Homeചർച്ചാവിഷയം

വൈദ്യം, ചികിത്സ, സ്ത്രീ അധികാരകേന്ദ്രങ്ങളുടെ ഇടപെടലുകള്‍

രു കറ്റ ധാന്യവും, ചെങ്കോലും ഒപ്പമൊരു ചെറു പെട്ടിയും പിടിച്ചു രൂപവതിയായി നില്‍ക്കുന്ന ദേവത സങ്കല്പമുണ്ട് ഗ്രീസിന്; പേസിഫണി. ഗ്രീക്ക് ദൈവമായ സൂയസിന്‍റേയും ഡിമീറ്ററിന്‍റേയും മകളാണ് അവര്‍. സ്വന്തം പിതാവിന്‍റെ തന്നെ അനുവാദത്തോടെ പാതാള രാജാവായ ഹൈഡ്സ് അവരെ തട്ടിക്കൊണ്ടു പോയി. എന്നാല്‍ തന്‍റെ മകളെ കണ്ടു കിട്ടുന്നത് വരെ ഭൂമിയില്‍ ഫലങ്ങള്‍ ഉണ്ടാവില്ലെന്ന അവരുടെ മാതാവിന്‍റെ ദൃഢപ്രതിജ്ഞ അവരെ തിരികെ എത്തിച്ചു. ധാന്യമണികള്‍ വിതക്കുമ്പോള്‍ ഭൂമിയില്‍ മറയുകയും, വസന്തത്തില്‍ മുളപൊട്ടി, വിളവെടുക്കാറാവുകയും ചെയ്യുമ്പോള്‍ പാതാളത്തില്‍ നിന്ന് ഭൂമിയിലേക്കെത്തുന്ന ഉര്‍വരതയുടേയും സസ്യജാലങ്ങളുടേയും ദേവതയായ അവര്‍ക്കു പക്ഷെ വരേണ്യസമൂഹം ചാര്‍ത്തിക്കൊടുത്ത പേര് ‘അധോലോകത്തിന്‍റെ, പാതാളത്തിന്‍റെ രാജ്ഞി’ എന്നായിരുന്നു. ഇത് പോലെ തന്നെയായിരുന്നു ചരിത്രകാലം മുതലുള്ള സ്ത്രീയുടെ ചരിത്രവും. എല്ലാ ഉര്‍വരതകളും ഉള്ളപ്പോഴും, ഏതൊരു പ്രതിസന്ധിയേയും അതിജീവിക്കുമ്പോഴും അവരുടെ കഴിവുകളെ, സംഭാവനകളെ പൊതു സമൂഹത്തില്‍ നിന്ന് മാറ്റി നിര്‍ത്താനോ, ഒഴിവാക്കാനോ ആയിരുന്നു കാലം ശ്രമിച്ചിരുന്നത്.

‘പാര്‍ശ്വവല്‍ക്കരിക്കപ്പെടുക’ എന്നുള്ള യാഥാര്‍ഥ്യം മറ്റു മേഖലകളില്‍ എന്ന പോലെ സ്ത്രീയെ അതിശക്തമായി ബാധിച്ച ഒരിടമായിരുന്നു വൈദ്യവും പരിചരണവും ഉള്‍ക്കൊള്ളുന്ന ആരോഗ്യ മേഖല. തന്‍റേയും,കുടുംബത്തിന്‍റേയും, തദ്വാരാ സമൂഹത്തിന്‍റേയും ആരോഗ്യസംവിധാനം കാത്തുസൂക്ഷിച്ച സ്ത്രീകളെ അടയാളപ്പെടുത്തുന്നതില്‍ ചരിത്രം പരാജയപ്പെട്ടുപോയിഎന്നുള്ളത് ഒരു യാഥാര്‍ഥ്യമാണ്. പച്ചമരുന്നുകളുടേയും മറ്റു തനതു നാട്ടു മരുന്നുകളുടേയും ഉപയോഗവും, പ്രയോഗവും കൃത്യമായി അറിയുന്നവരായിരുന്നു സ്ത്രീകള്‍ എന്നുള്ളത്കൊണ്ട് തന്നെ കുടുംബത്തിന്‍റെ ആരോഗ്യത്തിലും, അത്യാവശ്യം വേണ്ടുന്ന ചികിത്സകളിലും പരിജ്ഞാനം ഉള്ളവരായിരുന്നു അവര്‍.ഒരു സ്ത്രീയോ, സ്ത്രീ സമൂഹമോ വൈദ്യത്തിലേക്കും പരിചരണത്തിലേക്കും എത്തിയിരുന്നത് തൊഴില്‍ എന്ന നിലയില്‍ കൃത്യമായ പരിശീലനം ലഭിച്ചതിനു ശേഷമോ, ആഗ്രഹപൂര്‍ത്തീകരണത്തിന്‍റെയോ ഭാഗമായിട്ടാവില്ല; മറിച്ച് താനും തനിക്കു വേണ്ടപ്പെട്ടവരും പലപ്പോഴും കടന്നു പോകുന്ന സാഹചര്യങ്ങളെ മറികടക്കാനായിട്ടാവും പച്ചമരുന്നുകളുടേയും മറ്റു രോഗപ്രതിരോധ സംവിധാനങ്ങളുടേയും മേഖലയിലേക്ക് അവര്‍ എത്തിയത് എന്നുള്ളത് കേവലജ്ഞാനത്തിന്‍റെ ഭാഗമായി മനസ്സിലാക്കാവുന്നതേയുള്ളൂ. അതിന്‍റെ പ്രധാന കാരണം പ്രകൃതിയുടേയും മനുഷ്യന്‍റേയും സഹജസ്വഭാവങ്ങളും അതോടൊപ്പം ‘സ്ത്രീ’ എന്ന നിലയില്‍ അവളോട് ചേര്‍ന്ന് നില്‍ക്കുന്ന പ്രത്യുല്പാദനപ്രക്രിയയുടെ വിവിധ തലങ്ങളും തന്നെയാണ്. ഭൂമിയുടെ ഉര്‍വരതയോടു ചേര്‍ന്ന് നിന്ന പേസിഫണിനെ പോലെ ആയിരുന്നിരിക്കും ഓരോ സ്ത്രീയും. അമ്മയില്‍ നിന്ന് മകളിലേക്കും പിന്നെയും ഉണ്ടാകുന്ന തുടര്‍ച്ചകളിലൂടെ അവര്‍ തങ്ങളുടെ കുടുംബത്തെ സംരക്ഷിച്ചു പോന്നു. പെണ്‍കുട്ടിയാവുമ്പോള്‍ മുതല്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍, അവളെ ഒറ്റക്കോ കൂട്ടമായോ പരിചരണത്തിന്‍റേയും വൈദ്യത്തിന്‍റേയും തലത്തിലേക്ക് എത്തിച്ചിട്ടുണ്ടാവും. പകര്‍ച്ചവ്യാധികളുടേയും മാറാവ്യാധികളുടേയും സമയത്തു കൃത്യമായ ഇടപെടലുകള്‍ സ്ത്രീകള്‍ നടത്തി. ഋതുഭേദങ്ങള്‍ക്ക് അനുസരിച്ചു മാറ്റം വരുത്തേണ്ടുന്ന ഭക്ഷണക്രമത്തിനെക്കുറിച്ചും, ചികിത്സാരീതികളെക്കുറിച്ചും അവര്‍ ബോധവതികളായിരുന്നു. ഭക്ഷണക്രമത്തില്‍ വരുത്തുന്ന ഏകീകരണത്തിലൂടേയും പ്രായോഗിക ജ്ഞാനത്തിലൂടേയും ഒപ്പം ലഭ്യമായിരുന്ന പ്രാദേശിക ചികിത്സ സമ്പ്രദായങ്ങളിലൂടേയും കുടുംബത്തിന്‍റെ ആരോഗ്യവും സ്വന്തം ആരോഗ്യവും സംരക്ഷിക്കേണ്ടതിന്‍റെ ബാധ്യതയും സ്ത്രീകള്‍ക്കായിരുന്നു. എന്നിട്ടും, എന്തുകൊണ്ടാണ് വരേണ്യ സമൂഹം അവളെ അടയാളപ്പെടുത്താതെ പോയത്.

ചരിത്രത്തിലെ ചില അടയാളപ്പെടുത്തലുകള്‍
സ്ത്രീകള്‍ എന്ത് കൊണ്ടാണ് വൈദ്യ ‘തൊഴിലിടത്തു’ അടയാളപ്പെടുത്തപ്പെടാതെ പോയത് എന്ന അന്വേഷണത്തില്‍ ചരിത്ര പുസ്തകങ്ങളോ, രേഖകളോ നോക്കിയാല്‍ കിട്ടുന്ന ആദ്യ ഉത്തരം സ്ത്രീകള്‍ വൈദ്യ വൃത്തിയില്‍ പുരുഷന്മാരേക്കാള്‍ പുറകിലായിരുന്നു എന്നാണ്. വൈദ്യം തൊഴില്‍ എന്നതിനേക്കാള്‍, ഈശ്വര അനുഗ്രഹമെന്ന് കരുതിയിരുന്ന ഒരു കാലത്തു മുഖ്യധാരയില്‍ സ്ത്രീ സാന്നിധ്യവും പങ്കാളിത്തവും വളരെ കുറവായിരുന്നു.’കുറവായിരുന്നു’ എന്നത് അടയാളപ്പെടുത്താതെ പോയത് കൊണ്ടാണ് എന്നതാണ് യാഥാര്‍ഥ്യം.സ്ത്രീകള്‍ക്ക് പരിശീലിക്കാന്‍ അനുവാദമുള്ള ഏക ക്ലിനിക്കല്‍ തൊഴില്‍ മിഡ്വൈഫറി ആയിരുന്നുഎന്ന സൂചനകള്‍ ചരിത്രത്തില്‍ നിന്നും വായിച്ചെടുക്കാം. മിഡ്വൈഫറി സംവിധാനത്തിലും ശിശുപരിപാലനത്തിലും അവര്‍ മികവ് പുലര്‍ത്തിയിരുന്നു. അതിനു വര്‍ഗ വര്‍ണ്ണ കാല ദേശ വ്യത്യാസങ്ങള്‍ ഇല്ലായിരുന്നു. എന്നാല്‍ സ്ത്രീകളാല്‍ കൈകാര്യം ചെയ്തിരുന്ന മിഡ്വൈഫറിയെ വൈദ്യമെന്നു അംഗീകരിക്കാന്‍ പുരുഷകേന്ദ്രിതമായ സമൂഹം തയ്യാറായിരുന്നില്ല. പുരുഷന്മാര്‍ അംഗീകൃത വൈദ്യന്മാരായിരുന്ന ആ കാലത്തു സ്ത്രീകള്‍ അറിയപ്പെട്ടത് ‘മന്ത്രവാദിനികള്‍’ എന്നായിരുന്നു എന്നതുതന്നെ പ്രസ്തുത മേഖലയില്‍ നിലനിന്നിരുന്ന ലിംഗവ്യത്യാസത്തിന്‍റേയും പുരുഷമേല്‍ക്കോയ്മയുടേയും ലക്ഷണം ആണ്. മന്ത്രവാദ വേട്ടയുടെ ആകാലഘട്ടത്തില്‍ ചികില്‍ത്സാ രംഗത്ത് ഒരു വര്‍ഗ്ഗ-ലിംഗ വിഭജനം ഉണ്ടായിരുന്നു.

ഒരേ തൊഴില്‍ ചെയ്യുമ്പോഴും വ്യത്യസ്ത പേരുകളില്‍ അടയാളപ്പെടുത്തുക; ആധുനിക പൊതുസമൂഹം പോലും തിരസ്കരിക്കുന്ന പേരിട്ടു വിളിക്കുക എന്നത് സ്ത്രീകളെ മുഖ്യധാരയില്‍ നിന്ന് ഒഴിവാക്കിയിരുന്നു എന്നുള്ളതിന്‍റെ പ്രത്യക്ഷ ഉദാഹരണം ആണ്. മിഡ്വൈഫറിയെ ഒരു താഴ്ന്ന നിലയില്‍ കണ്ടിരുന്നു എന്നതിനാല്‍ ആദ്യകാലത്തു ആ മേഖലയില്‍ പുരുഷ വൈദ്യന്മാര്‍ക്കു അധികം താത്പര്യമുണ്ടായിരുന്നില്ല.പക്ഷെ ശസ്ത്രക്രിയ ഉപകരണങ്ങള്‍ ഉപയോഗിക്കാനുള്ള അനുവാദം പുരുഷന്മാരുടേതു മാത്രമായപ്പോള്‍ ആ മേഖലയിലും സ്ത്രീ സാന്നിധ്യം കുറയാന്‍ തുടങ്ങി. മാത്രമല്ല ഉന്നത വൈദ്യന്മാരുടെ സാന്നിധ്യം സാമ്പത്തിക ഔന്നത്യത്തിന്‍റെ ലക്ഷണമായി മാറാന്‍ തുടങ്ങിയപ്പോള്‍ ഉന്നത കുലജാതരോ സമ്പന്നരോ ആയിരുന്നവര്‍ അത്തരം വൈദ്യന്മാര്‍ക്കു പ്രാമുഖ്യം നല്‍കാന്‍ തുടങ്ങി. സ്വാഭാവികമായും സ്ത്രീകള്‍ അവിടെ നിന്നും ഒഴിവാക്കപ്പെട്ടു.

വൈദ്യശാസ്ത്രത്തിലെ സ്ത്രീകളുടെ സാന്നിധ്യം അടയാളപ്പെടുത്തിയിരിക്കുന്നതിന്‍റെ ആദ്യ രേഖകള്‍ ലഭിക്കുന്നത് പുരാതന ഗ്രീസില്‍ നിന്നാണ്. എന്നാല്‍ അതിനു മുന്നേയും ആ സാന്നിധ്യം ഉണ്ടായിരുന്നിരിക്കും എന്നുള്ളത് കേവല ബുദ്ധിയില്‍ തന്നെ മനസിലാക്കാവുന്നതാണ്. ഈജിപ്ത്യന്‍ സംസ്കാരത്തിന്‍റെ ആദ്യകാല രാജവംശത്തില്‍ മെറിറ്റ്-പ്താഹ് നെ മുഖ്യ വൈദ്യന്‍ എന്ന് വിശേഷിപ്പിച്ചിരിക്കുന്നതായി കാണാം. അത് പോലെ ട്രോജന്‍ യുദ്ധത്തിന് മുന്‍പ് പുരാതന ഗ്രീസിലെ രോഗശാന്തിക്കാരനായി ഹോമര്‍ വിവരിച്ച വ്യക്തിയാണ് അഗാമീദു.അഗാമീദുവിനെക്കുറിച്ചുള്ള വിവരണങ്ങളില്‍ അവര്‍ പുരുഷനോ സ്ത്രീയോ എന്നുള്ളത് പലപ്പോഴും സംശയമാണ്. ചിലപ്പോഴൊക്കെ ആ വിവരണങ്ങള്‍ അവര്‍ ഒരു പുരുഷന്‍ ആണെന്നാണ് സൂചിപ്പിക്കുന്നത്. അവരെക്കുറിച്ചുള്ള ചില ചിത്രങ്ങളിലും, വരകളിലും സ്ത്രീ ശരീര പ്രകൃതം ഉള്ളത് കൊണ്ട് മാത്രമാണ് അവര്‍ സ്ത്രീ എന്ന് കരുതപ്പെടുന്നത്. അക്കാലഘട്ടത്തില്‍ ഇത്തരം ഒരു പുരുഷ വേഷം ചിലപ്പോള്‍ അവര്‍ക്കു ആവശ്യമായിരുന്നിരിക്കും.

ബി.സി നാലാം നൂറ്റാണ്ടില്‍ ഏഥന്‍സില്‍, നിയമപരമായി പ്രാക്ടീസ് ചെയ്ത ആദ്യത്തെ വനിതാ ഫിസിഷ്യനായിരുന്നു അഗ്നോഡിസ്.റോമന്‍ എഴുത്തുകാരനായ ഗ്യാലസ് ജൂലിയസ് ഹൈജീന്‍സ് തന്‍റെ ‘ഫാബ് ലെ’ യില്‍ അഗ്നോഡിസ് നെക്കുറിച്ചു വിവരിക്കുന്നുണ്ട്. അവരുടെ കഥ പലപ്പോഴും മിഡ്വൈഫറി അല്ലെങ്കില്‍ മെഡിസിന്‍ പരിശീലിക്കുന്ന സ്ത്രീകള്‍ക്ക് ഒരു മാതൃകയായോ എതിര്‍വാദമായോ ഒക്കെ ഉപയോഗിച്ച് കാണുന്നുണ്ട്. ചരിത്രത്തില്‍ ഇങ്ങിനെയുള്ള ചില രേഖപ്പെടുത്തലുകള്‍ ഉള്ളപ്പോഴും സ്ത്രീയുടെ ഒരു തൊഴില്‍ മേഖലയായി വൈദ്യവും പരിചരണവും കടന്നു വരുന്നത് പതിനേഴാം നൂറ്റാണ്ടിന്‍റെ അവസാനത്തിലും പതിനെട്ടാം നൂറ്റാണ്ടിന്‍റെ തുടക്കത്തിലുമാണ്.

അധികാര കേന്ദ്രിതമായ കാലത്തെ തൊഴില്‍ ഏകീകരണങ്ങള്‍
ആധുനിക സമൂഹത്തിലേക്കുള്ള പരിവര്‍ത്തനം പ്രധനമായും അധികാരത്തിലൂടെയാണ് നടന്നത് എന്നാണ് ഫുക്കോ അഭിപ്രായപ്പെടുന്നത്. നിയമത്തിലൂടേയും ഭീഷണികളിലൂടേയും വിവിധതരം അടിച്ചമര്‍ത്തലുകളിലൂടേയും ആയിരുന്നു ഈ സാമൂഹികക്രമത്തിലേക്ക് ആധുനിക സമൂഹം എത്തിച്ചേര്‍ന്നത്. (ഫുക്കോ -1978) ആ കാലഘട്ടത്തില്‍ ജനസംഖ്യയുടെ കാര്യത്തില്‍ പോലും ശക്തമായ ഇടപെടലുകള്‍ അധികാര കേന്ദ്രങ്ങള്‍ നടത്തിയതായി ഫുക്കോ വ്യക്തമാക്കുന്നുണ്ട്. പതിനേഴാം നൂറ്റാണ്ട് മുതല്‍, ജനസംഖ്യയുടെ വളര്‍ച്ചയും പരിചരണവും കൂടുതലായി ഭരണകൂടത്തിന്‍റെ പ്രാഥമിക ആശങ്കകളായി മാറിയപ്പോള്‍, അധികാരത്തിന്‍റെ പുതിയ സംവിധാനങ്ങള്‍ ഉയര്‍ന്നുവന്നു. അത് ‘ജീവന്‍റെ’ ഭരണത്തിലേക്കും നടത്തിപ്പിലേക്കും കേന്ദ്രീകരിച്ചു. ‘ബയോ-പവര്‍’ എന്ന ഈ പുതിയ രൂപം രണ്ട് ധ്രുവങ്ങള്‍ കൂടിച്ചേര്‍ന്നതാണ്. ഇതില്‍ ഒരു ധ്രുവം മൊത്തത്തില്‍ ജനസംഖ്യയുടേയും, കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്‍റുമായും ബന്ധപ്പെട്ടതാണ്. സാമൂഹിക ജീവിത പ്രക്രിയകളുമായി ചേര്‍ന്ന് നില്‍ക്കുന്നതും കൃത്യമായ മാനേജ്മെന്‍റ് ആവശ്യമുള്ളതുമായ മേഖലയാണ് ഇത്. ജനനം, മരണം, രോഗം, ആരോഗ്യം, ലൈംഗിക ബന്ധങ്ങള്‍ തുടങ്ങിയ പ്രതിഭാസങ്ങളുടെ നിയന്ത്രണം ഇതില്‍ ഉള്‍പ്പെടുന്നു.
‘അച്ചടക്ക ശക്തി’ എന്ന് ഫൂക്കോ മുദ്രകുത്തുന്ന മറ്റൊരു ധ്രുവം, മനുഷ്യശരീരത്തെ കൃത്രിമമായി പരിശീലിപ്പിക്കേണ്ട ഒരു വസ്തുവായി ലക്ഷ്യമിടുന്നു. അച്ചടക്കത്തിലും ശിക്ഷണത്തിലും ശരീരം പാലിക്കേണ്ടുന്ന അഥവാ പഠിച്ചെടുക്കേണ്ടുന്ന ശീലങ്ങളെപ്പറ്റിയാണ് പറയുന്നത്. കേന്ദ്രീകൃതമല്ലാത്ത, ഇതുവരെയും ശീലിച്ചിട്ടില്ലാത്ത വഴികളിലൂടെ കടന്നു പോയി ശരീരത്തിനെയും, മനസിനേയും, പ്രവര്‍ത്തികളേയും, ശീലിപ്പിക്കുക എന്നതും അച്ചടക്കമുള്ള ഒരു പൊതുസമൂഹത്തിനെ ഉണ്ടാക്കേണ്ടതും ഭരണകൂടത്തിന്‍റെ ആവശ്യം ആയതിനാല്‍ തന്നെ അച്ചടക്ക ശക്തിയുടെ ധ്രുവത്തിലാണ് ആരോഗ്യവും പരിചരണവും ഇന്നത്തെ നിലയില്‍ വളരാന്‍ തുടങ്ങിയത് എന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.

അച്ചടക്ക അധികാരത്തിന്‍റെ പ്രധാന സവിശേഷത അത് ശരീരത്തില്‍ നേരിട്ട് പ്രയോഗിക്കുന്നു എന്നതാണ്. വൈദ്യവും വൃത്തിയും അച്ചടക്കത്തിന്‍റെ (അധികാരത്തിന്‍റെ) ഭാഗമാവുന്നതും ഇതിലൂടെയാണ്. അച്ചടക്ക സമ്പ്രദായങ്ങള്‍ ശാരീരിക പ്രവര്‍ത്തനങ്ങളെ നിരന്തരമായ നിരീക്ഷണത്തിന്‍റേയും പരിശോധനയുടേയും പ്രക്രിയക്ക് വിധേയമാക്കുന്നു, അത് വ്യക്തിഗത പെരുമാറ്റത്തിന്‍റെ തുടര്‍ച്ചയും. വ്യാപകവുമായ നിയന്ത്രണവും പ്രാപ്തമാക്കുന്നു. ശരീരത്തിന്‍റെ കഴിവുകള്‍, ഉല്‍പ്പാദനക്ഷമത എന്നിവ ഒരേസമയം ഉപയോഗിക്കുകയും അതിന്‍റെ ഉപയോഗക്ഷമതയും അനുസരണവും വളര്‍ത്തുകയും ചെയ്യുക എന്നതാണ് അധികാര സമ്പ്രദായങ്ങളുടെ ലക്ഷ്യം. അങ്ങനെ, അച്ചടക്കം വിധേയത്വമുള്ളതും അഭ്യസിക്കുന്നതുമായ ശരീരങ്ങളെ, ‘വിനയമുള്ള’ ശരീരങ്ങളെ ഉത്പാദിപ്പിക്കുന്നു എന്ന വിശാലമായ കാഴ്ചപ്പാട് ശരിയാവുകയും സ്ത്രീകള്‍ക്ക് (കുറെയേറെ) ആധുനിക വൈദ്യലോകത്തേക്കു പഠിതാവായും പ്രയോക്താവായും കടന്നു വരാന്‍ കഴിയുകയും ചെയ്തു.

ചികിത്സാ രംഗത്തെ ആദ്യകാല സ്ത്രീ അടയാളപ്പെടുത്തലുകള്‍ – കേരളത്തില്‍
അധികാരത്തിന്‍റെ ഇടനാഴികളിലൂടെ കടന്നു പോകേണ്ടി വന്ന കാലഘട്ടത്തിനു മുന്നേ ഇന്ത്യയിലെ സ്ത്രീകളില്‍ മിക്കവരുംതന്നെ വൈദ്യരംഗവുമായി ബന്ധപ്പെട്ടിരുന്നു.സുശ്രുതസംഹിതയില്‍ പറയുന്ന ശസ്ത്രക്രിയ കാലം മുതല്‍ തന്നെ ഇന്ത്യന്‍ സ്ത്രീകള്‍ ചികിത്സാ രംഗത്ത് ഉണ്ടായിരുന്നുവെന്ന് വേണമെങ്കില്‍ സമര്‍ഥിക്കാം.പക്ഷെ മുഖ്യമായ അടയാളപ്പെടുത്തലുകള്‍ കണ്ടെത്തുക പ്രയാസമാണ്.ഇതിഹാസങ്ങളും പുരാണങ്ങളും ശാസനങ്ങളും ചിലരുടെയെങ്കിലും പേരുകള്‍ പറയുമ്പോഴും പൂര്‍ണമായ ‘സ്ത്രീ വൈദ്യര്‍’ എന്ന അടയാളപ്പെടുത്തലുകള്‍ ചുരുക്കമാണ്. ജൈനമതത്തിലെ സന്യാസിനി എന്ന് വിശേഷിപ്പിക്കാവുന്ന പദ്മാവതി വൈദ്യവിശാരദയാണെന്നു സൂചനകള്‍ ഉണ്ട്. ബുദ്ധമത സങ്കേതങ്ങളിലും യൂണിവേഴ്സിറ്റികളിലും വൈദ്യം നന്നായി അറിയുന്ന, പ്രയോഗിച്ചിരുന്ന സ്ത്രീകളെപ്പറ്റി പറയുന്നുണ്ട്. അശോകന്‍റെ ശാസനത്തില്‍ ശ്രീലങ്കയിലേക്ക് പോകുന്ന സംഘമിത്രയെ (അശോകന്‍റെ പുത്രി) വൈദ്യത്തില്‍ അറിവുള്ളവളായാണ് സൂചിപ്പിച്ചിരിക്കുന്നത്. യുദ്ധങ്ങള്‍ നടന്നിരുന്ന വേളകളില്‍ മുറിവ് പറ്റിയിരുന്ന പോരാളികളെ ശുശ്രൂഷിക്കാനും മുറിവുണക്കാനും സ്ത്രീകളെ നിയോഗിച്ചിരുന്നതായി കാണാം.സംഘകാലത്തെ ചില കൃതികള്‍ ഇതിനു ഉദാഹരണമാണ്.

മിക്ക കുലങ്ങളിലും സമുദായങ്ങളിലും ഉള്ള സ്ത്രീകളില്‍ ചിലരെങ്കിലും പ്രസവസംബന്ധമായ ചികിത്സക്കു പുറമെ വിവിധ പകര്‍ച്ച വ്യാധികളുടെ ചികിത്സയിലും വിഷചികിത്സയിലും നിപുണരായിരുന്നു എന്നതിന് ധാരാളം തെളിവുകള്‍ കണ്ടെത്താന്‍ കഴിയും. അതൊരുപക്ഷെ എഴുതപ്പെട്ട ചരിത്രമാവില്ല; വാമൊഴി വഴക്കങ്ങളിലൂടേയും, പ്രകീര്‍ത്തനങ്ങളിലൂടേയും, കഥകളിലൂടേയും ആവും തിരിച്ചറിയാന്‍ കഴിയുന്നത്. അടുത്ത കാലത്തു ഇറങ്ങിയ ‘ജയ് ഭീം’ എന്ന ചിത്രത്തില്‍ ഭര്‍ത്താവിനെ പാമ്പു പിടിക്കാന്‍ പറഞ്ഞു വിടുന്നതിനു മുന്നേ അയാള്‍ക്ക് ചില മരുന്നുകള്‍ നല്‍കി യാത്രയാക്കുന്ന സെന്‍ഗിണി ആ ചികിത്സാ പാരമ്പര്യ തുടര്‍ച്ചയുടെ ഉദാഹരണമാണ്. സ്ത്രീകളില്‍ ജാതി മത വ്യത്യാസമില്ലാതെ ഈ പാരമ്പര്യം തുടര്‍ന്നിരുന്നു എന്നത് യാഥാര്‍ഥ്യമാണ്. കേരളത്തിലെ പാരമ്പര്യ ചികിത്സാ സമ്പ്രദായത്തില്‍ കാണാന്‍ കഴിയുന്ന ഒരു പേരാണ് ‘വേലന്‍ വെറിയാട്ട്’ എന്നത്. വൈദ്യം തൊഴിലായി സ്വീകരിച്ചിരുന്ന വേലന്‍ സമുദായത്തിന്‍റെ ചികിത്സാ രീതി അറിയപ്പെട്ടിരുന്നത് വേലന്‍ വെറിയാട്ട് എന്നാണ്. ഈ സമ്പ്രദായത്തില്‍ പുരുഷനൊപ്പം സ്ത്രീയ്ക്കും അവകാശമുണ്ടായിരുന്നു. അത് പോലെ തന്നെ പുള്ളുവ സമുദായത്തിലും പാണന്‍ സമുദായത്തിലും അങ്ങിനെ ഏകദേശം എല്ലാ സമുദായങ്ങളിലും ഉള്ള സ്ത്രീകള്‍ക്കു വിഷ ചികിത്സയിലും പാരമ്പര്യ ചികിത്സയിലും ശക്തമായ സ്വാധീനം ഉണ്ടായിരുന്നു എന്നത് യാഥാര്‍ഥ്യമാണ്.

എന്നാല്‍, കൊളോണിയല്‍ കാലഘട്ടത്തില്‍, സമസ്ത മേഖലകളിലും അധികാരത്തിന്‍റെ ഇടപെടലുകള്‍ നടത്തിയതിലൂടെ ഭരണകൂടം ഓരോയിടങ്ങളിലും നിലവിലുണ്ടായിരുന്ന തദ്ദേശീയമായ ചികിത്സാ സമ്പദായങ്ങളേയും രീതികളേയും ഒഴിവാക്കിക്കൊണ്ട് പുതിയസമ്പ്രദായങ്ങളെ ആവിഷ്ക്കരിച്ചു. ഇത് പ്രത്യയശാസ്ത്രപരമായും അനുഭവപരമായും അതിശക്തമായ ഇടപെടല്‍ ആയിരുന്നു. കോളനിവല്‍ക്കരിക്കപ്പെട്ടവയോട്, (മനുഷ്യനായാലും,പ്രകൃതിയിലെ മറ്റേതൊരു വിഷയമായാലും) യാതൊരു തരത്തിലുള്ള അനുകമ്പയോ, വിധേയത്വമോ ഇല്ലാതിരുന്ന ഭരണകൂടം, അവരുടെ നേട്ടങ്ങള്‍ക്കായി നടത്തിയ ഇത്തരം ഇടപെടലുകള്‍ കോളനിവല്‍ക്കരിക്കപ്പെട്ട സമൂഹം തിരിച്ചറിഞ്ഞില്ലെന്നു മാത്രം. അങ്ങിനെ അധികാരപ്രയോഗത്തിനായും അതിന്‍റെ നിലനില്പിനായും ഉണ്ടാക്കിയെടുത്ത ഉപകരണങ്ങള്‍ കൃത്യമായി ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞു എന്നയിടത്തു നിന്നുമാണ് ഇന്ത്യയിലെ ആധുനിക (പാശ്ചാത്യ) ചികിത്സാ സമ്പ്രദായത്തിന് ഒരു ‘പൊതു മുഖം’ കൈവരുന്നത്. രാഷ്ട്രീയമായും ഭരണപരമായും ഒട്ടനവധി വിയോജിപ്പുകള്‍ ഉള്ള കാലത്തു പോലും ഇത്തരം പൊതു സംവിധാനങ്ങളെ നിഷേധിക്കാനോ ഒഴിവാക്കാനോ ഒരു സമൂഹത്തിനും കഴിഞ്ഞില്ല.ഇന്ത്യയില്‍ ഏറ്റവുമധികം കണ്ടുവന്നിരുന്ന പകര്‍ച്ചവ്യാധികളെയും, മറ്റു രോഗങ്ങളെയും നേരിടുന്നതിന് ഇത്തരമൊരു പൊതു സംവിധാനം ആവശ്യമാണെന്ന ബോധം സമൂഹത്തില്‍ ഉണ്ടാക്കിയെടുക്കാന്‍ കൊളോണിയല്‍ ഭരണ സംവിധാനത്തിന് വേഗത്തില്‍ കഴിഞ്ഞു.കൊളോണിയലിസത്തിന്‍റെ ഭാഗമായി ഉയര്‍ന്നു വന്ന ഈ അധികാര സംവിധാനമാണ് ഏകീകൃത സ്വഭാവത്തിലേക്ക് വൈദ്യത്തെയും പരിചരണവിഭാഗത്തേയും ഒരുമിച്ചു ചേര്‍ത്തത് ഇന്ത്യയിലെ കുടുംബ സംവിധാനത്തെ ഏറ്റവുമധികം ബുദ്ധിമുട്ടിച്ച ഒരു ആരോഗ്യ പ്രശ്നമായിരുന്നു പ്രസവവും അനുബന്ധ വിഷയങ്ങളും; അതോടൊപ്പമുണ്ടാകുന്ന അമ്മമാരുടേയും നവജാത ശിശുക്കളുടേയും മരണങ്ങളും.എത്രയെല്ലാം വിദഗ്ധ സേവനം ലഭിച്ചാലും ഇക്കാര്യത്തില്‍ ജാതി വ്യത്യാസമുണ്ടായിരുന്നില്ല.നിലവിലുണ്ടായിരുന്ന ആരോഗ്യസംവിധാനത്തിനു പരിഹാരം കണ്ടെത്താന്‍ കഴിയാതിരുന്ന ഈ പ്രശ്നത്തിന് ഉചിതമായ മറുപടിയാണ് ആധുനിക വൈദ്യം നല്‍കിയത്.അതോടുകൂടി ആധുനിക വൈദ്യത്തിനോടുള്ള വിമുഖത മാറുകയും അതിനെ സ്വീകരിക്കാനുള്ള മനസുണ്ടാകുകയും ചെയ്തു.

കേന്ദ്രീകൃതമല്ലാതിരുന്ന പലവ്യവസ്ഥകളും കേന്ദ്രീകരിക്കപ്പെട്ടു വന്ന ഈ കാലഘട്ടത്തിലാണ് ഇന്ത്യയിലെ പ്രത്യേകിച്ചും കേരളത്തിലെ സ്ത്രീകള്‍ വൈദ്യരംഗത്തേക്കു കടന്നു വന്നത്. ഇതിനെ ആഴത്തിലേക്ക് സഹായിച്ച മറ്റൊരു ഘടകമായിരുന്നു കേരളത്തിലുണ്ടായ സാമൂഹ്യ മത നവീകരണ പ്രസ്ഥാനങ്ങള്‍. തങ്ങളുടെ കുഞ്ഞുങ്ങളുടെ നിരന്തരമായ അസുഖങ്ങളെക്കുറിച്ചും മറ്റും വേവലാതിപ്പെട്ട തൊഴിലാളി സ്ത്രീകളെ ശ്രീനാരായണഗുരു ഉപദേശിച്ചത് ഇക്കാലയളവിലാണ്. അസുഖങ്ങള്‍ ഒഴിവാക്കാനും, ആയുസ്സു നീട്ടിക്കിട്ടുന്നതിനും പ്രാര്‍ത്ഥനയോ വഴിപാടോ കൊട്ടിപ്പാടലുകളോ മാത്രമല്ല വേണ്ടതെന്നും ഏറ്റവും അത്യാവശ്യം വൃത്തിഹീനമായ ചുറ്റുപാടുകളെ ഇല്ലായ്മ ചെയ്യേണ്ടതാണ് എന്നും അവരെ ബോധ്യപ്പെടുത്തിയത് അദ്ദേഹമാണ്. തൊഴിലിടങ്ങളില്‍ നിന്ന് കൈകഴുകാതെയും ദേഹം നനയ്ക്കാതെയും ചേറും ചെളിയുമായി കുഞ്ഞുങ്ങളെ പാലൂട്ടുക പോലുമരുതെന്നു അദ്ദേഹം അവരെ ബോധ്യപ്പെടുത്തുകയുണ്ടായി. അതോടൊപ്പം, ഉപയോഗിക്കുന്ന വെള്ളത്തിന്‍റെ ശുചിത്വവും താമസിക്കുന്നയിടങ്ങളിലെ ശുചിത്വവും പ്രാധാന്യമര്‍ഹിക്കുന്നുവെന്നു അവരെ ബോധ്യപ്പെടുത്തിയതും അദ്ദേഹമാണ്. ഗുരുവിനെ പിന്തുടര്‍ന്നുണ്ടായ സാമൂഹിക മാറ്റങ്ങള്‍ കേരളത്തിലെ സ്ത്രീകളുടെ വ്യക്തി ശുചിത്വത്തിലും സാമൂഹിക ശുചിത്വത്തിലും മാറ്റമുണ്ടാക്കിയതായി ചരിത്രം വെളിവാക്കുന്നു. ജയിലുകള്‍, സൈനിക സ്ഥാപനങ്ങള്‍, ആശുപത്രികള്‍, ഫാക്ടറികള്‍, സ്കൂളുകള്‍ എന്നിങ്ങനെയുള്ള ഒറ്റപ്പെട്ട സ്ഥാപന സജ്ജീകരണങ്ങളിലാണ് ഈ രീതികള്‍ ആദ്യം നട്ടുവളര്‍ത്തിയതെന്നും എന്നാല്‍ ക്രമേണ സാമൂഹിക നിയന്ത്രണത്തിന്‍റേയും ജനസംഖ്യ (ആരോഗ്യ) നിയന്ത്രണത്തിന്‍റേയും സാങ്കേതിക വിദ്യകളായി കൂടുതല്‍ വിശാലമായി പ്രയോഗിച്ചെന്നും ഉള്ളഫുക്കോയുടെ കാഴ്ചപ്പാടിനെ ഇവിടെ ചേര്‍ത്ത് വെക്കാവുന്നതാണ്.
1880-നുശേഷമാണ് സ്ത്രീകളുടെ വൈദ്യരംഗത്തേക്കുള്ള തുറന്ന പ്രവേശനം ഉണ്ടാകുന്നത്.

1885-ല്‍, സ്ത്രീകള്‍ക്ക് മെഡിക്കല്‍ വിദ്യാഭ്യാസവും സ്കോളര്‍ഷിപ്പും നല്‍കുന്നതിനായി കൗണ്ടസ് ഓഫ് ഡഫറിന്‍ ഫണ്ട് സ്ഥാപിക്കപ്പെട്ടു. കേരളത്തിലെ ആരോഗ്യ പരിപാലന സാഹചര്യത്തില്‍, നായര്‍ ജാതിയില്‍പ്പെട്ട നാല് ഒബ്സ്റ്റട്രിക് നഴ്സുമാര്‍ അവരുടെ പരിശീലനം പൂര്‍ത്തിയാക്കി പ്രസവചികിത്സയില്‍ പങ്കെടുക്കാന്‍ തുടങ്ങിയ 1871 മുതല്‍ സ്ത്രീകളെ ആരോഗ്യപ്രവര്‍ത്തകരായി അംഗീകരിക്കാന്‍ തുടങ്ങി. തിരുവിതാംകൂറിലെ ഭരണ സംവിധാനം കൊളോണിയല്‍ ഭരണത്തോട് ചേര്‍ന്നു നിന്നിരുന്നു എന്നത് കൊണ്ടാണ് മാറ്റത്തിന്‍റെ തുടക്ക കാലം മുതല്‍ തന്നെ തിരുവിതാംകൂറിലെ സ്ത്രീകള്‍ക്ക് ആധുനിക വൈദ്യത്തിന്‍റേയും, ചികില്‍സ പ്രയോഗത്തിന്‍റേയും ഭാഗമാകാന്‍ കഴിഞ്ഞത്. 1895 ല്‍ കോഴിക്കോട് ഭാഗത്തു ആരംഭിച്ച ആശുപത്രിയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി 12 ബെഡുകള്‍ നീക്കി വച്ച് കൊണ്ടാണ് വടക്കന്‍ കേരളത്തിലെ സ്ത്രീകളെയും ആധുനിക ആശുപത്രി-ചികില്‍സ സമ്പ്രദായത്തിലേക്കു എത്തിച്ചത്. 1837 ല്‍ സ്വാതി തിരുനാള്‍ തൈക്കാട് ആരംഭിച്ച ആശുപത്രിയും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക ശ്രദ്ധ നല്‍കാനുതകുന്ന രീതിയിലായിരുന്നു. 1870 ല്‍ പ്രസവസംബന്ധമായ കാര്യങ്ങള്‍ക്കു പ്രത്യേക ശ്രദ്ധ നല്‍കുന്ന രീതിയില്‍ ക്വീന്‍ വിക്ടോറിയ ജൂബിലി മെമ്മോറിയല്‍ ആശുപത്രി കൊല്ലത്തും ആരംഭിച്ചു. അവിടെ നിന്ന് മാതൃ-ശിശു ക്ഷേമ കേന്ദ്രങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരായി ജോലി ചെയ്യാന്‍ സ്ത്രീകളെ ചേര്‍ത്തു. തിരുവിതാംകൂറിലും സ്ത്രീകളെ മിഡ്-വൈഫായി പരിശീലിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നു.  1892-ല്‍ സ്ത്രീകള്‍ക്കായി പ്രത്യേക ഡിസ്പെന്‍സറികളും സ്ഥാപനങ്ങളും മട്ടാഞ്ചേരി, എറണാകുളം, തൃശൂര്‍ എന്നിവിടങ്ങളില്‍ ഉണ്ടായിരുന്നു.

1901-ല്‍ ലൈസന്‍സുള്ള 32 മിഡ്വൈഫുമാരും സംസ്ഥാന മെഡിക്കല്‍ ഡിപ്പാര്‍ട്ട്മെന്‍റുമായി അഫിലിയേറ്റ് ചെയ്ത 6 നഴ്സുമാരും തിരുവിതാംകൂറില്‍ സാനിറ്ററി ഡിപ്പാര്‍ട്ട്മെന്‍റുമായി ബന്ധപ്പെട്ട എട്ട് വനിതാ വാക്സിനേറ്റര്‍മാരും ഉണ്ടായിരുന്നു. പക്ഷെ ഇങ്ങിനെ ആരംഭിച്ച കോഴ്സുകളോ ആശുപത്രികളോ അന്നത്തെ വരേണ്യവര്‍ഗ്ഗത്തിലെ സ്ത്രീകള്‍ക്കായി മാത്രം മാറ്റി വച്ചിരുന്നു. കോഴിക്കോട് മുനിസിപ്പാലിറ്റിയില്‍ 1895 ല്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി ആരംഭിച്ച. ആശുപത്രിയില്‍ ബ്രാഹ്മണര്‍, നായര്‍, യൂറോപ്യന്മാര്‍ എന്നിവര്‍ക്കായി പ്രത്യേക ബ്ലോക്കുകളിലായി വാര്‍ഡുകളുടെ ഒരു പരമ്പരയായിരുന്നു ഉണ്ടാക്കിയത്. യുറേഷ്യക്കാര്‍ക്കും മറ്റ് ജാതിക്കാര്‍ക്കും വേണ്ടിയും പ്രത്യേക വാര്‍ഡുകള്‍ ഉണ്ടാക്കി. ഒ.പിയും ഒരു ഡിസ്പെന്‍സറിയും സെപ്റ്റിക് ഷെഡ്, ഓപ്പറേഷന്‍ റൂം, എന്നിവയും ഉണ്ടായിരുന്നു. വിക്ടോറിയ രാജ്ഞിയുടെ വജ്രജൂബിലിയുടെ സ്മാരകമായി പൊതു സബ്സ്ക്രിപ്ഷനുകളില്‍ നിന്നാണ് ഇത് നിര്‍മ്മിച്ചത് 34,079 ചെലവില്‍ രാജാ രാമസ്വാമി മുതലിയാര്‍ 10,000 രൂപ ഇതിന്‍റെ നിര്‍മ്മാണത്തിനായി നല്‍കി. കാലിക്കറ്റ് മുനിസിപ്പല്‍ കൗണ്‍സിലും മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡും 6000 രൂപ വീതം നല്‍കി. ബാക്കി തുക ശ്രീമതി മാക്രേ, മിസ്സിസ് ഹാക്കറ്റ് വില്യം, ശ്രീമതി വെല്‍ഷ്സ് എന്നീ മൂന്ന് സ്ത്രീകളുടെ പരിശ്രമത്തിലൂടെയാണ് കണ്ടെത്തിയത്. സര്‍ സവലൈ രാമസ്വാമി മുതലിയാര്‍ എന്നായിരുന്നുആ ആശുപത്രിയുടെ പേര്. 1901 ഒക്ടോബറില്‍ ലോര്‍ഡ്അമ്പിത്തില്‍ ആണ് ആശുപത്രിയുടെ തറക്കല്ലിട്ടത്. പിന്നീട് ഇത് മുനിസിപ്പാലിറ്റിക്ക് കൈമാറി. ഏപ്രിലില്‍ ഇത് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. 1904 ആശുപത്രിയുടെ ചുമതലയുള്ള ഒരു ലേഡി അപ്പോത്തിക്കിരിയെ ചുമതലപ്പെടുത്തി. പക്ഷേ ബ്രാഹ്മണര്‍ക്കുള്ള വാര്‍ഡ് വളരെ അപൂര്‍വമായി മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ. 1905-ല്‍ മറ്റൊരു വാര്‍ഡ് പഞ്ചമര്‍ക്കായി നിര്‍മിച്ചു. 1906 – 07 കാലത്തു പാലക്കാടു ഭാഗത്തും സ്ത്രീകള്‍ക്കായി ആശുപത്രി ആരംഭിച്ചു. 1915 ല്‍ ആയില്യം തിരുനാള്‍ മഹാരാജാവ് ഉന്നത ജാതിയിലെ സ്ത്രീകള്‍ക്കായി ഒരു ആശുപത്രി തുറക്കുകയുണ്ടായി.അതേസമയം പീരുമേട് ഭാഗത്തെ തൊഴിലാളികള്‍ക്കും സ്ത്രീകള്‍ക്കുമായി ഒരു ആശുപത്രി സര്‍ ടി.മാധവ റാവുവിന്‍റെ പ്രയത്നഫലമായി ഉണ്ടായി. 1938 മുതല്‍ മാതൃ ശിശു സംരക്ഷണവുമായി ബന്ധപ്പെട്ടു തിരുവിതാംകൂറിന്‍റെ ഗ്രാമപ്രദേശങ്ങളിലും ആശുപത്രികള്‍ ആരംഭിക്കുകയുണ്ടായി. ഇതോടൊപ്പം തന്നെ മിഡ്വൈഫറി കോഴ്സ് പഠിപ്പിക്കുന്നതിനും പരിശീലനം കൊടുക്കുന്നതിനുമുള്ള സൗകര്യങ്ങള്‍ ആരംഭിച്ചു. രണ്ടു വനിതാ ഡോക്ടര്‍മാരുടേയും മിഡ്വൈഫ്സ്ന്‍റേയും സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കിയതും ഇക്കാലത്താണ്.

പത്തൊന്‍പതും ഇരുപതും നൂറ്റാണ്ടുകളില്‍ ഭരണകൂടം ആരംഭിച്ച അധികാര പ്രയോഗത്തിന്‍റെ പ്രായോഗികമായ ഈ ഇടപെടലുകളിലൂടെയാണ് സ്ത്രീകള്‍ക്കായി പ്രത്യേകം ആശുപത്രികളും തൊഴില്‍ അവസരങ്ങളും ഉണ്ടായത്. അതോടൊപ്പം ആരോഗ്യപഠനം, വാക്സിനേഷന്‍, എന്നിവിടങ്ങളില്‍ ഉണ്ടായ മുന്നേറ്റവും അറിവും സ്ത്രീകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ (ആരോഗ്യസംരക്ഷണത്തിനും, തൊഴിലിനും) നല്‍കി.അതിനേക്കാളുപരി അവരുടെ പ്രയത്നത്തിനും തൊഴിലിനും അംഗീകാരം കിട്ടാന്‍ തുടങ്ങി. അവരുടെ പേരുകള്‍ രേഖകളില്‍ എഴുതിച്ചേര്‍ക്കാന്‍ തുടങ്ങി. സ്ത്രീകള്‍ വിദ്യാഭ്യാസമുള്ളവരാണെങ്കില്‍ അവരുടെ സാഹചര്യങ്ങള്‍ പ്രത്യേകിച്ച് അവരുടെ കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള സാഹചര്യം ഉണ്ടാകും എന്ന തിരിച്ചറിവിന്‍റെ, പ്രായോഗികതയുടെ ഫലമായാണ് ആധുനിക വൈദ്യരംഗത്തേക്കു കേരളത്തിലെ സ്ത്രീകള്‍ കടന്നു വന്നത്. ആരോഗ്യത്തേയും ശുചിത്വത്തേയും കുറിച്ചുള്ള പുതിയ അറിവുകളും പ്രയോഗിക പരിജ്ഞാനവും സ്ത്രീകള്‍ക്ക്ലഭിച്ചപ്പോള്‍, അതിന്‍റെ ഗുണഫലങ്ങള്‍ അനുഭവവേദ്യമായപ്പോള്‍ ആ അറിവ് അടുത്ത തലമുറകളിലേക്കും പകരാന്‍തുടങ്ങി.നിലവിലുണ്ടായിരുന്ന എതിര്‍പ്പുകളേയും അവഗണനകളേയും തോല്‍പ്പിച്ച് കൊണ്ട് ഇന്ത്യയില്‍ പൊതുവിലും കേരളത്തില്‍ പ്രത്യേകിച്ചും വനിതാ ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും ഉണ്ടായത് ഇക്കാലയളവിലാണ്. ഇന്ത്യയിലെ മാതൃ ശിശു മരണ നിരക്കുകള്‍ കുറഞ്ഞ ആദ്യ സംസ്ഥാനം എന്ന പേര് ലഭിക്കാന്‍ കേരളത്തിന് കഴിഞ്ഞതും, കേരളത്തിന്‍റെ സമ്പദ് വ്യവസ്ഥയില്‍ ശക്തമായ മാറ്റം ഉണ്ടാക്കിയ വിദേശ സാമ്പത്തിക സ്രോതസ്സുകളുടെ ഏറിയ പങ്കും സംഭാവന ചെയ്യുന്നവരായി മാറാന്‍ കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞതും ഈ മാറ്റത്തിന്‍റെ ഫലമാണ്. ഏതു പ്രതിസന്ധി ഘട്ടത്തിലും പ്രവര്‍ത്തനമേഖലയുടെ മഹത്വവും ഉയര്‍ത്തിപ്പിടിക്കുന്ന (നേഴ്സ് ലിനിയെപ്പോലുള്ളവര്‍) ആരോഗ്യപ്രവര്‍ത്തകവരാകാന്‍ കഴിയുന്നത് കേരളത്തിലെ വനിതകള്‍ക്കു തൊഴിലിന്‍റെ മഹത്വവും മേന്മയും അറിയുന്നവര്‍ ആയത് കൊണ്ട് തന്നെയാണ്.

സഹായക ഗ്രന്ഥങ്ങള്‍
1. The Birth of the Clinic– Michael Foucault
2. Colonizing the Body: State Medicine and Epidemic Disease in Nineteenth-Century India– David Arnold
3. Public Health and Medical Research in India; Their origins and Development under the Impact of British Colonial Policy – Radhika Ramasubban

ഡോ. സന്ധ്യ ജെ. നായര്‍
അസിസ്റ്റന്‍റ് പ്രൊഫസര്‍
ചരിത്ര വിഭാഗം
ഗവണ്മെന്‍റ് കോളേജ് ആറ്റിങ്ങല്‍

COMMENTS

COMMENT WITH EMAIL: 0