Homeചർച്ചാവിഷയം

ട്രാന്‍സ്മെന്‍ സ്വത്വങ്ങളുടെ സമകാലിക ദൃശ്യത

 

ലോകത്ത് ജന്‍ഡര്‍ വാര്‍പ്പുമാതൃകകള്‍ രൂപപ്പെട്ടിട്ടുള്ളത് ഓരോ സംസ്കാരത്തിന്‍റെ ഭാഗമായാണ്. സംസ്കാരങ്ങള്‍ വ്യത്യസ്തമാകുന്നതുപോലെതന്നെ ജന്‍റര്‍ മാതൃകകളും വ്യത്യസ്തപ്പെടുന്നു. ഒരു സാമൂഹ്യജീവി എന്നതിലുപരി ഒരു സാംസ്കാരിക ജീവി എന്നത് മനുഷ്യരെ സംസ്കാരങ്ങള്‍ക്ക്, അതിന്‍റെ ചട്ടക്കൂടുകള്‍ക്ക് അനുസൃതമായി ജീവിക്കാന്‍ പ്രേരിപ്പിച്ചു. മതങ്ങളും, എഴുതിയുണ്ടാക്കപ്പെട്ട വിശ്വാസങ്ങളും ദ്വന്ദ്വവത്കൃതമായ പുരുഷകേന്ദ്രീകൃത സ്വഭാവത്തിലേക്ക് മനുഷ്യരെ എത്തിച്ചു. ആണിനും പെണ്ണിനും വളരെ ദൃഢമായ നിര്‍വചനങ്ങള്‍ ഉണ്ടായി. പുരുഷന്‍ ആകാന്‍ എന്തൊക്കെ വേണം, സ്ത്രീ ആകാന്‍ എന്തൊക്കെ വേണം എന്നുള്ള തരം തിരുവുകള്‍ ഊട്ടിയുറപ്പിക്കപ്പെട്ടു. ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല. മാതൃകാ പുരുഷോത്തമന്മരും, ഭാരത സ്ത്രീയും എങ്ങനെ ആകണം എന്നതിന് നിശ്ചയം ഇവിടെയുണ്ട്. അത്തരം നിര്‍വചനങ്ങള്‍ക്ക് വെളിയില്‍ ജീവിക്കുന്ന അസ്തിത്വങ്ങളെ ഇന്നും ഭൂരിപക്ഷ സമൂഹം സൗകര്യപൂര്‍വം തള്ളികളയുന്നു.
ഇന്ത്യയില്‍ ചരിത്രപരമായി തന്നെ ട്രാന്‍സ് സ്ത്രീകളുടെ, അല്ലെങ്കില്‍ ആണ്‍ ശരീരത്തിലെ സ്ത്രൈണ സ്വഭാവമുള്ള ജെന്‍ഡര്‍ വൈവിധ്യങ്ങള്‍ക്ക് സാംസ്കാരിക അംഗീകാരം ലഭിച്ചിരുന്നപ്പോഴും യാതൊരു തരത്തിലും എവിടെയും അടയാളപ്പെടുത്താനാകാതെ പോയ ജനതയാണ് ട്രാന്‍സ് പുരുഷന്‍ അല്ലെങ്കില്‍ സ്ത്രീ ശരീരത്തിലെ ജെന്‍ഡര്‍ വൈവിധ്യങ്ങള്‍. പിതൃമേധാവിത്വ സമൂഹത്തില്‍ ഒരു പെണ്‍ ശരീരം അത്രമാത്രം വരിഞ്ഞുമുറുക്കപെട്ടിരുന്നു എന്നതാണ് വാസ്തവം. പെണ്‍ശരീരങ്ങളിലെ ജെന്‍ഡര്‍ പ്രകടനങ്ങള്‍ക്ക് പരിമിതികളും വിലക്കുകളും ഉണ്ടായിരുന്നു. ഒരു സ്ത്രീ പുരുഷന്‍റേത് എന്ന് കരുതുന്ന രീതിയില്‍ പെരുമാറുക എന്നത് തന്നെ ആണധികാരത്തിനു കോട്ടം തട്ടിക്കുന്നതായിരുന്നു. അതുകൊണ്ട് തന്നെ ട്രാന്‍സ് മാന്‍ സ്വത്വങ്ങളുടെ ദൃശ്യത എന്നത് വളരെ ധീരവും ശ്രമകാരവുമായ ഒരു സമരം തന്നെ ആയിരുന്നു. ഫെമിനിസം, ട്രാന്‍സ്ജെന്‍റര്‍ അവകാശപോരാട്ടങ്ങള്‍, ക്വിയര്‍ ചലനങ്ങള്‍ ഒക്കെയും ട്രാന്‍സ് മാന്‍ വ്യക്തികളുടെ അവകാശപോരാട്ടങ്ങളില്‍ പങ്കുവഹിച്ചിട്ടുണ്ട്.
ഇന്ത്യയില്‍ ഇന്ന് ട്രാന്‍സ്ജെന്‍റര്‍ വിഭാഗത്തിനായി നിയമമുണ്ട് അതില്‍ ട്രാന്‍സ് മാന്‍ വ്യക്തികളും ഉള്‍പ്പെടുന്നു. പലപ്പോഴും കേള്‍ക്കേണ്ടിവരുന്ന ഒരു കാര്യമാണ് പെണ്‍ശരീരത്തിലെ പൗരുഷം കളിയാക്കപ്പെടില്ല എന്നത്. അതുപക്ഷെ ഈ സമൂഹം ആണത്തത്തിന് കല്പിച്ചു നല്‍കിയിട്ടുള്ള അംഗീകാരം നല്‍കുന്ന കപട സ്വീകാര്യതയാണ്. മെഡിക്കല്‍ ട്രാന്‍സിഷന്‍ ചെയ്യുന്ന ട്രാന്‍സ്മെന്‍ വ്യക്തികളെ ട്രാന്‍സ്ജെണ്ടര്‍ രൂപരേഖയില്‍ സമൂഹത്തിന് ഉള്‍കൊള്ളാന്‍ സാധിക്കാത്തതിനാല്‍ പലപ്പോളും ട്രാന്‍സ്മെന്‍ വ്യക്തികളുടെ അവകാശങ്ങള്‍ തിരിച്ചറിയപ്പെടാതെ പോകുന്നുണ്ട്. ദ്വന്ദ്വവത്കൃത സമൂഹത്തില്‍ ലഭിക്കുന്ന അംഗീകാരം എത്രത്തോളം പൊള്ളയാണ് എന്ന് മനസിലാക്കാത്തിടത്തോളം ട്രാന്‍സ്മെന്‍ വ്യക്തികളുടെ പ്രശ്നങ്ങള്‍ മൂടപ്പെട്ടിരിക്കും.
ഒരാളെ കാഴ്ചയിലൂടെ മാത്രം മനസിലാക്കുന്നത് കൃത്യമായ മനസിലാക്കല്‍ അല്ല. ഹോര്‍മോണ്‍ തെറാപ്പിയിലൂടെയും മറ്റും ബാഹ്യമായ ശാരീരിക മാറ്റങ്ങള്‍ ഒന്നും തന്നെ ഈ സമൂഹം കാലങ്ങളായി അടിച്ചേല്പിച്ച അനുഭവങ്ങള്‍ മാറ്റുന്നില്ല. അതുകൊണ്ട് തന്നെ ഒരു ട്രാന്‍സ് മാന്‍ വ്യക്തിയുടെ സ്വത്വം തിരിച്ചറിയുന്നതും, ശരീരികമായ പരിവര്‍ത്തനങ്ങളും തുടര്‍ന്നുള്ള ജീവിതവും ഒന്നും തന്നെ എളുപ്പമുള്ള കാര്യങ്ങള്‍ അല്ല. ധാരാളം പരിമിതികള്‍ കല്‍പ്പിക്കപ്പെട്ടിട്ടുള്ള സ്ത്രീ എന്ന ചട്ടക്കൂടുപൊളിക്കുക എന്നത് തന്നെ വലിയൊരു കടമ്പയാണ്. സ്ത്രീ ശരീരത്തിലെ ജന്‍ഡര്‍ വൈവിധ്യങ്ങള്‍ക്ക് കൂടുതല്‍ ദൃശ്യത നല്‍കുവാനും അവരുടെ പ്രശ്നങ്ങള്‍ അടുത്തറിയുവാനും എന്ന ചിന്ത തിരുവനന്തപുരം ആസ്ഥാനമായുള്ള എല്‍.ജി.ബി.ടി.ഐ.ക്യു.എ+ ഓര്‍ഗനൈസേഷനായ ക്യുറിഥം അമിഗോസ് എന്ന ഒരു കൂട്ടായ്മ എന്നതിലേക്ക് എത്തിയത്. നിലവില്‍ കേരളത്തില്‍ ട്രാന്‍സ്മെന്‍ വ്യക്തികള്‍ക്കായി പ്രധാനമായും മൂന്ന് സംഘടനകളാണുള്ളത്. അമിഗോസ്, സഹയാത്രിക, മാറ്റ ഇവയില്‍ സഹയാത്രിക ട്രാന്‍സ്മെന്‍ വ്യക്തികള്‍ക്ക് പുറമെ സ്ത്രീ ശരീരത്തിലെ ലിംഗ-ലൈംഗിക ന്യുനപക്ഷങ്ങള്‍ക്കായികൂടി പ്രവര്‍ത്തിച്ചു വരുന്നു.
ട്രാന്‍സ്മെന്‍ സ്വത്വങ്ങളുടെ ദൃശ്യത കൂട്ടുന്നതുവഴി സമൂഹത്തില്‍ ഒറ്റപ്പെട്ട് സ്വത്വത്തിന്‍റെ പേരില്‍ പലതരം വിവേചനങ്ങള്‍ നേരിടുന്ന മനുഷ്യരെ കണ്ടെത്താനും അവരുടെ പ്രശ്നങ്ങള്‍ ഒരു പരിധി വരെ പരിഹരിക്കാനും അമിഗോസിന്‍റെ പ്രവര്‍ത്തനം വഴി സാധിച്ചിട്ടുണ്ട്. സ്വന്തം കുടുംബത്തില്‍ നിന്ന് പോലും പുറത്താക്കപ്പെട്ടവരെ കേരള സാമൂഹ്യനീതി വകുപ്പിന്‍റെ താല്‍ക്കാലിക ഷെല്‍ട്ടര്‍ ഹോമില്‍ സുരക്ഷിതമായി എത്തിക്കാനും അതുവഴി സമൂഹത്തിന്‍റെ അടിത്തട്ടില്‍ തിരിച്ചറിയപ്പെടാതെപോയ ട്രാന്‍സ്മെന്‍ സ്വത്വങ്ങള്‍ വെളിച്ചത്തിലേക്ക് എത്തിക്കാനും സാധിച്ചിട്ടുണ്ട്. കൂട്ടായി നിന്ന് അവകാശങ്ങള്‍ നേടിയെടുക്കാനും വിവേചനങ്ങള്‍ക്കെതിരെ ശബ്ദിക്കാനുമുള്ള ട്രാന്‍സ്ജെണ്ടര്‍ മനുഷ്യരുടെ പോരാട്ടത്തില്‍ ട്രാന്‍സ്മെന്‍-നോണ്‍ബൈനറി മനുഷ്യരുടെ പങ്കാളിത്തം ഉറപ്പുവരുത്താനും അമിഗോസിന്‍റെ പ്രവര്‍ത്തനം വഴി സാധ്യമായിട്ടുണ്ട്. സ്വത്വം കണ്ടെത്താന്‍ അത് അംഗീകരിക്കാന്‍ സാധിച്ച ഒരു ട്രാന്‍സ്മെന്‍ വ്യക്തി എന്ന നിലയില്‍ എനിക്ക് ലഭിച്ച ആത്മ സംതൃപ്തി മറ്റൊന്നിലും അനുഭവപ്പെട്ടിട്ടില്ല. ജനനം മുതല്‍ ആയിരം നാവുകള്‍ അല്ലെന്ന് പറഞ്ഞിട്ടും സ്വത്വം മനസിലാക്കി നാം നാമായി ജീവിക്കുന്നത്രയും വലിയ പോരാട്ടം മറ്റൊന്നുമില്ല എന്ന് തോന്നിയിട്ടുണ്ട്. ഇത് ശാപമല്ല; ഭാഗ്യമാണ്, മഴവില്‍ മനുഷ്യനായി ജീവിക്കുവാനുള്ള ഭാഗ്യം!

 

അര്‍ജ്ജുന്‍ ഗീത
ട്രാന്‍സ് മാന്‍ /പ്രൊഫഷണല്‍
കോഡിനേറ്റര്‍ – അമിഗോസ് ട്രാന്‍സ്മെന്‍ കളക്ടീവ്

COMMENTS

COMMENT WITH EMAIL: 0