നാലുതവണ ഹിമാലയം കയറിയിട്ടുള്ള കവിത അബുദാബിയില്‍ കുടുംബത്തോടൊപ്പം ആണ് താമസം. നാട്ടില്‍ തൃശൂര്‍ ജില്ലയിലെ പേരാമ്പ്ര ആണ് സ്വദേശം. ഗായത്രി , ഹിരണ്യ എന്ന രണ്ടു പെണ്‍മക്കളുടെ അമ്മ കൂടിയാണ് അബുദാബിയില്‍ ഒരു എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്‍സിയില്‍ ജോലി ചെയ്യുന്ന കവിത . നെടുപുഴ പോളി ടെക്നിക്കില്‍ നിന്നും ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് പഠിക്കുമ്പോള്‍ എന്‍.സി.സി, എന്‍.എസ്.എസ്, നേച്ചര്‍ ക്ലബ്ബ് ഇതിലെല്ലാം സജീവമായിരുന്നു.സാഹസിക യാത്ര ഇഷ്ടപ്പെടുന്ന ആളായതുകൊണ്ട് തന്നെ ദുബായില്‍ 13000 അടി മുകളില്‍ നിന്നുള്ള സ്കൈഡൈവും, പാരാഗ്ലൈഡിംഗും ഉള്ളിലെ സാഹസികതയെ തൃപ്തിപ്പെടുത്തുന്നതായിരുന്നു. ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ ആയ ഭര്‍ത്താവ് സലീഷ് പൂര്‍ണ പിന്തുണ നല്‍കുന്നു. എല്ലാ വര്‍ഷവും കുടുംബത്തോടൊപ്പം ഒരു യാത്രയും , പിന്നെ ട്രെക്കിങ്ങും ഓള്‍ ലേഡീസ് ട്രിപ്പും അല്ലെങ്കില്‍ സോളോ ട്രിപ്പും അടങ്ങുന്നതാണ് കവിതയുടെ യാത്രകള്‍.
കിളിമഞ്ചാരോ ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ പര്‍വതം: നമ്മള്‍ എല്ലാവരും യാത്ര പോകുന്നത് ഒന്നുകില്‍ നമ്മുടെ സുഹൃത്തുക്കളുടെ യാത്രാവിവരണം കണ്ടിട്ടോ, കേട്ടിട്ടോ അല്ലെങ്കില്‍ സഞ്ചാരം പോലുള്ള പരിപാടികള്‍ കണ്ടിട്ട്, അതുമല്ലെങ്കില്‍ പുസ്തകങ്ങള്‍ വായിച്ചിട്ട്, ചിലപ്പോള്‍ ഏതെങ്കിലുമൊരു ഒരു ഫോട്ടോ കണ്ടിട്ട്. എന്നാല്‍ യാതൊരു പരിചയവും ഇല്ലാത്ത ഒരു എയര്‍ ഹോസ്റ്റസിന്‍റെ വാക്കുകേട്ട് ഞാന്‍ ഇറങ്ങി പുറപ്പെട്ട യാത്രയാണ് കിളിമഞ്ചാരോ ട്രെക്ക്.
ബ്രഹ്മതാല്‍ ട്രെക്കിനായി എത്തിഹാദ് എയര്‍വേയ്സിന്‍റെ അബുദാബിയില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള യാത്രക്കിടയില്‍ എയര്‍ ഹോസ്റ്റസ്സിന്‍റെ ചോദ്യം നിങ്ങളുടെ ബാഗ് വളരെ ഇഷ്ടമായി. നിങ്ങള്‍ ട്രെക്കിങ്ങിനായുള്ള യാത്രയിലാണോ? പിന്നീട് നടന്ന കൊച്ചു വര്‍ത്തമാനത്തിനിടക്ക് എവിടെ എല്ലാം പോയിട്ടുണ്ട് എന്ന ചോദ്യത്തിന് മറുപടിയായി അവര്‍ പറഞ്ഞത് കിളിമഞ്ചാരോ എന്നാണ്. അതുവരെ ഫിറ്റ്നസ് അങ്ങേയറ്റം വര്‍ക്ക് ചെയ്യുന്നവര്‍ക്ക് മാത്രമേ അതെല്ലാം സാധിക്കൂ എന്ന് കരുതിയിരുന്ന ഞാന്‍ അതു കേട്ട് ഞെട്ടി അന്തം വിട്ടുള്ള എന്‍റെ ഇരിപ്പ് കണ്ടിട്ടാവും അവര്‍ പറഞ്ഞു നിനക്കും ചെയ്യാവുന്നതാണ്. ഹിമാലയന്‍ ട്രെക്കുകള്‍ ചെയ്യുന്നതല്ലേ എന്ന്. അന്നുമുതല്‍ ആഫ്രിക്കയുടെ മേല്‍ക്കൂര ഞാന്‍ സ്വപ്നം കണ്ടു തുടങ്ങി.
ദുബായിലെ ഒരു ട്രെക്കിംഗ് ഗ്രൂപ്പ് വഴി ബുക്ക് ചെയ്തു. ട്രെക്കിങ് ലീഡര്‍, ഒരു ഐ.ടി എന്‍ജിനീയര്‍, പിന്നെ ഞാന്‍. അനേകം സഫാരി പാര്‍ക്കുകളുടെ കേന്ദ്രം കൂടിയാണ് കിഴക്കന്‍ ആഫ്രിക്കയിലെ ടാന്‍സാനിയ. നൂറ്റിരുപതോളം ഗോത്രവര്‍ഗ്ഗക്കാര്‍ ഉണ്ട്. അടിമത്തം ചരിത്രത്തിലെ ഏറ്റവും വലിയ ക്രൂരത കാട്ടിയ സാന്‍സിബാര്‍ ഉണ്ട്. അങ്ങനെ സഞ്ചാരികള്‍ക്കുള്ള ഒരു വിശാല ലോകമാണ് ടാന്‍സാനിയ. അതുകൊണ്ടുതന്നെ ആദിമ വര്‍ഗ്ഗത്തില്‍പ്പെട്ട ബുഷ് മെന്‍ എന്ന് വിളിക്കുന്ന ഹഡ്സബെ എന്ന ഗോത്രവര്‍ഗ്ഗത്തേയും, സിംഹം പോലും ഭയപ്പെടുന്ന മസായി ഗോത്ര വര്‍ഗ്ഗത്തേയും എന്തായാലും പോയി കാണണമെന്ന് വിചാരിച്ചു. സിംഹം മുതല്‍ എല്ലാ വന്യ ജീവികളും സ്വൈര്യ വിഹാരം നടത്തുന്ന ഒന്ന് രണ്ടു സഫാരി ഡ്രൈവുകളും ബുക്ക് ചെയ്തു.
ദുബായില്‍ നിന്നും എത്യോപ്യയിലെ ആഡിസ് അബാബയിലേക്ക്. അവിടെനിന്നും ടാന്‍സാനിയയിലേക്ക് പറക്കുന്ന എത്യോപ്യന്‍ വിമാനത്തിലെ പൈലറ്റിന്‍റെ അനൗണ്‍സ്മെന്‍റ് എത്തി. ‘നിങ്ങളില്‍ ചിലരെങ്കിലും ടാന്‍സാനിയയിലേക്ക് വന്നത് ആഫ്രിക്കയിലെ ഏറ്റവും വലിയ കൊടുമുടി കയറുക എന്ന ആഗ്രഹത്താലാകും. അങ്ങനെയെങ്കില്‍ നിങ്ങള്‍ വിമാനത്തിന്‍റെ ഇടതുവശത്തേക്ക് നോക്കുക. ആ കാണുന്നതാണ് കിളിമഞ്ചാരോ.’ പെട്ടെന്ന് കൗതുകത്താല്‍ ചെറിയ ജനല്‍പാളിയിലൂടെ പുറത്തേക്ക് നോക്കി. വിമാനത്തിന്‍റെ ഉയരത്തിന് സമാന്തരമായി മേഘങ്ങള്‍ക്ക് മുകളില്‍ തലയെടുപ്പോടെ കിളിമഞ്ചാരോ പര്‍വ്വതം നില്‍ക്കുന്നു. കേക്കിനു മുകളില്‍ ഐസ് ഫ്രോസ്റ്റിങ് ചെയ്ത പോലെ. കുറച്ചു മാറി മേരു പര്‍വ്വതവും കാണാം. അതേസമയം തന്നെ ഉല്‍ക്കണ്ഠയും വന്നു. ദൈവമേ ഇതിനുമുകളില്‍ ആണല്ലോ കയറി എത്തേണ്ടത് എന്ന്.
Kessy brothers ആയിരുന്നു ടാന്‍സാനിയയിലെ ട്രക്കിങ്ങ് കമ്പനി. നമ്മുടെ കയ്യില്‍ നിന്ന് എന്തെങ്കിലും ട്രെക്കിങ്ങ് ഗിയര്‍ കൊണ്ടുവരാന്‍ മറന്നാല്‍ അവര്‍ ഫ്രീ ആയി നമുക്ക് ഉപയോഗിക്കാന്‍ തരും. മറ്റെല്ലാ കമ്പനികള്‍ക്കും റെന്‍റ് ചാര്‍ജ് കൊടുക്കേണ്ടിവരും. ട്രക്കിങ് കമ്പനിയില്‍നിന്ന് ഗൈഡും, കുക്കും, പോര്‍ട്ടര്‍മാരും ഉള്‍പ്പെടെ ഒമ്പത് പേര്‍ മോഷിയില്‍ നിന്ന് പുറപ്പെട്ടു. കുറച്ചു കഴിഞ്ഞപ്പോള്‍ വഴിയില്‍ ആരുഷ് നാഷണല്‍ പാര്‍ക്കില്‍ നിന്നും ജിറാഫും, വില്‍ഡ്ബീസ്റ്റുകളും അങ്ങകലെ നടക്കുന്നത് കണ്ടു. മൃഗങ്ങള്‍ക്ക് എന്ത് അതിര്‍ത്തി?
ഏറ്റവും വലിയ അഗ്നിപര്‍വ്വതങ്ങളിലൊന്നാണ് ടാന്‍സാനിയയിലെ കിളിമഞ്ചാരോ. പലദിശകളില്‍ നിന്ന് പലവിധ ട്രെക്കിങ്ങ് അനുഭവങ്ങളുമായി ഇതിന്‍റെ മുകളിലേക്ക് നടക്കാവുന്ന ഏഴ് റൂട്ടുകളുണ്ട്. അതില്‍ത്തന്നെ ദൈര്‍ഘ്യമേറിയതും മിനിമം ഏഴു ദിവസം വേണ്ടതുമായ ലെമോഷെ ട്രെക്കിങ് റൂട്ടാണ് തിരഞ്ഞെടുത്തത്. ആദ്യത്തെ രണ്ടുദിനം, പിന്നെ തിരിച്ചിറങ്ങുന്ന അവസാന ദിനവും മഴക്കാടുകളിലൂടെ സഞ്ചരിക്കാം എന്നതാണ് ഈ റൂട്ട് തിരഞ്ഞെടുക്കാന്‍ കാരണം.
പോര്‍ട്ടര്‍മാര്‍ ആണല്ലോ യഥാര്‍ത്ഥ ഹീറോകള്‍. ഗേറ്റില്‍ പോര്‍ട്ടര്‍മാരുടെ ലഗേജിന്‍റെ വെയിറ്റ് പരിശോധിക്കുന്നത് കണ്ടു. ഒരാള്‍ക്ക് മാക്സിമം 30 കിലോ വരെയേ പറ്റൂ. കൊണ്ടുപോകുന്ന ഭക്ഷണത്തിന്‍റെ അളവ് വരെ നോക്കും. വേസ്റ്റ് എല്ലാം തിരിച്ചു കൊണ്ടുവരണം. അവര്‍ക്കിത് നിത്യാഭ്യാസവും വയറ്റിപ്പിഴപ്പും ആണ്. വളരെ മനോഹരവും എളുപ്പവുമായ യാത്രയായിരുന്നു ആദ്യദിനം. നമ്മള്‍ മഴക്കാടുകളിലൂടെ ചില കുരങ്ങുകളെയും കണ്ട്, പക്ഷികളുടെ പാട്ടും കേട്ട് ആയാസരഹിതമായ നടത്തം. ഒരുപാടു സസ്യലതാദികള്‍, പൂക്കള്‍ എല്ലാം ട്രെക്കില്‍ കണ്ടു. അതില്‍ പ്രധാനം potrea എന്ന സൗത്ത് ആഫ്രിക്കയുടെ ദേശീയ പുഷ്പം ആണ്.
വലിയ മരങ്ങളുടെ നടുവില്‍ ആയിരുന്നു ആദ്യ ക്യാമ്പ്. കയ്യും കാലും എല്ലാം കഴുകാന്‍ വെള്ളം കൊണ്ടുവന്ന് തരും. നല്ല ഭക്ഷണമായിരുന്നു ചിക്കന്‍ വറുത്തതും, പൊട്ടറ്റോ ഫ്രൈ, സൂപ്പ്, ഫ്രൂട്ട്സ് എല്ലാം ഉണ്ടായിരുന്നു. ഒരു കാര്യം മനസ്സിലായത് പിന്നീടാണ്. മറ്റുള്ളവര്‍ക്കെല്ലാം പ്രത്യേകം ടോയ്ലറ്റ് ഉണ്ടായിരുന്നു. ഞങ്ങളുടെ ഗ്രൂപ്പില്‍ ഇല്ലായിരുന്നു. ഒരു വനിതാ യാത്രിക കൂടെ ഉണ്ടായിട്ടും ഒരു അഡിഷണല്‍ ടോയ്ലറ്റിനു വേണ്ട നൂറു ഡോളര്‍ ദുബായ് കമ്പനി ലാഭിച്ചതാണത്രേ. നേരത്തെ അറിഞ്ഞിരുന്നേല്‍ ഞാന്‍ കൊടുത്തേനെ പൈസ. എല്ലാ ക്യാമ്പുകളിലും കോമണ്‍ ടോയ്ലറ്റ് ഉണ്ടായിരുന്നെങ്കിലും, കണ്ടീഷന്‍ വളരെ മോശമായിരുന്നു. എല്ലാവരും എഴുന്നേല്‍ക്കുന്നതിന് മുന്‍പ് വെളുപ്പിന് തണുപ്പില്‍ വെളിയില്‍ പോയി കാര്യം സാധിക്കുകയേ എനിക്ക് നിവൃത്തി ഉണ്ടായിരുന്നുള്ളൂ.
ടാന്‍സാനിയയിലെ സ്വാഹിലി ഭാഷയില്‍ ‘ പോലെ പോലെ ‘(സ്ലോ സ്ലോ) എന്നതാണ് കിളിമഞ്ചാരോ ട്രെക്കിന്‍റെ സ്ലോഗന്‍. വളരെ പതുക്കെ നടന്നെത്തേണ്ട ദൂരമാണ് കിളിമഞ്ചാരോ. ഉയരം കൂടും തോറൂം ഓക്സിജന്‍ അളവ് കുറയുന്നതാണ് വെല്ലുവിളി. ധാരാളം വെള്ളം കുടിക്കണം ഇതിനെ മറികടക്കാന്‍. എ.എം.സ് നെ ചെറുക്കാനുള്ള ഡയമോക്സ് മരുന്ന് ഞാന്‍ കഴിച്ചിരുന്നില്ല.
പിറ്റേന്ന് ഷിറ ഒന്നും രണ്ടും ഒന്നിച്ചാണ് ചെയ്തത്. ആ 17 കിലോമീറ്റര്‍ വളരെ ബുദ്ധിമുട്ടായിരുന്നു. ചെറിയ കുറ്റിക്കാടുകളും പുല്‍മേടുകളും, മൂന്‍ലാന്‍റും ഈ ഒറ്റ ദിവസം കാണാന്‍ പറ്റി. ഗ്രൂപ്പ് ലീഡര്‍ക്ക് അന്ന് വൈകുന്നേരം വയ്യാതെയായി. കുറച്ചു പേടിച്ചെങ്കിലും പിറ്റേന്ന് രാവിലെ ആള്‍ ആരോഗ്യം വീണ്ടെടുത്തു.
ബറാന്‍കോ മതില്‍ വഴിയുള്ള യാത്ര ആദ്യം രസകരമായിരുന്നു. കുത്തനെയുള്ള വലിയ പര്‍വ്വതമതില്‍ ഒരു കുരങ്ങനെ പോലെ, ചിലയിടങ്ങളില്‍ രണ്ട് കൈ ഉപയോഗിച്ച് കയറിയിരുന്നു. ഒരിടത്ത് പാറയിടുക്കിലൂടെ നൂണ്ടു കടക്കണമായിരുന്നു മറുവശത്ത് കൊക്കയാണ്. പോര്‍ട്ടര്‍മാര്‍ വലിയ ഭാരവും കൊണ്ട് വരുന്നത് കാണുമ്പോള്‍ പേടി തോന്നിയിരുന്നു. ഇതിനിടക്ക് ഒരാള്‍ വീഴുകയും ചെയ്തു. ഭാഗ്യത്തിന് ഒന്നും പറ്റിയില്ല.
ലാവാ ടവര്‍ എന്ന, അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു വീണ വലിയ കറുത്ത ഉയരംകൂടിയ പാറക്കൂട്ടങ്ങള്‍ വഴി പതിയെ നടന്നു വന്നപ്പോള്‍ ഗൈഡ് ജോസഫിന് സംശയം. വയ്യാതെ ആയതുകൊണ്ടാണോ എന്ന്. എന്‍റെ ലഗേജ് വാങ്ങി പിടിക്കണമെന്ന് നിര്‍ബന്ധവും പിടിച്ചു. കുറച്ചുകൂടി സ്പീഡില്‍ നടക്കാന്‍ ഞാന്‍ തീരുമാനിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ പുറകില്‍ നിന്നും ഗൈഡ് ബറാക്കയുടെ വിളി. പെട്ടെന്ന് പേടിച്ചുപോയി. കാരണം കൂടെയുള്ള ഐ.ടി എന്‍ജിനീയര്‍ diamox ടാബ്ലെറ്റ് എടുത്തിരുന്നു. മാത്രമല്ല ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ടും ഉണ്ടായിരുന്നു. പിന്നീടാണ് മനസ്സിലായത് അവരുടെ വെള്ളം തീര്‍ന്നു പോയിരുന്നു. ക്യാമ്പിന് അടുത്തേക്ക് നടക്കുന്ന വഴിയില്‍ കിളിമഞ്ചാരോയില്‍ മാത്രം കാണപ്പെടുന്ന ഗ്രൗണ്ട് ഷെല്‍ എന്ന എന്ന സസ്യം കണ്ടു. കൈതച്ചക്കയുടേയും ഈന്തപ്പനയുടേയും ഒരു കോമ്പിനേഷന്‍ പോലെ തോന്നുന്നു.
ജീവിതത്തില്‍ കണ്ട ഏറ്റവും മനോഹരമായ സൂര്യാസ്തമയം. അത് karanga ക്യാമ്പിലേത്. സൂര്യനും കോടയുംതമ്മിലുള്ള ഉള്ള ഒരു ഒളിച്ചുകളി ആയിരുന്നു. എന്നാല്‍ അന്ന് രാത്രി ഒരു കാളരാത്രി ആയിരുന്നു. കൂടെയുള്ള ആള്‍ക്ക് വീണ്ടും വയ്യാതെയായി. രാത്രി രണ്ടു മണിയോടുകൂടി അദ്ദേഹത്തെ താഴേക്ക് ഇറക്കാന്‍ തീരുമാനിച്ചു. ഗൈഡ് ബറാക്കയും വേറെ രണ്ട് ആള്‍ക്കാരും കൂടെ പോയി. പിന്നീട് അറിഞ്ഞു കുറച്ചു ദൂരം അദ്ദേഹത്തെ ചുമന്നു കൊണ്ടാണ് പോയതെന്ന്. ഉറക്കമില്ലാത്ത രാത്രി. അതുകൊണ്ടുതന്നെ വളരെ വൈകിയാണ് ഉണര്‍ന്നത്. അപ്പോഴേക്കും എല്ലാവരും ഉണര്‍ന്നു തുടങ്ങിയിരുന്നു. ടോയ്ലറ്റ് കാര്യം അവതാളത്തിലായി.
രാവിലെ ജോസഫ് പറഞ്ഞു, വയ്യാത്ത ആളെ ഹോസ്പിറ്റലിലേക്ക് മാറ്റി എന്ന്. എന്‍റെ എല്ലാ ആത്മവിശ്വാസവും തകര്‍ന്ന നിമിഷം. ഇന്നലെവരെ കൂടെ നടന്ന ആള്‍ ഇന്ന് ഹോസ്പിറ്റലില്‍. പെട്ടെന്ന് കരച്ചില്‍ വന്നു. കുറച്ചുനേരം അവിടെ ഇരുന്ന് കരഞ്ഞു. വഴിയില്‍ പോര്‍ച്ചുഗലില്‍ നിന്നുള്ള ബെല്ലയും സൗത്ത് ആഫ്രിക്കയില്‍ നിന്നുള്ള ജെന്നിയും കൂട്ട് കിട്ടി. വലിയ ഒരു ഒരു ഇന്‍സ്പിരേഷന്‍ ആണ് ജെന്നി. ഒരു കീമോതെറാപ്പി കഴിഞ്ഞു വരുന്ന വഴിയാണ്. മൊട്ടയടിച്ച തലയും, കയ്യില്‍ നിറയെ മരുന്നുകളും പുഞ്ചിരി വിടാതെയുള്ള നടത്തവും. വീണ്ടും എന്നില്‍ ഊര്‍ജ്ജം നിറച്ചു.
ഹിമാലയന്‍ ട്രെക്ക് ഗൈഡുകളോട്, ഇനി എത്ര ദൂരം ഉണ്ട് എന്ന് ചോദിച്ചാല്‍ അവര്‍ ചിലപ്പോള്‍ പറയും അരമണിക്കൂര്‍, അല്ലെങ്കില്‍ പറയും ഇപ്പോള്‍ എത്തുമെന്ന്. സത്യമല്ലെന്ന് നമുക്ക് പിന്നീട് മനസ്സിലാകും. എങ്കിലും അതു കേള്‍ക്കുന്നത് ഒരു ആശ്വാസമാണ്. കിളിമഞ്ചാരോയിലെ ഗൈഡുകള്‍ സത്യം തുറന്നു പറയും. കൂടുതലും പാശ്ചാത്യ രാജ്യത്ത് ഉള്ളവരായിരുന്നു ട്രെക്കിങ്ങിന്. ഇന്ത്യക്കാര്‍ ഞങ്ങളുടെ ഗ്രൂപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പാശ്ചാത്യര്‍ ഫിറ്റ്നസിന്‍റെ കാര്യത്തില്‍ വളരെ മുന്‍പിലാണ്. പോരാത്തതിന് എല്ലാവരും Diamox എടുക്കുന്നുണ്ടായിരുന്നു.
15300 അടി ഉയരത്തിലുള്ള ബറഫു ക്യാമ്പില്‍ വൈകുന്നേരം അഞ്ചുമണിക്ക് അത്താഴം കഴിച്ച് ഉറങ്ങാന്‍ പറഞ്ഞു. വിശപ്പും ഇല്ല. ഉറക്കവുമില്ല. പതിനൊന്നരയ്ക്ക് 19,345 അടിയിലേക്കുള്ള കയറ്റം തുടങ്ങി. നാല് പാന്‍റ് ഉള്ളതുകൊണ്ട് രണ്ട് കാലും മടക്കാന്‍ പ്രയാസം ആയിരുന്നു. എല്ലാവരും പോയിക്കഴിഞ്ഞപ്പോള്‍ ആ തണുപ്പില്‍ ഒരു പാന്‍റ് ഊരി മാറ്റാന്‍ ഇരുന്നു. കുറെ നടന്നപ്പോള്‍ തണുത്ത കാറ്റില്‍ കണ്ണുകളടഞ്ഞു തുടങ്ങിയിരുന്നു. ജോസഫിനോട് കെഞ്ചി നോക്കി, ഒരു രണ്ടു മിനിറ്റ് ഞാന്‍ ഇവിടെ കിടന്നു ഉറങ്ങട്ടെന്ന്. എന്നാല്‍ അദ്ദേഹം സമ്മതിച്ചില്ല. വളരെ പതുക്കെയാണ് ഞാന്‍ കയറി തുടങ്ങിയത്. ചിലര്‍ ട്രെക്കിങ് നിറുത്തി തിരിച്ചു നടക്കുന്നുണ്ടായിരുന്നു.
രണ്ടാമത്തെ വലിയ പോയിന്‍റ് ആയ സ്റ്റെല്ല പോയിന്‍റിലേക്കുള്ള കയറ്റം വളരെ പ്രയാസം ഉള്ളതായി തോന്നി. എത്ര നടന്നിട്ടും എത്താത്ത പോലെ. മാവെന്‍സി പര്‍വ്വതത്തിനു മുകളില്‍ സൂര്യന്‍റെ ചുവപ്പു രാശികള്‍ കണ്ടു. മനോഹരമായ സൂര്യോദയം. കുറച്ചു കഴിഞ്ഞപ്പോള്‍ ട്രെക്കിങ്ങ് ലീഡറും മതിയാക്കി തിരിച്ചു വരുന്നുണ്ടായിരുന്നു. അദ്ദേഹം അയേണ്‍ മാന്‍ ഫൈനലില്‍ എത്തിയിട്ടുള്ള ട്രെക്കിങ്ങ് ഇന്‍സ്ട്രെക്ടര്‍ കൂടി ആണെന്ന് ഓര്‍ക്കണം. പല ശരീരങ്ങളും പര്‍വ്വത ഉയരങ്ങളില്‍ വ്യത്യസ്ത അവസ്ഥകളില്‍ ആയിരിക്കും. സ്റ്റെല്ല പോയിന്‍റ് അപ്പോഴും എത്തിയിട്ടില്ല. ഒരു ഘട്ടത്തില്‍ നിര്‍ത്തിയാലോ എന്ന് ആലോചിച്ചപ്പോള്‍ ആണ്, വഴിയരികില്‍ ഇരുന്ന ഒരു റഷ്യന്‍ ദമ്പതികള്‍ എന്നോട് പറഞ്ഞത് സോളോ ആയി ട്രെക്ക് ചെയ്യുന്നതാണ് ഏറ്റവും കഠിനം. അത് കൂടാതെ നീ ഇപ്പോള്‍ ഈ നടക്കുന്നത് ഏറ്റവും ബുദ്ധിമുട്ടുള്ള സ്ഥലം. ഇത് കഴിഞ്ഞാല്‍ എല്ലാം എളുപ്പം ആണെന്നും. അങ്ങിനെ വീണ്ടും നടത്തം തുടര്‍ന്നു. സ്റ്റെല്ല പോയിന്‍റ് എത്തി. എന്നാല്‍ വലിയ സന്തോഷം തോന്നിയില്ല. കാരണം ഗൈഡ് പറഞ്ഞു ലേറ്റ് ആയതു കൊണ്ട് ഉഹ്റു പീക്ക്, കയറാന്‍ കഴിയില്ല എന്ന്. നിരാശ നിറഞ്ഞ എന്‍റെ മുഖം കണ്ടിട്ടാവണം ജോസഫ് പറഞ്ഞു ഒന്ന് നടന്നു നോക്ക് എന്ന്. ഞാന്‍ ഓടുകയായിരുന്നു. പിന്നെ എല്ലാം സ്വപ്നം പോലെ. ഇടതു വശത്തു ഉയരത്തില്‍ ഉള്ള ഹിമാനി. കൂര്‍ത്തു മുള്ളു പോലുള്ള മഞ്ഞുപാളികള്‍ താഴെ. വലതു ഭാഗത്തു അഗ്നിപര്‍വത മുഖം. സൈന്‍ ബോര്‍ഡിനടുത്തു എത്തുമ്പോള്‍ അവിടെ ഉള്ള ആള്‍ക്കാരോട് പോകല്ലേ എന്ന് ജോസഫ് വിളിച്ചു പറയുന്നുണ്ടായിരുന്നു. അത് ഞങ്ങള്‍ടെ ഫോട്ടോ എടുത്തുകൊടുക്കാന്‍ ആയിരുന്നത്രേ. എന്‍റെ കണ്ണുകള്‍ നിറഞ്ഞു സന്തോഷം കൊണ്ട്. അപ്പോഴേക്കും കോടയും, ചാറ്റല്‍ മഴയും തുടങ്ങിയിരുന്നു. തിരിച്ചിറങ്ങുമ്പോള്‍ വഴിയില്‍ മൂന്നിടത്താണ് വീണത്. അത് കൊണ്ട് തന്നെ പ്രയാസപ്പെട്ടാണ് നടന്നു വന്നത്. ക്യാമ്പിനടുത്തു ഹെല്‍പ്പേഴ്സ് കൈ പിടിച്ചു. എല്ലാരും ‘ഇന്ത്യന്‍ ലേഡി യു ആര്‍ വെരി സ്ട്രോങ്ങ്’ എന്ന് പറയുന്നുണ്ടായിരുന്നു. അന്ന് തന്നെ “ഹൈ” ക്യാമ്പിലേക്ക് നടന്നു.
പിറ്റേന്ന് മനോഹരമായ മറ്റൊരു യാത്ര. നല്ലതണലില്‍, മലനിരകളെ നോക്കി ഇറങ്ങാന്‍ നല്ല രസം ആയിരുന്നു. വഴിയില്‍ എലെഫന്‍റ് ട്രങ്ക് എന്ന് പേരുള്ള പൂവും കണ്ടു. അവിടെ നിന്ന് മോഷിയിലേക്കു യാത്ര. ആദ്യം പോയത് ഹോസ്പിറ്റലില്‍ കിടക്കുന്ന ഫ്രണ്ടിനെ കാണാന്‍. അദ്ദേഹത്തിന്‍റെ ആരോഗ്യം മെച്ചപ്പെട്ടു തുടങ്ങിയിരുന്നു. എന്നെ കണ്ടപ്പോള്‍ അഭിന്ദിക്കുകയും എടുത്ത ഫോട്ടോ കണ്ടപ്പോള്‍ രോമാഞ്ചം വരുന്നു എന്നും ആണ് പറഞ്ഞത്. വിട പറയാന്‍ നേരം ടിപ്പിനു പുറമെ എന്‍റെ സോളാര്‍ ചാര്‍ജറും, ഗ്ലൗസും, തെര്‍മല്‍ ഫ്ലാസ്കും ട്രെക്കിങ്ങ് കമ്പനിയിലുള്ളവര്‍ക്കു കൊടുത്താണ് വന്നത്.
നെറ്റ്വര്‍ക്ക് കിട്ടി ഞാന്‍ സേഫ് ആണെന്ന് അറിയുന്നത് വരെ വീട്ടിലുമുള്ള പ്രിയതമന് ടെന്‍ഷന്‍ ആയിരുന്നത്രേ. കാരണം ആ ദിവസങ്ങളില്‍ ആണ് പത്തൊന്‍പതു വയസ്സുള്ള മലയാളി കുട്ടിയുടെ ജീവന്‍ EBC ചെയ്യുന്നതിനിടക്ക് പൊലിഞ്ഞു പോയത്. ഞാന്‍ Diamox എടുക്കാതെ ആണ് ട്രെക്ക് ചെയ്തത്. ധാരളം വെള്ളം കുടിച്ചു. പതിയെ ആണ് കയറിത്തുടങ്ങിയത്.
മുഖത്തെ സണ്‍ടാന്‍ ഇത് വരെ പോയിട്ടില്ല. ഓര്‍മ്മകള്‍ ഒരിക്കലും മായാതെ ഇരിക്കട്ടെ. മലനിരകള്‍ വീണ്ടും വിളിച്ചു തുടങ്ങി. ഈ ട്രെക്ക് തന്ന ധൈര്യത്തില്‍ അടുത്ത ട്രെക്കിനുള്ള തയ്യാറെടുപ്പില്‍ ആണ്.
COMMENTS