Homeഉപ്പും മുളകും

ബഹുകാ[കോ]ലങ്ങള്‍ വിജയരാജമല്ലികയുടെ കവിതകളെപ്പറ്റി

ലയാള കവിതയിലേക്കു കടന്നു വന്ന് ഇരിപ്പുറപ്പിച്ച ട്രാന്‍സ്ജെണ്ടര്‍ കവിയാണ് വിജയ രാജമല്ലിക. അവര്‍ക്കു മുമ്പ് മലയാളത്തില്‍ ധാരാളമായി ആണുങ്ങളും ധാരാളമല്ലാതെ പെണ്ണുങ്ങളും കവിതയെഴുതി. അതായത് ലൈംഗിക സന്ദിഗ്ധതകള്‍ ആണിലും പെണ്ണിലും മറഞ്ഞിരുന്നു. എന്നാല്‍ വിജയ രാജമല്ലികയുടെ ‘ദൈവത്തിന്‍റെ മകള്‍ ‘ എന്ന കവിതാ സമാഹാരത്തിലൂടെ കവിതയിലെ ദ്വന്ദ്വാത്മകതകള്‍ നിരര്‍ഥകവും അപ്രസക്കവുമായി . പെണ്ണിനും ആണിനും അപ്പുറത്തേക്ക് മലയാള കവിതയുടെ വളര്‍ച്ചയാണ് വിജയരാജമല്ലികയിലൂടെ സംഭവിച്ചത്. അതവരില്‍ അവസാനിക്കുകയല്ല, തുടങ്ങുകയാണു ചെയ്തത്. കാരണം ദയാ ഗായത്രിയും വിജി റഹ്മാനുമൊക്കെ സ്വന്തം കവിതകളുമായി അവരോടൊപ്പം ചേര്‍ന്നു കൊണ്ടിരിക്കയാണ്. വിജയരാജമല്ലികയുടെ ‘അമ്മാനം ‘ എന്ന ചെറുകവിത മുഴുവനായും ഞാനിവിടെ ഉദ്ധരിക്കുകയാണ്.
‘പരിഹസിക്കും പകലെ
നീ തന്നെയോ ഈ പാതിരാവില്‍ എനിക്ക് വിലയിടുവതിങ്ങനെ
തെരുവിന്‍റെ പൊത്തുവീണ കീശകളില്‍
നിഴലുകള്‍
എത്തിനോക്കാത്ത
കറുത്ത കാടുകളില്‍
വടിവാളും കഠാരയും
ചൂണ്ടിയെന്‍റെ മാംസങ്ങള്‍ എത്ര നീ അറുത്തെടുത്തു
പച്ചക്ക് പങ്കുവെച്ചു
കരണം പുകച്ചു
പാതി കത്തിച്ചും ആണുടലിലെ
ചാപല്യങ്ങളെ കൊത്തിപ്പറിച്ചു
അതാ ആ കാണുന്നതെന്‍റെ വീടല്ലേ
നേരം വെളുത്താല്‍
അമ്മയെന്നെ കണ്ടാല്‍,
അവരുടെ മാനം ഇടിഞ്ഞുവീഴില്ലേ!’ രാപ്പകലുകള്‍ വെളിച്ചത്തിന്‍റെ വിതരണ സ്വഭാവം കൊണ്ടു മാത്രമല്ല വ്യത്യസ്തമായിരിക്കുന്നത്. പകലുകളില്‍ പുച്ഛിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന ഉടലിന് രാത്രി ആവശ്യക്കാരും വിലയും ഏറെയാണ്. പക്ഷേ പുലര്‍ച്ചയില്‍ ഈ വേഷത്തില്‍ അമ്മ തന്നെ കാണുമ്പോള്‍ അവര്‍ അപമാനിതയാകും. വ്യത്യസ്ത കാലങ്ങളില്‍ വ്യത്യസ്ത രൂപങ്ങള്‍ സ്വീകരിക്കേണ്ടി വരുന്ന ഗതികേട് വാക്കുകള്‍ക്കതീതമാണ്. ‘ ഹിജഡ’ എന്ന കവിത തീവണ്ടികളില്‍ കാണുന്ന ഹിജഡയാണ്.

‘ കുപ്പയില്‍ സാരി ചുറ്റിയവരാ’ ണ് മുമ്പില്‍ വന്നു കൈ നീട്ടുന്നത്. ആണും പെണ്ണുമായവര്‍ വലിച്ചെറിഞ്ഞതെല്ലാം വാരിയുടുത്തവരാണവര്‍.എങ്ങും എത്താത്തവരാണ് ഹിജഡകള്‍.
‘അക്കങ്ങള്‍’ എന്ന കവിതയില്‍ ‘മൂന്നും മുകളിലേക്കും അക്കങ്ങള്‍ കണ്ടു പിടിച്ചിട്ടും രണ്ട് ആത്മഹത്യ ചെയ്തില്ല ‘ .ആണ്‍/പെണ്‍ ബൈനറി കള്‍ക്കപ്പുറത്ത് പല തരം ലൈംഗിക തന്മകളും കര്‍തൃത്വങ്ങളും മുഖ്യധാരയിലേക്കു കടന്നു വന്നുകൊണ്ടിരിക്കുന്നു. എന്നാല്‍ അതംഗീകരിക്കാന്‍ സമൂഹം ഇന്നും സജ്ജമായിട്ടില്ല.
അമ്മ അറിയാന്‍ കുറച്ചു പഴയൊരു സിനിമയുടെ പേരാണ്. എന്നാലിന്ന് അതൊരു ട്രാന്‍സ്ജെണ്ടര്‍ കവിതയുടെ ശീര്‍ഷകവുമാണ്.
‘ അമ്മ എന്ന പദത്തില്‍
ഒരു ‘മ’ മകളും മറു ‘മ’ മകനുമായി ചുരുങ്ങുമ്പോള്‍
‘അ’ യുടെ അനന്തതയില്‍ നിന്നുമൊലര്‍ച്ച കേള്‍ക്കുന്നു’.
മക്കളെ മക്കളായി ഉള്‍ക്കൊള്ളാന്‍ കഴിയാത്ത അമ്മമാരുടെ ‘ തുല്യമല്ലാത്ത സ്നേഹം ‘ മക്കളെ പൊള്ളിക്കും.
‘ കുള്ളത്തി’ എന്ന കവിത തുടങ്ങുന്നതിങ്ങനെ,
‘ നമ്പാന്‍ പറ്റാത്തവള്‍
കള്ളി
കീറിയ ചാക്കോളം വാക്കിന്
വില കല്പിക്കാത്തവള്‍
ദുര്‍മുഖി
നാഴിയിലിട്ടാല്‍ ഉരിയില്ലാതെ പോയ
കുള്ളത്തി ‘
‘ അംഗീകൃത ഭാര്യ’യാകട്ടെ, മോരും മുതിരയും വെവ്വേറെ വിളമ്പി കുഴഞ്ഞു പോയിരിക്കുന്നു. ‘ചാവേറുകളാ’യി മാറിയ മാതൃകാ ദമ്പതികളെപ്പറ്റിയും മല്ലിക എഴുതിയിട്ടുണ്ട്. ‘ പെണ്ണും പെണ്മയെ തിരിച്ചറിഞ്ഞവളും ‘ പെണ്ണിന്‍റെ ജീവിതത്തേക്കാള്‍ സങ്കീര്‍ണമാണ് സ്വന്തം ഉള്ളിലെ പെണ്ണിനെ തിരിച്ചറിഞ്ഞ ആണിന്‍റെ ജീവിതം. അതുകൊണ്ടാണ് താന്‍ ‘ പെണ്ണായി തീര്‍ന്നവളല്ല, തുടങ്ങിയവളാണ് ‘ എന്ന് മല്ലിക സ്വയം അടയാളപ്പെടുത്തുന്നത്.
“ആണല്ലപെണ്ണല്ല
കണ്മണി” എന്ന താരാട്ടുപാട്ട് ഇന്‍റര്‍സെക്സായി ജനിക്കുന്ന കുട്ടികള്‍ക്കു വേണ്ടി മല്ലിക എഴുതിയതാണ്. ആണും പെണ്ണും മാത്രമായല്ല മനുഷ്യര്‍ ജനിക്കുന്നത്. ഏതെങ്കിലും ഒന്നിലേക്ക്, അതായത് ഒന്നുകില്‍ ആണ് അല്ലെങ്കില്‍ പെണ്ണ്, കുഞ്ഞിനെ പരുവപ്പെടുത്തുകയും അതിന്‍റെ സ്വാഭാവിക ചോദനകളെ നിയന്ത്രിക്കുകയും ചെയ്യുന്ന കുടുംബങ്കല്പത്തോടുള്ള അബോധമായ കലാപം കൂടിയായി ഈ താരാട്ടുമാറുന്നു. ആണാവണം, അല്ലെങ്കില്‍ പെണ്ണെങ്കിലുമാവണം എന്ന ആണധികാര വ്യവസ്ഥയുടെ കര്‍ക്കശമായ വിധി ത്തീര്‍പ്പുകളോട് കലഹിക്കുന്നവയാണ് ആത്യന്തികമായി മല്ലികയുടെ ട്രാന്‍സ്ജെണ്ടര്‍ കവിതകള്‍ എന്നതുകൊണ്ടു കൂടിയാണ് അവ വയ ക്രിയാത്മകവും നവസാമൂഹ്യക്രമ നിര്‍മ്മിതിയെ ത്വരിതപ്പെടുത്തുന്നവയും ആയിരിക്കുന്നത്.

 

 

 

 

 

ഗീത

 

 

COMMENTS

COMMENT WITH EMAIL: 0