വിഷാദരോഗവും ഞാനും

Homeവഴിത്താരകൾ

വിഷാദരോഗവും ഞാനും

ജാനകി

(സാറ എലിസബത്ത് കുര്യന്‍ ജൂലൈ 4 ,2020 ല്‍ ടൈംസ് ഓഫ് ഇന്ത്യ പത്രത്തില്‍ എഴുതിയ കുറിപ്പിന്റെ സ്വതന്ത്ര വിവര്‍ത്തനം)

മുന്‍കുറിപ്പ്
സാറ എലിസബത്ത് കുര്യന്‍ ഓസ്‌ട്രേലിയയില്‍, സിഡ്‌നിയില്‍, താമസമാക്കിയ ഒരു മലയാളി പെകുട്ടിയാണ്. ഡോക്യുമെന്ററി സംവിധായികയാണ്. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് ടൈംസ് ഓഫ് ഇന്ത്യയില്‍ സാറ എഴുതിയ കുറിപ്പ് എന്റെ സഹപാഠിയും സാറയുടെ അമ്മയുമായ ഗീതാഞ്ജലി കുര്യന്റെ ഫേസ്ബുക് അക്കൗണ്ടില്‍ നിാണ് ഞാന്‍ വായിച്ചത്.തീക്ഷ്ണമായ ആ എഴുത്തിനു പിന്നില്‍ ഇരുപതു വര്‍ഷത്തോളം വിഷാദ രോഗവുമായി മല്ലിട്ട ഒരു പെൺകുട്ടിയുടെ മുറിവടയാളങ്ങളുണ്ട്. വിയര്‍പ്പും തളര്‍ച്ചയുമുണ്ട്. കണ്ണീരും വിവേകവുമുണ്ട്.പക്ഷെ അത് വായിച്ച ഉടനെ എന്നിലേക്ക് പ്രസരിച്ചതു ജീവിതത്തോടുള്ള അദമ്യമായ സ്‌നേഹമാണ്. അതിജീവിക്കുവാനുള്ള മനുഷ്യന്റെ ത്വരയാണ്. ആ രോഗവുമായി ഓരോ നിമിഷവും ഏറ്റുമുട്ടുന്ന അനവധി സഹപീഡിതരോടുള്ള അഗാധമായ സഹാനുഭൂതിയാണ്. ഈ രോഗത്തിന്റെ വിങ്ങലുകള്‍ ഇത്ര മിഴിവോടെ, അലിവോടെ വരച്ചിടുന്ന എഴുത്തുകള്‍ ഞാന്‍ അധികം കണ്ടിട്ടില്ല. ശൈലിയിലും സമീപനത്തിലും അനന്യത സ്ഫുരിക്കുന്ന സാറയുടെ ചിന്തകളെ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യാന്‍ ഞാന്‍ ശ്രമിക്കുന്നത് ഈ എഴുത്തിന്റെ മികവ് കൊണ്ട് മാത്രമല്ല. എന്നെ അമ്പരപ്പിച്ചു കൊണ്ട് മിടുക്കരായ ഒരുപാട് വിദ്യാര്‍ഥികള്‍ ഈ രോഗത്തിന്റെ പിടിത്തത്തില്‍ നിന്ന് കുതറാനാകാതെ എനിക്ക് മുന്നില്‍ വന്നു നിറഞ്ഞ കണ്ണുകളോടെ ഇരുന്നിട്ടുണ്ട്. അവര്‍ക്ക് മുന്നില്‍ നിസ്സഹായയായി, ഒരു സിദ്ധാന്തത്തിന്റെയും പിന്‍ബലമില്ലാതെ ഹൃദയം നുറുങ്ങി ഞാന്‍ ഇരുന്നിട്ടുണ്ട്. സംഗീത ശ്രീനിവാസന്റെ ആസിഡ് എന്ന നോവലില്‍ ഡിപ്രൂ എന്ന അരുമപ്പേരിട്ടു വിളിക്കാന്‍ മാത്രം മലയാളിക്കും ഈ അവസ്ഥ സുപരിചിതമാണ്. സാറയുടെ ആത്മകഥനം അതിന്റെ ദൈനംദിനതയിലേക്കു നമ്മെ ഉണര്‍ത്തുകയാണ്.


കേരളത്തിലേക്കുള്ള എന്റെ മടക്കത്തിനൊപ്പം തന്നെ മറ്റു പ്രദേശങ്ങളെ പോലെ നാട്ടിലും സംഭവിച്ച ലോക്ഡൗൺ കാലം ഞാന്‍ ചിലവിട്ടത്, ഭയാനകവും ദാരുണങ്ങളുമായ വാര്‍ത്തകളിലൂടെ ദിവസങ്ങളോളം കണ്ണോടിച്ചു കൊണ്ടാണ്. എന്തുകൊണ്ടോ സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തെ പോലെ വ്യക്തിപരമായി എന്നെ പിടിച്ചുകുലുക്കിയ മറ്റൊുമില്ല.അതിനെ പിന്തുടര്‍ന്നുണ്ടായ ദേശീയ തലത്തില്‍ തന്നെയുള്ള കോലാഹലങ്ങള്‍ വളരെ ധാര്‍മികവും നൈതികവും ആയിരുങ്കെിലും, മാനസിക ആരോഗ്യത്തെകുറിച്ചുള്ള യാഥാര്‍ഥ്യങ്ങള്‍ കുറെ തെറ്റിധാരണകളില്‍ കുഴഞ്ഞു മറിയുകയായിരുന്നു എന്ന് തോന്നുന്നു.

വിഷാദരോഗവും ഞാനും പഴയ ചങ്ങാതിമാരാണ്. മൂന്നു ദശകങ്ങളായി അവള്‍ എന്റെ വിശ്വസ്ത സുഹൃത്താണ്. ഞാനും അവളും ഒരു വീടും ഒരു ഹൃദയവും ഒരു തലച്ചോറും പങ്കു വെക്കാത്ത ഒരു കാലം ഇനെിക്കു ഓര്‍മയില്ല. പക്ഷെ ഞാനും അവളും തമ്മിലുള്ള ബന്ധം വളരെ ആരോഗ്യകരമാണെു പറഞ്ഞു കൂടാ. അനവധി തവണകള്‍ എന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയും, വെറും നിമിഷങ്ങളുടെ പഴുതില്‍ ഞാന്‍ അവളെ അതിനു അനുവദിക്കാതിരിക്കുകയും ചെയ്തതിനു ശേഷം, എങ്ങിനെയാണ് അത് ആരോഗ്യകരമാവുക? മരുന്ന് കഴിച്ചു അവളെ ഇല്ലാതാക്കാന്‍ ഞാന്‍ ശ്രമിക്കുതില്‍ അവള്‍ അത്ര ഹരം കൊള്ളാന്‍ വഴിയില്ല. അതല്ലെങ്കില്‍ എന്നെ വെറുതെ വിടാന്‍ പറഞ്ഞു കൊണ്ട് ഞാന്‍ അപേക്ഷിക്കും, അവളെ തൊഴിക്കും, നിലവിളിക്കും. എനിക്കല്പം സമാധാനം തരൂ ഒരു ദിവസത്തേക്ക്, ഉദാര മനസ്ഥിതി ഉണ്ടെങ്കില്‍ ഒരാഴ്ച. ഇടക്കൊക്കെ അവള്‍ സഹകരിക്കാറുണ്ട്.

പക്ഷെ അത് നീണ്ടു നില്‍ക്കില്ലെന്നു ഞങ്ങള്‍ രണ്ടു പേര്‍ക്കും അറിയാം. അവള്‍ക്കു പോകാന്‍ വേറെ ഇടമില്ല. അവളുടെ വാസം എനിക്കുള്ളിലാണ്. എന്റെ തലക്കകത്ത്.എന്റെ മനസ്സില്‍, എന്റെ വീട്ടില്‍. അവളില്ലാത്ത എന്റെ രൂപം എന്തായിരിക്കും, പെരുമാറ്റം എങ്ങിനെയിരിക്കും, ശബ്ദം എങ്ങിനെയായിരിക്കും എന്ന് അറിയാന്‍ പറ്റാത്ത വിധം അവള്‍ എന്റെ കൂടെ അത്ര നീണ്ട കാലം ജീവിച്ചിരിക്കുന്നു. എവിടെയോ ഒരു ബദല്‍ യാഥാര്‍ഥ്യത്തില്‍, എനിക്ക് നഷ്ടപ്പെട്ടു പോയ എന്റെ ആദ്യ പതിപ്പുണ്ട്. വിഷാദരോഗത്തെ കണ്ടുമുട്ടാത്ത എന്റെ പതിപ്പ്. ഞാന്‍ ഉള്ളത് കൊണ്ട് മാത്രം സാക്ഷാത്കരിക്കപ്പെടാത്ത എന്റെ പതിപ്പ്. എനിക്ക് ആ പെകുട്ടിയെ കാണണമെന്നുണ്ട്. എനിക്ക് ആകാന്‍കഴിയാത്ത, എന്നാല്‍ ഞാന്‍ എന്തൊക്കെ സ്വയം ആകണമെന്ന് ആഗ്രഹിക്കുന്ന ആളാണോ അവള്‍ എന്ന് എനിക്കറിയണമെുണ്ട്.


അവളുടെ ആദ്യ കാല കഴിവുകളുടെ ഭാരം അവള്‍ അനായാസമായി പേറിയിരുന്നോ എന്നെനിക്കു അറിയണമെന്നുണ്ട്. അവളുടെ കുടുംബത്തിന് അഭിമാനിക്കാനായി അവള്‍ തന്റെ ജീവിതം കൊണ്ട് എന്തെങ്കിലും ചെയ്‌തോ എന്ന് അറിയണമെുണ്ട്. അവളുടെ ജീവിതം കൊണ്ട് എന്തെങ്കിലും അവള്‍ക്കു ചെയ്യാന്‍ കഴിഞ്ഞോ എന്ന് അറിയണമെന്നുണ്ട്. അവള്‍ പ്രണയിച്ചിരുന്നോ? വിവാഹം ചെയ്‌തോ? അവള്‍ക്കു കുഞ്ഞുങ്ങള്‍ ഉണ്ടായോ? ഒരു തകര്‍പ്പന്‍ ഉദ്യോഗം? അവള്‍ ഒരു ഭ്രമകല്‍പനയാണ്. ഞാന്‍ അവളെക്കുറിച്ചു സ്വപ്നം കാണുന്നു. ചിലപ്പോള്‍ ഞാന്‍ അവളാണെു നടിക്കുന്നു. ഞാന്‍ ഈ ലോകത്തിന്റെ മുന്നിലേക്ക് വെക്കാന്‍ ശ്രമിക്കുന്ന വ്യക്തിത്വം അവളുടേതാണ്.


വളരെ അനായാസമായി നിരപ്പായ തറയിലൂടെ മറ്റുള്ളവര്‍ നടക്കുമ്പോള്‍ ഏതു നിമിഷവും നിലംപതിക്കാവുന്ന കിഴുക്കാം തൂക്കായ പാറയില്‍ കയറാത്ത പെൺകുട്ടി. ഉറക്കത്തിന്റെയും ഉണരലിന്റെയും അനന്തമായ ചക്രത്തിലൂടെ തന്റെ ബെഡ്‌റൂമില്‍ ജീവിക്കാത്ത പെൺകുട്ടി. തന്റെ വൈകാരിക ഊര്‍ജ്ജത്തിന്റെ ശേഖരമെല്ലാം പല്ലു തേക്കാനും കുളിക്കാനും ചിലവാക്കാത്ത പെൺകുട്ടി. ഭക്ഷണം കഴിക്കാന്‍ മറക്കാത്ത പെൺകുട്ടി. പൊതുജനത്തിന് മുന്നില്‍ തന്റെ തീവ്രമായ ഉത്കണ്ഠകളെയും പൊട്ടിക്കരച്ചിലുകളെയും മറച്ചു പിടിക്കേണ്ടി വരാത്ത പെൺകുട്ടി. ജനങ്ങളെ വിസ്മയിപ്പിക്കുന്ന പെൺകുട്ടി. ഞാന്‍ ഒരിക്കലും വിസ്മയിപ്പിച്ചിട്ടില്ല. അത് രസകരമായിരിക്കും എന്ന് ഞാന്‍ സങ്കല്പിക്കാറുണ്ട്. അതിനു മാത്രമേ എനിക്ക് കഴിയൂ. ഞാന്‍ ആയേക്കാമായിരുന്ന എന്നെ സങ്കല്‍പ്പിക്കുക.


നിങ്ങളോട് വിഷാദരോഗം ചെയ്യുന്നത് അതാണ്. നിങ്ങളെ നിങ്ങളാക്കുന്ന എന്തിനെയും ഏതിനെയും അത് കാർന്നു തിന്നുന്നു. നിങ്ങളെക്കാള്‍ കൂടുതലായി അത് മാത്രം ബാക്കി ആവുന്നത് വരെ. നിങ്ങള്‍ ഒരു വ്യക്തി അല്ലാതാകുന്നതു വരെ, നിങ്ങളെ ഒരു വ്യക്തി ആക്കുന്ന എല്ലാത്തിനെയും അത് ഉരിഞ്ഞെടുക്കുന്നു. ഈ രോഗവും ഒത്തുള്ള ഒരു ജീവിതത്തില്‍ രേഖീയമായി ഒന്നും തന്നെയില്ല. എല്ലാം ശുഭമായി അവസാനിക്കുതിനു മുന്‍പുള്ള ഒരു മഹത്തായ സമരമല്ലിത്. ആകെ കുഴഞ്ഞു മറിഞ്ഞ സങ്കീര്‍ണമായ, ശാരീരികമായി വേദനാജനകമായ ഒരു അവസ്ഥയാണത്. ഒരു ദിവസം നിങ്ങള്‍ കൊടുമുടിയുടെ ഉയരത്തിലാണെങ്കില്‍ അടുത്ത ദിവസം കിഴുക്കാംതൂക്കായ പാറയുടെ താഴെയായിരിക്കും. ഇതില്‍ ഒരു ക്രമമോ യുക്തിയോ ഇല്ല. എന്റെ മാതാപിതാക്കള്‍ക്ക് എന്നെ നഷ്ടപ്പെടുതിന്റെ വളരെ അടുത്ത് അവര്‍ എത്തിയിരുന്നു എന്ന അറിവില്‍ നിന്ന്, അവരെ സംരക്ഷിക്കാനുള്ള വിചിത്രമായ ശ്രമത്തില്‍ ഞാന്‍ എത്രമാത്രം ആ വീഴ്ചയെ ഉള്‍ക്കൊണ്ടിരുന്നു എന്ന് മനസ്സിലാക്കാം. മറ്റൊരു താങ്ങുമില്ലാതെ തന്നെ എന്റെ അലക്ഷ്യമായ ജീവിതം അവരെ വേണ്ടത്ര വേദനിപ്പിച്ചതല്ലേ? എന്തായാലും എനിക്ക് മരിക്കണമെില്ല. ഞാന്‍ യുക്തിപൂര്‍വം വാദിച്ചു.ഞാന്‍ ഉണ്ടായിരിക്കരുത് എന്ന് മാത്രമാണ് ഞാന്‍ ആഗ്രഹിക്കുത്. ആത്മഹത്യയെ കുറിച്ചുള്ള ചിന്തകളോ അഥവാ ആ പ്രവൃത്തി തന്നെയോ ഒരു ഒളിച്ചോട്ടമോ, ആത്മബലം ഇല്ലായ്മയോ അല്ല. ഈ അസ്തിത്വത്തിന്റെ ഭാരത്താലുള്ള കുഴഞ്ഞു വീഴലാണ്.

ഈ ജീവിതം ഉല്‍ക്കടമായ വേദനയും, പീഡനവും ആകുമ്പോള്‍ പിന്നെ ആകെയുള്ള യുക്തിസഹമായ പരിഹാരം ജീവിക്കാതിരിക്കുക എതാണ്. നമ്മുടെ സൗത്ത് ഏഷ്യന്‍ സമൂഹത്തിനുള്ളില്‍ നമ്മള്‍ വേണ്ട വിധം മാനസിക ആരോഗ്യത്തെ കുറിച്ച് സംസാരിക്കാറില്ല. ഒരു വിലക്ക്, ഒരു തമാശ ടാബ്ലോയിഡുകളിലെ എരി കേറ്റുന്ന ഒരു വാര്‍ത്ത എന്ന ഈ അവസ്ഥ മാറേണ്ടതുണ്ട്. നിങ്ങള്‍ ഇത് വായിക്കുകയാണെങ്കില്‍ ഞാന്‍ നിങ്ങളെ പോലെ ആണെന്നതും, ഞാന്‍ ഇപ്പോഴും ഇവിടെ തന്നെയുണ്ട് എന്നതും നിങ്ങള്‍ക്ക് ഒരു ആശ്വാസം ആവട്ടെ എന്ന് ഞാന്‍ പ്രത്യാശിക്കുന്നു. ഞാന്‍ ഒരു യോദ്ധാവോ സൂപ്പര്‍ നായികയോ അല്ല. ഏറ്റവും അപഹാസ്യമാം വണ്ണം ഒരു മനുഷ്യനാണ്. ഒരു വിധം, വൈകാരിക സ്ഥിരത ഉണ്ടാക്കി എടുക്കാന്‍ എനിക്ക് മരുന്നുകള്‍ കഴിക്കേണ്ടി വന്നിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് അത് തെറാപ്പി ആയിരിക്കാം. സഹായം തേടാതിരിയ്ക്കാന്‍ തക്കവണ്ണം അപ്രധാനമാണ് നിങ്ങള്‍ എന്ന് നിങ്ങളുടെ ബുദ്ധി നിങ്ങളെ വിശ്വസിപ്പിക്കാതിരിക്കട്ടെ. നിങ്ങള്‍ പ്രധാനമാണ്. കാരണം നിങ്ങള്‍ ജീവിച്ചിരിപ്പുണ്ട് എന്നത് തന്നെയാണ്.

 

ജാനകി
കോഴിക്കോട് സര്‍വ്വകലാശാല
ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപിക

COMMENTS

COMMENT WITH EMAIL: 0