ഇന്ത്യയില്‍ സ്ത്രീപ്രസ്ഥാനങ്ങള്‍ ലിംഗവിവേചനങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും എതിരെ തങ്ങളുടെ പ്രതിഷേധസ്വരമുയര്‍ത്താന്‍ തുടങ്ങിയിട്ട് ദശാബ്ദങ്ങളായി. ഇതിന്റെ ഗുണം ഇന്നത്തെ സര്‍ക്കാര്‍ നയങ്ങളിലും നിയമനിര്‍മ്മാണങ്ങളിലും പ്രാദേശിക തിരഞ്ഞെടുപ്പുകളിലും മറ്റും ഏറെക്കുറേ പ്രകടമാണ്. സമൂഹത്തിന്റെ നാനാതുറകളിലും നടമാടിക്കൊണ്ടിരുന്ന അനീതികള്‍ക്കും അക്രമണങ്ങള്ക്കുമെതിരെയും മറ്റും പോരാടുമ്പോള്‍ തന്നെ എന്തുകൊണ്ട് അക്കാദമിക ജ്ഞാനമണ്ഡലങ്ങളിലും സ്കൂള്‍ വിദ്യാഭ്യാസ മേഖലകളിലും സ്ത്രീകളുടെ അനുഭവങ്ങളോ ചരിത്രമോ ഒരു ഭാഗമായിപോലും കാണുന്നില്ല, അല്ലെങ്കില്‍ പഠന വിഷയമായി മാറുന്നില്ല എന്ന ചോദ്യങ്ങള്‍ കൂടി പലപ്പോഴും ഉയര്‍ന്നുവന്നിരുന്നു. സമൂഹത്തില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന അടിച്ചമര്‍ത്തലുകളേയും അവഗണനകളേയും ലിംഗവിവേചനങ്ങളെയും മറ്റും മനസ്സിലാക്കാന്‍ നിലവിലുള്ള അക്കാദമിക വിഷയങ്ങള്‍ പര്യാപ്തമല്ല എന്നും സാമൂഹിക-ശാസ്ത്ര വിഷയങ്ങള്‍ ഇതുവരെ പുരുഷന്റെ അറിവിനേയും അനുഭവത്തേയും ചരിത്രത്തേയും മാത്രം രേഖപെടുത്തുന്ന ഒന്നായിരുന്നെന്നും അതിനാല്‍ ഇതിനൊരു മാറ്റം വേണമെന്നും സ്ത്രീപ്രസ്ഥാനങ്ങളിലെ സ്ത്രീകള്‍ വാദിക്കാന്‍ തുടങ്ങി. ഇത്തരം അദൃശ്യവല്ക്കരണത്തിനെതിരെ നടന്ന പോരാട്ടത്തിന്റെ ഭാഗമായാണ് സ്ത്രീപഠനം ഒരു വിഷയമായി ഉയര്‍ന്നു വരുന്നതും സമൂഹത്തില്‍ സ്ത്രീകള്‍ വഹിക്കുന്ന പങ്കിനെപ്പറ്റി മറ്റ് സാമൂഹിക ശാസ്ത്ര വിഷയങ്ങളില്‍ അറിഞ്ഞു കൊണ്ടുള്ള ഇടപെടലുകള്‍ നടന്നതും. പാശ്ചാത്യ മിഷണറിമാരുടേയും ദേശീയ പരിഷ്കരണ പ്രസ്ഥാനക്കാരുടെയും ഇടയില്‍ പെട്ട ഇന്ത്യന്‍സ്ത്രീയെ മനസ്സിലാക്കാന്‍ ഒരുപാട് പഠനങ്ങള്‍ ഫെമിനിസ്റ്റ് ഗവേഷകര്‍ നടത്തിയിട്ടുണ്ട്. ഇത്തരം ശ്രമങ്ങളിലൂടെ സ്ത്രീവിദ്യാഭ്യാസത്തെ മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോള്‍ മനസ്സിലാകുന്നത് ഇന്ത്യന്‍ സ്ത്രീകളുടെ പദവിയും വിദ്യാഭ്യാസവും തമ്മില്‍ അഭേദ്യമായ ബന്ധം ഉണ്ടെന്നാണ്. കൊളോണിയല്‍ കാലഘട്ടത്തിലെ നവോത്ഥാന ദേശീയ പരിഷ്കരണ പ്രസ്ഥാനങ്ങള്‍ ഇത് സാധൂകരിക്കുന്നുണ്ട്. ഇന്ത്യന്സ്ത്രീപ്രസ്ഥാനങ്ങള് പോലും ഇത്തരം ചലനങ്ങളുടെ ഫലമായുണ്ടായതാണ്.
പാഠപുസ്തകങ്ങളും ലിംഗവിവേചനങ്ങളും
പാഠപുസ്തകങ്ങളില്‍ കൂടി നാം ചെറുപ്പം തൊട്ടേ ആര്യഭട്ടനെയും, രാമാനുജനേയും ഐസക്ക് ന്യുട്ടനെയും ഐന്‍സ്റ്റീനേയും മറ്റും പഠിക്കുമ്പോള്‍ എന്തുകൊണ്ട് വാനനിരീക്ഷകയും പ്രധാനപ്പെട്ട ഗണിതശാസ്ത്ര ആശയങ്ങള്‍ക്ക് രൂപം കൊടുക്കുകയും ചെയ്ത ലീലാവതിയെപ്പറ്റി പഠിക്കുന്നില്ല? അല്ലെങ്കില്‍ ലോകഗണിതശാസ്ത്രത്തിന് തന്നെ ഒരുപാട് സംഭാവന ചെയ്ത ഹൈപേഷ്യയെ കുറിച്ച് പഠിക്കുന്നില്ല എന്നാലോചിക്കുമ്പോള്‍ അറിഞ്ഞുകൊണ്ടുള്ള തമസ്ക്കരണം തന്നെയായിരുന്നു നടന്നത് എന്ന് വ്യക്തമാണ്. സ്ത്രീകള്‍ ശാസ്ത്രജ്ഞരോ മറ്റോ ആയിത്തീരുവാന്‍ ഉള്ള കഴിവില്ലാഞ്ഞിട്ടല്ല ഇതെന്നതും അര്‍ത്ഥശങ്കയില്ലാത്ത വസ്തുതയാണ്. സ്കൂള്‍ പാഠപുസ്തകങ്ങളില്‍ ലിംഗ വിവേചനങ്ങള്‍ നിറഞ്ഞ ഉള്ളടക്കങ്ങളാണുള്ളത് എന്നതിന് തെളിവ് ഇപ്പോഴും മാറാത്ത സിലബസുകള്‍ ആണ്. സ്ത്രീകള്‍ ശുശ്രൂഷകരായും അമ്മമാരായും ഉള്ള ചിത്രങ്ങളും മറ്റുമാണ് ഇന്നും നമുക്ക് കാണാന്‍ കഴിയുക. നഴ്സ്, ടീച്ചര്‍, ഡോക്ടര്‍ തുടങ്ങിയവ സാധാരണ സ്ത്രീകള്‍ ചെയ്യുന്ന തൊഴിലുകളായും പോലീസ്, പോസ്റ്റ്മാന്, ഡ്രൈവര്‍ തുടങ്ങിയവ പുരുഷ തൊഴിലുകളുമായാണ് ചിത്രീകരിക്കാറ്. ഇത്തരം ചിത്രീകരണങ്ങളില്‍ പലപ്പോഴും സ്ത്രീകള്‍ വീടുകളില്‍ തന്നെ ചെയ്യുന്ന തൊഴിലുകളുടെ തുടര്‍ച്ച പേറുന്ന തൊഴിലുകളാണ് അവരുടെ പ്രൊഫഷനായി കാണിക്കുന്നത്. സ്ക്കൂള് പാഠപദ്ധതികളില്‍ ഉള്‍ചേര്‍ക്കുന്ന ഇത്തരം വിവേചനാത്മകമായ കാര്യങ്ങള്‍ ഒരു മാറ്റവും കൂടാതെ ഇന്നും നിലനില്ക്കുന്നു എന്നത് തികച്ചും ലജ്ജാകരമായ കാര്യമാണ്. ഇനിയെങ്കിലും ബോധപൂര്‍വ്വമായ ഇടപെടലുകള്‍ ഇതിനെതിരെ നടന്നില്ലെങ്കില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കും ‘റെഡി റ്റൂ വെയിറ്റ്’, ‘നാമജപ ഘോഷയാത്ര’കള്‍ തുടങ്ങിയ പേക്കൂത്തുകള്‍ക്കും നവോത്ഥാന കേരളമെന്ന് നാം വിശ്വസിക്കുന്ന ഇടം വീണ്ടും സാക്ഷിയാകേണ്ടിവരും.
ഇന്ത്യന്‍ ഭരണഘടന ലിംഗസമത്വം ഉറപ്പ് വരുത്തുന്നുണ്ടെങ്കിലും ഇതിനു നേര്‍വിപരീതമായി വര്‍ത്തിക്കുന്ന ഒന്നാണ് കുടുംബം എന്ന വ്യവസ്ഥ. ഇന്ന് പാഠപുസ്തകങ്ങളിലും പൊതുമണ്ഡലത്തിന്റെ നാനാതുറകളിലും ഉള്ള ലിംഗാസമത്വത്തിനു കാരണം മാറാത്ത നമ്മുടെ വീട്ടകങ്ങള്‍ തന്നെയാണ്, സമൂഹം കാലാകാലങ്ങളായി തുടര്‍ന്ന് കൊണ്ടിരിക്കുന്ന ഘടനാപരമായ പ്രശ്നങ്ങള്‍ തന്നെയാണ് വീട്ടകങ്ങള്‍ പരിവര്‍ത്തന വിധേയമാകാതെ ഇന്നും നിലനില്‍ക്കുന്നതിന് പിന്നില്‍. പള്ളിക്കൂടങ്ങളിലേക്കും ആരാധനാലയങ്ങളിലേക്കും പൊതു നിരത്തുകളിലേക്കും ജാതിഭേദമന്യേ മനുഷ്യരെ ചേര്‍ത്ത് നിര്‍ത്തുന്നതിനു വേണ്ടി ശബ്ദമുയര്‍ത്തിയ സാമൂഹികപരിഷ്കരണപ്രസ്ഥാനങ്ങള്‍ എന്തുകൊണ്ട് കേരളത്തില്‍ മാതൃദായക സാമൂഹിക വ്യവസ്ഥയില്‍ സ്ത്രീകള്‍ അനുഭവിച്ചിരുന്ന സ്വത്തവകാശങ്ങള്‍ക്കും ലൈംഗികസ്വാതന്ത്ര്യങ്ങള്ക്കും എതിരെ വാചാലമായി എന്നതും ചിന്തിക്കേണ്ട കാര്യമാണ്. കേരളത്തിലെ പരിഷ്ക്കരണ പ്രസ്ഥാനങ്ങളുടെ ഫലം പുരുഷാധിപത്യ സദാചാര മൂല്യങ്ങളിലേക്ക് കൂപ്പുകുത്തിയ കുടുംബ/സാമൂഹിക വ്യവസ്ഥയായിരുന്നു. ഇതിനുശേഷം കേരളത്തില്‍ ഏകപതി/പത്നി സമ്പ്രദായവും സ്ത്രീകളുടെ സ്വത്ത് വിവാഹശേഷം വരന് നല്കുന്ന സ്ത്രീധനം എന്ന സമ്പ്രദായവും പ്രാബല്യത്തില്‍ കൊണ്ടുവന്നു. ഈ മാറ്റങ്ങള്‍ ഏറെക്കുറേ അക്കാലം തൊട്ടുള്ള സാഹിത്യ കലാസൃഷ്ടികളില്‍ വരെ പ്രകടമാണ്. ഇത്തരം സൃഷ്ടികളും അതിന്റെ തുടര്‍ച്ചകളും ഒക്കെ തന്നെയാണ് ഇന്നും സ്കൂള്‍ പാഠപുസ്തകങ്ങളില്‍ നിലനില്‍ക്കുന്നത്. ഇത്തരം സാഹിത്യ രചനകളാണ് കഥകളുടേയും കവിതകളുടേയും രൂപത്തില്‍ സ്ത്രീകളുടെ സേവനങ്ങളും ലൈംഗികതയും കുടുംബമെന്ന വ്യവസ്ഥിതിക്കുള്ളില്‍ നിയന്ത്രിക്കപ്പെടെണ്ടതാണെന്നും ചോദ്യം ചെയ്യപ്പെടാതെ ചൂഷണം ചെയ്യേണ്ട ഒന്നാണെന്നുമുള്ള രീതിയില്‍ തലമുറകളായി പറഞ്ഞു വരുന്നത്.
സ്ത്രീവിദ്യാഭ്യാസം കൊളോണിയല്‍ കാലഘട്ടത്തില്‍
പാഠപുസ്തക പദ്ധതികള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ തന്നെ അതീവ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ് ഇന്ത്യന്‍ സാഹചര്യത്തില്‍ എങ്ങിനെ സ്ത്രീ വിദ്യാഭ്യാസം പ്രാവര്‍ത്തികമാക്കപ്പെട്ടു എന്നതും അതിന് വഴിയൊരുക്കിയ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളും. കോളോണിയല്‍ കാലഘട്ടത്തില്‍ പത്തൊന്‍പത്, ഇരുപത് നൂറ്റാണ്ടുകളിലാണ് മിഷണറിമാരുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ക്ക് ഔദ്യോഗിക വിദ്യാഭ്യാസം നല്കാന് ആരംഭിച്ചത്. ഈസ്റ്റ് ഇന്ത്യ കമ്പനി ആദ്യ കാലങ്ങളില്‍ വ്യാപാര കാര്യങ്ങളില്‍ മാത്രം ശ്രദ്ധചെലുത്തിയപ്പോള്‍ മിഷണറിമാരാണ് ഇന്ത്യന്‍ സ്ത്രീകളുടെ താഴ്ന്ന പദവിയെപ്പറ്റി ശ്രദ്ധാലുക്കളായത്.
ഭര്‍ത്താവിന്റെ ചിതയിലേക്ക് ചാടി മരിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്ന വിധവകള്‍, ശൈശവ വിവാഹം, പെണ് ശിശുഹത്യ, നിര്‍ബന്ധിത വൈധവ്യം, പെണ്‍കുട്ടികളുടെ ഔദ്യോഗിക വിദ്യാഭ്യാസത്തിനു നേരെയുള്ള വിമുഖത, ജാതി വ്യവസ്ഥ, തുടങ്ങിയവകള്‍ ക്രിസ്ത്യന്‍ മിഷണറിമാരാല്‍ ശക്തമായി വിമര്ശിക്കപ്പെടിരുന്നു. അക്കാലത്തെ സാമൂഹ്യ മനോഭാവം ഒട്ടും തന്നെ സ്ത്രീ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിച്ചിരുന്നില്ല. അടുക്കളയിലിരിക്കേണ്ട പെണ്ണിന് എന്തിന് വിദ്യാഭ്യാസം എന്നതായിരുന്നു പൊതുമനോഭാവം. വിദ്യാഭ്യാസമുള്ള സ്ത്രീകള്‍ വിധവകള്‍ ആയിത്തീരുമെന്നും അന്യപുരുഷന്മാരുമായി അരുതാത്ത ബന്ധങ്ങളില്‍ ഏര്‍പ്പെടും എന്നുമായിരുന്നു പരക്കെ വിശ്വസ്സിച്ചിരുന്നത്. 1876-ല്‍ ബംഗാള്‍ എഴുത്തുകാരി രസസുന്ദരി ദേവി എഴുതിയ ‘അമോര്‍ ജീബന്‍’ (എന്റെ ജീവിതം) എന്ന ഇന്ത്യയിലെ തന്നെ ആദ്യത്തെ ആത്മകഥ, രസസുന്ദരി ദേവി എങ്ങിനെയാണ് അക്ഷരങ്ങള്‍ പഠിച്ചെടുത്തത് എന്നും ആരും കാണാതെ എങ്ങിനെയാണ് അതെഴുതുന്നതെന്നും വ്യക്തമാക്കുന്നുണ്ട്. ഇന്ത്യന്‍ സ്ത്രീകളുടെ അക്കാലത്തെ പദവി മനസ്സിലാക്കാന്‍ ഈ പുസ്തകം ഏറെ സഹായകമാണ്. ആദ്യകാലങ്ങളില്‍ വൈഷ്ണവ സ്ത്രീകള്‍ക്കും (മതപരമായ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍), ജന്മിമാരുടെ പെണ്‍കുട്ടികള്‍ക്കും വിധവകള്‍ക്കും (സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതിന്), ദേവദാസികള്‍, കൊട്ടാരം ഗായികമാര്‍ക്കും നര്‍ത്തകിമാര്‍ക്കും (സമൂഹത്തിലെ ബുദ്ധിമാന്മാരായ വരേണ്യ പുരുഷന്മാര് തുടങ്ങിയവര്‍ക്ക് മികച്ച കൂട്ടുകാര്‍ ആകുന്നതിനു വേണ്ടി) മാത്രമാണ് വിദ്യാഭ്യാസം നല്‍കിയത്. പിന്നീട് യൂറോപ്യന്‍ ക്രിസ്ത്യന്‍ മിഷണറി പ്രവര്‍ത്തകരുടെ ശക്തമായ പ്രേരണയാല്‍ ആണ് തങ്ങളുടെ കോളോണിയല്‍ ജനതയ്ക്ക് വിദ്യാഭ്യാസം നല്കാന് ഈസ്റ്റ് ഇന്ത്യ കമ്പനി തയ്യാറായത്.
അനാചാരങ്ങളില്‍ നിന്നും അറിവില്ലായ്മയില്‍ നിന്നും ഇന്ത്യക്കാരെ മോചിപ്പിച്ചു ക്രിസ്തുമതം പ്രചരിപ്പിക്കാമെന്നും യൂറോപ്യന്‍ മൂല്യങ്ങളില്‍ അധിഷ്ഠിതമായ വിദ്യാഭ്യാസം ലഭിച്ചാല്‍ ഇന്ത്യക്കാരെ കഴിവുറ്റ കോളോണിയല്‍ പ്രജകള്‍ ആക്കാമെന്നും, ബ്രിട്ടീഷ് ഭരണവുമായി ബന്ധപ്പെട്ട ജോലികളില്‍ ഇവര്‍ക്ക് ബ്രിട്ടീഷ് സര്‍ക്കാരിനെ സഹായിക്കാന്‍ ആകുമെന്നും മിഷണറിമാര്‍ കണക്ക് കൂട്ടിയതിന്റെ ഫലമാണ് ഇന്ത്യന്‍ വിദ്യാഭ്യാസത്തിന്റെ തുടക്കം. ആദ്യകാലങ്ങളില്‍ മിഷനറിമാര്‍ നടത്തിയിരുന്ന പെണ്‍കുട്ടികള്‍ക്കുള്ള സ്കൂളുകള്‍ക്കെതിരെ ശക്തമായ പൊതു എതിര്‍പ്പുണ്ടായിരുന്നു. ക്രിസ്തുമതം പ്രചരിപ്പിക്കുന്നു എന്നതായിരുന്നു ഇതിന് കാരണം. അക്ഷരമാല, എഴുത്തും വായനയും, കണക്ക്, പരിസ്ഥിതിപഠനം, പൊതുവിജ്ഞാനം, തുന്നല്‍പണികള്‍, ടൈലറിംഗ്, ബൈബിള്‍ പഠനം, ചരിത്രം തുടങ്ങിയവയായിരുന്നു മിഷണറി സ്കൂളുകളിലെ പാഠ്യപദ്ധതികള്‍. ക്രിസ്ത്യന്‍ പരിവര്‍ത്തനം നടത്തപ്പെട്ട പെണ്‍കുട്ടികള്‍ക്ക് വേണ്ടിയായിരുന്നു ബൈബിള്‍ ചരിത്രങ്ങളും മറ്റും. പള്ളിക്കൂടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം പല പെണ്‍കുട്ടികളും വിവാഹം കഴിച്ചു പോകാറായിരുന്നു പതിവ്. പെണ്‍കുട്ടികളെ സ്കൂളില്‍ എത്തിക്കാനും കൊഴിഞ്ഞുപോക്ക് തടയാനും മിഷനറിമാര്‍ അന്ന് ഏറെ കഠിനാധ്വാനം ച്ചെയ്യേണ്ടി വന്നിട്ടുണ്ട്. സ്ത്രീകളെ അധ്യാപികമാരാക്കുക, പെണ്‍കുട്ടികള്‍ക്ക് മാത്രമായി പ്രത്യേകം സ്കൂള്‍ തുടങ്ങുക എന്നിവയായിരുന്നു അവ. 1850 ആകുമ്പോഴേക്കും 384 മിഷണറി സ്കൂളുകള്‍ പെണ്‍കുട്ടികള്‍ക്ക് വേണ്ടി ഉണ്ടായിരുന്നു എന്ന് വീണ പുനച്ച(1999) ‘അണ്ടര്‍സ്റ്റാണ്ടിംഗ് വിമന്‍സ് സ്റ്റഡീസ്’ എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്. ഇത്തരം സ്കൂളുകള്‍ അധികവും പ്രാദേശിക ഭാഷകള്‍ ആണ് അധ്യയനത്തിനായി തിരഞ്ഞെടുത്തത്.
ഇന്ത്യയിലെ സാമൂഹിക പരിഷ്ക്കര്‍ത്താക്കള്‍ ആദ്യകാലങ്ങളില്‍ മിഷണറിമാരോട് അടുത്ത സൗഹാര്‍ദ്ദങ്ങള്‍ സൂക്ഷിച്ചിരുന്നവരായിരുന്നു. ദേശീയതാപ്രശ്നങ്ങള് ഉയര്‍ത്തിയ മത പരിവര്‍ത്തന വിഷയങ്ങള്‍ പരിഷ്ക്കര്‍ത്താക്കളെ ഇവരില്‍ നിന്നും പിന്നീട് അകറ്റുന്നതിന് കാരണമായി. അതിനാല്‍ ജ്യോതിഭ ഫൂലെയുടെയും മറ്റ് സാമൂഹിക പരിഷ്ക്കര്‍ത്താക്കളുടെയും വിദ്യാസമ്പന്നരായ സ്ത്രീകളുടേയും നേതൃത്വത്തില്‍ ആണ് സ്ത്രീ വിദ്യാഭ്യാസം ഇന്ത്യയില്‍ വളര്‍ച്ച പ്രാപിച്ചത്. ഇവരുടെ പ്രധാന ലക്ഷ്യം യൂറോപ്യന്‍ സമൂഹം ഇന്ത്യയെ പിന്നോക്കം എന്ന് വിളിച്ചാക്ഷേപിച്ച അജ്ഞതയേയും അനാചാരങ്ങളെയും പിഴുതെറിഞ്ഞ് സ്ത്രീകളുടെ പദവി ഉയര്‍ത്തുക എന്നതുമായിരുന്നു. നിര്‍ബന്ധിത വൈധവ്യം, സതി നിരോധനം, വിവാഹ പ്രായത്തിലുള്ള മാറ്റം തുടങ്ങിയവ ബംഗാള്‍, ബോംബേ, മദ്രാസ് എന്നീ പ്രസിഡന്സികളില് സ്ത്രീകളുടെ വിദ്യാഭ്യാസത്തിലേക്കുള്ള കടന്നു വരവിനെ കൂടുതല്‍ ഊര്‍ജ്ജമുള്ളതാക്കി. സ്ത്രീകള്‍ക്ക് കൂടുതല്‍ സ്കൂളുകളും, കോളേജുകളും മെഡിക്കല്‍ വിദ്യാഭ്യാസം തുടങ്ങിയവയും തുടങ്ങിയതിന് സാമൂഹിക പരിഷ്കര്‍ത്താക്കളുടെ പങ്ക് വലുതാണ്. വിവാഹം കഴിഞ്ഞു പോയ സ്ത്രീകള്‍ക്ക് വിദ്യാഭ്യാസത്തിലേക്ക് തിരിച്ചുവരാനും മറ്റും ഈ കാലഘട്ടത്തില്‍ കറസ്പോണ്ടന്‍സ് പഠനങ്ങളും ആരംഭിക്കയുണ്ടായി. മിഷണറിവിദ്യാഭ്യാസം നേടിയ പെണ്‍കുട്ടികള്‍ സ്ത്രീ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാന്‍ സ്കൂളുകള്‍ തുറന്നിരുന്നു. വിവാഹത്തിന് പോലും പിന്നീട് സ്ത്രീവിദ്യാഭ്യാസം യോഗ്യതയായി മദ്ധ്യവരേണ്യ വര്ഗ്ഗങ്ങള്ക്കിടയില് പോലും മാറുന്നതായാണ് കാണപ്പെട്ടത്. ആധുനിക ഇംഗ്ലീഷ് അഭ്യസ്തവിദ്യരായ ഇന്ത്യന്‍ യുവാക്കള്‍ക്ക് അവരുടെ പദവിക്കനുസരിച്ചുള്ള ഭാര്യമാര്‍ എന്നത് കുടുംബ യോഗ്യതയായി കണക്കാക്കപ്പെട്ടിരുന്നു. ആധുനിക പുരുഷന്റെ ഉത്തമ ഗൃഹസ്ഥയാകാനുള്ള സ്ത്രീകളെ വാര്‍ത്തെടുക്കുന്ന സ്കൂള്‍ പാഠ്യപദ്ധതികള്‍ക്ക് അന്നേ നല്ല പ്രചാരം ലഭിച്ചിരുന്നു. ഗൃഹശാസ്ത്രം, പാശ്ചാത്യ സംഗീതം, ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റ്, ഗാര്‍ഡനിംഗ്, തുടങ്ങിയവ ജനങ്ങളുടെ അവശ്യപ്രകാരം പാഠ്യപദ്ധതി പരിഷ്കരണങ്ങളില്‍ കോളോണിയല്‍ സര്‍ക്കാര്‍ ഉള്പെടുത്തുകയുണ്ടായി. ചന്ദു മേനോന്റെ ‘ഇന്ദുലേഖ’ എന്ന നോവലില്‍ ആധുനിക വിദ്യാഭ്യാസം നേടിയ നായര്‍ സ്ത്രീയെ ഇത്തരത്തില്‍ തന്നെ ചിത്രീകരിച്ചിട്ടുണ്ട്. ബ്രിട്ടീഷ് സര്‍ക്കാരിനു കീഴിലെ ഉന്നത തൊഴില്‍സാധ്യതകളും മറ്റും തദ്ദേശ ജനതയെ കൂടുതല്‍ പാശ്ചാത്യവിദ്യാഭ്യാസം നേടുന്നതിന് വേണ്ടി പ്രേരിപ്പിച്ചിരുന്നു. അത്തരം സമ്മര്‍ദ്ദങ്ങള്‍ കൂടുതല്‍ സര്‍ക്കാര്‍ സ്കൂളുകള്‍ ആരംഭിക്കുന്നതിനും പുതിയ വിദ്യാഭ്യാസ നയങ്ങള്‍ രൂപീകരിക്കുന്നതിനും ബ്രിട്ടീഷ് അഡ്മിന്സ്ട്രേഷനെ ചുമതലപ്പെടുത്തി. ഇത്തരം നയങ്ങള്‍ ഇന്ത്യന്‍ സ്ത്രീകളുടെ പദവി ഉയര്‍ത്തുന്നതിന് കുറച്ചൊന്നുമല്ല സഹായകമായത്.
പത്തൊമ്പത്, ഇരുപത് നൂറ്റാണ്ടുകളില്‍ ഇന്ത്യന്‍ സമൂഹത്തില്‍ നിലനിന്നിരുന്ന അനാചാരങ്ങളെയും അജ്ഞതയെയും തൂത്തെറിയുന്നതിനും സ്ത്രീകളുടെയും മറ്റ് അധ:കൃത വിഭാഗങ്ങളുടെയും നില മെച്ചപ്പെടുത്തുന്നതിനും വിദ്യാഭ്യാസം സഹായകമായിട്ടുണ്ട്. വിദ്യാഭ്യാസം ഇന്ത്യന്‍ സമൂഹത്തില്‍ നിലനിന്നിരുന്ന ജാതീയമായ ലിംഗ വിവേചനങ്ങളോട് സന്ധിയില്ലാസമരം ചെയ്യാന്‍ കൂടി സ്ത്രീകളെ പ്രാപ്തരാക്കിയിരുന്നു എന്നതിന് ഉദാഹരണമായിരുന്നു തിരുവിതാംകൂറില്‍ ചാന്നാര്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ നടന്ന മാറ് മറയ്ക്കല്‍ സമരം. സമരത്തിന് പിന്നില്‍ പള്ളികളും പള്ളിക്കൂടങ്ങളുമാണ് എന്ന് പറഞ്ഞ സവര്‍ണ്ണര്‍ അന്ന് നശിപ്പിച്ചത് മിഷനറിമാരുടെ മേല്‍നോട്ടത്തിലുള്ള സ്കൂളുകളായിരുന്നു. അടിച്ചമര്‍ത്തപ്പെട്ട സ്ത്രീകളെ മോചിപ്പിക്കുക എന്നാല്‍ അടിച്ചമര്‍ത്തുന്ന അധികാര ശ്രേണികളെ വെല്ലുവിളിക്കുക എന്ന് തന്നെയാണ് അര്‍ത്ഥം. അതിനാല്‍ തന്നെ അത്തരം ശ്രേണികള്‍ ഉല്പാദിപ്പിക്കുന്ന പ്രവണത പാഠപുസ്തകങ്ങളിലേയും സ്കൂള്‍ അന്തരീക്ഷങ്ങളിലെയും സാമൂഹിക വല്‍ക്കരണ പ്രക്രിയകളില്‍ നിന്നും തുടച്ച് നീക്കേണ്ടതുണ്ട്.
സൂചിക
തനിക സര്‍ക്കാര്‍ (1987) നാഷനലിസ്റ്റ് ഐകനോഗ്രാഫി: ഇമേജ് ഓഫ് വിമന്‍ ഇന്‍ 19 സെഞ്ചുറി ബംഗാളി ലിറ്ററേച്ചര്‍, ഇപിഡബ്ല്യു
തനിക സര്‍ക്കാര്‍ (1999) വേര്‍ഡ്സ് ടോ വിന്: ദി മേക്കിംഗ് ഓഫ് അമര്‍ ജീബന്‍ എ മോഡേണ്‍ ഓട്ടോ ബയോഗ്രഫി, കാളി ഫോര്‍ വിമന്‍, ന്യൂ ഡല്‍ഹി.
വീണ പുനച്ച (1999) അണ്ടര്‍ സ്റ്റാന്റിംഗ് വിമന്‍സ് സ്റ്റഡീസ്, റിസേര്‍ച് സെന്റര്‍ ഫോര്‍ വിമന്‍സ് സ്ടഡീസ്, എസ് എന്‍ ഡി റ്റി വിമന്‍സ് യുനിവേര്സിറ്റി.
കരുണ ചനന (2001) ഇന്ററോഗേറ്റിംഗ് വിമന്‍സ് എജുക്കേഷന്‍ ബൌണ്ട് വിഷന്‍സ്, എക്സ്പാന്റിംഗ് ഹൊറിസോണ്‍സ്, റാവത്ത് പബ്ലിക്കേഷന്‍സ്, ന്യൂ ഡല്‍ഹി.
ഹമീദ സി. കെ.
കോഴിക്കോട് സര്‍വകലാശാല സ്ത്രീപഠനവിഭാഗം
അസിസ്റ്റന്റ് പ്രൊഫസര്‍
COMMENTS