ഉന്നതവിദ്യാഭ്യാസരംഗത്ത് ജോലിയെടുക്കുന്ന അധ്യാപകരില്‍ അറുപതു ശതമാനത്തോളമോ അതിലധികമോ വനിതകളാണ്. എന്നാല്‍ ഉന്നതവിദ്യാഭ്യാസരംഗത്തെ അക്കാദമികവും ഔദ്യോഗികവുമായ ബോഡികളിലെ അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരുന്ന വനിതകളുടെ എണ്ണം താരതമ്യേനെ തീരെ കുറവുമാണ് . ധസീനിയോറിറ്റിയുടെ അടിസ്ഥാനത്തില്‍ ലഭ്യമാകുന്ന ചുരുക്കം ചില സ്ഥാനങ്ങളില്‍ ഈ നില മാറുന്നുണ്ട് .
ഉന്നതവിദ്യാഭ്യാസരംഗത്തെ ഏറ്റവും ഉയര്‍ന്ന അധികാരസ്ഥാനങ്ങളില്‍ തീരെയില്ല എന്നുതന്നെ പറയേണ്ടിവരും. കേരളത്തില്‍ ഇപ്പോഴത്തെ വി.സി. മാരില്‍ ഒരാള്‍ മാത്രമാണ് വനിതയായിട്ടുള്ളത്.ഇതേ വൈരുധ്യം ഉന്നതവിദ്യാഭ്യാസമേഖലയില്‍ മറ്റൊരു രംഗത്തും കാണാം.ഉന്നതവിദ്യാഭ്യാസം നിര്‍വഹിക്കാന്‍ എത്തിച്ചേരുന്നവരില്‍ എണ്‍പതുശതമാനവും പെണ്‍കുട്ടികളാണ്. എങ്കിലും അവരില്‍ മഹാഭൂരിപക്ഷവും തൊഴില്‍രംഗത്തേക്ക് എത്തിച്ചേരാതെ അപ്രത്യക്ഷമാവുകയാണ്.
ഉന്നതവിദ്യാഭ്യാസത്തിനെത്തിച്ചേരുന്ന പെണ്‍കുട്ടികളുടെ എണ്ണത്തില്‍ രാജ്യത്തുതന്നെ ഒന്നാംസ്ഥാനത്തു നില്‍ക്കുന്നത് കേരളമായതുകൊണ്ട് ,ഈ സ്ഥിതിവിശേഷം തീവ്രമായ സാമൂഹ്യാസമത്വത്തിന്‍റെ പ്രശ്നമായി നിലനില്‍ക്കുന്ന ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒന്നാംസ്ഥാനത്ത് നമ്മുടെ സംസ്ഥാനമായ കേരളമാണുള്ളത്. ഉന്നതവിദ്യാഭ്യാസം നിര്‍വഹിക്കുന്ന പെണ്‍കുട്ടികളുടെ തൊഴില്‍പങ്കാളിത്തത്തിന്‍റെ കാര്യത്തില്‍ രാജ്യത്ത് ഇരുപത്തിമൂന്നാം സ്ഥാനത്തോ അതില്‍ത്താഴെയോ മാത്രമാണ് കേരളം എന്നതുകൊണ്ടാണത്. വാസ്തവം പറഞ്ഞാല്‍ ഇതേ വൈരുധ്യങ്ങളുടെ മറ്റൊരു പതിപ്പ് മാത്രമാണ് ഉന്നതവിദ്യാഭ്യാസരംഗത്തെ സംഘടനകളുടെ പ്രവര്‍ത്തനഘടനയിലും കണ്ടുവരുന്നത്. അധ്യാപകസംഘടനകളിലെ അംഗസംഖ്യയുടെ കാര്യത്തില്‍ അറുപതുശതമാനത്തിനടുത്തോ അതിലധികമോ സ്ത്രീജീവനക്കാരായിരിക്കുമ്പോഴും പ്രസ്തുത സംഘടനകളിലെ അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരുന്നവരും നിയമിക്കപ്പെടുന്നവരും തെരഞ്ഞെടുക്കപ്പെടുന്നവരുമായ വനിതകള്‍ പത്തുശതമാനമോ അതില്‍ത്താഴെയോ മാത്രമാണ് .
എന്തുകൊണ്ട് ഇങ്ങനെ ?
ഉന്നതവിദ്യാഭ്യാസരംഗത്ത് അധ്യയനത്തിനും അധ്യാപനത്തിനുമായി എത്തിച്ചേരുന്നവരില്‍ വലിയൊരു പങ്ക് വനിതകളാണെന്നത് ശുഭോദര്‍ക്കമായ കാര്യമായല്ലേ കാണേണ്ടതെന്ന ചോദ്യം സ്വാഭാവികമാണ്. എന്നാല്‍ രാജ്യത്തെ സ്ത്രീകളുടെ മൊത്തം തൊഴില്‍പങ്കാളിത്തം പരിഗണിക്കുമ്പോള്‍ വലുതായി ആശിക്കാന്‍ തക്കതായി ഒന്നുമിതിലില്ലെന്നതാണ് വസ്തുത. എന്തെന്നാല്‍ ഔദ്യോഗികകണക്കുപ്രകാരം രാജ്യത്തെ മൊത്തം തൊഴില്‍ശേഷിയുടെഇരുപതുശതമാനം മാത്രമേ സ്ത്രീകള്‍ ഉള്ളൂ എന്നാണ് കാണുന്നത്.
ഇരുപതുശതമാനത്തില്‍ത്തന്നെ തൊണ്ണൂറ്റിയേഴു ശതമാനവും അസംഘടിത മേഖലയിലത്രെ ! . മൂന്നുശതമാനം സ്ത്രീകള്‍ മാത്രമാണ് സംഘടിതമേഖലയില്‍ പണിയെടുക്കുന്നത്. അതില്‍ നല്ലൊരു ശതമാനവും പണിയെടുക്കുന്നത് അധ്യാപകരായും ആരോഗ്യ പ്രവര്‍ത്തകരായുമാണ്. അപ്പോള്‍
എന്തുകൊണ്ട് അധ്യാപനആരോഗ്യ പ്രവര്‍ത്തനമേഖലകളില്‍ സ്ത്രീകള്‍ കൂടുതലായി വരുന്നു എന്ന ചോദ്യം പ്രസക്തമായി വരുന്നു. സ്ത്രീകള്‍ക്ക് അനുയോജ്യമെന്ന് സമൂഹം കരുതിവരുന്ന മേഖലകളാണവ എന്ന മറുപടിയാണ് പ്രാഥമികമായി നല്‍കാന്‍ പറ്റുന്നത്. സ്ത്രീകളുടെ ചുമതലകളെന്നു സമൂഹം വിചാരിച്ചു വരുന്ന ഗാര്‍ഹികകൃത്യങ്ങള്‍ മുടക്കം കൂടാതെയും ശിശുപരിചരണം അടക്കമുള്ള കാര്യങ്ങള്‍ കൂടുതല്‍ കാര്യക്ഷമതയോടെയും നിര്‍വഹിക്കാന്‍ പറ്റുന്ന രീതിയില്‍ ജോലി സമയം മാത്രമല്ല ജീവിതം തന്നെയും ക്രമീകരിക്കാന്‍ പറ്റുന്നവയായാണ് അധ്യാപനആരോഗ്യശുശ്രൂഷാരംഗത്തെ ഉദ്യോഗങ്ങള്‍ എന്ന കാഴ്ചപ്പാടിന്‍റെ തുടര്‍ച്ചയായിട്ടുവേണം ഈ രംഗത്തെ വര്‍ധിച്ചതോതിലുള്ള സ്ത്രീ പ്രാതിനിധ്യത്തെ കാണേണ്ടത്. സ്ത്രീകള്‍ വീട്ടിനുള്ളില്‍ നിര്‍വഹിച്ചുവരുന്ന ഗാര്‍ഹികകൃത്യങ്ങളുടെ സാമൂഹ്യമാനമുള്ള വിപുലീകരണങ്ങളായി അധ്യാപനആരോഗ്യരംഗത്തെ ജോലികളെ വീക്ഷിക്കുന്ന രീതിയും ഇതിന്‍റെ മറുവശമായി കണ്ടുവരുന്നുണ്ട്.
ഇത് രണ്ടുതരം പ്രതിസന്ധികള്‍ ഈ രംഗത്ത് ഉത്തരവാദിത്വബോധത്തോടെയും പൗരബോധത്തോടെയും പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് സൃഷ്ടിക്കുന്നുണ്ട്. ഒന്നാമതായി മികച്ച അധ്യാപിക / ആരോഗ്യപ്രവര്‍ത്തക എന്ന നിലയില്‍ പ്രവര്‍ത്തിക്കാനാവശ്യമായ സമയം, സാഹചര്യം എന്നിവ ഭാരിച്ച ഗാര്‍ഹിക ഉത്തരവാദിത്വങ്ങള്‍ ഒറ്റയ്ക്ക് പേറേണ്ടിവരുന്നതുമൂലം സ്ത്രീകള്‍ക്ക് നഷ്ടമാകുന്നു. രണ്ടാമതായി സ്ത്രീകളുടെ പ്രഥമവും പ്രധാനവുമായ ഇടം ഗ്യഹവും ചുമതലകള്‍ ഗാര്‍ഹിക കൃത്യങ്ങളുമെന്ന സമീപനംമൂലം പൊതുഇടങ്ങളിലെ ഊര്‍ജ്ജസ്വലമായ പങ്കാളിത്തം നിര്‍വഹിക്കുന്നതില്‍ സമൂഹവും സമുദായവും കുടുംബവും ഉയര്‍ത്തുന്ന പ്രതിസന്ധികളും സമ്മര്‍ദ്ദങ്ങളും ഭാരിച്ചതാകുകയും ചെയ്യുന്നു. ഇതിനെയെല്ലാം മറികടന്നുകൊണ്ട് മികച്ച ഉദ്യോഗസ്ഥരായി പ്രവര്‍ത്തിക്കാന്‍ ചുരുക്കം ചിലര്‍ക്ക് കഴിഞ്ഞാല്‍ത്തന്നെ, കുടുംബത്തിന്‍റെയും സമുദായത്തിന്‍റെയും അബോധതലത്തില്‍ നിരന്തരം കുറ്റവാളികളായി അവരെ വിലയിരുത്തപ്പെടുന്ന സമീപനം നിലനില്‍ക്കുന്നതുമൂലം ആത്മനിന്ദയുടെ നിഴലില്‍ എന്നേക്കുമായി കഴിയാന്‍ വിധിക്കപ്പെടുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. ഇതിനെയൊക്കെ അതിജീവിക്കാന്‍ വളരെ കുറച്ചുപേര്‍ക്കേ കഴിയുന്നുള്ളൂ. സമൂഹത്തിലെ സ്ത്രീവിരുദ്ധവും പുരുഷാധിപത്യപരവുമായ പരമ്പരാഗതലിംഗമൂല്യസങ്കല്പങ്ങള്‍ സ്ത്രീകള്‍ക്ക് തീര്‍ക്കുന്ന പ്രതിസന്ധികളുടെ ഫലമായാണ് ഇതെല്ലാം സംഭവിക്കുന്നത്. ഉന്നതവിദ്യാഭ്യാസം നിര്‍വഹിക്കാന്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ എത്തിച്ചേരുന്നതിന്‍റെ പിന്നിലും ഇതേ ലിംഗമൂല്യങ്ങള്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്.
വിവാഹമാണ് സ്ത്രീകളുടെ ആത്യന്തിക ജീവിതലക്ഷ്യമെന്ന ചിന്തയ്ക്ക് അധിപത്യമുള്ള സമൂഹത്തില്‍, അതിനുള്ള കാര്യക്ഷമതയും യോഗ്യതയും പെണ്‍കുട്ടികള്‍ ആര്‍ജ്ജിച്ചെടുക്കാനുള്ള അവസരവും ഇടവേളയും മാത്രമായി ഉന്നതവിദ്യാഭ്യാസത്തെ കാണുന്ന പ്രവണത ശക്തമാണ്. അതു മാത്രമല്ല ഉന്നതഡിഗ്രികള്‍ ഉള്ള സ്ത്രീയാണ് ഭാര്യ എന്നുള്ളത് പുരുഷന്‍റെ / സമുദായത്തിന്‍റെ / കുടുംബത്തിന്‍റെ അഭിമാനവും അന്തസ്സുമായി കരുതുന്ന രീതിയും കാണാം. സമുദായത്തിന്‍റെയോ കുടുംബത്തിന്‍റെയോ പുരുഷന്‍റെയോ കേവലം അന്തസ്സിന്‍റെ പ്രശ്നമായി സ്ത്രീകളുടെ ഉന്നതബിരുദങ്ങള്‍ മാറുകയാണ് ഇവിടെ. അതുകൊണ്ടാണ് പി.എച്ച്.ഡി. അടക്കമുള്ള ഉന്നത ബിരുദങ്ങള്‍ നേടിയിട്ടും തൊഴില്‍രംഗത്തേക്ക് എത്തിച്ചേരാതെ വീട്ടിനുള്ളില്‍ കുഞ്ഞുങ്ങളെ വളര്‍ത്തിയും പരിപാലിച്ചും ജീവിക്കുന്ന സ്ത്രീകളെ കേരളത്തില്‍ കാണാനാകുന്നത്.
സംഘടനകളിലും അസമത്വം
ഉന്നതവിദ്യാഭ്യാസരംഗത്തെ സംഘടനകളിലെ കുറഞ്ഞ സ്ത്രീപങ്കാളിത്തത്തിനു കാരണവും അന്വേഷിക്കേണ്ടത് , കേരളത്തില്‍ നിലനില്‍ക്കുന്ന സ്ത്രീവിരുദ്ധമായ ലിംഗമൂല്യസങ്കല്പനങ്ങളിലാണ്. എന്നാല്‍ സ്ത്രീകളുടെ സംഘടനാരംഗത്തുള്ള പങ്കാളിത്തക്കുറവിനെ പൊതുവേ അവരുടെ രാഷ്ട്രീയ പരിചയമില്ലായ്മയുടെയും രാഷ്ട്രീയ ബോധമില്ലായ്മയുടെയും ഭാഗമായിട്ടാണ് വിലയിരുത്തി വരാറുള്ളത്. തികഞ്ഞ രാഷ്ട്രീയബോധമുള്ള പൗരകളായി സ്ത്രീകളെ വളര്‍ത്തിയെടുക്കാനുള്ള ഉത്തരവാദിത്വമോ ജാഗ്രതയോ പ്രകടിപ്പിക്കാത്ത സമുദായത്തിലും സമൂഹത്തിലും ഇത്തരം വിലയിരുത്തലുകള്‍ക്ക് പ്രത്യേക സ്വീകാര്യതതന്നെ കാണാവുന്നതാണ്. രാഷ്ട്രീയാധികാരസ്ഥാനങ്ങളില്‍ നിന്നും സ്ത്രീകളെ എളുപ്പം പുറന്തള്ളാന്‍ സഹായിക്കുന്നു എന്നതിനാലാണ് ഇത്തരം പ്രതിലോമകരമായ വിലയിരുത്തലുകള്‍ക്ക് ഇക്കൂട്ടര്‍ക്കിടയില്‍ പ്രിയം കൂടുന്നത്. 1996-ല്‍ കേരളത്തിലെ ജനകീയാസൂത്രണരംഗത്ത് മുപ്പത്തിമൂന്നു ശതമാനം വനിതാസംവരണം നടപ്പിലാക്കിയപ്പോള്‍ , മതിയായ എണ്ണം രാഷ്ട്രീയബോധമുള്ള സ്ത്രീകളെ സ്ഥാനാര്‍ഥികളായി ലഭിക്കുന്നില്ല എന്ന് മിക്ക രാഷ്ട്രീയപാര്‍ട്ടികളും വ്യാപകമായി പരാതി ഉയര്‍ത്തിയതോര്‍ക്കുക. എന്നാല്‍ ഏതാണ്ട് ഇരുപത്തഞ്ചുവര്‍ഷങ്ങള്‍ക്കിപ്പുറം 2020-ല്‍ നടന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനു ശേഷം, അധികാരത്തിലെത്തിയവരില്‍ സ്ത്രീകളുടെ പ്രാതിനിധ്യം അമ്പതു ശതമാനത്തിലധികമാണെന്നു കാണാം. ഇന്ന് യോഗ്യതയുള്ള വനിതാസ്ഥാനാര്‍ഥികളുടെ അഭാവം രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രശ്നമല്ലാതായി മാറിക്കഴിഞ്ഞിരിക്കുകയാണ്. അവസരം നല്‍കിയാല്‍ കൃത്യവും ശക്തവുമായ രാഷ്ട്രീയവ്യക്തിത്വം ആര്‍ജിച്ചു വളരാന്‍ സ്ത്രീകള്‍ക്കാകുമെന്നതിന്‍റെ പ്രത്യക്ഷ തെളിവായി ഈ മേഖലയില്‍ വര്‍ധിച്ചുവരുന്ന സ്ത്രീ പങ്കാളിത്തത്തെ കാണാവുന്നതാണ്. ഇതിന്‍റെയൊക്കെ പശ്ചാത്തലത്തില്‍ പരിഗണിക്കുമ്പോള്‍ രാഷ്ട്രീയപ്രവര്‍ത്തനത്തിനു സജ്ജരായ സ്ത്രീകള്‍ സംഘടനകള്‍ക്കുള്ളില്‍നിന്ന് ഉണ്ടാകുന്നില്ല എന്ന പരാതി ഉയര്‍ത്തുന്നവരുടെ പ്രതിലോമപരമായ രാഷ്ട്രീയതാല്പര്യങ്ങള്‍ സൂക്ഷ്മമായിത്തന്നെ തിരിച്ചറിയേണ്ടതുണ്ട്.
ഉന്നതവിദ്യാഭ്യാസരംഗത്ത് ഇന്ന് ധാരാളം സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതില്‍ കൃത്യമായ രാഷ്ട്രീയദിശാബോധമുള്ള സംഘടനകളും അല്ലാത്തവയും ഉണ്ട്. എന്നാല്‍ ഇവയിലെല്ലാം ഒരുപോലെ സ്ത്രീ പ്രാതിനിധ്യം തീരെക്കുറവായാണ് കണ്ടുവരുന്നത്. സംഘടനകളിലെ ഏറ്റവും ഉയര്‍ന്ന സ്ഥാനങ്ങളിലേക്ക് സ്ത്രീകള്‍ എത്തിച്ചേരുന്നതേയില്ല എന്നു കാണാം. എ.കെ.പി.സി.ടി.എ യുടെ സംസ്ഥാന പ്രസിഡന്‍റായി ശ്രീമതി.എ.ജി. ഒലീന രണ്ടു വര്‍ഷക്കാലം തെരഞ്ഞെടുക്കപ്പെട്ടതു മാത്രമാണ് ഈ രീതിയില്‍ നിന്നു വ്യത്യസ്തമായി ചൂണ്ടിക്കാണിക്കാനുള്ളത്. എന്നാലിതിന് തുടര്‍ച്ച ഉണ്ടാകാത്തതിനാല്‍ കേവലം ഒരു അപവാദമായേ പറയാനാകുകയുള്ളൂ.
ഉന്നതവിദ്യാഭ്യാസരംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയില്‍ , ഇരുപതു വര്‍ഷത്തിലേറെക്കാലം പ്രഗല്‍ഭയായ ഒരു ടീച്ചര്‍ വൈസ് പ്രസിഡന്‍റായി തുടര്‍ന്ന ചരിത്രം കാണാം. വൈസ്പ്രസിഡന്‍റു സ്ഥാനം സ്ത്രീകള്‍ക്കായി സംവരണം ചെയ്യുന്ന രീതി പിന്തുടര്‍ന്നതു കൊണ്ടു ലഭിച്ച സ്ഥാനമാണെന്നതും കണക്കിലെടുക്കേണ്ടതുണ്ട്. അതിനോടൊപ്പം മറ്റൊരു സ്ത്രീ നേതാവും പ്രസ്തുത സംഘടനയ്ക്കുള്ളില്‍ നിന്നും ആ ഇരുപതു കൊല്ലങ്ങള്‍ക്കിടയില്‍ ശ്രദ്ധേയമായ നിലയില്‍ സംഘടനാ രംഗത്ത് ഉയര്‍ന്നു വന്നില്ല എന്നതും കാണേണ്ടതുണ്ട്. ആ സംഘടനയ്ക്കുള്ളില്‍ അത്ര പ്രാധാന്യമുള്ള നിലയിലല്ലാതെ അംഗങ്ങളായി പ്രവര്‍ത്തിച്ച പല സ്ത്രീകളും പിന്നീട് കേരളത്തിന്‍റെ പാര്‍ലമെന്‍ററി രാഷ്ട്രീയത്തില്‍ ശക്തവും പ്രമുഖവുമായ നിലയില്‍ ഉയര്‍ന്നുവന്നിട്ടുണ്ടെന്ന കാര്യം പരിഗണിക്കുമ്പോള്‍ , ഈ അഭാവം കൂടുതല്‍ പഠനാര്‍ഹമായ വിഷയമായി മാറുന്നുണ്ട്. അതു മാത്രമല്ല ശക്തമായ രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നു വന്ന , കേരളം മുഴുവന്‍ പരന്നുകിടക്കുന്ന യൂണിറ്റുകളിലൂടെ സഞ്ചരിച്ചുതന്നെ പ്രവര്‍ത്തിക്കാന്‍ തയ്യാറായ വ്യക്തിയായിരുന്നിട്ടും ഒരു വനിതാനേതാവിന് എന്തുകൊണ്ട് ഇരുപതിലേറെ വര്‍ഷം ഒരേ സ്ഥാനത്ത് മാറ്റമില്ലാതെ തുടരേണ്ടി വന്നുവെന്ന കാര്യവും ശ്രദ്ധിക്കേണ്ട വിഷയമാണ്.പ്രസ്തുത ടീച്ചര്‍ സംഘടനയുടെ ആദ്യകാല നേതാക്കളില്‍ ഒരാള്‍ കൂടിയാണെന്നതും കണക്കിലെടുക്കേണ്ടതുണ്ട്. അന്നു കേരളത്തില്‍ പൊതുവെ നിലനിന്നിരുന്ന സ്ത്രീ വിരുദ്ധമായ പ്രവണതകള്‍ക്കും
കീഴ് വഴക്കങ്ങള്‍ക്കും അതീതമായി ഒരു സംഘടനയ്ക്കുമാത്രം പ്രവര്‍ത്തിക്കുക എന്നത് സാധ്യമായ കാര്യമല്ല എന്ന കാര്യം കാണാതിരിക്കുന്നില്ല. ശ്രീമതി. എ.ജി. ഒലീന, സംസ്ഥാന നേതാവാകുന്നത് സ്ത്രീവിരുദ്ധസമീപനങ്ങള്‍ തിരിച്ചറിയുകയും സ്ത്രീപക്ഷസമീപനങ്ങള്‍ക്ക് പ്രാമുഖ്യവും രാഷ്ട്രീയപ്രാധാന്യവും ലഭിച്ചു തുടങ്ങിയ അടുത്ത കാലത്താണെന്നതും കണക്കിലെടുക്കേണ്ടതുണ്ട്. അപ്പോഴും ഒറ്റപ്പെട്ടതെങ്കിലും പ്രതീക്ഷാഭരിതമായ ഇത്തരം സംഭവങ്ങള്‍ക്ക് കേരളസമൂഹത്തില്‍ തുടര്‍ച്ച ഉണ്ടാകാതെ പോകുന്നതെന്തുകൊണ്ടെന്ന കാര്യം കൃത്യമായി പഠിക്കപ്പെടേണ്ട ഒന്നായി നിലനില്‍ക്കുന്നു എന്ന കാര്യം കാണാതെ പോകരുത്.
സംഘടനകള്‍ക്കുള്ളില്‍ സ്ത്രീസംവരണമോ?
ഉന്നതവിദ്യാഭ്യാസരംഗത്തെ സംഘടനകള്‍ക്കുള്ളില്‍ നേതാക്കളായി വനിതകള്‍ പ്രവര്‍ത്തിക്കുന്ന രീതി പൊതുവേ പത്തു ശതമാനത്തില്‍ത്താഴെ മാത്രമേ സംഭവിക്കുന്നുള്ളൂ . ഈ കുറവ് പരിഹരിക്കാന്‍ മിക്ക സംഘടനകളും ചില പ്രത്യേക സ്ഥാനങ്ങള്‍ സ്ത്രീകള്‍ക്ക് മാത്രമായി സംവരണം ചെയ്യുന്ന സമീപനം സ്വീകരിച്ചു വരുന്നുണ്ട്. കേരളത്തിലെ കോളേജ് ഇലക്ഷനുകളില്‍, വൈസ് ചെയര്‍മാന്‍ സ്ഥാനം പെണ്‍കുട്ടികള്‍ക്ക് മാത്രമായി മാറ്റിവയ്ക്കുന്നതിന് സമാനമായ രീതിയാണിത് .വനിതകള്‍ക്ക് പ്രത്യേകം പ്രതിനിധികളെ ഏര്‍പ്പെടുത്തുന്ന രീതിയും കോളേജുകളില്‍ കാണാം. ഇതിനു സമാനമായി സ്ത്രീകളെ മുന്‍ നിര്‍ത്തി പ്രത്യേകം സബ് കമ്മറ്റികള്‍ രൂപീകരിക്കുന്ന രീതിയും
സംഘടനകള്‍ക്കുള്ളില്‍ കണ്ടുവരുന്നു. ഈ സമീപനംമൂലം വനിതകള്‍ക്ക് മുന്‍ കൈയ്യെടുത്ത് പ്രവര്‍ത്തിക്കാന്‍ ഒരു വേദി സംഘടനകളുടെ കര്‍ശനനിയന്ത്രണങ്ങള്‍ക്കുള്ളിലാണെങ്കിലും തുറന്നുകിട്ടുകയാണ്. സ്ത്രീകള്‍ക്കു മാത്രമായി ഒരു വേദി നല്‍കിക്കൊണ്ട് , സംഘടനയുടെ മുഖ്യധാരയില്‍നിന്ന് സ്ത്രീകളെ മാറ്റി നിര്‍ത്താനുള്ള ഉപായമാണോ ഇതെന്ന ആരോപണം പതിവായി ഉയര്‍ന്നുവരാറുണ്ട്. എങ്കിലും ചില സംഘടനകളില്‍ നിന്നെങ്കിലും ഉയര്‍ന്ന തലങ്ങളിലേക്ക് കുറഞ്ഞ തോതിലാണെങ്കിലും വനിതകള്‍ എത്തിച്ചേരാന്‍ ഈ രീതി സഹായകമായിട്ടുണ്ട്.
അംഗസംഖ്യയില്‍ സ്ത്രീകള്‍ കൂടുതലായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത്, വനിതകള്‍ക്ക് പ്രാതിനിധ്യം വേണമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല.പക്ഷേ ആര്‍ക്കുവേണം ,എത്രത്തോളം വേണം, എങ്ങനെ വേണം എന്നതിലൊക്കെ അവ്യക്തത നിലനില്‍ക്കുകയാണ്. ഇക്കാര്യത്തില്‍ സംഘടനകള്‍ക്കുള്ളില്‍ ഏകരൂപത ഇല്ലാ എന്നും കാണാവുന്നതാണ്. ഇത് ഉയര്‍ത്തുന്ന പല പ്രശ്നങ്ങളുണ്ട്. ഉദാഹരണമായി ഒരു സംഘടന, സംവാദങ്ങള്‍ക്കൊടുവില്‍ പത്തു ശതമാനമോ അതിലധികമോ സംവരണം സ്ത്രീകള്‍ക്ക് ഉയര്‍ന്ന കമ്മറ്റികളില്‍ കൊടുക്കാന്‍ തീരുമാനിച്ചു എന്ന് കരുതുക .അപ്പോള്‍ ആരെ ആയിരിക്കും തെരഞ്ഞെടുക്കാന്‍ സാധ്യതയുള്ളത് ? ആ തെരഞ്ഞെടുപ്പിന്‍റെ തീരുമാനം എടുക്കുന്ന കമ്മറ്റിയില്‍ ആരായിരിക്കും നേതൃത്വം വഹിക്കുക ? പുരുഷാധിപത്യസമൂഹത്തില്‍ അധികാരം പങ്കുവെച്ച് നല്‍കുവാനുള്ള ഉത്തരവാദിത്വവും അതുവരെ അധികാരം കയ്യാളാന്‍ അവസരം ലഭിച്ചവര്‍ക്കു തന്നെയായിരിക്കുമല്ലോ. അതിനാല്‍ അധികാരനിലയിലുള്ളവര്‍ നടത്തുന്ന അത്തരം തെരഞ്ഞെടുപ്പുകളില്‍, തങ്ങള്‍ക്ക് വിധേയത്വമുള്ളവരെന്ന് തങ്ങള്‍ കരുതുന്ന, തങ്ങള്‍ക്ക് എളുപ്പത്തില്‍ സ്വാധീനിക്കാന്‍ കഴിയുന്ന വ്യക്തികള്‍ എന്ന് തങ്ങള്‍ കരുതുന്ന, വനിതകള്‍ക്ക് അവസരം ലഭിക്കാന്‍ സാധ്യതയേറും.വനിതാനേതാക്കള്‍ എന്ന നിലയില്‍ താഴെത്തട്ടില്‍നിന്ന് തന്നെ ക്രമമായി പ്രവര്‍ത്തിച്ചു വരുന്ന രീതി ഇല്ലാത്തയിടത്തോളം കാലം ഇത്തരം തെരഞ്ഞെടുപ്പിനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ആരുടെയും സ്വാധീനത്തിനു കീഴിലായല്ലാതെ കഴിവ് തെളിയിച്ചുതന്നെ വനിതകള്‍ക്ക് മുകള്‍ത്തട്ടിലേക്ക് കടന്നു വരാന്‍ കഴിയണമെങ്കില്‍ ആദ്യം വേണ്ടത് താഴെത്തട്ടില്‍ത്തന്നെ നേതൃനിരയില്‍ വിപുലമായ സ്ത്രീ പ്രാതിനിധ്യം ഉണ്ടാകുക എന്നതാണ്. ആദ്യ ഘട്ടത്തില്‍ സംവരണാടിസ്ഥാനത്തില്‍ത്തന്നെ ഈ പ്രാതിനിധ്യം ഉറപ്പാക്കേണ്ടി വരും. അതിന് യോജിക്കുന്ന രീതിയില്‍ സംഘടനാസംവിധാനം പുന:സംഘടിപ്പിക്കേണ്ടിവരും.
യൂണിറ്റ്തലങ്ങളില്‍ സെക്രട്ടറിമാരായി പ്രവര്‍ത്തിച്ച വനിതകള്‍, വര്‍ഷങ്ങളുടെ അനുഭവസമ്പത്തിന്‍റെ ഭാഗമായി ജില്ലാതലങ്ങളിലേക്കും മേഖലാതലങ്ങളിലേക്കും സംസ്ഥാന തലങ്ങളിലേക്കും ക്രമമായി എത്തിച്ചേരുക വഴി രണ്ടു ഗുണങ്ങള്‍ ആണ് ഉണ്ടാവുക . ഒന്ന് വനിതകള്‍ അധികാരസ്ഥാനങ്ങളില്‍ ക്രമാനുസൃതമായ രീതിയില്‍ എത്തിച്ചേരുന്നു എന്ന കാര്യം ഉറപ്പാക്കാനാകും.രണ്ട് അനുഭവ പരിചയവും കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിവുമുള്ള വനിതകള്‍ ഇത്തരം സ്ഥാനങ്ങളില്‍ എത്തിച്ചേരുന്നു എന്ന് ഉറപ്പാക്കാനാകും. ഇത്തരം സ്ഥിതിവിശേഷം താഴെത്തട്ടില്‍ ആവശ്യത്തിന് നിലനില്‍ക്കാത്തതിനാല്‍ കേവലം സംവരണാടിസ്ഥാനത്തില്‍മാത്രം പത്തു ശതമാനമോ അതില്‍ കുറവോ സ്ഥാനത്തേക്ക് സ്ത്രീകളെ പരിഗണിക്കുന്ന (അതും നോമിനേഷന്‍ വഴി . ഈ നോമിനേഷനു പിന്നില്‍ ആരുടെ താല്‍പര്യമാണ് പ്രവര്‍ത്തിക്കുന്നത് എന്നതും പ്രധാനമാണ്.) രീതിയാണ് ഇന്ന് എല്ലാ തലങ്ങളിലും മിക്ക സംഘടനകളിലും വ്യാപകമായി കണ്ടുവരുന്നത്. ഇതില്‍ രണ്ടു ദോഷങ്ങള്‍ ആണുള്ളത് .സംവരണം ഉറപ്പാക്കാനായി പത്ത് ശതമാനം വനിതകള്‍ വരണമെന്നേ സംഘടനകള്‍ക്കുള്ളൂ .അതിനാല്‍ അധികാരതലങ്ങളിലുള്ളവര്‍ക്ക് തങ്ങള്‍ക്ക് അഭിമതരായിട്ടുള്ള വനിതകളെ മാത്രം ആ സ്ഥാനത്തേക്ക് വയ്ക്കാനും അവര്‍ അനഭിമതരാകുന്ന മുറയ്ക്ക് അവരെ ആ സ്ഥാനത്തുനിന്ന് എന്തെങ്കിലും കാരണം കണ്ടെത്തി പതിയെ മാറ്റി അഭിമതരായ വനിതകളെ പകരം സ്ഥാപിക്കാനുമുള്ള രീതികള്‍ക്ക് ഇത് ഇടം നല്‍കും . നോമിനേറ്റു ചെയ്യപ്പെട്ടവരോടുള്ള വിധേയത്വം പ്രതീക്ഷിക്കപ്പെടുന്ന സാഹചര്യങ്ങളില്‍, വേണ്ടത്ര മികച്ച പ്രവര്‍ത്തകരായി മാറുവാന്‍ കഴിയാത്ത അവസ്ഥയുമുണ്ടാകാനിടയുണ്ട്. സ്വന്തമായ അഭിപ്രായ നിരീക്ഷണങ്ങള്‍ തുറന്നു പ്രകടിപ്പിക്കുന്നവര്‍ ഇത്തരം സാഹചര്യങ്ങളില്‍ വേഗം അനഭിമതരാകാനും സാധ്യതയുണ്ട്. ആണ്‍കോയ്മാവ്യവസ്ഥിതിയുടെ ഔദാര്യമായിക്കിട്ടുന്ന സ്ഥാനങ്ങള്‍ എന്ന ധാരണ നിലനില്‍ക്കുമ്പോള്‍ , ഊര്‍ജ്ജ്വസ്വലതയുടെ സംഘടനാ പ്രവര്‍ത്തനം എങ്ങനെ സാധ്യമാകും ?
കേവലം കുറച്ചു കാലത്തേക്ക് മാത്രം ഉള്ള ഇത്തരം പ്രാതിനിധ്യരീതിയില്‍ , ദീര്‍ഘകാലം പ്രവര്‍ത്തിച്ച് അനുഭവസമ്പത്തു നേടിയെടുക്കാനുള്ള അവസരം വനിതകള്‍ക്ക് നഷ്ടമാകുന്നു.
അതിനാല്‍ത്തന്നെ ഏറ്റവും ഉയര്‍ന്ന സ്ഥാനങ്ങളിലേക്ക് വനിതകളെ പരിഗണിക്കുന്ന ഒരു അവസ്ഥ സംജാതമായാല്‍പ്പോലും വേണ്ടത്ര അനുഭവ പരിചയത്തിന്‍റെ കുറവ് ചൂണ്ടിക്കാണിച്ച് അത്തരം സ്ഥാനങ്ങളിലേക്ക് അവരെയാരെയും പരിഗണിക്കാന്‍ പറ്റാത്ത സ്ഥിതി ഉണ്ടാവുകയും ചെയ്യുന്നു. ഇത് പുരുഷന്മാര്‍ക്ക് കൂടുതല്‍ ഗുണകരമായ രീതിയാണ്. ചില താക്കോല്‍ സ്ഥാനങ്ങള്‍ കൈവിട്ടു പോകാതെ എന്നേക്കുമായി പുരുഷ വര്‍ഗത്തിനായി സംരക്ഷിക്കാന്‍ ആണ്‍കോയ്മ കണ്ടെത്തുന്ന ഉപായങ്ങളിലൊന്നാണിത്. ഇത്തരം കുതന്ത്രങ്ങള്‍ ഇല്ലാതാകണമെങ്കില്‍ കീഴ്ത്തട്ടുമുതല്‍ ക്രമമായി പ്രവര്‍ത്തിച്ച്, ഉയര്‍ന്ന തലങ്ങളിലേക്ക് എത്തിച്ചേരുവാനുള്ള അവസരവും പിന്തുണയുമാണ് വനിതകള്‍ക്ക് സമൂഹത്തില്‍നിന്ന് ലഭ്യമാകേണ്ടത്.
ഇരട്ട അധ്വാനം
ഇക്കാര്യങ്ങള്‍ക്കൊക്കെ മറ്റൊരു വശം കൂടിയുണ്ട് എന്നതു കാണാതിരിക്കരുത്. മഹാഭൂരിപക്ഷം വനിതജീവനക്കാരും ഇരട്ടഅധ്വാനത്തിന്‍റെ ഭാരം വഹിക്കുന്നവരാണ്. കേരളത്തില്‍ വീടുകള്‍ക്കുള്ളില്‍ ഇനിയും പങ്കാളിത്ത ജനാധിപത്യം സംജാതമായിട്ടില്ല. അതിനാല്‍ ഗാര്‍ഹികാധ്വാനത്തിന്‍റെ പൂര്‍ണമായ ഉത്തരവാദിത്വം വനിതകള്‍ക്ക് ഏതാണ്ട് ഒറ്റയ്ക്ക് ഏറ്റെടുക്കേണ്ടിവരുന്ന അവസ്ഥയാണ് ഇന്നുള്ളത്..ഈ സ്ഥിതിവിശേഷം നിലനില്‍ക്കുന്നിടത്തോളം കാലം സംഘടനകള്‍ക്കുള്ളിലെ അധികാര ചുമതലകള്‍, ഏറ്റെടുക്കാന്‍ തയ്യാറാകുന്ന വനിതകള്‍ക്കത് ഫലത്തില്‍, മൂന്നാമത്തെ അധ്വാനരംഗമായി മാറുകയാണ്. നിലവിലുള്ള ഇരട്ട ഉത്തരവാദിത്വത്തിന്‍റെ ഭാരത്തിനു പുറമേ മറ്റൊരു അധ്വാനതലമെന്നത് ബഹുതലവാള്‍ പോലെ കടുത്ത അനുഭവമായി വനിതാ പ്രവര്‍ത്തകര്‍ക്ക് മാറുന്നു. അക്കാദമികവും വ്യക്തിപരവും കുടുംബപരവുമായ ഉത്തരവാദിത്തങ്ങള്‍ക്കിടയില്‍ സംഘടനാപരമായ സാമൂഹ്യ ഉത്തരവാദിത്തങ്ങള്‍കൂടി ഏറ്റെടുക്കാനുള്ള ആര്‍ജ്ജവം അതിനാല്‍ത്തന്നെ എല്ലാ വനിതകളും പ്രകടിപ്പിച്ചു എന്ന് വരില്ല. സ്ത്രീവിരുദ്ധവും പുരുഷാധിപത്യപരവും ആയ സമ്പ്രദായങ്ങള്‍ കൊണ്ടുപോയി നടക്കുന്ന ഒരു സമൂഹത്തില്‍ നിന്നും ഉചിതമായ, നീതിബോധത്തില്‍ അധിഷ്ഠിതമായ സ്ത്രീ പ്രാതിനിത്യവും സ്ത്രീ പങ്കാളിത്തവും പ്രതീക്ഷിക്കുക അസാധ്യമാണ് എന്നാണിതെല്ലാം കാണിക്കുന്നത്.
സംവരണാടിസ്ഥാനത്തിലുള്ള സ്ത്രീ പ്രാതിനിത്യം എന്നത് , സ്ത്രീ പ്രാതിനിധ്യത്തിന്‍റെ നിലവിലെ കുറവ് പരിഹരിക്കാനുദ്ദേശിച്ച് ഏര്‍പ്പെടുത്തേണ്ട ഒന്നുമാത്രമാണ്. രാഷ്ട്രീയ വ്യക്തികളായി, പൗരബോധമുള്ളവരായി, സ്വന്തം പ്രവര്‍ത്തനങ്ങളിലൂടെ രൂപപ്പെടാനുള്ള സാഹചര്യം വളരെ ചെറുപ്പം മുതലേ സ്ത്രീ സമൂഹത്തിന് നല്‍കുകയും പങ്കാളിത്ത ജനാധിപത്യത്തിന്‍റെ അനുഭവങ്ങള്‍ ഗാര്‍ഹികതലത്തില്‍ ഉറപ്പാക്കുകയും ആണ് പ്രാഥമികമായി ചെയ്യേണ്ടത്. സ്ത്രീകളെ ഗാര്‍ഹിക അടിമത്തത്തില്‍ നിന്നും വിമോചിപ്പിക്കണമെന്നും അവരെ സാമൂഹ്യ നിര്‍മ്മിതിയില്‍ പങ്കാളികളാക്കണമെന്നും ലെനിന്‍ പറഞ്ഞത് അതുകൊണ്ട് കൂടിയാണ് .ഉത്തരവാദിത്തമുള്ള സാമൂഹിക ജീവികളായി സ്ത്രീകളെ പരിവര്‍ത്തിപ്പിക്കാന്‍ കഴിയുമ്പോള്‍ സംവരണത്തിന്‍റെ ആവശ്യം വരികയില്ല. അതുവരെ ജനാധിപത്യം പൂര്‍ണമാകുവാന്‍ വേണ്ടി ,ആകാശത്തിന്‍റെയും ഭൂമിയുടെയും പകുതി അവകാശമുള്ള സ്ത്രീകള്‍ക്ക് മതിയായ അവസരങ്ങള്‍ നല്‍കുക എന്ന മനോഭാവത്തിലേക്ക് രാഷ്ട്രീയപാര്‍ട്ടികള്‍ ബോധപൂര്‍വം മാറേണ്ടതുണ്ട്. പരിമിതികള്‍ മനസ്സിലാക്കിക്കൊണ്ടു തന്നെ സംഘടനയുടെ നേതൃനിരയിലേക്ക് സ്ത്രീകളെ ബോധപൂര്‍വം കൊണ്ടുവരേണ്ടതുണ്ടെന്ന് സഖാവ് ഇ.എം.എസ്. പറഞ്ഞത് അതുകൊണ്ടു കൂടിയാണ്. അധികാര സ്ഥാനങ്ങളിലേക്ക് മാത്രമല്ല പാര്‍ട്ടിയുടെ നേതൃനിരകളിലേക്കും സ്ത്രീകള്‍ എത്തണമെന്ന നിലപാട് അദ്ദേഹം സ്വീകരിച്ചിരുന്നു. സ്ത്രീകള്‍ക്ക് അതിനുള്ള കഴിവുണ്ടോ എന്നു ചോദിച്ചവര്‍ക്ക് അദ്ദേഹം നല്‍കിയ മറുപടിയും ശ്രദ്ധേയമായിരുന്നു. ‘ കഴിവുകുറഞ്ഞവര്‍ക്ക് കഴിവുണ്ടാക്കിക്കൊടുക്കുന്നതിനു തന്നെ അവരെ പാര്‍ട്ടി കമ്മിറ്റിയിലേക്ക് എടുക്കുന്നതു സഹായകമാകും’ (സ്ത്രീകളെപ്പറ്റി – ഇ എം.എസ് (ഡോ.പി.എസ്.ശ്രീകല : 221 ഫെമിനിസത്തിന്‍റെ കേരള ചരിത്രം). അപ്പോഴും നൂറുകണക്കിനുള്ള അധികാര സ്ഥാനങ്ങളില്‍ ഏതെങ്കിലും പത്തു സ്ഥാനങ്ങള്‍ ലഭിച്ചതിന്‍റെ പേരില്‍ അത്യാഹ്ലാദം നടത്തേണ്ടതില്ലെന്ന കാര്യവും മറന്നുപോകരുത് .140 നിയമസഭാംഗങ്ങളില്‍ 11 പേര്‍ സ്ത്രീകളാണ് എന്ന കാര്യം ഉയര്‍ത്തിക്കാട്ടി ആഘോഷിക്കാന്‍ ആവശ്യപ്പെടുമ്പോള്‍ ഇക്കാര്യമാണ് ഓര്‍മ്മയില്‍ വയ്ക്കേണ്ടത്. സ്ത്രീകള്‍ക്ക് അര്‍ഹമായത് ലഭിച്ചു കഴിഞ്ഞു എന്ന വ്യാജ പ്രതീതി സൃഷ്ടിക്കുന്ന ഇത്തരം പ്രചരണവേലകള്‍, തങ്ങള്‍ കയ്യടക്കി വച്ചിരിക്കുന്ന മറ്റെല്ലാ സ്ഥാനത്തും മാറ്റമില്ലാതെ തുടരാന്‍ പുരുഷ വര്‍ഗത്തെ സഹായിക്കുന്ന വ കൂടിയാണ്. ഇത്തരം പ്രചാരവേലകള്‍ ആണ്‍കോയ്മ എക്കാലത്തും നടത്തിയിരുന്നു. ഇതു തിരിച്ചറിഞ്ഞു കൊണ്ടാണ് പ്രശസ്ത ചരിത്രകാരിയായ റൊമീല ഥാപ്പര്‍, വേദകാലം സ്ത്രീകള്‍ക്ക് പ്രാമുഖ്യമുള്ള കാലമാണെന്ന വാദത്തെ നിഷേധിക്കുന്നത്. വേദകാലത്ത് ശ്രദ്ധേയയായി തീര്‍ന്ന മൈത്രേയി പോലുള്ള പണ്ഡിത സ്ത്രീകളെ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ആണ്‍കോയ്മയിലടിയുറച്ച യാഥാസ്ഥിതികഹിന്ദുത്വവാദികള്‍ സ്ത്രീകള്‍ക്ക് പ്രാമുഖ്യമുള്ള കാലമായിരുന്നു വേദകാലം എന്ന് സ്ഥാപിക്കാന്‍ ഒരുങ്ങുന്നത് എന്നവര്‍ ചൂണ്ടിക്കാണിക്കുന്നു. അത്തരക്കാരോട് ഥാപ്പര്‍ ചോദിച്ച ചോദ്യത്തിന് അക്കാലത്തു മാത്രമല്ല ഇന്നും പ്രസക്തിയുണ്ട് :ഒരു കുരുവിയുടെ പാട്ടു കൊണ്ട് വസന്തം ഉണ്ടാകുമോ?.സമൂഹത്തിലെ എല്ലാ അധികാരനിലകളിലും അമ്പതു ശതമാനമെങ്കിലും അവസരവും പങ്കാളിത്തവും സ്ത്രീകള്‍ക്ക് ഉറപ്പാക്കാന്‍ കഴിയുമ്പോള്‍ മാത്രമേ ജനാധിപത്യപരമായ സാമൂഹ്യനീതിയിലധിഷ്ഠിതമായ സമത്വാദര്‍ശത്താല്‍ പ്രഫുല്ലമായ രാഷ്ട്രീയസാമൂഹ്യവ്യവസ്ഥിതി ഉളവാകൂ എന്ന കാര്യമാണ് ഈ ചോദ്യത്തിലൂടെ റൊമില ഥാപ്പര്‍ ഓര്‍മ്മിപ്പിക്കുന്നതെന്ന കാര്യം മറക്കരുത്.

ഡോ. സുമി
ജോയ് ഓലിയപ്പുറം
അധ്യാപിക, മലയാള വിഭാഗം
മഹാരാജാസ് കോളേജ്
COMMENTS