Homeശാസ്ത്രം

വെറിന മൊഹോപ് -ആര്‍ട്ടിക് പര്യവേക്ഷക സംഘത്തിനു കരുത്തു പകര്‍ന്ന വനിത

സീമ ശ്രീലയം

 

ഒരിക്കല്‍ ഗവേഷണത്തിനിടെ ആര്‍ട്ടിക് സമുദ്രത്തിലെ ഒരു മഞ്ഞുപാളിയില്‍ കുടുങ്ങിക്കിടക്കുമ്പോഴാണ് ഒരു ഭീമന്‍ ധ്രുവക്കരടി മണം പിടിച്ച് ആ ഗവേഷകരെ തുറിച്ചു നോക്കി നിന്നത്. എങ്ങോട്ടെങ്കിലും ഓടുന്നതോ ശബ്ദമുണ്ടാക്കുന്നതോ അപകടത്തിലേക്ക് നയിക്കുമെന്നുറപ്പ്. സമചിത്തതയോടെ ആ സന്ദര്‍ഭം കൈകാര്യം ചെയ്യുകയും സഹ ഗവേഷകരെ രക്ഷിക്കുകയും ചെയ്തത് ഒരു വനിതയായിരുന്നു! അല്പം അകലെയുള്ള തങ്ങളുടെ പര്യവേക്ഷണക്കപ്പലിലേക്ക് അവര്‍ അപായ സന്ദേശമയച്ചു. വേണ്ടി വന്നാല്‍ തോക്കുപയോഗിക്കാന്‍ സജ്ജയായി നിന്നു. എന്തായാലും വൈകാതെ എത്തിച്ചേര്‍ന്ന ഹെലികോപ്റ്ററില്‍ കയറി അവര്‍ രക്ഷപ്പെട്ടു.ആര്‍ട്ടിക്കിലെ അതിശൈത്യം, ഹിമക്കരടികള്‍, തെന്നി നീങ്ങുന്ന മഞ്ഞുപാളികള്‍ , ദുഷ്ക്കരമായ കാലാവസ്ഥ, അപ്രതീക്ഷിത വെല്ലുവിളികള്‍ ഇതൊക്കെ നേരിടാന്‍ ഒരു ഗവേഷക സംഘത്തെ പ്രാപ്തമാക്കിയ ഈ വനിത ആരാണെന്നോ? വെറിന മൊഹോപ് ആണ് ആ ധീര വനിത. 2020-ല്‍ ശാസ്ത്ര രംഗത്തു ശ്രദ്ധേയരായ പത്തു പേരുടെ ലിസ്റ്റ് വിഖ്യാത ശാസ്ത്ര ജേണല്‍ ആയ നേച്ചര്‍ തയ്യാറാക്കിയപ്പോള്‍ അതില്‍ ധ്രുവപ്രദേശത്തെ വലിയൊരു ഗവേഷക സംഘത്തിന്‍റെ മേല്‍നോട്ടച്ചുമതലയുള്ള വെറിനയും ഉള്‍പ്പെട്ടിരുന്നു.
ആര്‍ട്ടിക്കിലെ കാലാവസ്ഥയെക്കുറിച്ചും കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ചും ആഗോള താപന ഫലമായുള്ള മഞ്ഞുരുകലിനെക്കുറിച്ചുമൊക്കെ പഠിക്കാനായി 2019 ലാണ് മൊസെയ്ക് (മള്‍ട്ടി ഡിസിപ്ലിനറി ഡ്രിഫ്റ്റിങ് ഒബ്സര്‍വേറ്ററി ഫോര്‍ ദ സ്റ്റഡി ഓഫ് ആര്‍ട്ടിക് ക്ലൈമറ്റ്) എന്ന അതിസാഹസികവും അപൂര്‍വ്വവുമായ ഒരു ഗവേഷണ പ്രോജക്റ്റ് ആരംഭിക്കുന്നത്. 2019-ന്‍റെ അവസാനം തുടങ്ങിയ , ഒരു വര്‍ഷം നീളുന്ന ഈ ആര്‍ട്ടിക് പര്യവേക്ഷണ പ്രോജക്റ്റിന്‍റെ ലോജിസ്റ്റിക് കോര്‍ഡിനേറ്റര്‍ ആയിരുന്നു വെറിന. വെല്ലുവിളികളുടെ ഒരു വലിയ നിര തന്നെയുണ്ടായിരുന്നു ഈ ഗവേഷക സംഘത്തിനു മുന്നില്‍. വെറിനയുടെ യുക്തിപൂര്‍വ്വമുള്ള തീരുമാനങ്ങളും ആത്മവിശ്വാസവും തീവ്ര പരിശീലനവുമാണ് ഗവേഷക സംഘത്തിന് കരുത്തു പകര്‍ന്നത്. ഗവേഷണങ്ങള്‍ക്കിടെ കൊടും ശൈത്യം വകവയ്ക്കാതെ കടലിലേക്ക് ഇറങ്ങുകയും മഞ്ഞുപാളികള്‍ മുറിക്കുകയും നിരീക്ഷണങ്ങള്‍ രേഖപ്പെടുത്തുകയും ഒക്കെ ചെയ്യേണ്ടതുണ്ടായിരുന്നു.
ജര്‍മ്മനിയിലെ ആല്‍ഫ്രഡ് വെഗ്നര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പര്യവേക്ഷണക്കപ്പല്‍ ഒരു വലിയ മഞ്ഞുപാളിയില്‍ തട്ടി ഉറച്ചു പോയതോടെയാണ് വെറിന മൊഹോപ്പിന്‍റെ സാഹസിക ദൗത്യം തുടങ്ങുന്നത്. മഞ്ഞുപാളിയുടെ നീക്കത്തിനനുസരിച്ച് നീങ്ങുന്ന ഈ കപ്പലില്‍ മുന്നൂറോളം ഗവേഷകരാണ് പല തവണയായി എത്തിച്ചേരുകയും കാലാവസ്ഥാ പഠനങ്ങള്‍ നടത്തുകയും ചെയ്തത്. ആഗോളതാപനവും ആര്‍ട്ടിക്കിലെ ഹിമശോഷണവും ആഗോള കാലാവസ്ഥയില്‍ ഇതുണ്ടാക്കുന്ന വ്യതിയാനങ്ങളുമൊക്കെ വിശദമായി പഠിക്കുകയായിരുന്നു പര്യവേക്ഷണ ലക്ഷ്യം. മാസങ്ങളോളം ഇരുട്ടില്‍ ആയിരുന്നു പര്യവേക്ഷണം. അതിനിടയില്‍ കൊടുങ്കാറ്റ്, മഞ്ഞുപാളിയിലെ വിള്ളല്‍ തുടങ്ങിയ പ്രശ്നങ്ങളും കപ്പലിനു വന്‍ ഭീഷണിയുയര്‍ത്തി. സൂര്യപ്രകാശം തിരിച്ചെത്തിയപ്പോഴാവട്ടെ മഞ്ഞുരുകാനും തുടങ്ങി. അതോടെ കപ്പലിലെ നിരീക്ഷണ ഉപകരണങ്ങള്‍ മുങ്ങിപ്പോവാതെ നോക്കേണ്ടതും അത്യാവശ്യമായി.
സര്‍വ്വകലാശാലയില്‍ ബയോഫിസിക്സ് പഠിച്ച വെറിന മൊഹോപ് സ്വപ്നത്തില്‍പ്പോലും കരുതിയിരുന്നില്ല ഇങ്ങനെയൊരു ആര്‍ട്ടിക് പര്യവേക്ഷക സംഘത്തിന്‍റെ ലീജിസ്റ്റിക് കോര്‍ഡിനേറ്റര്‍ ആയി പ്രവര്‍ത്തിക്കേണ്ടി വരുമെന്ന്. എന്നാല്‍ അതേ സമയം ആര്‍ട്ടിക്കില്‍ ഗവേഷണം നടത്തിയാല്‍ കൊള്ളാം എന്ന ആഗ്രഹം മനസ്സില്‍ ഉണ്ടായിരുന്നു താനും. അതിശൈത്യം, ആര്‍ട്ടിക്കിലെ ഏകാന്തത, നാട്ടില്‍ നിന്നും മാറി ആര്‍ട്ടിക്കില്‍ ദീര്‍ഘനാള്‍ തങ്ങുന്നതു കൊണ്ടുള്ള മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകള്‍, ഹിമക്കരടികളും ഹിമപാളികളും ഒക്കെ ഉയര്‍ത്തുന്ന വെല്ലുവിളികള്‍, അതിസാഹസികമായ ഗവേഷണം , ഗവേഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കല്‍ , അവര്‍ക്ക് സുരക്ഷ ഒരുക്കല്‍ ഇങ്ങനെ ആരുമൊന്നു പകച്ചു പോവുന്ന സന്ദര്‍ഭത്തില്‍ ഒട്ടും പതറാതെ പര്യവേക്ഷക സംഘത്തിന്‍റെ സുരക്ഷയ്ക്കായി വെറിന തന്നെ ഒരു പരിശീലന പദ്ധതി രൂപപ്പെടുത്തി എടുക്കുകയായിരുന്നു. സാഹസിക പര്യവേക്ഷണങ്ങളുടെ മേല്‍നോട്ടമൊന്നും സ്ത്രീകള്‍ക്ക് പറഞ്ഞിട്ടുള്ളതല്ല എന്ന ധാരണ വച്ചു പുലര്‍ത്തുന്നവര്‍ക്കുള്ള ചുട്ട മറുപടിയാണ് ആര്‍ട്ടിക്കിലെ അതി ദുഷ്ക്കരമായ കാലാവസ്ഥയില്‍ ഒരു മഹാ പര്യവേക്ഷണത്തിന്‍റെ ലോജിസ്റ്റിക് കോര്‍ഡിനേറ്ററായി തിളങ്ങിയ വെറിനയുടെ ജീവിതം.

 

സീമ ശ്രീലയം
പ്രമുഖ ശാസ്ത്ര ലേഖിക,
നിരവധി ബഹുമതികള്‍ക്ക് ഉടമ

COMMENTS

COMMENT WITH EMAIL: 0