ഇക്കഴിഞ്ഞ ഓഗസ്റ്റ് 15ന് രാജ്യം മുഴുവന്‍ സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍, മനുഷ്യാവകാശ പ്രവര്‍ത്തകരെയും രാജ്യത്ത് നിയമവാഴ്ചയും സമാധാനവും കാംക്ഷിക്കുന്നവരെയും ഞെട്ടിച്ചുകൊണ്ട് ഗുജറാത്തില്‍ നിന്നും ഒരു വാര്‍ത്ത വന്നു. വര്‍ഗീയ കലാപത്തിന്‍റെ ഭാഗമായി, ബില്‍ക്കീസ് ബാനൊവെന്ന 21 കാരിയെ കൂട്ടബലാല്‍സംഗം ചെയ്യുകയും അവരുടെ മൂന്നര വയസുള്ള മകളെയും മറ്റു ബന്ധുക്കളെയും കൊലപ്പെടുത്തുകയും ചെയ്ത കേസിലെ 11 കുറ്റവാളികളെയും ഗുജറാത്ത് സര്‍ക്കാര്‍ സ്വാതന്ത്ര്യദിനാഘോ ഷങ്ങളുടെ മറവില്‍ ജയില്‍ മോചിതരാക്കി എന്നുള്ള വാര്‍ത്ത!
ജയിലില്‍ നിന്നിറങ്ങിയ വര്‍ക്ക് ലഡു വിതരണം നടത്തിക്കൊണ്ട് ഒരു വിഭാഗം ആളുകള്‍ ഈ കൊടും കുറ്റവാളികളുടെ മോചനം ആഘോഷിച്ചു.ആ ആഘോഷവും പ്രതികളുടെ മോചനവും ബില്‍ക്കിസ് ബാനൊ വിന്‍റെ പരാജയമല്ല, മറിച്ച് ഇന്ത്യയിലെ ഓരോ സ്ത്രീയുടെയും കരണത്തേറ്റ അടിയും പരാജയവും ആണ്.
ബില്‍ക്കിസ് ബാനൊ
27.02.2002ലാണ് ഗുജറാത്തില്‍ വര്‍ഗീയ കലാപം പൊട്ടിപ്പുറപ്പെട്ടത്. സബര്‍മതി എക്സ്പ്രസിന്‍റെ ഒരു കോച്ച് കത്തിക്കപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ മുസ്ലിം സമുദായത്തിനെതിരെ വന്‍ ആക്രമണം ഉണ്ടായി. അക്രമം ഭയന്ന് മുസ്ലിം സമുദായത്തില്‍പെട്ടവര്‍ സംഘമായി സുരക്ഷിത സ്ഥലങ്ങള്‍ അന്വേഷിച്ച് പലായനം ചെയ്യാന്‍ തുടങ്ങി.അങ്ങനെ അഞ്ചുമാസം ഗര്‍ഭിണിയായിരുന്ന 21 വയസ്സുകാരിയായ ബില്‍ക്കിസും,സ്ത്രീകളും കുട്ടികളും അടങ്ങുന്ന അവരുടെ 17 ബന്ധുക്കളും വീട് സുരക്ഷിതമല്ല എന്ന് മനസ്സിലാക്കി സുരക്ഷിത സ്ഥലത്തേക്ക് മാറാന്‍ ശ്രമിക്കവേ വഴിയില്‍ അക്രമത്തിനിരയാകുകയായിരുന്നു.
അന്നത്തെ സംഭവം കോടതിവിധിയില്‍ പറഞ്ഞിരിക്കുന്നത് ഇങ്ങനെ :
‘…….അവര്‍ പന്നിവേല്‍ എന്ന സ്ഥലത്തിനരികെ എത്തിയപ്പോള്‍ 25 പേരോളം രണ്ട് വെളുത്ത വാഹനങ്ങളിലായി അവിടെ എത്തി. പരാതിക്കാരി ഉള്‍പ്പെടെയുള്ള ആളുകളെ കണ്ടപ്പോള്‍ അവര്‍ വണ്ടി നിര്‍ത്തി.’ഈ മുസ്ലീങ്ങളെ കൊല്ലൂ ‘ എന്ന് ആക്രോശിച്ചുകൊണ്ട് പരാതിക്കാരി ഉള്‍പ്പെടെയുള്ള സംഘത്തിന് നേരെ അവര്‍ പാഞ്ഞടുത്തു.രണ്ട് വെള്ള വാഹനങ്ങളില്‍ ഉണ്ടായിരുന്നവരുടെ കയ്യില്‍ വലിയ വാളുകള്‍, ലാത്തികള്‍, അരിവാളുകള്‍ എന്നിവ ഉണ്ടായിരുന്നു. അക്രമിക്കാന്‍ എത്തിയവരില്‍ ഒന്നു മുതല്‍ 12 പ്രതികളെ പരാതിക്കാരി തിരിച്ചറിഞ്ഞിട്ടുണ്ട്. നാലാംപ്രതി ശൈലേഷ് ചിമന്‍ലാല്‍ ഭട്ട്, പരാതിക്കാരിയുടെ കയ്യിലിരുന്ന സലേഹ എന്നപെണ്‍കുഞ്ഞിനെ വലിച്ചെടുത്ത് നിലത്തടിച്ചു. കുഞ്ഞ് തല്‍ക്ഷണം മരണപ്പെട്ടു. ഒന്നാംപ്രതി ജസ്വന്ത് ഭായി ചതുര്‍ ഭായി വാള്‍ ഉപയോഗിച്ച് പരാതിക്കാരിയെ വെട്ടാന്‍ തുടങ്ങിയപ്പോള്‍ പരാതിക്കാരി തന്‍റെ ഇടത് കൈ ഉപയോഗിച്ച് തടുത്തതിനാല്‍ കയ്യില്‍ മുറിവുണ്ടായി. ഒന്നും രണ്ടും മൂന്നും പ്രതികള്‍ പരാതിക്കാരിയുടെ വസ്ത്രങ്ങള്‍ അഴിച്ച് അവരെ ബലാത്സംഗം ചെയ്തു. ആദ്യം ജസ്വന്ത് ഭായ് ചതുര്‍ഭായിയും, തുടര്‍ന്ന് രണ്ടാംപ്രതി ഗോവിന്ദഭായി നെയ്യും നരേഷ് മോദിയയും ആണ് ബലാത്സംഗം ചെയ്തത്.അഞ്ചു മുതല്‍ 12 വരെയുള്ള പ്രതികള്‍, പരാതിക്കാരിയോടൊപ്പം ഉണ്ടായിരുന്ന മറ്റു സ്ത്രീകളുടെ വസ്ത്രങ്ങള്‍ അഴിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തു.ബലാത്സംഗത്തെ തുടര്‍ന്ന് പരാതിക്കാരി മണിക്കൂറുകളോളം അബോധാവസ്ഥയില്‍ കിടന്നു. ബോധം വീണ്ടെടുത്തപ്പോള്‍ പരാതിക്കാരിയോടൊപ്പം ഉണ്ടായിരുന്ന ഷമീമിന്‍റെ കുഞ്ഞടക്കം പലരും മരിച്ചു കിടക്കുന്നത് കണ്ടു. പരാതിക്കാരി തികച്ചും നഗ്നയായിരുന്നു. അടുത്ത് കണ്ട പെറ്റിക്കോട്ട് ധരിച്ച് പരാതിക്കാരി നിരങ്ങി ഒരു മലമുകളില്‍ കയറി ഒളിച്ചിരുന്നു. അടുത്തദിവസം മലയുടെ അപ്പുറത്തെ ഭാഗത്തേക്ക് നടക്കുമ്പോള്‍ അവിടെ 11ആം സാക്ഷിയെ കണ്ടു. അവര്‍ ആവശ്യമായ വസ്ത്രങ്ങള്‍ നല്‍കി. തല്‍സമയം ഒരു ജീപ്പില്‍ യൂണിഫോമില്‍ ചിലര്‍ വരുന്നത് കണ്ടു. അവരുടെ അടുത്തേക്ക് ഓടിപ്പോയി തന്നെ ഏതെങ്കിലും സുരക്ഷിതസ്ഥാനത്തേക്ക് എത്തിക്കാന്‍ പറഞ്ഞു. പരാതിക്കാരിയെ അവര്‍ ലിംഖേടാ സ്റ്റേഷനില്‍ എത്തിച്ച് മൊഴി രേഖപ്പെടുത്തുകയായിരുന്നു’.
പിന്നീടങ്ങോട്ട് കുറ്റവാളികളെ നിയമത്തിന്‍റെ മുന്‍പില്‍ കൊണ്ട് വരാനും ശിക്ഷിപ്പിക്കാനും ഒരു വലിയ നിയമ പോരാട്ടം നടത്തേണ്ടി വന്നു ബില്‍ക്കിസിന് . പോലീസ് പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് ബില്‍ക്കിസ് ബഹുമാനപ്പെട്ട സുപ്രീംകോടതിയെ സമീപിക്കുകയും, കോടതി 2003ല്‍ പരാതി സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കാന്‍ ഉത്തരവിടുകയുമായിരുന്നു. സിബിഐ,മൃതദേഹങ്ങള്‍ പുറത്തെടുത്ത് വീണ്ടും പോസ്മോര്‍ട്ടം ചെയ്തും മറ്റും ശക്തമായ തെളിവുകള്‍ ശേഖരിച്ച് പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. ഗുജറാത്തില്‍ വിചാരണ നടത്തിയാല്‍ നീതി ലഭിക്കുകയില്ലെന്ന ആശങ്കയുമായി ബില്‍ക്കിസ് വീണ്ടും ബഹു. സുപ്രീംകോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് വിചാരണ, മുംബൈയിലെ സ്പെഷ്യല്‍ കോടതിയിലേക്ക് മാറ്റി. 2008 ല്‍ 12 പേരെ കൊലപാതകത്തിനും ബലാത്സംഗത്തിനുമായി ശിക്ഷിച്ചു.2017 ല്‍ മുംബൈ ഹൈക്കോടതി പ്രതികളില്‍ 11 പേരുടെ ശിക്ഷ ശരിവെച്ചു. 2019ല്‍ ബഹു. സുപ്രീംകോടതി ബില്‍ക്കിസ് ബാനൊ വിന് ഗുജറാത്ത് സര്‍ക്കാര്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരവും സര്‍ക്കാര്‍ ജോലിയും താമസസ്ഥലവും നല്‍കണമെന്നും വിധിച്ചു. കൂടാതെ കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെയുള്ള വകുപ്പ് തല നടപടികള്‍ ത്വരിതപ്പെടുത്തണമെന്നും നിര്‍ദ്ദേശിച്ചു.
സുദീര്‍ഘമായ നിയമ പോരാട്ടത്തിനൊടുവില്‍ പ്രതികളെ ശിക്ഷിക്കാന്‍ കഴിഞ്ഞതിന്‍റെ ആശ്വാസത്തില്‍ ഒരു സമൂഹം മൊത്തം കഴിഞ്ഞു വരവേയാണ് സര്‍ക്കാര്‍ പ്രത്യേകമായി രൂപീകരിച്ച പഞ്ചമഹാല്‍ ജില്ലാ കളക്ടറും രണ്ട് ബിജെപി എംഎല്‍എമാരും അടങ്ങുന്ന ഒരു കമ്മിറ്റി, 1992ലെ ഗുജറാത്ത് സര്‍ക്കാരിന്‍റെ റമിഷന്‍ പോളിസിയുടെ വ്യവസ്ഥകള്‍ ആധാരമാക്കി ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കുന്നതിനു മുമ്പുതന്നെ 11 കുറ്റവാളികളെയും വിട്ടയക്കാനുള്ള നടപടികള്‍ സ്വീകരിച്ചത്.
റെമിഷനുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലനില്‍ക്കുന്ന നിയമങ്ങളെ കാറ്റില്‍ പറത്തിയാണ് ഗുജറാത്ത് സര്‍ക്കാര്‍ പ്രതികളുടെ ശിക്ഷാ കാലാവധി പൂര്‍ണ്ണമാകുന്നതിന് മുമ്പ് തന്നെ അവരെ വിട്ടയച്ചത്.
സ്വാതന്ത്ര്യത്തിന്‍റെ 75-ആം വാര്‍ഷിക ആഘോഷത്തോടനുബന്ധിച്ച് തടവുകാരെ വിട്ടയക്കുന്നതുമായി ബന്ധപ്പെട്ട് ഈ വര്‍ഷം ജൂണ്‍ മാസം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിലും ഒന്നില്‍ കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടിട്ടുള്ള കേസുകളിലെ കുറ്റവാളികളെയും കൂട്ടബലാത്സംഗം കേസിലെ കുറ്റവാളികളെയും കാലാവധി തീരുന്നതിനു മുമ്പ് വിട്ടയക്കരുത് എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ ഉത്തരവിനും ക്രിമിനല്‍ നടപടിക്രമത്തിലെ വ്യവസ്ഥകള്‍ക്കും കടകവിരുദ്ധമായ നടപടിയാണ് ഗുജറാത്ത് സര്‍ക്കാര്‍ അതിക്രൂര കുറ്റകൃത്യം ചെയ്ത 11 പേരെയും പുറത്തുവിട്ടതിലൂടെ സ്വീകരിച്ചത് .
നീതി നിര്‍വഹണത്തിനെതിരെയുള്ള ഗുജറാത്ത് സര്‍ക്കാറിന്‍റെ ഈ വെല്ലുവിളിയെ ചൂണ്ടിക്കാട്ടി അടിയന്തര നടപടികള്‍ ആവശ്യപ്പെട്ട് ശ്രീമതി സുഭാഷിണി അലി, പത്രപ്രവര്‍ത്തക രേവതി ലോള്‍,വിദ്യാഭ്യാസ വിദഗ്ധ ശ്രീമതി രൂപരേഖ വര്‍മ്മ എന്നിവര്‍ ചേര്‍ന്ന് ഒരു പൊതുതാല്‍പര്യ ഹര്‍ജി ബഹു. സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്തു. എന്നും സ്ത്രീകളുടെ അവകാശ പോരാട്ടങ്ങളില്‍ സജീവ പങ്കാളിയായ അന്വേഷിയും അഡ്വ. പ്രശാന്ത് പത്മനാഭന്‍ വഴി ഈ പൊതുതാല്‍പര്യ ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്. ന്യൂനപക്ഷ മതത്തില്‍ ജനിച്ചുപോയി എന്നതുകൊണ്ട് മാത്രം അതിക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയാവുകയും, സ്വന്തം കുഞ്ഞിനെയും അടുത്ത ബന്ധുക്കളെയും നഷ്ടപ്പെടുകയും ചെയ്ത ബില്‍ക്കിസ് ബാനൊവിന് സര്‍ക്കാര്‍ മനപ്പൂര്‍വം നീതി നിഷേധിക്കുന്നത് രാജ്യത്തിന് മൊത്തം കളങ്കമാണ്. എന്നാല്‍ ഇതിനെതിരെ പൊതുസമൂഹം അപകടകരമാംവിധം മൗനം പാലിക്കുന്നു എന്നത് ലജ്ജകരവും ആശങ്കാജനകവുമാണ്.
COMMENTS