Homeചർച്ചാവിഷയം

‘ഉരുക്കു വനിതകൾ’ ഉണ്ടായതെങ്ങനെ: ആണരശുഭാവനയിൽ ഒതുങ്ങാത്ത പെൺനേതൃത്വങ്ങൾ

രാഷ്ട്രീയം, നേതാവ്, അധികാരം, ഭരണം തുടങ്ങിയ പദങ്ങൾ കേൾക്കുമ്പോൾത്തന്നെ എല്ലാവരുടെയും മനസ്സുകളിലേക്ക് തെളിഞ്ഞു വരുന്ന രൂപങ്ങൾ ആണുങ്ങളും അവരെ ചുറ്റിപ്പറ്റിയുള്ള കാര്യങ്ങളുമാണ്. അതിനാൽത്തന്നെ ഒട്ടുമിക്ക രാജ്യങ്ങളിലും സമൂഹങ്ങളിലും, രാഷ്ട്രീയവും ഭരണവും അധികാരപദവികളും സ്ത്രീകൾക്ക് അപ്രാപ്യമായതും പുരുഷനു സ്വന്തമായ പൊതുമണ്ഡലവുമായി ബന്ധപ്പെട്ടു കിടക്കുന്നതായതുമായി കണക്കാക്കപ്പെട്ടു. പുരുഷാധിപത്യ സാമൂഹികവ്യവസ്ഥ, സമ്പത്തിന്റെ അഭാവം, ആത്മവിശ്വാസക്കുറവ്, അപഖ്യാതി പ്രചരണം, തുടങ്ങി സാമൂഹികവും, സാമ്പത്തികവും, മതപരവും, രാഷ്ട്രീയവും ആയ കാരണങ്ങൾ സ്ത്രീകളുടെ രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവിനു വിഘാതങ്ങൾ സൃഷ്ടിക്കുന്നുണ്ട്.സ്ത്രീകളുടെ ഇടം ഗാർഹികമേഖലയാണെന്നും അതുകൊണ്ടു തന്നെ ഗാർഹിക ഇടത്തിലുള്ള വേലകളും സംരക്ഷണ ചുമതലയും നിർവഹിച്ച്  പുരുഷനു കീഴിൽ ആശ്രിതയായി കഴിഞ്ഞുകൂടണമെന്നും അല്ലെങ്കിലേ ചിന്താശേഷിയും, അറിവും, വിവേകവും ഇല്ലാത്തവളായതിനാൽ പെണ്ണ് പൊതുമണ്ഡലത്തിൽ നിന്നും മാറി നിൽക്കേണ്ടവളാണെന്നുമുള്ള അലിഖിത തീരുമാനങ്ങളാണ് നമുക്ക് ചുറ്റും ഉള്ളത് എന്ന് ഈ സന്ദർഭത്തിൽ ഓർക്കേണ്ടതുണ്ട്. പെണ്ണത്തം/സ്ത്രൈണത എന്നത് പരിചരണം, വൈകാരികത, ആശ്രിതത്വം, പ്രേമം, സ്നേഹം, കുടുംബിനീഗുണങ്ങൾ, ദുർബലാവസ്ഥ എന്നിവയൊക്കെയുമായാണ് ബന്ധപ്പെടുത്തുന്നത്. പുരുഷാധിപത്യ സമൂഹം സ്ത്രീകളിൽ കാണാൻ ആഗ്രഹിക്കുന്ന അത്യുത്തമ ഗുണങ്ങളായാണ് ഇവയെ മനസ്സിലാക്കേണ്ടത്. ഇതിനു നേർ വിപരീതമായാണ് പൗരുഷം/ ആണത്തം എന്ന സങ്കല്പത്തെ നിർമ്മിച്ചിരിക്കുന്നത്. അധികാരശേഷി, ധൈര്യം, ആത്മവിശ്വാസം, യുക്തിചിന്ത, ബൗദ്ധികത, ആക്രമണോത്സുകത, താൻപോരിമ, സ്വാതന്ത്ര്യബോധം,
തുടങ്ങിയവ ആണത്തത്തിൻ്റെ ഉത്തമലക്ഷണങ്ങളായി പുരുഷാധിപത്യസമൂഹം വീക്ഷിക്കുന്നു. അധികാരം പുരുഷഗുണമാണെന്നും സ്ത്രീകൾ ഭരണത്തിൽ ഇരിക്കുമ്പോൾ അവർ അവരിലെ ആണത്തസ്വഭാവം പ്രദർശിപ്പിച്ചാൽ മാത്രമേ അധികാരം ശക്തമായ രീതിയിൽ പ്രയോഗിക്കാൻ പറ്റുകയുള്ളു എന്നുമുള്ള മിഥ്യാധാരണ നിലനിൽക്കുന്നുണ്ട്. ഈ ഒരു സാഹചര്യത്തിലാണ് ശക്തരായ സ്ത്രീകൾ ഇന്ത്യ പോലുള്ള രാജ്യത്ത് അവരിലെ സ്ത്രൈണത നിലനിർത്തിക്കൊണ്ട് തന്നെ പ്രധാനമന്ത്രിയും, രാഷ്ട്രപതിയും, മുഖ്യമന്ത്രിയും ഒക്കെയായി തങ്ങളുടെ പ്രാഗൽഭ്യം തെളിയിച്ചത്. സ്വന്തം രാഷ്ട്രീയ താല്പര്യങ്ങൾക്ക് വേണ്ടി സ്ത്രൈണതയെ ഉപയോഗപെടുത്തിയ സ്ത്രീകളും ചരിത്രത്തിൻ്റെ ഭാഗമാണ്. ഇന്ദിര ഗാന്ധി, ജയലളിത, മായാവതി എന്നീ സ്ത്രീ നേതാക്കൾ ഇന്ത്യൻ രാഷ്ട്രീയചരിത്രത്തിൽ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചവരും സ്വന്തമായ രാഷ്ട്രീയപാത ഉണ്ടാക്കിയെടുത്തവരും ആണെന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണല്ലോ. എങ്ങിനെയായിരിക്കും അവർ പുരുഷാധിപത്യ സാമൂഹിക രാഷ്ട്രീയ ചട്ടക്കൂടിനെ തകർത്തെറിഞ്ഞുകൊണ്ടു തങ്ങളുടെ രാഷ്ട്രീയ സ്വപ്നങ്ങളെ യാഥാർഥ്യമാക്കിയത്? സ്ത്രൈണതയെ/പെണ്ണത്തത്തെ പൊതുമണ്ഡലത്തിലെ രാഷ്ട്രീയ ജീവിതത്തിൽ എങ്ങിനെയായിരിക്കും അവർ കൈകാര്യം ചെയ്തത്? ഇത്തരം ചോദ്യങ്ങൾ പരിശോധിക്കുകയാണ് ലേഖനത്തിന്റെ ഉദ്ദേശ്യം.
ഇന്ദിരാഗാന്ധി
താഷ്‌ക്കണ്ടിൽ വച്ചുണ്ടായ ലാൽ ബഹാദൂർ ശാസ്ത്രിയുടെ മരണത്തിനു ശേഷം കോൺഗ്രസ്സിലെ ഏറ്റവും മുതിർന്ന നേതാവായ മൊറാർജി ദേശായിക്കായിരുന്നു അടുത്ത ഇന്ത്യൻ പ്രധാനമന്ത്രി ആകാനുള്ള സാധ്യത. പ്രധാനമന്ത്രി പദത്തിലേക്ക് സാധ്യത കല്പിക്കപെട്ട മറ്റൊരു വ്യക്തി തെക്കേ ഇന്ത്യയിലെ പ്രബലനായ കോൺഗ്രസ് നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായ കുമാരസ്വാമി കാമരാജ് ആയിരുന്നു. പൊതുവെ ഇന്ത്യയിൽ , പ്രത്യേകിച്ചും കോൺഗ്രസ്സിൽ , നിലനിന്നിരുന്ന തെക്ക്-വടക്ക് ബലാബലത്തിൻ്റെ പ്രതിനിധികൾ കൂടിയായിരുന്നു സമുന്നതരായ ഈ രണ്ടു വ്യക്തിത്വങ്ങൾ. ഭാഷാ അടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങളുടെ രൂപീകരണം വഴി തെക്കേ ഇന്ത്യയിൽ വ്യാപകമായി  (ഹിന്ദി വിരുദ്ധമെന്ന് വിളിച്ചിരുന്ന) ശക്തിപ്രാപിച്ച രാഷ്ട്രീയ കേന്ദ്രങ്ങൾ കാമരാജിനെ പിന്തുണച്ചിരുന്നപ്പോൾ വടക്കേ ഇന്ത്യൻ രാഷ്ട്രീയം മൊറാർജി ദേശായിക്കൊപ്പമായിരുന്നു. ഈ ബലാബലത്തിൽ തെക്കേ ഇന്ത്യയിൽ നിന്നുള്ള കാമരാജിൻ്റെ സാധ്യത പിന്തള്ളപ്പെടുമെന്നത് ഏറെക്കുറെ വ്യക്തമായിരുന്നു. ഈ സാഹചര്യത്തെ മറികടക്കാനാണ് നെഹ്രുവിൻ്റെ പാരമ്പര്യം ഉയർത്തിപിടിച്ചുകൊണ്ടു കാമരാജ് ഇന്ദിരാഗാന്ധിയുടെ പേര് പ്രധാനമന്ത്രി പദത്തിലേക്കു ഉന്നയിക്കുന്നത്.
നെഹ്രുവിയൻ പാരമ്പര്യം കോൺഗ്രസ്സുകാർ അംഗീകരിക്കുമ്പോഴും ഇന്ദിരാഗാന്ധിയെ ഒരു ഭരണാധികാരി എന്ന നിലയിൽ കോൺഗ്രസ്സിലെ അധികാരവൃന്ദങ്ങൾ അംഗീകരിച്ചിരുന്നില്ല. ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടത് – ഒന്ന് : ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് വകുപ്പ് മന്ത്രിയെന്ന നിലയിൽ ഇന്ദിരാഗാന്ധി മികച്ച പ്രകടനം കാഴ്ചവെയ്ക്കാതിരുന്നു എന്ന വിമർശനമാണ് ; രണ്ട്: ശാസ്ത്രിയുടെ കീഴിൽ മന്ത്രിയായിരുന്ന കാലത്ത് ഉണ്ടായ ഒരു പ്രകൃതിദുരന്ത സമയത്ത് പ്രധാനമന്ത്രിയുടെ അനുവാദമില്ലാതെ ആ മേഖല ഇന്ദിരാഗാന്ധി സന്ദർശിച്ചത് ശാസ്ത്രിയേയും, മറ്റ് കോൺഗ്രസ്സ് നേതാക്കളെയും ചൊടിപ്പിച്ചിരുന്നു. ഇതും ഇന്ദിരയെ കോൺഗ്രസ്സ് സിണ്ടിക്കേറ്റിൽ അനഭിമതയാക്കിയിരുന്നു. ഇതിനെയെല്ലാം മറികടന്നുകൊണ്ടാണ് കാമരാജ് ഇന്ദിരാഗാന്ധിയെ പ്രധാനമന്ത്രി പദത്തിലേക്ക് ഉയർത്തിക്കൊണ്ടുവന്നത്. നെഹ്രുവിനോടും ഇന്ദിരയോടും വൈകാരികമായി ആദരവുള്ള നിരവധി കോൺഗ്രസ്സ്കാരും കാമരാജിൻ്റെ നേതൃത്വത്തിലുള്ള തെന്നിന്ത്യൻ കോൺഗ്രസ്സും ഇന്ദിരാഗാന്ധിയുടെ പ്രധാനമന്ത്രിപദം ഇതോടെ സുനിശ്ചിതമാക്കി. ഇതിനെ തുടർന്നുള്ള തെരെഞ്ഞെടുപ്പിൽ ഇന്ദിര മൊറാർജിയെ ബഹുഭൂരിപക്ഷം വോട്ടിന് കോൺഗ്രസ്സിൽ പരാജയപ്പെടുത്തി. ഇതിൻ്റെ ഫലമായി 1966ൽ ജനുവരി 24 നു ഇന്ത്യയിലെ മൂന്നാമത്തെ പ്രധാനമന്ത്രിയും ആദ്യ വനിതാ പ്രധാനമന്ത്രിയുമായി ഇന്ദിരാഗാന്ധി സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രിയായി ചുമതലയേറ്റ ഇന്ദിരാഗാന്ധിയോട് കോൺഗ്രസ്സിലെ പുരുഷാധികാര കേന്ദ്രങ്ങൾ ശീതസമരം ആരംഭിച്ചു. തൽഫലമായി ഇന്ദിരാഗാന്ധിക്കെതിരേയും ഭരണത്തിനെതിരേയും ഭരണവിരുദ്ധ വികാരങ്ങൾ ഇളക്കിവിടാൻ മൊറാർജി ദേശായിയും ഉത്തരേന്ത്യൻ വലതുപക്ഷ ചായ്‌വുള്ള ( മുൻ രാജഭരണാധികാരികളുടേയും മറ്റു വരേണ്യതാല്പര്യങ്ങളുടെയും) കോൺഗ്രസ്സുകാരും കച്ചകെട്ടിയിറങ്ങി. 1967 ലെ പൊതുതെരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ്സിനെതിരെ പടലപ്പിണക്കക്കാർ പ്രചാരണം നടത്തിയതിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസ്സിന്റെ ഭൂരിപക്ഷം കുറഞ്ഞു. ഈ  സാഹചര്യം നമുക്ക് സുപരിചിതമായ ചരിത്രമാണല്ലോ.
എം. എഫ്. ഹുസ്സൈൻ വരച്ച ഇന്ദിര ഗാന്ധിയുടെ “എ പോട്രൈറ്റ് ഓഫ് എ ഗേൾ” എന്ന ചിത്രം
ഇന്ദിരാവിരുദ്ധതയുടെ തുടർക്കഥ എന്നവണ്ണം കോൺഗ്രസ്സിലെ ഈ പ്രബലർ പിന്നീട് ഇന്ദിരാഗാന്ധിയെ കോൺഗ്രസ്സിൽ നിന്നു തന്നെ പുറത്താക്കി. ഇത് കോൺഗ്രസ്സിൻ്റെയും ഇന്ദിരാഗാന്ധിയുടെയും ഒരു പുത്തൻ പ്രസ്ഥാനത്തിന്റെ ഉദയത്തിനു വഴിതെളിച്ചു. സോഷ്യലിസ്റ്റ് ആശയങ്ങളുമായി ഇന്ദിരാഗാന്ധി ഈ കാലഘട്ടത്തിൽ യോജിച്ചു പ്രവർത്തിച്ചതാണ് കോൺഗ്രസ്സിലെ വരേണ്യ വലതുപക്ഷ അനുഭാവികളെ ചൊടിപ്പിച്ചതും ഇന്ദിരാഗാന്ധിയെ പുറത്താക്കാൻ പ്രേരിപ്പിച്ചതും. ഇന്ത്യയിലെ ധനാഢ്യന്മാരുടേയും വർത്തക പ്രമാണിമാരുടേയും നിയന്ത്രണത്തിലുണ്ടായിരുന്ന ബാങ്കുകളെല്ലാം ദേശസാൽക്കരിച്ചതും, അന്താരാഷ്ട്ര പ്രശ്നങ്ങളിൽ, പ്രത്യേകിച്ച്, ശീതയുദ്ധം കൊടുമ്പിരി കൊണ്ടുനിന്ന സമയത്ത് സോവിയറ്റ് യൂണിയനുമായി അന്തർദേശിയ കരാറിൽ ഒപ്പുവെച്ചതും, ഭൂപ്രഭുക്കന്മാരുടെയും മുൻഭരണാധികാരികളുടെയും ഭൂമിയുടെയും അധികാരത്തിന്റെയും പേരിലുള്ള പ്രത്യേക അവകാശങ്ങളെ നിരോധിക്കുന്നതിന് വേണ്ടി പ്രചാരണങ്ങൾ നടത്തിയതും , പട്ടിണിയും ദാരിദ്രവും മാറ്റുന്നതിനുള്ള (ഗരീബി ഹഠാവോ) നയങ്ങൾക്ക് ആഹ്വാനം ചെയ്തതും , ബംഗ്ലാദേശിലെ ജനവികാരങ്ങൾക്കനുകൂലമായി ഉറച്ച തീരുമാനങ്ങൾ എടുക്കുകയും ഇതിന്റെ ഫലമായുണ്ടായ ഇന്ത്യ പാക് യുദ്ധത്തെ സധൈര്യം നേരിടുകയും വിജയിക്കുകയും ചെയ്തതും ദൃഷ്ടാന്തമായെടുക്കുമ്പോൾ ഇന്ദിരാഗാന്ധി എന്ന പുത്തൻ ഭരണാധികാരിയാണ് നമുക്ക് മുന്നിൽ അനാവരണം ചെയ്യപ്പെടുന്നത്. സ്ത്രീയെ കേവലം സൗന്ദര്യവസ്തുവായും പൊട്ടിപ്പെണ്ണായും വികാരവതിയായും മാത്രം ചിത്രീകരിച്ച “പ്രബുദ്ധനായ” റാം മനോഹർ ലോഹിയയെ പോലുള്ളവർക്കും അധികാരം എന്നത് പുരുഷാധികാരമായി മാത്രം ചുരുക്കി കണ്ടവർക്കുമുള്ള മറുപടികൂടിയായി ഇവരുടെയെല്ലാം കുപ്രചരണങ്ങളെ നിഷ്പ്രഭമാക്കിക്കൊണ്ടുള്ള ഇന്ദിരയുടെ തുടർച്ചയായ വിജയം. സ്ത്രീത്വത്തിനും അധികാരം വഴങ്ങും എന്നതിന് തെളിവായാണ് ലോകശക്തികളായ അമേരിക്കയേയും മറ്റ് പ്രബല രാഷ്ട്രങ്ങളെയും ഒട്ടും കൂസാതെ ആണവമേഖലയിൽ ഇന്ത്യ ചുവടുറപ്പിച്ചത്. ഇതിൽ കുപിതരായ ലോകപോലീസിൻ്റെ തലവനായ അമേരിക്കൻ പ്രസിഡന്റ് നിക്‌സൺ ഇന്ദിരയുടെ സ്ത്രീത്വത്തെ അപമാനിച്ചുകൊണ്ട് ‘ഓൾഡ് വിച്ച് ‘ എന്നാണവരെ വിശേഷിപ്പിച്ചത്. ഇങ്ങനെയൊക്കെയാണ് ഇന്ദിരാഗാന്ധി എന്ന വ്യക്തി ഇന്ത്യയുടെ ഉരുക്കുവനിതയായി നമുക്ക് അഭിമാനമാകുന്നത്. എന്നാൽ അധികാരം ലിംഗഭേദമന്യേ ആരേയും വഴി തെറ്റിക്കാം എന്നതിൻെറ തെളിവാണ് നഷ്ടപ്പെടുമെന്ന് തോന്നിയപ്പോൾ പൗരാവകാശങ്ങളെ ധ്വംസിച്ചുകൊണ്ട് ഇന്ത്യയിൽ അവർ അടിയന്തരാവസ്ഥ നടപ്പിലാക്കിയത്. നേരത്തെ ഇന്ദിരാഗാന്ധിയുടെ സ്ത്രീത്വത്തിനും സാമൂഹിക ഉത്തരവാദിത്വത്തിനും നിറഞ്ഞ ഭരണമികവിനും മുന്നിൽ പരാജയപ്പെട്ടവർ ഇന്ദിരയെ 1977ൽ പരാജയപ്പെടുത്തി അധികാരം കരസ്ഥമാക്കിയതും ഇതേ ചരിത്രത്തിന്റെ മറ്റൊരു മുഖമാണ്. ഇന്ദിര എന്ന ഭരണാധികാരിയുടെ വിവിധകാലങ്ങളിലുള്ള മാറ്റങ്ങളെ ഒരു പക്ഷെ നന്നായി വരച്ചിട്ടത് എം. എഫ്. ഹുസ്സൈൻ്റെ ചിത്രങ്ങളിലാണ്. സാധാരണയായൊരു പെൺകുട്ടിയിൽ (പോർട്രേറ്റ് ഒഫ് എ ഗേൾ-1959) നിന്നും 1971ൽ ഝാൻസി റാണിയായും ദുർഗ്ഗാദേവിയായും ഇന്ദിര പരിണമിക്കുന്നത് അങ്ങനെയാണ്.1977 -ൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പോയ ഇന്ദിരയുടെ മുഖത്ത് ടോർച്ചു തെളിയിച്ചുകൊണ്ട്  അവരെ കാണാൻ ശ്രമിക്കുന്ന കാണികളെക്കുറിച്ച് ലോകപ്രശസ്ത മാധ്യമപ്രവർത്തകനായ ഭ്രൂസ് ചാറ്റ്വിനോട് ഇന്ദിര പറയുന്നത് – “ഒരു ദേവത ആയിരിക്കുക എത്ര ശ്രമകരമാണെന്നത് നിങ്ങൾ മനസ്സിലാക്കുന്നതിനും അപ്പുറമാണ് .” (യു ഡോണ്ട് ഹാവ് എനി ഐഡിയ എബൗട്ട് ഹൌ ടൈറിങ് ഇറ്റ് ഈസ് ടു ബി എ ഗോഡസ്). ഇത് സൂചിപ്പിക്കുന്നത് വ്യത്യസ്തമായ വിചാരവികാര പ്രകടനങ്ങൾ ഇന്ദിരയിൽ സാധ്യമാക്കിക്കിയത് സ്ത്രീയുടെ വ്യത്യസ്ത ബിംബങ്ങൾ  തന്നെയാണ് എന്നുള്ളളതാണ്.അധികാരത്തിൽ വരാനും മികച്ച മാറ്റങ്ങൾക്ക് നേതൃത്വം നൽകാനും വീണ്ടും അവർക്ക് സാധ്യമായതും തളരാത്ത, വികാരവിചാര പ്രകടനങ്ങളുടെ ഉദാത്തതയാണ്. കരുത്തുള്ള സ്ത്രീത്വമാണ് ഇന്ദിര.
ജയലളിത ജയരാമൻ 

തെന്നിന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ പ്രബലരായ നേതാക്കളിൽ എന്നും മുൻപന്തിയിലായിരുന്നു ജയലളിത എന്ന “‘അമ്മ”. അവരുടെ മരണം പോലും തമിഴ് രാഷ്ട്രീയത്തെ പിടിച്ചുകുലുക്കും എന്നതിനാൽ AIADMK തങ്ങളുടെ  നേതൃത്വവിഭജനത്തിൽ ഏകദേശ ധാരണകളുണ്ടാക്കിയ ശേഷം മാത്രമാണ് അവരുടെ മരണവാർത്ത പോലും സ്ഥിരീകരിച്ച് പുറത്തുവിട്ടത്. ഒരു രാഷ്ട്രീയപാർട്ടിയുടെ നേതാവ് എന്നതിലുപരി രാഷ്ട്രീയത്തിൻ്റെ തന്നെ പുത്തൻ മൂർത്തരൂപമായി വേണം ജയലളിത എന്ന ഭരണാധികാരിയെ വിലയിരുത്താൻ. നാളിതുവരെയുള്ള തെക്കേ ഇന്ത്യൻ ചരിത്രത്തിൽ ജനജീവിതത്തെയും സംസ്കാരത്തേയും രാഷ്ട്രീയത്തേയും ചലനാത്മകമാക്കിയ മറ്റൊരു പെൺ ജനപ്രതിനിധി ഇല്ല. സ്ത്രീകൾ അധികാരത്തിൽ വരുമ്പോൾ സ്വാഭാവികമായുണ്ടാവും എന്ന് പറയപ്പെടുന്ന പുരുഷാധികാര പ്രകടനത്തിന്റെ എല്ലാ അശ്ലീല പ്രയോഗങ്ങളും നേരിട്ട, അവയെല്ലാം അതിജീവിച്ച സമർത്ഥയായ ഭരണാധികാരികൂടിയായിരുന്നു ജയലളിത. ഇവരെക്കുറിച്ചുള്ള വിശകലനം ഇത് കൂടുതൽ വ്യക്തമാക്കുന്നതാണ്. 1948 ഫെബ്രുവരി 24 ൽ അന്നത്തെ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായ പാണ്ഡവപുരം താലൂക്കിലെ മേല്‌ക്കോട്ടയിലെ ഒരു തമിഴ് ബ്രാഹ്മണ (അയ്യങ്കാർ) കുടുംബത്തിലാണ് ജയലളിത ജനിച്ചത്. വിദ്യാഭ്യാസത്തിൽ ഉന്നതമായ നിലവാരം കാഴ്ച വയ്ക്കുകയും വ്യത്യസ്തമായ ഭാഷകളിൽ പ്രാവിണ്യം നേടുകയും ചെയ്ത ഇവർ പത്താം ക്ലാസ്സിൽ സ്റ്റേറ്റ് തലത്തിൽ റാങ്ക് ജേതാവായിരുന്നു. എന്നാൽ സാമ്പത്തിക പ്രതിസന്ധികാരണം ഉന്നത വിദ്യാഭ്യാസം ഉപേക്ഷിച്ച് സിനിമ എന്ന വ്യവസായത്തിലേക്ക് കടന്നുവരികയും അവിടെ നന്നായി ശോഭിക്കുകയും ചെയ്തു. അവരുടെ മികച്ച സിനിമകളിൽ ഒന്നായ “ആയിരത്തിൽ ഒരുവൻ” എന്ന സിനിമയിലെ നായികാകഥാപാത്രത്തിലൂടെയാണ് എം. ജി. രാമചന്ദ്രൻ (എം.ജി. ആർ.) എന്ന ജനപ്രിയ സിനിമാതാരവും ദ്രാവിഢ രാഷ്ട്രീയത്തിൻ്റെ അഭ്രപാളിയിലെ ആൾരൂപവുമായ വ്യക്തിയുടെ ജീവിതത്തിലേക്ക് അവർ കടന്നു ചെല്ലുന്നത്. സിനിമയെ സാമൂഹികമാറ്റത്തിൻ്റെ ചാലക ശക്തിയാക്കുന്ന പ്രതീകമായി ഉപയോഗിക്കാവുന്ന ദ്രാവിഡ രാഷ്ട്രീയത്തിൻ്റെ ബാലപാഠങ്ങൾ ജയലളിത അഭ്യസിച്ചത് എം.ജി. ആറും ഒത്തുള്ള ഇരുപത്തിമൂന്നിൽ പരം ചിത്രങ്ങളിലൂടെയാണ്. തമിഴ്രാഷ്ട്രീയത്തിലെ ഭാഷാ അധിനിവേശത്തിനെതിരെയും (ഹിന്ദിയുടെ അധിനിവേശം), മറ്റു പലകടന്നുകയറ്റങ്ങൾക്കെതിരെയുമുള്ള യുവതയുടെ ചെറുത്തുനിൽപ്പാണ് ആലങ്കാരികമായി “ആയിരത്തിൽ ഒരുവൻ” പോലുള്ള പല സിനിമകളിലേയും ഇതിവൃത്തം. ഇത്തരം ചെറുത്തുനില്പുകൾക്ക് സ്ത്രീകളെയും അവരുടെ സ്ത്രൈണതയെയും ഉപയോഗപ്പെടുത്താമെന്നുള്ള പുരുഷവായനയുടെ ചിത്രീകരണമാണ് അക്കാലങ്ങളിൽ ജയലളിത ഉൾപ്പെടെയുള്ള നായികമാരിലൂടെ പ്രകടമായത്.
1989 ൽ അസംബ്ലി ആക്രമണത്തിനിടയിൽ ജയലളിത
സാമൂഹികമാറ്റത്തിനു പുരുഷന്മാരെ പ്രോത്സാഹിപ്പിക്കുന്ന പെണ്ണത്തങ്ങളായിരുന്നു ഇവയിൽ ബഹുഭൂരിപക്ഷവും. രാഷ്ട്രീയത്തിലേക്കുള്ള ജയലളിതയുടെ പിടിമുറുക്കലിൻ്റെ ആദ്യപാദത്തിൽ ഇതേ ബിംബങ്ങളാണ് ജയലളിതയും ഉപയോഗപ്പെടുത്തിയത്. രാഷ്ട്രീയമായി , സ്വതന്ത്രമായി വളരാനുള്ള സ്ത്രീകളുടെ പ്രയാസങ്ങൾ എത്രവലുതാണ് എന്നതിന് തെളിവാണ് ഇവരെ ഇകഴ്ത്തിക്കാണിക്കുന്നതിൽ ഡി.എം.കെ. , എ. ഐ.എ.ഡി. എം. കെ. ഭരണ/ പ്രതിപക്ഷവ്യത്യാസമില്ലാതെ ആശ്ലീലപ്രയോഗങ്ങൾ നടത്തിയതിന്റെ ചരിത്രം. ഇന്ദിരാഗാന്ധിയുമായി സഖ്യത്തിലായിരുന്ന ഡി.എം.കെ. യെ ഒഴിവാക്കുന്നതിന് വേണ്ടി എം.ജി.ആർ. ഇറക്കിയ തുറുപ്പുചീട്ടായിരുന്നു ജയലളിത. ഇതുതന്നെ തെളിയിക്കുന്നത് അവരുടെ രാഷ്ട്രീയപക്വതയിലുള്ള എം.ജി.ആർ.ൻ്റെ വിശ്വാസമാണ്. ഇതേത്തുടർന്ന് രാജ്യസഭാംഗമായ അവർ പലപ്പോഴും സ്വതന്ത്രമായ തീരുമാനങ്ങൾ എടുക്കുവാൻ തുടങ്ങി. ഇത് എ.ഐ. എ.ഡി.എം.കെ. ആണധികാര നേതൃത്വത്തിനു രസിച്ചില്ല. 1987 ൽ എം.ജി.രാമചന്ദ്രൻ്റെ പെട്ടെന്നുണ്ടായ മരണം എ.ഐ.എ.ഡി.എം.കെ രാഷ്ട്രീയത്തിൽ വലിയ ശൂന്യത തന്നെ ഉണ്ടാക്കി. എന്നാൽ രാഷ്ട്രീയവുമായി യാതൊരു മുൻ പരിചയവുമില്ലാത്ത ജാനകിയെ നേതൃത്വത്തിലേക്ക് പരിഗണിച്ചത് ജയലളിതയെ നിസ്സാരമായി ഒഴുവാക്കാൻ കണക്കാക്കി തന്നെയായിരുന്നു. തമിഴ്  രാഷ്ട്രീയത്തിലെ സങ്കീർണ്ണതകളെ മനസ്സിലാക്കാൻ കഴിയാഞ്ഞ ജാനകി വളരെ പെട്ടെന്നുതന്നെ നേതൃത്വത്തിൽ നിന്നും ഒഴിഞ്ഞു. അധികാര വടംവലിയുടെ ഈ കാലഘട്ടത്തിൽ ജയലളിതയെ പാർട്ടിയിൽ നിന്നും പുറത്താക്കുകയാണുണ്ടായത്. സ്വന്തമായ ഒരു പാർട്ടി സ്ഥാപിച്ച് പച്ചപിടിക്കാനുള്ള ശ്രമത്തിന്റെ കാലത്ത് 1989 ൽ നിയമസഭയിലെ ഉന്തും തള്ളലിലും താൻ ഉടുത്ത സാരി കീറിപ്പോയ ജയലളിതയെ പുരുഷകേന്ദ്രീകൃത രാഷ്ട്രീയം പിച്ചിച്ചീന്തുന്ന സ്ത്രീ ഭരണാധികാരിയായാണ് ശിവരാമൻ എന്ന പത്രപ്രവർത്തകൻ ചിത്രീകരിച്ചത്. കീറിയ സാരിയിലൂടെ നോക്കുന്ന ജയലളിതയുടെ മുഖം അടിച്ചമർത്തപ്പെടുന്ന സ്ത്രീകളുടെ അഭ്യുദയവാഞ്ഛയുടെ പ്രതീകമായാണ് പിൽക്കാലത്തു ചർച്ച ചെയ്യപ്പെട്ടത്. സ്ത്രൈണത എന്ന ബിംബം പുരുഷനെ പ്രചോദിപ്പിക്കാൻ മാത്രമുള്ളതാണെന്ന സങ്കല്പങ്ങളെ പൊളിക്കുന്ന ഒരു പുതിയ രാഷ്ട്രീയസമീപനമാണ് ഇതിലൂടെ തമിഴ് രാഷ്ട്രീയത്തിൽ കടന്നുവന്നത്. 1989 നു ശേഷമുള്ള ജയലളിതയുടെ രാഷ്ട്രീയ അജണ്ടയും പ്രവർത്തനങ്ങളും സ്ത്രീകൾ അരികുവൽക്കരിക്കപ്പെടുന്നതിനെതിരെയുള്ള സംബോധനകളാണ്. പെൺ ശിശുഹത്യ നിത്യസംഭവമായിരുന്ന തമിഴ്നാട്ടിലെ സാമൂഹിക അന്തരീക്ഷത്തിൽ “പെൺകുട്ടിക്ക് ഒരു തൊട്ടിൽ” എന്ന നയം തികച്ചും വിപ്ലവാത്മകമായിരുന്നു. സ്ത്രീസൗഹാർദ്ദപരമായുള്ള ഒട്ടനവധി ഇടപെടലുകൾ, ഗാർഹിക പീഡനത്തിനതിരെയുള്ള നിലപാടുകൾ തുടങ്ങിയവയാണ് അവർ തൻ്റെ ആദ്യകാല പ്രചാരണങ്ങൾക്ക് ഉപയോഗിച്ചത്.ഒരു രാഷ്ട്രീയ സഹചാരി എന്ന നിലയിൽ ഒരു സ്ത്രീയെ എന്നും തൻ്റെ തോഴിയായി കൊണ്ടുനടന്നതും അതിന്റെ പേരിലും മറ്റുമുണ്ടായ എല്ലാ ആരോപണങ്ങളേയും പരിപൂർണമായി നേരിടുകയോ തള്ളിക്കളയുകയോ ചെയ്തതും രാഷ്ട്രീയേമേഖലയിൽ അനന്യമായിരുന്നു. അവർ നടത്തിയ അധികാരപ്രയോഗങ്ങളോടും സാമ്പത്തിക അഴിമതിയോടും എല്ലാ വിമർശനങ്ങളും നിലനിൽക്കുമ്പോൾ തന്നെ ജയലളിത എന്ന രാഷ്ട്രീയനേതാവിനെ ഇതെല്ലാം വ്യത്യസ്തയാക്കി. തൊണ്ണൂറുകളുടെ മധ്യത്തിൽ ജയലളിത നേരിട്ട കടുത്ത അഴിമതി ആരോപണങ്ങളും ധൂർത്തും സ്ത്രീസഹജമാണ് എന്നുള്ള ആരോപണങ്ങളും അവർ സമർത്ഥമായി തള്ളിക്കളഞ്ഞത് ആൺകോയ്മാ സങ്കല്പങ്ങളുടെ
മൂർത്തരൂപമായ “‘അമ്മ” ആയിക്കൊണ്ടുള്ള തിരിച്ചു വരവിലൂടെയാണ്. മക്കളോട് സഹാനുഭൂതിയോടെ പെരുമാറുന്ന ഉത്തമയാണല്ലോ നിലനിൽക്കുന്ന സ്ത്രീസങ്കല്പങ്ങളിലെ അമ്മ. സ്ത്രൈണതയുടെ അനന്ദ സാദ്ധ്യതകളെ വ്യത്യസ്ത തോതിൽ ഉപയോഗിച്ചുകൊണ്ട് ഇന്ത്യൻ രാഷ്ട്രീയത്തിലെ എക്കാലത്തെയും മികച്ച നേതാക്കളിൽ ഒരാളാകാൻ അതിനാൽത്തന്നെ ജയലളിതയ്ക്ക് കഴിഞ്ഞു.
മായാവതി 
വടക്കേ ഇന്ത്യൻ രാഷ്ട്രീയത്തിലെ വരേണ്യജാതീയതയുടെ കുത്തകയായിരുന്ന അധികാര ഇരിപ്പിടങ്ങളെ കീഴടക്കിയ കീഴാളരാഷ്ട്രീയത്തിൻ്റെ ജ്വലിക്കുന്ന പ്രതീകമാണ് മായാവതി എന്ന “ബഹൻജി”. സാമൂഹികമായും ജാതീയമായും പിന്നാക്കം നിൽക്കുന്ന ചമാർ ജാതിയിൽ വളരെ സാധാരണമായ കുടുംബത്തിൽ 1956 ജനുവരി 15 നു ആണ് മായാവതി ജനിച്ചത്. ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്നും മീററ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദങ്ങൾ കരസ്ഥമാക്കിയ ഇവർ ഡൽഹി സർവകലാശാലയിലെ പ്രശസ്‍തമായ ഫാക്കൽറ്റി ഓഫ് ലോ യിൽ നിന്നും നിയമബിരുദം കരസ്ഥമാക്കി. പൊതുവിൽ പഠനപാടവം തെളിയിച്ച ഇവരെ കൻഷി റാം നന്നേ ചെറുപ്പത്തിൽ തന്നെ രാഷ്ട്രീയത്തിലേക്ക് ക്ഷണിക്കുകയുണ്ടായി.
കൻഷിറാം , മായാവതി
1977 ൽ ഡൽഹിയിൽ നടന്ന ഒരു കോൺഫറൻസിൽ അന്നത്തെ കേന്ദ്ര ആരോഗ്യമന്ത്രിയായിരുന്ന രാജ് നാരായൺ കീഴാളരെയും പിന്നോക്കക്കാരെയും അഭിസംബോധന ചെയ്തത് “ഹരിജൻ” എന്നായിരുന്നു. ഗാന്ധി പണ്ട് ഹരിജൻ എന്ന് അവർണരെ വിളിച്ചതിനെതിരെ ആഞ്ഞടിച്ച അംബേദ്‌കറിൻ്റെ അതെ ശൗര്യത്തോടെയാണ്  യുവതിയായ മായാവതി പ്രതികരിച്ചത്. ചരിത്രത്തിൽ അവർണ്ണരെ ചതച്ചരയ്ക്കുകയും അവസരോചിതമായി “ഹരിജൻ” എന്ന പേരിൽ വ്യാജമായി ചേർത്തു പിടിക്കുന്നതുമാണ് ഇത്തരം പൊള്ളയായ പരാമർശങ്ങളുടെ പിറകിൽ എന്നതായിരുന്നു മായാവതിയുടെ പ്രതികരണത്തിന്റെ ചുരുക്കം. പരിണിതപ്രജ്ഞനായ വരേണ്യ രാഷ്ട്രീയനേതാവിനെ നിർദാക്ഷിണ്യം വസ്തുനിഷ്ഠമായി ഘണ്ഡിച്ച ചമാർ (അംബേദ്ക്കറിനെ പോലെ) പെണ്ണിനെ ബഹുജൻ രാഷ്ട്രീയത്തിന്റെ ഭാവിയുടെ വാഗ്ദാനമായാണ് അന്നവിടെ ഉണ്ടായിരുന്ന കൻഷിറാമിന്റെ അനുയായികൾ അവരക്കുറിച്ച് അദ്ദേഹത്തോട്  സൂചിപ്പിച്ചത്.മായാവതിയുടെ വീട് സന്ദർശിച്ച കൻഷിറാം സിവിൽ സർവീസിനു പകരം ഒരായിരം സിവിൽ സെർവന്റുമാരെ നിയന്ത്രിക്കുന്ന രാഷ്ട്രീയക്കാരിയായി മായാവതിയെ വളർത്താമെന്നാണ് അറിയിച്ചത്. മണ്ഡൽ കമ്മീഷൻ ചർച്ചകൾ കൊടുമ്പിരികൊള്ളുന്ന ഈ കാലഘട്ടത്തിൽ പിന്നോക്കക്കാരുടെ ഉന്നമനവുമായി ബന്ധപ്പെട്ട ചർച്ചകൾ ശക്തിപ്പെടുത്തിയാണ് മായാവതിയും കൂട്ടരും 1984 ൽ ബഹുജൻ സമാജ്‌വാദി പാർട്ടിയുടെ രൂപീകരണത്തോടുകൂടി രാഷ്ട്രീയത്തിൽ ചുവടുറപ്പിച്ചത്.
മായാവതി ഉത്തർ പ്രദേശ് മുഖ്യമന്ത്രി ആയിരുന്ന സമയത്ത് സ്ഥാപിക്കപ്പെട്ട കൻഷിറാമിൻ്റെയും മയാവതിയുടെയും ശില്പങ്ങൾ
തുടർച്ചയായി മൂന്നു തവണ തോറ്റ മായാവതി 1989 ൽ യു. പി. യിലെ ബിജ്‌നൂറിൽ നിന്ന് ജയിക്കുകയും അത് കഴിഞ്ഞ് ആറുവർഷത്തിനുള്ളിൽ ഉത്തർ പ്രദേശ് മുഖ്യമന്ത്രിയായി സ്ഥാനമേൽക്കുകയും ചെയ്ത ചരിത്രം ഇന്ത്യൻ ജനാധിപത്യവ്യവസ്ഥയുടെ നിർണ്ണായക ചരിത്രസന്ധിയായി എന്നും നിലനിൽക്കും. “സർവ്വജൻ ഹിതേ സർവൻ സുഖേ” (ഫോർ ദി ഹാപ്പിനെസ്സ് ഒഫ് മെനി ഫോർ ദി വെൽഫെർ ഒഫ് മെനി) എന്ന പ്രശസ്തമായ ബുദ്ധിസ്റ്റ് ആശയമാണ് മായാവതി തൻ്റെ ഭരണനയങ്ങളിൽ കൈക്കൊണ്ടത്.ഈ ആശയം ബ്രാഹ്മണർ മുതൽ ദളിതർ വരെയുള്ള ഒരു രാഷ്ട്രീയസഖ്യം രൂപീകരിക്കാനുള്ള മായാവതിയുടെ രാഷ്ട്രതന്ത്രത്തിനും നൈപുണ്യത്തിനുമുള്ള വ്യക്തമായ തെളിവാണ്. മായാവതിയുടെ ഭരണ കാലഘട്ടങ്ങളിൽ നടന്ന സാമൂഹിക സാമ്പത്തിക നയങ്ങൾ ഇതിനുത്തമ ഉദാഹരണങ്ങളുമാണ്. ഇവരുടെ കാലഘട്ടത്തിലാണ് വാല്മീകി സമുദായത്തിലുള്ള വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസത്തിനു ധനനസഹായം അനുവദിച്ചതും, മറ്റു പിന്നാക്ക സമുദായക്കാരേയും ഉൾപ്പെടുത്തി അവരുടെ ഉന്നമനത്തിനായി നിരവധി നയങ്ങൾ രൂപീകരിച്ചതും, താഴ്ന്ന ജാതിക്കാരായ മുസ്‌ലിംകൾക്കും
സ്റ്റേറ്റ് ഭരണത്തിൽ സംവരണം നൽകിയതും. മായാവതിയുടെ എടുത്തു പറയേണ്ട നേട്ടങ്ങളിൽ ഒന്നാണ് ഭൂപരിഷ്ക്കരണം. ഭൂപരിഷ്കരണത്തിൻ്റെ ഭാഗമായി 1,58,000 ദളിത് ബഹുജൻ കുടുംബങ്ങൾക്ക് 1,20,000 ഏക്കർ ഭൂമിയാണ് ഇവർ വീതിച്ചു നൽകിയത്. വരേണ്യ ജാതിവിവേചന രാഷ്ട്രീയത്തെ അടിമുടി വിമർശിച്ച മായാവതി ആരെയും കൂസാതെയാണ് പൊതുമണ്ഡലത്തിൽ തൻ്റെ രാഷ്ട്രീയജീവിതം സംഭവ ബഹുലവും വർണ്ണാഭവുമാക്കിയത്. ദളിത്, ബഹുജന, പിന്നോക്കകാരുടെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ ഉന്നമനത്തിനു മായാവതി നടത്തിയ രാഷ്ട്രീയ ഇടപെടലുകൾ അനവധിയാണ്.
ജാതീയ സാമൂഹിക പിന്നോക്കാവസ്ഥകളെ പരിവർത്തനം ചെയ്യാനുതകുന്ന നയരൂപീകരങ്ങൾക്ക് ചുക്കാൻ പിടിക്കാൻ അവരെ സഹായിച്ചത് അവർ ആർജിച്ചെടുത്ത ഉന്നത വിദ്യാഭ്യാസമാണ്. മികച്ച ജനകീയ പിന്തുണയുണ്ടായിരുന്ന മായാവതി “ബെഹൻജി” എന്ന പേരിലാണ് അവരുടെ അനുയായികൾക്കിടയിൽ അറിയപ്പെട്ടത്. പുരുഷാധിപത്യ സമൂഹത്തിലെ സംരക്ഷണത്തിന്റെയും ആശ്രിതത്തിൻ്റെയും പര്യായവും സ്ത്രൈണ സങ്കല്പവുമായ “ബെഹൻജി” എന്ന അംഗീകാരം മായാവതി അവരുടെ രാഷ്ട്രീയ ഉന്നമനത്തിന് കൃത്യമായും ഉപയോഗിക്കുകയുണ്ടായി. ദളിത്, ബഹുജന, പിന്നോക്ക സമുദായങ്ങൾ മായാവതിയെ തങ്ങളുടെ രക്ഷകയായാണ് കണ്ടിരുന്നത്. ദളിത് സ്വാഭിമാനത്തിൻ്റെ ഭാഗമായി മായാവതി നടത്തിയ ദളിത് സാംസ്കാരിക നിർമ്മിതികളും സ്മാരകങ്ങളും വ്യാപകമായ വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്. രണ്ടായിരം ആണ്ടിലെ സ്റ്റാൻഡ് അപ്പ് കോമേഡിയന്മാരും മറ്റു രാഷ്ട്രീയക്കാരും അവരെ ലിംഗപരമായും ജാതീയമായും അപഹസിച്ചതിന് ഇന്ത്യൻ പൊതുമണ്ഡലം സാക്ഷിയാണ്. 2016-ലാണ് ഒരു ബി.ജെ.പി. നേതാവ് മായാവതിയെ “വേഷ്യയേക്കാളും അധഃപതിച്ചവൾ” എന്ന് പരസ്യമായി വിളിച്ചാക്ഷേപിക്കുന്നത്. മായാവതിയുടെ തലമുടിയുടെ ശൈലിയും, വർണ്ണാഭമായ വസ്ത്രങ്ങളും, വജ്രാഭരണങ്ങളും, ബാഗുകളും മറ്റും എന്നും സ്റ്റാൻഡ് അപ്പ് കോമേഡിയന്മാരുടെ ഇഷ്ടവിഷയങ്ങളായിരുന്നു. ഇന്ത്യൻ ചരിത്രത്തിൽത്തന്നെ ഏറ്റവും നികൃഷ്ടവും, അശ്ലീലം നിറഞ്ഞതുമായ ജാതീയ -ലൈംഗീക പരാമർശങ്ങൾക്ക് വിധേയമാകേണ്ടി വന്ന രാഷ്ട്രീയ നേതാവാണ് മായാവതി എന്നത് പൊതുമണ്ഡലത്തിൽ അവർ എത്രത്തോളം പുരുഷാധിപത്യ സവർണ്ണ ജാതിക്കാരാൽ വെറുക്കപ്പെട്ടിരുന്നു എന്നതിന് തെളിവാണ്. അഴിമതിയുടേയും കെടുകാര്യസ്ഥതയുടെയും പേരിൽ കുറ്റം ചാർത്തപ്പെട്ട മായാവതിയെ ജയലളിതയെപ്പോലെത്തന്നെ ഒരു സ്ത്രീയുടെ ആർഭാടജീവിതം ചൂണ്ടിക്കാട്ടിയാണ് പുരുഷാധിപത്യ പൊതുമണ്ഡലം വിമർശിച്ചത്. കടുത്ത വിമർശനങ്ങൾക്കിടയിലും സ്ത്രൈണതയാർന്ന വസ്ത്രധാരണത്തിലും മറ്റും ഒരിഞ്ചുപോലും മാറ്റം വരുത്താൻ മായാവതി ശ്രമിച്ചില്ല. പിന്നീട് പല രാഷ്ട്രീയക്കാരും സ്റ്റാൻഡ് അപ്പ് കോമേഡിയന്മാരും തങ്ങളുടെ ലൈംഗീകചുവയുള്ള പരാമർശങ്ങൾക്ക് മായാവതിയോടു ക്ഷമാപണം നടത്തിയിട്ടുണ്ട്. വമ്പിച്ച ജനപിന്തുണയ്ക്കും, ഭരണമികവിനും അവർ നടപ്പാക്കിയ പോളിയോ നിർമ്മാർജ്ജനത്തിനും അന്താരാഷ്ട്ര പ്രശംസ പിടിച്ചുപറ്റിയതും മായാവതിയിലെ മികവുറ്റ ഭരണാധികാരിക്കും രാഷ്ട്രീയനേതാവിനും ഉള്ള അംഗീകാരമാണ്. ഇന്ത്യൻ രാഷ്ട്രീയചരിത്രത്തിലെ എന്നും ഓർക്കപെടുന്ന ശക്തയായ നേതാക്കളിൽ പ്രമുഖയാണ് മായാവതി എന്നത് ചരിത്രത്തിൻ്റെയും ജനാധിപത്യത്തിന്റെയും തിരഞ്ഞെടുപ്പാണ്.
ഝാൻസി റാണി, ദുർഗ്ഗാദേവി, ഉരുക്ക് വനിത, അമ്മ , ബെഹൻജി എന്നീ സ്ത്രൈണതയാർന്ന പദങ്ങളും പദവികളും ഇന്ദിരാഗാന്ധിയും, ജയലളിതയും, മായാവതിയും തങ്ങളുടെ രാഷ്ട്രീയ ഉന്നമനത്തിനും താല്പര്യങ്ങൾക്കും വേണ്ടി ഉപയോഗിച്ചിരുന്നു എന്നത് പുരുഷാധിപത്യസങ്കൽപ്പങ്ങളെ എങ്ങനെ തങ്ങൾക്കനുകൂലമായി തിരിച്ചുപയോഗിക്കാമെന്നതിൽ അവർ സ്വായത്തമാക്കിയ ശേഷിയെ സൂചിപ്പിക്കുന്നു. ഈ മൂന്ന് സ്ത്രീകളും തങ്ങളുടെ  സ്ത്രൈണ രൂപങ്ങളുടെ ഉപയോഗം വ്യത്യസ്തങ്ങളായ രീതിയിലാണ് നടത്തിയത്. എം എഫ് ഹുസൈൻ പിതാവിന്റെ പുത്രിയായി ചിത്രീകരിച്ച വെറുമൊരു പെൺകുട്ടിയിൽ നിന്നും ദേവീ പഥത്തിലേക്ക് ഉയർന്ന  അധികാരത്തിന്റെ മൂർത്തീഭാവമായി മാറിയ സ്ത്രൈണതയാണ് ഇന്ദിര. നേരേമറിച്ച് ജയലളിത ഊതികാച്ചുന്ന സ്ത്രൈണത പുരുഷനെ പ്രചോദിപ്പിക്കുന്ന/പ്രീതിപ്പെടുത്താൻ കഴിയുന്ന സ്ത്രീ എന്ന ബിംബത്തിൽ നിന്നും സ്ത്രീകൾക്കും  മക്കൾക്കും തുണയാകുന്ന എന്നാൽ അനീതിക്ക് എതിരെ ശബ്ദമുയർത്തുന്ന ‘അമ്മ സങ്കൽപ്പത്തിലേക്കും ആ ‘അമ്മയുടെ അധികാരം അചഞ്ചലമാകുന്ന തരത്തിലേക്കുമുള്ള ബിംബമായും ആണ്  പരിണമിക്കുന്നത്. സ്ത്രീ എന്ന രീതിയിലുള്ള പരിഹാസ്യവും മാറ്റിനിർത്തലുകളും അരികുവത്കരിക്കലുമാണ് ഇന്ദിരയും ജയലളിതയും തങ്ങളുടെ ഭരണാധികാരിയിലെ രൂപപ്പെടലിൽ നേരിട്ടതെങ്കിൽ ഇതേ വിവേചനങ്ങൾക്ക് പുറമെ ജാതീയവും അശ്ലീലവുമായ വരേണ്യതയുടെ അപകീർത്തിപ്പെടുത്തലാണ് മായാവതിയിലെ സ്ത്രീത്വം നേരിട്ടത്. അതിനെ ബൗദ്ധികമായും തന്റേടത്തോടും പ്രതികരിക്കുന്ന സഹോദരിയായാണ് ഇവർ വളർത്തിയെടുത്തത്. ആണധികാരം സഹോദരിയുടെ ഇച്ഛാശക്തിക്കുമുന്നിൽ രാജിയാകുന്നതാണ് ദളിത് പെണ്ണ് ജാതി ഹിന്ദുവിന്റെ സഹോദരിയായി വളരുന്നത്തിന്റെ രാഷ്ട്രീയം.അതിനാൽ തന്നെ സ്ത്രീകളുടെ രാഷ്ട്രീയത്തിലെ മേൽകൈ പുരുഷാധിപത്യവ്യവസ്ഥയോടും ജാതിവ്യവസ്ഥയോടും സന്ധിയില്ലാതെ പോരടിച്ചാണ് ഇവർ തങ്ങളുടെ രാഷ്ട്രീയവ്യകതിത്വങ്ങളെ വികസിപ്പിച്ചെടുത്തത്. സ്വന്തമായ രാഷ്ട്രീയപാതകൾ വെട്ടിത്തെളിയിച്ച ഈ സ്ത്രീ നേതാക്കൾ തങ്ങളുടെ രാഷ്ട്രീയ ശൈലിയുടെ പിന്തുടർച്ച ഉറപ്പാക്കുന്നതിലും ശക്തരായ രാഷ്ട്രീയപിൻഗാമികളെ സൃഷ്ടിക്കുന്നതിലും പരാജയപ്പെട്ടു എന്നത് അത്യന്തം ഖേദകരമാണ്. ഈ ഖേദം സാന്ദർഭികമായി വിലയിരുത്തിയാൽ ഇവർക്ക് തുല്യർ ഇവർ മാത്രമായതിനാലാകും എന്ന നിഗമനത്തിൽ മാത്രം നമുക്ക്  തൃപ്തിപ്പെടേണ്ടിവരും.
ഡോ.അപര്‍ണ ഈശ്വരന്‍
ജെ.എന്‍.യു.വില്‍ സ്ത്രീപഠനത്തില്‍ ICSSR ഗവേഷക
ഹമീദ സീ. കെ.
കോഴിക്കോട് സര്‍വകലാശാലയിലെ സ്ത്രീ പഠന വിഭാഗം അധ്യാപിക

COMMENTS

COMMENT WITH EMAIL: 0