കോവിഡ്-19 വകഭേദങ്ങളുടെ ഇടവിട്ടുള്ള തരംഗവ്യാപനവും അതുമൂലമുള്ള ആരോഗ്യഅടിയന്തരാവസ്ഥകളും നേരിട്ടുകൊണ്ടിരിക്കുന്ന ഈ സമയത്ത് ആരോഗ്യകുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ആയിരം പേര്‍ക്ക് 1.7 നേഴ്സുമാര്‍ മാത്രമാണുള്ളത്. മിക്ക ലോകരാജ്യങ്ങളുടേയും ആരോഗ്യപരിപാലന സംവിധാനങ്ങളുടെ കാര്യക്ഷമമായ നടത്തിപ്പില്‍ ഏറ്റവും പ്രധാനപങ്ക് വഹിക്കുന്നത് പലപ്പോഴും ഇന്ത്യയില്‍ നിന്നുള്ള കഠിനാധ്വാനികളായ നേഴ്സുമാര്‍ ഉള്‍പ്പെടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ ആണെന്നത് ആഗോളതലത്തില്‍ അഗീകരിക്കപ്പെട്ടിട്ടുള്ള വസ്തുതയാണ്. അതുകൊണ്ടുതന്നെ നമ്മുടെ ദേശീയ ആതുരാരോഗ്യ ശുശ്രൂഷാരംഗത്ത് ആവശ്യമായ നേഴ്സുമാരുടെ എണ്ണത്തിലുള്ള കുറവ് വളരെ കൗതുകകരവും നിര്‍ണായകവുമായ വൈരുദ്ധ്യമാണ്. എന്നുമാത്രമല്ല, പ്രായമായവരുടെ ജനസംഖ്യ ഗണ്യമായി കൂടുന്ന ഒരു രാജ്യമായി ഇന്ത്യ മാറിക്കൊണ്ടിരിക്കുന്നതിനാല്‍ ഈ അവസ്ഥ വരാന്‍പോകുന്ന വലിയൊരു പ്രതിസന്ധിയുടെ മുന്നറിയിപ്പ് കൂടിയാണ്.
ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, ജെറിയാട്രിക്സ് വിഭാഗത്തിലെ ഡോ. പ്രസൂണ്‍ ചാറ്റര്‍ജിയുടെ അഭിപ്രായത്തില്‍ 2050-ഓടെ ലോകത്തിലെ അറുപത് വയസ്സും അതില്‍ കൂടുതലുമുള്ളവരില്‍ ഇരുപതുശതമാനം ആളുകളും ഇന്ത്യയില്‍ ആയിരിക്കും.2 അതുകൂടാതെ, സമൂഹത്തിന്റെ മിക്കവാറും എല്ലാ മേഖലകളേയും ബാധിച്ച കോവിഡ്-19 പോലെയുള്ള മഹാമാരികള്‍ ഇനിയുമുണ്ടായേക്കാമെന്ന സാദ്ധ്യത തള്ളിക്കളയാന്‍ പറ്റാത്തിടത്തോളം രാജ്യത്തിന്റെ ആരോഗ്യസംവിധാനം സമഗ്രമായി ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണ്. ആരോഗ്യ-പരിചരണ പ്രവര്‍ത്തകരാണ് ഈ സംവിധാനത്തിന്റെ നെടുംതൂണെന്നിരിക്കെ നമ്മുടെ ആശുപത്രികളിലെ നേഴ്സുമാരുടെ കുറവ് അതീവ ആശങ്കാജനകമായ സ്ഥിതിവിശേഷം തന്നെയാണ്.
ഇതിന്റെ പ്രധാന കാരണങ്ങളിലൊന്ന് അമേരിക്ക, ബ്രിട്ടണ്, ജര്‍മ്മനി, കാനഡ, സിങ്കപ്പൂര്‍, ഗള്‍ഫ് തുടങ്ങിയ ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളിലേക്കുള്ള അവരുടെ തൊഴില്കുടിയേറ്റമാണ്. നേഴ്സിംഗ് ക്ഷാമം നേരിടുന്ന വികസ്വരരാജ്യങ്ങളില്‍ നിന്ന് സമ്പന്നരാജ്യങ്ങളിലേക്കുള്ള തൊഴില്‍പരിശീലനം നേടിയ നേഴ്സുമാരുടെ കുടിയേറ്റം മസ്തിഷ്കചോര്ച്ചയുടേയും നൈപുണ്യചോര്ച്ചയുടേയും ഏറ്റവും പ്രകടമായ ഉദാഹരണം കൂടിയാണ്. ഇത്തരത്തിലുള്ള തൊഴില്‍കുടിയേറ്റം ആഗോളതലത്തില്‍ ആരോഗ്യപരിപാലനരംഗത്തെ അസമത്വങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്ന് ഈ മേഖലയില്‍ നടത്തിയ പല പഠനങ്ങളും ലേഖനങ്ങളും ചൂണ്ടിക്കാണിക്കുന്നുണ്ട്.3 ആഫ്രിക്കയില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേക്കുള്ള മെഡിക്കല്‍ പ്രൊഫഷണലുകളുടെ കൂട്ടമായുള്ള പുറപ്പെടലിന്റെ പരിണിതഫലം നമ്മള് കണ്ടുകൊണ്ടിരിക്കുന്നതുമാണ്.4
വിദേശത്ത് മികച്ച അവസരങ്ങളും കൂടുതല്‍ വേതനവും ലഭിക്കും എന്നതാണോ നേഴ്സ് കുടിയേറ്റങ്ങളുടെ അടിസ്ഥാനകാരണം? അല്ല എന്നതാണ് ഉത്തരം. ഈ രീതിയിലുള്ള ധനകേന്ദ്രീകൃതമായ ആഖ്യാനങ്ങള്‍ വളരെ ലളിതവും ഉപരിപ്ലവവുമായ പൊതുബോധങ്ങളും പൊതുബോധ്യങ്ങളുമാണെന്ന് പറയേണ്ടിയിരിക്കുന്നു. അങ്ങനെയാണെങ്കില്‍, ഇന്ത്യയില്‍ തൊഴിലവസരങ്ങള്‍ ഉണ്ടെന്നിരിക്കെ എന്തുകൊണ്ടാണിവര്‍ക്ക് മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറേണ്ടി വരുന്നത്?
വളരെ കുറഞ്ഞ വേതനവും, അപര്യാപ്തമായ തൊഴില്‍സൗകര്യങ്ങളും ദൈര്‍ഘ്യമേറിയ ഷിഫ്റ്റുകളും കനത്ത ജോലിഭാരവും മാത്രമല്ല അധിക ശമ്പളമില്ലാതെ ഇരട്ടഷിഫ്റ്റുകള് ചെയ്യേണ്ടി വരുന്നതും ബോണ്ട് സംവിധാനത്തിന്റെ ഭാഗമായി നേഴ്സുമാരുടെ വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ പിടിച്ചുവെക്കുന്നതും തുടങ്ങി മിക്ക ആശുപത്രി മാനേജുമെന്റുകളുടേയും ജീവനക്കാരോടുള്ള ധാര്ഷ്ട്യസമീപനവും തൊഴിലിടങ്ങളിലെ ചൂഷണവും മോശം തൊഴില്‍ വ്യവസ്ഥകളും ഒക്കെ നേഴ്സുമാരുടെ കുടിയേറ്റത്തിനുള്ള കാരണങ്ങളാണ്. കൂടാതെ, പുരുഷാധിപത്യ സാമൂഹിക-കുടുംബഘടനകളും അടച്ചുതീര്‍ക്കാനുള്ള വിദ്യാഭ്യാസ വായ്പാപ്പലിശയും വര്‍ദ്ധിച്ചുവരുന്ന ദൈനംദിന ജീവിതച്ചെലവുകളും, മറ്റ് സാമ്പത്തികപരാധീനതകളും ഉത്തരവാദിത്തങ്ങളും കാരണം ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ളڔ ശ്രമങ്ങളുടെ ഭാഗമായാണ് നമ്മുടെ നേഴ്സുമാര്‍ പലപ്പോഴും ഇറാഖ്, നൈജീരിയ, കോംഗോ, അല്ലെങ്കില്‍ ലിബിയ പോലെയുള്ള ഏറ്റവും അരക്ഷിതമായ സംഘര്ഷഭൂമികളിലേക്ക് പോലും ജോലിതേടി പോകുന്നത്. ഇങ്ങനെ കുടിയേറുന്നവരില്‍ ഭൂരിഭാഗവും താഴ്ന്ന അല്ലെങ്കില്‍ ഇടത്തരം സാമ്പത്തികവിഭാഗത്തില്‍ പെടുന്നവരാണ്.
ഒപ്പം തന്നെ, മഹാമാരിയുടെ ഈ കാലത്തും അതിന് മുന്‍പും നേഴ്സുമാര്‍ക്ക് സാമൂഹിക സംരക്ഷണം നല്കുന്നതില് ഒരു രാജ്യം എന്ന നിലയില്‍ നമ്മള് എങ്ങനെ പരാജയപ്പെട്ടു എന്നും ചിന്തിക്കേണ്ടിയിരിക്കുന്നു. ചെയ്യുന്ന ജോലിക്കര്ഹമായڔ ശമ്പളവര്‍ദ്ധനവിനും ഡ്യൂട്ടി സമയമനുസരിച്ചുള്ള അലവന്‍സുകള്‍ക്കും തൊഴില്‍ ക്രമപ്പെടുത്തലിനും എന്നുവേണ്ട അഭിമാനബോധത്തോടെ തൊഴിലെടുത്ത് ജീവിക്കുന്നതിനാവശ്യമായ കാര്യങ്ങള്‍ നിഷേധിക്കപ്പെടുമ്പോഴും തങ്ങളുടെ മൗലികാവകാശങ്ങള്‍ നേടിയെടുക്കാന്‍ സമരത്തിനിറങ്ങേണ്ടി വരുന്ന ഇവര്‍ക്ക് പൊതുജനങ്ങളുടെ പിന്തുണ പോലും ലഭിക്കാറില്ലെന്നതാണ് വാസ്തവം.5 ‘എന്തിനവര്‍ സമരംചെയ്യുന്നു’ എന്ന ചോദ്യം തമസ്കരിക്കപ്പെടുകയും മുഖ്യധാരാചര്‍ച്ചകള്‍ നേഴ്സുമാരുടെ സമരം മൂലം ചികിത്സതേടുന്ന ജനങ്ങള്‍ക്കുണ്ടാകാവുന്ന ബുദ്ധിമുട്ടുകളിലേക്ക് മാത്രമായി ചുരുങ്ങുകയും ചെയ്യും.
കോവിഡ്പോരാളികളെന്നും രാജ്യത്തിന്റെ മഹാമാരിക്കെതിരേയുള്ള ശ്രമങ്ങളുടെ മുന്നിരപ്രവര്ത്തകരെന്നും വിശേഷിപ്പിക്കപ്പെടുമ്പോള്‍ ഇവരുടെ സമര്‍പ്പണത്തിനും കാര്യക്ഷമതക്കും തക്കതായ അംഗീകാരമോ പ്രതിഫലമോ ലഭിച്ചിട്ടില്ല, അല്ലെങ്കില്‍ ഇനിയും ലഭിക്കുമെന്ന് യാതൊരു ഉറപ്പുമില്ല എന്നതാണ് സങ്കടകരമായ കാര്യം. എന്തിനേറെ പറയണം, സുരക്ഷിതമായി ജോലിചെയ്യാനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ പോലും ഇന്ത്യയിലെ പൊതു-സ്വകാര്യ ആശുപത്രികള്‍ പരാജയപ്പെട്ടു എന്ന് പറയേണ്ടിയിരിക്കുന്നു. അതുകൊണ്ടാണ് “ഞങ്ങള്‍ മാലാഖമാരല്ല, ജീവിക്കാന്‍ വേണ്ടി തൊഴിലെടുക്കുന്ന സാധാരണ മനുഷ്യരാണ്” എന്നവര്‍ക്ക് പറയേണ്ടിവരുന്നതും.6
“നേഴ്സുമാര്‍ ഭൂമിയിലെ മാലാഖമാരാണ്” എന്നൊക്കെയുള്ള ആത്മാര്‍ത്ഥത കുറഞ്ഞ പൊള്ളയായ മഹത്വവത്കരണങ്ങളും പലപ്പോഴും നേഴ്സുമാരെ തങ്ങളുടേതായ സത്വമില്ലാത്ത സേവനദാതാക്കള്‍ മാത്രമായി അടയാളപ്പെടുത്താനേ ഉപകരിക്കൂ. ഡിപ്ലോമ അല്ലെങ്കില്‍ ബിരുദവിദ്യാഭ്യാസമുള്ള, ഉയര്‍ന്ന വൈദഗ്ധ്യവും യോഗ്യതയുമുള്ള, ചെയ്യുന്ന ജോലിക്ക് ന്യായമായ ശമ്പളത്തിന് അര്‍ഹരായ പ്രൊഫഷണലുകളാണ് ഇവരെന്നത് പൊതുസമൂഹം പലപ്പോഴും സൗകര്യപൂര്‍വ്വം മറക്കുന്ന സംഗതിയാണ്.
ലിംഗാധിഷ്ഠിത പൊതുബോധവും ധാരണപ്പിശകുകളും
“നേഴ്സുമാര്‍ ഭൂമിയിലെ മാലാഖമാരാണ്” എന്നൊക്കെയുള്ള ആത്മാര്‍ത്ഥത കുറഞ്ഞ പൊള്ളയായ മഹത്വവത്കരണങ്ങളും പലപ്പോഴും നേഴ്സുമാരെ തങ്ങളുടേതായ സത്വമില്ലാത്ത സേവനദാതാക്കള്‍ മാത്രമായി അടയാളപ്പെടുത്താനേ ഉപകരിക്കൂ. ഡിപ്ലോമ അല്ലെങ്കില്‍ ബിരുദവിദ്യാഭ്യാസമുള്ള, ഉയര്‍ന്ന വൈദഗ്ധ്യവും യോഗ്യതയുമുള്ള, ചെയ്യുന്ന ജോലിക്ക് ന്യായമായ ശമ്പളത്തിന് അര്‍ഹരായ പ്രൊഫഷണലുകളാണ് ഇവരെന്നത് പൊതുസമൂഹം പലപ്പോഴും സൗകര്യപൂര്‍വ്വം മറക്കുന്ന സംഗതിയാണ്. ഡോക്ടര്‍മാരെ ബഹുമാനിക്കുന്ന നമ്മള് അതേസമയം നഴ്സുമാരോട് അവഗണനയോടെയാണ് പെരുമാറുന്നത്. ഇതിനൊരു കാരണം പുരുഷാധിപത്യമൂല്യങ്ങള്‍ രൂഢമൂലമായ നമ്മുടെ തൊഴില്‍മേഖലകളില്‍ സ്ത്രീകളെ പൊതുവില്‍ ആശ്രിത/അനുബന്ധ തൊഴിലാളികളായാണ് പരിഗണിക്കുന്നത് എന്നതാണ്. നമ്മുടെയൊക്കെ കുടുംബങ്ങളില്‍ പോലും സ്ത്രീകളെ മുഖ്യവരുമാനസമ്പാദകരായി ഇനിയും കണ്ടുതുടങ്ങിയിട്ടില്ല എന്നതാണ് സത്യം.
അതുകൊണ്ടാണ് സ്ത്രീകള്‍ ചെയ്യുന്ന ജോലിയുടേയും അധ്വാനശേഷിയുടേയും വിദ്യാഭ്യാസ-തൊഴില്‍ നൈപുണ്യങ്ങളുടേയുംസാമ്പത്തിക സംഭാവനയുടേയും മൂല്യത്തിലുപരി വിവാഹം-പ്രസവം, കുട്ടികളെ വളര്‍ത്തല്‍, വീട്ടുകാര്യം നോക്കല്‍ തുടങ്ങിയ ഗാര്‍ഹികമായ ചുമതലകളുടെ പേരില്‍ അവള് സമൂഹത്തില്‍ വിലയിരുത്തപ്പെടുന്നത്. തൊഴിലിന്റെ സ്ത്രീവല്ക്കരണത്തെക്കുറിച്ച് നമ്മളിന്ന് സംസാരിക്കുന്നുണ്ടെങ്കിലും രാജ്യത്തിന്റെ വളര്‍ച്ചക്കും പുനര്‍നിര്‍മ്മാണത്തിനും സംഭാവന നല്‍കുന്നൊരു നിര്‍ണായക സാമ്പത്തികശ്രോതസ്സായി സ്ത്രീകളെ സര്‍ക്കാരുകളും നയരൂപീകരണസംവിധാനങ്ങളും കണക്കാക്കുന്നില്ല. ഐക്യരാഷ്ട്ര സംഘടനയുടെ സുസ്ഥിരവികസന ലക്ഷ്യങ്ങളിലും അവലോകനങ്ങളിലും നേഴ്സുമാര്‍ അടക്കമുള്ള സ്ത്രീത്തൊഴിലാളികളുടെ പങ്കിനെക്കുറിച്ചുള്ള രേഖപ്പെടുത്തല്‍ തുലോം തുച്ഛമാണ്.
ഒരു നേഴ്സ് അവരുടെ തൊഴില്‍മേഖലയില്‍ വിദഗ്ദ്ധയാണെന്ന് അംഗീകരിക്കപ്പെടാത്തതുകൊണ്ടും കൂടിയാണ് പലപ്പോഴും അവര്‍ക്ക് രോഗികളില്‍ നിന്നോ കൂട്ടിരുപ്പുകാരില്‍ നിന്നോ അസഹിഷ്ണുതാപരമായ പെരുമാറ്റങ്ങള്‍ നേരിടേണ്ടി വരുന്നത്. ഇതുകൂടാതെ, ആശുപത്രികളില്‍ നിലനില്‍ക്കുന്ന ലിംഗാധിഷ്ഠിത തൊഴില്‍വിഭജനവും, മാനേജ്മെന്റ്-(പുരുഷ)ഡോക്ടര്‍-നേഴ്സ് എന്ന സ്ഥാപനവല്‍ക്കരിക്കപ്പെട്ട ഫ്യൂഡല്‍ ശ്രേണികൃതഘടനയും അധികാര അസന്തുലിതാവസ്ഥയും സബോര്‍ഡിനേറ്റ് പദവിയും സ്ത്രീനേഴ്സുമാരെ എത്രത്തോളം പ്രതികൂലമായി ബാധിക്കുന്നുവെന്ന് ഇനിയും പഠനങ്ങള്‍ നടക്കേണ്ടിയിരിക്കുന്നു. ഇന്ത്യന്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരും മാനേജ്മെന്റ് സ്റ്റാഫും മിക്കപ്പോഴും നഴ്സുമാരെ സഹായികളായോ കീഴുദ്യോഗസ്ഥരായോ ആണ് പരിഗണിക്കുന്നത്. ഇത് അവരോടുള്ള മോശമായ പെരുമാറ്റത്തിന് കാരണമാകുകയും എല്ലാത്തരത്തിലും അവരെ പാര്‍ശ്വവല്‍ക്കരിക്കുകയും ചെയ്യും. സ്ഥാപിത പ്രൊഫഷണല്‍-ലിംഗശ്രേണിയെ ഉടച്ചുവാര്ക്കുന്നതൊന്നും പ്രോത്സാഹിപ്പിക്കപ്പെടുകയില്ലെന്ന് മാത്രമല്ലڔ ശമ്പളം മുതല്‍ തൊഴില്‍ അന്തരീക്ഷം വരെയുള്ള ജോലിസ്ഥലത്തെ പ്രശ്നങ്ങളും ന്യായമായ ആവശ്യങ്ങളും ഉന്നയിച്ചാല്‍ പോലും അധികാരവര്‍ഗം (ആശുപത്രി മാനേജ്മെന്റ്) അവരെ നിശ്ശബ്ദരാക്കുകയോ കാരണംകാണിക്കാതെ പിരിച്ചുവിടുകയോ ചെയ്യും.
നേഴ്സുമാരുടെ നൈപുണ്യസേവനങ്ങളെ ‘ഡോക്ടറുടെ സഹായി’ എന്ന രീതിയില്‍ വിലകുറച്ച് കാണിക്കുന്ന പൊതുജന പ്രവണത പാട്രിയാര്‍ക്കല്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന ലിംഗാധിഷ്ഠിത തൊഴില്‍ മാനദണ്ഡങ്ങളുടേയും വാര്പ്പുമാതൃകകളുടേയും തുടര്‍ച്ചയാണ്. ദയ, അനുകമ്പ, സഹാനുഭൂതി, ക്ഷമ, ശാന്തത, സംവേദനക്ഷമത, കരുതല്‍, പരിചരണം മുതലായ നേഴ്സിംഗ് ജോലിക്ക് അഭിലഷണീയമെന്ന് കരുതപ്പെടുന്ന ഗുണങ്ങള്‍ڔ സ്ത്രൈണഗുണങ്ങളാണെന്നും ഇവڔ സ്ത്രീകളുടെ നൈസര്‍ഗികമായ വാസനകളാണെന്നുമുള്ളڔ സാമൂഹിക നിര്‍മ്മിതി നിലനില്‍ക്കുന്നത് കൊണ്ടും കൂടിയാണ് നേഴ്സിംഗ് സ്ത്രീകള്‍ക്ക് ഏറ്റവും യോജിച്ചതും ഉചിതവുമായ തൊഴിലാണെന്ന് കാലാകാലങ്ങളായി കണക്കാക്കപ്പെടുന്നത്. എന്ന് പറഞ്ഞാല്‍, അവരുടെ കഴിവുകളേയും യോഗ്യതകളേയും കഠിനാധ്വാനത്തേക്കാളും പരിഗണിക്കപ്പെടുന്നത് സ്ത്രീകള്‍ക്ക് ജൈവീകമായി ഉണ്ടെന്ന് പറഞ്ഞുവെച്ചേക്കുന്ന അല്ലെങ്കില്‍ സമൂഹം കല്പിച്ച് ചാര്‍ത്തിയിരിക്കുന്ന ചില സ്വഭാവഗുണഗണങ്ങളാണ് എന്നാണ്. ഇത്തരം പാട്രിയാര്‍ക്കല്‍ ധാരണകള്‍ നമ്മുടെയൊക്കെ സോഷ്യല്‍ കണ്ടീഷനിംഗിന്റെ പ്രശ്നം കൂടിയാണ്. ഇതിനോടൊപ്പം ചേര്‍ത്തുവായിക്കേണ്ടത്, നേഴ്സിംഗ് ‘സ്ത്രീകളുടെ ജോലി’യായി കണക്കാക്കപ്പെടുമ്പോള്‍ തന്നെ അവള് ‘കുടുംബം’ എന്ന സാമൂഹിക സ്ഥാപനത്തിനുള്ളില്‍ ‘നിര്‍ബന്ധമായും ചെയ്യേണ്ടുന്ന’ പരിചരണകടമകളുടേയും ഉത്തരവാദിത്തങ്ങളുടേയും സ്വാഭാവിക തുടച്ചയായാണ് അങ്ങേയറ്റം പ്രൊഫഷണലിസവും ശാരീരിക-മാനസിക അധ്വാനവും ആവശ്യമായ ഈ ജോലിയെ അറിഞ്ഞോ അറിയാതെയോ നമ്മുടെ സമൂഹം പൊതുവില്‍ മനസ്സിലാക്കുന്നതും സമീപിക്കുന്നതും.
ഇതേ കാരണങ്ങള്‍ തന്നെയാണ് പുരുഷനേഴ്സുമാരെ സ്ത്രീകളുടെ പണിചെയ്യുന്നു എന്നുപറഞ്ഞ് പരിഹസിക്കാനും വിലകുറച്ചുകാണാനും നമ്മെ പ്രേരിപ്പിക്കുന്നത്. ഡോക്ടറാവാന്‍ കഴിയാത്തതുകൊണ്ടോ അല്ലെങ്കില്‍ മറ്റ് ജോലികള്‍ കിട്ടാതെ വരുമ്പോഴോ ആണ് പുരുഷന്മാര് നേഴ്സിങ് തിരഞ്ഞെടുക്കുന്നത് എന്നാണ് പൊതുവെയുള്ള ധാരണ. നേഴ്സിംഗ് ഒഴികെയുള്ള മെഡിക്കല്‍മേഖലയിലെ ‘ആണിന് പറ്റിയ’ മറ്റ് ജോലികള്‍ നോക്കിക്കൂടായിരുന്നോ എന്ന അയല്പക്ക ചോദ്യങ്ങളും സ്വന്തം കുടുംബങ്ങളില്‍ നിന്നുപോലും പലപ്പോഴും വേണ്ടുന്ന അഗീകാരം ലഭിക്കാറില്ല എന്നതും സുഹൃത്തുക്കളുടെ ദോഷകരവും എന്നാല്‍ നിര്‍ദോഷകരമെന്ന് തോന്നിപ്പിക്കുന്ന പരിഹാസങ്ങളും ഒക്കെ വിരല്‍ചൂണ്ടുന്നത് ഇതിലേക്കാണ്.
പുരുഷനേഴ്സുമാരോടുള്ള ആളുകളുടെ മനോഭാവം ആ തൊഴിലിനോടും കൂടിയുള്ള മനോഭാവമായി നമ്മള് മനസ്സിലാക്കേണ്ടിയിരിക്കുന്നു. നേഴ്സിംഗ് പെണ്ണുങ്ങളുടെ സേവനജോലിയാണെന്ന് മാത്രമല്ല അത് ആണുങ്ങള്‍ക്ക് അനുയോജ്യമല്ലാത്ത, വലിയ സാമൂഹികപദവിയൊന്നുമില്ലാത്ത തൊഴിലാണെന്നാണ് പറഞ്ഞുവെക്കപ്പെടുന്നത്. ഇങ്ങനെയുള്ള തെറ്റായ സാമൂഹിക-സാംസ്കാരിക സ്റ്റീരിയോടൈപ്പുകള്‍ കാരണമുണ്ടാവുന്ന സ്റ്റിഗ്മ മൂലം പുരുഷന്മാര് ഈ തൊഴില്‍മേഖല തിരഞ്ഞെടുക്കാന്‍ മടികാണിക്കുകയോ അല്ലെങ്കില്‍ പുരുഷനേഴ്സുമാര്ക്ക് താരതമ്യേന കൂടുതല്‍ സാമൂഹികപദവി ലഭിക്കുന്ന ഓസ്ട്രേലിയ, കാനഡ, ബ്രിട്ടണ് തുടങ്ങിയ രാജ്യങ്ങളിലേക്ക് കുടിയേറുകയോ ചെയ്യുന്നതാണ് നമ്മള് കണ്ടുവരുന്നത്.
ഇന്ത്യയുടെ ആരോഗ്യപരിരക്ഷാ മേഖലയില്‍ വര്‍ദ്ധിച്ചുവരുന്ന നേഴ്സുമാരുടെ കുറവ് പരിഹരിക്കുന്നതിന് കൂടുതല്‍ സ്ത്രീ-പുരുഷനേഴ്സുമാരെ നിയമിക്കുകയും നിലനിര്‍ത്തുകയും ചെയ്യുക എന്നത് ഫലപ്രദവും പ്രായോഗികവും ആയ നടപടിയാണെന്നിരിക്കെയാണ് ഇങ്ങനെ സംഭവിക്കുന്നത് എന്നതാണ് പരിതാപകരം. സ്ത്രീ-പുരുഷനേഴ്സുമാര് നമ്മുടെ ആരോഗ്യമേഖലയിലും സമൂഹത്തിലും അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങളുടെ പരസ്പരപൂരകത്വ സ്വഭാവമാണ് ഇത് കാണിക്കുന്നത്. എന്നുമാത്രമല്ല മുന്‍പ് പറഞ്ഞതുപോലെ സ്ത്രീകള്‍ ചെയ്യുന്ന തൊഴിലുകളെ വേര്‍തിരിച്ച് കാണുന്നത് വഴി നമ്മള് അവരുടെ മനുഷ്യവിഭവശേഷിയേയും അധ്വാനത്തേയും അവഗണിക്കുക കൂടിയാണ് ചെയ്യുന്നത്. കൂടാതെ മേല്‍പ്പറഞ്ഞ പ്രകാരമുള്ള പലവിധ വികലധാരണകളുടെ സാമൂഹികവല്‍ക്കരണം സ്ത്രീനേഴ്സുമാരുടെ അന്തസ്സിനേയും തൊഴില്‍ അവകാശങ്ങളേയും ഹനിക്കുകയും ആത്യന്തികമായി അവര്‍ ചെയ്യുന്ന തൊഴിലിന്റെ മൂല്യത്തെ കുറച്ചു കാണിക്കുകയും ചെയ്യും.
അങ്ങനെ നോക്കുമ്പോള്‍ ആഗോള മെഡിക്കല്മേഖലയില്ത്തന്നെ പുരുഷന്മാരേക്കാള് അധികം സ്ത്രീകളാണെന്നിരിക്കെ – പ്രത്യേകിച്ചും നേഴ്സിങ്ങില്‍ ഏതാണ്ട് തെണ്ണൂറ് ശതമാനത്തോളം – എല്ലാ തരത്തിലും തലത്തിലുമുള്ളڔ ആരോഗ്യസംരക്ഷണ വെല്ലുവിളികളോട് പ്രതികരിക്കുന്ന നേഴ്സുമാരുടെ അധ്വാനത്തെ ‘സ്ത്രീസഹജമായ കരുതലിലും അനുകമ്പയിലും അധിഷ്ഠിതമായ സേവനം’ എന്നരീതിയില്‍ ലളിതവല്‍ക്കരിക്കുന്നത് അക്ഷന്തവ്യമായ തെറ്റ് തന്നെയാണ്. നേരെമറിച്ച് അവരുടെ കഴിവിനേയും യോഗ്യതയേയും അധ്വാനത്തേയും അംഗീകരിക്കുന്ന പിന്തുണക്കുന്ന സമീപനമാണ് വേണ്ടത്. കോവിഡ്-19 മഹാമാരിയുടെ മൂന്നാം തരംഗത്തിലും പതിവുപോലെ നേഴ്സുമാരടക്കമുള്ളڔ ഹെല്‍ത്ത് കെയര്‍ സ്റ്റാഫുകളാണ് ഈ പ്രതിസന്ധിയെ ഏറ്റവുമധികം നേരിട്ട് കൈകാര്യം ചെയ്യുന്നത് എന്ന സ്ഥിതിവിശേഷം നിലനില്ക്കുമ്പോള് പ്രത്യേകിച്ചും.
കൂടാതെ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചുള്ള ആനുകൂല്യങ്ങളും വേതനവ്യവസ്ഥകളും ഉറപ്പാക്കുന്നതിനൊപ്പം അവരുടെ കരിയര്‍ വളര്‍ച്ചക്കാവശ്യമായ തുടര്‍പഠന-പരിശീലന അവസരങ്ങളും, ജോലിയില്‍ ആവശ്യമായ പിന്തുണാ-സംവിധാനങ്ങളും തൊഴിലിടസൗകര്യങ്ങളും ഉറപ്പുവരുത്തേണ്ടിയിരിക്കുന്നു. ഒപ്പം അവരും മെഡിക്കല്‍ പ്രൊഫഷന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണെന്ന് അംഗീകരിക്കുകയും അവര്‍ അര്‍ഹിക്കുന്ന ബഹുമാനം നല്‍കുകയും വേണം. ഇതിനൊക്കെ കഴിയാത്തിടത്തോളം നമ്മുടെ നേഴ്സുമാര്‍ മറ്റുരാജ്യങ്ങളിലേക്ക് ജോലിതേടി പോകുകതന്നെ ചെയ്യും.
വനിതാനേഴ്സുമാരും കുടിയേറ്റ അനുഭവങ്ങളും
ലോകാരോഗ്യ സംഘടനയുടെ 2020-ലെ ‘സ്റ്റേറ്റ് ഓഫ് ദി വേള്‍ഡ് നേഴ്സിംഗ്’ റിപ്പോര്‍ട്ട് പ്രകാരം 2018ല്‍ ആഗോളതലത്തില്‍ 5.9 ദശലക്ഷം നേഴ്സുമാരുടെ കുറവുണ്ടായിരുന്നു.ധ7പ എന്നുമാത്രമല്ല, 2030 ആകുമ്പോഴേക്കും ഈ ദൗര്‍ലഭ്യം ഒന്‍പത് ദശലക്ഷം കടക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വികസിതരാജ്യങ്ങളുടെ കാര്യമെടുത്താല്‍ സമൂഹത്തില്‍ പൊതുവിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്കൊപ്പംڔ വര്‍ദ്ധിച്ചു വരുന്ന വൃദ്ധജനസംഖ്യയും ഏറ്റവും കൂടുതല്‍ പരിചരണം ആവശ്യമുള്ള ഈ വിഭാഗത്തിന്റെ വാര്‍ദ്ധക്യസഹജമായ രോഗാവസ്ഥകളുടെ പരിചരണ കാര്യങ്ങളും അവിടങ്ങളിലെ ആരോഗ്യസംവിധാനങ്ങളുടെ വിപുലീകരണത്തിന് കാരണമാകുന്നുണ്ട്.
കോവിഡ്-19ന്റെ ആരംഭത്തോടെ നേഴ്സുമാരടങ്ങുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കായുള്ള ഡിമാന്‍ഡ് കൂടുതലാവുകയും മുമ്പെങ്ങും ഇല്ലാത്തവിധം അവരുടെ പ്രാധാന്യം ലോകം മനസ്സിലാക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടാണ് കോവിഡുമായി ബന്ധപ്പെട്ട നിയന്ത്രണളുടെ ഭാഗമായി ലോകരാജ്യങ്ങള്‍ അതിര്‍ത്തികള്‍ അടക്കുകയും യാത്രാനിരോധനം കൊണ്ടുവരികയും ചെയ്യുന്ന ഈڔ സമയത്തുപോലും ആരോഗ്യപ്രവര്‍ത്തകരുടെ കുടിയേറ്റം വലിയ തടസ്സങ്ങളില്ലാതെ അനുസ്യൂതം തുടരുന്നത്. മിക്ക രാജ്യങ്ങളും നേഴ്സ് കുടിയേറ്റ സൗഹൃദ നയങ്ങള്‍ സ്വീകരിക്കുന്നതും യാത്രാനിരോധനത്തില്‍ നിന്ന് തൊഴില്‍ വാഗ്ദാനമുള്ള ആരോഗ്യവിദഗ്ധരെ ഒഴിവാക്കുന്നതും മുന്‍ഗണനാക്രമത്തില്‍ അവരുടെ വിസാ അപേക്ഷകള്‍ പ്രോസസ്സ് ചെയ്യുന്നതും നമ്മള് കണ്ടുകൊണ്ടിരിക്കുകയാണ്. പാന്‍ഡെമിക്കിന്റെ സമയത്ത് കുടിയേറ്റ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഫ്രാന്‍സ് പൗരത്വം വാഗ്ദാനം ചെയ്യുന്നതും തൊഴില്‍വിസയുടെ കാലാവധി കഴിയുന്ന വിദേശ ആരോഗ്യപ്രവര്‍ത്തകര്‍ക്കും അവരുടെ ആശ്രിതകുടുംബാംഗങ്ങള്ക്കും ബ്രിട്ടണ് ഒരു വര്‍ഷത്തേക്ക് സൗജന്യമായി വിസാകാലാവധി നീട്ടി നല്‍കുന്നതും ഇതിനോട് ചേര്‍ത്ത് വായിക്കാവുന്നതാണ്.8
ഇന്ത്യയില്‍ നിന്നുള്ള നേഴ്സുമാര്‍ ഏറ്റവുമധികം മൈഗ്രേറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നത് ഉയര്‍ന്ന വേതനവും സൗകര്യങ്ങളുമുള്ള വികസിത രാജ്യങ്ങളിലേക്കാണ് എന്നിരിക്കെ ഇന്ന് നിലനില്‍ക്കുന്ന ഈ അനുകൂല സാഹചര്യം ഇന്ത്യന്‍ നേഴ്സുമാര്‍ക്ക് ധാരാളം തൊഴില്‍ അവസരങ്ങള്‍ തുറന്നുകൊടുക്കുന്നുണ്ട്. ഫിലിപ്പീന്‍സ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ നേഴ്സുമാര്‍ പുറംരാജ്യങ്ങളിലേക്ക് പോകുന്നത് ഇന്ത്യയില്‍ നിന്നാണ്. നേഴ്സുമാരുടെ ആഗോള ദൗര്‍ലഭ്യം കണക്കിലെടുക്കുമ്പോള്‍ ഇന്ത്യന്നേഴ്സുമാരുടെ കുടിയേറ്റം ഡെസ്റ്റിനേഷന്‍ രാജ്യങ്ങള്‍ക്ക് പ്രയോജനകരമാണെങ്കിലും, ഇതിന്റെ ആശങ്കാപരമായ മറ്റൊരു വശം നമ്മുടെ രാജ്യത്ത് ഉണ്ടാകുന്ന നേഴ്സുമാരുടെ ക്ഷാമവും അതുമൂലമുള്ള ആഭ്യന്തര ആരോഗ്യ സംവിധാനങ്ങളുടെ അസ്ഥിരതയും ആണ്.
കുടിയേറ്റത്തിനുള്ള അനുകൂലമായ സാഹചര്യം നിലവിലുണ്ടെങ്കിലും നേഴ്സുമാരെ സംബന്ധിച്ചെടുത്തോളം അവര്‍ കടന്നുപോകേണ്ടുന്ന അവസ്ഥകളും അനുഭവങ്ങളും അത്ര ലളിതവും എളുപ്പവുമല്ല. ഇന്ത്യയില്‍ നിന്നുള്ള നേഴ്സുമാരുടെ കുടിയേറ്റത്തിന് ഒരേകീകൃത സ്വഭാവം ഇല്ലാത്തതിനാലും ഗവണ്മെന്റ് തലത്തില്‍ ഏകോപിത നയസമീപനത്തിന്റെ അഭാവത്താലും പുറംരാജ്യങ്ങളിലേക്ക് ജോലി നേടി പോകാന്‍ ആഗ്രഹിക്കുന്ന ഇവര്‍ പലപ്പോഴും സ്വകാര്യ റിക്രൂട്ടിംഗ് ഏജന്‍സികളുടെ ചതിവില്‍ അകപ്പെടാറുണ്ട്. എന്ന് മാത്രമല്ല, നേഴ്സുമാരുടെ വിദേശ റിക്രൂട്ട്മെന്റിനോട് അനുബന്ധിച്ചുള്ള ക്രമക്കേടുകള്‍ ചിലപ്പോഴെങ്കിലും ഗവണ്മെന്റ് സംവിധാനങ്ങളുടെ അറിവോടും ഒത്താശയോടും കൂടിയാണ് നടക്കുന്നത് എന്ന കാര്യം തികച്ചും നിരുത്തരവാദിത്തപരമാണ്.9
വിദേശരാജ്യങ്ങളില്‍ നേഴ്സ് ആകുന്നതിന് ആവശ്യമായ വിദ്യാഭ്യാസ യോഗ്യതയുടേയും നൈപുണ്യ പരീക്ഷയുടേയും കടമ്പകള്‍ കടന്ന് അവിടങ്ങളില്‍ ഒരു രജിസ്റ്റേഡ് നേഴ്സ് ആയിച്ചെന്നാലും സ്വാഗതാര്‍ഹവും സൗഹൃദപരവുമായ അന്തരീക്ഷമോ, പുതിയ തൊഴില്‍ സംസ്കാരവുമായി പൊരുത്തപ്പെടുന്നതിന് മതിയായ പിന്തുണയോ തൊഴിലിടത്ത് നിന്നും അല്ലെങ്കില്‍ കൂടെ ജോലി ചെയ്യുന്നവരില്‍ നിന്നും തുടക്കകാലത്ത് ലഭിക്കണമെന്നില്ല. മുന്‍കാല പ്രവാസ അനുഭവങ്ങള്‍ ഇല്ലെങ്കില്‍ തങ്ങള്‍ക്കേറെ പരിചിതമായ ഒരു ലോകം വിട്ട് വ്യത്യസ്തമായ ജീവിതരീതികളിലേക്കും അപരിചിതമായ സംസ്കാരത്തിലേക്കുമുള്ള പൊരുത്തപ്പെടല്‍ ഇവര്‍ക്ക് മാനസികമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയേക്കാം.
കൂടാതെ തൊഴില്‍ നൈതികതയിലും, പ്രൊഫഷണല്‍ മൂല്യങ്ങളിലും, നേഴ്സിംഗ് രീതികളിലും, സഹപ്രവര്‍ത്തകരോടുള്ള ഇടപെടലുകളിലും, എന്തിന് അവര്‍ ഉപയോഗിക്കുന്ന ചികിത്സാസംബന്ധിയായ പദങ്ങളുടെ പ്രയോഗങ്ങളിലെ വ്യത്യാസങ്ങളും കാരണം ഇന്ത്യയില്‍ പഠിച്ചതൊക്കെയും ഒരു പരിധി വരെയെങ്കിലും അണ്ലേര്ണ് ചെയ്യേണ്ടി വരികയും ചെയ്യും. അങ്ങനെ നോക്കുമ്പോള്‍, കുടുംബാംഗങ്ങളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും അകന്ന് അന്യദേശത്ത് താമസമാക്കുമ്പോള്‍ തോന്നുന്ന ഗൃഹാതുരത്വവും ഏകാന്തതയും മാത്രമല്ല കുടിയേറ്റത്തോട് അനുബന്ധിച്ചുള്ള തൊഴില്‍പരവും വ്യക്തിപരവുമായുമുള്ള മാറ്റങ്ങള്‍ ഇന്ത്യന്‍ നേഴ്സുമാരെ മാനസികമായി വളരെ അധികം അലട്ടാറുണ്ട്. ഇത് ഇവിടെ പറയുന്നത് അവരുടെ കുടിയേറ്റ അനുഭവങ്ങളുടെ തീവ്രത സൂചിപ്പിക്കാന്‍ വേണ്ടിയാണ്.
പ്രത്യേകിച്ചും ആദ്യ കാലങ്ങളില്‍ നേരിടേണ്ടി വരുന്ന ജോലി സ്ഥലത്തെ വര്‍ണ്ണ-വംശീയത അടിസ്ഥാനമാക്കിയുള്ള പ്രത്യക്ഷമോ സൂക്ഷ്മമോ ആയ അവഗണനയും മതിപ്പില്ലായ്മയും കാഷ്വല്‍ പരിഹാസങ്ങളും വംശീയ പരാമര്‍ശങ്ങളും പ്രമോഷനിലോ ഡ്യൂട്ടി ഷിഫ്റ്റുകള്‍ അനുവദിക്കുന്നതിലോ ഒക്കെ പുലര്‍ത്തുന്ന വിവേചനവും അവരുടെ തൊഴില്‍ പുരോഗതിയെ സാരമായി ബാധിച്ചേക്കാം. അതുകൊണ്ടുതന്നെ പലതരത്തിലും തലത്തിലുമുള്ള പക്ഷപാതപരമായ ഇടപെടലുകളെ അല്ലെങ്കില്‍ പാര്‍ശ്വവല്‍ക്കരണങ്ങളെ അതിജീവിച്ച് മുന്നോട്ട് പോകുന്ന നേഴ്സുമാരുടെ കുടിയേറ്റത്തെ സാമ്പത്തിക കാഴ്ച്ചപ്പാടില്‍ നിന്ന് മാത്രമായി നോക്കിക്കാണുന്നത് നമ്മളില്‍ ഭാഗികമായ സാമൂഹിക അവബോധമുണ്ടാക്കാനേ ഉപകരിക്കൂ.
ചെന്നെത്തുന്ന രാജ്യങ്ങളിലെ തൊഴില്‍ സംവിധാനങ്ങളോടും സാമൂഹിക രീതികളോടും പുതിയ പരിതസ്ഥിതികളോടും പൊരുത്തപ്പെടാന്‍ എടുക്കുന്ന സമയവും പരിശ്രമവും തുടങ്ങി അവര്‍ ഒരുപക്ഷെ ദിവസേന കടന്നുപോകേണ്ടിവരുന്ന അസമത്വങ്ങളും, ഭാഷാപരവും ആശയവിനിമയപരവുമായ ബുദ്ധിമുട്ടുകളും – പ്രത്യേകിച്ചും രോഗികളോട് ഇടപെടുമ്പോളുള്ള ഉച്ചാരണം ഉള്‍പ്പെടെയുള്ള പ്രാദേശികഭാഷാ തടസ്സങ്ങളും – പോലെയുള്ള ധാരാളം വെല്ലുവിളികള്‍ അവര്‍ നേരിടുന്നുണ്ട്.
പുതിയൊരു നാട്ടില്‍ എത്തുമ്പോഴുള്ള സാമൂഹിക അപരിചിതത്വവും, തുടക്കകാലത്തെങ്കിലും അനുഭവിക്കേണ്ടി വരുന്ന തൊഴില്‍പരവും വ്യക്തിപരവുമായ പിന്തുണാ സംവിധാനത്തിന്റെ അഭാവവും, ആത്മവിശ്വാസത്തേയും ജോലിയുടെ പ്രകടനത്തേയും വരെ ബാധിക്കുന്ന സഹപ്രവര്‍ത്തകരുടേയും ആശുപത്രി ജീവനക്കാരുടേയും പിന്നെ രോഗികളില്‍ നിന്നും ഒക്കെയുള്ള സൗഹാര്‍ദ്ദപരമല്ലാത്ത പെരുമാറ്റങ്ങളും, വിദേശ നേഴ്സുമാര്‍ വന്ന് സ്വദേശി നേഴ്സുമാരുടെ ജോലി തട്ടിയെടുക്കുന്നു എന്നതരത്തിലുള്ള പൊതുസമൂഹ-മാധ്യമ ആഖ്യാനങ്ങളും കുറച്ചൊന്നുമല്ല അവരുടെ കുടിയേറ്റ ജീവിതത്തെ രൂപപ്പെടുത്തുന്നത്. അതിനുപുറമെ, പ്രായോഗികമായ സാമൂഹിക ഉള്‍ച്ചേരല്‍ നയങ്ങളുടെ അഭാവത്തില്‍ ചിലപ്പോഴെങ്കിലും നമ്മുടെ നേഴ്സുമാര്‍ക്ക് അവരുടെ കുടിയേറ്റ രാജ്യങ്ങളിലെ മുഴുവന്‍ തൊഴില്‍ സാധ്യതകളും ഉപയോഗപ്പെടുത്താന്‍ കഴിയാതെ പോകാറുണ്ട്.
അന്യരാജ്യങ്ങളില്‍ കുടിയേറിയ ഇന്ത്യന്‍ നേഴ്സുമാര്‍ക്ക് നാട്ടിലെപ്പോലെയുള്ള വിപുലമായ കുടുംബ പിന്തുണാ സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ ജോലിയുടെ ഉത്തരവാദിത്തങ്ങള്‍ക്ക് ഒപ്പം തന്നെ വീട്ടുകാര്യങ്ങളും കുടുംബത്തിന്റേയും കുട്ടികളുടേയും സംരക്ഷണ ചുമതലകളും പലപ്പോഴും ഒറ്റക്ക് ഏറ്റെടുത്ത് നടത്തേണ്ടതായി വരും. അതുകൊണ്ടാണ് പ്രായോഗിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് ചിലരെങ്കിലും കുട്ടികളെ നാട്ടിലുള്ള തങ്ങളുടെ മാതാപിതാക്കളുടെ അടുത്ത് കുറച്ചുകാലത്തേക്കെങ്കിലും നിര്‍ത്തുന്നത്. സഹായത്തിനായി വീട്ടുജോലിക്കാരുടെڔ സേവനം പ്രയോജനപ്പെടുത്തുന്നത് ചെലവേറിയ കാര്യമായതിനാലോ അല്ലെങ്കില്‍ മറ്റ് സുരക്ഷാപരമായ ആശങ്കകള്‍ക്കോ കാരണമാകുന്നത് കൊണ്ട് വീട്ടുജോലിയുടെ ഭാരം കൂടി അവര്‍ സ്വയം ചുമക്കേണ്ടി വരുന്നുണ്ട്. ഇതിനൊക്കെ പുറമെയാണ് നാട്ടിലുള്ള പ്രായമായ അച്ഛനമ്മമാരുടെ ക്ഷേമകാര്യങ്ങള്‍ ഉറപ്പാക്കേണ്ടുന്നതിന്റെ ഉത്തരവാദിത്തം. അങ്ങനെ ഒരുപാട് വ്യക്തിപരമായ സമ്മര്‍ദ്ദങ്ങളില്‍ കൂടിയും പ്രവാസി/കുടിയേറ്റ നേഴ്സുമാര്‍ കടന്നുപോകുന്നുണ്ട്.
വിദേശത്ത് എത്ര കഷ്ടപ്പെട്ട് ജോലി ചെയ്തിട്ടായാലും പറ്റാവുന്നിടത്തോളം പണം സമ്പാദിച്ച് ജന്മനാട്ടില് തിരിച്ചെത്തി കുടുംബത്തോടൊപ്പമോ അല്ലാതെയോ സുഖമായി ജീവിക്കാന്‍ താത്പര്യപ്പെടുന്നവരാണ് നമ്മുടെ മിക്ക നേഴ്സുമാരും. ദിനംപ്രതി വര്‍ധിച്ചുവരുന്ന ജീവിതച്ചെലവുകള്‍ക്കിടയില്‍ തങ്ങളുടെ സാമ്പത്തികഭദ്രത ഉറപ്പാക്കാന്‍ വേണ്ടി ഒന്നിലധികം ജോലി ഷിഫ്റ്റുകളും ഓവര്‍ ടൈമും എടുക്കുന്ന അല്ലെങ്കില്‍ പൊതുഅവധി ദിവസങ്ങളില്‍ ഇരട്ടിശമ്പളം ലഭിക്കുമെന്നതിനാല്‍ ആ ദിവസങ്ങളിലും ജോലി ചെയ്യുന്ന വനിതാ നേഴ്സുമാരെ സംബന്ധിച്ച് തൊഴില്‍-കുടുംബ സന്തുലിതാവസ്ഥ നിലനിര്‍ത്തുക എന്ന് പറയുന്നത് ഒരു ഹെര്‍ക്യൂലിയന്‍ ടാസ്ക് ആണ്.
വിദേശത്തുള്ള ഇന്ത്യന്‍ നേഴ്സുമാരുടെ മൈഗ്രേഷന്‍ പാറ്റേണ്‍ ഇന്ത്യയില്‍ നിന്നുള്ള മറ്റ് വിഭാഗക്കാരുടെ കുടിയേറ്റത്തില്‍ നിന്ന് വ്യത്യസ്തമാണെന്ന് കാണാന്‍ കഴിയും. മിക്കവാറും അവസരങ്ങളില്‍ വിദേശത്തേക്ക് ആദ്യം പോകുന്നത് സ്ത്രീനേഴ്സുമാരാണ്. അവര്‍ ചെന്ന് ജോലിയില്‍ ചേര്‍ന്നതിന് ശേഷമാകും നാട്ടില്‍ നിന്ന് ഭര്‍ത്താവും കുട്ടികളും അടങ്ങുന്ന കുടുംബത്തെ അങ്ങോട്ടേക്ക് കൊണ്ടുപോകുന്നത്. ഈയൊരു കുടിയേറ്റ സാധ്യത ഉള്ളത് കൊണ്ട് കൂടിയാണ് വിദേശത്ത് ജോലി ചെയ്യുന്ന അവിവാഹിതരായ സ്ത്രീനേഴ്സുമാര്ക്ക് നമ്മുടെ ‘വിവാഹ വിപണിയില്‍’ മതിപ്പുള്ളത്.
ചുരുക്കിപ്പറഞ്ഞാല്‍, നേഴ്സുമാരുടെ കുടിയേറ്റത്തിന് വ്യക്തിപരവും തൊഴില്‍പരവും സാമ്പത്തികപരവുമായ കാരണങ്ങളുണ്ട്. ഇന്ത്യയിലെ അവസ്ഥയുമായി താരതമ്യം ചെയ്യുമ്പോള്‍ വിദേശത്ത് ജോലി ചെയ്യുന്നതുവഴിയുള്ള സാമ്പത്തിക ഭദ്രതയും, ജീവിത നിലവാരത്തിന്റെ ഉയര്‍ച്ചയും മികച്ച തൊഴില്‍ അവസരങ്ങളും സാഹചര്യങ്ങളും സൗകര്യപ്രദമായ ഫ്ലെക്സിബിള്‍ ആയ ജോലി സമയങ്ങളും വിദേശ ആശുപത്രികളിലെ ഉയര്‍ന്ന പ്രൊഫഷണലിസവും ക്ലിനിക്കല്‍ തീരുമാനങ്ങള്‍ എടുക്കുന്നതിലും രോഗികളുടെ കാര്യത്തില്‍ ഇടപെടുന്നതിലുമുള്ള മെച്ചപ്പെട്ട സ്വാതന്ത്ര്യവും ഉത്തരവാദിത്തവും ഡോക്ടര്‍മാരുമായി കൂടുതല്‍ സമത്വപരമായ ബന്ധവും ഏറ്റവും നൂതനമായ നേഴ്സിംഗ് രീതികളും സാങ്കേതിക ഉപകരണങ്ങളും കൈകാര്യം ചെയ്യുക വഴി കഴിവുകള്‍ മെച്ചപ്പെടുത്താനും തുടര്‍വിദ്യാഭ്യാസത്തിനുള്ള സാധ്യതകളും, ഉയര്‍ന്ന സാമൂഹിക നിലയും ലഭിക്കുന്ന ബഹുമാനവും വികസിത രാജ്യങ്ങളിലെ സ്വതന്ത്ര ജീവിതരീതികളും ഇന്ത്യയില്‍ നിന്നും മറ്റ് നാടുകളിലേക്ക് കുടിയേറാനുള്ള പ്രേരക ഘടകങ്ങളാണെന്ന് നമ്മള് കണ്ടുകഴിഞ്ഞു. നേഴ്സിങ്ങിന്റെ ഇന്ത്യന്‍ ചരിത്രം പരിശോധിച്ചാല്‍ സ്വാതന്ത്ര്യത്തിനു മുന്‍പ് ഹിന്ദുമതത്തിലെ ജാതിവ്യവസ്ഥയും തൊട്ടുതീണ്ടായ്മയും കാരണം നേഴ്സുമാര്‍ പ്രധാനമായും ആംഗ്ലോ-ഇന്ത്യന്‍ അല്ലെങ്കില്‍ ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ നിന്നായിരുന്നുവെന്ന് കാണാന്‍ കഴിയും.10 എന്നാല്‍ ഇപ്പോള്‍ എല്ലാ മതവിഭാഗങ്ങളില്‍ പെട്ടവരും നേഴ്സിങ്ങിലേക്ക് കടന്നുവരുന്നുണ്ട്. കുടിയേറ്റത്തിനുള്ള അവസരങ്ങളും അതുവഴി ജീവിതം മെച്ചപ്പെടുത്താനുള്ള സാധ്യതകളുമാണ് ഈ മാറ്റത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് എന്ന് നിസ്സംശയം പറയാം.
മഹാമാരിക്കാലത്തെ വിദേശ തൊഴിലനുഭവങ്ങള്‍
കോവിഡ്-19 എന്ന ആരോഗ്യ അടിയന്തരാവസ്ഥ ഇന്ത്യന്‍ നേഴ്സുമാര്‍ക്കുള്ള ആഗോള ഡിമാന്‍ഡും മൂല്യവും വര്‍ധിപ്പിച്ചിട്ടുണ്ടെങ്കിലും അവരുടെ ജോലിഭാരം അതിനനുസരിച്ച് ആനുപാതികമായോ അതിലുമധികമായോ വര്‍ദ്ധിച്ചുവെന്നത് തിരസ്കരിക്കാനാവാത്ത വസ്തുതയാണ്. മഹാമാരിയുടെ തുടക്കത്തിലുണ്ടായ വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളുടെ (പി.പി.ഇ കിറ്റ്)കുറവ്, സ്വന്തം സുരക്ഷയെക്കുറിച്ചും കൂടെയുള്ള ഭര്‍ത്താവിനും കുട്ടികള്‍ക്കും തന്നില്‍ നിന്ന് കോവിഡ് പകരുമെന്നുള്ള ഭയം, നീണ്ട ഷിഫ്റ്റുകളുടെ ക്ഷീണം, പുരുഷന്മാര്ക്കായി രൂപകല്‍പ്പന ചെയ്ത സംരക്ഷണ ഗിയര്‍ എല്ലാ സമയവും ധരിക്കുന്നതിന്റെ ശാരീരിക അദ്ധ്വാനം, പ്രാഥമിക കര്‍മ്മങ്ങളും ആര്‍ത്തവ ശുചിത്വവും പാലിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍, അപര്യാപ്തമായ ക്ലിനിക്കല്‍ സൗകര്യങ്ങള്‍ മൂലമുണ്ടായ മാനസിക-ശാരീരിക പ്രശ്നങ്ങള്‍, തങ്ങള്‍ പരിചരിക്കുന്ന രോഗികളുടേയും സഹപ്രവര്‍ത്തകരുടേയും മരണത്തിലുള്ള നിസ്സഹായതയും വ്യസനവും, വരാനിരിക്കുന്ന കോവിഡ് തരംഗങ്ങളെക്കുറിച്ചുള്ള ഉത്കണ്ഠ തുടങ്ങിയവയൊക്കെ അവരില്‍ വൈകാരികവും മാനസികവുമായ ആഘാതം സൃഷ്ടിച്ചിട്ടുണ്ടെന്ന് വേണം മനസ്സിലാക്കാന്‍. എല്ലാത്തിനുമുപരിയായി, നാട്ടിലുള്ള കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ക്ഷേമത്തെക്കുറിച്ചുള്ള ആശങ്കകള്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ഇവര്‍ അനുഭവിക്കുന്നുണ്ട്. ഇപ്പോഴും മാറിക്കൊണ്ടിരിക്കുന്ന യാത്രാ നിയന്ത്രണങ്ങളും ജോലിത്തിരക്കും കാരണം ഇവരില്‍ പലര്‍ക്കും ഇന്ത്യയിലേക്ക് അവധിക്ക് വരാന്‍ പോലും പറ്റിയിട്ടില്ല.
വിദേശത്ത് ജോലി ചെയ്യുന്ന വനിതാനേഴ്സുമാര് അവരുടെ സാമൂഹിക-വ്യക്തി ജീവിതത്തിലും തൊഴില്‍ മേഖലയിലും അഭിമുഖീകരിക്കുന്ന ഇത്തരം പരീക്ഷണങ്ങളും പ്രയാസങ്ങളും ഇന്ത്യയിലെ മുഖ്യധാരാ ചര്‍ച്ചകളിലും നയനിര്‍മ്മാണ സംവാദങ്ങളിലും മിക്കപ്പോഴും ഇടംപിടിക്കുന്നില്ല. എന്ന് മാത്രമല്ല, കുടിയേറ്റത്തിന്റെ വികസനമാതൃകകളില്‍ ഒന്നും തന്നെ നേഴ്സുമാര്‍ ഉള്‍പ്പെടുന്ന സ്ത്രീകുടിയേറ്റ തൊഴിലാളികളുടെ സംഭാവനകള്‍ കണക്കിലെ ടുക്കപ്പെടുന്നതേയില്ല. അവര്‍ അയക്കുന്ന പണം ജന്മനാടിന്റെ സമ്പദ്വ്യവസ്ഥയെ എങ്ങനെ ഒക്കെ ബലവത്താക്കുന്നു എന്നതും ആരും ചര്‍ച്ചചെയ്യുന്നില്ല. ഇതോടൊപ്പം തന്നെ നമ്മള് മനസ്സിലാക്കേണ്ടുന്ന കാര്യം, ഇന്ത്യന്‍ നേഴ്സുമാരുടെ കുടിയേറ്റ അനുഭവങ്ങള്‍ സാമ്പത്തികം മാത്രമല്ല, സാമൂഹികവും ശാരീരികവും മാനസികവും ആണെന്നതാണ്.
ഇത്രയധികം സങ്കീര്‍ണ്ണത നിറഞ്ഞ വനിതാനേഴ്സുമാരുടെ ഇന്ത്യയില്‍ നിന്ന് മറ്റ് ലോകരാജ്യങ്ങളിലേക്കുള്ള കുടിയേറ്റം നിര്‍ഭാഗ്യവശാല്‍ രാജ്യത്തിന്റെ നയചട്ടക്കൂടുകളുടെڔ പരിധിക്ക് പുറത്ത് നില്ക്കുന്ന സ്ഥിതിവിശേഷം ആണ് ഇപ്പോഴുള്ളത്. അവരെ പാന്‍ഡെമിക് പോലെയുള്ള സാഹചര്യങ്ങളിലും അല്ലാത്തപ്പോഴും നയതന്ത്ര-ബ്യുറോക്രാറ്റിക് പരിമിതികളുടെ ന്യായം പറഞ്ഞ് ഡെസ്റ്റിനേഷന്‍ രാജ്യങ്ങളുടെ കാരുണ്യത്തിന് വിട്ടുകൊടുക്കുകയും ചെയ്യുന്നു. ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റ/പ്രവാസി നേഴ്സുമാര്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ തിരിച്ചറിയുന്നതിലൂടെ മാത്രമേ രാജ്യത്തിനും പൊതുസമൂഹത്തിനും അവരോടു കൂടുതല്‍ മനുഷ്യത്വപരമായി ഇടപെടാന്‍ സാധിക്കൂ. നേഴ്സുമാര്‍ അവര്‍ കുടിയേറിയ രാജ്യങ്ങളില്‍ നിന്നും നാട്ടിലേക്ക് അയക്കുന്ന പണം സമ്പദ്ഘടനയുടേയും അടിസ്ഥാന സൗകര്യങ്ങളുടേയും വളര്‍ച്ചക്ക് നല്കുന്ന സമാനതകളില്ലാത്ത സംഭാവനയെ ഒരു സമൂഹമെന്ന നിലയില്‍ നാം അംഗീകരിക്കേണ്ട സമയം കൂടിയാണിത്. എല്ലാത്തിലും ഉപരിയായി, ഇന്ത്യയുടെ കോവിഡാനന്തര സാമൂഹിക ജീവിതത്തില്‍ നേഴ്സുമാരുടെ പദവിയും പങ്കും എന്താണെന്ന് നാം ഗൗരവമായി തന്നെ ചിന്തിക്കേണ്ടിയിരിക്കുന്നു.
[2]Prasun Chatterjee (2019), Health and Wellbeing in Late Life: Perspectives and Narratives from India, UK: SpringerOpen.
[3] Lenin Ndebele (2021), Zimbabwe to approach UN as its nurses leave en masse for greener pastures amid Covid-19, News24, 31 December 2021, https://www.news24.com/news24/africa/news/zimbabwe-to-approach-un-as-its-nurses-leave-en-masse-for-greener-pastures-amid-covid-19-20211231.
[4] Premium Times (2021), Buhari laments brain drain of doctors from Nigeria, other West African countries, Premium Times, 7th December 202,1 https://www.premiumtimesng.com/news/top-news/499623-buhari-laments-brain-drain-of-doctors-from-nigeria-other-west-african-countries.html.
[5] Tribune News Service (2021), Nursing staff on strike again, healthcare hit, The Tribune, 7th December 2021, https://www.tribuneindia.com/news/jalandhar/nursing-staff-on-strike-again-healthcare-hit-347815.
[6] George Poikayil (2020), Coronavirus scare: ‘We are not ‘angels’, we are professionals’, The New Indian Express, 19th March 2020, https://www.newindianexpress.com/states/kerala/2020/mar/19/coronavirus-scare-we-are-not-angels-we-are-professionals-2118544.html.
[7] WHO (2020), State of the World’s Nursing – 2020, Geneva: World Health Organisation, https://www.who.int/publications-detail-redirect/9789240003279.
[8] Also, see the case of Australia here: https://www.smh.com.au/national/plan-to-bring-thousands-of-nurses-and-doctors-into-fortress-australia-20211008-p58yf0.html.
[9] The New Indian Express (2015), CBI Arrests PoE in Nursing Scam, The New Indian Express, 16th June 2015, https://www.newindianexpress.com/states/kerala/2015/jun/16/CBI-Arrests-PoE-in-Nursing-Scam-769764.html.
[10]Sreelekha Nair and Madelaine Healey (2006), A Profession on the Margins: Status Issues in Indian Nursing, Occasional Paper No. 45, New Delhi: Centre for Women’s Development Studies, https://www.cwds.ac.in/wp-content/uploads/2016/09/A-Profession-on-the-margins.pdf.
COMMENTS