Homeഅഭിമുഖം

വെള്ളിയമ്പലം തന്നിലേ

ഡോ. കെ. സംപ്രീത

ധുരയ്ക്കടുത്തുള്ള അനപ്പാനടി ഗ്രാമത്തില്‍ ജനിച്ച നര്‍ത്തകി നടരാജ്, തഞ്ചാവൂര്‍ ക്വാര്‍ട്ടറ്റിന്‍റെ നേരിട്ടുള്ള പിന്‍ഗാമിയായിരുന്ന ശ്രീ കിട്ടപ്പപിള്ളയുടെ പ്രധാനശിഷ്യയാണ്. 15 വര്‍ഷം നൃത്തത്തില്‍ തഞ്ചാവൂര്‍ ഗുരുകുലരീതിയില്‍ പഠിക്കുകയും തഞ്ചാവൂര് തമിഴ് സര്‍വകലാശാലയില്‍ ശ്രീ കിട്ടപ്പപിള്ളയുടെ അസിസ്റ്റന്‍റായി ജോലി ചെയ്യുകയും ചെയ്തു. 1999 ല്‍ കിട്ടപ്പപിള്ളയുടെ നിര്യാണത്തിനുശേഷം ചെന്നൈയിലേക്ക് താമസം മാറ്റി, മുഴുവന്‍ സമയ പ്രൊഫഷണല്‍ നര്‍ത്തകിയായി മാറി. ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തില്‍ ജനിച്ച നര്‍ത്തകി നടരാജിന്‍റെ ജീവിതവും പ്രയാസം നിറഞ്ഞ യാത്രയും 2018 ലെ തമിഴ്നാട് സര്‍ക്കാരിന്‍റെ പതിനൊന്നാം സ്റ്റാന്‍ഡേര്‍ഡ് തമിഴ് പാഠപുസ്തകത്തില്‍ പാഠമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. തഞ്ചാവൂര്‍ ആസ്ഥാനമായുള്ള നായകിഭാവപാരമ്പര്യത്തില്‍ ഊന്നിനില്‍ക്കുന്ന നര്‍ത്തകി, സുഹൃത്ത് ശക്തി ഭാസ്കറിനൊപ്പം ചെന്നൈയിലും മധുരയിലും ‘വെള്ളിയമ്പലം നടനകലൈകൂടം ‘ എന്ന നൃത്തവിദ്യാലയം നടത്തിവരുന്നു.. തഞ്ചാവൂര്‍ ക്വാര്‍ട്ടറ്റിന്‍റെ പരമ്പരാഗതശേഖരത്തില്‍ ഉള്ള ഇനങ്ങളില്‍ പ്രഗത്ഭ. ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നുമുള്ള വിദ്യാര്‍ത്ഥികളെ അവര്‍ പരിശീലിപ്പിക്കുന്നു. ഇന്ത്യാ ഗവണ്‍മെന്‍റില്‍ നിന്നുള്ള പത്മശ്രീ നേടിയ ആദ്യ ട്രാന്‍സ്ജന്‍ഡര്‍ നര്‍ത്തകി. 2007 ലെ തമിഴ്നാട് ഗവണ്‍മെന്‍റിന്‍റെ കലൈാമമണി അവാര്‍ഡും കൃഷ്ണഗാനസഭയുടെ നൃത്യചൂഡാമണി അവാര്‍ഡും, സംഗീത നാടക് അക്കാദമി അവാര്‍ഡും പെരിയാര്‍ മണിമൈ സര്‍വകലാശാലയില്‍ നിന്ന് ഓണററി ഡോക്ടറേറ്റും നേടിയ നര്‍ത്തകി നടരാജ് ഐസിസിആര്‍ എംപാനല്‍ഡ് ഡാന്‍സ് ആര്‍ട്ടിസ്റ്റ് കൂടിയാണ്. നൃത്തത്തില്‍ നിന്നുള്ള വരുമാനം സ്വന്തം വിഭാഗത്തില്‍പ്പെട്ടവരുടെ ഉന്നമനത്തിനായി ചിലവഴിക്കുകയും തികച്ചും സന്തോഷത്തെ മുന്‍നിര്‍ത്തിയുള്ള ജീവിതവീക്ഷണം കെട്ടിപ്പടുക്കുകയും ചെയ്ത മഹാനര്‍ത്തകിയ്ക്കൊപ്പം അല്‍പനേരം.

സ്വന്തം നാട്യത്തിന്‍റെ സവിശേഷതകളായി തോന്നിയിട്ടുള്ള ഘടകങ്ങള്‍ എന്തൊക്കെയാണ്?
തനിമയും വ്യത്യാസവും എന്‍റെ ഈ ജന്മംകൊണ്ടുതന്നെ എനിക്ക് വന്നുചേര്‍ന്നു എന്നാണ് പറയാനുള്ളത്. അങ്ങനെ പറയുമ്പോള്‍ ‘തിരുനങ്ക’ ആയിരിക്കുക എന്നതാണ് എന്‍റെ വേറിട്ട തന്മ. തിരുനങ്കമാരിലെ ആദ്യത്തെ നര്‍ത്തകി എന്ന മേല്‍വിലാസം എനിക്ക് സ്വന്തമാണ്. മറ്റൊന്ന് എന്‍റെ ഹൃദയത്തില്‍ നൃത്തത്തിനോടുണ്ടായ പാഷനാണ് . നൃത്തം ചെയ്യണം എന്നും, നൃത്തം ചെയ്താല്‍ എന്‍റെ ഉള്ളിലുള്ള പെണ്‍മയെ എനിക്ക് പുറംലോകത്തിനുമുന്‍പില്‍ എത്തിക്കാന്‍ കഴിയും, എന്‍റെ ജീവിതത്തെ അങ്ങനെ പ്രയോജനപ്പെടുത്താന്‍ കഴിയും എന്നുള്ള ഒരു ചിന്ത വളരെ ചെറുപ്പത്തില്‍തന്നെ വന്നു. ഇതൊക്കെ വേറിട്ട ഒരാളാകാന്‍ എന്നെ സഹായിച്ചിട്ടുണ്ട്. ഇന്ന് എല്ലാവരും ഞാന്‍ ആണാണ്, ഞാന്‍ പെണ്ണാണ് എന്ന് പറഞ്ഞു വാദിക്കുമ്പോള്‍പോലും എല്ലാ ആണ്‍മയ്ക്കുള്ളിലും പെണ്മയും തിരിച്ചും ഉണ്ടെന്ന കാര്യം നമുക്ക് അറിയാമല്ലോ ലിംഗപരമായ വാദങ്ങളെല്ലാം തന്നെ കലയുടെ മുന്നില്‍ നിഷ്പ്രഭമായി പോകുന്നു. എന്‍റെ നാട്യം ലിംഗപരതയെ മറികടന്നു നില്‍ക്കുന്ന ഒന്നാണ്.


ആണ്‍കഥാപാത്രങ്ങള്‍ അരങ്ങത്തു ചെയ്യുമ്പോള്‍ ആണിന്‍റെ മനോവ്യാപാരങ്ങളിലേക്ക് എനിക്ക് പോകാന്‍ സാധിച്ചു. മറിച്ച് പെണ്‍കഥാപാത്രത്തെയും അതേനിലയില്‍ തന്നെ സ്വാംശീകരിക്കാനുമായി. രണ്ടുതരം കഥാപാത്രത്തെയും ഒരുപോലെ അനുഭവിക്കാന്‍ എനിക്ക് സാധിച്ചത് ശരീരത്തില്‍ ആ ഉണര്‍വ് ഉള്ളതുകൊണ്ടാണ്. ഒരു പെണ്ണ് പുരുഷകഥാപാത്രത്തെ അരങ്ങില്‍ അവതരിപ്പിക്കുമ്പോള്‍ ഉള്ള പ്രയാസങ്ങള്‍ നിങ്ങള്‍ക്ക് ഞാന്‍ പറയാതെ തന്നെ മനസ്സിലാക്കാന്‍ സാധിക്കുമല്ലോ. ശരീരത്തെ ആണിന്‍റെ ഘടനയിലേക്ക് ആക്കിയെടുക്കണം. അഭിനയവും അടവും സംവിധാനംചെയ്യണം തിരിച്ച് ആണിന് ഒരു നായകീഭാവമോ ശൃംഗാരമോ അല്ലെങ്കില്‍ സ്ത്രീത്വത്തിന്‍റെ ഉണര്‍വ് അടങ്ങുന്ന ഒരു നൃത്തം ചെയ്യേണ്ടിവരുമ്പോള്‍ ആ അഴകിനും അഭിനയത്തിനുമായി തന്‍റെ ശാരീരികനിലയില്‍ നിന്നും അകലെയുള്ള സ്ത്രീകളുടെ അറിവുകളെ സ്വാംശീകരിച്ച് അവതരണം നടത്തണം. എന്‍റെ ശരീരത്തില്‍ രണ്ട് വിധത്തിലും ഉണര്‍വ്വ് ഉള്ളതുകൊണ്ട് ഞാന്‍ എപ്പോഴും അത് തിരിച്ചറിയുകയുന്നു. ഞാന്‍ അര്‍ദ്ധനാരീശ്വര സത്തയായിരിക്കുന്നു.

പ്രത്യേകതരം കൊറിയോഗ്രാഫികളും ജോമെട്രിക് പൊസിഷനുകളും ആണ്‍-പെണ്‍ നര്‍ത്തകര്‍ക്ക് വ്യത്യസ്തമാക്കി പഠിപ്പിക്കുന്ന പ്രവണത ഭരതനാട്യത്തില്‍ കടന്നുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത്തരം ശ്രമങ്ങള്‍ എങ്ങനെയാണ് നോക്കിക്കാണുന്നത്?
അങ്ങനെയൊന്നില്ല എന്നാണ് എന്‍റെ അഭിപ്രായം. എന്‍റെ അഭിപ്രായം എന്നുപറയുമ്പോള്‍ എന്‍റെ ഗുരു തഞ്ചാവൂര്‍ കിട്ടപ്പാ പിള്ള പറഞ്ഞുതന്നത് എന്നു വായിക്കണം. (നിങ്ങള്‍ തീര്‍ച്ചയായും ഇത് നമ്മുടെ സംഭാഷണത്തില്‍ ഉള്‍പ്പെടുത്തണം നല്ലൊരു വീക്ഷണത്തിലൂടെയുള്ള നവതലമുറയുടെ ചിന്തയാണ് ഞാന്‍ ഈ ചോദ്യത്തിലൂടെ കാണുന്നത് എന്നതുകൊണ്ടാണ്.)
എന്‍റെ ഗുരു എന്നെ നൃത്തം പഠിപ്പിക്കുന്ന സമയത്ത് കഴിവുള്ള നിരവധി നര്‍ത്തകര്‍ അവിടെ ഉണ്ടായിരുന്നു. സുധാറാണിയമ്മ (സുധാറാണി രഘുപതി ), വൈജയന്തിമാല, ഹേമമാലിനി തുടങ്ങി കുറേപ്പേര്‍. ഇവര്‍ക്കിടയില്‍ ഇവരില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തയായ ട്രാന്‍സ് ജെന്‍ഡര്‍/ തിരുനങ്കയായ ഞാനും ഉണ്ടായിരുന്നു. ആ വാസ്തവത്തെ ഒന്നു സങ്കല്‍പ്പിച്ചു നോക്കൂ. അന്നത്തെ അവസ്ഥയില്‍ ഗുരുവിന് എന്നില്‍ എത്ര വ്യത്യാസം വേണമെങ്കിലും, എത്ര പക്ഷപാതം വേണമെങ്കിലും കാണിക്കാവുന്നതാണ്. എന്നെ വേറെ രീതിയില്‍ പഠിപ്പിക്കണോ അവര്‍ക്ക് വേറെരീതി ആക്കണോ എന്നെല്ലാം അദ്ദേഹത്തിന് ചിന്തിക്കാം . എന്നാല്‍ എന്‍റെ ഗുരു ഒരിക്കല്‍പോലും അങ്ങനെ ചിന്തിക്കുകയില്ല. നാട്യം ഒന്നേയുള്ളൂ. അവരവരുടെ മനസ്സില്‍ ഉണ്ടാകേണ്ട കല്‍പ്പനാംശം, അവരവരുടെ ക്രിയേറ്റിവിറ്റി ഇവയൊക്കെയാണ്, പ്രധാനം. ഒരു ശരീരത്തിലെ ഉണര്‍വാണ് നൃത്തമാടുന്നത്. ശരീരമാണ് പ്രധാനം എന്നത് തെറ്റായ സങ്കല്‍പം ആണ് എല്ലാവരും ശരീരംകൊണ്ട് നൃത്തം ചെയ്യുന്നു. എന്‍റെ തനിമ എന്‍റെ ശരീരം കൊണ്ട് മാത്രം ചെയ്യുന്ന നൃത്തം അല്ല. ഞാന്‍ അങ്ങനെ നൃത്തം ചെയ്യാറില്ല. ശരീരത്തെ പ്രതി ഞാന്‍ വ്യസനിച്ചിട്ടില്ല. എന്‍റെ ഗുരു ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും എനിക്കും ഒരേപോലെയാണ് നൃത്തം പഠിപ്പിച്ചത്. അത്രയധികം അഗാധതയോടെ, ഭക്തിയോടെ ചെയ്യുന്നത് ആരാണോ അവര്‍ക്ക് അധികം പഠിപ്പിച്ചു കൊടുക്കാന്‍ അദ്ദേഹം ശ്രമിക്കും എന്നതാണ് ആകെയുള്ള വ്യത്യാസം. അതല്ലാതെ മറ്റൊരു ഭേദവും അദ്ദേഹം കാണിക്കുകയുണ്ടായിട്ടില്ല ശരീരത്തിനല്ല അവിടെ പ്രാധാന്യം അടവിലും അഭിനയത്തിലും ഒക്കെ ലിംഗഭേദം വെച്ച് സവിശേഷതകള്‍ ആരെങ്കിലും ചെയ്യുന്നുണ്ടെങ്കില്‍ അത് തെറ്റായ ഉദാഹരണമായിത്തീരും. കലയില്‍ ലിംഗപ്രശ്നങ്ങള്‍ വരരുത്. കലയില്‍ ഒരു ദൈവികത്വവും അതു കണ്ടെത്തലും ഉണ്ട്. അങ്ങനെയൊരു പാരമ്പര്യത്തില്‍ നിന്നുവന്നവര്‍ക്ക് ലിംഗഭേദ ചിന്ത വരില്ല. അങ്ങനെ ഒരു സാഹിത്യഗ്രന്ഥങ്ങളിലും ശാസ്ത്രീയ ഗ്രന്ഥങ്ങളിലും പറഞ്ഞിട്ടുമില്ല എന്‍റെ അറിവില്‍ വലിയ ഗുരുക്കന്‍മാരും അങ്ങനെ വ്യത്യാസം ചെയ്യാറില്ല.

മഹാനായ ഗുരുവിനെക്കുറിച്ചും തഞ്ചാവൂര്‍ കളരിയെകുറിച്ചും അല്പം വിശദമാക്കാമോ ?
ഗുരുവിന്‍റെ ഒപ്പം പഠിച്ചു, ഗുരുവിനെ കൂടെ വളര്‍ന്നു എന്നൊക്കെ എല്ലാവരും പറയുന്നത്. കേള്‍ക്കാറുണ്ട്. എന്നാല്‍ ഞാന്‍ ദൈവത്തിന്‍റെ കൂടെ വളര്‍ന്നു, സിദ്ധപുരുഷന്‍റെ കൂടെ ജീവിച്ചു എന്നുപറഞ്ഞാലേ അത് പൂര്‍ണമാകൂ. ഒന്നുംതിരിച്ചു പ്രതീക്ഷിക്കാതെ ഒരാള്‍ ഒരു വിദ്യാര്‍ത്ഥിയെ സ്വന്തം ജീവിതത്തിന്‍റെ ഭാഗമാക്കി മാറ്റുകയായിരുന്നു. പെരുമയ്ക്കുവേണ്ടി പലരും ഫീസ് വാങ്ങാതെ പഠിപ്പിക്കുന്നുണ്ട് എന്ന് പറഞ്ഞു കേള്‍ക്കാറുണ്ട്. എന്നാല്‍ എന്‍റെ ഗുരു തഞ്ചാവൂര്‍ കിട്ടപ്പ പിള്ള, അദ്ദേഹം എന്തുവലിയ ഇതിഹാസം ആണ്. അദ്ദേഹത്തിന്‍റെ അടുത്തുനിന്ന് കലയറിയാന്‍ എല്ലാവര്‍ക്കും എന്തെല്ലാം കൊടുത്താലും എന്താണ് നഷ്ടം വരിക? എന്നാല്‍ ഞാന്‍ എന്തു കൊടുത്തു, എന്ത് ചെയ്തു എന്ന് ചോദിച്ചാല്‍ അദ്ദേഹം എന്നെ കലയോടുള്ള എന്‍റെ ഇഷ്ടം മാത്രം നോക്കി പഠിപ്പിച്ചു, എന്നെ ചേര്‍ത്തുപിടിച്ചു എന്നതാണ് സത്യം. ഇപ്പോള്‍ തിരിഞ്ഞു നോക്കുമ്പോള്‍ ജീവിതത്തിലെ സുവര്‍ണ്ണകാലം വരാനിരിക്കുന്നതേയുള്ളോ എന്ന് ആരെങ്കിലും ചോദിച്ചാല്‍ ഞാന്‍ പറയും എന്‍റെ ഗുരുവിനോട് ചേര്‍ന്ന സുവര്‍ണ്ണദിനങ്ങള്‍ എന്ന് . ലോകത്തെ നോക്കിക്കാണാന്‍ പഠിപ്പിച്ചു ഗുരു എന്നെ വിട്ടുപോയി 20 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഇരുപത്തിയൊന്നാം വര്‍ഷത്തില്‍ ഞാന്‍ ഇവിടെ സംസാരിക്കുന്നു. ഈ അനുഭവങ്ങള്‍ എല്ലാം തന്നെ ഗുരുവിന്‍റെ ദാനമാണ്.

തഞ്ചാവൂര്‍ കിട്ടപ്പ പിള്ള

എന്‍റെ നൃത്ത അഭ്യസനം തഞ്ചാവൂര്‍ മേലേവീഥിയിലെ ആ പ്രശസ്തമായ നൃത്തഗൃഹത്തിലാണ് എന്നതാണ് ഏറ്റവും സന്തോഷകരമായ ഓര്‍മ്മ. തഞ്ചാവൂര്‍ നാല്‍വര്‍ ജനിച്ചുവളര്‍ന്ന, നൃത്തത്തില്‍ വസിച്ച ആ വീട്ടില്‍, ലോകംമുഴുവന്‍ പുകള്‍പെറ്റ നിരവധി നര്‍ത്തകരെ സമ്മാനിച്ച ആ വീട്ടില്‍, അടിസ്ഥാന അടവുകളും ജതിസ്വരങ്ങളും എല്ലാം കനവുകളില്‍ നിന്ന് രൂപത്തിലേക്ക് പ്രയാണം ചെയ്ത ആ വീട്ടില്‍, ബാലാ അമ്മ (തഞ്ചാവൂര്‍ ബാലസരസ്വതി ) അടക്കം നിരവധി പേര്‍, നിരവധി ദാസികള്‍ നിറഞ്ഞാടിയ അങ്ങനെയൊരു സദിറിലാണ് എനിക്കും നാട്യം ലഭിച്ചത് എന്നതിന് ഗുരുവാണ് കാരണമായത്.

നൃത്തസംവിധാനത്തിന്‍റെ സഹായത്തോടെ വേദിയിലെത്തിച്ച, സ്വന്തം ശരീരാനുഭവങ്ങളുടെ കാമ്പ് ഉള്‍ക്കൊളളുന്ന ഒരു അവതരണത്തെക്കുറിച്ച് വിശദമാക്കാമോ ?
എന്‍റെ പെണ്മയാണ് എന്നില്‍ അധികമുള്ള സത്ത. നര്‍ത്തകിമാര്‍ അരങ്ങില്‍ ചെയ്യുന്നതിനേക്കാള്‍ നളിനത്വം, സൗന്ദര്യാത്മകത ഒക്കെ എന്‍റെ ശരീരഭാഷയില്‍ വരുന്നതായി എല്ലാവരും പറയാറുണ്ട്. സ്ത്രീ വേഷങ്ങളും വസ്ത്രവുമെല്ലാം ഇതില്‍പ്പെടും. എന്‍റെ ജീവനില്‍ തന്നെ സ്ത്രീ ഉറഞ്ഞുകൂടിയിരിക്കുന്നതുകൊണ്ടു തന്നെ ഒരുപക്ഷേ ഞാന്‍ നൃത്തംചെയ്യുമ്പോള്‍ അത് സ്വാഭാവികമായി പ്രേക്ഷകര്‍ക്ക് ദര്‍ശിക്കാനാവുന്നുണ്ടാവാം. നൃത്തംചെയ്യുമ്പോള്‍ ഞാന്‍ എന്നെത്തന്നെമറക്കുന്നു. കഥാപാത്രമായി തന്നെ ജീവിക്കുന്നു. “അംബാള്‍” എന്ന കഥാപാത്രത്തെ, ‘അംബ’യെ ഞാന്‍ വേദിയില്‍ അവതരിപ്പിച്ചിട്ടുണ്ട്. നൃത്തസന്ദര്‍ഭങ്ങളില്‍ ആ ദേവത മൃദുദേവതയാണോ ? ഉഗ്രദേവതയാണോ ? ഏത് അവസ്ഥയാണോ എന്‍റെ കണ്ണുകളും ശരീരവും ഒന്നാകെ ഉണര്‍ന്നു പ്രവര്‍ത്തിച്ചത് അംബ എനിക്ക് കൈമാറിയ അനുഭവമാണ്. മഹാലക്ഷ്മി, സരസ്വതി, ദേവീചരിതങ്ങള്‍, അവരുടെ ഐശ്വര്യം, അഭിമാനം എന്നിവയെപ്പറ്റിയുള്ള കഥകള്‍ ഒക്കെ അവതരിപ്പിക്കുമ്പോള്‍ ഒരു സന്തോഷവും അഭിമാനവും എനിക്ക് വരാറുണ്ട്. ഈയൊരു രൂപാന്തരണം നമ്മുടെ ഉണര്‍വില്‍ നിന്നാണ് വരുന്നത് ഞാന്‍ നാട്യംചെയ്യുമ്പോള്‍ മാനസിക ഉണര്‍വിന്‍റെ കാര്യത്തില്‍ അതിയായ പ്രാധാന്യം കൊടുക്കുന്ന നര്‍ത്തകിയാണ്. നൃത്തം ചെയ്യുമ്പോള്‍ എല്ലാത്തിനും ഒരേ ഭാവം ഒരേ സ്ഥായി, അങ്ങനെ ചെയ്യാറില്ല. ഓരോ ഡാന്‍സറുടെയും ശരീരത്തില്‍ താന്‍ ചെയ്യുന്നതിന് സന്തോഷം വരണം. എനിക്കത് തിരുനങ്ക എന്ന അവസ്ഥകൊണ്ട് തന്നെ സ്വാഭാവികമായി വരുന്നതാണ്. അങ്ങനെ അവതരിപ്പിക്കപ്പെട്ട വളരെ ജനകീയമായ ഒരു അവതരണമായിരുന്നു അംബ. അംബ എന്നാല്‍ ശിഖണ്ഡി. ശിഖണ്ഡിയിലൂടെ എന്‍റെ വാഴ്വില്‍ ഞാന്‍ നേരിട്ട അപമാനം, തടസ്സങ്ങള്‍, ഞാന്‍ തുരത്തി ഓടിക്കപ്പെട്ടത്, ഒടുവില്‍ വിജയം കൈവരിച്ചത് ; എല്ലാം അംബാവതരണത്തില്‍ പ്രതിഫലിച്ചിട്ടുണ്ട്. ഞാന്‍ നടന്നുവന്ന ജീവിതത്തിലൂടെ പഠിച്ചപാഠം അംബ പ്രൊഡക്ഷന്‍റെ വിജയമായി. പുരാണങ്ങളില്‍ നിന്ന് എടുത്തതും രേവതി ശങ്കറമ്മ എഴുതിത്തന്നതുമായ വരികള്‍ ഉപയോഗിച്ച അംബയുടെ വിജയഹേതു എന്‍റെ വ്യാകുലതയുടെ പ്രതിഫലനമാണ്.

നിങ്ങളുടെ ലിംഗവ്യക്തിത്വം തിരിച്ചറിയുന്ന സമയത്ത് നിങ്ങള്‍ക്ക് നൃത്തത്തില്‍ അതീവമായ താല്പര്യം ഉണ്ടോ ? നിങ്ങള്‍ എങ്ങനെ നൃത്തം തിരഞ്ഞെടുത്തു എന്നും നൃത്തത്തിലൂടെയുള്ള യാത്രയെക്കുറിച്ചും എന്തൊക്കെയാണ് ഓര്‍ത്തെടുക്കാന്‍ കഴിയുക?
ഓര്‍മ്മകളുടെ നേര്‍ത്ത തുടക്കം മുതല്‍, മൂന്നോ നാലോ വയസ്സ് മുതല്‍ത്തന്നെ ആണ്‍കുട്ടിയായി ഞാന്‍ വളര്‍ന്നിട്ടില്ല. ആറ്- ഏഴ് വയസ്സുള്ളപ്പോള്‍പോലും ആണ്‍കുട്ടി എന്ന രീതിയിലുള്ള മാനസിക വ്യത്യാസങ്ങളൊന്നുംതന്നെ എനിക്ക് ഉണ്ടായിരുന്നില്ല. എന്നാല്‍ അധികം വൈകാതെത്തന്നെ എന്‍റെ ഉള്ളിലെ പെണ്‍മ വെളിപ്പെടുത്താന്‍ എനിക്ക് ആഗ്രഹങ്ങള്‍ വന്നുതുടങ്ങിയിരുന്നു. എന്നാണ്, എങ്ങനെയാണ് എനിക്ക് എന്നിലെ പെണ്‍കുട്ടിയെ തുറന്നുകാട്ടാനാവുക എന്ന് ആ കുട്ടി എപ്പോഴും ആലോചിച്ചിരുന്നു. അപ്പോള്‍ മുതല്‍ എന്‍റെ ഉള്ളില്‍ നാട്യം ഉണ്ടായിരുന്നു. ഭരതനാട്യം എന്ന നൃത്തരൂപത്തെക്കുറിച്ചൊന്നും അന്നറിയില്ല.. അക്കാലത്ത് എന്‍റെ ജന്മദേശമായ മധുരയിലെ മീനാക്ഷിഅമ്മന്‍കോവിലിലെ നടരാജനില ഞാന്‍ നിന്നു നോക്കുമായിരുന്നു. മധുരമീനാക്ഷി കോവിലിലെ നടരാജന് സവിശേഷതയുണ്ട്. ഇടതുപാദം തൂക്കി ആടുന്ന ശിവനല്ല മധുരയിലേത്. വലതുകാല്‍ തൂക്കിയാടുന്ന ശിവനാണ് വെള്ളിയമ്പലത്തില്‍ നൃത്തംചെയ്യുന്നത്. ആ ഒരു രീതിയില്‍ കാല്‍വച്ചാണ് അക്കാലത്ത് ഞാന്‍ നിന്നു നോക്കാറുള്ളത്. റെഗുലര്‍ ഭരതനാട്യത്തിലെ ഇടതു പാദം തൂക്കിയുള്ള ശിവന്‍റെ നില ഞാന്‍ കാണുന്നത് തന്നെ പിന്നീടാണ്. അതുപോലെതന്നെ അക്കാലത്ത് മധുരമീനാക്ഷിയമ്മന്‍റെ നിലയും ഞാന്‍ അതേപടി അനുകരിക്കുമായിരുന്നു. അതാണ് എന്‍റെ നാട്യത്തിന്‍റെ തുടക്കം. പെണ്‍മയാണോ, നാട്യമാണോ മുന്തിയതോതില്‍ എന്നിലുള്ളത് എന്നൊന്നും അക്കാലത്ത് എനിക്ക് അറിവുണ്ടായിരുന്നില്ല
എന്‍റെ ശരീരത്തില്‍ നാട്യവും സ്ത്രീത്വവും ഇടചേര്‍ന്ന് കലര്‍ന്നിരുന്നു. ഉടലും ജീവനും പോലെയായിരുന്നു അത്. അക്കാലത്ത് കുടുംബത്തില്‍ എല്ലാവരും എന്നെ വ്യത്യസ്തതദൃഷ്ടിയോടെ നോക്കാന്‍ ആരംഭിച്ചിരുന്നു. പത്തു പേരില്‍ അധികം താമസിക്കുന്ന സമ്പന്നവും കേള്‍വികേട്ടതും വിദ്യാലയങ്ങള്‍ നടത്തിയിരുന്നവരുമായ വലിയകുടുംബമായിരുന്നു എന്‍റേത്. ആ കുടുംബം എന്‍റെ സ്ഥിതിയില്‍ പേടിക്കുകയും കോപവും വെറുപ്പും മാത്രം എന്നോട് കാണിക്കുകയും ചെയ്തു. അങ്ങനെ ഒരു കൊച്ചുകുട്ടിയായിരിക്കുമ്പോള്‍ കിട്ടേണ്ട സ്നേഹവും ആദരവും ഒന്നും എനിക്ക് ഇല്ലാതായിപ്പോയി. ഇന്നും ഞാന്‍ വേദനിക്കുന്നത് അതിനെക്കരുതിമാത്രമാണ്. സ്നേഹം കൊണ്ടല്ലാതെ ഒന്നുകൊണ്ടും എന്നെ ആര്‍ക്കും ഇപ്പോഴും വേദനിപ്പിക്കാനും സാധിക്കുകയില്ല . ഇവിടെ ഞാന്‍ എന്നു പറയുമ്പോള്‍ ഞാന്‍ മാത്രമല്ല, എന്നെപ്പോലെയുള്ള തിരുനങ്കമാരെല്ലാം കരയുന്നത് സ്നേഹത്തിനു വേണ്ടിയാണ്. മറ്റെന്താണ് ഞങ്ങള്‍ക്ക് വേണ്ടത് ? സ്നേഹവും ആദരവും തന്നെയാണ് ഞങ്ങള്‍ തേടുന്നത്.

ചിന്നംചിരു കിളിയേ..എന്ന ഭാരതിയാര്‍ പാടലിന്‍റെ അവതരണത്തില്‍ മുന്‍പു ഞാന്‍ കണ്ട അമ്മയെ ഇവിടെ ഓര്‍മ്മവരുന്നതും അതുകൊണ്ടാകുമോ ?
ആഹാ.. അതുതന്നെയാണ്. വാത്സല്യം നൃത്തത്തില്‍ ചെയ്യുമ്പോള്‍ അറിയാതെ എന്നില്‍ സ്നേഹം ചുരക്കാറുണ്ട്. വിഷമമോ ആശ്ചര്യമോ എന്നെനിക്കറിയില്ല. അമ്മയായി നാട്യംചെയ്യുമ്പോള്‍ ഞാന്‍ സ്വാഭാവികരീതിയില്‍ ഒരു അമ്മയായി പോകുന്നു. കൂടെയുള്ളവരെയെല്ലാം അതേപോലെ ചേര്‍ത്തുപിടിക്കുന്ന ഒരാളായിരിക്കുക. അതാണ് എനിക്കിഷ്ടം. എന്നോട് സംസാരിക്കുമ്പോള്‍ ഒരു സമാധാനം കേള്‍ക്കുന്നവര്‍ക്ക് ലഭിക്കണമെന്ന ഓര്‍മ്മയിലാണ് ഓരോ വര്‍ത്തമാനവും. നാട്യം സങ്കടങ്ങളില്‍നിന്നെല്ലാം എന്നെ ജീവിപ്പിച്ചു. അല്ലെങ്കില്‍ മനസ്സിന്‍റെ ദുഃഖത്തില്‍ പെട്ട ഞാന്‍ തെറ്റായ വഴിയില്‍ പോകുമായിരുന്നു.
നാട്യത്തില്‍ എന്‍റെ തുടക്കം സിനിമാഭരതനാട്യപ്പാട്ടുകളില്‍ക്കൂടിയായിരുന്നു. ആരാണ് ആദ്യഗുരു എന്നു ചോദിച്ചാല്‍ അതൊരു രസകരമായ വസ്തുതയാണ്. എന്‍റെ ഗ്രാമം തീര്‍ത്തും ഉള്‍പ്രദേശമായിരുന്നു. ഇരുപത് വര്‍ഷം മുന്‍പത്തെ സിനിമയൊക്കെയാണ് ആകെയുള്ള ഒരു തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുക. പദ്മിനി, വൈജയന്തിമാല, കുമാരി കമല, ഇവരുടെയൊക്കെ സിനിമകളാണ്. അവരുടെയൊക്കെ നൃത്തങ്ങളാണ് ഞാന്‍ ആദ്യം കാണുന്നത്. ആ നിലക്ക് എന്‍റെ ഗുരുക്കന്മാര്‍ എന്ന് അവരെ പറയാം. ഗ്രാമത്തിലെ തീയേറ്റര്‍ ആയിരുന്നു എന്‍റെ ക്ലാസ്. ഗ്രാമത്തിലെ ഒറ്റയടിപ്പാതകളായിരുന്നു പരിശീലനസ്ഥലം. ഗ്രാമദേവതയുടെ കോവില്‍ ആയിരുന്നു എന്‍റെ നാട്യഗൃഹം. നന്നായി ചെയ്യുന്നല്ലോ ആരാണ് ഗുരു എന്ന് പലരും ചോദിക്കുമ്പോള്‍ ഇനിയും നന്നായി പഠിച്ചാല്‍ അത്രയേറെ ഭംഗിയാകും എന്ന് പറഞ്ഞു കേട്ടപ്പോള്‍ ഞാന്‍ ഒരു ഗുരുവിനെ തേടി പോകാന്‍ ആഗ്രഹിച്ചു.

ഗുരു നിങ്ങള്‍ക്ക് നല്‍കിയ ഒരു വലിയ പാരമ്പര്യത്തിന്‍റെ ഭാഗമാണ് നിങ്ങള്‍. ആ നൃത്ത പാരമ്പര്യത്തോടുള്ള നിങ്ങളുടെ സമീപനം എന്തായിരുന്നു? നിങ്ങളുടെ ഗുരു പഠിപ്പിച്ച കാര്യങ്ങള്‍ അതേപടി പിന്തുടരുകയാണോ അതോ നിങ്ങള്‍ അതില്‍ മാറ്റങ്ങള്‍ സ്വീകരിച്ചിട്ടുണ്ടോ? പൊതുവേ തഞ്ചാവൂര്‍ കോര്‍ട്ട് പാരമ്പര്യത്തില്‍ വ്യക്തിഗതപുതുമകളുടെയും ശൈലിയുടെയും സാധ്യത എന്താണ്?
കിട്ടപ്പ പിള്ളയുടെ വിദ്യാര്‍ഥിനിയാണ് ഞാന്‍ എന്നതാണ് എനിക്കുള്ള പേരിന്‍റെ അടിത്തറ. ആ മേല്‍വിലാസമാണ് എല്ലാവര്‍ക്കുമുന്‍പിലും എനിക്കുള്ള ആദരവിന് അടിസ്ഥാനമായി പ്രവര്‍ത്തിച്ചത്. ഭരതനാട്യത്തിന്‍റെ അത്രയും പഴക്കമേറിയ പദ്ധതിയുടെ തനിമയാര്‍ന്ന പഠനമാണ് അത്രയും വര്‍ഷത്തെ കലാപഠനം കൊണ്ട് ലഭിച്ചത് എന്നത് പ്രാധാന്യമര്‍ഹിക്കുന്നു . പഴമയെ മാറാതെ നിലനിര്‍ത്തുന്നതിനെ ഞാന്‍ മാനിക്കുന്നു. അതിനു രണ്ടു കാരണങ്ങള്‍ ഉണ്ട്. എന്‍റെ ഗ്രാമമായ മധുര നോക്കുക. 36 ചെറുതും വലുതുമായ ഗ്രാമങ്ങളുടെ സംഗമമാണ് മധുര എന്നറിയപ്പെടുന്നത്. ഇന്ന് എത്രയും വലിയ നാഗരികത മധുരയില്‍ വന്നു നിറഞ്ഞാലും മധുര ഇന്നും പഴയപടി പാരമ്പര്യങ്ങള്‍ കാര്യമായി മാറ്റാതെ തന്നെ തനിമ കാത്തുസൂക്ഷിക്കുന്നു. അവിടെ ജനിച്ചു വളര്‍ന്ന എനിക്ക് പുതുമയെക്കാളും പഴമയിലുള്ള അഴകിന്‍റെ അര്‍ത്ഥതലങ്ങള്‍ അന്വേഷിക്കാന്‍ ആയിരുന്നു താല്‍പര്യം.

തഞ്ചാവൂര്‍ കോര്‍ട്ട് ചെയ്തുവെച്ച പഴമയുള്ള ഇനങ്ങള്‍ എന്തിനാണ് മാറ്റുന്നത് ? ഇന്ന് പലരും ഇന്നോവേഷന്‍ എന്നപേരില്‍ പലതും ചെയ്യുന്നത് കാണാറുണ്ട്. നമ്മുടെ സമ്പത്തൊക്കെ നമ്മള്‍ കളഞ്ഞുകുളിച്ചത് അങ്ങനെയാണ്.. ഇന്നോവേഷന്‍ എന്ന കാര്യത്തെ തെറ്റായിട്ടാണ് നമ്മള്‍ മനസ്സിലാക്കിയത് എന്ന സംശയം കൂടിയാണ് എനിക്കുള്ളത്. സൗത്ത് ഇന്ത്യക്കാരുടെ ഇന്നോവേഷന്‍ എന്ന് നമ്മള്‍ എന്തിനെയാണ് പറയുന്നത്? ഉദാഹരണത്തിന് കേരളത്തിന്‍റെ എന്നു പറയപ്പെടുന്ന പരമ്പരാഗതമായ കലാരൂപങ്ങള്‍ എത്രയോ ഉണ്ട്. ആ പഴമയെ, ജീവിതമുറകളെ മാറ്റി പൂര്‍ണ്ണമായും മറ്റൊന്നായി സങ്കല്‍പ്പിച്ചു നോക്കൂ. ആ മലകളും, ചേര്‍ന്ന താഴ്വാരങ്ങളും അവിടുത്തെ മണ്ണും അവിടുത്തെ ഉര്‍വ്വരതയുമെല്ലാം കളഞ്ഞിട്ട് എന്തുഫലം? അഴക് പോകും. ജീവനില്ലാതെയാകും.. മധുരയില്‍ സംസ്കാരത്തിന്‍റെ ഏറ്റവും സമ്പന്നമായ സാഹിത്യരൂപങ്ങള്‍ നിറഞ്ഞുനിന്ന ഒരിടത്തുനിന്നും വന്ന എനിക്ക് എന്നോടും സമൂഹത്തോടും ചില ധര്‍മ്മങ്ങളുണ്ട്. പഴമയെ സംരക്ഷിക്കുക എന്നതുകൊണ്ട് പുതുമയോടു വിരോധം ഉണ്ടെന്നല്ല ഈ പറഞ്ഞതിന് അര്‍ത്ഥം. പുതുമയില്‍ നന്മ ഉണ്ടെങ്കില്‍ അതിനെ ചേര്‍ത്തുവയ്ക്കുകയും അതോടൊപ്പംതന്നെ പഴമയുടെ നന്മകള്‍ കാത്തുസൂക്ഷിക്കുകയും ചെയ്യുകയാണ് എന്‍റെ ധര്‍മ്മം. ഇംഗ്ലീഷുകാര്‍ നമ്മുടെ നാട്ടില്‍ വന്ന് ഭരണം നടത്തിയതോടുകൂടി നമ്മള്‍ അടിമുടി മാറി. വസ്ത്രധാരണം മുതല്‍ എല്ലാത്തിലും അവരില്‍നിന്നും നമ്മള്‍ പല വഴക്കങ്ങളും പഠിച്ചിട്ടുണ്ട്. ഇവിടെനിന്ന് പോയി 200 വര്‍ഷം കഴിഞ്ഞാലും വെള്ളക്കാര്‍ ഇന്ത്യന്‍ രീതിയിലേക്ക് അവരുടെ ജീവിതശൈലി മാറ്റിയിട്ടുണ്ടോ? നമുക്ക് സംബന്ധം ഇല്ലാത്ത കാര്യങ്ങളെ നമ്മള്‍ മാത്രം എന്തിനാണ് പൊക്കിപ്പിടിച്ചുകൊണ്ട് ഇപ്പോഴും നടക്കുന്നത് എന്ന് എനിക്ക് അറിയുന്നില്ല.

എന്നെ വിദേശനാടുകളിലേക്ക് നൃത്തം ചെയ്യാന്‍ ആരെങ്കിലും ക്ഷണിക്കുമ്പോള്‍ അവര്‍ എന്നോട് വളരെ ഗൗരവപൂര്‍വം പറയാറുള്ളത്, നിങ്ങളുടെ നാടിന്‍റെ പഴമയുടെ ഇനങ്ങള്‍ കാണാനാണ് ഇങ്ങോട്ടേക്ക് ക്ഷണിക്കുന്നത് എന്നാണ്, ഞങ്ങളെ സ്വാധീനിക്കണമെന്നു കരുതി കണ്ടമ്പററിയുടെ സാധ്യതകളൊന്നും നിങ്ങള്‍ നിങ്ങളുടെ അവതരണത്തില്‍ കൂട്ടിച്ചേര്‍ക്കാന്‍ ശ്രമിക്കേണ്ടതില്ല എന്നുതന്നെ പറഞ്ഞുവിളിക്കുന്നവര്‍ ഉണ്ട്. അവര്‍ക്കുവേണ്ടി എന്‍റെ നൃത്തത്തെ ഞാന്‍ പുതുമയിലേക്ക് എന്നപേരില്‍ പേരില്‍ മാറ്റി പാകപ്പെടുത്താറില്ല. അവിടെചെന്ന് നമ്മുടെ പഴയ തേവാരപ്രബന്ധങ്ങളും തിരുവാസകവും എന്‍റെ വീട്ടിലെ ലെ വര്‍ണ്ണവും തില്ലാനയുമൊക്കെത്തന്നെയാണ് ഞാന്‍ ആടുക. കലയ്ക്ക് എന്തു മൊഴിഭേദം? പാരമ്പര്യ ഭരതനാട്യം ആണ് എന്‍റേത്. ക്ലാസിക്കല്‍ എന്ന് പറഞ്ഞുകൊണ്ട് നാട്യത്തെ ഒരു രൂപത്തിലേക്ക് മാറ്റുമ്പോള്‍ നമ്മള്‍ എന്തിനാണ് പുതുമ എന്ന പേരില്‍ ചില നല്ല അംശങ്ങളെ കളയുന്നത്? പാരമ്പര്യനാട്യം എന്നു പേര് വിളിക്കാമല്ലോ ? പഴയ ഇനങ്ങള്‍ ഞാന്‍ അവതരിപ്പിക്കുമ്പോള്‍ എല്ലാവരും വളരെ ആസ്വദിക്കാറുണ്ട്. പുതുമകളിലും ചിലതെനിക്ക് ഇഷ്ടം ഉണ്ട്. നിറയെ കണക്കുകള്‍, നിറയെ ജാമിതീയരൂപങ്ങള്‍ , അങ്ങനെ പലതും ഉണ്ട് ഇപ്പോഴത്തെ അവതരണങ്ങളില്‍. ചിലപ്പോള്‍ ഞാന്‍ ആലോചിക്കും ‘അയ്യോ ഇത്ര ഭയങ്കരമോ നാട്യം ? എനിക്ക് ഇതൊന്നും അറിയില്ലല്ലോ !എന്നൊക്കെ. ഭരതനാട്യം വേറെ ഏതോ ലോകത്തിലേക്ക് കടന്നുപോയി എന്നും ഞാന്‍ മാത്രം പഴമയുടെ ഭാണ്ഡക്കെട്ട് ഏന്തി നടക്കുകയാണെന്നും എനിക്ക് തോന്നും.
പുതിയ തീമുകള്‍ ഞാന്‍ ചെയ്യാറുണ്ട് എന്നാല്‍ അതില്‍ ജാതിയോ മതമോ ഏതു സംഘടനയോ ഏതു സമൂഹമോ എന്നു നോക്കിയല്ല അവതരിപ്പിക്കാറുള്ളത്. ക്രിസ്തീയ പശ്ചാത്തലത്തില്‍പ്പെടുന്ന എക്സോഡസ്, റൂത്ത്, ബൈബിളിലുള്ള ചില അധ്യായങ്ങള്‍ തുടങ്ങി പല ആശയങ്ങള്‍ ഞാന്‍ അവതരിപ്പിച്ചിട്ടുണ്ട്.. ആസ്വാദകര്‍ രസിച്ചിട്ടുമുണ്ട്. അതിന്‍റെ ഒക്കെ നൃത്തസംവിധാനം സംഗീതം , വരികള്‍ എന്നിവയിലാകട്ടെ തഞ്ചാവൂര്‍ കോര്‍ട്ട് സമ്പ്രദായത്തിലെ വര്‍ണ്ണത്തിലും തില്ലാനയിലുള്ള അതേമാര്‍ഗ്ഗംതന്നെ സ്വീകരിക്കുകയും ചെയ്യുകയാണ് പതിവ്. അങ്ങനെ ഞാനും സന്തോഷം അനുഭവിക്കുന്നു. പുതുമ അതില്‍ കൈവരികയും ചെയ്യുന്നു. പഴമ കൈവിടുന്നില്ല. അങ്ങനെ വിദേശത്തും നമ്മുടെ ശൈലി ആണ് എത്തിക്കേണ്ടത്.
ഗുരു ഞങ്ങള്‍ക്ക് നൃത്തസംവിധാനം ചെയ്യുന്ന സമയത്ത് അദ്ദേഹത്തിന്‍റെ തന്നെ കൊറിയോഗ്രഫിയും അദ്ദേഹത്തിന്‍റെ മുത്തശ്ശനായ മീനാക്ഷിസുന്ദരംപിള്ള ചെയ്തതും ചേര്‍ത്താണ് പഠിപ്പിക്കുക. രണ്ടും വ്യത്യാസങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. രണ്ടുപേരും നാട്യഗൗരവം കാത്തുസൂക്ഷിച്ചുവന്നിരുന്നു. കൃത്യമായ ഒരു അടവ് പദ്ധതി ഉണ്ടായിരുന്ന ശൈലിയാണ് തഞ്ചാവൂര്‍ ശൈലി എന്ന് പറയുന്നത്. പ്രത്യേകിച്ച് പ്രാധാന്യം ജതികള്‍ക്കായിരുന്നു. ഓരോ സ്വരവും എങ്ങനെ കാതില്‍ കേള്‍ക്കണം? അടിസ്ഥാനപരമായ അടവുകള്‍ എങ്ങനെ ചെയ്യണം? അടിസ്ഥാനപാഠങ്ങളുടെ അഴകുകളയാതെ എങ്ങനെ സംവിധാനം ചെയ്യണം എന്നതെല്ലാം കൃത്യമായിരിക്കും. പൂര്‍ണമായ സംതൃപ്തിയോടെ ഈ ശൈലിയെ സംരക്ഷിക്കുക എന്നതാണ് ഈ ജീവിതത്തില്‍ എനിക്ക് വേണ്ടത്.

വഴുവൂര്‍ ശൈലിയില്‍ നിന്നു ഏറെ വ്യതിയാനങ്ങള്‍ തഞ്ചാവൂര്‍ ശൈലിയിലുണ്ടോ ? അടവുചെയ്യുമ്പോഴും ജതിചെയ്യുമ്പോഴും അഭിനയത്തിന് പ്രാധാന്യമുണ്ടോ ?
വഴൂര്‍ ശൈലിയില്‍ ഈയിടെയായി ധാരാളം അടവുകള്‍ ഉപയോഗിച്ചുവരാറുണ്ട്. എന്നാല്‍ ഞങ്ങളുടെ ശൈലിയില്‍ അടവുകള്‍ക്കല്ല പ്രാധാന്യം. ഏറിവന്നാല്‍ പത്തോ പതിനഞ്ചോ അടവുകളാണ് തഞ്ചാവൂര്‍ ശൈലിയില്‍ ഉണ്ടാവുക. എന്നാല്‍ ജതികള്‍ അസംഖ്യമാണ്. വളരെയധികം ജതികള്‍ ഗുരുവില്‍നിന്നും ഞങ്ങള്‍ അഭ്യസിക്കുന്നു. സ്വരം, അടവുകള്‍ എന്നിവ ഒഴുക്കില്‍ കൂട്ടിച്ചേര്‍ത്തു കൊണ്ടുള്ള ഞങ്ങളുടെ ശൈലിയിലെ ജതി ഒരായുഷ്ക്കാലം മുഴുവന്‍ പരിശീലനം ചെയ്യാനുള്ള അത്രയും ഉണ്ട്. തഞ്ചാവൂര്‍ ശൈലിയുടെ വ്യാകരണം സാഹിത്യത്തോടും ഗാനസാഹിത്യത്തോടും വളരെയധികം അടുപ്പം പുലര്‍ത്തുന്നതുകൊണ്ട് ഇമ്പം കൂടുതലാണ്. കൃത്യമായ അടവുപദ്ധതിയും ജതികളുമാണ് ഞങ്ങള്‍ ദിനവും പരിശീലിക്കുന്നത്. നമ്മുടെയൊക്കെ ശരീരത്തില്‍ നിലനിര്‍ത്തുന്ന ഈ കൃത്യതയാണ് ഇളപ്പത്തിന്‍റെ രഹസ്യം. അടവുകള്‍ നിരന്തരം പരിശീലിക്കുന്നു പക്ഷേ എല്ലാം തന്നെ അഭിനയത്തോട് ചേര്‍ന്നുകൊണ്ടാണ്. ആന്തരികമായ ലയം ഉണ്ടായാലേ മുഖത്ത് സന്തോഷം വരികയുള്ളൂ. പെര്‍ഫോമന്‍സിന്‍റെ സമയത്ത് നാട്യാരംഭം, അരമണ്ഡലം ഇങ്ങനെ ഒരു കൃത്യമായ രേഖയില്‍ നില്‍ക്കാനുള്ള ചിന്തകള്‍ കാരണം ഇന്ന് പലര്‍ക്കും നാട്യത്തിന്‍റെ ആനന്ദം നഷ്ടപ്പെടുന്നു. മനുഷ്യശരീരത്തെക്കുറിച്ച് ഓര്‍ത്തുനോക്കൂ എത്രയധികം വളവുകളും തിരിവുകളും, ആകൃതിഭേദങ്ങളും ഉണ്ട്.. ഇങ്ങനെ നിരവധി വ്യത്യസ്തതകളുള്ള ഓരോ ശരീരത്തിനും അനുസരിച്ചുവേണം അവതരണം നടത്തുവാന്‍. വെറും കായികാഭ്യാസമായി ചുരുക്കാനാവില്ല.
സിദ്ധാന്തങ്ങളെ തഞ്ചാവൂര്‍ ശൈലിയില്‍ വളരെയധികം പ്രോത്സാഹിപ്പിക്കുമായിരുന്നില്ല. നൃത്ത സിദ്ധാന്തങ്ങളെല്ലാം തന്നെ ഒരു സപ്പോര്‍ട്ട് ആയി നമുക്ക് സൂക്ഷിക്കാം എന്നേയുള്ളൂ. മുദ്രകളുടെ നോട്ടേഷന്‍ പോലെ എടുത്തുവയ്ക്കാം എന്നേയുള്ളൂ. നൃത്തത്തെ സംബന്ധിച്ചിടത്തോളം ഉടലിനെയും മനസ്സിനെയും ഒരേപോലെ സംയോഗത്തിലെത്തിക്കലാണ് പ്രധാനം. വേദിയുടെ ആകൃതി, വസ്ത്രം, ജോമട്രിയുടെ അളവ് ക്യാമറയുടെ നോട്ടം എന്നിങ്ങനെയുള്ള വിഷയങ്ങളില്‍ വ്യാപിക്കുമ്പോള്‍ മനോധര്‍മം എവിടെയാണ് വരിക? ശരിയായി ആടണം, കൃത്യമായി ആടണം, ലൈറ്റ് ശരിയാവണം എങ്ങനെ നിരവധിചിന്തകള്‍ വരുമ്പോള്‍ നാട്യഉണര്‍വ് തന്നെ ഇല്ലാതെയാകും . ഞങ്ങളുടെ ശൈലിയിലെ പ്രത്യേകത നാട്യത്തില്‍ മെയ് മറന്ന് ആടുക എന്നുള്ളതാണ്. ജതി എന്നത് വെറും ശബ്ദമല്ല ഞങ്ങള്‍ക്ക്. മറിച്ച് കൃത്യമായി അഴകും ഗാംഭീര്യവും ഉള്‍ക്കൊള്ളുന്ന ഒഴുക്കാണത്.

നിങ്ങളുടെ പ്രകടനങ്ങളില്‍ നിങ്ങള്‍ പ്രേക്ഷകരുമായി വളരെ മനോഹരമായ രീതിയില്‍ സംവദിക്കുന്നു, അത്തരമൊരു ഇടപെടല്‍ രീതി നിങ്ങള്‍ എങ്ങനെ വികസിപ്പിക്കും? ഇത് പാരമ്പര്യത്തിന്‍റെ ഭാഗമാണോ?
ഏതു സംഘടനയ്ക്ക് വേണ്ടിയാണ്?ദേശം ഏതാണ്? ഏതുതരം ജനങ്ങളാണ് പ്രേക്ഷകര്‍ ? ഏതു വിഷയത്തില്‍ നൃത്തം ചെയ്യണം എന്നതിനെല്ലാം ഞാന്‍ പ്രാധാന്യം കൊടുക്കാറുണ്ട്. ഒഡിയയില്‍ പോയി നൃത്തം ചെയ്യുമ്പോള്‍ അവരുടെ സാംസ്കാരികഫോക്ലോറിന് പ്രാധാന്യം വരുത്തുവാന്‍ അവ സംഘടിപ്പിക്കുകയും എന്‍റെ നൃത്തത്തില്‍ ചില ഇനങ്ങളായി ഉള്‍പ്പെടുത്തുകയും ചെയ്യാറുണ്ട്. പാഠഭേദങ്ങളെ തിരഞ്ഞെടുക്കുന്ന മെത്തേഡിന് സവിശേഷതയുണ്ട്. എന്‍റെ ഗുരു സംസ്കൃതവും തെലുങ്കു, മണിപ്രവാളതമിഴ് കാവ്യങ്ങളും, മലയാളകാവ്യങ്ങളും അടങ്ങുന്ന വിപുലമായ സാഹിത്യസമ്പത്ത് കൈവശംവയ്ക്കുകയും അതില്‍ ശിഷ്യരെ പങ്കുചേര്‍ക്കുകയും അതനുസരിച്ച് വിവിധ വിഷയങ്ങളിലുള്ള നൃത്തസംവിധാനവുമായി ഞങ്ങളെ കൂട്ടിയിണക്കുകയും ചെയ്തിട്ടുണ്ട്. കുമാരസംഭവം ഋതുസംഹാരം ഇങ്ങനെ നിരവധി അവതരണം ഞങ്ങള്‍ക്ക് അനുഭവത്തില്‍ ലഭ്യമായി. പലനാടുകളില്‍ ചെല്ലുമ്പോഴും ഭാഷയുടെ ഒരു പ്രശ്നം അങ്ങനെ ഉണ്ടാകാതെ കഴിഞ്ഞു . സാഹിത്യത്തോട് വളരെയധികം ബന്ധം പുലര്‍ത്തുന്ന ഒരു ഗുരു എന്നതുതന്നെ വളരെയധികം ലോകബോധം നമുക്കുണ്ടാക്കും. സാഹിത്യത്തോടും അതില്‍ തുടങ്ങുന്ന ചര്‍ച്ചകളോടും വളരെയധികം അടുപ്പം പുലര്‍ത്തിയിരുന്നു ഗുരു. എനിക്കു സവിശേഷമായുള്ള സാഹിത്യാഭിരുചിയെ അദ്ദേഹം ഏറെ ബഹുമാനിച്ചു. ഞങ്ങള്‍ ചര്‍ച്ചകള്‍ നടത്തി. പാട്ടുകള്‍ ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹത്തിനു ഭാരതീദാസന്‍ പാട്ടുകള്‍ ഏറെ ഇഷ്ടമായിരുന്നു. നാമക്കല്‍ കവികളുടെയും രാമലിംഗഅടികളുടെയും ഒക്കെ രചനകള്‍ നൃത്തസംവിധാനങ്ങള്‍ ചെയ്തിരുന്നു. പാരമ്പര്യത്തോടൊപ്പം ഇത്തരം സന്തോഷങ്ങളുടെ രുചിയും പ്രോത്സാഹനവും അദ്ദേഹത്തില്‍ നിന്നു ലഭിച്ചതാണ്. മോഹിനിയാട്ടത്തെക്കുറിച്ച് പരമ്പരാഗത ചരിത്രസൂക്ഷിപ്പുകാരനായ ഗുരുവില്‍ നിന്ന് സവിശേഷമായി എന്തെങ്കിലും അറിവ് കൈവശ്യമുണ്ടെങ്കില്‍ ഓര്‍ത്തെടുക്കാമോ ? കേരളത്തിന്‍റെ കലയായ മോഹിനിയാട്ടത്തെ സംബന്ധിച്ച് പറയുമ്പോള്‍ തഞ്ചാവൂര്‍ നാല്‍വരുടെ പിതൃത്വത്തെപ്പറ്റി പറയാറുണ്ട്. വടിവേലുനട്ടുവരെ കുറിച്ച് വാദ്ധ്യാര്‍ പറഞ്ഞത് ഓര്‍ക്കുന്നുണ്ട്. ഞങ്ങള്‍ അടവ് പരിശീലിക്കുന്ന സമയത്ത് കീഴ്ക്കാല അടവുകള്‍ കൂടുതലായി ചെയ്തിരുന്നു. നിങ്ങളുടെ മൂന്നാംകാല അടവുകള്‍ ഞങ്ങള്‍ക്ക് രണ്ടാംകാലം ആയിരിക്കും. കാലപ്രമാണം മോഹിനിയാട്ടത്തില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇപ്പോഴും കിട്ടപ്പാപിള്ള അടവുകള്‍ മോഹിനിയാട്ടത്തില്‍ കാണാനാവും. മോഹിനിയാട്ടത്തില്‍ ഈ വിധം കീഴ്ക്കാലമെന്തുകൊണ്ടാണെന്ന് ഞാന്‍ ചോദിച്ചിട്ടുണ്ട്. പുരോഗമനചിന്തയുണ്ടായിരുന്ന ഗുരു പറഞ്ഞത്, ഇപ്പോഴത്തെപ്പോലെ മലയാളികളായുള്ള പഴയമലബാര്‍ ദേശത്തെ സ്ത്രീകള്‍ക്ക് അന്നൊന്നും ഉടയാട ഉണ്ടായിരുന്നില്ല, ഒരു പെണ്ണ് മേലാടയില്ലാതെ നാട്യം ചെയ്യുമ്പോള്‍ അതില്‍ ആഭാസം തോന്നരുത്. സര്‍വ്വാഭരണത്തോടുകൂടി കീഴ്കാലങ്ങളില്‍ മോഹിനിയാട്ടം ചെയ്യുന്നതോടെ അതിന് മോഹിനിയാട്ടശൈലി മാത്രമല്ല ലഭ്യമാകുന്നത് ശാരീരികമായ ആ ഒരു കുലുക്കത്തിന്‍റെ സാധ്യതകള്‍കൂടി അതുവഴി ഇല്ലാതാക്കുന്നുണ്ട്. അങ്ങനെ നാട്യത്തിന് ഒളിമങ്ങാതെ കുത്തുവിളക്ക് നല്കുന്ന ചെറിയ വെളിച്ചത്തില്‍ എത്ര ചലനം വേണം എന്നതാണ് മോഹിനിയാട്ടം. ഒരു ദേവതയെപ്പോലെ ആ പെണ്ണ് മോഹിനിയാട്ടത്തില്‍ അപ്പോള്‍ മാറുന്നു. ആ ശരീരങ്ങളില്‍ കുതിച്ചുമേട്ടടവ്, പായിറ അടവ് പോലെയുള്ള ഒരു അടവ് ചെയ്താല്‍ നന്നാവില്ല. ഇഴുത്തമുള്ള രാഗങ്ങളില്‍ പേലവമായ അടവുകള്‍ കൊണ്ടുവന്ന് മലയാളപശ്ചാത്തലങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് മോഹിനിയാട്ടം ചിട്ടചെയ്തിരിക്കുന്നു എന്നാണ് ഗുരു പറഞ്ഞത് . ഒന്നാംകാല അടവുകള്‍ മാത്രമാണ് ഉപയോഗിക്കുക എന്നാല്‍ രണ്ടാം കാലമാണ് ഇപ്പോഴുള്ള മിക്ക മോഹിനിയാട്ടം നര്‍ത്തകരും ചെയ്തുവരുന്നത്. ആര്‍ക്കും ആസ്വദിക്കാനുള്ളതല്ല മോഹിനിയാട്ടം. നിപുണത്വം വേണം. സാധാരണജനങ്ങള്‍ക്ക് ആസ്വദിക്കാന്‍ ഭരതനാട്യം. വിദ്വല്‍സദസ്സിനുള്ളത് മോഹിനിയാട്ടം. അതിന്‍റെ ആ ഗൗരവത്തെ ഞാന്‍ ഇഷ്ടപ്പെടുന്നു.
ഞാന്‍ എവിടെ നൃത്തം ചെയ്യാന്‍ പോകുന്നുവോ ആ ദേശത്തിന്‍റെ പെണ്ണായി മാറുന്നു. പഞ്ചാബില്‍ ഞാന്‍ പോയിരുന്നു. അവിടുത്തെ ഫോക്ലോറില്‍ ഉള്‍പ്പെട്ട ഒരു ഇനത്തോട് നമ്മുടെ ഇനമായ കാവടിചിന്തിനോട് ആണ് ഞാന്‍ പൊരുത്തം കണ്ടെത്തിയത്. അവരുടെ താളത്തില്‍ ഉത്സവകാലത്തെ വരവേല്‍പ്പ് സന്തോഷവുമായി ബന്ധപ്പെട്ടുള്ള പാട്ടുകള്‍ നമ്മള്‍ നമ്മുടെ ആയിട്ടുള്ള ശൈലിയിലേക്ക് എടുത്ത ആടുമ്പോള്‍ അവര്‍ക്ക് അത് ഏറെ ആസ്വദിക്കാന്‍ കഴിഞ്ഞു.

മധുര ഇസൈനാടകങ്ങളുടെ കൂടി കേന്ദ്രമായിരുന്നുവല്ലോ. എങ്ങനെയാണ് നാടകത്തോടുള്ള ബന്ധം?
ഹരിശ്ചന്ദ്ര, വള്ളിത്തിരുമണം, പവിഴക്കൊടി, നല്ലതങ്കാള്‍ എന്നിങ്ങനെ നിരവധി നാടകങ്ങളില്‍ ഞാന്‍ ചെറുപ്പത്തില്‍ നാട്യവേഷം അണിഞ്ഞിട്ടുണ്ട്. വിവിധ പണ്ഡിതര്‍, ഇതിഹാസങ്ങള്‍ ആയവര്‍ എന്‍റെ ബാല്യത്തിലെ മധുരാ നാടകങ്ങളുടെ ചരിത്രസ്മരണയില്‍ എനിക്കുണ്ട്. കുട്ടിയായിരുന്നപ്പോള്‍ തന്നെ ഹരിശ്ചന്ദ്ര പോലെയുള്ള നാടകങ്ങളില്‍ കാളഘണ്ഡിയുടെ വേഷത്തില്‍ ഞാന്‍ അഭിനയിച്ചു. നൃത്തം ചെയ്തു. എന്‍റെ രംഗം രാത്രി തുടങ്ങിയാലും രാവിലെയാണ് തീരുക. രാത്രി മുഴുവന്‍ മേക്കപ്പ് ഇട്ടുകൊണ്ട് തലയിലെ കൊണ്ടയെ തലവണയാക്കിവച്ച് ഞാന്‍ ഉറങ്ങിയിരുന്നു. ആ നാടകജീവിതമാണ് എന്നെ മുഖചമയം ശീലിപ്പിച്ചത്. ഇപ്പോഴും എനിക്ക് ഞാന്‍ തന്നെയാണ് ചമയം ചെയ്യുന്നത്.

കഴിഞ്ഞ വര്‍ഷം ചെന്നൈയിലെ കില്‍പൗക്കിലെ ഭാരതീയ വിദ്യ ഭവനിലെ നിങ്ങളുടെ പ്രകടനം ഞാന്‍ ഓര്‍ക്കുന്നു. അത് അത്ഭുതകരമായ അനുഭവമായിരുന്നു. അവസാനം, പ്രേക്ഷകര്‍ മുഴുവന്‍ നില്‍ക്കുകയും കയ്യടിക്കുകയും ചെയ്തു. തിരുനംഗായിയുടെ സ്വാതന്ത്ര്യവും സ്വത്വവും പ്രഖ്യാപിക്കുന്ന ഇനം ഉപയോഗിച്ച് നിങ്ങളുടെ പ്രകടനം അവസാനിപ്പിച്ചു. നിങ്ങള്‍ സാധാരണയായി ഈ ഇനം ഉപയോഗിച്ച് നിങ്ങളുടെ പ്രകടനം അവസാനിപ്പിക്കുമോ? അത്തരമൊരു ഇനം നിങ്ങള്‍ എങ്ങനെ കൊണ്ടുവരും, ഇത് സാഹിത്യവും നൃത്തവും ആണെന്ന് വിശദീകരിക്കാമോ?
തിരുനങ്കകളെ കുറിച്ചുള്ള ആ ഇനം ഞാന്‍ തന്നെ നൃത്തസംവിധാനം ചെയ്തതാണ്. തിരുനങ്കമാരെപ്പറ്റി ഒരു തിരുനങ്ക തന്നെ പത്തുവര്‍ഷം മുന്‍പ് എഴുതിയ വരികളാണ് അത് . ഞങ്ങള്‍ തിരുനങ്കമാര്‍ക്ക് ഒരു താരാട്ട് ഇല്ല. ഒരു നങ്ക മറ്റൊരാളെ താലാട്ടുക എന്നതാണ് ഞങ്ങളുടെ അവസ്ഥ. ഞങ്ങളെപ്പോലെയുള്ളവരില്‍ പലര്‍ക്കും ഒരിക്കലും സ്വന്തം വീട്ടിലേക്ക് തിരിച്ചുപോകാന്‍ സാധിക്കാറില്ല. വളരെ വേദനാജനകമായ ഒരു ജീവിതശൈലിയിലൂടെ തന്നെ ഞങ്ങള്‍ക്ക് എല്ലാംമറന്ന് തുടരേണ്ടിവരുന്നു. അമ്മ എന്ന് ഞങ്ങള്‍ വിളിക്കുന്നത് ഞങ്ങളുടെ കൂട്ടത്തില്‍ ഉള്ള ട്രാന്‍സ്ജെന്‍ഡര്‍ അമ്മയെയാണ്. അപമാനപ്പെട്ടു വഴിയിലിറങ്ങിയപ്പോള്‍ ചേര്‍ത്തുപിടിച്ച അമ്മ. അങ്ങനെ ഉള്ള ഒരു അനുഭവത്തില്‍ നിന്നാണ് തിരുനങ്കമാരെ പ്രകീര്‍ത്തിക്കുന്ന, അവരുടെ സ്വാതന്ത്ര്യപ്രഖ്യാപനം നല്‍കുന്ന ഒരിനം വരുന്നത്. ഞാന്‍ അവതരിപ്പിച്ച ഇനത്തില്‍ എന്‍റെ അമ്മയായ മീരാ അമ്മയാണ് ആദരവിന് പാത്രമായ അമ്മ. എന്നാല്‍ അത് എല്ലാ തിരുനങ്ക അമ്മമാര്‍ക്കും ഉള്ള സമര്‍പ്പണം ആണ്. എന്നെ വളര്‍ത്തിയ അമ്മ മുസ്ലിമായിരുന്നു ആയിരമായിരം തിരുനങ്കമാരുടെ അമ്മയാണ്. അവര്‍ക്ക് മതമില്ല, ജാതിയില്ല. ഇങ്ങനെ ഓരോ സ്റ്റേജിലും ചെന്ന് കാവടിചിന്ത്, താരാട്ടുപാട്ടുകള്‍ ഏതെങ്കിലും തരത്തിലുള്ള തനിമ നിലനിര്‍ത്തുന്ന ആശയം എന്നിങ്ങനെ പരസ്പരം വിനിമയം ചെയ്യാന്‍ ഉതകുന്ന നിറയെ പാട്ടുകള്‍ ഞാന്‍ തിരഞ്ഞെടുക്കാറുണ്ട്.
‘തിരുനങ്ക’ എന്ന വാക്ക് എന്‍റെ സംഭാവനയാണ്. കോയമ്പത്തൂര്‍ ഒരു വലിയ സംഘടനയുടെ പരിപാടിക്ക് ഞാന്‍ നൃത്തം അവതരിപ്പിക്കാന്‍ പോവുകയുണ്ടായി എന്നാല്‍ അവിടുത്തെ സംഘാടകര്‍ അവതരണത്തിനു ശേഷം വളരെയധികം നിരാശ പ്രകടിപ്പിച്ചു കൊണ്ട്, ഇങ്ങനെ പറഞ്ഞു ‘ പെണ്ണ് എന്നു വിചാരിച്ചിട്ട് ഞങ്ങള്‍ പറ്റിക്കപ്പെട്ടു”എന്ന്. ആ ഒരു അഭിപ്രായം എനിക്ക് വളരെയധികം അപമാനം ഉണ്ടാക്കുന്നതായിരുന്നു. അടുത്ത കച്ചേരി മുതല്‍ എന്താണ് ഞങ്ങളുടെ സ്വത്വം? പെണ്ണുമാതിരി എന്നൊരു അംഗീകാരം ഞങ്ങള്‍ക്ക് വേണ്ട എന്ന നിലപാടില്‍ ഓരോ വേദിയിലും ആദ്യമേ തന്നെ ഞാന്‍ എന്‍റെ സ്വത്വം എന്താണെന്ന് പറഞ്ഞു തുടങ്ങി. കാലം വളരെ വൈകിയാണെങ്കിലും എല്ലാ തരത്തിലുള്ള ക്രെഡിറ്റും ഞങ്ങള്‍ക്ക് ഇപ്പോള്‍ ലഭ്യമാകുന്നു തമിഴ്നാട് സര്‍ക്കാര്‍ ഞങ്ങളെ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തുന്നു. പലതരത്തിലുള്ള പുരസ്കാരങ്ങളിലേക്ക് തിരഞ്ഞെടുക്കുന്നു എന്നത് തന്നെയാണ് ആ മാറ്റങ്ങളുടെ അടയാളം.

നിങ്ങളുടെ ‘തോഴി’ ശക്തി ഭാസ്കറുമായുള്ള നിങ്ങളുടെ ബന്ധത്തെക്കുറിച്ച് അല്‍പ്പം വിശദീകരിക്കാമോ?
എന്‍റെ ജന്മസ്ഥലം മധുരയിലെ അനപ്പാനടി എന്ന ഊരാണ്. ഞങ്ങള്‍ ഒരു ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്നവരാണ്. ഏറ്റവും അടുത്ത തോഴികള്‍. നാലഞ്ച് തലമുറയായി എന്‍റെ കുടുംബവും ശക്തിയുടെ കുടുംബവും സുഹൃത്തുക്കളായിരുന്നു. രണ്ടുപേരും നല്ല സൗകര്യങ്ങളുള്ള ഗൗരവപരമായ കുടുംബത്തില്‍ ജനിച്ചവരാണ്. എന്നാല്‍ ഒന്നിലും ഒരിടത്തും ആ മേല്‍വിലാസം കൊണ്ട് ഞങ്ങള്‍ക്ക് സുരക്ഷ ഉണ്ടായില്ല എന്നതുതന്നെയാണ് ഏറ്റവും തീവ്രമായ സങ്കടകരമായ വസ്തുത. ഞാനും ശക്തിയും നന്നായി പഠിക്കുമായിരുന്നു, പക്ഷേ ലിംഗപരമായ പ്രശ്നങ്ങള്‍ ഞങ്ങളുടെ കൂടെതന്നെ യാത്ര ചെയ്തുകൊണ്ടിരുന്നു. അന്നുമുതല്‍ ഇന്നുവരെ ഞങ്ങളുടെ വ്യക്തിത്വത്തെ സമൂഹം അംഗീകരിച്ചില്ല. ഞങ്ങള്‍ ഇതില്‍ ഒന്നും വ്യാകുലരായിരുന്നില്ല. ഞങ്ങളുടെ സത്യം അതായിരുന്നു. സ്വാതന്ത്ര്യത്തില്‍ അല്ലേ ആനന്ദം. എന്നാല്‍ നിങ്ങള്‍ സ്വന്തം തൊഴില്‍ മാറ്റിവെച്ച് ഞങ്ങളുടെ ജീവിതത്തിലേക്ക് കയറിവന്നു ഞങ്ങളെ അടിക്കുന്നതും അപമാനിക്കുന്നതുമൊക്കെ തുടരുന്നു. സമൂഹം ഞങ്ങളെപ്പറ്റി ഞങ്ങളേക്കാള്‍ വ്യാകുലപ്പെട്ടുകൊണ്ടിരിക്കുന്നു. എന്‍റെ ഗുരുവിനോട് എന്നെക്കാളും അടുത്ത് പെരുമാറിയിരുന്നത് എന്‍റെ പെണ്‍പാതിയായ ശക്തിയാണ്. ഇപ്പോഴും എന്‍റെ നിരന്തരമുള്ള പരിശീലനങ്ങളില്‍ ശക്തി വളരെ ഉറച്ച നിലപാടുകള്‍ സ്വീകരിക്കാറുണ്ട്. ഗുരുവിന്‍റെ ശൈലിയിലെ കൃത്യത കാത്തുസൂക്ഷിക്കാന്‍ ശ്രദ്ധിക്കുന്നത് ശക്തിയാണ്.

നര്‍ത്തകി, മദിരാശി സര്‍വ്വകലാശാല
മലയാള വിഭാഗം അധ്യാപിക

COMMENTS

COMMENT WITH EMAIL: 0