Homeഉപ്പും മുളകും

വണ്ടിപ്പെരിയാറിലെ പെണ്‍കുഞ്ഞുങ്ങള്‍

ഞ്ചര വയസ്സ് മാത്രം പ്രായമുള്ള ഒരു പെണ്‍കുഞ്ഞിനെ ലൈംഗികമായി ഉപയോഗിച്ച ശേഷം കെട്ടിത്തൂക്കി കൊല്ലുന്ന ഒരിടമായി വണ്ടിപ്പെരിയാര്‍ കേരളത്തില്‍ അടയാളപ്പെടുന്നു. പെണ്‍കുഞ്ഞ് ഷാളില്‍ കുരുങ്ങി അബദ്ധവശാല്‍ മരിച്ചു പോയതാണെന്നു തോന്നിപ്പിക്കും മട്ടിലായിരുന്നു കുരുക്കിട്ടത്. രക്ഷിതാക്കള്‍ക്കു പോലും സംശയം തോന്നാത്ത വിധം സമര്‍ഥമായ ആസൂത്രണം. അയല്‍പക്കത്തെ ചെറുപ്പക്കാരന്‍ വീട്ടുകാരോടൊപ്പം കരഞ്ഞു വിളിച്ചു കുഞ്ഞിന്‍റെ കുഴിമാടം വരെയെത്തി.
സമര്‍ഥമായ ഒരു പോലീസന്വേഷണം അവിടെ നടന്നു. അത് അപകടമരണമല്ലെന്നും കരുതിക്കൂട്ടിയുള്ള കൊലപാതകമാണെന്നുമുള്ള കണ്ടെത്തലില്‍ സിഐ ടി ഡി സുനില്‍കുമാറിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം എത്തിച്ചേര്‍ന്നു. വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കുന്ന പോലെ ഇച്ഛാശക്തിയുണ്ടങ്കില്‍ കേരളാ പോലീസിനും നിഷ്പ്രയാസം സ്ത്രീകളെയും കുഞ്ഞുങ്ങളെയും പീഡിപ്പിക്കുന്ന പുരുഷന്മാരെ കണ്ടെത്താമെന്നതിന്‍റെ സമീപകാല സാക്ഷ്യം കൂടിയാണ് വണ്ടിപ്പെരിയാര്‍ സംഭവം.

കുഞ്ഞിനു വേണ്ടി ഏറ്റവും നിലവിളിച്ച അതേ അയല്‍പക്കക്കാരനിലേക്ക് കേസ് എത്തിച്ചേര്‍ന്നു. അവന്‍ കാര്യങ്ങള്‍ തുറന്നു പറഞ്ഞു. അവയില്‍ പ്രധാനമായവ താഴെ അക്കമിട്ടു പറയാം.

1. അവനിത് ഇപ്പോള്‍ ആദ്യമായി ചെയ്യുന്നതല്ല. കഴിഞ്ഞ രണ്ടര – മൂന്നു വര്‍ഷമായി ചെയ്യുന്നതാണ്. അതായത് കുട്ടിക്ക് രണ്ടര വയസ്സായതു മുതല്‍ ഈ അയല്‍ക്കാരന്‍ കുട്ടിയെ ലൈംഗികമായി ഉപയോഗിക്കുന്നുവെന്നര്‍ഥം.2. അതിനവന്‍ ദിവസേന നൂറു രൂപക്കുവരെ മഞ്ച് ഉള്‍പ്പെടെയുള്ള ചോക്കലേറ്റുകള്‍ അവള്‍ക്കു കൊടുക്കാറുണ്ടായിരുന്നു –
ഓര്‍ക്കണേ പീഡോഫീല്‍സിന്‍റെ ആ പഴയ മഞ്ചു വാദം!
3 .സംഭവം നടന്ന ദിവസം ആരുമില്ലാത്ത സന്ദര്‍ഭം പാത്ത് അയല്‍ക്കാരന്‍ അവളുടെ മുറിയില്‍ കയറുകയും അവളെ പതിവിനു വിരുദ്ധമായി മലര്‍ത്തിയിട്ടുചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. വേദനിച്ച് ഉറക്കെ കരഞ്ഞ കുഞ്ഞിന്‍റെ വാ പൊത്തിപ്പിടിച്ച് അവളെ കമഴ്ത്തിയിട്ട് തന്‍റെ ഇംഗിതം സാധിച്ചു.
4. ബോധം നഷ്ടപ്പെട്ട കുഞ്ഞ് മരിച്ചെന്നു കരുതി അവളെ ഷാളില്‍ കെട്ടി തൂക്കി.
5. കഴുത്തു മുറുകിയപ്പോള്‍ കണ്ണുകള്‍ തെള്ളിത്തുറിച്ചു വന്നപ്പോള്‍ കുഞ്ഞു മരിച്ചില്ലെന്നു മനസ്സിലായി. രണ്ടു വിരലുകള്‍ കൊണ്ട് കണ്ണുകള്‍ അകത്തേക്കു തള്ളി കുരുക്കു മുറുക്കി.
6. എന്നിട്ട് മുറി അകത്തുനിന്നു കുറ്റിയിട്ട് കമ്പിയില്ലാത്ത ജനാലയിലൂടെ പുറത്തു പോയി ഒന്നും സംഭവിക്കാത്ത മട്ടില്‍ കൂട്ടുകാരോടൊപ്പം ചേര്‍ന്നു.

എങ്ങനെയുണ്ട് അദ്ദേഹത്തിന്‍റെ ആനന്ദമാര്‍ഗം? വായനക്കാര്‍ തന്നെ നിശ്ചയിക്കുക. മറ്റു ചില കാര്യങ്ങള്‍ കൂടി ഈ സംഭവവുമായി ബന്ധപ്പെട്ട് ശ്രദ്ധയില്‍ വരേണ്ടതുണ്ട്. മൂന്നാറിലെ തോട്ടം തൊഴില്‍ മേഖലകളിലെ ലയങ്ങളിലെ ജീവിതമാണത്. ഒരു മുറിയോ രണ്ടു മുറിയോ ഉള്ള ചെറിയ ‘ ക്വാര്‍ട്ടേഴ്സു’കളാണ് ലയങ്ങള്‍. ചായത്തോട്ടത്തിലെ തൊഴിലാളികളാണവയില്‍ താമസിക്കുന്നത്. രാവിലെ 8 മണി തൊട്ട് വൈകുന്നേരം 5 മണി വരെയാണ് അവരുടെ പ്രവൃത്തി സമയം. ഈ കോവിഡ് കാലം അവരുടെ ദൈനന്ദിന ജീവിതത്തെ കൂടുതല്‍ ദുരിതപൂര്‍ണമാക്കി. അവരുടെ കൂലി വെട്ടിക്കുറക്കപ്പെട്ടു. അവര്‍ക്കു മനസിലാകാത്ത കമ്പനിയുടെ നഷ്ടത്തിന്‍റെ കഥകള്‍ പറഞ്ഞ് മുതലാളിമാരും തൊഴിലാളി നേതാക്കളും അവരുടെ വായടപ്പിച്ചു.

ഇതിലധികമായി വണ്ടിപ്പെരിയാറിലെ ചുരക്കുളം എസ്റ്റേറ്റില്‍ കോവിഡ് കാലം തുടങ്ങുന്നതിനു മുമ്പുതന്നെ കമ്പനി നഷ്ടത്തിന്‍റെ പേരില്‍ അവിടെയുള്ള പുള്ളപ്പുരകള്‍ നിര്‍ത്തലാക്കപ്പെട്ടു. എസ്റ്റേറ്റില്‍ പണിക്കു പോകുന്ന സ്ത്രീകളുടെ കൈക്കുഞ്ഞുങ്ങളെ അവരുടെ ജോലി സമയം കഴിയുവോളം ആയ മാരെ ഏല്പിച്ചു പോകാനുള്ള ആരോഗ്യകരമായ ഒരു സംവിധാനമാണ് പുള്ളപ്പുരകള്‍. കുട്ടികള്‍ക്ക് അംഗനവാടിയിലോ സ്കൂളിലോ പോകാറാവുന്നതു വരെ പുള്ളപ്പുരകളില്‍ സുരക്ഷിതമായ സംരക്ഷണവും ഭക്ഷണവും ഉറപ്പായിരുന്നു. ‘ക്രഷേ’ പോലെ ഒരു സംവിധാനം. അമ്മമാര്‍ക്ക് ഇടയ്ക്കു വന്നു മുലയൂട്ടാം. സൗകര്യപ്രദമായ ആ സംവിധാനമാണ് അവര്‍ക്കു നഷ്ടമായത്. ഫലമോ രക്ഷിതാക്കള്‍ ജോലിക്കു പോയി തിരിച്ചു വരുന്നതുവരെ ( രാവിലെ 8 മണി തൊട്ട് വൈകുന്നേരം 5 മണി വരെ) കുട്ടികള്‍ അരക്ഷിതരാണ്. ചുരക്കുളം എസ്റ്റേറ്റിലെ കുട്ടികളെ 3 വയസു മുതലെങ്കിലും സംരക്ഷിക്കാന്‍ അംഗനവാടികളോ ബാലവാടികളോ തുടങ്ങിയുമില്ല. ഇത്തരം സാഹചര്യങ്ങള്‍ മേല്പറഞ്ഞ ‘ അയല്‍പക്കക്കാരന്മാര്‍’ ക്ക് സ്വന്തം കാമ പുര്‍ത്തിക്ക് സുരക്ഷിതമായ മാര്‍ഗങ്ങള്‍ ഒരുക്കിക്കൊടുക്കുകയായിരുന്നു.എന്നിട്ടും കുറ്റം മക്കളെ പോറ്റാന്‍ പണിക്കു പോണ രക്ഷിതാക്കള്‍ക്കാണേ! അവര്‍ ശ്രദ്ധിക്കാഞ്ഞിട്ടാണ്. കുളിപ്പിക്കുമ്പോള്‍ നോക്കാഞ്ഞിട്ടാണ് എന്നു തുടങ്ങി നിരവധി കുറ്റങ്ങള്‍ ആ അമ്മക്കും ചാര്‍ത്തി കിട്ടിയിട്ടുണ്ട്.

ഈ കേസിലെ പ്രധാന പ്രതി അറസ്റ്റിലായി. പക്ഷേ ഇതെഴുതുന്ന സമയം വരെ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടിട്ടില്ല. മാത്രമല്ല പ്രത്യേക അതിവേഗ കോടതിയും പ്രത്യേക പബ്ളിക് പ്രോസിക്യുട്ടറും ആവശ്യമായ കേസാണിത്. അതിനുള്ള നീക്കങ്ങള്‍ സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. അതുമല്ല നിത്യവൃത്തിക്കു വിഷമിക്കുന്ന ഈ കുടുംബത്തിന് സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് യാതൊരു സാമ്പത്തിക പിന്തുണയും ഇതുവരെ പ്രഖ്യാപിക്കപ്പെട്ടിട്ടുമില്ല. അത് നഷ്ടപ്പെട്ട കുഞ്ഞിനു പകരമാകില്ലെന്നറിയാം. ഒരു കാര്യം വ്യക്തമാക്കാനാണ് ശ്രമിച്ചത്, പോലീസ് കാര്യക്ഷമമായി ഇടപെട്ട കേസായിട്ടും സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നു തികച്ചും നിരുത്തരവാദപരമായ സമീപനമാണ് തുടരുന്നത് എന്നാണ്.
‘മുലകുടി മാറാത്ത കുട്ടി’യെന്നത് ഇവിടെ അതിശയോക്തിയല്ല. നൂറു ശതമാനം വസ്തുതയാണ്. മാധ്യമങ്ങളോ സ്ത്രീ കൂട്ടായ്മകളോ ഈ വിഷയം അവഗണിച്ചതെന്തുകൊണ്ട് ? മറ്റേതെങ്കിലും സംസ്ഥാനത്തായിരുന്നെങ്കില്‍ മാത്രം കത്തിക്കാവുന്നതല്ലല്ലോ മെഴുകുതിരികള്‍.
വണ്ടിപ്പെരിയാറില്‍ നിന്ന് ഇക്കഴിഞ്ഞ ദിവസവും ശിശു പീഡനത്തിന്‍റെ വാര്‍ത്തകളും പോക്സോ കേസു രജിസ്റ്റര്‍ ചെയ്ത വാര്‍ത്തകളും പുറത്തു വന്നു കൊണ്ടേയിരിക്കുന്നു…

ഗീത

 

 

COMMENTS

COMMENT WITH EMAIL: 0