Homeചർച്ചാവിഷയം

ഉള്‍ച്ചേരല്‍ വിദ്യാഭ്യാസത്തിലെ ഉള്‍ച്ചേര്‍ച്ചക്കുറവുകള്‍

വ്യത്യസ്ത സ്വത്വമുളള ജനവിഭാഗങ്ങളുടെ സാമൂഹികപരമായ ഉയര്‍ച്ചയാണ് വിദ്യാഭ്യാസം കൊണ്ട് ലക്ഷ്യം വെക്കുന്നത്. തുല്യതയുള്ള സമൂഹനിര്‍മ്മിതിയും, വ്യക്തികളുടെ സ്വയം നിര്‍ണ്ണയാവകാശവും ഉറപ്പു വരുത്തുന്നതാവണം വിദ്യാഭ്യാസം.അതിനോടൊപ്പം നീതി, ബഹുമാന്യത, പരസ്പരവിശ്വാസം എന്നിവ സ്വാഭാവികമായി രൂപപെടേണ്ടതാണ്.
സമൂഹത്തിന്‍റെ ജനാധിപത്യവല്‍കരണം പൂര്‍ത്തിയാക്കുന്നത് ഈ പ്രക്രിയയിലൂടെയാണ്. അതുകൊണ്ട് തന്നെ വിദ്യാഭ്യാസത്തിന്‍റെ ഉള്ളടക്കത്തിലെ ജനാധിപത്യവത്കരണത്തില്‍ വ്യത്യസ്ത സ്വത്വമുളള ജനതകളുടെ പങ്കാളിത്തം ഉറപ്പാക്കേണ്ടതാണ്. വിദ്യാഭ്യാസത്തിന്‍റെ എല്ലാ തലങ്ങളിലുമുള്ള ജനാധിപത്യവത്ക്കരണത്തിലൂടെ മാത്രമേ ഇത് സാധ്യമാവുകയുള്ളു.
വിവേചനത്തിന്‍റെ ആദ്യ അനുഭവം ജന്മം നല്‍കിയവരില്‍ നിന്നുതന്നെ നേരിടാന്‍ സാധ്യതയുള്ള വിഭാഗമാണ് അംഗപരിമിതര്‍. എം.എച്ച്.ആര്‍ .ഡി 2009 സ്റ്റാസ്റ്റിക്സ് പ്രകാരം എട്ടു മില്യണ്‍ കുട്ടികള്‍ക്ക് ലോകത്ത് വിദ്യാഭ്യാസത്തിന് അവസരംലഭിക്കുന്നില്ല. ഈ കണക്കില്‍ പെടുന്ന പ്രധാന വിഭാഗമാണ് ഏതെങ്കിലും തരത്തില്‍ അംഗ പരിമിതരായ വ്യക്തികള്‍. 1974ല്‍ ക്ഷേമ മന്ത്രാലയം അംഗ പരിമിതരായവര്‍ക്ക് തുല്യ അവസരം ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെ ഐ.ഇ. ഡി.സി (ഇന്‍റഗ്രല്‍ എഡ്യൂക്കേഷന്‍ ഫോര്‍ ഡിസേബിള്‍ഡ് ചില്‍ഡ്രന്‍) പദ്ധതി ആരംഭിച്ചു.1986 ല്‍ നാഷണല്‍ എഡ്യൂക്കേഷന്‍ പോളിസിയിലാണ് ഇന്‍ക്ലൂസീവ് എഡ്യൂക്കേഷന്‍ എന്ന ആശയം അവതരിപ്പിക്കപെടുന്നത്. ഡിസേബിള്‍ഡ് ആയ വിദ്യാര്‍ത്ഥികളെ ഏബിള്‍ ആയവര്‍ക്കൊപ്പം ക്ലാസ്സ് മുറികളില്‍ ഇരുത്തി ഡിസേബിള്‍ഡ് ആയവരില്‍ ഗുണപരമായ മാറ്റം ഉണ്ടാകുക എന്നതാണ് ഇന്‍ക്ലൂസീവ് എഡ്യൂക്കേഷന്‍റെ പ്രാഥമിക ലക്ഷ്യം. ഇന്‍ക്ലൂസീവ് എഡ്യൂക്കേഷന്‍ എന്ന ഇംഗ്ലീഷ് പ്രയോഗത്തിന് നിഘണ്ടു പരമായി അര്‍ത്ഥം ശരിയാവുന്ന ഉള്‍ച്ചേരല്‍ വിദ്യാഭ്യാസമെന്ന പദമാണ് പൊതുവില്‍ ഉപയോഗിക്കുന്നത്. സമവാസര വിദ്യാഭ്യാസം, സങ്കലിത വിദ്യാഭ്യാസം എന്നൊക്കെ കുറേ കൂടി അര്‍ത്ഥവ്യാപ്തി നല്‍കുന്ന വാക്കുകളും മലയാളത്തില്‍ ഉപയോഗിക്കുന്നുണ്ട്.
പഠന പിന്നാക്കാവസ്ഥയുള്ളവര്‍, പഠന വൈകല്യമുള്ളവര്‍, ഓട്ടിസം, സെറിബ്രല്‍ പാള്‍സി, സ്പാസ്റ്റിസം, സ്പാസ്റ്റിക് ക്വാഡ്രിപ്ലെഗിയതുടങ്ങിയ പ്രയാസമുള്ളവര്‍, മാനസിക വൈകല്യമുള്ളവര്‍, ബുദ്ധിമാന്ദ്യമുള്ളവര്‍, കാഴ്ച പരിമിതിയുള്ളവര്‍, കേള്‍വിക്കുറവുള്ളവര്‍, ശാരീരിക വൈകല്യമുള്ളവര്‍ -എന്നിവരൊക്കെ സി.ഡബ്ല്യു.എസ്.എന്‍. (ചില്‍ഡ്രന്‍ വിത്ത് സ്പെഷ്യല്‍ നീഡ്സ്) പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിഭാഗങ്ങളായി കണക്കാക്കുന്നു.
പഠന പിന്നാക്കാവസ്ഥ മാത്രമുള്ള കുട്ടികള്‍ പഠനത്തില്‍ പിന്നിലാവുമെങ്കിലും പൊതുവെ സ്വന്തം കാര്യങ്ങള്‍ ചെയ്യാന്‍ പ്രാപ്തരാണ്. ലേണിംഗ് ഡിസ്ലെക്സിയ പോലുള്ള പ്രശ്നം അനുഭവിക്കുന്നവരും ചെറിയ പിന്തുണകള്‍ കിട്ടിയാല്‍ത്തന്നെ സാധാരണയായി മുന്നോട്ട് വരാന്‍ സാധിക്കുന്നവരാണ്. നേരിയ സെറിബ്രല്‍ പാള്‍സി ഉള്ളവര്‍ക്കും പിന്തുണ ലഭിച്ചാല്‍ പഠനപ്രവര്‍ത്തനം ഏറെക്കുറെ സാധ്യമാണ്.
ഓട്ടിസം, കടുത്ത സെറിബ്രല്‍ പാള്‍സി,കടുത്ത മാനസിക വൈകല്യങ്ങള്‍ തുടങ്ങിയ പ്രശ്നങ്ങള്‍ ഉള്ള കുട്ടികള്‍ക്കു സാധാരണ പഠനപ്രവര്‍ത്തനങ്ങള്‍ വളരെ പ്രയാസകരമൊ, അസാധ്യമോ ആണ്.വ്യക്തി കേന്ദ്രീകൃത ബോധനവും പരിപാലനവും സംരക്ഷണവുമാണ് ഇത്തരക്കാര്‍ക്ക് വേണ്ടത്.പാഠ്യവിഷയങ്ങള്‍ പഠിക്കുക എന്നതിനെകാളുപരിയായി , സ്വഭാവത്തെ ചിട്ടപ്പെടുത്താനാണ് അവര്‍ക്ക് മുഖ്യമായും പരിശീലനവും സഹായവും വേണ്ടത്.ഇവര്‍ പ്രാപ്ത്യാനുസരണം സ്പെഷ്യല്‍ സ്കൂളുകളോ റെഗുലര്‍ സ്കൂളുകളോ തിരഞ്ഞെടുക്കുകയാണ് പതിവ്.ബ്രെയില്‍ ലിപിയോ അടയാള ഭാഷകളോ സ്പെഷ്യല്‍ സ്കൂളുകളില്‍ പഠിച്ചശേഷം സാധാരണ സ്കൂളുകളിലേയ്ക്ക് മാറുന്നവരും, ഹോം ബേസ്ഡ് സ്റ്റഡി തിരഞ്ഞെടുക്കുന്നവരും ഉണ്ട്.
ഡിസ്ലക്സിയ ഡിസ്ഗ്രാഫിയ പോലുള്ള ലേണിങ് ഡിസബിലിറ്റി പോലും തിരിച്ചറിയാനും വേണ്ടവിധത്തില്‍ പരിഹരിക്കുവാനും ഉള്ള സൗകര്യമില്ലായ്മയും,സമയകുറവും എല്ലാത്തിനും ഉപരിയായി ഈ കാര്യങ്ങളിലുള്ള അധ്യാപകരുടെ അവബോധമില്ലായ്മയും ഉള്‍ച്ചേരല്‍ വിദ്യാഭ്യാസം നേരിടുന്ന വലിയ വെല്ലുവിളിയാണ്. ഉള്‍ച്ചേരല്‍ വിദ്യാഭ്യാസത്തെപ്പറ്റിയുള്ള കൃത്യവും വ്യക്തവുമായ ധാരണ അധ്യാപകര്‍ക്ക് നല്‍കുന്ന യാതൊരു പ്രവര്‍ത്തങ്ങള്‍ കാര്യക്ഷമമായി നടക്കുന്നില്ല. പഠനപ്രവര്‍ത്തനങ്ങളിലെ അനുരൂപീകരണമെങ്ങനെയാണ് നടക്കേണ്ടതെന്ന സംശയങ്ങള്‍ അവഗണിക്കപെടുന്നു. അധ്യാപക പരിശീലന പരിപാടികളില്‍ ഉള്‍ച്ചേരല്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട മൊഡ്യൂളുകള്‍ പഠനവിഷയമാവരുണ്ടെങ്കിലും അനുഭവാധിഷ്ഠിതമായി അത് വിനിമയം ചെയ്യപ്പെടുന്നില്ല.
നിരന്തരം അപരവത്കരിക്കപ്പെടുന്ന ഈ ജനതയെ ഭിന്ന ശേഷി എന്നാണ് വിദ്യാഭ്യാസ രംഗത്ത് പൊതുവില്‍ പരാമര്‍ശിക്കുന്നത്. ഈ പ്രയോഗത്തെ തന്നെ തങ്ങളോടുള്ള അവഗണയുടെ പ്രതിഫലനയാണ് ഹാരിസ് ഹില്ലിനെ പോലുള്ള ആക്റ്റീവിസ്റ്റ്കള്‍ കാണുന്നത്. ഡിസേബ്ള്‍ഡ് ആയ ആളുകളെ ഡിഫറെന്‍റ്റ്ലി ഏബ്ള്‍ഡ് എന്ന് വിളിക്കപെടുമ്പോള്‍ ഏബിള്‍ ആയിരിക്കുക എന്നത് ഒരിക്കല്‍ കൂടി മഹത്തവത്കരിക്കപ്പെടുന്നു. ഡിസബിലിറ്റിയെ കാല്‍പ്പനികവത്ക്കരിച്ചുകൊണ്ട് ആരോഗ്യമായിരിക്കുക എന്നത് അടിച്ചമര്‍ത്തലിന്‍റെ ടൂള്‍ ആയി ഉപയോഗിക്കപെടുന്ന പ്രയോഗമാണ് ഡിഫ്റന്‍റ്റലി ഏബ്ള്‍ഡ് എന്ന് ഹാരിസ് ഹില്‍ പറയുന്നു.
ബിഎഡ് തലത്തില്‍ സൈന്‍ ലാംഗ്വേജും, ബ്രെയിന്‍ ലിപിയുമെങ്കിലും ഉള്‍പെടുത്തിയാല്‍ സി.ഡബ്ല്യു.എസ്.എന്‍. വിദ്യാര്‍ത്ഥികളോടുള്ള അധ്യാപക ഇടപെടല്‍ കൂടുതല്‍ എളുപ്പവും ഗുണപ്രധവുമായി മാറും. സി.ഡബ്ല്യു.എസ്.എന്‍. കുട്ടികള്‍ക്കായി ഐ.ഇ.ഡി.സി. റിസോഴ്സ് ടീച്ചര്‍ എന്ന പേരില്‍ സ്പെഷ്യല്‍ അധ്യാപകര്‍ ഓരോ സ്കൂളിലും നിയമിക്കപെടുന്നുണ്ട്. ഉള്‍ച്ചേരല്‍ വിദ്യാഭ്യാസത്തിന്‍റെ ഭാഗമായി അധ്യാപകര്‍ക്ക് ട്രെയിനിങ് നല്‍കുക എന്നതാണ് സ്പെഷ്യല്‍ അധ്യാപകരുടെ നിയുക്ത ജോലി എങ്കിലും, പ്രായോഗിക തലത്തില്‍ അവര്‍ സി.ഡബ്ല്യു.എസ്.എന്‍. വിദ്യാര്‍ത്ഥികള്‍ക്കായുള്ള പരിശീലകര്‍ ആയാണ് മിക്കയിടത്തും പ്രവര്‍ത്തിക്കുന്നത്. പ്രത്യേക പരിശീലനം ലഭിച്ച ടീച്ചര്‍മാരുടെ സഹായത്തോടുകൂടി സാധാരണ ക്ലാസ്സുകളില്‍ അംഗപരിമിതരായവരുടെ വിദ്യാഭ്യാസം നടത്തുവാനും അത്തരം കാര്യങ്ങളില്‍ സാധാരണ ടീച്ചര്‍മാര്‍ക്ക് ഉപദേശ – നിര്‍ദ്ദേശങ്ങള്‍ നല്‍കുവാനും പര്യാപ്തമായ വിധത്തില്‍ സ്പെഷ്യല്‍ അധ്യപകരെ പരിശീലനം നല്‍കി സ്കൂളുകളില്‍ സ്ഥിര സംവിധാനം ഏര്‍പ്പെടുത്തുവാനും നാളിതുവരെ വിദ്യാഭ്യാസ വകുപ്പിന് സാധിച്ചിട്ടില്ല. സ്ഥിര നിയമനമല്ലാത്തതിനാല്‍ സ്പെഷ്യല്‍ അദ്ധ്യാപകരുടെ മുഴുവന്‍ സമയസേവനം സി.ഡബ്ല്യു.എസ്.എന്‍. വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നുമില്ല.
ഡിസേബിള്‍ഡ് വ്യക്തികളേയും അവരുടെ അനുഭവ പരിസരങ്ങളേയും ഭാഷ, ബോധന രീതി, നിത്യോപയോഗ സാധനങ്ങള്‍ തുടങ്ങി എല്ലാ സാംസ്കാരിക ഇടങ്ങളില്‍ നിന്നും അബോധമായി പുറന്തള്ളുന്ന ഏബിളിസ്റ്റ് സാംസ്കാരിക പരിസരത്തു നിന്നും രൂപപ്പെട്ട ഉള്‍ച്ചേരല്‍ വിദ്യാഭ്യാസത്തിന് അതിന്‍റെതായ പോരായ്മകള്‍ ഉണ്ട്.നട്ടെല്ല് വളക്കാതിരിക്കുക, സ്വന്തം കാലില്‍ നില്‍ക്കുക, കണ്ണ് തുറന്നു കാണുക, ബധിര കര്‍ണ്ണങ്ങളില്‍ പതിക്കുക, നിവര്‍ന്നു നില്‍ക്കുക തുടങ്ങി സിസ് ഹെറ്ററോസെക്ഷ്വല്‍ നോണ്‍-ഡിസേബിള്‍ഡ് വ്യക്തികളുടെ ഐഡന്‍റിറ്റിയെ ചോദ്യം ചെയ്യുന്ന ഭാഷ പ്രയോഗങ്ങള്‍ നിരവധിയാണ്. നിവര്‍ന്നു നില്‍ക്കാന്‍ ആവാത്തവരും പല ശാരീരിക പരിമിതികളാല്‍ മേല്പറഞ്ഞ ഭാഷ പ്രയോഗത്തിന് പുറത്ത് നില്കുന്നവരും ആയ എല്ലാവരും ‘മനുഷ്യന്യൂനര്‍’ ആണെന്നുള്ള മനുഷ്യ വിരുദ്ധ ഏബിളിസ്റ്റ് ചിന്ത രൂപ പെടുത്തിയതാണ് നമ്മുടെ പൊതുബോധം. ഈ പൊതു ബോധ നിര്‍മ്മിതി മുന്‍ നിര്‍ത്തി വിഭാവനം ചെയ്ത പാഠപുസ്തകങ്ങളും, പഠന സമ്പ്രദായവും, പഠനൊപകരണങ്ങളുമാണ് ഉള്‍ച്ചേരല്‍ വിദ്യാഭ്യാസം നേരിടുന്ന പ്രതിസന്ധി. സി.ഡബ്ല്യു.എസ്.എന്‍. വിദ്യാര്‍ത്ഥികളെ വിദ്യാലയങ്ങളില്‍ എത്തിക്കാനായി എന്നതല്ലാതെ അവര്‍ക്കു വേണ്ടി പഠനപ്രക്രിയയോ പഠന രീതിയോ ഒരു തരത്തിലുള്ള മാറ്റവും വരുത്താന്‍ ഇക്കാലം വരെ സാധിച്ചിട്ടില്ല. കേള്‍വിക്ക് പരിമിതികള്‍ ഉള്ള വിദ്യാര്‍ത്ഥി പൊതു ക്ലാസ്സ് മുറികളില്‍ കേട്ടു പഠിക്കുകയും, എഴുതാന്‍ പരിമിതികള്‍ ഉള്ള വിദ്യാര്‍ത്ഥി പരീക്ഷകള്‍ എഴുതി വിജയിക്കേണ്ടതുമായ സംവിധാനമാണ് നിലനില്‍ക്കുന്നത്.പരീക്ഷക്ക് സഹായികളെ (സ്ക്രൈബ്) ഏര്‍പ്പെടുത്തുന്നതിനു പകരം അംഗ പരിമിതരോട് സൗഹാര്‍ദ്ദപരമായ സമീപനങ്ങള്‍ പരീക്ഷനടത്തിപ്പിലടക്കം നിലവില്‍ വന്നിട്ടില്ല.
വൈകല്യങ്ങള്‍ ഉള്ളവര്‍ക്ക് ഉപയോഗിക്കതക്ക ടോയ്ലെറ്റുകളും, വിദ്യാലയത്തിനകത്തു ചലന സ്വാതന്ത്ര്യം ഉറപ്പാകും വിധം റാമ്പ്കളും ലിഫ്റ്റ്കളും വിദ്യാലയങ്ങളില്‍ ഉറപ്പാക്കാന്‍ സാധിച്ചിട്ടില്ല.ബഹുനില കെട്ടിടങ്ങളില്‍ ഗ്രൗണ്ട് ഫ്ലോറിനു മുകളിലേക്കുള്ള യാതൊരു സൗകര്യവും അനുഭവിക്കാന്‍ മിക്ക സി.ഡബ്ല്യു.എസ്.എന്‍. വിദ്യാര്‍ത്ഥികള്‍ക്കും അവസരം നഷ്ടപെടുന്നു.കേരളത്തിലെ പൊതു വിദ്യാലയങ്ങള്‍ പുതുക്കി പണിതു ഹൈ ടെക് സംവിധാനങ്ങള്‍ ഒരുക്കിയപ്പോഴും കെട്ടിടങ്ങള്‍ അംഗപരിമിത സൗഹാര്‍ദപരമായിട്ടില്ല എന്നത് ദുഃഖകമായ വസ്തുതയാണ്.
പൂര്‍ണ്ണ ആരോഗ്യമുള്ള ഹെട്രോ നോര്‍മറ്റീവ് ആളുകള്‍കളുടെ സഹതാപമോ സഹായമോ അര്‍ഹിക്കുന്നവരായി മാത്രമേ കഥകളിലും ചിത്രീകരണത്തിലും ഉദാഹരണങ്ങളില്‍ പോലും അംഗപരിമിതരായ വ്യക്തികള്‍ക്ക് പാഠഭാഗങ്ങളില്‍ ഇടമുള്ളു. സി.ഡബ്ല്യു.എസ്.എന്‍. വിഭാഗത്തെ പരാമര്‍ശിക്കുന്ന നിരവധി കഥകള്‍ പാഠപുസ്തകങ്ങളില്‍ ഉണ്ട്.പക്ഷെ സമഭാവനയുടെയും തുല്യതയുടെയും അടയാളപെടുത്തലുകള്‍ ഉള്ള പാഠ ഭാഗങ്ങള്‍ തീരെ കുറവാണ് എന്ന് കാണാം.
എട്ടാം ക്ലാസിലെ ഉറുദു പാഠപുസ്തകത്തില്‍, മൂന്നാം അദ്ധ്യായത്തില്‍ ആഹിസ്ഥ ചലിയെ എന്ന പാഠത്തിന്‍റെ തുടര്‍ പ്രവത്തനത്തില്‍ ഒരു കുട്ടി പാലത്തിലൂടെ വളരെ പതുക്കെ നടക്കുകയും അതുമൂലം ട്രാഫിക് ബ്ലോക്ക് ഉണ്ടാവുകയും ചെയ്യുന്നതായി പറയുന്നുണ്ട്. ട്രാഫിക് ബ്ലോക്ക് ശ്രദ്ധിച്ച പോലീസുകാരന്‍ എന്തിനാണ് ഇത്രപതുക്കെ നടന്നുകൊണ്ട് മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയത് എന്ന് ചോദിച്ചപ്പോള്‍ അവന്‍ പാലത്തിലേക്ക് കേറുന്ന ഇടത്തുള്ള ഒരു ബോര്‍ഡ് ചൂണ്ടി കാണിച്ചു കൊടുത്തു’പതുക്കെ പോവുക ‘എന്നായിരുന്നു ആ ബോര്‍ഡ്. വിഡ്ഢി എന്നും ഭീരു എന്നും വിശേഷണം നില്‍കികൊണ്ട് പാഠപുസ്തകത്തില്‍ ഒരു ബാലനെ അവതരിപ്പിക്കുന്ന ഈ തുടര്‍ പ്രവര്‍ത്തനം എന്ത് നീതി ബോധമാണ് മുന്നോട്ട് വെക്കുന്നത് ? ഇത്തരത്തില്‍ പരിഹാസം വിതറുന്നില്ല എങ്കിലും, ആരോഗ്യമുള്ള ശരീരങ്ങളുടെ സഹതാപം കലര്‍ന്ന പരിഗണനക്ക് അര്‍ഹമാവേണ്ടവരാണ് അംഗപരിമിതര്‍ എന്ന് സൂചിപ്പിക്കുന്ന രചനകള്‍ക്ക് മാത്രമേ നിലവില്‍ പാഠപുസ്തകങ്ങളില്‍ ഇടം കിട്ടിയിട്ടുള്ളു.
റിസള്‍ട്ട് മുന്‍ നിര്‍ത്തി ചില വിദ്യാലയങ്ങള്‍ CWSN വിദ്യാര്‍ത്ഥികളെ സ്വീകരിക്കാന്‍ വിമുഖത കാണിക്കാറുണ്ട്. എങ്കിലും, CWSN വിഭാഗത്തോട് സമൂഹത്തില്‍ നിലനിന്നിരുന്ന വിമുഖത മാറ്റാന്‍ ഏറെക്കുറെ സഹായിച്ചു എന്നതാണ് ഉള്‍ച്ചേരല്‍ വിദ്യാഭ്യാസത്തിന്‍റെ പ്രധാന മെച്ചം. സ്വന്തം സഹപാഠികളില്‍ നിന്നുള്ള സ്നേഹവും സഹകരണവും ഇത്തരക്കാരിലെ പ്രശ്നങ്ങളെ കുറച്ചൊക്കെ ലഘൂകരിക്കുന്നുണ്ട്. ഇവര്‍ സമൂഹത്തിന്‍റെ സ്വാഭാവിക ഭാഗമാണന്ന പൊതു ബോധം സൃഷ്ടിക്കുവാനും ഈ പദ്ധതിക്ക് സാധിച്ചിട്ടുണ്ട്.
രക്ഷിതാക്കള്‍ക്കുള്ള ബോധവത്കരണ പരിപാടികളും കാര്യക്ഷമമാവേണ്ടതുണ്ട്. ഇത്തരക്കാരിലെ ലൈംഗിക അഭിരുചികളെ മനസിലാകുന്നതിലും മറ്റും വികലമായ കാഴ്ചപ്പാടുകള്‍ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്.ആ കാഴ്ചപാടുകള്‍ക്ക് മാറ്റം വരുവാന്‍ ഉതക്കുന്ന വിധത്തില്‍ ഇണടച വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്ക് പരിശീലനം നല്‍കേണ്ടതുണ്ട്. തീരെ അവഗണിക്കപ്പെടുന്ന മേഖലയാണ് സി.ഡ.ബ്ല്യു.എസ്.എന്‍ വിദ്യാര്‍ത്ഥികളുടെ വൈകല്യങ്ങളെ മുതലെടുത്തു നടക്കുന്ന ലൈംഗിക അതിക്രമങ്ങള്‍. ബുദ്ധി മാന്ദ്യം പോലുള്ളവ സംഭവിച്ച കുട്ടികള്‍ക്ക് മേല്‍ നടക്കുന്ന ലൈംഗിക അതിക്രമങ്ങള്‍ മറ്റേതൊരാള്‍ക്ക് മേലുണ്ടാവുന്ന അതിക്രമങ്ങളെക്കാളും റിപ്പോര്‍ട്ട്ചെയ്യപ്പെടാതെ പോവുന്നു .ശരീരത്തെ കുറിച്ചുള്ള ബോധം ഇവരുടെ രക്ഷിതാക്കള്‍ക്കു നല്‍കുക എന്നത് അടിയന്തിര ശ്രദ്ധ വേണ്ട കാര്യമാണ്.
2009 ല്‍ നടപ്പിലായ വിദ്യാഭ്യാസ അവകാശ നിയമം അംഗപരിമിതരുടെ കാര്യത്തില്‍ നിര്‍ദ്ദേശിച്ച, അംഗപരിമിതരുടെ താമസസ്ഥലത്തുനിന്നും ഒന്നു മുതല്‍ മൂന്ന് കി.മീ വരെ അകലത്തില്‍ പ്രാഥമിക, സെക്കണ്ടറി വിദ്യാഭ്യാസം സൗകര്യപ്പെടുത്തിയിരിക്കണം എന്ന നിര്‍ദ്ദേശം നിയമം പോലും പ്രാബല്യത്തില്‍ വന്ന് ഒരു ദശകം പിന്നിട്ടിട്ടും നടപ്പിലായിട്ടില്ല. ഉള്‍ച്ചേരല്‍ വിദ്യാഭ്യാസമെന്ന അടിയന്തിര ശ്രദ്ധ അര്‍ഹിക്കുന്ന പദ്ധതി നടപ്പില്‍ വന്നു ഇരുപത്തി അഞ്ചു വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും അതിന്‍റെ പൂര്‍ണ്ണതയിലേക്ക് എത്തിയിട്ടില്ല എന്നതാണ് വാസ്തവം.

 

 

 

 

 

റസീന കെ.കെ.
അധ്യാപിക, ജി.ജി.എച്ച്.എസ്.എസ്, മലപ്പുറം

COMMENTS

COMMENT WITH EMAIL: 0