തൃപുര കശ്യപ്
ഒ.ചന്തുമേനോന്‍ ‘ഇന്ദുലേഖ’ എഴുതിയ മലയാളഭാഷയുടെ ശൈലിയും ഘടനയും ഉപയോഗിച്ചല്ല സമകാലീനലോകത്തെ മലയാള സാഹിത്യം രചിക്കപ്പെടുന്നത്. വെണ്മണിക്കവികള്‍ ഉപയോഗിച്ച വൃത്തഘടനയല്ല ആധുനിക മലയാളകവികള്‍ ഉപയോഗിക്കുന്നത്. ഇന്നിന്‍റെ പ്രശ്നങ്ങളെ ആവിഷ്കരിക്കാന്‍, ഇന്നിന്‍റെ വിഷയങ്ങള്‍ പ്രതിപാദിക്കാന്‍ ഇന്നത്തെ ലോകത്ത് ഉരുത്തിരിഞ്ഞ ഭാഷക്കേ പറ്റൂ. സാഹിത്യത്തിന്‍റെ കാര്യത്തില്‍ നാമെല്ലാരും ഒരു സംശയവുമില്ലാതെ അംഗീകരിക്കുന്ന പൊതു തത്വമാണിത്. ഇതേ തത്വം തന്നെയാണു സമകാലീന നൃത്തം രൂപം കൊള്ളുന്നതിനു പുറകില്‍ പ്രവര്‍ത്തിച്ചതും. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ലാസിക്കല്‍ നൃത്തഭാഷക്ക് ആശയപ്രകാശനത്തിന്‍റെ കാര്യത്തില്‍ ഏറെ പരിമിതികളുണ്ട്. സമകാലീനലോകത്തിന്‍റെ വിഷയങ്ങളും ആകുലതകളും പങ്കു വെയ്ക്കാന്‍ പുതിയൊരു ഭാഷ ഉരുത്തിരിയേണ്ടതുണ്ടെന്ന തിരിച്ചറിവിന്‍റെ പശ്ചാത്തലത്തിലാണു പാശ്ചാത്യ ലോകത്ത് ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യദശകങ്ങളില്‍ ആധുനികനൃത്തഭാഷയെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ തുടങ്ങിയത്. അമേരിക്കന്‍ നര്‍ത്തകരും കോറിയോഗ്രാഫര്‍മാരുമായിരുന്ന മെഴ്സ് കണ്ണിങ് ഹാമില്‍ നിന്നും മാര്‍ത്താ ഗ്രഹാമില്‍ നിന്നും, അതിനു മുമ്പ് പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ അന്ത്യദശകങ്ങളില്‍ നൃത്തപരീക്ഷണങ്ങള്‍ നടത്തിയ ഒട്ടേറെ നര്‍ത്തകരില്‍ നിന്നുമെല്ലാം ആരംഭിച്ച ആധുനിക നൃത്തത്തിന്‍റെ വഴികള്‍ ഏറെ മുന്നേറിക്കഴിഞ്ഞു.
ഇന്ത്യയില്‍ ക്രിയാത്മകനൃത്തത്തിന്‍റെ ചരിത്രം ആരംഭിക്കുന്നത് ഉദയ് ശങ്കറില്‍ നിന്നാണെന്ന് പറയാവുന്നതാണു. പണ്ഡിറ്റ് രവിശങ്കറിന്‍റെ സഹോദരനായ ഉദയ് ശങ്കര്‍, ഉത്തരാഖണ്ഡിലെ അല്‍മോറയില്‍ സ്ഥാപിച്ച ഉദയ് ശങ്കര്‍ ഇന്ത്യാ കള്‍ച്ചറല്‍ സെന്‍ററില്‍ നിന്ന് പുതുനൃത്തരൂപങ്ങള്‍ ഉടലെടുത്തു. പിന്നീട് പലവഴിക്ക് പരന്നൊഴുകിയ ഇന്ത്യന്‍ സമകാലീനനൃത്തകലയെ ഏറ്റവും നൂതനമായ മാര്‍ഗ്ഗങ്ങളിലേക്ക് നയിച്ച നര്‍ത്തകരിലൊരാളാണു തൃപുരാ കശ്യപ്. മൈസൂരില്‍ ജനിച്ചു വളര്‍ന്ന തൃപുര പക്ഷെ, താന്‍ പഠിച്ച ശാസ്ത്രീയനൃത്തരൂപങ്ങളുടെയും സമകാലീനനൃത്തത്തിന്‍റെയും പാതകള്‍ വിട്ട്, ചലനകലകളുടെ ഏറ്റവും പുതിയൊരു സാധ്യത പരീക്ഷിക്കാനാണു തുനിഞ്ഞത്.
വ്യത്യസ്തരീതിയിലുള്ള ചലന പരിമിതികളും വെല്ലുവിളികളും നേരിടുന്ന വ്യക്തികള്‍ക്കു വേണ്ടി ചലനകലകളുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്ന ഡാന്‍സ് തെറാപ്പി എന്ന മേഖലക്ക് ഇന്ത്യയില്‍ പ്രചാരം നേടിക്കൊടുത്തത് സമകാലീന നര്‍ത്തകിയും തെറാപ്പിസ്റ്റുമായ ത്രിപുരാ കശ്യപ് ആണെന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല. ചെറുപ്പത്തില്‍ ഉണ്ടായിരുന്ന ചെറിയ കോങ്കണ്ണ് മാറാന്‍ നൃത്തം പഠിക്കുന്നത് നല്ലതാണെന്ന് അമ്മയെ ആരോ ഉപദേശിച്ചതില്‍ നിന്നാണു ത്രിപുരയുടെ നൃത്താഭ്യസനം തുടങ്ങുന്നത്. പഠനം തുടങ്ങി ആറു മാസത്തിനുള്ളില്‍ കോങ്കണ്ണ് മാറിയത്രെ. ത്രിപുര നൃത്തപഠനവും തുടര്‍ന്നു. ചെന്നൈയിലെ കലാക്ഷേത്രയില്‍ ചേര്‍ന്ന് ഭരതനാട്യം അഭ്യസിച്ചു.
സെറിബ്രല്‍ പാല്‍സി മൂലം വീല്‍ ചെയര്‍ ഉപയോഗിക്കേണ്ടി വന്നിരുന്ന സഹോദരന്‍ വീല്‍ ചെയറിലിരുന്ന് കൈകളും ശരീരവും ഇളക്കി നൃത്തം ചെയ്യാന്‍ ശ്രമിക്കുന്നതാണു ചലനകലകളുടെ പുതിയ സാധ്യതയിലേക്ക് ത്രിപുരയുടെ ശ്രദ്ധ ആദ്യം ക്ഷണിച്ചത്. പിന്നീട് കലാക്ഷേത്രയില്‍ പഠിക്കുന്ന സമയത്ത് അന്ധരായ ചില കുട്ടികള്‍ സംഗീതവും പുല്ലാങ്കുഴല്‍ വായനയും പഠിക്കുന്നതും ത്രിപുരയുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. സംഗീതത്തിനൊത്ത് അവരുടെ ശരീരങ്ങള്‍ അറിയാതെ ചലിക്കുന്നതാണു ത്രിപുര ശ്രദ്ധിച്ചത്.
കലാക്ഷേത്രയിലെ പഠനത്തിനു ശേഷം, ബാംഗ്ളൂരില്‍ വെച്ചാണു ത്രിപുര ഗ്രേസ് വലന്‍റൈന്‍ എന്ന അമേരിക്കന്‍ ഡാന്‍സ് തെറാപ്പിസ്റ്റിനെ കണ്ടുമുട്ടുന്നത്. ശാരീരികവും മാനസികവും വൈകാരികവുമായ പലതരം വെല്ലുവിളികള്‍ നേരിടുന്ന വ്യക്തികള്‍ക്ക് തെറാപ്പിയായി ചലനകലകള്‍ ഉപയോഗിക്കാമെന്ന് ത്രിപുര മനസ്സിലാക്കി. പ്രശസ്ത നര്‍ത്തകിയായ ചന്ദ്രലേഖയുടെ സംഘത്തിലാണു ത്രിപുര ആ സമയത്ത് പ്രവര്‍ത്തിച്ചു കൊണ്ടിരുന്നത്. ശാസ്ത്രീയനൃത്തത്തിന്‍റെ ലോകത്തു നിന്നും, സമകാലീനചലനകലകളുടെ ലോകത്തേക്ക് ത്രിപുര എത്തുന്നതും ആ നാളുകളിലായിരുന്നു. അധികം വൈകാതെ ഗ്രേസ് വലൈന്‍റൈനിന്‍റെ നിര്‍ദ്ദേശപ്രകാരം, അമേരിക്കയിലെ വിസ്കോന്‍സിനിലെ ഹാന്‍ കോക്ക് സെന്‍റര്‍ ഫോര്‍ ഡാന്‍സ് / മൂവ് മെന്‍റ് തെറാപ്പിയില്‍ ത്രിപുര രണ്ടു വര്‍ഷത്തെ കോഴ്സ് ചെയ്യുകയായിരുന്നു.
1990-ല്‍ അമേരിക്കയില്‍ നിന്നു തിരിച്ചെത്തിയ ശേഷം ത്രിപുര ബാംഗ്ലൂരില്‍ അപൂര്‍വ്വ ഡാന്‍സ് കമ്പനി ആരംഭിച്ചു. അക്കാലത്ത് ‘ഡാന്‍സ് തെറാപ്പി’ എന്ന വാക്കു പോലും ഇന്ത്യയില്‍ അപരിചിതമായിരുന്നെന്ന് തൃപുര ഓര്‍ക്കുന്നു. വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമിടയില്‍ പ്രവര്‍ത്തിക്കുന്നതോടൊപ്പം സ്പെഷ്യല്‍ എജ്യുക്കേറ്റര്‍മാര്‍ക്കും, അദ്ധ്യാപകര്‍ക്കും മാനസികാരോഗ്യ വിദഗ്ദ്ധര്‍ക്കും വേണ്ടി പ്രത്യേക കോഴ്സുകളും ത്രിപുര ആരംഭിച്ചു. 2014-ലാണു ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ചലനകലാ തെറാപ്പിസ്റ്റുകളെ ഏകോപിപ്പിക്കുന്ന ക്രിയേറ്റീവ് മൂവ്മെന്‍റ് തെറാപ്പി അസോസിയേഷന്‍ ഓഫ് ഇന്ത്യ (ഇങഠഅക) മറ്റ് സുഹൃത്തുക്കളോടൊത്ത് ആരംഭിക്കുന്നത്. ഇപ്പോള്‍ ന്യൂഡെല്‍ഹിയില്‍ ജീവിക്കുന്ന ത്രിപുര, ജീവിതപങ്കാളിയും സമകാലീന നര്‍ത്തകനുമായ ഭരത് ശര്‍മ്മയോടൊത്ത് ഭൂമിക ക്രിയേറ്റീവ് ഡാന്‍സ് സെന്‍റര്‍ എന്ന സ്ഥാപനവും നടത്തുന്നു.
പത്രപ്രവര്‍ത്തക, നാടക കലാപ്രവര്‍ത്തക
COMMENTS