Homeചർച്ചാവിഷയം

വാണി സുബ്രഹ്മണ്യത്തിന്‍റെ ‘The Death of Us’  എന്ന ഡോക്യുമെന്‍ററിയെക്കുറിച്ചുള്ള റിവ്യു – നീതിന്യായം  മരണത്തെ തൊടുമ്പോൾ..

ധശിക്ഷയുടെ അനന്തരഫലങ്ങളെക്കുറിച്ച് വിശദമായി വിശകലനം ചെയ്യുന്ന ഒരു ഡോക്യുമെന്‍ററിയാണ് വാണി സുബ്രഹ്മണ്യത്തിന്‍റെ ‘The Death of us’. വധശിക്ഷയെക്കുറിച്ചുള്ള വളരെ പ്രസക്തമായ ചോദ്യങ്ങൾ ഉയർത്തി ഒരു സംവാദ മണ്ഡലം തന്നെ തുറന്നിടുവാൻ ഈ ഡോക്യുമെന്‍ററിയിലൂടെ അവർ ശ്രമിക്കുന്നുണ്ട്. കുറ്റകൃത്യങ്ങൾ കുറക്കുന്നതിൽ വധശിക്ഷ എത്രമാത്രം ഫലപ്രദമാണെന്നതിനെ സംബന്ധിച്ച്  അനവധി പഠനങ്ങളും, ഡോക്യുമെന്‍ററികളും, ആശയങ്ങളും ഉണ്ടായിട്ടുണ്ട്.  അതിലൊന്നാണ് വാണി സുബ്രഹ്മണ്യം സംവിധാനം ചെയ്ത The Death of us’. നിരവധി ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും, IDSFFK യിലും ഈ ഫിലിം പ്രദർശിപ്പിച്ചിരുന്നു. വധശിക്ഷ ലഭിച്ച 6 സംഭവങ്ങളേക്കുറിച്ചാണ് ചിത്രം പ്രധാനമായും ചർച്ച ചെയ്യുന്നത്. കുറ്റകൃത്യത്തിന് കാരണമാവുന്ന നിരവധി ഘടകങ്ങളെ ആത്മപരിശോധനയ്ക്ക് വിധേയമാക്കി, വധശിക്ഷ ആവശ്യമാണോ എന്നു പരിശോധിക്കുകയും, പൊതു സമൂഹത്തിന് വധശിക്ഷയെക്കുറിച്ച് എന്താണ് അഭിപ്രായമെന്ന അന്വേഷണവും ഈ സിനിമാ മുന്നോട്ടു വെയ്ക്കുന്നു.

ആളുകളെ തൂക്കിക്കൊല്ലാൻ ഉപയോഗിക്കുന്ന കയറിന്‍റെ ചിത്രങ്ങൾ കാണിച്ചുകൊണ്ടാണ് സിനിമ ആരംഭിക്കുന്നത്. ഏകദേശം അൻപതോളം കുറ്റങ്ങൾക്ക് ഇന്ത്യയിൽ വധശിക്ഷ ലഭിക്കാവുന്നതാണെന്ന് പരാമർശിക്കുന്നതിനോടൊപ്പം, വധശിക്ഷയിലേക്ക് നയിക്കുന്ന വിവിധ ഘടകങ്ങൾ ചൂണ്ടിക്കാട്ടുന്നതിനും ഈ ചിത്രത്തിലൂടെ സംവിധായിക ശ്രമിക്കുന്നുണ്ട്.
പരസ്യ എഴുത്തുകാരിയായിരിക്കുമ്പോൾ തന്നെ, ഫെമിനിസ്റ്റും, മനുഷ്യാവകാശ പ്രവർത്തകയും, ചലച്ചിത്രകാരിയുമാണ് വാണി സുബ്രഹ്മണ്യൻ.   “Ayodhya Gatha –  Tales from Ayodhya”, “Meals Ready” എന്നീ സൃഷ്ടികളിലൂടെയാണ് അവർ അറിയപ്പെടുന്നത്. വാണിയുടെ ചിത്രങ്ങൾ വിവിധ സ്ഥലങ്ങളിൽ പ്രദർശിക്കപ്പെടുകയും, ദേശീയവും, അന്തർദ്ദേശീയവുമായ നിരവധി പുരസ്കാരങ്ങൾക്ക് അർഹമാകുകയും ചെയ്തിട്ടുണ്ട്. സമൂഹത്തിൽ നിലനില്ക്കുന്ന അസമത്വങ്ങളെക്കുറിച്ചും, അരികുവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളും, സ്ത്രീകളും കാലങ്ങളായി നേരിടുന്ന അതിക്രമങ്ങളേയും കേന്ദ്രീകരിച്ച വിഷയങ്ങളാണ് വാണി തന്‍റെ സിനിമകളിലൂടെ അവതരിപ്പിച്ചിട്ടുള്ളത്. ഭക്ഷണം, വിദ്യാഭ്യാസം, വർഗീയത, ഭ്രൂണഹത്യ, വധശിക്ഷ തുടങ്ങിയ പ്രശ്നങ്ങളിലേക്ക് വെളിച്ചം വീശുന്നതാണ് അവയുടെ ഉള്ളടക്കം.

വാണി സുബ്രഹ്മണ്യം

ഒട്ടും പ്രബലമല്ലാത്ത വ്യത്യസ്ത ചുറ്റുപാടുകളിൽ നിന്നും വരുന്ന ആറു വ്യക്തികൾക്ക് നല്കിയ വധശിക്ഷയെ സംബന്ധിച്ചതാണ്  ഈ ഡോക്യുമെന്‍ററിയുടെ പ്രമേയം. കോടതികളിലെ വിചാരണാ നടപടികളെക്കുറിച്ചും, കുറ്റകൃത്യങ്ങൾക്കു ലഭിച്ച വിധിന്യായം എന്നിവയെയും സിനിമയിൽ പ്രതിപാദിക്കുന്നുണ്ട്. വലിയ രീതിയിൽ സെൻസേഷണലായ കേസ്സുകളും, ഒട്ടും മാധ്യമശ്രദ്ധ പതിയാത്തതുമായ കേസ്സുകളും ഇക്കൂട്ടത്തിലുണ്ട്. തെളിവു ശേഖരണത്തെക്കുറിച്ചും, പ്രതികൾ, വർഷങ്ങളായി അനുഭവിക്കുന്ന ക്രൂരമായ പീഡനങ്ങളെക്കുറിച്ചും ഈ സിനിമ കാണുന്ന ഏതൊരാൾക്കും വളരെ പെട്ടെന്നു തന്നെ ബോധ്യപ്പെടും. തികച്ചും വ്യത്യസ്തങ്ങളായ കേസ്സുകളാണത്. ചുരുക്കം ചിലത്, വിപ്ലവത്തിന്‍റെയും, ഭീകരവാദത്തിന്‍റെയും ഫലമായുണ്ടായതും മറ്റുള്ളത് ദാരിദ്യ്രം മൂലമുണ്ടായതുമാണ്. ചിലർ, അക്രമത്തിലും, ബലാത്സംഗത്തിലും ഉൾപ്പെട്ടവരാണെങ്കിൽ മറ്റുള്ളവർ ഇവയിൽ പെട്ടിട്ടില്ലാത്തവരുമാണ്.
കെ. ത്യാഗരാജനുമായാണ് ഈ ഡോക്യുമെന്‍ററിയിൽ ആദ്യത്തെ അഭിമുഖം. ദലിതരും ദരിദ്രരുമായ പാവങ്ങളെ പീഡിപ്പിക്കുകയും നിരന്തരം അക്രമിക്കുകയും ചെയ്ത ഒരു ജന്മിയെ കൊന്ന സംഭവമാണ്. വിപ്ലവം സൃഷ്ടിക്കുന്നതിന്‍റെയും, പ്രതികാരത്തിന്‍റെതുമായ ഒരു പ്രവർത്തിയായാണ് അയാൾ ഇതിനെ അവതരിപ്പിക്കുന്നത്. വർഗ്ഗശത്രുക്കളുടെ ഉന്മൂലനം എന്നാണ് അദ്ദേഹം അതിനെ വിശേപ്പിക്കുന്നത്. പത്തൊൻപത് വയസ്സ് മാത്രമുള്ളപ്പോൾ ചെയ്ത കുറ്റമാണ്, എന്നാൽ, വധശിക്ഷ ലഭിക്കുന്നതിന് പ്രായം ഒരു തടസ്സമായില്ല. 1968 ൽ തമിഴ്നാട്ടിലെ കിലവൻമണിയിൽ നടന്ന കൂട്ടക്കൊലക്ക് ഉത്തരവാദിയായ ജന്മിയുടെ കൊലപാതകത്തിൽ ഇയാൾ പങ്കാളിയായിരുന്നു. നക്സൽ മൂവ്മെന്‍റിൽ അംഗമായി, നിരവധി ദലിത് കർഷകരുടെ മരണത്തിനുത്തരവാദിയായ ജന്മിയെ കൊന്ന് പ്രതികാരം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. പിന്നീട് കെ. ത്യാഗരാജനെ കോടതി കുറ്റവിമുകതനാക്കി.
ഭീകരതയെ അനുവദിച്ചു കൊടുക്കുന്ന നിലപാടല്ല ഇന്ത്യ ഒരിയ്ക്കൽ പോലും സ്വീകരിച്ചിട്ടുള്ളത്. പ്രത്യേകിച്ച്, കുറ്റാരോപിതർ ഒരു പ്രത്യേക സമൂഹത്തിൽ നിന്നുള്ളവരാണെങ്കിൽ. എല്ലാ ഇന്ത്യൻ പ്രദേശങ്ങളിലും ഹിന്ദുത്വ ഭരണ വ്യവസ്ഥക്ക് മുൻതൂക്കം നല്കുന്ന ഭരണകൂടങ്ങളായതുകൊണ്ട്, ഭീകരതയുടെ ഉത്തരവാദികൾ എന്ന മുന ചെന്നെത്തുക മുസ്ലീങ്ങളെ ക്രൂശിക്കുന്ന തരത്തിലായിരിക്കും. 2001 ലെ പാർലമെന്‍റ് ആക്രമണ കേസ്സിൽ കുറ്റമാരോപിക്കപ്പെട്ട് വധശിക്ഷക്കു വിധിക്കപ്പെട്ട മൂന്നു പേരിലൊരാളാണ് എസ്.എ.ആർ. ഗിലാനി. മുസ്ലീങ്ങളായതിനാൽ, പ്രതികളിലോരോരുത്തർക്കും ഭരണകൂടത്തിന്‍റെ ഭാഗത്തു നിന്നും ഏല്ക്കേണ്ടി വന്ന പീഡനത്തേക്കുറിച്ചും, മുസ്ലീം സമൂഹത്തെ എങ്ങനെയെല്ലാമാണ്   ഭരണകൂടം അപമാനിക്കുന്നത് എന്നും ഈ സിനിമയിൽ ഗിലാനി പറയുന്നുണ്ട്. ഈ കേസ്സിൽ കുറ്റം ചാർത്തപ്പെട്ടവരിൽ, ഗിലാനിക്കൊപ്പം ഷൗക്കത്ത് ഹുസൈൻ ഗുരുവിനെയും വെറുതേ വിട്ടെങ്കിലും, അഫ്സൽ ഗുരു തൂക്കിലേറ്റപ്പെട്ടു. ഈ കേസ്സിന്‍റെ വിചാരണാ നടപടികളേയും, തെളിവുകൾ കെട്ടിച്ചമയ്ക്കുന്ന ഭരണകൂടത്തിെന്‍റെ രീതികളേക്കുറിച്ചും ഈ സിനിമയിൽ ഗിലാനി വ്യകതമായി വിശദദീകരിക്കുണ്ട്. വളരെ സമർത്ഥനായ ഒരു യുവ പ്രൊഫസറായിരുന്നു ഗിലാനി. അതുകൊണ്ടു തന്നെ , അക്കാദമിക് സമൂഹത്തിലും, പുറത്തും അദ്ദേഹത്തിന് ധാരാളം പിന്തുണ ലഭിച്ചിരുന്നു. അറസ്റ്റിലായി ഏകദേശം രണ്ടു വർഷത്തിനു ശേഷം ഗിലാനിയെ കുറ്റവിമുക്തനാക്കിയിരുന്നു.  ഉദ്ദ്യോഗസ്ഥരുടെ അന്വേഷണ സാമർത്ഥ്യം കൊണ്ടല്ല, മറിച്ച്, താനൊരു മുസ്ലീമായതുകൊണ്ടുമാത്രം  ഭീകരവാദിയാക്കുവാനുള്ള അതിയായ ഉത്സുകതയാണ് ഉദ്ദ്യോഗസ്ഥർക്കുണ്ടായിരുന്നതെന്നും ഗിലാനി വിശദീകരിക്കുന്നുണ്ട്. 2019 ൽ ഗിലാനി മരിക്കുന്നതിന് മുൻപ് ഈ ഡോക്യുമെന്‍ററി ചിത്രീകരിച്ചിരുന്നു.
സംവിധായിക ഈ കേസ്സുകളേക്കുറിച്ച് വിവരിക്കുന്ന കൂട്ടത്തിൽ, സുദർശൻ പട്നായിക് എന്ന മണൽ ചിത്രകാരനെ പരിചയപ്പടുത്തുന്നുണ്ട്. സമാധാനവും, സമത്വവും സമൂഹത്തിലുണ്ടാവണമെന്ന തത്വം ഉയർത്തിപ്പിടിക്കുന്നതായിരുന്നു അദ്ദേഹത്തിന്‍റെ കലാസൃഷ്ടികൾ. നീതിയിലും തുല്യതയിലും അധിഷ്ടിതമായ ഒരു സമൂഹത്തിന്‍റെ ആവശ്യകതയെക്കുറിച്ച് വിശദീകരിക്കുന്നതിനൊപ്പം, ‘അവസാനം തൂക്കിലേറ്റപ്പെട്ടു’ എന്നു സൂചിപ്പിക്കുന്ന അഫ്സൽ ഗുരു സൃഷ്ടിച്ചതായ ഒരു മണൽ ചിത്രവും സിനിമയിൽ പ്രദർശിപ്പിക്കുന്നു. വധസിക്ഷ നല്കാനുള്ള സ്റ്റേറ്റിന്‍റെ താല്പര്യത്തേയും, അതിനെ തടയാൻ സമൂഹം പരാജയപ്പെടുന്നതിനെയുമാണ് ഇതിലൂടെ ചൂണ്ടിക്കാണിക്കുന്നത്.
ഒരു പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ ധനഞ്ജയ് ചാറ്റർജിയുടെ കേസിന്‍റെ വിചാരണയും, വിധി നടപ്പാക്കലും അന്വേഷണവിധേയമാക്കുന്നുണ്ട്. ഡോക്യുമെന്‍ററിയിൽ. അപർണ സെൻ അടക്കമുള്ള പ്രമുഖർ എങ്ങനെ ഇടപെട്ടു എന്നും കാണാൻ കഴിയും. ധനഞ്ജയ്ക്കെതിരെ ഹാജരാക്കിയിട്ടുള്ള തെളിവുകളെ വിശദമായി അവർ വിശകലനം ചെയ്യുന്നുണ്ട്. തെളിവുകൾ എല്ലാം തന്നെ സാന്ദർഭികമായി കെട്ടിച്ചമച്ചതാണെന്നും, നിരപരാധിയാണെന്ന് തെളിയിക്കാൻ വധശിക്ഷ കാരണം അദ്ദേഹത്തിന് അവസരം ലഭിച്ചില്ലാ എന്നും ചിത്രം വിശദീകരിക്കുന്നു.
ധനഞ്ജയ് ചാറ്റർജി ഒരു ബ്രാണനായിരുന്നെങ്കിലും, അദ്ദേഹത്തിന് വളരെ ദരിദ്രപൂർണമായ ചുറ്റുപാടുകളായിരുന്നു ഉണ്ടായിരുന്നത്. ശ്രീലങ്കൻ സമുദ്രതീരത്ത് പിടിക്കപ്പെടുകയും, വധശിക്ഷ നല്കുകയും ചെയ്ത രാമേശ്വരത്തെ മഝ്യത്തൊഴിലാളികളുടെ കാര്യമല്ല പറയുന്നത്.
മയക്കുമരുന്ന് കടത്തിന് പിടിക്കപ്പെട്ട് വധശിക്ഷ ലഭിക്കുകയും, 2014 ൽ അന്നത്തെ ശ്രീലങ്കൻ പ്രസിഡൻ്റ് രാജപക്സെ മാപ്പു നല്കി വിട്ടയച്ച കെ. പ്രശാന്തുമായി സംവിധായിക അഭിമുഖ സംഭാഷണം നടത്തുന്നുണ്ട്. ജയിലിൽ കിടക്കുമ്പോൾ നേരിടേണ്ടി വന്ന പീഡനങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നുണ്ട്. നിരവധി മഝ്യത്തൊഴിലാളി സംഘടനകളും മറ്റും കൂട്ടായി നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായാണ് ഇവർക്ക് മോചനം ലഭിച്ചത്. തീർത്തും ദരിദ്രമായ സാമൂഹ്യ–സാമ്പത്തിക പശ്ചാത്തലത്തിൽ നിന്നുള്ള ഭൂരിപക്ഷം പേർക്കും കേസ്സ് നടത്തുന്നതിനാവശ്യമായ സമ്പത്ത് കണ്ടെത്താൻ കഴിയാത്തതുകൊണ്ട് തന്നെ തങ്ങളുടെ നിരപരാധിത്വം തെളിയിക്കുവാനോ, വധശിക്ഷയിൽ നിന്ന് രക്ഷപ്പെടുവാനോ സാധ്യമാകില്ല എന്നും ചിത്രം വിശദമാക്കുന്നു.
ദാരിദ്യ്രം, പലപ്പോഴും കുറ്റകൃത്യങ്ങൾക്ക് പ്രേരണയാകുന്നുണ്ടെന്നും, അതിലൊരു സംഭവമാണ്, ചലപതി റാവു എന്നയാൾ ഒരു ബസ് തട്ടിക്കൊണ്ടുപോയി ബസിന് തീയിട്ട് ഇരുപതോളം പേരെ ചുട്ടുകൊന്ന സംഭവമെന്നും ചിത്രം പറയുന്നു. അദ്ദേഹത്തിന് ഈ കുറ്റത്തിന് വധശിക്ഷ ലഭിക്കുകയും അപ്പീലിലൂടെ താല്കാലിക സ്റ്റേ നേടുകയും ചെയ്തു. ഈ ഇന്‍റർവ്യു നടക്കുമ്പോൾ, അയാൾ ശിക്ഷ കാത്ത് ജയിലിൽ കഴിയുകയായിരുന്നു. വളരെ ദരിദ്രപൂർണമായിരുന്നു അയാളുടെ വീട്ടു സാഹചര്യങ്ങൾ. പട്ടിണി മൂലം നട്ടംതിരിഞ്ഞിരുന്ന കുടുംബത്തെ രക്ഷിക്കാൻ കവർച്ച നടത്താൻ തീരുമാനിക്കുകയായിരുന്നു ചലപതി റാവു. സമ്പത്തിന്‍റെയും അധികാരത്തിന്‍റെയും അഭാവമാണ് അയാളെ ഈ ശിക്ഷയിലേക്ക് നയിച്ചത്.
രാജ്യത്ത് നടന്നിട്ടുള്ള സമാനമായ സംഭവങ്ങളിൽ, ഉന്നത സാഹചര്യങ്ങളിലും സമുദായങ്ങളിലും പെട്ട കുറ്റവാളികൾക്ക് ചെറിയ ശിക്ഷകൾ മാത്രം കിട്ടി രക്ഷപ്പെടുന്നതും സാധാരണമാണ്. വളരെ മോശമായ സാമൂഹ്യ–സാമ്പത്തിക സാഹചര്യങ്ങളിൽ നിന്നു വരുന്നവർക്കാണ് പലപ്പോഴും കഠിന ശിക്ഷകൾ അനുഭവിക്കേണ്ടി വരിക.
ദരിദ്ര പശ്ചാത്തലത്തിൽ നിന്നുള്ള വ്യകതികൾക്ക് കെട്ടിച്ചമച്ച കുറ്റങ്ങളിലും കേസ്സുകളിലും പെട്ട് ശിക്ഷ നേരിടേണ്ടി വരുകയും പിന്നീട്, ഈ സംഭവത്തിലെ നിരാശയും, ദാരിദ്യ്രവും മൂലം ഇവർ കൊലപാതകങ്ങളിലേക്കും കവർച്ചകളിലേക്കും വഴിതിരിയുകയും ചെയ്യും. എന്നാൽ, ഈ വിഭാഗങ്ങളിലെ അവബോധത്തിെന്‍റെയും, വിദ്യാഭ്യാസത്തിെന്‍റെയും അഭാവം മൂലമാണ് കുറ്റകൃത്യങ്ങളിലേക്ക് അവർ നയിക്കപ്പെടുന്നതെന്ന സംവിധായികയുടെ നിലപാടിനോട് രാഷ്ട്രീയപരമായി യോജിക്കുവാൻ കഴിയില്ല. സംവിധായികയുടെ ഈ നിലപാട് സിനിമയിലൂടെ സ്ഥാപിക്കുവാൻ ശ്രമിക്കുന്നത് രാഷ്ട്രീയമായി തെറ്റും, ജാതിപരമായ മുൻവിധിയോടെയുള്ള ആരോപണവുമാണ്. എന്നാൽ, തൊഴിലില്ലായ്മ, അവസര നിഷേധങ്ങൾ, മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളുടെ നിഷേധം തുടങ്ങി നിരവധി കാരണങ്ങൾ കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്നുണ്ടാവാം.
ബലാത്സംഗം എന്നത്, സ്ത്രീകളുടേയും, കുട്ടികളുടേയും മേൽ മേൽക്കോയ്മ സ്ഥാപിച്ചെടുക്കുവാനുള്ള പ്രവർത്തനമാണ്. കുറ്റവാളികൾ മിക്കപ്പോഴും, കുടുംബാംഗങ്ങളോ, ബന്ധുക്കളോ, ഇരയ്ക്ക് പരിചയമുള്ളവരോ ആയിരിക്കും. ഇവിടെ ബലിയാടുകളാക്കപ്പെടുന്നതും, ശിക്ഷിക്കപ്പെടുന്നതും പാർശ്വവത്കൃത സമൂഹത്തിൽ നിന്നുള്ളവർ തന്നെയായിരിക്കും.
സാമൂഹ്യ പ്രവർത്തകയും, ഗാന്ധിജിയുടെ കൊച്ചുമകളുമായ ഇള ഗാന്ധിയുമായുള്ള അഭിമുഖത്തോടുകൂടിയാണ് വാണി സുബ്രഹ്മണ്യം ഈ സിനിമ അവസാനിപ്പിക്കുന്നത്. ഗാന്ധി ഘാതകനായിട്ടുള്ള നാഥുറാം ഗോഡ്സെയെ വധശിക്ഷയിൽ നിന്നും എങ്ങനെ തടയാൻ  ശ്രമിച്ചു എന്നാണ് അവർ പറയാൻ ശ്രമിക്കുന്നത്. വധശിക്ഷ, അഹിംസയെന്ന ഗാന്ധിയൻ ആശയത്തിന് വിരുദ്ധമാണ്. വധശിക്ഷ നിഷ്ഠൂരവും, മനുഷ്യത്വരഹിതവുമായ ശിക്ഷയാണെന്ന് സ്ഥാപിക്കുവാൻ സിനിമ ശ്രമിക്കുന്നുണ്ട്. വധശിക്ഷക്കെതിരെ , ദേശീയവും, അന്തർദ്ദേശീയവുമായി വാദിക്കുന്ന നിരവധി പ്രസ്ഥാനങ്ങളും, പ്രവർത്തകരും ഉണ്ടെങ്കിലും, ധാരാളം ആളുകൾ ഇത് പ്രതികാരത്തിന്‍റെയും, നീതിയുടേയും രൂപമായി കാണുന്നുണ്ട്. ഈ നിലപാടുകൾ കുറ്റകൃത്യങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമല്ല. വധശിക്ഷയെ സംബന്ധിച്ച വികാരങ്ങളും, പൊതുജനാഭിപ്രായങ്ങളും സ്വരൂപിക്കുന്നതിന് സംവിധായിക പരാജയപ്പെട്ടു. വധശിക്ഷക്കെതിരെ നിലപാടുകൾ എടുക്കാൻ സ്റ്റേറ്റിന് പ്രേരണ നല്കാൻ ശ്രമിക്കുന്നതിനോടൊപ്പം തന്നെ , കുറ്റവാളികളെ പുനരധിവസിപ്പിക്കുന്നതിലേക്കും, പരിഷ്കരിക്കുന്നതിലേക്കും ചർച്ചകൾ വികസിക്കേണ്ടതുണ്ട്.
ഈ കേസ്സുകളിൽ ജുഡീഷ്യറിയുടെ കാര്യക്ഷമത ഇല്ലായ്മ, സമൂഹത്തിലെ താഴ്ന്ന ഘടനയിലുള്ളവർക്ക് അവരുടെ നിരപരാധിത്വം തെളിയിക്കുവാനോ, വധശിക്ഷയിൽ നിന്ന് രക്ഷപ്പെടുവാനോ ഉള്ള അവസരം നിഷേധിയ്ക്കുന്നതാണെന്ന് തെളിയിക്കുന്നു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഒരാളോടുപോലും നീതിയുകതമായും സഹാനുഭൂതിയോടും പെരുമാറുന്നതിൽ പൊതുജനത്തിനും മാധ്യമങ്ങൾക്കും സാധ്യമാകുന്നില്ല എന്നതിനെ സൂചിപ്പിക്കുന്ന ഒരു സിംബലുപോലും സിനിമയിൽ  അവതരിപ്പിക്കുവാൻ സംവിധായികയ്ക്ക് കഴിഞ്ഞിട്ടില്ല.6 കേസ്സുകളിലേയും വിചാരണാ നടപടികൾ, പ്രതികളുടെ സാമ്പത്തിക–സാമൂഹ്യ സ്ഥിതി എന്നിവ കേന്ദ്രീകരിച്ചാണ് ഈ ഡോക്യുമെന്‍ററിയുടെ അവതരണം. ഇതിലെ അഭിമുഖങ്ങൾ ഘടനാപരമായ ഫ്രെയിമിന്  പുറത്ത് നടക്കുന്നതിനാൽ സ്വാഭാവികതയുടെ ആവിഷ്കാരമായി തീരുന്നുണ്ട്.

ശില്പാ കൃഷ്ണന്‍

തിരുവല്ല കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന നവചേതന എന്ന സംഘടനയില്‍ ഗവേഷകയാണ് ശില്‍പ കൃഷ്ണന്‍.
സിന്ധൂര എസ്. ആലപ്പാടാണ് ഈ ലേഖനം
മലയാളത്തിലേക്കു തര്‍ജ്ജമ ചെയ്തത്.

COMMENTS

COMMENT WITH EMAIL: 0