Homeശാസ്ത്രം

എണ്‍പത്തിരണ്ടു വയസ്സില്‍ ബഹിരാകാശം തൊട്ട് വാലി ഫങ്ക്

ണ്‍പത്തിരണ്ടാം വയസ്സില്‍ ഒരു ബഹിരാകാശ യാത്ര! അതും ഒരു വനിത. അസാധ്യം എന്ന് പറയുന്നവര്‍ക്കൊരു മറുപടിയാണ് വാലി ഫങ്ക് എന്ന എണ്‍പത്തികാരിയുടെ ബഹിരാകാശപ്പറക്കല്‍. ഈ വര്‍ഷം ജൂലൈ 20 ന് ആമസോണ്‍ സ്ഥാപകനായ ജെഫ് ബെസോസിനൊപ്പം ബഹിരാകാശ വിസ്മയങ്ങളിലേക്ക് പറന്നുയര്‍ന്ന മൂന്നു പേരില്‍ ഒരാള്‍ വാലി ഫങ്ക് ആയിരുന്നു. ആറു പതിറ്റാണ്ട് കാത്തിരുന്ന് സ്വപ്നസാക്ഷാല്‍ക്കാരം നടത്തിയ വാലിക്ക് ഇതൊരു മധുര പ്രതികാരം കൂടിയാണ്. കാരണമെന്തെന്നല്ലേ? 1960-കളില്‍ യു.എസ്സില്‍ മെര്‍ക്കുറി-13 എന്ന പേരില്‍ അറിയപ്പെട്ട, വനിതാ ബഹിരാകാശ പരിശീലന പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ വനിതയായിരുന്നു വാലി. വര്‍ഷങ്ങള്‍ നീണ്ട അതികഠിനമായ പരിശീലനക്കടമ്പകളൊക്കെ താണ്ടിയെങ്കിലും ബഹിരാകാശപ്പറക്കലിന് ആ സംഘത്തിലെ ആര്‍ക്കും അന്ന് അവസരം ലഭിച്ചില്ല. സ്ത്രീകളെ തല്‍ക്കാലം ബഹിരാകാശത്തേക്ക് അയക്കേണ്ട എന്നായിരുന്നുവത്രേ അന്ന് നാസയുടെ തീരുമാനം.

1939-ല്‍ ന്യൂ മെക്സിക്കോയിലെ ലാസ് വെഗാസിലാണ് വാലിയുടെ ജനനം. കുട്ടിക്കാലത്തു തന്നെ ആകാശപ്പറക്കല്‍ ആ പെണ്‍കുട്ടിയുടെ സ്വപ്നങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു. തന്‍റെ സ്വപ്നങ്ങള്‍ കൈവിടാതെ കാത്തുസൂക്ഷിച്ച ആ പെണ്‍കുട്ടി ആകാശ സാധ്യതകളിലേക്ക് പറന്നുയരുക തന്നെ ചെയ്തു. അമേരിക്കയില്‍ അക്കാലത്ത് പൈലറ്റ് ലൈസന്‍സ് എടുത്ത ചുരുക്കം വനിതകളില്‍ ഒരാളായിരുന്നു വാലി. എന്നാല്‍ സ്ത്രീയാണെന്നതിന്‍റെ പേരില്‍ പല വിമാനക്കമ്പനികളും പൈലറ്റ് ആയി അവസരം നല്‍കാന്‍ മടിച്ചു. എന്നാല്‍ പിന്മാറാന്‍ തയ്യാറായിരുന്നില്ല വാലി ഫങ്ക്.അമേരിക്കയിലെ നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡില്‍ ആദ്യ വനിതാ എയര്‍ സേഫ്റ്റി ഇന്‍വെസ്റ്റിഗേറ്റര്‍, യു.എസ്സ് മിലിട്ടറി ബേസിലെ ആദ്യ ഫ്ലൈറ്റ് ഇന്‍സ്ട്രക്റ്റര്‍ എന്നീ റെക്കോഡുകള്‍ വാലി സ്വന്തമാക്കുക തന്നെ ചെയ്തു. അപ്പോഴും ബഹിരാകാശ യാത്രയെന്ന സ്വപ്നം വാലി ഫങ്ക് ഉപേക്ഷിച്ചില്ല.

1961-ല്‍ മെര്‍ക്കുറി 13-ല്‍ അംഗമായപ്പോള്‍ തന്‍റെ ബഹിരാകാശ സ്വപ്നങ്ങള്‍ക്ക് ചിറകു മുളച്ചെന്ന് വാലി കരുതിയെങ്കിലും നിരാശയായിരുന്നു ഫലം. പിന്നീട് 1963-ല്‍ പഴയ സോവിയറ്റ് യൂണിയന്‍ വാലന്‍റീന തെരഷ്ക്കോവയെ ബഹിരാകാശത്തേക്ക് അയച്ചപ്പോള്‍ നാസ മെര്‍ക്കുറി -13 ലെ വനിതകളെ ബഹിരാകാശയാത്രയ്ക്ക് പരിഗണിച്ചേക്കുമെന്ന പ്രതീക്ഷയില്‍ പല തവണ നാസയ്ക്ക് അപേക്ഷ സമര്‍പ്പിച്ചെങ്കിലും അതൊന്നും പരിഗണിക്കപ്പെട്ടില്ല. 1983-ല്‍ സാലി റീഡ് ബഹിരാകാശ യാത്ര നടത്തിയ ആദ്യ അമേരിക്കന്‍ വനിതയായി. അതിനു ശേഷവും വാലി ഫങ്ക് അടക്കം മെക്കുറി-13 ലെ വനിതകള്‍ പരിഗണിക്കപ്പെട്ടില്ല. എന്നിട്ടും ബഹിരാകാശപ്പറക്കലിനായുള്ള കാത്തിരിപ്പ് വാലി തുടര്‍ന്നു.ഒരു പക്ഷേ മെര്‍ക്കുറി-13 ലെ വനിതകള്‍ക്ക് അവസരം ലഭിച്ചിരുന്നെങ്കില്‍ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ബഹിരാകാശ യാത്രിക ആയേനെ വാലി. എന്നാല്‍ ആറു പതിറ്റാണ്ടിനിപ്പുറം ബഹിരാകാശയാത്ര നടത്തിയ വാലി ഫങ്ക് ഈ രംഗത്ത് ഒരു റെക്കോഡ് നേട്ടം കൈവരിക്കുക തന്നെ ചെയ്തു.

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബഹിരാകാശ യാത്രിക എന്ന റെക്കോഡ്. ജൂലൈ 20 ന് ജെഫ് ബെസോസിന്‍റെ തന്നെ ഉടമസ്ഥതയിലുള്ള ബ്ലൂ ഒറിജിന്‍ കമ്പനിയുടെ ന്യൂ ഷെപ്പേഡ് റോക്കറ്റിലെ കാപ്സ്യൂളിലേറി നാല്‍വര്‍ സംഘത്തില്‍ ഒരാളായി ടെക്സാസില്‍ നിന്നും ബഹിരാകാശത്തേക്ക് കുതിച്ചപ്പോള്‍ എണ്‍പത്തിരണ്ടുകാരിയായ വാലി ഫങ്കിന് താന്‍ കെടാതെ സൂക്ഷിച്ച സ്വപ്നം സാക്ഷാല്‍ക്കരിക്കപ്പെടുകയായിരുന്നു. നൂറു കിലോമീറ്ററോളം ഉയരത്തിലെത്തിയ ,സാഹസികത നിറഞ്ഞ, പത്തുമിനിറ്റ് നീണ്ട ആ വിസ്മയ യാത്രയും ഗുരുത്വാകര്‍ഷണത്തിന്‍റെ അഭാവവുമൊക്കെ അവര്‍ ശരിക്കും ആസ്വദിച്ചു. കാപ്സ്യൂളില്‍ ഭൂമിയിലേക്ക് വിജയകരമായി തിരിച്ചിറങ്ങുകയും ചെയ്തു. അതിരുകളില്ലാത്ത ബഹിരാകാശം മാടി വിളിച്ചപ്പോള്‍ പ്രായമൊന്നും വാലി ഫങ്കിന് മുന്നില്‍ ഒരു തടസ്സമായില്ല. ബഹിരാകാശയാത്രയോ? സ്ത്രീകളോ എന്നൊക്കെ നെറ്റി ചുളിക്കുന്നവര്‍ക്കുള്ള നല്ലൊരു മറുപടി കൂടിയാണ് എണ്‍പത്തിരണ്ടുകാരിയായ വാലി ഫങ്കിന്‍റെ ബഹിരാകാശ യാത്ര.

 

സീമ ശ്രീലയം
പ്രമുഖ ശാസ്ത്ര ലേഖിക,
നിരവധി ബഹുമതികള്‍ക്ക് ഉടമ

COMMENTS

COMMENT WITH EMAIL: 0