“ഒരഞ്ഞൂറ് കൊല്ലത്തിനകത്ത് ഈ ഭൂമിയിലുള്ള സര്‍വ്വ ജന്തുക്കളേയും പക്ഷികളേയും മൃഗങ്ങളേയും എല്ലാം മനുഷ്യര്‍ കൊന്നൊടുക്കും. മരങ്ങളേയും ചെടികളേയും നശിപ്പിക്കും. മനുഷ്യന് മാത്രം ഭൂമിയില്‍ അവശേഷിക്കും. എന്നിട്ട് ഒന്നടങ്കം ചാകും” –
വൈക്കം മുഹമ്മദ് ബഷീര്‍
2011 സെപ്റ്റംബര്‍ 30 ന് എന്‍ഡോസള്‍ഫാന്‍ നിരോധിച്ചു കൊണ്ട് ബഹു.സുപ്രീം കോടതി പറഞ്ഞത് ‘ഓരോ ജീവനും വിലപ്പെട്ടതാണ്’ എന്നാണ്. കീടനാശിനിയെ മരുന്നെന്ന വ്യാജനാമത്തിലാണ് കുത്തകഭീമന്മാര് വിപണിയിലിറക്കുന്നത്. ജീവന് നിലനിര്‍ത്താനും പരിപാലിക്കാനുമുള്ള മരുന്നുകളെന്ന മിഥ്യാധാരണയില്‍ ഇന്നും നാമിതൊക്കെ ഉപയോഗിച്ചു പോരുന്നു. കൊട്ടിഘോഷിക്കപ്പെട്ട കാര്‍ഷിക വിപ്ലവം അവശേഷിപ്പിച്ച ചില തിരിച്ചറിവുകളാണ് കാസര്‍ഗോട്ടെ പതിനൊന്ന് ഗ്രാമങ്ങളില്‍ നാം കണ്ടത്.
കയ്യൂര്‍-ചീമേനി, അജാനൂര്‍ , പുല്ലൂര്‍ – പെരിയ , കല്ലാര്‍, പാണത്തടി, മൂളിയാര്‍, കാറടുക്ക, കുംബട്ജെ, ബദിയടുക്ക, ബെല്ലൂര്‍, എന്മകജെ – എന്നീ പഞ്ചായത്തുകളില്‍ ജീവിക്കുകയും ആയുസ്സെത്താതെ മരിക്കുകയും അരജീവിതം നയിക്കേണ്ടി വരികയും ചെയ്ത ഹതഭാഗ്യരായ ഒരു പറ്റം മനുഷ്യരുടെ 1979 – മുതലുള്ള ജീവിതം അഭ്രപാളികളില്‍ ആവിഷ്കരിക്കപ്പെട്ടത് എങ്ങനെയെന്നുള്ള ഒരന്വേഷണമാണിത് : എന്‍ഡോസള്‍ഫാന്‍ എന്ന ജീവനാശിനി സ്വപ്നങ്ങളും പ്രതീക്ഷകളും ഇല്ലാതാക്കിയ ഒരു പറ്റം മനുഷ്യര്‍ക്കിടയില്‍ ഒരു വ്യാഴവട്ടക്കാലം അവരുടെ ശബ്ദമായി മാറി വിവിധ ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ അറുപത്തിമൂന്ന് ലേഖനങ്ങള്‍ എഴുതുകയും കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ജീവിതം കളങ്കമില്ലാതെ അവതരിപ്പിക്കുകയും ചെയ്തയാളാണ് എം. എ. റഹ്മാന്. 2003 ലാണ് ‘അര ജീവിതങ്ങള്‍ക്ക് ഒരു സ്വര്‍ഗ്ഗം’ എന്ന അദ്ദേഹത്തിന്റെ ഡോക്യുമെന്ററി പൂര്‍ത്തിയാകുന്നത്.
അര ജീവിതങ്ങള്‍ക്ക് ഒരു സ്വര്‍ഗ്ഗം
എങ്ങനെ തമ്പുരാനേ
പൊരുളീ മക്കളെ പോറ്റേണ്ടത്?
– എന്ന ഒരു നാടന്‍ പാട്ടിന്റെ തുടികൊട്ടോടു കൂടിയാണ് അരജീവിതങ്ങള്‍ നരകിക്കുന്ന കാസര്‍ഗോട്ടെ സ്വര്‍ഗ്ഗമെന്ന കൊച്ചു ഗ്രാമത്തിലേക്ക് എം.എ.റഹ്മാന് ക്ഷണിക്കുന്നത്. കേരളത്തിന്റെ വടക്കേയറ്റത്തുള്ള കാസര്‍ഗോഡ് ജില്ലയില്‍ കൃഷി ഉപജീവനമാര്‍ഗ്ഗമായി സ്വീകരിച്ച ഒരു പറ്റം ഗ്രാമീണരുടെ ജീവിതത്തെ ഗ്രസിച്ച ദുരന്ത കഥ പറയുന്നത് ഒരു സ്ക്കൂള് വിദ്യാര്‍ത്ഥിയാണ്.
അരജീവിതങ്ങളുടെ സ്വര്‍ഗ്ഗം ഡോക്യുമെന്ററിയില്‍ നിന്ന്
ഹെലികോപ്റ്ററിന്റെ പേടിപ്പിക്കുന്ന ശബ്ദം രണ്ടു ദശകങ്ങളായി തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ചെറുതും വലുതുമായിട്ടുള്ള പതിമൂന്നോളം നദികളും ഇരുപതോളം ഗോത്രവര്‍ഗ്ഗങ്ങളും താമസിക്കുന്ന അപൂര്‍വ്വമായ ആവാസ വ്യവസ്ഥയുള്ള കാസര്‍ഗോഡന്‍ ഗ്രാമങ്ങളെക്കുറിച്ച് പ്രശാന്തന് മാഷിന്റെ ക്ലാസ്സില്‍ നിന്ന് കേട്ടറിഞ്ഞ് എന്‍ഡോസള്‍ഫാന്‍ വിതച്ച നാശത്തെക്കുറിച്ചറിയാന് പുറപ്പെടുന്ന വിദ്യാര്‍ത്ഥി. അവന് നടന്നു കാണുന്ന ദയനീയ ദൃശ്യങ്ങളാണ് അരജീവിതങ്ങളുടെ സ്വര്‍ഗ്ഗം.
കുന്നിന് മുകള്‍ സ്വന്തമായിട്ടുണ്ടായിരുന്ന ആദിവാസികളില്‍ നിന്ന് സര്‍ക്കാര്‍ പിടിച്ചെടുത്ത പ്രദേശങ്ങളാണ് എഴുപതുകളില്‍ പ്ലാന്റേഷന് കോര്‍പ്പറേഷന്റെ കശുമാവിന് തോട്ടങ്ങളായി മാറിയത്. അയ്യായിരത്തോളം ഹെക്ടര്‍ ഭൂമിയില്‍ ഇത് പടര്‍ന്നു കിടക്കുന്നുണ്ട്. എന്‍ഡോ സള്‍ഫാനെതിരെ ആദ്യത്തെ കോടതി ഉത്തരവു സംഘടിപ്പിച്ച ലീലാകുമാരി അമ്മ തന്റെ മകനും സഹോദരനും ഉണ്ടായ രോഗാവസ്ഥയെക്കുറിച്ച് പറയുന്നുണ്ട്. കൃഷിവകുപ്പിലും കലക്ടര്‍ക്കുമെല്ലാം പരാതി കൊടുത്തെങ്കിലും ഒരു ഫലവുമുണ്ടായില്ല. ഒടുവില്‍ 1998-ല്‍ കോടതിയില്‍ കേസ് കൊടുത്തതിനെ തുടര്‍ന്നു 2001 ഒക്ടോബര്‍ മാസത്തില്‍ ആകാശമാര്‍ഗ്ഗം തളിക്കുന്നത് നിരോധിച്ചു കൊണ്ടുള്ള വിധി വന്നു.
മധുരാജിന്റേയും ഭാഗ്യനാഥിന്റേയും ചിത്രങ്ങള്‍, എന്‍ഡോ സള്ഫാന് ദുരിത ബാധിതര്‍ക്കായി സംഘടിപ്പിച്ച യോഗം എന്നിവയിലൂടെ തുറന്നു വെച്ച ക്യാമറക്കണ്ണില്‍ തെളിയുന്നത് യഥാര്‍ത്ഥ ചിത്രങ്ങള്‍ തന്നെയാണ്.
രോഗബാധിതരായവരുടെ ആത്മഹത്യാ പ്രവണതയെപ്പറ്റി ആക്ടിവിസ്റ്റായ ബി.സി. കുമാരന് സംസാരിക്കുന്നുണ്ട്.
തോടിനു വശത്തു താമസിക്കുന്ന ആളുകള്‍ക്ക് പിടിപെടുന്ന മാരക രോഗങ്ങളാണ് ഡോ. വൈ.എസ്. മോഹന്‍ കുമാറിന്റെ ശ്രദ്ധയില്‍ ആദ്യം പെട്ടത്. 1980-ല്‍ ശ്രീ പദ്രെയും ഇതേക്കുറിച്ച് പറഞ്ഞിരുന്നു. പര്‍ള എന്ന സ്ഥലത്ത് അംഗവൈകല്യവുമായി ജനിച്ച പശുക്കിടാവുകളെക്കുറിച്ച് അദ്ദേഹം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്‍ഡോ സള്ഫാന് ആകാശത്തളി നടത്തിയതിലൂടെ അതെല്ലാം കുടിവെള്ളത്തില്‍ കലരുകയാണ് ചെയ്തത്.
തേനീച്ചകള്‍ കൂടുകെട്ടുന്നതില് വന്ന മാറ്റത്തെക്കുറിച്ചും അപൂര്ണ്ണതയെക്കുറിച്ചുമാണ് ഗോവിന്ദ ഭട്ട് എന്ന അദ്ധ്യാപകന് പറയുന്നത്. തവളകളുടെ കരച്ചില് കേള്‍ക്കാനില്ല. നൂറ്റമ്പത് വീടുകള്‍ എടുത്താന്‍ നൂറ്റിപ്പതിമൂന്ന് വീടുകളിലും നിത്യ രോഗികളാണ്. നാല്പതിലേറെ ആളുകള്‍ മരിച്ചു കഴിഞ്ഞു. തുലാം – വൃശ്ചിക മാസത്തില്‍ കശുമാവില്‍ പൂവു വിരിയുന്ന സമയത്താണ് എന്‍ഡോസള്‍ഫാന്‍ തളിക്കുക. ആ സമയത്ത് പുഴയുടെ ഒഴുക്ക് വളരെ കുറഞ്ഞിട്ടുണ്ടാകും. അതുകൊണ്ടു തന്നെ ഈ വിഷം വെള്ളത്തില്‍ കലര്‍ന്നാല്‍ അതവിടെ തന്നെ അടിഞ്ഞു കിടക്കും.
തുറന്നു കിടക്കുന്ന കുളങ്ങള്‍ക്കു മീതെ വിഷവുമായി പാറിപ്പറക്കുന്ന ഹെലികോപ്റ്ററുകള്‍, വികൃത രൂപത്തിലായ കൈകാലുകളുമായി ബലിമൃഗങ്ങളെപ്പോലെ സ്ക്കൂള് മുറ്റത്തു നില്ക്കുന്ന കുട്ടികള്‍ ….. അന്നത്തില്‍ വിഷം വീണതറിഞ്ഞ് പാത്രം വലിച്ചെറിഞ്ഞ് അവര്‍ ഓടിപ്പോകുന്നുണ്ട്. ആ ചിത്രങ്ങളിലെല്ലാം നിറയുന്നത് ഭീതി പരത്തുന്ന ഹെലികോപ്റ്റര്‍ മാത്രം.
പ്ലാന്റേഷന് കോര്‍പ്പറേഷന്റെ നടുക്കുള്ള മുണ്ടക്കൈ കോളനിയിലെ അന്തേവാസികളുടെ ഭീതിപ്പെടുത്തുന്ന കാഴ്ചകള്‍ … ദേഹത്തു പലയിടത്തും തലയിലും മുഴകളുമായി ജീവിക്കുന്നവര്‍, ആര്‍ത്തവ ക്രമക്കേടുകള്‍ അനുഭവിക്കുന്ന, നിരന്തരമായി ഗര്‍ഭം അലസിപ്പോകുന്ന സ്ത്രീകള്‍, പെരിയ മോഡല്‍ കാഷ്യു നഴ്സറിക്കു സമീപമുള്ള വീട്ടില്‍ പിറന്ന മൂത്രാശയം മുഴുവന്‍ പുറത്തായി ജനിച്ച പെണ്‍കുഞ്ഞ്, മംഗോളിസം ബാധിച്ചവര്‍, കൈകാലുകള്‍ ഉറക്കാതെ ഇഴഞ്ഞു നീങ്ങുന്നവര്‍, ഇങ്ങനെ അര ജീവിതങ്ങളുടെ കാഴ്ചകള്‍ നീളുകയാണ്.
എന്‍ഡോസള്‍ഫാന്റെ അനുവദനീയമായ അളവ് വെള്ളത്തില്‍ 0.18 ppm ആണ്. മുലപ്പാലിലും രക്തത്തിലും അത് പ്രത്യക്ഷപ്പെടാനേ പാടില്ല, എന്നാല്‍ കുമ്പടന്നെയില് ലളിത എന്ന മുപ്പത്താറുകാരിയുടെ രക്തത്തില്‍ 176 . 9 ppm, മുലപ്പാലില്‍ 22.4 ppm വീതമാണ് എന്‍ഡോ സള്ഫാന് കണ്ടെത്തിയത്.
പ്രമുഖ വാരികകളില്‍ കവര്‍ ചിത്രമായി പ്രത്യക്ഷപ്പെട്ട സുജിത്തിന്റേയും മണികണ്ഠന്റേയും അവസ്ഥക്ക് വലിയ മാറ്റമില്ല. തൊലിയെല്ലാം പൊളിഞ്ഞിളകി കഷ്ടപ്പെടുന്ന തന്റെ കുഞ്ഞുങ്ങള്‍ക്ക് യാതൊരു വൈദ്യ സഹായവും കിട്ടുന്നില്ലെന്ന് അവരുടെ അമ്മ രോഷാകുലയാകുന്നുണ്ട്.
ഒന്നര വര്‍ഷമായി ഉപയോഗിക്കാതെ വെച്ചിരുന്ന എന്‍ഡോ സള്ഫാന് ഈ ഗ്രാമത്തില്‍ തന്നെയാണ് കുഴിച്ചുമൂടിയത്. തൊഴിലാളികള്‍ക്ക് വേണ്ട സുരക്ഷാ സാമഗ്രികളൊന്നും ലഭ്യമാക്കാതെയായിരുന്നു ആ നടപടികളെല്ലാം. കണ്ണിന് കാഴ്ചക്കുറവും കൈകാലുകള്‍ക്ക് മരവിപ്പും അനുഭവിക്കുന്നവരാണ് അവരെല്ലാം. മരിച്ചു പോയ സുബ്ബയ്യയുടെ വീടന്വേഷിച്ചു പോകുമ്പോള്‍ ചിത്രീകരണ സംഘത്തിനു നേരെ തൊഴിലാളികള്‍ പ്രതിഷേധിക്കുന്നുണ്ട്. ചികിത്സയോ ധനസഹായമോ കിട്ടാത്തതിന്റെ പേരിലായിരുന്നു അത് .
കയ്യൂര്‍ – ചീമേനി പഞ്ചായത്തിലുള്ള പോത്തംകണ്ടം ഗ്രാമം – ജില്ലയുടെ തെക്കേയറ്റത്താണ്. അവിടെ ഒഴുകുന്ന തോട് കാസര്‍ഗോഡ് ജില്ലയുടെ അതിരാണ്. ഈ തോട്ടരികില് താമസിക്കുന്നവരുടെ വീടുകളിലുമുണ്ട് അംഗവൈകല്യമുള്ള കുട്ടികള്‍.
മരണത്തെ മുഖാമുഖം കണ്ടു കൊണ്ടിരിക്കുന്ന കുമാരന് മാസ്റ്ററുടെ വാക്കുകള്‍ തങ്ങളെ ആത്മനിന്ദയിലാഴ്ത്തി എന്ന് എം എ .റഹ്മാന് ഓര്‍മിക്കുന്നുണ്ട്. തീരാത്ത ദുരിതങ്ങളില്‍ നിന്ന് വരും തലമുറക്കെങ്കിലും മോചനമുണ്ടാകാന്‍ ഏറെ പ്രയാസപ്പെട്ടാണെങ്കിലും തന്റെ രോഗാവസ്ഥയെക്കുറിച്ചും അതിന്റെ കാരണങ്ങളെക്കുറിച്ചും അദ്ദേഹം വിവരിക്കുന്നുണ്ട്.
“ഇനിയും രോഗികളെ കാണാന്‍ ക്യാമറയുടെ നനഞ്ഞ കണ്ണുകള്‍ക്ക് ശക്തിയില്ല” – എന്ന വാക്കുകളോടെ ഈ ദൃശ്യങ്ങളുടെ ചിത്രണം അദ്ദേഹം അവസാനിപ്പിക്കുന്നുണ്ട്. പ്രശ്നപരിഹാരത്തിനായി സര്‍ക്കാര്‍ നിയോഗിച്ച അച്യുതന് കമ്മിറ്റി പ്ലാന്റേഷന് കോര്പ്പറേഷന് കാണിച്ച അലംഭാവത്തെക്കുറിച്ച് അക്കമിട്ടു നിരത്തുന്നുണ്ട്. ധാരാളം ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നവരായിരുന്നു തൊഴിലാളികള്‍ ഏറിയ പങ്കും. . തെളിവെടുപ്പിന് ഹാജരായ പ്ലാന്റേഷന് കോര്‍പ്പറേഷന്റെ പ്രതിനിധികള്‍ക്കൊപ്പം കീടനാശിനി നിര്‍മ്മാണ കമ്പനികളുടെ പ്രതിനിധികളുമുണ്ടായിരുന്നു. ഏരിയല്‍ സ്പ്രേയ്ക്ക് അനുമതി നല്കിയ ശാസ്ത്രജ്ഞനായ ഒ.പി. ദുബെയുടെ സാന്നിധ്യമായിരുന്നു അധികൃതരുടെ ഇരട്ടത്താപ്പിന്റെ ഏറ്റവും വലിയ ഉദാഹരണം. ഇരുപത്തിരണ്ട് കൊല്ലം തുടര്‍ച്ചയായി എന്‍ഡോസള്‍ഫാന്‍ തളിച്ചുവെന്നതാണ് ഏറ്റവും അത്ഭുതകരമായതെന്ന് കമ്മീഷന് ചെയര്മാന് ശ്രീ അച്യുതന് പറയുന്നു.
ഓരോ ജീവനും വിലപ്പെട്ടതാണ് എന്ന തന്റെ ലേഖന സമാഹാരത്തില്‍ താന്‍ ഡോക്യുമെന്ററി ചെയ്യാനുണ്ടായ സാഹചര്യത്തെക്കുറിച്ചും നിര്ഭാഗ്യവാന്മാരായ ഈ മനുഷ്യരുടെ അവകാശങ്ങള്‍ക്ക് വേണ്ടി ഒരു വ്യാഴ വട്ടക്കാലം പൊരുതേണ്ടി വന്നതിനെക്കുറിച്ചും എം എ. റഹ്മാന് വിവരിക്കുന്നുണ്ട്.
കീടനാശിനി കമ്പനികള്‍ക്കെതിരെ ഡി. വൈ. എഫ്. ഐ. നല്കിയ ഹര്‍ജിയില്‍ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്കാന് 2017 ല്‍ സുപ്രീം കോടതി വിധിച്ചിരുന്നു. 6712 പേരാണ് നിലവിലെ ലിസ്റ്റിലുള്ളത്. സുപ്രീം കോടതി വിധി പ്രകാരമുള്ള അഞ്ചു ലക്ഷം രൂപ ഇവരില്‍ പലര്‍ക്കും ലഭിച്ചിട്ടില്ല.
ഡോ. ബിജു രചനയും സംവിധാനവും നിര്‍വ്വഹിച്ച ചലച്ചിത്രമാണ് വലിയ ചിറകുള്ള പക്ഷികള്‍ (നവംബര്‍ 2015 ). മാതൃഭൂമി പത്രത്തിലെ ഫോട്ടോഗ്രാഫറായിരുന്ന മധുരാജാണ് എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ദുര്യോഗം ചിത്രങ്ങളിലൂടെ ആദ്യമായി ജനശ്രദ്ധയിലേക്കെത്തിച്ചത്. മധുരാജ് നേരില്‍ കണ്ട കാര്യങ്ങള്‍ എന്ന രീതിലാണ് സിനിമയുടെ ചിത്രീകരണം നിര്‍വ്വഹിച്ചിരിക്കുന്നത്. മുന്‍നിര നടനായ കുഞ്ചാക്കോ ബോബനാണ് മധുരാജായി അഭിനയിച്ചിരിക്കുന്നത്.
വലിയ ചിറകുള്ള പക്ഷികള്‍
ഇരമ്പി വരുന്ന ഒരു ഹെലികോപ്റ്ററില്‍ നിന്ന് സൂക്ഷ്മകണികകളായി ചിതറിപ്പറക്കുന്ന ഒരു വിഷത്തിലൂടെ ഒരു ജനതയുടെ സ്വപ്നങ്ങള്‍ക്ക് മേല്‍, ജീവിതത്തിനു മേല്‍ അന്തക വിത്ത് പാകി കടന്നുപോകുന്ന ഹെലികോപ്റ്ററിന്റെ ക്ലോസപ്പില്‍ നിന്നാണ് ‘വലിയ ചിറകുള്ള പക്ഷികള്‍’ എന്ന സിനിമ തുടങ്ങുന്നത്.
മധുരാജ് എന്ന ഫോട്ടോഗ്രാഫര്‍ നടന്ന വഴികളും കടന്നുചെന്ന വീടുകളും നാളുകള്‍ക്കിപ്പുറം ഓരോ മലയാളിയുടേയും കൈവെള്ളയില്‍ തെളിഞ്ഞ രേഖകള്‍ പോലാകുന്നു. തലക്ക് അസാമാന്യമായി വലുപ്പം വെയ്ക്കുന്ന സൈനബ എന്ന കുട്ടിയുടെ ചിത്രവുമായി ചെല്ലുന്ന മധുരാജിനോട് ഒരു നാട്ടിലെ ജീവന്റെ തുടിപ്പുകള്‍ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്ന എന്‍ഡോ സള്ഫാന് എന്ന ജീവനാശിനിയുടെ ഇരകളെക്കുറിച്ച് ഒരു ഫോട്ടോ ഫീച്ചര്‍ തയ്യാറാക്കാനാണ് പത്രാധിപര്‍ ആവശ്യപ്പെടുന്നത്.
‘ഒരു ദിവസം ഇവിടത്തെ പക്ഷികളൊന്നും പാടാതായി പൂമ്പാറ്റകളും തുമ്പികളുമെല്ലാം പൊയ്പ്പോയി തേനീച്ചകള്‍ തേനെടുക്കാന്‍ മറന്നു പോയി.’
എന്നിങ്ങനെ അമിതമായ കീട-രാസവളപ്രയോഗത്താല്‍ ഇല്ലാതായിപ്പോയ ജീവജാലങ്ങളെക്കുറിച്ച് പറയുന്ന ‘നിശ്ശബ്ദ വസന്തം’ എന്ന റെയ്ച്ചല്‍ കഴ്സന്റെ പുസ്തകത്തിലെ വരികള്‍ പത്രാധിപര്‍ വായിക്കുന്നുണ്ട്.
മധുരാജിനെ കാത്തിരുന്നത് പാടാത്ത പൈങ്കിളിയും തേനെടുക്കാത്ത തേനീച്ചയും പൂക്കളെ തേടി വരാത്ത പൂമ്പാറ്റകളും മാത്രമായിരുന്നില്ല , കൈകാലുകള്‍ ശോഷിച്ചവരും ദിനേന തല ഭീമാകാരായി വലുതായിക്കൊണ്ടിരിക്കുന്നവരും ദേഹമാസകലം ചൊറിയും ചിരങ്ങുമായി നേരെ നില്ക്കാന് പ്രയാസപ്പെടുന്നവരുമായിരുന്നു.
പ്ലാന്റേഷന് കോര്‍പ്പറേഷനെതിരെ ആദ്യമായി പരാതിയുമായി നീങ്ങിയ ലീലാകുമാരി അമ്മയെയാണ് അവരാദ്യം കാണാന്‍ പോകുന്നത്. താന്‍ നടത്തിയ നിയമ പോരാട്ടങ്ങളെക്കുറിച്ച് അവര്‍ വിവരിക്കുന്നുണ്ട്.
പതിനേഴു വയസ്സായ ശ്രീലക്ഷ്മിക്കും അനുജനും ചെറിയ കുട്ടികളുടെ വളര്‍ച്ചയേയുള്ളു. കാഴ്ചയും ഇല്ല. നിരങ്ങി നീങ്ങുകയും മണം കൊണ്ടു മാത്രം ആളെ തിരിച്ചറിയുകയും ചെയ്യുന്നവര്‍ . മക്കളുടെ കാര്യം ഭാവിയില്‍ എന്താകും എന്നു ചോദിക്കുമ്പോള്‍ അഭിനയിക്കാനറിയാത്ത ആ അമ്മയുടെ കണ്ണീര് സിനിമ തീരുന്നതു വരെ ഫ്രെയിമില്‍ പടര്‍ന്നു നില്‍ക്കുന്നുണ്ട്.
എട്ടുവയസ്സുകാരിയുടെ ശരീരവളര്‍ച്ച പോലുമില്ലാത്ത മദ്ധ്യവയസ്സിലെത്തിയ കിടപ്പു രോഗിയായ ശീലാബതി തന്റെ സ്ക്കൂള് കാലഘട്ടത്തില്‍ ഏരിയല്‍ സ്പ്രേ ചെയ്ത എന്‍ഡോ സള്ഫാന് ദേഹത്തു വീണതിനെപ്പറ്റി പറയുന്നു. വാപ്പ കൊടുക്കുന്ന മിഠായി മധുരാജിന് നീട്ടുന്ന ഒരു കുഞ്ഞുവാവയെപ്പോലെ തോന്നിക്കുന്ന എപ്പോഴും ചിരിക്കുന്ന നിഷ്കളങ്കനായ ബാദുഷ, മിടുക്കിയായ നല്ല കൈയക്ഷരമുണ്ടായിരുന്ന ശ്രീലക്ഷ്മി… ഇങ്ങനെ ചിത്രം പകര്‍ത്തുമ്പോഴെല്ലാം വലിയ ചിറകുള്ള പക്ഷികളുടെ ഭീതിദമായ ശബ്ദം മധുരാജ് അറിഞ്ഞു കൊണ്ടിരുന്നു. സ്വര്‍ഗ്ഗമെന്ന ഗ്രാമം നരകത്തിന്റേതിനു തുല്യമായ ഭീതിദമായ മരണഗന്ധം പേറിക്കൊണ്ടിരിക്കുകയാണെന്ന ശ്രീപദ്രയുടെ വാക്കുകളില്‍ അതിശയോക്തിയില്ലെന്ന് ഓരോ പുല്‍ക്കൊടിത്തുമ്പും സാക്ഷ്യം പറയുന്നുണ്ട്.
ഡോ. മോഹന്‍ കുമാര്‍ നിരാശയോടെയാണ് തന്റെ നാടിനെക്കുറിച്ച് പറയുന്നത്. ക്യാന്‍സര്‍, വൃക്കരോഗം, നാഡീ-അസ്ഥിസംബന്ധമായ രോഗങ്ങള്‍, ആത്മഹത്യാപ്രവണത, ബുദ്ധിമാന്ദ്യം എന്നിങ്ങനെ രോഗമാഴിയാത്ത ഒരു തലമുറയാണ് ഗ്രാമത്തിലുള്ളത്. ആയുസ്സെത്താതെ പലരും മരിച്ചു പോകുന്നു. എന്‍ഡോ സള്‍ഫാനാണ് കാരണമെന്നറിഞ്ഞ് അതിനെതിരെ ശബ്ദമുയര്‍ത്തിയിട്ടും നരകയാതനകള്‍ സഹിച്ച് ജീവിക്കുന്നവര്‍ക്ക് നീതി കിട്ടിയില്ല എന്ന അമര്‍ഷം വാക്കുകളില്‍ നിറയുന്നുണ്ട്.
അവിടത്തെ ക്ലിനിക്കില്‍ പാര്‍പ്പിച്ചിരുന്ന രോഗികളില്‍ പലരും മധുരാജിന്റെ രണ്ടാം വരവില്‍ അവിടെ ഉണ്ടായിരുന്നില്ല. വെള്ള പുതച്ചു കിടക്കുന്ന ശവശരീരങ്ങളുടെ നീണ്ട നിര ക്യാമറയില്‍ പതിയാത്ത ചിത്രമായി മധുരാജ് അനുഭവിക്കുന്നുണ്ട്.
സ്റ്റോക്ഹോമിലെ യു. എന്‍ പരിസ്ഥിതി കോണ്ഫ്രന്സില് എന്‍ഡോസള്‍ഫാന്‍ നിരോധനം ചര്‍ച്ച ചെയ്യുമ്പോള്‍ ഇന്ത്യന്‍ പ്രതിനിധിക്കൊപ്പം കൂട്ടു വന്നത് കീടനാശിനിക്കമ്പനി ഉദ്യോഗസ്ഥനാണെന്ന് മധുരാജ് കാണുന്നുണ്ട്. വിവിധ രാജ്യങ്ങളില്‍ എന്‍ഡോസള്‍ഫാന്റെ ഉപയോഗം പരിമിതപ്പെടുത്തിയിട്ടും ഇന്ത്യ ഈ മാരക കീടനാശിനി ഉപേക്ഷിക്കാത്തതെന്തെന്ന് പ്രഗത്ഭനായ ഒരു കാര്‍ഷിക ശാസ്ത്രജ്ഞന് അത്ഭുതപ്പെടുന്നുണ്ട്.
ഒരു തലമുറയെ തീരാ ദുരിതത്തിലാഴ്ത്തിയ ഈ ഗൂഢാലോചനക്ക് അവസാനമുണ്ടായത് സുപ്രീം കോടതി വിധിയോടെയാണ്. എന്‍ഡോസള്‍ഫാന്‍ പിന്‍വലിക്കണമെന്ന ഉത്തരവായിരുന്നു അത്. കമ്പനിക്ക് പത്തായിരം കോടിയുടേയും സര്‍ക്കാരിന് അയ്യായിരം കോടിയുടേയും നഷ്ടം ഉണ്ടാകും എന്നു കേള്‍ക്കുമ്പോഴാണ് എത്ര വലിയ വ്യവസായ ഭീമനോടാണ് കാസര്‍ഗോഡ് ജില്ലയിലെ നിസ്വരായ ഒരു പറ്റം ജനവിഭാഗം പട വെട്ടിയത് എന്നറിയാന്‍ സാധിക്കുന്നത്.
നിരവധി അംഗീകാരങ്ങള്‍ നേടിയ ഒരു മണിക്കൂര്‍ ദൈര്‍ഘ്യമേറിയ ഒരു ഡോകുമെന്ററിയാണ് കെ. ആര് . മനോജ് സംവിധാനം ചെയ്ത A Pestering Journey എന്ന ഡോക്യുമെന്ററി.(ജൂലൈ 2011) കീടനാശിനികള്‍ ജീവനാശം വിതച്ച ഇന്‍ഡ്യയിലെ രണ്ടു വ്യത്യസ്ത പ്രദേശങ്ങളിലൂടെയുള്ള യാത്രയാണ് ഈ ഡോക്യുമെന്ററി.
A Pestering Journey
What is pest?
Is it You?
Is it me?
Is it the way I look at you?
വെള്ളിത്തിരയില്‍ തെളിയുന്ന ചോദ്യങ്ങള്‍ക്ക് പിന്നാലെ ഹിറ്റിന്റെ പരസ്യവും. ഒരു കുട്ടി ഉരുവിട്ടു പഠിക്കുന്ന പാഠഭാഗങ്ങളുടെ ശബ്ദം പതുക്കെ പതുക്കെ മുഴങ്ങിക്കേള്‍ക്കുന്നു :
Evolution
Revolution
Green Revolution ……
ആവര്‍ത്തിച്ചാവര്‍ത്തിച്ച് അതങ്ങനെ മരണത്തിന്റെ പതിഞ്ഞ താളം, പാളങ്ങളിലെ ഇരമ്പലായി ദ്രുതതാളത്തില്‍ മുന്നേറുമ്പോള്‍ തീവണ്ടി വന്നു നില്‍ക്കുന്നത് പഞ്ചാബിലെ ഭട്ടിന്‍ഡ എന്ന റെയില്‍വേ സ്റ്റേഷനിലാണ്.
ജോധ്പൂരില്‍ നിന്നുള്ള ആ ട്രെയിനിലെ യാത്രക്കാര്‍ ഭൂരിഭാഗവും ബിക്കാനീറിലേക്ക് ക്യാന്‍സര്‍ ചികിത്സക്ക് പോകുന്നവരാണ്. ബിന്‍ഡര്‍ കൗര്‍ , കിരണ്‍ ബാല എന്നിവരെല്ലാം രോഗബാധിതരായ കര്‍ഷകത്തൊഴിലാളികളാണ്.
മരണ താളം തീവണ്ടിയുടെ ഉഗ്രശബ്ദത്തിനൊപ്പം പഞ്ചാബിലെ കോട്ടണ്‍ ബെല്‍റ്റായ മാല്‍വ റീജിയനിലെ ഗുഡ്ഢ ഗ്രാമത്തിലെത്തി നില്ക്കുമ്പോള് പരവശരായ നിരവധി അര്‍ബുദ രോഗികളുടെ നൈരാശ്യം നിറഞ്ഞ പരീക്ഷീണ ശബ്ദങ്ങളാണ് കേള്‍ക്കാന്‍ കഴിയുന്നത്. ഹെര്ബന്ഡ് കൗര്‍, ഷിന്‍ഡര്‍, സുഖ്ദേവ് രാം എന്നിവരെല്ലാം മരണം കാത്തു കഴിയുന്ന കര്‍ഷകത്തൊഴിലാളികളാണ്.
ബിക്കാനീര്‍ ആചാര്യ തുളസി റീജിയണല്‍ ക്യാന്‍സര്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ അജയ് ശര്‍മയുടെ വാക്കുകളില്‍ ആശങ്കയുണ്ട്. 60000 മുതല്‍ 10000 വരെ രോഗികള്‍ ഓരോ വര്‍ഷവും വരാറുണ്ട്. എന്നാല്‍ ഇപ്പോള്‍ 6000 രോഗികള്‍ വീതം കൂടിക്കൊണ്ടിരിക്കുന്നു. ഭട്ടിന്‍ഡയിലെ ട്രെയിനില്‍ നിറയെ പഞ്ചാബിലേയും ഹരിയാനയിലേയും രോഗികളാണ്. സ്ക്രീനില്‍ തെളിയുന്ന കണക്കുകള്‍ ഭീകരമാണ്. “PGIMER നടത്തിയ പഠനത്തില്‍ ക്യാന്‍സര്‍ രോഗികള്‍ കൂടാനുള്ള കാരണം കീടനാശിനികളുടേയും രാസവളങ്ങളുടേയും അമിതോപയോഗമാണെന്ന് തെളിഞ്ഞിട്ടുണ്ട്”.
Green Peace Research Laboratories നടത്തിയ അന്വേഷണത്തില്‍ മുക്സതര്, ഭട്ടിന്‍ഡ എന്നീ ജില്ലകളിലെ അമ്പതു വില്ലേജുകള്‍ ഇത്തരത്തിലാണത്രേ. ഭട്ടിന്‍ഡയില്‍ നിന്നും ഇരമ്പിപ്പായുന്ന തീവണ്ടിയുടെ ശബ്ദത്തിനൊപ്പം ഏറെ അകലെ കേരളത്തില്‍ ഏലൂര്‍ ഉദ്യോഗമണ്ഡലിലുള്ള HIL എന്ന കീടനാശിനി നിര്‍മ്മാണ ശാലയിലെ ദൃശ്യങ്ങളിലേക്കാണ് നാമെത്തുന്നത്. ഭട്ടിന്‍ഡയില്‍ നിന്നും ഏറെ വിദൂരത്തിലുള്ള കാസര്‍ഗോഡന്‍ ഗ്രാമങ്ങളില്‍ വിഷമഴ പെയ്യിച്ച എന്‍ഡോ സള്ഫാന് പ്രധാനമായും ഇവിടെ നിന്നാണ് എത്തിയിരുന്നത്.
1976-ലാണ് പ്ലാന്റേഷന് കോര്പ്പറേഷന് കാസര്‍ഗോഡ് കശുവണ്ടിത്തോട്ടങ്ങളില്‍ എന്‍ഡോ സള്ഫാന് ഉപയോഗിക്കാന്‍ തീരുമാനമെടുക്കുന്നത്. രണ്ടു ദശകങ്ങളാണ് അത് നീണ്ടു നിന്നത്.
‘കൂറ്റന്‍ ചിറകുള്ള തുമ്പികളെപ്പോലെ ആകാശത്ത് ഹെലികോപ്റ്റര്‍ പറന്നു പാറി …. ചിറകില്‍ മരുന്നു നിറക്കാന്‍ സിമന്റ് ടാങ്കിനടുത്ത് വരുമ്പോള്‍ അതിനെ അടുത്തു കാണാനായി ഞങ്ങള്‍ പുറകെയോടി…. അത് ആകാശത്ത് വട്ടമിടുമ്പോള്‍ ഞങ്ങള്‍ തുള്ളിച്ചാടി….. പുരോഗതിയാണ് പാറിപ്പറക്കുന്നതെന്ന് മുതിര്‍ന്നവര്‍ പറഞ്ഞു…..വെളുത്ത മഴ പൊഴിച്ച്, ഞങ്ങളുടെ കണ്ണു നിറച്ച് അത് പറന്നകലുമായിരുന്നു.’
(ഒരു ഓര്‍മ്മക്കുറിപ്പ്)
ഒരു നാടിന്റെ വേദന തിങ്ങി നിറയുന്ന ഒരു കുറിപ്പ്.
എന്‍ഡോസള്‍ഫാന്റെ ആകാശത്തളിയാണ് തീരാദുരിതങ്ങളിലേക്ക് ഈ ഗ്രാമവാസികളെ എത്തിച്ചതെന്ന് ആദ്യം തിരിച്ചറിഞ്ഞ ഡോ. വൈ.എസ്. മോഹന്‍ കുമാര്‍ , പത്ര ലേഖനങ്ങളിലൂടെ ജന ശ്രദ്ധ കൊണ്ടുവരാന്‍ ശ്രമിച്ച ശ്രീ പദ്രെ , ഈ വിഷം തളിക്കെതിരെ നിയമ പോരാട്ടം നടത്തി 2001-ലെങ്കിലും കോടതിയുത്തരവ് സമ്പാദിച്ച ധീരയായ കൃഷി വകുപ്പ് ജീവനക്കാരി ലീലാകുമാരി അമ്മ – ഇവരെല്ലാം പങ്കു വെക്കുന്നത് ഒരേ കാര്യങ്ങള്‍ തന്നെ.
കാലുകള്‍ തളര്‍ന്ന് വികൃത രൂപത്തിലായി, തല വളര്‍ന്ന് ദേഹമാകെ ചൊറിയും ചിരങ്ങും പടര്‍ന്ന് മരണ വണ്ടിക്ക് കാത്തിരിക്കുന്നവര്‍ക്കിടയിലേക്ക് തീവണ്ടിയൊച്ച അരിച്ചരിച്ചിറങ്ങുന്നുണ്ട്. കീടനാശിനിയെ ഇന്ത്യയിലെല്ലായിടത്തും മരുന്നെന്നാണ് വിളിക്കുന്നതെന്ന് ഒരല്പം അത്ഭുതം കൂറുന്നുണ്ട് ലീലാകുമാരി അമ്മ .
മരണത്തിലേക്ക് ചീട്ടെഴുതിയ മരുന്നിന്റെ ഇരകളായി സുഗുണയും അമ്മയും ആബിദയും സക്കിയയും ….നാഡീ – പേശിബലക്ഷയം സംഭവിച്ച സുഗുണയുടെ ചിരി ഒരു തേങ്ങലായും…….. പതുക്കെ പതുക്കെ നിസ്സഹായമായ അലര്‍ച്ചയായും ശരീരത്തെയോ മനസ്സിനെയോ നിയന്ത്രിക്കാനാകാതെ കുഴങ്ങുന്ന കുഞ്ഞുങ്ങളുടെ നിലവിളിപ്പെരുക്കങ്ങളായി നേര്‍ത്തു നേര്‍ത്തു പോകുന്നു…..
കീടനാശിനി ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യുക ഏറെ എളുപ്പമാണ്. നിരോധിക്കുക വളരെ പ്രയാസകരവും. കീടനാശിനിക്കെതിരെ കേസു നടന്നപ്പോള്‍ ഇത് തളിക്കാനായി ശുപാര്‍ശ ചെയ്ത ഒ. പി. ദുബെ എന്ന ശാസ്ത്രജ്ഞന് തന്നെയാണ് അന്വഷണത്തിന് വന്നതെന്നതാണ് വൈചിത്ര്യം. തികച്ചും പ്രഹസനമാണെന്ന് മനസ്സിലാക്കിയ നാട്ടുകാര്‍ അവിടത്തെ കിണറുകളില്‍ നിന്നുള്ള കുറച്ചു വെള്ളം കുടിച്ചു കാണിക്കാനാണ് ആവശ്യപ്പെട്ടത്.
കശുവണ്ടി ഉത്പാദനം വര്‍ദ്ധിപ്പിക്കാനായി തേയിലക്കൊതുകുകളെ കൊല്ലുന്നതിനായി ഉപയോഗിച്ച ‘മരുന്ന്’ കീടങ്ങളെ കൊല്ലുക മാത്രമല്ല, ഇഴഞ്ഞുനീങ്ങുകയും മരണ വണ്ടി കാത്തു കിടക്കുകയും ചെയ്യുന്ന ഒരു തലമുറയെ കൂടിയാണ് സൃഷ്ടിച്ചത് .
സ്ക്രീനില്‍ തെളിയുന്ന ഓര്‍മ്മപ്പെടുത്തലുകള്‍ :
India- World’s largest user of endosulfan and a major producer produces more than 4500 tonnes annually for domestic use and another 4000 tonnes for export. A global ban on the use and manufacture of endosulfan was considered under the Stockholm Convention. India strongly opposed the ban of endosulfan at Rotterdam, Stockholm and Geneva conventions.
ഒരു പാറ്റയുടെ ക്ലോസപ്പില്‍ നിന്ന് അതേ പശ്ചാത്തലത്തില്‍ ഫെയ്ഡ് ഔട്ട് ആകുന്ന റിപ്പബ്ളിക് ദിന റാലിയുടെ ചിത്രം . എന്‍ഡോ സള്ഫാന് നിരോധിച്ച വാര്‍ത്തക്കു പിന്നാലെ വര്‍ഷങ്ങള്‍ക്കു ശേഷം വൈ എസ്. മോഹന്‍ കുമാറിന്റെ ശബ്ദം കിളികളുടെ നേര്‍ത്ത നാദത്തിനൊപ്പം നാം കേള്‍ക്കുന്നുണ്ട്. ‘ ഇവിടെ രോഗം വിട്ടൊഴിയാന്‍ തുടങ്ങിയിരിക്കുന്നു. അംഗവൈകല്യം ബാധിച്ച കുഞ്ഞുങ്ങള്‍ പഴയതു പോലെ ജനിക്കുന്നില്ല. പക്ഷികളും വന്യമൃഗങ്ങളും തിരിച്ചു വന്നിരിക്കുന്നു.’
അമീബ
2016 ല്‍ റിലീസ് ചെയ്ത മനോജ് കാന രചനയും സംവിധാനവും നിര്‍വ്വഹിച്ച അമീബ എന്ന ഫീച്ചര്‍ ഫിലിമിലും എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരായ ചിലരുടെ ലോകം തന്നെയാണ് ചിത്രീകരിക്കുന്നത്.
പ്ലാന്റ്റേഷന്‍ കോര്പ്പറേഷന് തൊഴിലാളിയായ നാരായണന്റേയും കുടുംബത്തിന്റേയും കഥയാണത്. ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്ന വീട്ടമ്മയെയും കുടുംബങ്ങളെ പിഴിയുന്ന പലിശക്കാരേയും നിത്യ രോഗികളായ കുട്ടികള്‍ക്ക് ജന്മം കൊടുക്കുന്നത് ഭയന്ന് ലൈംഗിക ബന്ധം പോലും ഭയത്തോടെ കാണുന്ന മനീഷ എന്ന കഥാപാത്രത്തേയും ഇതില്‍ കാണാം. ഇരകളുടെ നേര്‍ചിത്രങ്ങള്‍ക്ക് പകരം കൂട്ടിരുപ്പുകാരുടെ മനോവ്യഥകളും അതിജീവനപ്പോരാട്ടങ്ങളും ചിത്രീകരിക്കുന്നതിലൂടെ ഒരു ഡോക്യുമെന്ററിയുടെ തലത്തിലേക്ക് വഴുതി വീഴാതെ കഥാഘടന നിലനിര്‍ത്താന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്,.
പകര്‍ന്നാട്ടം
ജയറാം, സബിത ജയരാജ് എന്നിവര്‍ മുഖ്യവേഷങ്ങളിലഭിനയിച്ച ജയരാജ് സംവിധാനം ചെയ്ത പകര്‍ന്നാട്ടം (2012) എന്ന സിനിമയിലും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്നങ്ങള്‍ പ്രധാന വിഷയമായി വരുന്നുണ്ട്. സ്വന്തം രാഷ്ട്രീയ ശരികളില്‍ അടിയുറച്ചു നില്ക്കുന്ന മീര, തോമസ് എന്നീ നായികാ നായകന്മാരുടെ കഥ പറയുന്നതിനൊപ്പം എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന തോമസിന്റെ ആദര്‍ശധീരതയും ചിത്രീകരിച്ചിരിക്കുന്നു.
അനേകം ഡോക്യുമെന്ററികള്‍ക്ക് പുറമേ വാര്‍ത്താ ചാനലുകളിലെ പ്രത്യേക പരിപാടികളിലൂടെയും എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പ്രശ്നങ്ങള്‍ ജനങ്ങളിലേക്കെത്തിയിരുന്നു. അതില്‍ എടുത്തു പറയേണ്ട ഒരു പേര് ടി എന്‍. ഗോപകുമാര്‍ അവതരിപ്പിച്ചിരുന്ന ഏഷ്യാനെറ്റ് ചാനലിലെ ‘കണ്ണാടി’ എന്ന പ്രോഗ്രാമിനെക്കുറിച്ചാണ്. 2001 മുതല്‍ നിലനില്‍പ്പിനായി ഈ പാവം മനുഷ്യര്‍ നടത്തിയ സമരവഴികള്‍ ഒന്നൊഴിയാതെ കണ്ണാടി പകര്‍ത്തി അവതരിപ്പിച്ചിരുന്നു.
എം എ. റഹ്മാന് :
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പ്രശ്നങ്ങള്‍ ജനശ്രദ്ധയിലെത്തിക്കുവാനായി അദ്ദേഹം തന്റെ ആദ്യ ലേഖനം 2001-ല്‍ മാധ്യമം വാരികയില്‍ നാലു ലക്കങ്ങളിലായാണ് പ്രസിദ്ധീകരിച്ചത്.
അദ്ദേഹത്തിന്റെ വാക്കുകളിലൂടെ ……
വായനക്കാരുടെ പ്രതികരണം കമ്മിയായതിനാല്‍ ഡോക്യുമെന്ററി നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. 2000 മുതല്‍ 2003 വരെ പതിനൊന്നു പഞ്ചായത്തുകളിലും സഞ്ചരിച്ചു. സര്‍ക്കാരോ രാഷ്ട്രീയ പാര്‍ട്ടികളോ ഗ്രാമീണര്‍ക്കുണ്ടായ മാരക രോഗങ്ങള്‍ എന്‍ഡോ സള്ഫാന് മൂലമാണെന്ന് അംഗീകരിച്ചിരുന്നില്ല. 2002-ല്‍ തന്നെ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം N.I.O.H ന്റെ (നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒക്യുപേഷണല്‍ ഹെല്‍ത്ത്) എന്‍ഡോസള്‍ഫാനെ പ്രതിയാക്കിയ ആരോഗ്യ റിപ്പോര്‍ട്ട് വന്നെങ്കിലും 2010 – വരെ അതംഗീകരിക്കാത്ത നിലയിലായിരുന്നു സംഘടനകള്‍. അവര്‍ പരിസ്ഥിതി പ്രശ്നങ്ങള്‍ക്ക് മാത്രം പ്രാധാന്യം നല്കി. രോഗികളുടെ അടിയന്തിരമായ ആവശ്യം മരുന്നും ചികിത്സയുമായിരുന്നു. അത് പരിഹരിക്കപ്പെട്ടില്ല.
ഗ്രീന്‍ ഫോക്സ് എന്ന ചെറിയ ജനകീയ കൂട്ടായ്മയായിരുന്നു ‘അരജീവിതങ്ങള്‍ക്കൊരു സ്വര്‍ഗ്ഗം’ എന്ന ഡോക്യുമെന്ററി നിര്‍മ്മിച്ചത്. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികളെ എന്‍ഡോസള്‍ഫാന്‍ ഇരകളായവര്‍ വിമര്‍ശിക്കുന്നത് അവരെ ചൊടിപ്പിക്കുകയും പലയിടത്തും പ്രദര്‍ശനം തടയപ്പെടുകയും ചെയ്തു.
ഡോക്യുമെന്ററി പ്രദര്‍ശനത്തിലൂടെ ലഭിച്ച തുക എന്‍ഡോ സള്ഫാന് ഇരകളായ രോഗികളുടെ ചികിത്സക്കായാണ് ചെലവഴിച്ചത്. 2004-ല്‍ പ്രതിപക്ഷ നേതാവായിരുന്ന വി എസ്. അച്യുതാനന്ദന്റെ നിലപാടുകളാണ് എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് ചികിത്സാ ധനസഹായം, നഷ്ടപരിഹാരം എന്നിവ ലഭ്യമാക്കുക എന്ന ലക്ഷ്യത്തിലേക്ക് അല്പമെങ്കിലും സഹായകമായത്.
2005-ല്‍ കേന്ദ്ര കൃഷിമന്ത്രാലയം കേരളത്തില്‍ മാത്രം എന്‍ഡോസള്‍ഫാന്‍ നിരോധിച്ചു. 2007-ല്‍ മുഖ്യമന്ത്രിയായിരുന്ന വി എസ്. അച്ചുതാനന്ദന് ദുരിതാശ്വാസ പദ്ധതി ഉദ്ഘാടനം ചെയ്യുകയുണ്ടായി. 1992-ല്‍ ഇന്ത്യ ഒപ്പിട്ട റിയോ ഭൗമ ഉച്ചകോടി പ്രകാരം ഇന്ത്യയുടെ പൂര്‍ണ നിര്രോധനപ്പട്ടികയില് എന്‍ഡോസള്‍ഫാന്‍ അപ്പോഴും വന്നിട്ടുണ്ടായിരുന്നില്ല. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് പ്രകാരം N.I.OH തയ്യാറാക്കിയ റിപ്പോര്‍ട്ട് അപ്പോഴും വെളിച്ചം കണ്ടിട്ടുണ്ടായിരുന്നില്ല. എന്നാല്‍ 2010-ല്‍ റിപ്പോര്‍ട്ട് പുറത്തുവന്നു. ഇരകള്‍ക്ക് നഷ്ടപരിഹാരം കൊടുക്കാന്‍ മനുഷ്യാവകാശ കമ്മീഷന് പ്ലാന്റേഷന് കോര്‍പ്പറേഷനോട് ആവശ്യപ്പെട്ടു.
2010 ഡിസംബര്‍ 17-ന് ദേശീയ മനുഷ്യാവകാശ കമ്മീഷന് ചെയര്‍മാനായ അഡ്വ. കെ. ജി. ബാലകൃഷ്ണന് കാസര്‍കോട്ടെത്തി തെളിവെടുത്തു. പ്ലാന്റേഷന് കോര്‍പ്പറേഷനോട് അവരുടെ വിഹിതം നല്‍കണമെന്ന് ആവശ്യപ്പെടുകയുണ്ടായി. എന്നാല്‍ അമ്പത് കോടി നല്കേണ്ടതിനു പകരം അഞ്ച്കോടി സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് നല്കി അവര്‍ ബാധ്യതയില്‍ നിന്ന് പിന്മാറി. പ്രവാസി മലയാളികളുടെ സഹായത്തോടെ എന്‍വിസാജ് (എന്‍ഡോസള്‍ഫാന്‍ വിക്ടിംസ് സപ്പോര്‍ട്ട് എയ്ഡ് ഗ്രൂപ്പ് ) രൂപം കൊണ്ടതും സഹജീവനം ബദലുണ്ടായതും ഈ അവസരത്തിലാണ്.
സ്റ്റോക്ഹോമില് പി. ഒ. പി. റിവ്യു കമ്മിറ്റി 2011 ഏപ്രില്‍ മാസത്തില്‍ നടന്നു. എന്‍ഡോ സള്ഫാന് നിരോധനം എന്ന ലക്ഷ്യം യാഥാര്‍ത്ഥ്യമാകാന്‍ വേണ്ടി കാസര്‍ഗോഡ് ‘ഒപ്പുമരം’ എന്ന പ്രതിഷേധ സംഗമം നടത്തി. അതിന്റെ അലയൊലി സ്റ്റോക്ഹോമില് വരെയെത്തുകയുണ്ടായി. ഈ മാരക ജീവനാശിനിയുടെ ആഗോള നിരോധനം സ്റ്റോക്ഹോമില് യാഥാര്‍ത്ഥ്യമായി. മനുഷ്യാവകാശ കമ്മീഷനിലേക്ക് കത്തെഴുതിയും മാധ്യമങ്ങളിലൂടെ ജനശ്രദ്ധ ക്ഷണിക്കുകയും ചെയ്തതു വഴി 2012 ജൂണ്‍ 5 – ന് മനുഷ്യാവകാശ കമ്മീഷന് ഉത്തരവനുസരിച്ചുള്ള 87 കോടിയില്‍ 27 കോടി രൂപ പ്ലാന്റേഷന് കോര്പ്പറേഷന് കാസര്‍ഗോഡ് ജില്ലാ കലക്ടര്‍ ജിതേന്ദ്രന് കൈമാറിയതോടെ എന്‍ഡോ സള്ഫാന് പ്രതിരോധ സമര ചരിത്രത്തിലെ ആദ്യത്തെ നിയമപരമായ ആനുകൂല്യം നടപ്പിലായി. ഒന്നര ദശകത്തെ പോരാട്ടത്തിനു ശേഷം ഈ അവകാശവിഹിതം നല്‍കുന്നതിലൂടെ പ്ലാന്റേഷന് കോര്പ്പറേഷന് സ്വയം പ്രതിയായി.
രണ്ടാം ഗഡുവായ ഇരുപത്താറു കോടി ഏറെ സമ്മര്‍ദ്ദങ്ങള്‍ക്കു ശേഷം പ്ലാന്റേഷന് കോര്പ്പറേഷന് നല്‍കുമെന്ന് പിന്നീട് സംസ്ഥാന കൃഷി മന്ത്രി പ്രസ്താവിച്ചു.
മൂന്നാം ഗഡുവായി പ്ലാന്റേഷന് കോര്പ്പറേഷന് നല്‍കേണ്ട മുപ്പത്തിനാല് കോടിയും സര്‍ക്കാര്‍ നല്‍കേണ്ട എണ്‍പത്തിയേഴ് കോടിയും ഇനിയും കുടിശ്ശികയാണ്. ഈ പണം ബാങ്കിലിട്ട് മാസം തോറും അതിന്റെ പലിശ സഹജീവികള്‍ക്ക് നല്‍കണമെന്ന ഭരണഘടനാപരമായ ബാധ്യത ലംഘിക്കപ്പെട്ടിരിക്കുകയാണ്. ഇപ്പോഴും വൈകുന്തോറും ഓരോ സഹജീവിക്കും ലഭിക്കേണ്ട പെന്ഷന് അധിക വിഹിതമാണ് മുടങ്ങി ക്കൊണ്ടിരിക്കുന്നത്. പകരം ദുരിത ബാധിതരുടെ ഭാഗികമായ കടം എഴുതി തള്ളുന്ന പ്രക്രിയയാണ് നടന്നുകൊണ്ടിരിക്കുന്നത്. നിയമപരമായി കിട്ടാനുള്ളതിന്റെ പത്തു ശതമാനം പോലും ഇല്ല അത്. നഷ്ടപരിഹാരം നിര്‍ണയിക്കാനുള്ള ഒരു ട്രിബ്യൂണല്‍ ഏറെ അവശ്യമായിരുന്നു. എന്നാല്‍ അതു വേണ്ടെന്ന ഹൈക്കോടതിയുടെ തീരുമാനവും സര്‍ക്കാരുമായുള്ള സമരസമിതിയുടെ ഒത്തുതീര്‍പ്പു ചര്‍ച്ചകളും ഇരകള്‍ക്ക് നഷ്ടപരിഹാരം തക്ക സമയത്ത് കിട്ടാനുള്ള വാതിലുകള്‍ അടക്കുകയാണുണ്ടായത് എന്ന നിരാശ കൂടി എം എ. റഹ്മാന് പങ്കു വെക്കുന്നു.
രാസവിഷത്തെ രാസമരുന്നാക്കി മാറ്റിയാണ് ഈ പ്രദേശങ്ങളില്‍ ഹെലികോപ്റ്റര്‍ സ്വൈരവിഹാരം നടത്തിയത്. ‘വിഷമടിക്കുന്നു’ എന്നതിനു പകരം ‘മരുന്നടിക്കുന്നു’ എന്നാണ് പറഞ്ഞിരുന്നത്. ഹെലികോപ്റ്ററില്‍ എന്‍ഡോസള്‍ഫാന്‍ തളിക്കാനായി വരുന്ന കൊച്ചിക്കാരായ പൈലറ്റുമാര്‍ അത് തളിച്ചു കഴിഞ്ഞാല്‍ അടുത്ത ദിവസത്തെ പ്രഭാത വണ്ടിക്ക് പോകാന്‍ അതിരാവിലെ ഈ മലമടക്കുകളിറങ്ങി ജീപ്പു വഴി സ്റ്റേഷനിലേക്ക് പോകുമ്പോള്‍ വഴി നീളെ വിഷം തീണ്ടി മരിച്ചു കിടക്കുന്ന കൂരന്‍ , മുയല്, കീരി, കാക്ക, കാട്ടു കോഴി , പാമ്പുകള്‍, തവളകള്‍, മരപ്പട്ടികള്‍, മയിലുകള്‍, അരണകള്‍, ഓന്തുകള്‍ തുടങ്ങിയ വന്യജീവികളുടെ മൃതദേഹങ്ങള്‍ക്കു മുകളില്‍ ചക്രം കയറാതിരിക്കാന്‍ പാടുപെട്ടതിനെക്കുറിച്ച് ബോവിക്കാനം അമ്മം കോട്ടെ ഡ്രൈവര്‍ മാധവന് പറഞ്ഞത് ഞങ്ങളുടെ ഓര്‍മ്മയിലുണ്ട്.
നേരത്തേ ഇവിടെ നിലവിലുണ്ടായിരുന്ന മുത്താറി, എള്ള്, മുതിര, തുവര, മധുരക്കിഴങ്ങ്, നെല്ല്, മലക്കറികള്‍ തുടങ്ങിയ കൃഷികള്‍ ആ മണ്ണിന്റെ സംസ്കാരമനുസരിച്ചുള്ളതായിരുന്നു. അതിനെ മുഴുവന്‍ വടിച്ചു മാറ്റി കശുവണ്ടിയെ മാത്രം അവിടെ പ്രതിഷ്ഠിച്ചപ്പോള്‍ അത് ദേശാടക സമുദായമാക്കി മാറ്റപ്പെട്ട ഒരു ജനതയുടെ ജീവിതോപാധിക്കു മേലുള്ള കടന്നുകയറ്റമായി. ‘കൊറഗര’ പോലുള്ള സമുദായം പ്രകൃത്യാ കുറ്റിയറ്റവരായി.
പ്ലാന്റേഷന് കോര്പ്പറേഷന് നൂറ്റിയിരുപത് കോടി രൂപ നഷ്ടപരിഹാരമായി എന്‍ഡോ സള്ഫാന് ഇരകള്‍ക്ക് നല്‍കണമെന്നായിരുന്നു കേന്ദ്ര മനുഷ്യാവകാശ കമ്മീഷന് ആവശ്യപ്പെട്ടത്. എന്നാല്‍ സംസ്ഥാന കൃഷിമന്ത്രി ഈ ബാദ്ധ്യതയില്‍ നിന്ന് അവരെ ഒഴിവാക്കി പ്രസ്താവന പുറപ്പെടുവിച്ചിരുന്നു.
എന്‍ഡോസള്‍ഫാന്‍ പീഡിതര്‍ മരിച്ചാല്‍ വീട്ടുകാര്‍ക്ക് ആശ്വാസ സഹായമായി അഞ്ചു ലക്ഷവും രോഗികള്‍ക്ക് മൂന്നു ലക്ഷവും നല്‍കേണ്ടതാണ്. എന്നാല്‍ ഇതില്‍ നിന്നെല്ലാം പ്ലാന്റേഷന് കോര്പ്പറേഷന് വിടുതല്‍ കിട്ടുകയാണുണ്ടായത്. ‘കയ്യൂരില്‍ നിന്ന് അഞ്ചു നദികളിലെ പാലവും കടന്ന് ഒപ്പുമരച്ചുവട്ടിലെത്തിയ റൗക്കയും രണ്ടാം മുണ്ടും അണിഞ്ഞ നാല് അമ്മമാര്‍ ഒരു വിസ്മയമായിരുന്നു. ‘ഞങ്ങളുടെ മക്കള്‍ക്ക് സൗഖ്യം വരണം . ഈ ബാധ ഇവിടുന്ന് ഒഴിഞ്ഞു പോണം . ഈ മരത്തില്‍ ഒപ്പു ചാര്‍ത്തിയാ ഓറ് ഈ മാലാധരം ഇല്ലാതാക്കുംന്ന് പേപ്പറില്‍ കണ്ട്, ഓറാണ് ഈ ഹണേബരം ഞങ്ങളെ തലക്കു മേലെ ബരുത്തിയത്.’ അപ്പോള്‍ ഞങ്ങള്‍ ആലോചിച്ചത്. ഈ അമ്മമാര്‍ വിശേഷിപ്പിച്ച ‘ഓറ്’ (അവര്‍) ആരാണെന്നതാണ്. തീര്‍ച്ചയായും , ആദ്യമായും അവസാനമായും അത് ഇന്ത്യന്‍ ഭരണകൂടമാണ്. അധികാരമുണ്ടെങ്കില്‍ എന്തും ചെയ്യാമെന്നു കരുതുന്ന ഭരണകൂട ഭീകരതയാണ് ആ അമ്മമാര്‍ വിശേഷിപ്പിക്കുന്ന ‘ഓറ്’. (ഓരോ ജീവനും വിലപ്പെട്ടതാണ് എന്ന പുസ്തകത്തില്‍ നിന്ന് )
കീടനാശിനി ഉപയോഗവും നിയമങ്ങളും:
കീടനാശിനികളുടെ ഇറക്കുമതി , നിര്‍മാണം , വില്പന , കടത്തിക്കൊണ്ടു പോകല്‍, വിതരണം എന്നിവ സംബന്ധിച്ച നിയമം (ദി ഇന്‍ സെക്ടിസൈഡ്സ് ആക്ട്) 1968-ലാണ് പാസ്സാക്കിയത്. എന്നാല്‍ 1-3-71 ലാണ് കുറേ വകുപ്പുകള്‍ നടപ്പാക്കിയത്. ബാക്കി വകുപ്പുകള്‍ 1-8 – 1971 ല്‍ നിലവില്‍ വന്നു. പിന്നീട് നിയമം ഭേദഗതി ചെയ്തിട്ടുണ്ട്. ഈ നിയമത്തിനു കീഴില്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ ചട്ടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. അതിനും പുറമേ കേന്ദ്ര കീടനാശിനി ബോര്‍ഡുമായി ആലോചിച്ച് യുക്തമെന്നു തോന്നുന്ന ചട്ടങ്ങള്‍ ഉണ്ടാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരം കൊടുത്തിട്ടുണ്ട്. (കൃഷിയും നിയമവും: അഡ്വ. വി.കെ. സത്യവാന് നായര്‍ – മനോരമ – കര്‍ഷകശ്രീ – നവംബര്‍ 16)
കീടനാശിനി ദുരന്തം
1958-ല്‍ ഇന്ത്യയിലാദ്യമായി കീടനാശിനി ദുരന്തം ഉണ്ടാകുന്നത് കേരളത്തിലാണ്. ഗോതമ്പും പഞ്ചസാരയും ബിസ്കറ്റും കയറ്റിക്കൊണ്ടുപോകുന്ന വാഹനത്തില്‍. ഫോളിഡോള്‍ എന്ന കീടനാശിനി പാക്കറ്റ് പൊട്ടി ഭക്ഷ്യ വസ്തുക്കളുമായി കൂടിക്കലര്‍ന്നു. നൂറ്റിരണ്ടോളം പേര് തല്‍ക്ഷണം മരിക്കുകയും എണ്ണൂറ്റിഇരുപത്തെട്ട് പേര്‍ക്ക് വിഷബാധയേല്‍ക്കുകയും ചെയ്തു.
ഭോപ്പാല്‍ ദുരന്തം :
1976-ല്‍ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ രാസ വ്യവസായ ഭീമന് യൂണിയന് കാര്‍ബൈഡ് ഇന്ത്യയില്‍ ഭോപ്പാലില്‍ 1976-ല്‍ മീഥൈല്‍ ഐസോസയനേറ്റ് ഉപയോഗിച്ച് സെവിന്‍ എന്ന കീടനാശിനി നിര്‍മ്മാണ യൂണിറ്റ് ആരംഭിച്ചു. 1984 ഡിസംബര്‍ 2 – ന് മീഥേല്‍ ഐസോസയനേറ്റ് ശേഖരിച്ച ടാങ്കില്‍ വെള്ളം കയറുകയും ധാരാളം വിഷവാതകങ്ങള്‍ അന്തരീക്ഷത്തില്‍ വ്യാപിക്കുകയും ചെയ്തു. 16000നും 30000 നും ഇടയില്‍ ആള്ക്കാര് കൊല്ലപ്പെട്ടു.
കുട്ടികളിലെ തിമിരം, ക്യാന്‍സര്‍, ക്ഷയം, തളര്‍ച്ച, വിഷാദം, പനി എന്നിവ ജീവിച്ചിരിക്കുന്നവര്‍ക്ക് നല്കി. ദുരന്തത്തിന്റെ പരിണത ഫലങ്ങള്‍ ഇപ്പോഴുമുണ്ട്. വിളകളില്‍ പ്രയോഗിക്കുന്ന കീടനാശിനികള്‍ രണ്ടു തരത്തില്‍ കീടങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നു. ഒന്ന് സ്പര്‍ശനം വഴി കീടങ്ങളുടെ ശരീരത്തിലെത്തി ശരീര വ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്നു. സസ്യത്തിന്റെ വേരുകളിലൂടെ അവയുടെ തണ്ടുകളിലും ഇലകളിലും കീടനാശിനിയുടെ സാന്നിധ്യം എത്തുന്നു. ഇതു വഴി സസ്യത്തിന് കേടു വരുന്നില്ലെങ്കിലും അവയുടെ നീരൂറ്റുന്ന കീടങ്ങള്‍ക്ക് വിഷ മേല്ക്കുന്നു. ജീവികളിലെ പോലെ മനുഷ്യരിലും നാഡീവ്യവസ്ഥയെയാണ് കീടനാശിനികള്‍ ബാധിക്കുന്നത്.
കോളിന് സ്റ്റിറേസ് എന്ന എന്‍സൈമിനെയാണ് കീടനാശിനികള്‍ ബാധിക്കുന്നത്. ഡി.ഡി.റ്റിയുടെ കണ്ടുപിടിത്തമായിരുന്നു കീടനാശിനി നിര്‍മ്മാണത്തിലെ വലിയ വിപ്ലവം . 1939-ല്‍ ഡി.ഡി.റ്റി കണ്ടുപിടിച്ച സ്വിറ്റ്സര്‍ലന്‍ഡിലെ പോള്‍ ഹെര്‍മന്‍ മുള്ളര്‍ക്ക് നൊബേല്‍ സമ്മാനം കിട്ടി. പിന്നീട് 1962 – ല്‍ റേച്ചല്‍ കഴ്സണെപ്പോലുള്ളവര് ഡി.ഡി.റ്റി വരുത്തുന്ന ദുരന്തം ലോകത്തിനു മുന്നില്‍ തുറന്നു കാട്ടിയപ്പോഴാണ് പല രാജ്യങ്ങളും ഡി.ഡി.റ്റി നിരോധിച്ചത്.
ഒറ്റവിള കൃഷി എന്ന തികച്ചും അശാസ്ത്രീയമായ ഒരു കൃഷിരീതിയാണ് പ്ലാന്റേഷന് കോര്‍പ്പറേഷന്റെ കശുമാവിന് തോട്ടങ്ങളില്‍ തേയിലക്കൊതുക് പോലുള്ള കീടങ്ങള്‍ പെരുകാന്‍ കാരണമായത്. അത് തിരിച്ചറിയാതിരിക്കുകയും മാരക കീടനാശിനികള്‍ ഉപയോഗിച്ച് ഒരു തലമുറയെ ഇല്ലാതാക്കുകയും ചെയ്തവര്‍ ജീവിച്ചിരിക്കുന്നവരോട് കുറച്ചെങ്കിലും കാരുണ്യം കാണിക്കേണ്ടതുണ്ട്. ഒരു പൊതുമേഖലാ സ്ഥാപനത്തില്‍ നിന്നു വന്ന വീഴ്ച എന്ന നിലയില്‍ സര്‍ക്കാരിനും ഉത്തരവാദിത്വത്തില്‍ നിന്നു ഒഴിഞ്ഞു നില്‍ക്കാനാവില്ല. നഷ്ടപരിഹാരവും ചികിത്സയും കിട്ടാതെ അരജീവിതം നയിക്കുന്നവരും ഈ ഭൂമിയുടെ അ വകാശികളാണ്.
COMMENTS