കുടുംബകേന്ദ്രീകരണം ആണ്. കൂടുതലായി ഈ മരുന്നുചെടികള്‍ തങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ അവര്‍ നിഷ്കര്‍ഷ ചെലുത്തിപ്പോന്നു. തങ്ങളുടെ ആവാസവ്യവസ്ഥയുടെ നഷ്ടം അവരുടെ ജീവിതത്തിലും പ്രതിഫലിച്ചു കാണുന്നുണ്ട്. രസകരമായിട്ടുള്ള ഒരു കാര്യം, അവരിലെ സ്ത്രീകള്‍ ശേഖരിച്ച മരുന്ന് സൂക്ഷിക്കാന്‍ കണ്ടുപിടിക്കപ്പെട്ടിട്ടുള്ള നൂതനമായ മാതൃകയാണ്.
മരുന്നുചെടികളുടെ അലഭ്യത കാരണം അവര്‍ തങ്ങള്‍ ശേഖരിച്ച മരുന്നുകള്‍ കേടുകൂടാതെ സൂക്ഷിക്കാനായി തങ്ങളുടെ വീട്ടുപറമ്പില്‍ കുഴികളെടുത്തു സൂക്ഷിക്കുന്നു. എന്നിരുന്നാലും കീടനാശിനികളുടെ അമിതോപയോഗം കാരണം മലീനമായിരിക്കുന്ന മണ്ണില്‍ സൂക്ഷിക്കുന്ന മരുന്നുചെടികളുടെ ഗുണം എളുപ്പം പ്രവചിക്കാന്‍ പറ്റുന്നതല്ല. അക്കാദമിക തലത്തില്‍ ചര്‍ച്ചചെയ്യപ്പെട്ടിട്ടുള്ളതുപോലെ മരുന്നുകളുടെ തനതായ ഗുണം നിലനിര്‍ത്താന്‍ അവയുടെ ഉല്പാദനപ്രക്രിയയില്‍ മനുഷ്യഇടപെടലുകള്‍ സൂക്ഷിച്ചുതന്നെ നടത്തേണ്ടതുണ്ട്.
ഉരുളികുറുമവിഭാഗത്തിലെ സ്ത്രീ
ഉരുളികുറുമവിഭാഗത്തിലെ സ്ത്രീകളും അവരുടെ കാലങ്ങളായുള്ള ആവാസവ്യവസ്ഥ നഷ്ടപ്പെട്ട് കാടിന് പുറത്തുപോവേണ്ടി വന്നവരാണ്. വനസംരക്ഷണ നിയമവും സോളാര്‍ ഉപയോഗിച്ചുള്ള വിദ്യുച്ഛക്തിയുടെ ഉത്പാദനവും ഈ നിയമങ്ങളില്‍ പ്രധാന പങ്ക് വഹിക്കുന്നവയാണ്. ആദിവാസികളുടെ അവകാശങ്ങള്‍ വീണ്ടെടുക്കുന്നതിനുവേണ്ടി രൂപപ്പെടുത്തിയ വനാവകാശ സംരക്ഷണ നിയമവും (2006) മരുന്നുചെടികള്‍ കാടിനുള്ളില്‍ കൃഷിചെയ്യുന്നതിന് വേണ്ടത്ര പ്രോത്സാഹനം നല്‍കിയിട്ടില്ല. ഇത്തരത്തിലുള്ള കുറെയധികം കാരണങ്ങള്‍ അവരെ മരുന്നുചെടികള്‍ കൃഷിചെയ്യുന്നതില്‍ നിന്നും വിലക്കിയിരുന്നു. അതിനുള്ള ഏറ്റവും പ്രധാന കാരണമായി കണ്ടെത്തിയത് ഇത്തരം മരുന്നുകള്‍ തികച്ചും പ്രകൃതിനിര്‍മ്മിതമായി കാണാന്‍ ആവില്ലെന്നും അതിനു മനുഷ്യഇടപെടലുകള്‍ അനിവാര്യമാണ് എന്നതും ആണ്.
കാലങ്ങളായി നമ്മുടെ ചികിത്സാരീതിയില്‍ അറിഞ്ഞോ അറിയാതെയോ ഏര്‍പ്പെട്ടിരിക്കുന്ന ഒരു വിഭാഗമാണ് സ്ത്രീകള്‍. സ്ത്രീകളുടെ പ്രതിഫലം ഇല്ലാതെ ഏര്‍പ്പെട്ടിരിക്കുന്ന ഏതൊരു തൊഴിലും/പ്രവൃത്തിയും അവഗണനക്ക് വിധേയമാകുന്നതുപോലെ ഈ ഒരു മേഖലയും കാലങ്ങളായിത്തന്നെ, വേണ്ടത്ര പരിഗണനക്ക് വിധേയമാകാത്ത സാഹചര്യങ്ങളാണ് പൊതുവില്‍ ഉണ്ടായിട്ടുള്ളത്. ഇന്ന് ഒട്ടൊക്കെڔ സ്ഥിതി മാറി. ആധുനിക ചികിത്സാരംഗത്തു പൂര്‍വാധികം ശക്തിയോടെ സ്ത്രീകള്‍ തങ്ങളുടെ കഴിവ് തെളിയിക്കാന്‍ തുടങ്ങിയിട്ടുണ്ട്. എന്നിരുന്നാലും ആദിവാസി വിഭാഗത്തിന്‍റെ ഇടയിലുള്ള പാരമ്പര്യ ചികിത്സാരീതി എടുത്ത് പരിശോധിക്കുകയാണെങ്കില്‍ സ്ത്രീകളുടെ പങ്ക് ഏറെക്കുറെ വിസ്മരിക്കപ്പെടുകയാണുണ്ടായിട്ടുള്ളത്. അതില്‍ പ്രധാനപങ്ക് വഹിച്ചിട്ടുള്ളത് കാലങ്ങളായി നമ്മള്‍ സ്വീകരിച്ചുപോന്നിട്ടുള്ള നയങ്ങളാണ്.ڔഅവരെ നമ്മുടെ നയരൂപീകരണത്തിന്‍റെ മുന്‍പന്തിയില്‍ കൊണ്ടുവരികയും അതിന്‍റെ ഒരു സുപ്രധാന ഭാഗമാക്കി മാറ്റാന്‍ ശ്രമിക്കുകയും ചെയ്യേണ്ടതുണ്ട്.
COMMENTS