Homeചർച്ചാവിഷയം

ഉടലിന്‍റെ രാഷ്ട്രീയം- ദളിത് സ്ത്രീപക്ഷ വായനകള്‍

മീനാ കന്തസാമിയുടെ ‘Becoming a Brahmin’ എന്ന കവിതയില്‍, ശൂദ്രനെ ബ്രാഹ്മണനാക്കുന്നതിനുള്ള അല്‍ഗോരിതത്തെ കുറിച്ച് വളരെ സറ്റയറിക്കലായി പറയുന്നുണ്ട്. സുന്ദരിയായ ഒരു ശൂദ്രസ്ത്രീയെ ഒരു ബ്രാഹ്മണനുമായി വിവാഹം കഴിപ്പിക്കുക, അയാളുടെ പെണ്‍കുട്ടിയെ അവള്‍ പ്രസവിച്ചാല്‍, ആ കുട്ടിയെ വീണ്ടും ഒരു ബ്രാഹ്മണനുമായി വിവാഹം കഴിപ്പിക്കുക, ഈ പ്രക്രിയ മൂന്നോ നാലോ ആറു തവണകളായി തുടരുക, അവസാന പ്രൊഡക്ട് ഒരു ബ്രാഹ്മണന്‍ ആകുന്നു. ഈ അല്‍ഗോരിതത്തെ പിന്തുണച്ചത് രാഷ്ട്രപിതാവായിരുന്നു എന്നും, കവയത്രി പറയുന്നു. എന്നാല്, ഒരു പറയനെ ബ്രാഹ്മണന്‍ ആക്കുന്നതിനുള്ള അല്‍ഗോരിതത്തിനായി മറ്റൊരു രാഷ്ട്രപിതാവിനെ തന്നെ കാത്തിരിക്കുകയാണെന്നും, മനഃപൂര്‍വമല്ലാത്ത കാലതാമസത്തിന് ക്ഷമാപണം എന്നും പറഞ്ഞ്, കവിത അവസാനിക്കുന്നു. മൂര്‍ച്ചയുള്ള ഈ കവിത, ജാതി വ്യവസ്ഥയുടെ നട്ടെല്ലായി സ്വന്തം ജാതിക്കുള്ളില്‍ നിന്നു മാത്രമുള്ള വിവാഹം എങ്ങനെ നിലനില്‍ക്കുന്നു എന്നും, ജാതി ശുദ്ധിയില്‍, സ്ത്രീയുടെ ശരീരം എങ്ങനെ ഉപയോഗിക്കപ്പെടുന്നു എന്നും കൃത്യമായി പറഞ്ഞു വെക്കുന്നുണ്ട്. ജാതി ശുദ്ധി കൈവരിക്കാനുള്ള ഒരു അല്‍ഗോരിതത്തിലും ഉള്‍പ്പെടാന്‍ പോലും സാധ്യതയില്ലാത്ത അത്രയ്ക്കും മലിനമായ, ദേശരാഷ്ട്രത്തിന്‍റെ സമീപഭാവിയിലെങ്ങും ദൃശ്യമാകാത്ത ദളിത് സ്ത്രീ ശരീരങ്ങളുടെ രാഷ്ട്രീയം പറയേണ്ടതവശ്യമായിത്തീരുന്നതും ഇവിടെയാണ്.

മീന കന്തസാമി

സ്ത്രീപക്ഷ സിദ്ധാന്തങ്ങളുടെ ആരംഭകാലങ്ങളില്‍, സ്ത്രീയുടെ ശരീരവും, സാമൂഹ്യാവസ്ഥകളും വിചാരവ്യവസ്ഥയും തമ്മിലുള്ള ബന്ധത്തെ പൂര്‍ണമായും നിരാകരിക്കുന്ന നിലപാടുകളാണുണ്ടായിരുന്നത്. ഭൗതികമായതും ബൗദ്ധികമായതും എന്ന ദ്വന്ദവല്‍ക്കരണവും അതോടൊപ്പം, സ്ത്രീകള്‍ ശരീരം കൊണ്ട് മാത്രം നിര്‍വചിക്കപ്പെടേണ്ടവരും ബൗദ്ധികവും യുക്തിപരവുമായ യാതൊരു പ്രവര്‍ത്തനങ്ങള്‍ക്കും പ്രാപ്തിയില്ലാത്തവരുമാണ് തുടങ്ങിയ, അന്നു നിലനിന്നിരുന്ന വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്നതിന്‍റെ ഭാഗമായായിരുന്നു ഫെമിനിസ്റ്റ് ചിന്താധാര യുടെ ഇത്തരത്തിലുള്ള പ്രാരംഭ ഇടപെടലുകള്‍. പിന്നീട്, സ്ത്രീസ്വത്വം നിര്‍മ്മിക്കപ്പെടുന്നതില്‍ ശരീരത്തിനുള്ള പങ്ക് അടിവരയിട്ടു കൊണ്ടും ലൈംഗികത, മാതൃത്വം, പ്രത്യുല്‍പാദനം തുടങ്ങി സ്ത്രീയുടെ ശരീരസംബന്ധമായ അവകാശങ്ങളെയും സങ്കീര്‍ണതകളെയും അടിവരയിട്ടു കൊണ്ടുമാണ് സ്ത്രീപക്ഷവാദം മുന്നോട്ടു പോയത്.
പാര്‍ശ്വവല്‍കൃതസമൂഹങ്ങളിലെ സ്ത്രീകളുടെ കാര്യത്തില്‍, അത് കറുത്ത വര്‍ഗക്കാരായവരോ ദളിതരോ ആദിവാസികളോ ആകട്ടെ, ശരീരം എന്നത് കുറേക്കൂടി സങ്കീര്‍ണവും പ്രാധാന്യമര്‍ഹിക്കുന്നതുമായിത്തീരുന്നു. ഒരു ദളിത് സ്ത്രീയെ സംബന്ധിച്ചിടത്തോളം, ശരീരം, സാമൂഹികവും ചരിത്രപരവും രാഷ്ട്രീയവുമായ നിലനില്‍പിന്‍റെ അടിസ്ഥാനഘടകവും നിര്‍ണായകവുമാണ്. ജാതികേന്ദ്രീകൃതമായ ഇന്ത്യന്‍ സാമൂഹ്യ വ്യവസ്ഥിതിയില്‍ ദളിത് ശരീരം എന്നത് ചൂഷണങ്ങളുടെയും അവഹേളനങ്ങളുടെയും മാറ്റിനിര്‍ത്തലിന്‍റെയും ചരിത്രം കൊണ്ടും സമകാലിക യാഥാര്‍ത്ഥ്യം കൊണ്ടും നിര്‍വഹിക്കപ്പെടുന്ന ഒന്നാണല്ലോ. അതില്‍ തന്നെ, ദളിത് സ്ത്രീയുടെ ശരീരം നിരന്തരമായ ജാതി വൈരാഗ്യത്തിനും ആക്രമണത്തിനും വിധേയമാക്കപ്പെട്ടു കൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍, പാശ്ചാത്യ സ്ത്രീപക്ഷവിചാരത്തിന്‍റെ ഒരു പുനര്‍വായനയായി കൂടി ദളിത് സ്ത്രീയുടെ ശരീരരാഷ്ട്രീയത്തെ കാണേണ്ടതുണ്ട്. ദളിത് സ്ത്രീപക്ഷവായനകളില്‍ ശരീരവും അതിന്‍റെ രാഷ്ട്രീയവും എത്രത്തോളം പ്രധാനമാണെന്ന് വിലയിരുത്താനാണ് ഈ ലേഖനത്തില്‍ ശ്രമിക്കുന്നത്.

ലിംഗഭേദത്തിന്‍റെ അടിസ്ഥാനത്തിലുള്ള അടിച്ചമര്‍ത്തല്‍ സ്ഥലകാലവ്യത്യാസമില്ലാതെ നിലനിന്നു പോരുന്ന ഒന്നാണെങ്കിലും, ഈ വിവേചനത്തിന്‍റെ സ്വഭാവവും രീതിയുമെല്ലാം, ഏതു സാമൂഹ്യ പശ്ചാത്തലത്തിലാണോ സാംസ്കാരിക ഇടത്തിലാണോ സ്ത്രീകള്‍ അല്ലെങ്കില്‍ മറ്റു ലിംഗന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും. ജാതി, വര്‍ഗം, വംശം തുടങ്ങിയ ഘടകങ്ങള്‍ നിര്‍ണായകമായി തീരുന്നത് ഇവിടെയാണ്. വെളുത്ത വര്‍ഗക്കാരിയുടെയും ആഫ്രോ- അമേരിക്കന്‍ സ്ത്രീയുടെയും പുലയ സ്ത്രീയുടെയും പണിയ സ്ത്രീയുടെയും അനുഭവങ്ങളും അവര്‍ നേരിടുന്ന വിവേചനവും, വ്യത്യസ്തവും ഓരോന്നും പ്രത്യേക വിധത്തിലുള്ള വിശകലനം ആവശ്യപ്പെടുന്നതുമാണ്. ഇതില്‍ തന്നെ, ശാരീരികമായ പ്രത്യേകതകള്‍ വംശീയ അധിക്ഷേപങ്ങള്‍ക്ക് കാരണമായിത്തീരുന്നതും, അടിമത്തത്തിനും ലൈംഗിക അതിക്രമങ്ങള്‍ക്കും കാരണമായി ശാരീരിക അദ്ധ്വാനത്തിന്‍റെയും ലൈംഗികതയുടെയും അടയാളങ്ങളായി അടിമശരീരങ്ങളെ പരിഗണിക്കുന്നതുമെല്ലാം വിമര്‍ശനവിധേയമായി തീരുന്നു. സ്ത്രീശരീരം രാഷ്ട്രീയത്തിന്‍റെ വിശാലമായ സാദ്ധ്യതകള്‍ ഇന്ത്യന്‍ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിലും, ശക്തമായ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. എന്നാല്‍, ഇന്ത്യന്‍ സാമൂഹ്യയാഥാര്‍ത്ഥ്യങ്ങളുടെ അടിസ്ഥാനഘടകമായ ജാതി, ഇത്തരം ചര്‍ച്ചകളില്‍ ഫലപ്രദമായി കടന്നു വന്നിട്ടുണ്ടോ എന്നത് വിലയിരുത്തേണ്ടതുണ്ട്.

പോസ്റ്റ് മണ്ഡല്‍ കാലഘട്ടത്തിലായിരുന്നു ഇന്ത്യയിലെ സ്ത്രീപക്ഷ ചിന്തയില്‍ ജാതി അഡ്രസ് ചെയ്യപ്പെടേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നു വന്നത്. ഇത്തരമൊരു ദളിത് സ്ത്രീപക്ഷ വിമര്‍ശനം രൂപപ്പെടുത്തിയെടുക്കുന്നതില്‍, ഉമാ ചക്രവര്‍ത്തിയുടെ ബ്രാഹ്മിണിക പുരുഷാധിപത്യം എന്ന ആശയം വലിയ പങ്കു വഹിച്ചു. മണ്ഡല്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ ഒരേ സമയം ഇന്ത്യന്‍ പൊതുബോധത്തിന്‍റെ ജാതീയത തുറന്നു കാട്ടുകയും, സവര്‍ണ മേധാവിത്വവും ഏകതാനതയും നിലനിന്നിരുന്ന ഇന്ത്യന്‍ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്‍റെ പോരായ്മകള്‍ വെളിച്ചത്തു കൊണ്ടു വരുകയും ചെയ്തുവെന്നു പറയാം. ജാതി അടിസ്ഥാനത്തിലും ലിംഗഭേദം അടിസ്ഥാനമാക്കിയും ശ്രേണീകരിക്കപ്പെട്ട സാമൂഹ്യ വ്യവസ്ഥിതിയാണ് ഇന്ത്യയില്‍ നിലനില്‍ക്കുന്നതെന്നും ഈ ബ്രാഹ്മിണിക സാമൂഹ്യക്രമമാണ് സ്ത്രീകളുടെ അടിച്ചമര്‍ത്തലിനു കാരണം എന്നും ഉമാ ചക്രവര്‍ത്തിയുടെ പഠനം സ്ഥാപിക്കുന്നു. ബ്രാഹ്മിണിക പുരുഷ മേധാവിത്വം പ്രബലപ്പെടുന്നതും പ്രവര്‍ത്തിക്കുന്നതും സ്ത്രീശരീരങ്ങളുടെ മേല്‍ ദൃശ്യവും അദൃശ്യവുമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടാണ്. ഉയര്‍ന്ന ജാതിയില്‍ പെട്ട സ്ത്രീകളുടെ ലൈംഗികതയെയും പ്രത്യുല്‍പാദനത്തെയും നിയന്ത്രിക്കുന്നതു വഴി ജാതി ശുദ്ധി നിലനിര്‍ത്തുകയും പിതൃകേന്ദ്രീകൃതമായ കുംടുംബവ്യവസ്ഥിതി ഊട്ടിയുറപ്പിക്കപ്പെടുകയും ചെയ്യുന്നു. സ്ത്രീയുടെ ചാരിത്ര്യശുദ്ധി എന്ന നിര്‍മ്മിതിയിലും അതു വഴി ജാതി ശുദ്ധിയിലുമാണ് ബ്രാഹ്മിണിക പുരുഷാധിപത്യം കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നത്. ഇന്നും ഇന്ത്യയില്‍ നടക്കുന്ന ദുരഭിമാനക്കൊലകളുടെ കാരണവും ഇതു തന്നെയാണ്.

ജാതി ഇല്ലാതാക്കാനുള്ള ഒരേയൊരു വഴി മിശ്രവിവാഹങ്ങളാണെന്ന അംബേദ്കര്‍ ആശയം ഇന്നും അസാദ്ധ്യമായ ഒന്നായി തുടരുന്നതിന്‍റെ പിന്നിലും, ആത്യന്തികമായി സ്ത്രീ ശരീരവുമായി ബന്ധപ്പെട്ട അലിഖിതനിയമങ്ങളും നിയന്ത്രണങ്ങളുമാണ്. ഹിന്ദു സാമൂഹ്യ ഘടനയുടെ നിര്‍മ്മിതി തന്നെ സ്ത്രീയും ഭൂമിയും ഉള്‍പ്പെടുന്ന ഒരു നിയന്ത്രിത മേഖലയുടെയും അതിനുള്ളിലെ ആചാരശുദ്ധിയുടെയും സംരക്ഷണത്തിലൂടെയാണ് സാദ്ധ്യമായത്. ഇവിടെ, പുരുഷന്‍റെയും കുലത്തിന്‍റെയും അഭിമാനം സ്ത്രീയുടെ ശരീരവുമായി ബന്ധപ്പെട്ടിരിക്കുന്നു. ആര്‍ത്തവവുമായി ബന്ധപ്പെട്ട് മേല്‍ ജാതി സമൂഹങ്ങളില്‍ നിലനിന്നിരുന്ന ചടങ്ങുകളുടെ ആന്ത്രോപോളജിക്കല്‍ പഠനങ്ങള്‍, സ്ത്രീയുടെ ശുദ്ധിയും ജാതിശുദ്ധിയും തമ്മിലുള്ള ബന്ധം ചൂണ്ടിക്കാട്ടുന്നു. ശൈശവവിവാഹങ്ങളുടെ പോലും കാരണം, ഇത്തരത്തില്‍ ജാതിയ്ക്കു പുറത്തേക്ക് സ്ത്രീ പോകാതിരിക്കുക എന്നതായിരുന്നു. വര്‍ണസങ്കരം മുതലായ, പുരാതന ഗ്രന്ഥങ്ങളിലെ ആശയങ്ങള്‍ രക്തശുദ്ധി, ജാതിശുദ്ധി എന്നിവ സംരക്ഷിക്കുന്നതിനും അതിനായി സ്ത്രീശരീരങ്ങളെ നിയന്ത്രിക്കുന്നതിനുമുള്ള തെളിവുകളായി പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. സ്ത്രീയുടെ ലൈംഗികതയെയും സ്ത്രീശരീരത്തെയും നിയന്ത്രിച്ചു കൊണ്ടും സംരക്ഷിച്ചു കൊണ്ടുമാണ്, ഇന്ത്യയില്‍ കാലാകാലങ്ങളായി ജാതിവ്യവസ്ഥ നിലനിന്നു പോരുന്നത്. ജാതി ശുദ്ധി മലിനമാക്കപ്പെടും എന്ന ഭയം കൊണ്ട്, സ്ത്രീയുടെ സഞ്ചാരം, വസ്ത്രധാരണം, എന്നിവയെല്ലാം നിയന്ത്രിക്കപ്പെടുന്നു., കാലങ്ങളായി രൂപപ്പെട്ടു വന്ന ഈ മനുവാദതത്ത്വങ്ങളാണ് സമകാലിക സമൂഹത്തിലും നിലനില്‍ക്കുന്നത്.

ദളിത് സ്ത്രീ രാഷ്ട്രീയത്തെ സ്വതന്ത്രവും വ്യത്യസ്തവുമായ ഒന്നായി അടയാളപ്പെടുത്തി കൊണ്ടാണ് 1995 ല്‍ ഗോപാല്‍ ഗുരുവിന്‍റെ “Dalit Women Talk Differently” എന്ന ലേഖനം കടന്നു വരുന്നത്. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളില്‍ ജാതി ഒരു ഘടകമായി പരിഗണിക്കണമെന്നും ദളിത്-ആദിവാസി സ്ത്രീകള്‍ നേരിടുന്ന ലൈംഗികാതിക്രമങ്ങളില്‍ അവരുടെ സാമൂഹ്യ പശ്ചാത്തലം എങ്ങനെ പ്രധാനമായിത്തീരുന്നുവെന്നും ഗുരു ചൂണ്ടിക്കാട്ടുന്നുണ്ട്. ലൈംഗിക അതിക്രമങ്ങളെ, കുറ്റകൃത്യം, ആണ്‍-ഹിംസ മനഃശാസ്ത്രപരമായ കാരണങ്ങള്‍ തുടങ്ങിയ പൊതു വിഭാഗങ്ങള്‍ ഉപയോഗിച്ചു മാത്രമല്ല, ജാതി എന്ന സാമൂഹ്യ-രാഷ്ട്രീയ പശ്ചാത്തലം കൂടി കണക്കിലെടുത്ത് വിശകലനം ചെയ്യേണ്ടതുണ്ട് എന്നു പറഞ്ഞു വെക്കുന്നുണ്ടെങ്കിലും, ഈ പഠനത്തില്‍ ദളിത് സ്ത്രീയുടെ ശരീരം എങ്ങനെ ജാതി അധിക്ഷേപത്തിന്‍റെ സ്ഥിരമായ ഇരയായി മാറ്റപ്പെടുന്നു എന്നുള്ളതിലേക്ക് കടക്കുന്നില്ല. സവര്‍ണസ്ത്രീയുടെയും ദളിത് സ്ത്രീയുടെയും അനുഭവപരിസരങ്ങള്‍ തമ്മില്‍ വലിയ വ്യത്യാസം ഉണ്ടെന്നും അതിനാല്‍ തന്നെ ദളിത് സ്ത്രീ തന്നെയാണ് ദളിത് സ്ത്രീവാദത്തെ മുന്നോട്ടു നയിക്കേണ്ടത് എന്നും ഗുരു പറഞ്ഞു വയ്ക്കുന്നു. ഇവിടെ, ഉയര്‍ത്തിക്കാട്ടിയ വ്യത്യാസം, പ്രതിനിധാനം എന്നൊരു ഘടകത്തിലേയ്ക്കു ചുരുങ്ങേണ്ട ഒന്നല്ല. അതു പോലെ, ലൈംഗികാതിക്രമങ്ങളില്‍ മറ്റു കാരണങ്ങള്‍ക്കൊപ്പം ജാതി കൂടി ചേര്‍ത്തു വായിക്കുന്നതു കൊണ്ടു മാത്രം, ദളിത് സ്ത്രീ നേരിടുന്ന ശാരീരിക അതിക്രമങ്ങളെ പൂര്‍ണമായും മനസിലാക്കാന്‍ കഴിയില്ല. ജാതീയമായ വിവേചനം പേറിക്കൊണ്ടാണ്, ഒരു ദളിത് സ്ത്രീ പിറന്നു വീഴുന്നതു തന്നെ. സ്ത്രീ എന്ന ലിംഗഭേദവ്യവഹാരത്തിന്‍റെ അടയാളങ്ങളോടൊപ്പമോ അതിലേറെയോ ജാതിയുടെ അടയാളങ്ങള്‍ ദളിത് സ്ത്രീ ശരീരത്തില്‍ ആലേഖനം ചെയ്യപ്പെടുന്നു. സാമൂഹികവും ചരിത്രപരവുമായി അശുദ്ധി അടിച്ചേല്‍പ്പിക്കപ്പെട്ട സ്ത്രീ ശരീരങ്ങളായാണ് ദളിത് സ്ത്രീ നിലനില്‍ക്കുന്നത്. ആ നിലനില്‍പ് തന്നെ, അവരുടെ ശരീരത്തിന്മേലുള്ള കര്‍ത്തൃത്വം ഇല്ലാതാക്കുന്നതാണ്. അതു കൊണ്ടു തന്നെയാണ്, ദളിത് സ്ത്രീയുടെ ശരീരം, ജാതിയുടെ പേരിലുള്ള അതിക്രമങ്ങളില്‍ ആദ്യത്തെ ഇരയായി തീരുന്നതും. ഇവിടെ, ലൈംഗികാതിക്രമങ്ങളില്‍ കടന്നു വരുന്ന മറ്റു ഘടകങ്ങളേക്കാള്‍ ജാതി സുപ്രധാനമായി തീരുന്നു. ദളിത് സ്ത്രീയുടെ ഏറ്റവുംപാര്‍ശ്വവല്‍ക്കരിക്കപ്പെട്ട അവസ്ഥ കൊണ്ടും തന്നെ മറ്റു സ്ത്രീകളെക്കാള്‍, കൂടുതല്‍ ആഴത്തില്‍ സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളെ നോക്കികാണുന്നതിനുള്ള ത്രാണി അവര്‍ക്കുണ്ടെന്ന് ഗോപാല്‍ ഗുരു വാദിക്കുന്നു. മുഖ്യധാരാ സ്ത്രീവാദത്തിന്‍റെ അധീശത്വശബ്ദങ്ങളോടു മാത്രമല്ല, ദളിത്വാദത്തിലെ തന്നെ ശബ്ദങ്ങളോടും കലഹിച്ചു കൊണ്ടാണ്, ദളിത് സ്ത്രീ ജ്ഞാനപരമായും രാഷ്ട്രീയപരമായും അവരുടെ ദൃശ്യത വീണ്ടെടുക്കേണ്ടത് എന്ന് ഗുരു അടിവരയിട്ടു പറയുന്നുണ്ട്. ഇവിടെ, ഗുരു ചൂണ്ടിക്കാണിക്കുന്ന പ്രതിനിധാനത്തിന്‍റെ പ്രശ്നങ്ങള്‍ ഉന്നയിക്കപ്പെടുന്നതിനും മുമ്പ് തന്നെ, ദളിത് ശരീരങ്ങള്‍, അതില്‍ തന്നെ, ദളിത് സ്ത്രീ ശരീരങ്ങള്‍ സാമൂഹികമായി ഒരു നിത്യമായ അധകൃതാവസ്ഥയിലാണ് നിലകൊള്ളുന്നത്, എന്നു കൂടി കണക്കിലെടുക്കേണ്ടിയിരിക്കുന്നു. അനുഭവങ്ങളുടെ വ്യത്യാസ്തതയും വിശാലതയും സ്വന്തമായുള്ളപ്പോള്‍ തന്നെ, അതുന്നയിക്കപ്പെടേണ്ട രാഷ്ട്രീയ-സാംസ്കാരിക-ജ്ഞാനവേദികളില്‍ ദളിത് സ്ത്രീ അവളുടെ ശരീരം എന്നതില്‍ പരിമിതപ്പെട്ടു പോകുന്നു. ദളിത് സ്വത്വങ്ങളെ നിരന്തരമായി മാറ്റി നിര്‍ത്തുന്ന കല്‍പിത അശുദ്ധിയാണ് ഇവിടെ ഒന്നാമതായി പ്രവര്‍ത്തിക്കുന്നത്. (ഗുരുവിന്‍റെ ലേഖനത്തില്‍ അദ്ദേഹം രൂപപ്പെടുത്തിയ ദളിത് പുരുഷമേധാവിത്വം എന്ന ആശയം സമകാലിക ദളിത് സ്ത്രീ ചിന്തകര്‍ അതിന്‍റെ ദളിത് വിരുദ്ധ സ്വഭാവം ചൂണ്ടിക്കാട്ടി നിരാകരിക്കുന്നുണ്ട്. ദളിത് പുരുഷ ശരീരങ്ങളുടെ മേലും ആഫ്രോ-അമേരിക്കന്‍ പുരുഷ ശരീരങ്ങളുടെ മേലും, ഒരേ സമയം കല്‍പിക്കപ്പെടുന്ന തീവ്ര ലൈംഗികതയും പുരുഷത്വമില്ലായ്മയും, അവയുടെ ജാതീയതയും വംശീയവുമായ വ്യംഗ്യാര്‍ത്ഥങ്ങളും കൂടെ ഇവിടെ ചേര്‍ത്തു വായിക്കേണ്ടതാണ്. ദളിത് സ്ത്രീ ശരീരത്തിന്‍റെ, മുന്‍പു സൂചിപ്പിച്ച നിരന്തരമായി അക്രമവിധേയമാകുന്ന അവസ്ഥയ്ക്ക് ഈ ഘടകങ്ങള്‍ കൂടെ കാരണമാകുന്നുണ്ട്.) ശരീരത്താല്‍ മാത്രം നിര്‍വചിക്കപ്പെടുന്ന ദളിത് സ്ത്രീക്ക് ഗുരു സൂചിപ്പിച്ച ഈ ജ്ഞാനപരമായ ദൃശ്യത എത്തിപ്പിടിക്കാവുന്നതിലപ്പുറമായിത്തീരുന്നു.

റൂത്ത് മനോരമ

അക്കാദമിക് രംഗത്ത് ദളിത് സ്ത്രീവാദചര്‍ച്ചകള്‍ക്ക് ഉമാ ചക്രവര്‍ത്തിയുടെയും ഗോപാല്‍ ഗുരുവിന്‍റെയും പഠനങ്ങള്‍ ശക്തമായ തുടക്കം കുറിച്ചു. ഗുരുവിന്‍റെ ലേഖനത്തിനു തുടര്‍ച്ചയായി ഷര്‍മിള റെഗേയുടെ ദളിത് സ്ത്രീവാദ നില്‍പ് സ്ഥാന (സ്റ്റാന്‍ഡ് പോയിന്‍റ്) സിദ്ധാന്തം കടന്നു വന്നു. ദളിത് സ്ത്രീ വീക്ഷണകോണിലൂടെ എല്ലാ വിഭാഗങ്ങളിലും പെട്ട സ്ത്രീകളുടെ വിമോചനം സാദ്ധ്യമാണെന്ന് റെഗെ വാദിച്ചു. സവര്‍ണ സ്ത്രീയുടെ വിശേഷാധികാരങ്ങള്‍ തുറന്നു കാട്ടിക്കൊണ്ടു തന്നെ, ഫെമിനിസ്റ്റ് പ്രസ്ഥാനത്തിനു കൈവരേണ്ടുന്ന വിശാലമായ സഖ്യങ്ങളുടെ ആവശ്യകത റെഗെ ഉയര്‍ത്തിക്കാട്ടി. ദളിത് സ്ത്രീ വീക്ഷണം എന്നത്, പാരമ്പര്യമായി കിട്ടുന്നതല്ല, എന്നും അത് നിരന്തരമായി സ്വയവിമര്‍ശനത്തിലൂടെ നേടിയെടുക്കണ്ട ഒന്നാണെന്നും റെഗെ വാദിക്കുന്നു. മുന്‍പ് സൂചിപ്പിച്ചതുപോലെ ദളിത് സ്ത്രീ ശരീരം വിന്യസിക്കപ്പെടുന്ന സാംസ്കാരിക-രാഷ്ട്രീയ ഇടങ്ങളില്‍, ഇത്തരം ഒരു സഖ്യം എത്രത്തോളം പ്രായോഗികമാക്കപ്പെടുന്നുണ്ട് എന്നതും കൂടി ഇവിടെ പ്രധാനമാണ്. റെഗെയുടെ ദളിത് സ്ത്രീ വീക്ഷണം, മുഖ്യധാരയില്‍ നില്‍ക്കുന്ന സ്ത്രീകള്‍ക്ക് വളരെ പ്രയോജനകരമായി ഉപയോഗപ്പെടുത്താവുന്ന ഒന്നായിത്തീരുകയും, മറിച്ച്, ദളിത് സ്ത്രീയ്ക്ക് അവരുടെ സ്വന്തം അനുഭവത്തില്‍ നിന്നുള്ള വീക്ഷണം പോലും പ്രകടിപ്പിക്കാന്‍ കഴിയാതെ വരികയും ചെയ്യുന്നു – പ്രത്യേകിച്ച്, അക്കാദമിക്-ആക്ടിവിസ്റ്റ് മേഖലകളിലെ ദൃശ്യത എന്നത് ഒരു തരം മത്സരസ്വഭാവം കൈവരിച്ചു കഴിഞ്ഞ ഈ ഘട്ടത്തില്‍. ദളിത് സ്ത്രീ വീക്ഷണം എന്നതില്‍ ദളിത് സ്ത്രീശരീരരാഷ്ട്രീയത്തിന്‍റെ ഭാഗം, എങ്ങനെയാണ്, ദളിതരല്ലാത്ത സ്ത്രീകള്‍, നേടിയെടുക്കുക, അല്ലെങ്കില്‍, അത്തരമൊരു താദാത്മ്യത്തിന്, അവര്‍ തയ്യാറാകുമോ മുതലായ അനേകം ചോദ്യങ്ങള്‍ ഇവിടെ കടന്നു വരുന്നുണ്ട്.

അക്കാദമികമായ ദളിത് ഫെമിനിസ്റ്റ് ചര്‍ച്ചകള്‍ക്കു വളരെ മുമ്പ് തന്നെ ഇന്ത്യയില്‍ ദളിത് സ്ത്രീകള്‍ അവരുടെ അവകാശങ്ങള്‍ക്കായുള്ള പ്രക്ഷോഭങ്ങള്‍ തുടങ്ങുകയും സ്വതന്ത്രമായ ഒരു ദളിത് സ്ത്രീ രാഷ്ട്രീയപ്രസ്ഥാനം രൂപപ്പെടുകയും ചെയ്തിരുന്നു. 1980 കളില്‍ തന്നെ, ആരംഭിച്ച ഇത്തരം സംവാദങ്ങളില്‍, തൊട്ടു കൂട്ടായ്മ, ദേവദാസി സമ്പ്രദായം, തോട്ടിപ്പണി തുടങ്ങിയ വിഷയങ്ങള്‍ കടന്നു വന്നിരുന്നു. ജാതിയുടെ അടിസ്ഥാനത്തിലുള്ള വിവേചനവും അദ്ധ്വാനത്തിന്‍റെ ചൂഷണവും ലിംഗാടിസ്ഥാനത്തിലുള്ള അടിച്ചമര്‍ത്തലും നേരിടുന്ന ദളിത് സ്ത്രീ, ദളിതരില്‍ തന്നെ ദളിതരാണെന്ന് റൂത്ത് മനോരമയെ പോലുള്ളവര്‍ ചൂണ്ടിക്കാട്ടി. ദളിത് സ്ത്രീ ശരീരങ്ങള്‍ മേല്‍ ജാതിയില്‍ പെട്ട പുരുഷന്മാരുടെ എതിര്‍ക്കപ്പെടാന്‍ കഴിയാത്ത അതിക്രമങ്ങള്‍ക്കിരയാകുന്ന അവസ്ഥയും നിര്‍ബന്ധിത ലൈംഗികത്തൊഴിലിലേയ്ക്കും ബാര്‍ ഡാന്‍സിങ്ങിലേയ്ക്കുമെല്ലാം തള്ളപ്പെടുന്ന സാഹചര്യവുമെല്ലാം, വിവിധ ദളിത് സ്ത്രീ സംഘടനകള്‍ ഉയര്‍ത്തിക്കാട്ടിയിരുന്നു. സൈദ്ധാന്തിക തലത്തില്‍ ഉള്ളതിനേക്കാള്‍, ശരീര രാഷ്ട്രീയത്തിന്‍റെ ഇടപെടലുകള്‍ കാണപ്പെടുന്നത് ഇത്തരം സംഘടനാപ്രവര്‍ത്തനങ്ങളിലും പ്രക്ഷോഭങ്ങളിലുമാണ്. പൊതു-സ്വകാര്യ ഇടങ്ങളില്‍, സവര്‍ണപുരുഷന്‍റെയും ദളിത് പുരുഷന്‍റെയും വിവേചനങ്ങളെ ചെറുത്തു തോല്‍പ്പിച്ചു കൊണ്ടാണ് ദളിത് സ്ത്രീ അവളുടേതായ രാഷ്ട്രീയം സംസാരിക്കുന്നത് എന്നതും ഏറെ പ്രധാനമാണ്. അത്തരം ചെറുത്തു നില്‍പ്പുകളുടെ ചരിത്രവും അവയില്‍ ശരീരം എങ്ങനെ നിര്‍വചിക്കപ്പെടുകയും കര്‍ത്തൃത്വനിര്‍മ്മിതിയ്ക്കായി ഉപയോഗിക്കപ്പെടുന്നു എന്നതും, ദളിത് സ്ത്രീ വാദത്തിന്‍റെ ജ്ഞാനമേഖലയിലേക്ക് കൂടുതലായി കടന്നു വരേണ്ടതുണ്ട്.

ദളിത് സ്ത്രീകളുടെ, അടിമ സ്ത്രീകളുടെ, ആദിവാസി സ്ത്രീകളുടെ ഉടലുകള്‍ നിര്‍വചിക്കപ്പെടുന്നത് ജാതി കേന്ദ്രീകൃതമായ തത്വങ്ങള്‍ വഴിയാണ്. മാതൃത്വം, പാലൂട്ടല്‍ തുടങ്ങിയവ അടിമജാതിയില്‍ പെട്ട സ്ത്രീകളെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് നിഷേധിക്കപ്പെട്ട അവകാശങ്ങളായിരുന്നു. താഴ്ന്ന ജാതിക്കാരായ സ്ത്രീകളുടെ ശരീരം, മേല്‍ ജാതിക്കാരുടെ തുറന്ന അതിക്രമങ്ങള്‍ക്ക് പാത്രമായിരുന്ന കാലവും, മാറു മറയ്ക്കുന്നതു തുടങ്ങി ശരീരസംബന്ധമായ എല്ലാ അവകാശങ്ങളും ദളിത് സ്ത്രീകള്‍ പോരാട്ടങ്ങളിലൂടെ നേടിയെടുത്തതാണെന്നും ഇവിടെ ചിന്തിക്കേണ്ടതുണ്ട്. ഇന്നും, സമൂഹമാധ്യമങ്ങളിലും മറ്റും, സംസാരിക്കുന്ന ദളിത് സ്ത്രീ, നേരിടുന്ന വെര്‍ബല്‍ അബ്യൂസിന്‍റെ സ്വഭാവം, പ്രാഥമികമായി അവരുടെ ശരീരത്തെ ലക്ഷ്യമാക്കിയുള്ളതാണ്. ഇന്നും, ആദിവാസി സ്ത്രീയുടെ ശരീരം, ഫെറ്റിഷൈസ് ചെയ്തു കൊണ്ടുള്ള വ്യവഹാരങ്ങളാണ് നിലനിന്നു പോരുന്നത്. ഇത്തരം, സ്ഥിരവും നിരന്തരവുമായ വിവേചനപാത്രമായി നില്‍ക്കുമ്പോള്‍ തന്നെ, ദളിത് സ്ത്രീ ശരീരങ്ങള്‍ പോരാട്ടങ്ങളുടെയും അതിജീവനത്തിന്‍റെയും പ്രതീകങ്ങളാണ്. മീനാ കന്തസാമിയുടെ മറ്റൊരു കവിതയിലേക്ക് തിരിച്ചു വന്നാല്‍, ഇനിയും ഒരു രാഷ്ട്രപിതാവിനെ കാത്തിരിക്കുകയോ ജാതിശുദ്ധിയുടെ നീണ്ട പ്രക്രിയയില്‍ ഇടം കിട്ടാന്‍ പ്രതീക്ഷിക്കുകയോ ചെയ്യാതെ, ‘നിങ്ങള്‍ അപമാനിക്കുന്ന തെരുവു പെണ്ണുങ്ങളാണ് ഞങ്ങള്‍, നിങ്ങള്‍ ഭാര്യമാരായി തിരഞ്ഞെടുക്കാത്തവര്‍, ജീവപര്യന്തം വിധിക്കാന്‍ നിങ്ങള്‍ക്ക്കഴിയുന്നവരല്ല ഞങ്ങള്‍’ എന്നുള്ള പ്രതിരോധം തന്നെയാണ് ദളിത് സ്ത്രീയുടെ ശരീര രാഷ്ട്രീയം.

ഗ്രന്ഥസൂചി

Kandasamy, Meena , ‘Becoming a Brahmin’

Kandasamy, Meena , ‘Backstreet Girls’ in Ms.Militancy

Chakravarti, Uma,‘Conceptualising Brahminical Patriarchy in Early India: Gender,Caste, Class and State ‘

Guru, Gopal, ‘Dalit Women Talk Differently’

Rege,Sharmila, ‘Real Feminism and Dalit Women’

Rege, Sharmila,’Dalit Women Talk Differently: A Critique of “ Difference” and Towards a Dalit Feminist Standpoint Position’

 

ജയിന്‍സി ജോണ്‍
ഗവേഷക വിദ്യാര്‍ത്ഥിനി
ഇംഗ്ലീഷ് ആന്‍റ് കംപാരറ്റീവ് ലിറ്ററേച്ചര്‍
സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഓഫ് കേരള

COMMENTS

COMMENT WITH EMAIL: 0