നിമിഷ എന്ന 12 വയസ്സുകാരി പെണ്‍കുട്ടി പാല്‍ കുടിച്ചുകൊണ്ടേയിരുന്നു. എത്ര പാല്‍ കുടിച്ചിട്ടും അവള്‍ വെളുക്കുന്നതേയില്ല എന്ന് അമ്മ ഓരോ ദിവസവും പറയുകയും ചെയ്തു. ഒടുവില്‍ നിമിഷ മരണത്തിലേക്ക് നടന്നുചെന്നു, അമ്മൂമ്മയുടെ മരുന്നുപെട്ടിയിലെ ഗുളികകള്‍ മുഴുവന്‍ അവള്‍ കഴിച്ചത് ഒരു കപ്പ് പാല്‍ കുടിച്ചു കൊണ്ടാണ്. മാനസികാഘാതം താങ്ങാനാകാതെ അമ്മയെ ചികിത്സയ്ക്കെത്തിച്ചു. മനോരോഗവിദഗ്ധന് കാര്യം പെട്ടെന്ന് മനസ്സിലായി. കറുത്ത നിറമുള്ള നിമിഷയെ ഓരോ പാല്‍കപ്പിലൂടെയും അമ്മ വൈകാരികമായി തളര്‍ത്തുകയായിരുന്നുവെന്ന്. ഇമോഷണല്‍ അബ്യൂസ് എന്ന് ഇംഗ്ലീഷില്‍ പേരിട്ടുവിളിക്കുന്ന മാനസികമായ അടിച്ചമര്‍ത്തല്‍, പീഡനം എന്ന വാക്കിനു അര്‍ത്ഥവ്യാപ്തി ഉണ്ടായിരിക്കുന്ന പുതിയ കാലത്ത് വൈകാരിക പീഡനം എന്നും പറയാം.
മറ്റു പീഡനങ്ങളെ അപേക്ഷിച്ച് വാക്കുകള്‍ കൊണ്ട് മുറിവേല്‍പ്പിക്കുമ്പോള്‍ അത് ചെയ്യുന്ന ആളോ, അനുഭവിക്കുന്ന ആളോ അറിയുന്നില്ല എത്ര കൊടിയ ആഘാതങ്ങളാണ് അവയ്ക്ക് സൃഷ്ടിക്കാനാവുന്നതെന്ന്!
നിമിഷയുടെ വെളുത്ത അമ്മയ്ക്ക് കറുത്ത നിറമുള്ള മകള്‍ ഉണ്ടാക്കിയ അപകര്‍ഷതാബോധത്തിനൊപ്പം മകളെ പാല്‍ കുടിപ്പിക്കാനുള്ള എളുപ്പമാര്‍ഗ്ഗം കൂടിയായിരുന്നു അവളോട് നിരന്തരം ഉരുവിട്ടിരുന്ന വാക്കുകള്‍. ഓരോ അമ്മയും അച്ഛനും എന്തിന് സുഹൃത്തും ശത്രുവും ഇങ്ങനെ വാക്പീഡനങ്ങള്‍ വഴി അന്യോന്യം തളര്‍ത്തുന്നു.
പ്രിയപ്പെട്ടവര്‍ സ്നേഹത്തിലായാലും ദേഷ്യത്തിലായാലും പറയുന്ന വാക്കുകള്‍ മനസ്സില്‍ ഒരുപാട് ചലനങ്ങളുണ്ടാക്കുമെന്നതിന് സംശയമേ വേണ്ട, കുട്ടികളില്‍ പ്രത്യേകിച്ചും. എത്രയെത്ര പ്രതീക്ഷകളാണ് കുട്ടികളില്‍ നിന്ന് തല്ലിക്കൊഴിക്കപ്പെടുന്നത്!
വൈകാരിക ഹിംസ എന്ത്, എങ്ങനെ?
വളരെ അടുപ്പമുള്ളവരോ ഉറ്റ ബന്ധുക്കളോ ആയവര്‍ക്കിടയില്‍ വൈകാരിക പീഡനം കണ്ടുവരുന്നു. കരുതിക്കൂട്ടി മറ്റൊരു വ്യക്തിയെ നിന്ദിക്കുകയും അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്യുന്നതാണ് ഇതിന്‍റെ രീതി. പീഡനം അനുഭവിക്കുന്നവര്‍ക്ക് ആത്മാഭിമാനം നഷ്ടമാവുന്നത് സാധാരണയാണ്. ഇത്തരം ഹിംസ നടത്തുന്നയാള്‍ക്ക് ബന്ധത്തില്‍ മേല്‍ക്കൈ ലഭിക്കുന്നത് സാധാരണമാണ്. പീഡനം അനുഭവിക്കുന്നയാള്‍ക്ക് ദൗര്‍ബല്യമോ നിസ്സഹായതയോ ഒക്കെ അനുഭവപ്പെടുന്നു. പലപ്പോഴും പീഡിപ്പിക്കുന്നയാള്‍ക്ക് തന്‍റെ വാക്കുകളും പ്രവര്‍ത്തികളും മറ്റേയാളില്‍ ഉണ്ടാക്കുന്ന മുറിവുകളെക്കുറിച്ച് അറിവുണ്ടാകണം എന്ന് കൂടിയില്ല.
മഞ്ജുളയുടെ ജീവിതം മഞ്ഞു പോലെ പൊടിഞ്ഞു പോകുന്നത് കണ്ടു നില്‍ക്കാനാവുന്നില്ലെന്ന് അവളുടെ അമ്മ നിറകണ്ണുകളോടെ നിരന്തരം പറഞ്ഞു കൊണ്ടേയിരിക്കുന്നു. മിടുക്കിയായിരുന്നു അവള്‍..പഠിക്കാന്‍, പാട്ടു പാടാന്‍, നൃത്തം ചെയ്യാന്‍….കുസൃതിയുടെയും സന്തോഷത്തിന്‍റെയും പ്രതിരൂപമായിരുന്ന മഞ്ജുള വിവാഹത്തോടെ നിശ്ശബ്ദയായി…അവളുടെ ഭര്‍ത്താവ് തന്‍റെ സ്ത്രീ സങ്കല്പം കൃത്യമായി പ്രഖ്യപിച്ചിരുന്നു, വീട്ടിനുള്ളില്‍ ഒതുങ്ങേണ്ടവളാണ് സ്ത്രീ.. ഭര്‍ത്താവിന്‍റെയും മക്കളുടെയും കാര്യങ്ങള്‍ നോക്കുകയാണ് സ്ത്രീയുടെ കര്‍ത്തവ്യം. ഉച്ചത്തില്‍ അധികാരപൂര്‍വ്വം അയാള്‍ പറഞ്ഞു കൊണ്ടേയിരുന്നു. മഞ്ജുളയ്ക്ക് വാക്കുകള്‍ ഇല്ലാതായി,പാടാന്‍ മാത്രമല്ല ചിരിക്കാനും അവള്‍ മറന്നു.അവളെ തന്നെ അവള്‍ മറന്നു പോയി. ഇന്ന് ഭര്‍ത്താവിനവളെ ഒരു വിലയുമില്ലെന്നും ഒന്നിനും കഴിവില്ലാത്തവള്‍ എന്നു പറഞ്ഞു ഇകഴ്ത്തുമ്പോള്‍ നിസ്സഹായയായി കേട്ടു നില്‍ക്കുമെന്നും പറയുമ്പോള്‍ അമ്മയുടെ കണ്ണു നിറയുന്നുണ്ടായിരുന്നു. എന്തെല്ലാമായിരുന്നു അവളെ കുറിച്ചുള്ള പ്രതീക്ഷകള്‍. എത്ര പറഞ്ഞിട്ടും മകള്‍ സ്വന്തം വില തിരിച്ചറിയുന്നില്ലെന്നതാണ് അമ്മയെ അമ്പരപ്പിക്കുന്നത്. ഭര്‍ത്താവ് സൃഷ്ടിച്ചേകിയ പ്രതിരൂപത്തിനുള്ളില്‍ നിന്ന് പുറത്തു കടക്കാനുള്ള ശേഷി മഞ്ജുളയ്ക്ക് ആര്‍ജ്ജിക്കാനാവുന്നില്ല,അത്രത്തോളം ആഴത്തിലാണ് അവള്‍ വൈകാരികമായി തളര്‍ത്തപ്പെട്ടത്.
ജീവിതാന്ത്യം വരെ മാഞ്ഞുപോകാത്ത മുറിവുകള്‍ മനസ്സില്‍ സൃഷ്ടിക്കപ്പെടാന്‍ കുറച്ച് വാക്കുകള്‍ മതി. മറ്റൊരാള്‍ സൃഷ്ടിച്ചെടുക്കുന്ന സ്വരൂപത്തിനുള്ളില്‍ നിന്ന് പുറത്ത് കടക്കാനാവാതെ പിടയുന്നവരോ ചുറ്റുമുള്ളവരോ അറിയാതെ പോകുന്നു, എന്തുകൊണ്ടാണിങ്ങനെ എന്ന്!
നമ്മുടെ വിദ്യാലയങ്ങളില്‍ ചൂരലുകള്‍ നിരോധിക്കപ്പെട്ടു കഴിഞ്ഞു. പക്ഷെ, അടിയെക്കാള്‍ മാരകമായ വാക്കുകളില്‍ കുട്ടികളുടെ വ്യക്തിത്വം വളര്‍ച്ചയറ്റു പോകുന്നത് പലപ്പോഴും നാമറിയാറില്ല.
1) വൈകാരിക ഹിംസയിലെ പെരുമാറ്റങ്ങള്‍
ഹിംസിക്കുന്നയാള്‍ മറ്റേയാളിനെ നിരന്തരമായി പിന്തുടരുന്നതും ബന്ധങ്ങളില്‍ അവിശ്വാസം രേഖപ്പെടുത്തുന്നതും സാധാരണമാണ്. ‘എവിടെ പോകുന്നു?’ ‘ആര്‍ക്കൊപ്പമാണ്’ എന്ന് തുടര്‍ച്ചയായി ചോദ്യം ചെയ്യും. വിശ്വാസ്യതയെ നിരന്തരമായി ചോദ്യം ചെയ്യുക വഴി മറ്റേയാളുടെ മനസ്സില്‍ അസ്വസ്ഥതയും സ്വയം മതിപ്പ് ഇല്ലായ്മയും ഉണ്ടാവും.
2) മുറിപ്പെടുത്തുന്ന സംസാരം.. മറ്റേയാളുടെ ശരീരത്തെക്കുറിച്ച്, വേഷത്തെക്കുറിച്ച്, കഴിവുകളെക്കുറിച്ച് ഒക്കെ കുറവുകള്‍ പറയുക, മറ്റേയാള്‍ അടിസ്ഥാനപരമായി ശരിയല്ല എന്ന് ഉറപ്പിച്ചു പറഞ്ഞു കൊണ്ടേയിരിക്കുക ഇതൊക്കെ വൈകാരിക പീഡനത്തില്‍ നടക്കുന്നു.
3) മറ്റുള്ളവരുടെ മുന്നില്‍ വെച്ച് കുറ്റപ്പെടുത്തുകയും വിമര്‍ശിക്കുകയും ചെയ്തിട്ട് സ്വകാര്യമായി മാപ്പ് പറയുന്നത് ഇത്തരം പീഡനത്തില്‍ സംഭവിക്കാറുണ്ട് .
4) കുറ്റപ്പെടുത്തല്‍, ശിക്ഷ , സ്നേഹ നിരാസം എന്നിവയിലൂടെ പീഡിപ്പിക്കപ്പെടുന്ന വ്യക്തിയെ നിയന്ത്രിക്കാന്‍ ശ്രമിക്കും. എവിടെ പോകുന്നു, എന്ത് ധരിക്കുന്നു, എന്ത് ചെയ്യുന്നു തുടങ്ങിയുള്ള നിരന്തരമായ ചോദ്യംചെയ്യല്‍ മാനസികമായ അടിമത്തത്തിലേക്ക് അവരെ കൊണ്ടെത്തിക്കും.
5) തന്‍റെ സ്നേഹം മഹത്തരമാണ് അതിനുള്ള അര്‍ഹത പീഡിപ്പിക്കപ്പെടുന്ന വ്യക്തിക്ക് ഇല്ല എന്ന തോന്നല്‍ സൃഷ്ടിക്കുകയും വൈകാരികമായ മമത നല്‍കാതിരിക്കുകയും ചെയ്യുന്നത് പീഡിപ്പിക്കപ്പെടുന്ന വ്യക്തി തന്‍റെ പോരായ്മകള്‍ കാരണമാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് വിശ്വസിക്കാനിടവരുത്തും. മറ്റുള്ളവരുടെ തെറ്റുകളുടെ ഉത്തരവാദിത്വം ഇവരുടെ പുറത്ത് വെച്ചുകെട്ടുന്നതും പതിവാണ്.
6) നിരസിക്കപ്പെടുന്ന വ്യക്തിയെ കണ്ടില്ലെന്ന് നടിക്കുക, അവരുടെ ചിന്തകളും തീരുമാനങ്ങളും ശരിയല്ലെന്നു നിരന്തരം പറയുക, ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ അവസരം നല്‍കാതിരിക്കുക, അവരുടെ ജീവിതത്തോടുള്ള കാഴ്ചപ്പാട് അവരുടെ രീതികള്‍ ഒക്കെ ശരിയല്ല എന്ന് പറഞ്ഞ് സ്ഥാപിക്കുക ഇവയും വൈകാരിക പീഡനത്തില്‍ സാധാരണമാണ്.
7) തന്‍റെ മനസ്സിന്‍റെ നിയന്ത്രണം വിട്ടു പോകുന്നത് മറ്റേയാളുടെ പ്രവര്‍ത്തികള്‍ മൂലമാണെന്ന് സ്ഥാപിച്ചെടുക്കുന്നത് ഇക്കൂട്ടരുടെ രീതിയാണ്. നടന്ന കാര്യങ്ങളെ തീര്‍ത്തും നിരാകരിച്ച് മറ്റേയാളില്‍ കണ്‍ഫ്യൂഷന്‍ സൃഷ്ടിക്കും. പലകാര്യങ്ങളും പീഡിപ്പിക്കപ്പെടുന്ന വ്യക്തി ഓര്‍മ്മിച്ചെടുക്കുന്നത് ശരിയായ രീതിയില്‍ അല്ല എന്ന് അവരെ വിശ്വസിപ്പിക്കും.
8) പീഡിപ്പിക്കപ്പെടുന്ന വ്യക്തിയെ സ്വന്തം കുടുംബത്തില്‍ നിന്നും കൂട്ടുകാരില്‍ നിന്നും അകറ്റാനായി അവരുടെ സഞ്ചാരത്തെയും ജീവിതത്തെയും നിയന്ത്രിക്കാന്‍ ഇക്കൂട്ടര്‍ ശ്രമിക്കാറുണ്ട്. പീഡിപ്പിക്കപ്പെടുന്ന വ്യക്തിയെ പൂര്‍ണമായും തകര്‍ക്കാന്‍ കഴിയുന്ന വിധത്തില്‍ സംസാരിക്കുക ഇവരുടെ രീതിയാണ് . പീഡിപ്പിക്കപ്പെട്ടവര്‍ ഭയത്തില്‍പ്പെട്ട് പീഡകരോട് സൂക്ഷിച്ചു പെരുമാറാനും അവരില്‍ അനിഷ്ടം ഉണ്ടാക്കുന്ന ഒന്നും ചെയ്യാതിരിക്കാനും ശ്രദ്ധിക്കാന്‍ പ്രേരിപ്പിക്കപ്പെടും. മിക്കപ്പോഴും പീഡകര്‍ പറയുന്നതാണ് ശരിയെന്ന് സ്വയം വിശ്വസിക്കാനും അവര്‍ തയ്യാറാവും. തങ്ങള്‍ ഒട്ടും ശരിയല്ല എന്നും താന്‍ കാരണമാണ് പീഡിപ്പിക്കപ്പെടുന്ന വ്യക്തികള്‍ ഇങ്ങനെയായതെന്നും ചിന്തിച്ചുപോകും. തുടക്കത്തില്‍ വൈകാരിക പീഡനം അത്ര തുറന്നതോ പ്രബലമോ ആയിരിക്കില്ല. പീഡനം അനുഭവിക്കുന്ന വ്യക്തി അതുമായി പതുക്കെപ്പതുക്കെ പൊരുത്തപ്പെട്ട് ഇത് സാധാരണമാണ് എന്ന അവസ്ഥയിലെത്തി ചേരുകയും ചെയ്യും.
ഹിംസിക്കപ്പെടുന്ന വ്യക്തിക്ക് തന്‍റെ മേല്‍ മറ്റേയാള്‍ക്കുള്ള സ്വാധീനം എത്രയാണെന്ന് അറിയാന്‍ കഴിയുന്നത് അപൂര്‍ണമാണ്. ഒരുതരത്തിലും വിലയില്ലാത്തയാളാണ് താനെന്ന ഒരു ചിന്തയില്‍ ഒറ്റപ്പെടലിന്‍റെ അവസ്ഥയില്‍ എത്തിച്ചേരുന്നത് വിരളമല്ല. പലപ്പോഴും മറ്റേയാള്‍ എത്ര മേല്‍ തകര്‍ക്കുകയാണ് എന്ന ബോധം പോലും പീഡിപ്പിക്കുന്നവര്‍ക്ക് ഉണ്ടാകണമെന്നില്ല. അവരുടെ ജീവിതത്തിന്‍റെ ഏതൊക്കെയോ വഴികളില്‍ അവര്‍ കണ്ടു ശീലിച്ചതാണ് അവര്‍ പെരുമാറുന്നത് എന്നതാണ് സത്യം. അടുപ്പമുള്ള ആളുകളോട് ഇങ്ങനെയാണ് പെരുമാറേണ്ടത് എന്ന് കൂടി അവര്‍ക്ക് തോന്നും . വൈകാരികമായി പീഡിപ്പിക്കപ്പെടുന്നവര്‍ക്ക് വളരെയേറെ ആഴത്തിലാണ് മുറിവേല്‍ക്കപ്പെടുന്നത് എന്നത് ശ്രദ്ധേയമാണ്. ഒറ്റപ്പെടല്‍, ആശ്രയമില്ലായ്മ, ആത്മവിശ്വാസമില്ലായ്മ ഒക്കെ ഇതിന്‍റെ പരിണിത ഫലങ്ങളാണ്. ആത്മാഭിമാനം കുറഞ്ഞുകുറഞ്ഞ് പീഡിപ്പിക്കുന്നയാള്‍ ചെയ്യുന്നത് എല്ലാം ശരിയാണ് എന്നൊരു തോന്നലിലേക്ക് ചെന്നെത്തുന്നവര്‍ ഉണ്ട് . മറ്റേയാള്‍ തനിക്കെതിരെ പറയുന്ന കാര്യങ്ങള്‍ ഒക്കെ സത്യമാണ് എന്ന് വിശ്വസിക്കുന്ന നിര്‍ഭാഗ്യകരമായ അവസ്ഥ പലര്‍ക്കും ഉണ്ടാകുന്നു. മറ്റുള്ളവരുടെ മുന്നില്‍ താന്‍ വളരെ ചെറുതാണെന്നും തന്നെ പീഡിപ്പിക്കുന്ന ആള്‍ പറയുന്നതൊക്കെ താന്‍ അര്‍ഹിക്കുന്നതാണ് എന്നും വിശ്വസിച്ച് ജീവിതാന്ത്യം വരെ കഴിഞ്ഞു പോകുന്നവര്‍ കുറവല്ല. വൈകാരികമായ ആക്രമണം ഭയന്ന് മറ്റേ വ്യക്തിയെ പ്രകോപിപ്പിക്കാതിരിക്കാന്‍ എപ്പോഴും ശ്രദ്ധിച്ച് തന്നെത്തന്നെ മറന്നുപോകുന്നത് അപൂര്‍വമല്ല. എപ്പോഴും അപകടം വരുന്നോ എന്ന് നോക്കേണ്ടുന്ന സാഹചര്യം മിക്കവരുടെയും ജീവിതത്തില്‍ ഉണ്ടാകുന്നു . ദീര്‍ഘനാളത്തെ വൈകാരിക ഹിംസ പലരിലും മാനസികപ്രശ്നം , രക്തസമ്മര്‍ദ്ദം തുടങ്ങിയ ശാരീരിക പ്രശ്നങ്ങളും ഉണ്ടാക്കുന്നു.
വൈകാരിക ഹിംസ ഏല്‍പ്പിക്കുന്ന ആഘാതങ്ങള്‍ പുറത്ത് ഒരാളോട് പങ്കുവെക്കുന്നത് തെറ്റാണ് എന്ന ചിന്ത പലരിലും പ്രബലമാണ്. പലപ്പോഴും തന്‍റെ തെറ്റാണ് എന്ന് കരുതി ജീവിക്കുമ്പോള്‍ മാനസികമായ പിരിമുറുക്കത്തിലേക്ക് വീണു പോകും. വൈകാരിക ഹിംസ അനുഭവിക്കുന്നു എന്ന് മനസ്സിലാക്കാന്‍ കഴിയുന്നുവെങ്കില്‍ അതില്‍ നിന്ന് രക്ഷപ്പെടാനുള്ള സഹായം തേടുക എന്നതാണ് വഴി. കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍, കൗണ്‍സിലേഴ്സ് തുടങ്ങി പല തലങ്ങളില്‍ നിന്ന് സഹായം തേടാം. പീഡിപ്പിക്കുന്ന വ്യക്തിയുടെ സ്വാധീനം മനസ്സിലുണ്ടാക്കിയ ചങ്ങലകള്‍ പൊട്ടിച്ചെറിയാന്‍ ഇത്തരം സഹായങ്ങള്‍ അത്യാവശ്യമാണ്. (വൈറ്റ് സ്വാന്‍ ഫൗണ്ടേഷനോട് കടപ്പാട്)
ചെറിയ ക്ലാസ്സില്‍ പഠിക്കുമ്പോള്‍ കണക്കു ടീച്ചര്‍ “മണ്ടന്‍, കണക്കു ചെയ്യാനറിയാത്ത പൊട്ടന്‍” എന്ന് പറഞ്ഞ് വഴക്കു പറഞ്ഞ ദിവസം രാത്രി മുഴുവന്‍ അപ്പു (മകന്‍) ഉറക്കത്തില്‍ ‘മണ്ടന്‍’, ‘പൊട്ടന്‍’ എന്ന് പറഞ്ഞ് വിതുമ്പിക്കൊണ്ടേയിരുന്നു. പിറ്റേന്ന് രാവിലെ സ്കൂളിലെത്തി ടീച്ചറെ “ഗുണകോഷ്ഠം” പഠിപ്പിക്കാന്‍പെട്ട പാട് ചെറുതായിരുന്നില്ല.
വൈകാരിക പീഡനം കണ്ടുപിടിക്കാനോ, മനസ്സിലാക്കാനോ അത്ര എളുപ്പമുള്ളതല്ല. പറഞ്ഞു, കഴിഞ്ഞു എന്ന അവസ്ഥയില്‍ വാക്കുകള്‍ക്ക് പ്രാധാന്യം കൊടുക്കുന്നത് അപൂര്‍വ്വമാണ്. വൈകാരികമായി പീഡിപ്പിക്കപ്പെടുന്നു എന്ന് മനസ്സിലാക്കാന്‍ പോലും പലര്‍ക്കും കഴിയാറില്ല. അത്യന്തം അപകടകരമായ തരത്തില്‍ മാനസികമായി പ്രതിഫലനങ്ങള്‍ ഉണ്ടാക്കുമ്പോഴും മറ്റേയാളുടെ സ്വാഭാവികമായ വിനിമയമായിട്ടാണ് പലരും ഇത്തരം സംഭാഷണങ്ങളെ എടുക്കാറ്.
ഭാര്യയെ തളര്‍ത്താന്‍ സൗന്ദര്യമില്ലായ്മയെക്കുറിച്ച് നിരന്തരം പറയുന്ന ഭര്‍ത്താക്കന്മാര്‍, പണമുണ്ടാക്കാനറിയാത്ത പിടിപ്പുകേടിനെക്കുറിച്ച് പഴിചാരുന്ന ഭാര്യമാര്‍, മാര്‍ക്കു കുറയുമ്പോള്‍ ശപിക്കുന്ന അമ്മമാര്‍, അമ്മയുടെ പാചകത്തെ അംഗീകരിക്കാത്ത മക്കള്‍, സുഹൃത്തിന്‍റെ നേട്ടത്തെ കുറച്ചു കാണുന്ന കൂട്ടുകാര്‍, വിദ്യാര്‍ത്ഥികളുടെ അജ്ഞതയെ പെരുപ്പിക്കുന്ന അദ്ധ്യാപകന്‍ – ഒരു തരത്തിലല്ല എങ്കില്‍ മറ്റൊരു തരത്തില്‍ എല്ലാവരും വാക്കുകൊണ്ട് മുറിവേല്‍പ്പിക്കുക തന്നെയാണ്. എങ്കിലും വൈകാരിക പീഡനം എന്നറിയപ്പെടുന്നത് നിരന്തരമായ ഇകഴ്ത്തലുകളെയാണ്, അപമാനത്തെയാണ്. ഭീഷണികള്‍, വിമര്‍ശനങ്ങള്‍, അഹങ്കാരപ്രകടനങ്ങള്‍, തള്ളിക്കളയലുകള്‍, കുറ്റപ്പെടുത്തലുകള്‍, ഒറ്റപ്പെടുത്തലുകള്‍, അമിതനിയന്ത്രണം, ശിക്ഷകള്‍, ഭയപ്പെടുത്തല്‍, കളിയാക്കല്‍ ഇങ്ങനെ പല മാര്‍ഗങ്ങളിലൂടെ മാനസികമായി തളര്‍ത്താനും, തകര്‍ക്കാനും കഴിയുമെന്ന് വിദഗ്ധര്‍ പറയുന്നു.
ലൈംഗികമായും, ശാരീരികമായുമുള്ള അക്രമണങ്ങളും വൈകാരിക പീഡനത്തിന് കാരണമാകുന്നുണ്ട്. മറ്റു പീഡനങ്ങളെപ്പോലെ നിയതമായൊരു നിര്‍വ്വചനമോ ബാഹ്യമായ തെളിവുകളോ ഉണ്ടാകാത്തതിനാല്‍ ഗൗരവമായ പരിഗണന ഇത്തരം അക്രമണങ്ങള്‍ക്ക് ലഭിക്കാറില്ല. പക്ഷെ വൈകാരിക പീഡനം ഒരു വ്യക്തിയുടെ സത്തയെ തന്നെ തകര്‍ത്തേക്കാം എന്നതാണ് യാഥാര്‍ത്ഥ്യം. നിരന്തരമായ വാക് കസര്‍ത്തു കൊണ്ട് അപരനെ നിഷ്പ്രഭമാക്കുകയും, സ്വയം വിലയില്ലാത്തവരും ജീവിക്കാന്‍ അര്‍ഹതയില്ലാത്തവരും ഒക്കെ ആക്കി മാറ്റിയിട്ടുള്ള നിരവധി പേരെ നമുക്ക് ചുറ്റും കാണാനാവും. എത്ര മാതാപിതാക്കന്മാര്‍ സ്നേഹത്തിന്‍റെ പേരില്‍ മക്കളെ ആത്മനാശത്തിന്‍റെ പടുകുഴിയിലേക്ക് തള്ളിയിടുന്നത് കാണുന്നു.
വൈകാരിക പീഡനം നടത്തുന്നയാളുടെ സാന്നിദ്ധ്യത്തില്‍ ആത്മവിശ്വാസം നഷ്ടപ്പെട്ട് മനസ്സ് സംഘര്‍ഷഭരിതമായി മാറുന്നത് സ്വാഭാവികം മാത്രം. മറ്റൊരപകടം മിക്കപ്പോഴും വൈകാരികമായി പീഡിപ്പിക്കുന്നവര്‍ തങ്ങളുടെ കരുത്തുകൊണ്ട് വിധേയരാകുന്നവരില്‍ അവരാണ് കുറ്റക്കാര്‍ എന്ന തോന്നല്‍ ഉണ്ടാക്കുന്നു എന്നതാണ്. നീണ്ട കാലത്തോളം തങ്ങളുടെ പോരായ്മ കൊണ്ടാണ് മറ്റേയാള്‍ കഠിനമായി പഴിക്കുന്നതെന്നും നോവിപ്പിക്കുന്നതെന്നും കരുതി സ്വയം നന്നാവാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കുന്ന ധാരാളം പേരെ കണ്ടിട്ടുണ്ട്. അവര്‍ക്കൊരിക്കലും ശരിയാകാനും കഴിയാറില്ല, പ്രശ്നം അപരന്‍റെ ഭാഗത്താണെന്നതിനാല്‍! വൈകാരിക പീഡനം നേരിടാനുള്ള ഏറ്റവും വലിയ പ്രതിസന്ധിയും ഇതുതന്നെയാണ്. ഇരയാക്കപ്പെടുന്നവര്‍ അല്ല പ്രശ്നം, മറ്റേയാളുടെ പെരുമാറ്റവും ദ്രോഹിക്കാനുള്ള സ്വഭാവവുമാണ് (അയൗശ്ലെ യലവമ്ശീൗൃ) എന്ന് തിരിച്ചറിയാന്‍ കഴിയുന്നത് വിരളമാണ്. ജീവിതം മുഴുവന്‍ സ്വയം നന്നാക്കാനാണ് പല ഇരകളും ശ്രമിക്കാറുള്ളത്. “നല്ല വ്യക്തി” യാകാന്‍ നിരന്തരം പരിശ്രമിക്കുന്നതിനിടയില്‍ സ്വയം നഷ്ടപ്പെടുന്നവരാണ് ഏറെ. വൈകാരികമായി നശിപ്പിക്കുന്നവരില്‍ നിന്ന് മാറിനില്‍ക്കുകയാണ് രക്ഷനേടാന്‍ ഏറ്റവും നല്ല വഴിയെന്ന് വിദഗ്ധര്‍ പറയുന്നു; സ്വയം രക്ഷിക്കുകയല്ലാതെ മറ്റ് മാര്‍ഗ്ഗമില്ല. അപരന്‍റെ മേല്‍ അധീശത്വം കൈവരിക്കുകയാണ് ലക്ഷ്യം. അതിന് നിന്നുകൊടുക്കാതിരിക്കുകയാണ് മാര്‍ഗ്ഗം. മറ്റൊരാളെ നിയന്ത്രിക്കുന്നതിലൂടെയാണ് അയാളെ വരുതിയിലാക്കാനാവുക എന്ന് കരുതുന്നവരാണ് ഏറെപേരും ..വാക്കുകള്‍ കൊണ്ട് മുറിവേല്‍പ്പിക്കുന്നവര്‍ സാധാരണ പറയുന്ന ചില വാചകങ്ങളില്‍ ചിലതെങ്കിലും നാം കേട്ടിട്ടുണ്ടാവും:
“നീ ഒരിക്കലും പിറക്കരുതായിരുന്നു.”
“നിന്നെപ്പോലെ ഒരുവന്‍/ഒരുവള്‍ ഒരിക്കലും രക്ഷപ്പെടില്ല.”
“നിനക്ക് വട്ടാണ്, അതുകൊണ്ട് തന്നെ ആളുകള്‍ ഞാന്‍ പറയുന്നതേ വിശ്വസിക്കൂ.”
“നിന്‍റെ കൂട്ടുകാര്‍ നീയില്ലാത്തപ്പോള്‍ നിന്നെക്കുറിച്ച് പറയുന്നത് കേട്ടാല്‍ മതി.”
“നിന്നെപ്പോലെ കാണാന്‍ കൊള്ളാത്ത ഒരാളെ ഞാന്‍ കണ്ടിട്ടില്ല.”
ഇവയൊക്കെ സൃഷ്ടിക്കുന്നത് പുറമെ കാണാതെ പോവുന്ന മുറിവുകളാണ്. ഉള്ളില്‍ രക്തം വാര്‍ന്നൊഴുകുന്ന മുറിവുകളാണ്.
നല്ല വാക്കോതുവാന്‍ ത്രാണിയുണ്ടാവണം എന്ന് പണ്ടുള്ളവര്‍ പ്രാര്‍ത്ഥിച്ചിരുന്നു..ഇന്ന് സ്വകാര്യ സംഭാഷണങ്ങളിലും മാധ്യമങ്ങളിലും പൊതുയോഗങ്ങളിലുമെന്നു വേണ്ട എവിടെയും വാക്ക് മുനയുള്ള ആയുധമായി അന്യനു നേരെ നീണ്ടു ചെല്ലുന്നു..കട്ടി കുറഞ്ഞ മനസ്സുള്ളവര്‍ പതറി പോകുന്നു,പിടിച്ചു നില്‍ക്കാനാവാതെ വീണു പോകുന്നു..
പരിഹാരങ്ങളുടെ കണക്കു പുസ്തകത്തില്‍ സ്നേഹം എന്ന വാക്കാണ് പ്രതിവിധിയായി തെളിയുന്നത്….
കെ.എ.ബീന
എഴുത്തുകാരി, പത്രപ്രവര്‍ത്തക
COMMENTS