ട്രിപ്പിള്‍ ലോക്ക്ഡൗണ്‍

Homeകവിത

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍

സുനിത തോപ്പിൽ 

ള്‍ക്കൂട്ടങ്ങളില്‍ നിന്നെല്ലാം
അകന്നകന്ന് നില്‍ക്കണം
അകത്തളങ്ങളില്‍ താഴിട്ടുപൂട്ടി
ഒതുങ്ങി ഒതുങ്ങിക്കൂടിക്കൊള്ളണം
ഒട്ടുംതന്നെ പുറത്തിറങ്ങരുത്
ക്വാറന്‍ഡീന്‍ നിയമങ്ങള്‍
ഇന്നാട്ടില്‍ ഏതൊരു സ്ത്രീലിംഗത്തിനും
പുതിയതാകുന്നതേയില്ല
ഏതൊരാളില്‍ നിന്നും വൈറസ് പകര്‍ന്ന്
ജീവിതം മരണക്കളിയിലേയ്ക്ക്
എത്തിപ്പെടാമെന്നും മൂര്‍ച്ചിച്ചാല്‍
മൈനസാക്കാന്‍ മരുന്നൊന്നുമില്ലന്നും
വീട്ടുഭരണകൂടത്തിന്‍റെ നിത്യശാസനങ്ങള്‍
ഹോസ്റ്റലില്‍ ബന്ധുവീടുകളില്‍
പള്ളിക്കൂടങ്ങളില്‍ എല്ലായിടത്തുമുണ്ട്
ആകാശങ്ങള്‍ അടച്ചിട്ട ചുവരുകളും
മേല്‍ക്കൂരകളും
ലോക്ക്ഡൗണ്‍ തീരുന്നതേയില്ല എവിടെയും
അടക്കവും ഒതുക്കവുമുള്ള
ഉരു അന്വേഷിച്ച് വന്നെത്തിയവരുടെ
വീട്ടിലെത്തിയപ്പോള്‍ അവിടുള്ളതോ
ട്രിപ്പിള്‍ ലോക്ക്ഡൗണ്‍…
താലിയും സിന്ദൂരപ്പൊട്ടും
അതിന്‍റെ അച്ചുകുത്തലുകള്‍
പെണ്ണായിപ്പോയ ജന്മം തന്നെയാണ്
ആദ്യം ക്വാറന്‍ഡീന്‍ ചെയ്തത്
അതു കഴിഞ്ഞേയുള്ളൂ ഏത്
കൊറോണ വൈറസും
ക്വാറന്‍ഡീന്‍ നാളുകള്‍ നീങ്ങും
ആളുകള്‍ പൂട്ടുപൊലിച്ച്
തെറിച്ച് ചിന്നിച്ചിതറും എന്നാലും
അടുക്കളയിലും വീടിന്‍റെ വ്യാകരണങ്ങളിലും
മരണത്തിന്‍റെ താക്കോലിട്ട് മാത്രം
തുറക്കാവുന്ന ക്വാറന്‍ഡീന്‍ കുലസ്ത്രീകള്‍
പിന്നെയും ബാക്കിയാകും
മരണത്തിലും പാലിക്കപ്പെടുമെന്നുറപ്പുണ്ട്
അണുവിട തെറ്റാതെ
ക്വാറന്‍ഡീന്‍ പ്രോട്ടോക്കോളുകള്‍
പെണ്ണായിപ്പോയ ജന്മം തന്നെയാണ്
ആദ്യം ക്വാറന്‍ഡീന്‍ ചെയ്ത്
അതുകഴിഞ്ഞേയുള്ളൂ ഏത്
കൊറോണ വൈറസും….

 

സുനിത തോപ്പിൽ 

 

COMMENTS

COMMENT WITH EMAIL: 0