ഏഴു വര്‍ഷത്തോളമായി പലതരത്തിലുള്ള ലൈംഗികചൂഷണത്തിന് വിധേയരായ കുട്ടികളുടെകൂടെ ആയതുകൊണ്ട് അവരുടെ നൊമ്പരങ്ങളും നെടുവീര്‍പ്പുകളും വളരെ പരിചിതമാണ്. ഓരോരുത്തരും ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ചൂഷണം ചെയ്യപ്പെട്ടുകൊണ്ടിരുന്നത് അവരുടെ വൈകാരിക അവസ്ഥയുടെ മുതലെടുപ്പിലൂടെയായിരുന്നു. സംരക്ഷണം കൊടുക്കേണ്ടവര്‍ത്തന്നെ ക്രൂരതകള്‍ ചെയ്യുമ്പോള്‍ ആരോട് പറയണമെന്നറിയാതെ പറഞ്ഞാല്‍ വിശ്വസിക്കുമോ എന്ന് ഭയന്ന്, ആരോടെങ്കിലും പറഞ്ഞാല്‍ കുടുംബത്തിനുണ്ടാകുന്ന മാനഹാനിയോര്‍ത്ത്, തന്‍റെ ഉറ്റവരുടെ സുരക്ഷിതത്വമോര്‍ത്ത് മൗനമായി അതിക്രമത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നു. പ്രണയം, സ്നേഹം, കരുതല്‍, സംരക്ഷണം തുടങ്ങിയ വൈകാരികതലങ്ങളില്‍ കുറ്റവാളികള്‍ പിടിമുറുക്കുമ്പോള്‍ കുട്ടികള്‍ പലതരത്തിലുള്ള മാനസികാവസ്ഥകളിലേക്ക് മാറിപ്പോവുകയും അതില്‍നിന്ന് രക്ഷപ്പെടാനാവാത്ത തരത്തില്‍ ആവുകയും ചെയ്യുന്നു.
10 വര്‍ഷങ്ങള്‍ക്കു മുമ്പ് കേരളത്തെ പിടിച്ചുലച്ച പ്രമാദമായ ഒരു കേസിലെ അതിജീവിതയായ പെണ്‍കുട്ടി വര്‍ഷങ്ങളോളമായി ഞങ്ങളുടെ കൂടെയുണ്ട്. അര്‍ദ്ധ സഹോദരന്‍, അമ്മാവന്‍ എല്ലാവരും പ്രതികളായിരുന്നു. ചേച്ചി ആത്മഹത്യ ചെയ്തത് അന്നത്തെ 12 വയസ്സുകാരിക്ക് മനസ്സിലായില്ലെങ്കിലും ഇന്നവള്‍ക്ക് എല്ലാം അറിയാം. അച്ഛനെയും സഹോദരനെയും അമ്മാവനെയും സംരക്ഷിക്കാന്‍ ഓടിനടക്കുന്ന അമ്മ. ലോകത്ത് ആരെയാണ് വിശ്വസിക്കേണ്ടത്? അച്ഛന്‍റെയും അമ്മയുടെയും സഹോദരങ്ങളുടെയും സ്നേഹവും ലാളനയും കിട്ടാതെ അവരുടെ കൗമാരം മുഴുവന്‍ സംരക്ഷണകേന്ദ്രങ്ങളില്‍.
അതിപൈശാചികമായി ലൈംഗികത്തൊഴിലാളിയോട് കാണിക്കുന്നതിനേക്കാളും ക്രൂരമായി തന്‍റെ കാമകേളികള്‍ക്ക് സ്വന്തം മകളെ അച്ഛന്‍ ഉപയോഗിച്ചത് അവള്‍ ജീവനേക്കാളേറെ സ്നേഹിക്കുന്ന അമ്മയുടെ ജീവന് വില പറഞ്ഞിട്ടായിരുന്നു. ഒരു നാള്‍ ആരോടും പറയാതെ ആ പതിമൂന്നുകാരി വീടുവിട്ടിറങ്ങി. ജോലി അന്വേഷിച്ച് ഒരു തുണിക്കടയില്‍ എത്തിയപ്പോള്‍ കടക്കാരന് സംശയം തോന്നി പോലീസിനെ അറിയിക്കുകയായിരുന്നു. അതേത്തുടര്‍ന്ന് സംരക്ഷണകേന്ദ്രത്തില്‍ എത്തിയ അവളെ നിരന്തരം കൗണ്‍സലിംഗിനു വിധേയമാക്കിയിട്ടും സൈക്യാട്രിസ്റ്റിന്‍റെ സഹായം തേടി മരുന്നു നല്‍കിയിട്ടു പോലും കുട്ടിയെ നോര്‍മ്മല്‍ അവസ്ഥയിലേക്ക് എത്തിക്കാന്‍ കഴിഞ്ഞു എന്ന് പറയാന്‍ പറ്റില്ല. ലോകത്ത് ആരോടും അവള്‍ക്ക് വൈകാരികമായ അടുപ്പവും ഉണ്ടായിരുന്നില്ല.
ആരും സ്നേഹിക്കാന്‍ ഇല്ല എന്ന കുട്ടികളുടെ തോന്നലിനെ മുതലെടുത്ത് പ്രണയം നടിച്ച് പലരും ഉപദ്രവിക്കുകയും മറ്റുള്ളവര്‍ക്ക് കാഴ്ചവെക്കുകയും ചെയ്യുന്നത് നിരന്തര കാഴ്ചയായി മാറിക്കൊണ്ടിരിക്കുന്നു. അച്ഛന്‍ മറ്റൊരു സ്ത്രീയുടെ കൂടെ, അമ്മയ്ക്ക് വേറെ ഭര്‍ത്താവ് ഇതിനിടയില്‍ കുട്ടികള്‍ അനുഭവിക്കുന്ന അരക്ഷിതാവസ്ഥയെ ഇത്തരക്കാര്‍ മുതലെടുക്കുന്നു.
ജാത്യാവസ്ഥകളും സാമ്പത്തിക ഭദ്രതയില്ലായ്മയും എല്ലാം അതിക്രമങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ഇത്തരക്കാര്‍ നിരന്തരം അപകര്‍ഷതാബോധത്തിന് അടിമപ്പെട്ടവരായിരിക്കും. ഏറ്റവും എളുപ്പത്തില്‍ എല്ലാ തരത്തിലുള്ള ചൂഷണത്തിനും ഇരയാക്കപ്പെടുന്നതും ഇവരായിരിക്കും. ഒന്നിനും കൊള്ളാത്തവര്‍, കറുത്തവര്‍, പഠിക്കാന്‍ കഴിവില്ലാത്തവര്‍, സാമ്പത്തികമായി മോശമായവര്‍ എന്നീ ചിന്തകളാല്‍ മാനസികമായി പിന്നോക്കം നില്‍ക്കുന്നവരെ ചൂഷണം ചെയ്യാന്‍ വളരെ എളുപ്പമാണ്, അവര്‍ക്ക് വേണ്ടി ചോദിക്കാനോ പറയാനോ ആരും ഇല്ലാത്തതുകൊണ്ട് അവരെ ഏതു വിധത്തിലും ഉപയോഗിക്കാം എന്ന ചിന്തയില്‍ നിന്നും നിരവധി അതിക്രമങ്ങള്‍ നടക്കുന്നുണ്ട്. ഇത്തരത്തിലുള്ള അതിക്രമങ്ങള്‍ക്ക് വിധേയരാവുന്ന കുട്ടികളെ അതികഠിനമായ പരിശ്രമത്തിലൂടെ മാത്രമേ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ പറ്റുന്നുള്ളൂ. ജീവിതത്തിലുടനീളം ഒരു തരത്തിലുള്ള അരക്ഷിതാവസ്ഥയില്‍ കഴിയേണ്ടി വരുന്നു എന്നുള്ളത് ദയനീയമായ ഒരവസ്ഥ തന്നെയാണ്.
പ്രമീള പി.
അന്വേഷി പ്രവര്‍ത്തക, വിമന്‍ & ചില്‍ഡ്രന്‍സ് ഹോം
കോഴിക്കോട്
COMMENTS