Homeചർച്ചാവിഷയം

വാക്സിന്‍ സാമ്രാജ്യത്വം: ഒരു സ്ത്രീവാദ അവലോകനം

ലോകത്തെ അഭിമുഖീകരിക്കുന്ന ഏതൊരു പ്രതിസന്ധിയേയും പോലെ കോവിഡും അതിന്‍റെ പ്രത്യാഘാതങ്ങളും ഫെമിനിസ്റ്റ് അവലോകനത്തിന് വിധേയമാക്കേണ്ടതുണ്ട് . പല തരത്തില്‍ നമുക്ക് കോവിഡിനെ ഫെമിനിസ്റ്റ് തിയറികളിലൂടെ അവലോകനം ചെയ്യാവുന്നതാണ്. ഉദാഹരണത്തിനു നേതൃത്വ സ്ഥാനങ്ങളിലെ സ്ത്രീ വിജയം ചര്‍ച്ച വിഷയമായിരുന്നു. രാഷ്ട്രീയം സ്ത്രീകള്‍ക്ക് ചേര്‍ന്ന ജോലി അല്ല എന്ന പൊതു ബോധത്തെ അസാധുവാക്കുംവിധം ലോകത്തിന്‍റെ പല കോണുകളില്‍ നേതൃ സ്ഥാനങ്ങള്‍ വഹിച്ച സ്ത്രീകള്‍ മഹാമാരിയെ യുക്തിപരമായും ശാസ്ത്രീയമായും സധൈര്യം നേരിട്ട കാഴ്ച ലോകം കണ്ടു (Freizer et al, 2022).
കോവിഡിന്‍റെ മുന്‍നിര പ്പോരാളികളില്‍ വല്യ വിഭാഗം സ്ത്രീകള്‍ തന്നെയാണല്ലോ. ലോകത്തിലെ ആരോഗ്യം (ഹെല്‍ത്ത് കെയര്‍), സാമൂഹ്യ പ്രവര്‍ത്തനം (സോഷ്യല്‍ വര്‍ക്ക്) എന്നീ മേഖലകളിലെ 70% ജോലികളും സ്ത്രീകളാണ് ചെയ്യുന്നത് (WHO, 2021). ഇന്ത്യയിലെ ലക്ഷക്കണക്കിന് വരുന്ന ആശാ വര്‍ക്കേഴ്സ് പലപ്പോഴും അവരുടെ തുച്ഛമായ ശമ്പളം പോലും കിട്ടാതെ നില്‍ക്കുമ്പോഴാണ് കോവിഡ് കാലത്തു ഇന്ത്യയെ താങ്ങി നിര്‍ത്തിയത് (Thripathi & Thaker, 2021). . കോവിഡിനെ ഉന്മൂലനം ചെയ്യുക അല്ലെങ്കില്‍ കോവിഡിന്‍റെ പ്രത്യാഘാതങ്ങളെ പരമാവധി കുറക്കുക എന്നത് ഈ സെക്ടറുകളില്‍ ജോലി ചെയ്യുന്ന ലോകമെമ്പാടുമുള്ള കോടിക്കണക്കിനു സ്ത്രീകളുടെ ആവശ്യമാണ്.

അന്താരാഷ്ട്രപഠനങ്ങള്‍ പ്രകാരം കോവിഡ് കാലത്തു ജോലി നഷ്ടമായവരില്‍ വലിയൊരു വിഭാഗം സ്ത്രീകളാണ്. തൊഴിലില്‍ ഉണ്ടായിരുന്ന സ്ത്രീകളില്‍ 5%ശതമാനം പേര്‍ക്കാണ് ജോലി നഷ്ടമായത്. പുരുഷന്മാരുടെ കണക്കു 3.4% ആണ് (Oxfam, 2021) ലോക്ഡൗണ്‍ കാലത്തു ഗാര്‍ഹിക പീഡനനിരക്കുകള്‍ ലോകമെമ്പാടും കുത്തനെ വര്‍ദ്ധിച്ചു. (പ്രത്യേകിച്ച് സ്ത്രീകള്‍ക്കും ക്വിയര്‍ സമുദായത്തില്‍ പെട്ടവര്‍ക്കും). കോവിഡ് കാലത്തെ നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ കോടിക്കണക്കിനു സ്ത്രീകളെ അതികഠിന ദാരിദ്യത്തിലാഴ്ത്തിയപ്പോള്‍ അതിസമ്പന്നര്‍ അവരുടെ സമ്പത്തു ഇരട്ടിയായി കൂട്ടി (Oxfam, 2021) . ഇവയെല്ലാം ഫെമിനിസ്റ്റ് വിഷയങ്ങള്‍ തന്നെയാണ്.

വാക്സിനുകള്‍, വെന്‍റിലേറ്റര്‍, ഓക്സിജന്‍ മുതലായ ഐ.സീ.യു സജ്ജീകരണങ്ങള്‍, ട്രീറ്റ്മെന്‍റിനു ആവശ്യമായ മരുന്നുകള്‍ എന്നിവയെ പറ്റിയുള്ള നമ്മുടെ അറിവ് ഇന്ന് 2020-യെക്കാള്‍ ഒരുപാട് മുന്നിലെത്തിക്കഴിഞ്ഞു. എന്നാല്‍ ഇന്നും ഈ അവശ്യ മരുന്നുകളും സജ്ജീകരണങ്ങളും പല രാജ്യങ്ങളിലും ലഭ്യമല്ല. ഇന്ത്യയിലെ തന്നെ ജനങ്ങളില്‍ 60% പേര്‍ക്കേ വാക്സിന്‍ കിട്ടിയിട്ടുള്ളു. പല പ്രദേശങ്ങളിലും ദാരിദ്ര്യം, വിശപ്പ്, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ അഭാവം തുടങ്ങിയവ ഇന്നും നിലനില്‍ക്കെ കോവിഡ് നിജസ്ഥിതി കൂടുതല്‍ ബുദ്ധിമുട്ടിലാക്കി. ലോകമെമ്പാടും ദാരിദ്ര്യത്തിന്‍റെ സമ്മര്‍ദ്ദം സ്ത്രീകളാണ് കൂടുതല്‍ അനുഭവിക്കുന്നത്- പ്രത്യേകിച്ചും ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവര്‍. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ഫെമിനിസ്റ്റ് പ്രവര്‍ത്തനങ്ങളുടെ ഒരു പ്രധാനപ്പെട്ട ലക്ഷ്യം ആകേണ്ടതുണ്ട്.

ലോകത്തെ മുഴുവന്‍ ബാധിച്ച കോവിഡ് മഹാമാരിയെ തുരത്താന്‍ അന്താരാഷ്ട്ര തലത്തില്‍ കൂട്ടായ ശ്രമങ്ങള്‍ വന്നാലേ നമുക്ക് കഴിയൂ. അത്തരത്തിലുള്ള ശ്രമങ്ങളെ കുറിച്ചും അതിനു തടയിടുന്ന സ്ത്രീപക്ഷവിരുദ്ധവും ജനവിരുദ്ധവുമായ ശക്തികളെ കുറിച്ചുമാണ് ഇവിടെ എഴുതുവാന്‍ താല്‍പര്യപ്പെടുന്നത്. അത്തരത്തില്‍ ലോകമെമ്പാടും ജനാധിപത്യപരമായി വാക്സിനും മരുന്നുകളും മറ്റു ചികിത്സാ സൗകര്യങ്ങളും എത്തിക്കുക വഴി മഹാമാരിയേയും, അതിന്‍റെ പ്രത്യാഘാതങ്ങളേയും പരമാവധി കുറയ്ക്കുക എന്ന ഉദ്ദേശ്യത്തോടെ നിലവില്‍ വന്ന ഒരു ജനകീയ സമരം ആണ് പീപ്പിള്‍സ് വാക്സിന്‍ മൂവ്മെന്‍റ്.

പീപ്പിള്‍സ് വാക്സിന്‍ മൂവ്മെന്‍റ്
എയ്ഡ്സ് പകര്‍ച്ചവ്യാധിയുടെ സമയത്തു ലോകത്തിനു പറ്റിയ തെറ്റുകള്‍ കണക്കിലെടുത്തു അന്താരാഷ്ട്ര തലത്തില്‍ ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് സന്നദ്ധസംഘടനകള്‍, ഗവേഷകര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, വിദഗ്ദ്ധര്‍ എന്നിവര്‍ ചേര്‍ന്ന് 2020-ല്‍ തുടങ്ങിയ ഒരു ജനകീയ പ്രക്ഷോഭം ആണ് പീപ്പിള്‍സ് വാക്സിന്‍ മൂവ്മെന്‍റ്. ഇതോടൊപ്പം ചേര്‍ത്ത് കാണേണ്ട മറ്റൊരു ശ്രമം ആണ് TRIPS waiver. ഇതേക്കുറിച്ചു കുറച്ചു കൂടി വിശദീകരിക്കാം.

എയ്ഡ്സ് പ്രതിസന്ധി അതിന്‍റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിയിരുന്ന സമയത്ത് (1980 കളുടെ അവസാനം തൊട്ടു 2000 ങ്ങളുടെ മധ്യഭാഗം വരെ) ലക്ഷ ക്കണക്കിന് ജനങ്ങളാണ് എയ്ഡ്സ് മൂലം മരിച്ചുകൊണ്ടിരുന്നത്. മരണങ്ങള്‍ കൂടുതല്‍ ലോകത്തിന്‍റെ ദരിദ്ര പ്രദേശങ്ങളിലായിരുന്നു. എന്നാല്‍ 1987-ല്‍ എച്ച്.ഐ.വി.ട്രീറ്റ്മെന്‍റ് കണ്ടുപിടിച്ചു കഴിഞ്ഞിരുന്നു. ഫൈസര്‍ ഉള്‍പ്പടെയുള്ള വന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കോര്‍പ്പറേറ്റുകള്‍ മരുന്നിന്‍റെ ബൗദ്ധികസ്വത്ത് (intellectual property) കൈക്കലാക്കി വെച്ചിരുന്നു. മരുന്ന് ഉണ്ടായിരുന്നിട്ടും അത് പാവപ്പെട്ട ജനങ്ങളിലേക്ക് എത്തിയില്ല. പകരം മരുന്ന് കമ്പനികള്‍ അവരുടെ ലാഭത്തിനായി കൃത്രിമമായി വില കൂട്ടി ജനങ്ങളുടെ നിസ്സഹായാവസ്ഥയില്‍ നിന്ന് ലാഭം കൊയ്തുകൊണ്ടിരുന്നു. ഡോക്ടര്‍സ് വിതൗട് ബോര്‍ഡേഴ്സ് കണക്കുകള്‍ പ്രകാരം ട്രീറ്റ്മെന്‍റ് ലഭിക്കാതെ ആഫ്രിക്കയില്‍ മരിച്ചവരുടെ എണ്ണം ഒരു കോടി ഇരുപതു ലക്ഷമാണ് (Scourse, 2021). ഇതിനെ ഒരു വംശഹത്യക്കു തുല്യമായാണ് പല ആരോഗ്യപ്രവര്‍ത്തകരും കാണുന്നത്. ഇതേ സമയം ഫാര്‍മകമ്പനികള്‍ കൊയ്ത ലാഭം റെക്കോര്‍ഡുകള്‍ തകര്‍ത്തു കുതിച്ചുയര്‍ന്നു. ഫോര്‍ച്യൂണ്‍ 500 പട്ടികയില്‍ ആ സമയത്തു ഉണ്ടായിരുന്ന അന്‍പത് ഫാര്‍മ കമ്പനികള്‍ മറ്റു നാനൂറ്റിഅന്‍പത് കമ്പനികളുടെ മുഴുവന്‍ ലാഭത്തെ കടത്തിവെട്ടി.

ഒടുവില്‍ ദക്ഷിണാഫ്രിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഒരു ദശാബ്ദം നീണ്ടു നിന്ന ജനകീയ പ്രക്ഷോഭത്തിന്‍റെ ഫലമായി ഭൗതികസ്വത്ത് കോര്‍പറേറ്റുകള്‍ക്ക് വിട്ടുനല്‍കേണ്ടി വന്നു. ഇന്ത്യ ഉള്‍പ്പെടെയുള്ള വികസ്വര രാജ്യങ്ങളില്‍ വന്‍ തോതില്‍ എച്ച്.ഐ.വി. മരുന്നുകള്‍ കുത്തകകള്‍ ഇല്ലാതെ ഉത്പാദിപ്പിച്ചു ലോകത്തു മുഴുവന്‍ ചെറിയ വിലക്ക് എത്തിച്ചതിനു ശേഷമാണ് എയ്ഡ്സ് പകര്‍ച്ചവ്യാധിയുടെ മരണ നിരക്ക് നിയന്ത്രിച്ചു കൊണ്ടുവന്നത്.

ഇതേ കഥയുടെ തനിയാവര്‍ത്തനമാണ് ഇപ്പോള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. വാക്സിനുകളുടെ കണ്ടെത്തലില്‍ കോടിക്കണക്കിനു പൊതു സ്വത്താണ് നിക്ഷേപിച്ചിരുന്നത് (ഉദാ :oxford /astra zeneca 97% publicly funded. See Safi, 2021). എന്നാല്‍ വാക്സിന്‍ കണ്ടെത്തി കഴിയുമ്പോഴേക്കും അവയുടെ ഫോര്‍മുല കമ്പനികള്‍ സ്വകാര്യവത്കരിച്ചു. വാക്സിനുകള്‍ക്ക് പുറമെ ട്രീറ്റ്മെന്‍റിനു ആവശ്യമായ മറ്റു സാങ്കേതിക ഉപകരണങ്ങള്‍ ഉള്‍പ്പെടെ ലോക വ്യാപാര സംഘടനയുടെ ബൗദ്ധികസ്വത്ത് നിയമങ്ങള്‍ക്കു കീഴില്‍ പരിമിതമായാണ് ഉത്പാദനവും വിതരണവും നടക്കുന്നത്. ഉത്പാദനം പരിമിതപ്പെടുമ്പോള്‍ വിതരണവും പരിമിതപ്പെടുന്നു. അതോടൊപ്പം വിലയും ദരിദ്രരാഷ്ട്രങ്ങള്‍ക്ക് താങ്ങാന്‍ പറ്റുന്നതിലും മുകളിലാണ്. എന്ന് മാത്രമല്ല, നിലവിലുള്ള സ്റ്റോക്ക് സമ്പന്ന രാഷ്ട്രങ്ങള്‍ വലിയ വില കൊടുത്തു മുഴുവനായും കൈക്കലാക്കി വെച്ചിരിക്കുകയാണ്. കാനഡയില്‍ കഴിഞ്ഞ വര്‍ഷം ലക്ഷക്കണക്കിന് വാക്സിന്‍ ഡോസുകളാണ് ഉപയുക്തമായ തീയതി കഴിഞ്ഞു നിരാകരിക്കപ്പട്ടത് . ഭാവിയില്‍ ഉത്പാദിപ്പിക്കുന്ന സ്റ്റോക്ക് വരെ കമ്പനികളുമായി ബൈലാറ്ററല്‍ കരാറുകള്‍ വഴി കരസ്ഥമാക്കുകയും ചെയ്തു.

കഴിഞ്ഞ നവംബറില്‍ ഓമിക്രോണ്‍ ദക്ഷിണാഫ്രിക്കന്‍ പ്രദേശത്തു കണ്ടെത്തുമ്പോള്‍ ആഫ്രിക്കയിലെ ആരോഗ്യ പ്രവര്‍ത്തകരുടെ തന്നെ വാക്സിനേഷന്‍ നിരക്ക് വെറും ഇരുപത്തേഴ് ശതമാനം മാത്രമായിരുന്നു (WHO Africa, 2021). ഇതുകൊണ്ടു തന്നെയാണ് വാക്സിനും മറ്റു അവശ്യ സാങ്കേതിക ഉപകരണങ്ങളും ലോകമെമ്പാടും എത്തിക്കണം എന്ന് ആരോഗ്യ വിദഗ്ധര്‍ വീണ്ടും വീണ്ടും ആവശ്യപ്പെടുന്നത്.

മുന്നോട്ടുള്ള വഴി
എങ്ങനെ വാക്സിനുകള്‍, മരുന്നുകള്‍, അവശ്യ സാങ്കേതിക ഉപകരണങ്ങള്‍ ലോകമെമ്പാടും എത്തിക്കാന്‍ കഴിയും? അതിനുള്ള ആദ്യപടി ഉത്പാദനം വര്‍ദ്ധിപ്പിക്കുക എന്നുള്ളതാണ്. ലോകമെമ്പാടും- ഇന്ത്യയിലും ബംഗ്ലാദേശിലും ദക്ഷിണാഫ്രിക്കയിലും നൈജീരിയയിലും- ഉള്ള ഉത്പാദന ശേഷി മുഴുവന്‍ ഉപയുക്തമാക്കിയാല്‍ ഉത്പ്പാദനം പതിന്മടങ്ങു വര്‍ദ്ധിപ്പിക്കാവുന്നതാണ്. എന്നാല്‍ ലോകവ്യാപാര സംഘടനയുടെ intellectual property നിയമങ്ങള്‍ ജനറിക് ഉത്പ്പാദനത്തെ തടസ്സപ്പെടുത്തി നില്‍ക്കുകയാണ്. ഈ അവസ്ഥയെ അഭിസംബോധന ചെയ്യുന്നതാണ് നൂറില്‍ പരം വികസ്വര രാജ്യങ്ങള്‍ ലോക വ്യാപാര സംഘടനക്ക് മുന്‍പില്‍ വച്ചിട്ടുള്ള TRIPS waiver എന്ന നിര്‍ദേശം. 2020 ഒക്ടോബറില്‍ ആണ് സൗത്ത് ആഫ്രിക്ക മുന്‍കൈയെടുത്തു ലോക വ്യാപാര സംഘടനയില്‍ ഈ നിര്‍ദ്ദേശം മുന്‍പോട്ടു വെച്ചത്. മഹാമാരി കഴിയും വരെ കോവിഡിനു ആവശ്യമായ ട്രീറ്റ്മെന്‍റുകള്‍ മുഴുവന്‍ കുത്തകകള്‍ ഒഴിവാക്കി പൊതു ഉത്പ്പാദനത്തിനു വിട്ടു നല്‍കണം എന്നാണ് നിര്‍ദ്ദേശത്തിന്‍റെ സാരാംശം.

വാക്സിന്‍ സാമ്രാജ്യത്വം
നൂറില്‍ പരം വികസ്വര രാജ്യങ്ങളും ആയിരക്കണക്കിന് സന്നദ്ധ സംഘടനകളും ഈ നീക്കത്തെ പിന്തുണക്കുന്നുണ്ടെങ്കിലും മുതലാളിത്ത വ്യവസ്ഥയെ പിന്തുണക്കുന്ന സമ്പന്ന രാജ്യങ്ങള്‍ പ്രത്യേകിച്ച് ജര്‍മ്മനി,യു.കെ,ആസ്ട്രേലിയ,കാനഡ,ഫ്രാന്‍സ്, ജപ്പാന്‍ ഈയടുത്തു വരെ യു.എസ്.എ ഫാര്‍മ കമ്പനികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച്, ഈ ജനകീയ പ്രക്ഷോഭത്തെ എതിര്‍ത്ത് നില്‍ക്കുകയാണ്. ലോക വ്യാപാര സംഘടനയില്‍ നിയമ മാറ്റങ്ങള്‍ക്കു എതിര്‍പ്പില്ലാതെ എല്ലാ രാജ്യങ്ങളുടേയും പിന്തുണ വേണം. അങ്ങനെ അഞ്ചോ ആറോ രാജ്യങ്ങള്‍ ലോകത്തെ മുഴുവന്‍ പ്രതിസന്ധിയിലാക്കുന്ന നവകൊളോണിയല്‍ നയത്തില്‍ ഉറച്ചു നില്‍ക്കുകയാണ്. ഈ നയങ്ങളെയാണ് വാക്സിന്‍ സാമ്രാജ്യത്വം എന്ന് ആരോഗ്യ വിദഗ്ദ്ധര്‍ വിളിക്കുന്നത് (Sekalala et al, 2021).

എന്താണ് സമ്പന്ന രാഷ്ട്രങ്ങള്‍ മുന്നോട്ടു വയ്ക്കുന്ന ബദല്‍?
ഈ അവസ്ഥക്ക് സമ്പന്ന രാജ്യങ്ങള്‍ മുന്നോട്ടുവെക്കുന്ന പരിഹാരം, പതിവ് പോലെ ‘charity model’ ആണ് (Harman et al, 2021).. സമ്പന്ന രാജ്യങ്ങള്‍ വാക്സിന്‍ ഐക്യരാഷ്ട്രസഭയുടെ കോവാക്സ് പദ്ധതിക്കു ദാനം ചെയ്യും എന്നും, അത് ദരിദ്ര രാഷ്ട്രങ്ങളിലേക്ക് എത്തിക്കും എന്നുമാണ്. എന്നാല്‍ ഇപ്പോഴത്തെ ഉത്പ്പാദനം വളരെ പരിമിതമായിരിക്കെ എങ്ങനെ ദാനം, സംഭാവന പരിപാടികള്‍ വിജയിക്കും കോവാക്സ് പദ്ധതി പരാജയപ്പെട്ടതും ഇതുകൊണ്ടുതന്നെ (UNAIDS, 2021).. ഇത്തരത്തില്‍ ഒരുവശത്ത് ചാരിറ്റി മോഡല്‍ മുന്നോട്ടു വെച്ച് മഹാമനസ്കത ചമയുകയും മറുവശത്തു ലോകവ്യാപാര സംഘടനയിലൂടെ വികസ്വര രാജ്യങ്ങളുടെ ഉത്പ്പാദനശേഷിക്കു തടസ്സം നില്‍ക്കുകയും ചെയ്യുന്നതു സമ്പന്ന രാഷ്ട്രങ്ങളുടെ നവ കൊളോണിയല്‍ നയങ്ങള്‍ക്ക് മറ്റൊരു ഉദാഹരണം ആണ്.

ഫെമിനിസ്റ്റ് സംഘനകള്‍ക്കു എന്ത് ചെയ്യാന്‍ കഴിയും?
പീപ്പിള്‍സ് വാക്സിന്‍ എന്ന അന്താരാഷ്ട്ര ജനകീയ പ്രക്ഷോഭത്തിന് ലോകമെമ്പാടുമുള്ള ഫെമിനിസ്റ്റ് സംഘനകള്‍ പിന്തുണ പ്രഖ്യാപിച്ച് ഒപ്പം നിന്ന് പ്രവര്‍ത്തിക്കേണ്ടുന്നതുണ്ട്. സ്ത്രീകള്‍, ക്വിയര്‍ സമുദായത്തില്‍ പെട്ടവര്‍, ദരിദ്രര്‍, മറ്റു പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങള്‍ മഹാമാരിയുടെ കടുത്ത പ്രത്യാഘാതങ്ങള്‍ കൂടുതല്‍ അനുഭവിച്ചുകൊണ്ടിരിക്കെ, ഇതിനെ ചെറുത്തു നില്‍ക്കാന്‍ ആവശ്യമായ സാധനങ്ങള്‍ കച്ചവടവത്കരിക്കുന്ന വ്യവസ്ഥിതിയെ ചെറുക്കേണ്ടതുണ്ട്.

ആഗോള മുതലാളിത്ത വ്യവസ്ഥയും അതിനെ താങ്ങി നിര്‍ത്തുന്ന നവകൊളോണിയല്‍ നയങ്ങളും വികസ്വര രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് മാത്രമല്ല വിനയാകുന്നത്. സമ്പന്ന രാജ്യങ്ങളിലെ സ്ത്രീകള്‍, ദരിദ്രര്‍, പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ മുതലായവരും വികലമായ ഈ സമ്പദ്ഘടനയുടെ പരിണത ഫലങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. മഹാമാരിയെ മറികടക്കണമെങ്കില്‍ ലാഭത്തെ മുന്‍ നിര്‍ത്തിയല്ല, മറിച്ച് ഐക്യദാര്‍ഢ്യത്തെ മുന്‍നിര്‍ത്തിയുള്ള നയങ്ങള്‍ ആഗോളതലത്തില്‍ വരണം.

സഹായക ഗ്രന്ഥങ്ങള്‍

Harman, S., Erfani, P., Goronga, T., Hickel, J., Morse, M., & Richardson, E. T. (2021). Global vaccine equity demands reparative justice—not charity. BMJ Global Health, 6(6), e006504.

Oxfam (2021).COVID-19 cost women globally over $800 billion in lost income in one year.https://www.oxfam.org/en/press-releases/covid-19-cost-women-globally-over-800-billion-lost-income-one-year#:~:text=The%20COVID%2D19%20crisis%20cost,3.9%20percent%20loss%20for%20men.

Oxfam (2022). Ten richest men double their fortunes in pandemic while incomes of 99 percent of humanity fall.https://www.oxfam.org/en/press-releases/ten-richest-men-double-their-fortunes-pandemic-while-incomes-99-percent-humanity?fbclid=IwAR2sXnwN87RFtKfUVmB3vvJNoOdPYizad_5bwNpRkD9tzduF3kroKAVfObs

Scourse, R. (2021, January 22). Pharma urged to waive IP on covid technologies. Politics UK. https://www.politics.co.uk/comment/2021/01/22/pharma-urged-to-waive-ip-on-covid-technologies/

Sekalala, S., Forman, L., Hodgson, T., Mulumba, M., Namyalo-Ganafa, H., & Meier, B. M. (2021). Decolonising human rights: how intellectual property laws result in unequal access to the COVID-19 vaccine. BMJ Global Health, 6(7), e006169.

Tripathy, N., Thaker, N. (2021, July 26). ASHA workers: The underpaid, overworked, and often forgotten foot soldiers of India. Forbes India. https://www.forbesindia.com/article/take-one-big-story-of-the-day/asha-workers-the-underpaid-overworked-and-often-forgotten-foot-soldiers-of-india/69381/1

WHO (2021). Delivered by women, led by men:A gender and equity analysis of the global health and social workforce. https://www.who.int/publications/i/item/978-92-4-151546-7

Safi, M (2021, April 15). Oxford/Astra Zeneca Covid Vaccine Research was 97% publicly funded.The Guardian. https://www.theguardian.com/science/2021/apr/15/oxfordastrazeneca-covid-vaccine-research-was-97-publicly-funded

WHO Africa (2021) Only 1 in 4 African health workers fully vaccinated against COVID-19. https://www.afro.who.int/news/only-1-4-african-health-workers-fully-vaccinated-against-covid-19

Djuric, M & Osman, L. (2021, November 19). At least one million COVID-19 vaccine doses have been wasted in Canada: survey. Global News. https://globalnews.ca/news/8386244/one-million-covid-19-vaccine-doses-wasted-canada/

ഡോ. ജോസഫിന്‍ വര്‍ഗീസ്
ഗസ്റ്റ് ലക്ചറര്‍, ന്യൂസിലാന്‍ഡില്‍ യൂണിവേഴ്സിറ്റി ഓഫ് കാന്‍റര്‍ബറി, ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് സോഷ്യോളജി, ആന്ത്രോപോളജി & ഹ്യൂമന്‍ സര്‍വീസസ്

 

 

 

 

 

Newer Post
Older Post

COMMENTS

COMMENT WITH EMAIL: 0