Homeചർച്ചാവിഷയം

ഉരുക്കങ്ങളില്‍ നിന്നുയിര്‍ക്കേണ്ടവര്‍

തസ്മിൻ

 

ശാരീരികവും മാനസികവുമായ സ്വസ്ഥത ഏതൊരാളുടെയും അവകാശമാണ്. വാക്കുകള്‍ കൊണ്ടോ നോട്ടം കൊണ്ടോ സ്പര്‍ശനം കൊണ്ടോ അത് ഹനിക്കപ്പെടുമ്പോള്‍ മനുഷ്യാവകാശ ധ്വംസനമായത് മാറുന്നു. ഇന്ന് വീടിനകത്തും പുറത്തും പല വിധ അസ്വസ്ഥതകളിലൂടെ ഒതുങ്ങിയും ഞരുങ്ങിയും വല്ലവിധേനയും ജീവിച്ചു തീര്‍ക്കുന്ന ധാരാളം പെണ്‍കുട്ടികളെയും സ്ത്രീകളെയും നമുക്ക് കണ്ടെത്താനാകും. എന്തുകൊണ്ട് ഒരു വിഭാഗം ഇത്തരത്തില്‍ ചൂഷണത്തിന് വിധേയമാകുന്നു എന്നത് ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്.
മാനസികമായി അടിച്ചമര്‍ത്തപ്പെടുമ്പോള്‍ സ്വാഭാവികമായും അപകര്‍ഷതാബോധത്താല്‍ തകര്‍ന്നു പോകുന്ന ഒരുവളുടെ മേല്‍ അധീശത്വം സ്ഥാപിക്കാന്‍ ആര്‍ക്കും ഏറെ ബുദ്ധിമുട്ടേണ്ടതില്ല. സവര്‍ണ്ണമേധാവിത്വത്തോടൊപ്പം പുരുഷ കേന്ദ്രീകൃത ലോകം പൊതു ഇടത്തില്‍ നിന്നും സ്ത്രീയെ തന്ത്രപൂര്‍വ്വം മാറ്റി നിര്‍ത്തുന്ന വിധം ഇതാണെങ്കില്‍ കുടുംബത്തിനകത്തും അവള്‍ക്ക് ഇടം നഷ്ടപ്പെടുത്തുന്ന കാരണം കൂടിയാണത്. ശാരീരിക -മാനസിക ചൂഷണങ്ങളില്‍പ്പെട്ട് വൈകാരികമായി പീഡനം അനുഭവിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണെന്ന് മാധ്യമങ്ങള്‍ പറയുന്നു. ലൈംഗിക പീഡനം അഥവാ ദുരുപയോഗം മാത്രമല്ല ഒരുവളുടെ ശരീരത്തിനും മനസിനും ഏല്ക്കുന്ന പീഡനങ്ങളേതും നിയമപരമായി കുറ്റം തന്നെയാണ്.ഇതറിയാവുന്ന സാക്ഷര പ്രബുദ്ധര്‍ തന്നെയാണ് ഒളിഞ്ഞും തെളിഞ്ഞും കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതും.
രാത്രി സഞ്ചരിക്കുന്നവളുടെ സ്വഭാവം ശരിയല്ലെന്നും പുരുഷ സുഹൃത്തുക്കളുള്ളവള്‍ ‘ വെടി’ യാണെന്നും റോഡിലൂടെ നടന്ന് മൊബൈല്‍ ഫോണില്‍ സംസാരിച്ചാല്‍ പെണ്ണിന്‍റെ മാനം ഇടിഞ്ഞു വീഴുമെന്നും ആവലാതിപ്പെടുന്ന സമൂഹത്തോട് എന്തേ ഇതൊന്നും ആണിനു ബാധകമല്ലേ എന്ന് തിരിച്ചു ചോദിക്കുന്നവള്‍ക്ക് പിന്നീടനുഭവിക്കേണ്ടി വരുന്ന മാനസിക പീഡനങ്ങള്‍ ചെറുതൊന്നുമായിരിക്കില്ല. ഇത്തരം സാഹചര്യങ്ങളില്‍ ഉള്‍ച്ചേര്‍ന്നു നിന്നു കൊണ്ട് ലിംഗനീതി, ലിംഗസമത്വം എന്നീ വാക്കുകള്‍ ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് പെണ്‍ജീവിതോദ്ധാരണ യജ്ഞം നടത്തുന്നവര്‍ ദിനംപ്രതി വര്‍ദ്ധിച്ചു വരികയാണല്ലോ.
ജാതി, മതം, വര്‍ഗ്ഗം, വര്‍ണ്ണം, ലിംഗം ,തൊഴില്‍, സമ്പത്ത് എന്നിങ്ങനെ സമസ്ത മേഖലകളിലും സ്ത്രീകള്‍ മാനസിക വൈകാരിക സമ്മര്‍ദ്ദങ്ങള്‍ അനുഭവിക്കുന്നുണ്ട്. പകലന്തിയോളം പണിയെടുത്ത് നടുവെടിയുന്ന ഭാര്യ വെറും ‘ഫൗസ് വൈഫ് ‘ മാത്രമാണ്.കൂലിയില്ലാത്ത വേല കൊണ്ട് അവള്‍ നേടുന്നതോ കുറ്റപ്പെടുത്തലുകളും അവഹേളനവും മാത്രം.നിനക്കെന്താണിവിടെ പണി? ഇതൊക്കെ ഇത്ര വലിയ പണികളാണോ? നിന്നെക്കൊണ്ടെന്തിന് കൊള്ളാം… എന്നിങ്ങനെ നീളുന്ന വാക്ശരങ്ങള്‍ . വയ്യാതായാല്‍ പോലും ലീവെടുക്കാനാവാത്ത ജോലിയാണല്ലോ ഓരോ ഹൗസ് വൈഫും നിര്‍വഹിക്കുന്നത്. മാധവിക്കുട്ടിയുടെ നെയ്പായസം, കോലാട് എന്നീ കഥകളിലെ സ്ത്രീ കഥാപാത്രങ്ങള്‍ ഇന്നും ഉള്ളില്‍ നീറി നീറി യുണരുന്നത് അവര്‍ നമ്മള്‍ തന്നെയാണ് എന്ന തിരിച്ചറിവുകൊണ്ടാണ്. ഭാര്യയുടെ അനാരോഗ്യമോ രോഗമോ ഭൂരിഭാഗം ഭര്‍ത്താക്കന്മാര്‍ക്കും പരിധിയ്ക്ക് പുറത്തുള്ള വിഷയമാണ്. ജോലിയില്ലാത്ത സ്ത്രീയെങ്കില്‍ അവസ്ഥ വളരെ കഷ്ടം. വീട്ടിലും പുറത്തും എന്തിനേറെ കിടപ്പറയില്‍ പോലും മാനസികമായി തകര്‍ക്കപ്പെട്ട സ്ത്രീ മുഖങ്ങളെ നമുക്ക് സിനിമകളില്‍ മാത്രമല്ല നിത്യജീവിത വഴികളില്‍ നിന്നു തന്നെ കണ്ടെടുക്കാനാവും. ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ‘എന്ന സിനിമയില്‍ നായിക ഫോര്‍പ്ലേ എന്ന വാക്ക് ഭര്‍ത്താവിന്‍റെ മുഖത്ത് നോക്കി വിക്കി വിക്കി പറയുന്നതും ഓ … അതൊക്കെ അറിയാല്ലേ എന്ന ഭര്‍ത്താവിന്‍റെ പരിഹാസഭാവത്തിലുള്ള ചോദ്യവും എത്രയോ സ്ത്രീജീവിതങ്ങളെ പ്രതിനിധീകരിയ്ക്കുന്നു. ആണിന്‍റെ താല്പര്യങ്ങള്‍ക്കപ്പുറം പെണ്ണ് ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും അഭിപ്രായങ്ങളും അഭിപ്രായ വ്യത്യാസങ്ങളുമുള്ളവളാണ് എന്ന് എത്ര പുരുഷന്മാര്‍ ചിന്തിക്കുന്നുണ്ട്? പെണ്ണിന്‍റെ വൈകാരികതയ്ക്ക് മേല്‍ ചവിട്ടി നിന്ന് അവളെ നിഷ്പ്രഭമാക്കുക എന്നല്ലാതെ അവളെ അവളായി ഉയര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ടെന്ന് എത്ര പേര്‍ ആഗ്രഹിക്കുന്നുണ്ട്?
സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് സ്ത്രീ കടന്നു വന്നാല്‍ ശബ്ദമുയര്‍ത്തിയാല്‍ അവളെ എന്തിന് ഭയപ്പെടണം?


എന്‍റെ ഓര്‍മ്മയില്‍ ഇന്നും നോവു പടര്‍ത്തുന്ന ഒരു കഥാപാത്രമുണ്ട്.എം.ടി.യുടെ കുട്ട്യേടത്തി. എന്തിനാണ് കുട്ട്യേടത്തി ആത്മഹത്യ ചെയ്തത് എന്ന ചോദ്യം വായനക്കാരിലേയ്ക്ക് കൂടി കഥാകൃത്ത് പകരുമ്പോള്‍ , ഇന്നും പല സ്ത്രീകളും അനുഭവിക്കുന്ന വൈകാരിക സമ്മര്‍ദ്ദങ്ങളുടെ വ്യത്യസ്ത തലങ്ങളിലൂടെ നമ്മളൊന്ന് കടന്നു പോകും. കവിളില്‍ തൂങ്ങിക്കിടക്കുന്ന മാംസക്കഷണവും ഇരുണ്ട നിറവും ഭംഗിക്കുറവും നമ്മോട് ഒരുപാട് ജീവിതങ്ങളുടെ കഥ പറയും. പെണ്ണ് കറുത്തതാണ് എന്ന പേരില്‍ കല്യാണം മുടങ്ങിപ്പോകുന്ന അവസ്ഥ എക്കാലത്തുമുണ്ടായിട്ടുണ്ട്. പഠിപ്പില്ല, പണമില്ല എന്ന ആരോപണങ്ങളെക്കാള്‍ ഉയര്‍ന്നു നിന്നതും നില്‍ക്കുന്നതും ‘ കറുപ്പ് ‘ എന്ന വാക്കാണ്. കറുപ്പിനേഴഴക് എന്ന് പ്രഖ്യാപിക്കുന്നവര്‍ തന്നെ വെളുത്തപെണ്ണിനു വേണ്ടി പരക്കം പായുന്നു. ഇനി കറുത്തവളെ ജീവിതത്തിലേക്ക് ക്ഷണിച്ചാലോ, വീട്ടുകാരുടെയും ബന്ധുക്കളുടെയും നാട്ടുകാരുടെയും കുഴിഞ്ഞ നോട്ടവും മുന വച്ച വാക്കുകളും അവളുടെ മനസ് മടുപ്പിക്കും. വിവാഹക്കമ്പോളത്തിലെ ഇത്തരം വില പറച്ചിലുകളെ ഭയന്നാണ് പെണ്‍കുട്ടികള്‍ വെളുക്കാനുള്ള ക്രീമുകള്‍ അന്വേഷിക്കുന്നത്. ‘കറുമ്പി’ എന്ന പേരിനേക്കാള്‍ ‘വെളുമ്പി’ യെന്ന ആത്മസംതൃപ്തിയ്ക്കു വേണ്ടി പല പെണ്‍കുട്ടികളും അലയുന്നത് നമ്മുടെ മുന്നിലൂടെയാണല്ലോ! പച്ച മഞ്ഞള്‍ അരച്ച് പാലില്‍ ചേര്‍ത്ത് പുരട്ടിയാല്‍ വെളുക്കും എന്ന അമ്മൂമ്മ വൈദ്യത്തില്‍ വിശ്വസിച്ച് എത്രയെത്ര അരകല്ലുകളാണ് ഓര്‍മ്മയില്‍ മഞ്ഞച്ച് കിടന്നത്. എങ്കിലും അതിന്‍റെ അടിസ്ഥാന വര്‍ണ്ണം കറുപ്പ് തന്നെ.

അശ്വതി തോമസ്

കറുപ്പ് എന്ന നിറം വൈകാരികമായി ഒരാളെ എത്രമാത്രം ബുദ്ധിമുട്ടിയ്ക്കുന്നു എന്ന വിഷയത്തെക്കുറിച്ച് പറയുമ്പോള്‍ സവര്‍ണ മേധാവിത്വ വഴികളിലൂടെ ഊറി വന്ന ചൂഷണതന്ത്രമാണിതെന്ന് വ്യക്തമാക്കേണ്ടതുണ്ട്. കറുത്തവനെ ഭയക്കുന്ന വെളുത്തവന്‍ പടച്ചുവിട്ട ആയുധം. മേല്‍ക്കോയ്മയുടേയും വര്‍ണ്ണ ബോധത്തിന്‍റെയും ഇരകളായി സ്ത്രീ സമൂഹത്തെ മാറ്റുന്നതിന്‍റെ പരസ്യതന്ത്രങ്ങളിലാണല്ലോ വെളുപ്പിന്‍റെ പ്രത്യയശാസ്ത്രം ഒളിഞ്ഞിരിക്കുന്നത്. അമേരിക്കയിലെ ടെക്സാസില്‍ താമസിക്കുന്ന കറുത്ത പെണ്‍കുട്ടികള്‍ക്ക് വേണ്ടി സംസാരിക്കുന്ന, കറുത്ത നിറമുള്ള അശ്വതി തോമസ് എന്ന പെണ്‍കുട്ടി അവളുടെ ബ്ലോഗില്‍ എഴുതിയതിങ്ങനെയാണ് – ‘ഒരു ഇന്ത്യക്കാരിയായതില്‍ എനിക്ക് സന്തോഷമുണ്ട്. ഇത്ര ശക്തമായ ചരിത്രവും സംസ്കാരവും നല്ല ഭക്ഷണവും ഒക്കെയുള്ള എന്‍റെ രാജ്യത്തെ ഞാന്‍ എങ്ങനെ ഇഷ്ടപ്പെടാതിരിക്കും? എന്നാല്‍ ഇന്ത്യയുടെ ഈ മനോഹരമായ മുഖത്തിനു പിന്നില്‍ അതി ഭീകരമായ മറ്റൊരു മുഖം കൂടിയുണ്ട്- കളറിസം!’ അശ്വതി തോമസിനെ പോലെ കറുപ്പിനെ അഭിമാനമാക്കി മാറ്റിയവരുടെ ജീവിതയാത്രയുടെ പിന്നാമ്പുറങ്ങളില്‍ നോക്കിയാല്‍ കൊടിയ യാതനകളുടെയും മാനസികപീഡനങ്ങളുടെയും വീര്‍പ്പുമുട്ടല്‍ നമുക്കനുഭവപ്പെടും.
ദളിതരുടെയും സ്ത്രീകളുടെയും ജീവിത വരിധിയ്ക്കുള്ളില്‍ വര്‍ണ്ണം തീര്‍ക്കുന്ന പീഡനമുറകള്‍ക്ക് കാലം സാക്ഷി. കറുപ്പിനെ വെളുപ്പിക്കാന്‍ നോക്കി പരാജയപ്പെട്ടവരും പൊതുചടങ്ങുകളില്‍ നിന്ന് മുഖം ഒഴിവാക്കിയവരും നമുക്കിടയിലുണ്ട്. എന്നാല്‍ പുരുഷനെ സംബന്ധിച്ച് വര്‍ണ്ണ ചിന്ത ചര്‍ച്ച ചെയ്യപ്പെടുന്നേയില്ല എന്നതാണ് വൈരുദ്ധ്യം. ഈ സത്യത്തെ തിരിച്ചറിഞ്ഞു കൊണ്ട് കറുത്ത നിറം തന്‍റെ അഭിമാനമാണെന്ന തിരിച്ചറിവിലേയ്ക്ക് നടക്കും വരെ ,വെളുപ്പിനെ ഭയന്നും ആരാധിച്ചും മോഹിച്ചും നഷ്ടമാക്കിയ സ്വത്വബോധം ഇനിയും നാം വീണ്ടെടുക്കേണ്ടതുണ്ട്.
അരികുവത്ക്കരിക്കപ്പെട്ട വിഭാഗങ്ങളില്‍ പ്രത്യേകിച്ച് സ്ത്രീകളിലുണ്ടാകുന്ന മാനസിക വൈകാരിക സമ്മര്‍ദ്ദങ്ങള്‍ തൊഴിലിടങ്ങളില്‍ മാറ്റി നിര്‍ത്തപ്പെടുന്നതുകൊണ്ടോ ജാതി, വര്‍ഗ്ഗം എന്നീ മാനദണ്ഡങ്ങളാല്‍ അകറ്റി നിര്‍ത്തപ്പെടുന്നതു കൊണ്ടോ ക്രമാതീതമായി വര്‍ദ്ധിക്കുന്നുണ്ട്. ഇത് ആത്മഹത്യയിലേക്കോ കടുത്ത ഡിപ്രഷനിലേയ്ക്കോ അവരെ തള്ളിയിടുന്നു. ആചാരവിശ്വാസങ്ങളും സ്ത്രീകളെ കടുത്ത സമ്മര്‍ദ്ദത്തിലാക്കുന്നുണ്ടെന്ന വസ്തുത വിസ്മരിച്ചു കൂടാ. പെണ്ണിന് ചുറ്റും ലക്ഷ്മണരേഖ എക്കാലവും തെളിഞ്ഞുതന്നെ കിടക്കുന്നു. അത് മറികടക്കുന്നവര്‍ തന്‍റേടികളും സാമര്‍ത്ഥ്യക്കാരികളുമാകുന്നു.
ഈ കോവിഡ് കാലം അഭിമുഖീകരിച്ച വലിയ പ്രശ്നം ക്രമാതീതമായി വര്‍ദ്ധിച്ച ആത്മഹത്യകളാണ്. പ്രത്യേകിച്ച് കുട്ടികളിലെ ആത്മഹത്യാ നിരക്ക് വര്‍ദ്ധിച്ചു. ഒറ്റപ്പെടലും കുറ്റപ്പെടുത്തലുകളും പരിഹാസവും ആക്ഷേപങ്ങളും നിരന്തരമാകുമ്പോള്‍ ഒരു നിമിഷത്തെ വൈകാരിക പ്രക്ഷുബ്ധതയില്‍ നിന്നും ഉണ്ടാകുന്ന വഴിവിട്ട ചിന്ത. ഏതൊരാത്മഹത്യയ്ക്ക് പിന്നിലുമുണ്ടാകും ഇത്തരം വൈകാരിക സമ്മര്‍ദ്ദങ്ങളുടെ വേലിയേറ്റങ്ങള്‍. ഈ അവസ്ഥകളിലാണ് ഏതൊരാള്‍ക്കും കേള്‍ക്കാന്‍ മനസുള്ള സുഹൃത്തുക്കള്‍ ആവശ്യമായി തീരുന്നത്. ഒരു ചേര്‍ത്തു പിടിക്കലോ വാക്കോ മതിയാകും ഒരു ജീവിതം മാറ്റിമറിയ്ക്കാന്‍. വര്‍ഗ്ഗ-വര്‍ണ്ണ ബോധമോ, ജാതി-മത ചിന്തയോ, ലിംഗവ്യത്യാസമോ പണമോ ഒന്നുമല്ല നമ്മളെ നിയന്ത്രിക്കേണ്ടത്. സ്വതന്ത്ര ബോധമുള്ള സ്വയം ബുദ്ധിയും സ്വത്വാവബോധവുമാണ് ഒരോ പെണ്ണിനും വേണ്ടത്. വികാരങ്ങള്‍ക്കടിപ്പെടാതെ മാനസിക സമ്മര്‍ദ്ദങ്ങളില്‍പ്പെട്ട് ഉഴറാതെ ഏത് പ്രതിസന്ധികളെയും തരണം ചെയ്യാന്‍ കെല്പുള്ള സ്ത്രീസമൂഹം ഉയര്‍ന്നു വരണം. അങ്ങനെ സ്വയം തിരിച്ചറിവുള്ള കാലം ആവശ്യപ്പെടുന്ന പെണ്ണിടങ്ങള്‍ രൂപപ്പെടട്ടെ..

 

തസ്മിൻ

എറണാകുളം ജില്ലയിൽ പേഴയ്ക്കാപ്പിളളി ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ അദ്ധ്യാപിക. സാഹിത്യ സാംസ്കാരിക രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു.  പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ: തീവണ്ടി, തല തെറിച്ചവളുടെ സുവിശേഷം, മക്കന (കവിതാ സമാഹാരങ്ങൾ) ഉപ്പുമാവ് ( ഓർമ്മക്കുറിപ്പ്) സുമയ്യ (ബാലസാഹിത്യ നോവൽ)
പുരസ്ക്കാരങ്ങൾ: തീവണ്ടി എന്ന കവിതയ്ക്ക് പെരുമ്പാവൂർ ആശാൻ സ്മാരക കവിതാ പുരസ്ക്കാരം ലഭിച്ചു.സർഗഭൂമി കഥാപുരസ്ക്കാരം ,മഴവെയിൽക്കൂട്ട് സോഷ്യൽ മീഡിയ സാഹിത്യ പുരസ്‌ക്കാരം, കെ.എസ്.ടി.എ സംസ്ഥാനതല കവിതാ പുരസ്കാരം 2018, ലേഖനത്തിനുള്ള പുരസ്ക്കാരം 2020
പുരോഗമന കലാസാഹിത്യ സംഘം പെരുമ്പാവൂർ മേഖല കമ്മറ്റി അംഗമാണ്. 

COMMENTS

COMMENT WITH EMAIL: 0