മുകളിലേക്ക് മാത്രം
പടരുന്ന വള്ളികളിലൊന്നിനെ
മണ്ണിലേക്ക് പടര്‍ത്തിവിട്ടു
അത് കല്ലില്‍ തട്ടി വീണു
നനവ് പറ്റി ചിരിച്ചു
ആഴങ്ങളിലെ വേരുകളതിനെ
സ്വപ്നം കാണിച്ചു വിളിച്ചു
മണ്ണിലൂടെ ഊളിയിട്ട്
വള്ളി തിരഞ്ഞുകൊണ്ടേയിരുന്നു
ദിശതെറ്റിയെന്ന് പേടിച്ചു
വേര് സര്‍വ്വവ്യാപിയെന്ന് സമാധാനിച്ചു
അവസാനമതൊരു വേരറ്റത്ത് ചെന്നുമുട്ടി.
കണ്ടാലറിയാത്ത അനേകം ജന്മങ്ങളിലവര്‍
വേരും വള്ളിയുമായിരുന്നിരിക്കണം
രണ്ടാമതൊന്നാലോചിക്കാതെ
വള്ളി തന്‍റെ പച്ചപ്പിനെ വേരിലേക്ക് പകര്‍ന്നു.
മണ്ണിനുമുകളില്‍ കാടുകള്‍ കുളിരുകൊണ്ടു.
സൂര്യജ എം.
ഗവേഷക, മലയാള-കേരളപഠന വിഭാഗം, കാലിക്കറ്റ് യൂണിവേഴ്സിറ്റി
COMMENTS