Homeചർച്ചാവിഷയം

ട്രാന്‍സ് പഠനങ്ങളുടെ ആവശ്യകതയും പ്രസക്തിയും : ഒരു അവലോകനം

ഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ലോകവ്യാപകമായി അക്കാദമിക ശ്രദ്ധ പിടിച്ചു പറ്റിക്കൊണ്ടിരിക്കുന്ന ഒരു മേഖലയാണ് ട്രാന്‍സ്ജന്‍ഡര്‍ പഠനങ്ങള്‍. എന്നാല്‍, ട്രാന്‍സ്ജെന്‍ഡര്‍, നോണ്‍-ബൈനറി, മറ്റു ലിംഗ വ്യതിരിക്ത കമ്മ്യൂണിറ്റികളെക്കുറിച്ചു വളരെ പരിമിതമായ വിവരങ്ങളാണ് പലപ്പോഴും ഗവേഷകര്‍ക്ക് തന്നെയുള്ളത്. ഭാവിയില്‍ ട്രാന്‍സ് സംബന്ധിയായ ഗവേഷങ്ങണളിലേക്ക് ട്രാന്‍സ്, സിസ് വ്യക്തികളുള്‍പ്പടെ ഗൗരവമായി ചിന്തിക്കേണ്ടതും പ്രവര്‍ത്തനങ്ങളിലേര്‍പ്പെടേണ്ടതുമുണ്ട്. ട്രാന്‍സ് ഗവേഷണമെന്നത് കേവലം ഒരു പ്രത്യേക മേഖലയുമായി ഒതുങ്ങി നില്‍ക്കുന്നതല്ല. ബഹുവിധമായ ട്രാന്‍സ് അനുഭവങ്ങളും ആക്ടിവിസവും രേഖപ്പെടുത്തുന്നതോടൊപ്പം തന്നെ നിലനില്‍ക്കുന്ന വിവിധ വിഷയങ്ങളുമായി അവയെ ചേര്‍ത്തിണക്കി പുനര്‍വായനകള്‍ നിര്‍മ്മിക്കപ്പെടേണ്ടതുണ്ട്. ട്രാന്‍സ് ഗവേഷണത്തിന്‍റെ കാലിക പ്രസക്തിയെക്കുറിച്ചു വ്യക്തമാക്കുകയും ഈ മേഖലയില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രധാനപ്പെട്ട അന്വേഷണങ്ങളും നിരീക്ഷണങ്ങളും ഭാവിയില്‍ ഗവേഷണങ്ങള്‍ ആവശ്യമുള്ളതുമായ ചില മേഖലകളും ചൂണ്ടിക്കാണിക്കുകയുമാണ് ഈ ലേഖനത്തിന്‍റെ ലക്ഷ്യം.
മറ്റേതൊരു അക്കാദമിക മേഖലയുമെന്നത് പോലെ ട്രാന്‍സ് ഗവേഷണങ്ങളും ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്ന, പൗരസ്ത്യദേശക്കാരുടെ കുത്തകയായി തന്നെയിരിക്കുകയാണ്. സൗത്ത് ഏഷ്യന്‍ പഠനങ്ങള്‍ പലതും വന്നു കൊണ്ടിരിക്കുന്നതേയുള്ളു. വിവിധ ദേശങ്ങളിലുള്ള സംസ്കാര വൈവിധ്യങ്ങളും ലിംഗ വൈവിധ്യനുഭവങ്ങളും രേഖപ്പെടുത്തി വയ്ക്കുമ്പോള്‍ ഭാഷകള്‍ക്ക് ചില പരിമിതികളുണ്ട്. പ്രത്യേകിച്ചും മലയാള ഭാഷയില്‍ ട്രാന്‍സ് വ്യക്തികളെ ബഹുമാനത്തോടെ സൂചിപ്പിക്കാന്‍ ഇന്നും പദങ്ങളില്ല. അതിനാല്‍തന്നെ ആംഗലേയ ഭാഷയെ ആശ്രയിക്കാതിരിക്കാന്‍ നിവര്‍ത്തിയില്ല. നാമുപയോഗിക്കുന്ന ‘ട്രാന്‍സ്ജെന്‍ഡര്‍’ എന്ന പദത്തിന് ഇന്ത്യയിലെ ഹിജ്റ, കോത്തി, കിന്നര്‍, ജോഗാപ്പ, തിരുനഃഗായ് എന്നിങ്ങനെയുള്ള ലിംഗ-സാംസകാരിക വൈവിധ്യങ്ങളെ കൃത്യമായി അടയാളപ്പെടുത്താന്‍ കഴിയുന്നുണ്ടോ എന്നുള്ളത് മറ്റൊരു തര്‍ക്ക വിഷയമാണ്. ട്രാന്‍സ് പഠനങ്ങള്‍ക്ക് വഴികാട്ടിയായി നില്‍ക്കുന്നത് ആംഗലേയ പഠനങ്ങളാണെങ്കിലും കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളായി നിരവധി ഇന്ത്യന്‍ ഗവേഷകര്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എല്‍.ജി.ബി.ടി.ഐ.ക്യു.എ മുന്നേറ്റങ്ങളാണ് ഈ ഗവേഷണങ്ങള്‍ക്ക് ദൃശ്യതയും പ്രോത്സാഹനവും നല്‍കുന്നത്.
‘ട്രാന്‍സ്’ എന്ന പദം നിലവിലിരിക്കുന്ന ലിംഗ പ്രതിനിധാനങ്ങളോടും വ്യവസ്ഥകളോടും സമരസപ്പെടുന്നില്ല. ഈ വലിയ കുടയുടെ കീഴില്‍ ‘ട്രാന്‍സ്ജെന്‍ഡര്‍,’ ‘ട്രാന്‍സ് സെക്ഷ്വല്‍,’ എന്നിങ്ങനെ നിരവധി വ്യത്യസ്ഥ ലിംഗ വ്യക്തിത്വങ്ങളുണ്ട്. തങ്ങള്‍ക്കു ജന്മനാ ഉള്ള ശാരീരിക ലിംഗാവസ്ഥകളുമായി പൊരുത്തപ്പെടുന്ന ലിംഗവ്യക്തിത്വമുള്ളവരെ ‘സിസ്ജെന്‍ഡര്‍’ എന്ന് പറയുന്നു. ട്രാന്‍സ് വ്യക്തിത്വം സ്വയം തിരിച്ചറിയുന്ന ഒന്നും അതെ സമയം തന്നെ വൈദ്യശാസ്ത്രപരമായി തീര്‍ച്ചപ്പെടുത്തുന്നതുമാണ്. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തിത്വങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ ഇന്നും നടന്നതുകൊണ്ടിരിക്കുന്നതിനാല്‍ ഇതുവരെ കിട്ടിയ അറിവുകള്‍ ആധികാരികമാണെന്നു ഉറപ്പിച്ചു പറയാന്‍ വയ്യ. നേരത്തെ സൂചിപ്പിച്ചതു പോലെ, ട്രാന്‍സ് അനുഭവങ്ങളെ വിവരിക്കാന്‍ പറ്റിയ, അവരെ ബഹുമാനത്തോടെ അടയാളപ്പെടുത്താന്‍ പറ്റിയ ഭാഷയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇത്തരം പഠനങ്ങളിലെ ശ്രദ്ധേയമായ ഒന്നാണ്.
ട്രാന്‍സ് വ്യക്തികള്‍ ഭാഗമായ കമ്മ്യൂണിറ്റികളിലും അവരെ വിവരിക്കുന്ന മെഡിക്കല്‍ സോഷ്യല്‍ സയന്‍സ് മേഖലകളിലും ഉപയോഗിക്കപ്പെടുന്ന ഭാഷയുടെ രാഷ്ട്രീയം പ്രശ്നവത്കരിക്കപ്പെടുന്നുണ്ട്. ലിംഗ വ്യതിരിക്തതയെയും സാംസ്കാരിക വ്യതിരിക്തതയെയും ഉള്‍ക്കൊള്ളാനാകുന്ന പദങ്ങള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നു. ഭാഷ പ്രദാനം ചെയ്യുന്ന ലേബലുകളില്‍ മാത്രമായി ഒതുക്കി നിര്‍ത്താവുന്നതല്ല ട്രാന്‍സ് അനുഭവങ്ങള്‍ എന്നതാണ് ഗവേഷകര്‍ നേരിടുന്ന പ്രധാന പ്രതിസന്ധി. പലപ്പോഴും മെഡിക്കല്‍ നിര്‍വചനങ്ങളുപയോഗിച്ചാണ് ലിംഗ വ്യക്തിത്വങ്ങള്‍ നിര്‍ണയിക്കപ്പെടുന്നത് എന്നതിനാല്‍ അവയ്ക്ക് വെളിയില്‍ നില്‍ക്കുന്നതോ മിശ്രമോ ആയ അനുഭവങ്ങള്‍ ഭാഷാപരമായി അവതരിപ്പിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ഉദാഹരണത്തിന്, ലിംഗ വ്യക്തിത്വത്തെ ലൈംഗിക ചായ്വുമായി ബന്ധപ്പെടുത്തി അവതരിപ്പിക്കേണ്ടുന്ന അവസരങ്ങളില്‍ നമ്മുടെ ഭാഷയില്‍ നിലവിലിരിക്കുന്ന ഹെറ്ററോ സെക്ഷ്വല്‍ ഭാവനയിലുള്ള (ലെസ്ബിയന്‍, ഗേ, ബൈസെക്ഷ്വല്‍ തുടങ്ങിയ) പദങ്ങള്‍ അപര്യാപ്തങ്ങളാണ്.

ആരോഗ്യമേഖലയിലെ ട്രാന്‍സ് അധിഷ്ഠിത ഗവേഷണങ്ങള്‍
ട്രാന്‍സ് പഠനങ്ങളുടെ ചരിത്രം പരിശോധിക്കുമ്പോള്‍ ട്രാന്‍സ് വ്യക്തികളെക്കുറിച്ചു സിസ്ജെന്‍ഡര്‍ വൈദ്യശാത്രജ്ഞര്‍ നടത്തിയ ഗവേഷണങ്ങളാണ് ഏറ്റവും കൂടുതലായി രേഖപ്പെടുത്തപ്പെട്ടിട്ടുള്ളതെന്ന് മനസ്സിലാവും. ഇന്നും ട്രാന്‍സ് പഠനങ്ങളില്‍ ഏറ്റവും ഗവേഷണം നടന്നു വരുന്നത് വൈദ്യശാസ്ത്രത്തിലാണ്. ട്രാന്‍സ്ജെന്‍ഡര്‍ ശാരീരിക-മാനസിക ആരോഗ്യം, ലൈംഗീകാരോഗ്യം, ശസ്ത്രക്രിയ-ഹോര്‍മോണ്‍ ചികിത്സകള്‍, ജെന്‍ഡര്‍ ഡിസ്ഫോറിയ, എച്ച്.ഐ.വി, കാന്‍സര്‍ ചികിത്സ, തുടങ്ങിയവ ശ്രദ്ധേയമായ മേഖലകളാണ്. പ്രത്യുത്പാദനം, ഡിസബിലിറ്റി, വാര്‍ദ്ധക്യം എന്നിങ്ങനെ നവീനവും വ്യത്യസ്ത മേഖലകളെ ഉള്‍ക്കൊള്ളിച്ചുള്ളതുമായ പഠനങ്ങളും വന്നു തുടങ്ങിയിരിക്കുന്നു എന്നത് ആശ്വാസകരവും പ്രതീക്ഷ നല്‍കുന്നതുമാണ്. ലിംഗ വ്യക്തിത്വം ഉറപ്പിക്കുന്ന ശസ്ത്രക്രിയകളെക്കുറിച്ചുള്ള ഗവേഷണങ്ങളില്‍ അവ ട്രാന്‍സ് വ്യക്തികള്‍ക്ക് നല്‍കുന്ന മാനസികമായ സംതൃപ്തിയെക്കുറിച്ചും പഠിക്കുന്നു.
ലിംഗ വ്യക്തിത്വത്തെക്കുറിച്ചും ലിംഗ പ്രകാശനത്തെക്കുറിച്ചുമുള്ള മാനസികാരോഗ്യ പഠനങ്ങള്‍ ഈ ആശയങ്ങളുടെ രൂപപ്പെടല്‍, വികാസം, നോണ്‍- ബൈനറി വ്യക്തിത്വം, ലിംഗ വ്യതിരിക്തത, ലിംഗ വ്യക്തിത്വം വെളിപ്പെടുത്തുന്നത്, വൈദ്യശാസ്ത്രപരവും സാമൂഹികവുമായുള്ള രൂപാന്തരണവും പൊരുത്തപ്പെടലുകളും എന്നിവയെ ശാസ്ത്രീയമായി സമീപിക്കുന്നു, അതോടൊപ്പം തന്നെ മറ്റു പ്രധാന മാനസികാരോഗ്യരംഗങ്ങളെ ട്രാന്‍സ് പഠനങ്ങളുമായി കൂട്ടിയിണക്കുന്നുമുണ്ട്. വിഷാദം, ആകുലതകള്‍, ആത്മഹത്യാ പ്രവണതകള്‍ എന്നിവ അത്തരമൊരു മേഖലയാണ്.
ഫിസിയോളോജി ഗവേഷണങ്ങളും ആധുനിക വൈദ്യശാത്രത്തിന്‍റെ സംഭാവനകളാണ്. വിദേശ രാജ്യങ്ങളില്‍ പ്രത്യേകിച്ചും യൂറോ-അമേരിക്കന്‍ ഗവേഷകര്‍ ട്രാന്‍സ് സംബന്ധിയായ ശസ്ത്രക്രിയകള്‍ എങ്ങിനെയാണ് ട്രാന്‍സ് വ്യക്തികളുടെ ശാരീരിക ആരോഗ്യത്തെ അനുകൂലമായോ പ്രതികൂലമായോ സ്വാധീനിക്കുന്നത് എന്ന് പഠിക്കുന്നുണ്ട്.
അതോടൊപ്പം ട്രാന്‍സ് വ്യക്തികള്‍ക്ക് ഡയബെറ്റിസ്, കാന്‍സര്‍, ആഹാരശീലങ്ങളുമായി ബന്ധപ്പെട്ട അസുഖങ്ങള്‍, ഹൃദയത്തെയും രക്തധമനികളെയും സംബന്ധിച്ച അസുഖങ്ങള്‍ മുതലായ മേഖലകളിലും ഗവേഷണങ്ങള്‍ നടക്കുന്നു.

ലിംഗത്വ-ലൈംഗിക പഠനങ്ങള്‍
പൊതുസമൂഹത്തിനുള്ള ലൈംഗികമായ അബദ്ധ ധാരണകള്‍ പലപ്പോഴും ട്രാന്‍സ് ക്വീര്‍ വ്യക്തികളെ കുറ്റവാളികളായി അപരവത്കരിക്കുന്നതിനു കാരണമാവാറുണ്ട്. ഒകഢ ബാധിതരായ സിസ് – ട്രാന്‍സ്-ക്വിയര്‍ വ്യക്തികള്‍ ഇത്തരം അപമാനങ്ങള്‍ ഏറെ ഏല്‍ക്കേണ്ടി വരുന്നു. ലൈംഗിക ആരോഗ്യ പഠനങ്ങള്‍ പ്രധാനമായും ഉന്നം വയ്ക്കുന്നത് മനുഷ്യരുടെ പ്രചോദനങ്ങളെയും ചേഷ്ടകളെയും സംബന്ധിച്ച അപഗ്രഥനമാണ്. ട്രാന്‍സ് മേഖലയുമായി ബന്ധപ്പെട്ട് ലൈംഗിക പെരുമാറ്റങ്ങള്‍, എച്ച്.ഐ.വിയും മറ്റു ലൈംഗിക രോഗങ്ങളുമാണ് പ്രധാന ഗവേഷണ വിഷയങ്ങള്‍. ലൈംഗിക ശുചിത്വം, സുരക്ഷ, അപകട ഘടകങ്ങള്‍ മുതലായവയെക്കുറിച്ചുള്ള ബോധ്യങ്ങള്‍ ആളുകളില്‍ ക്രിയാത്മകമായ മാറ്റങ്ങള്‍ വരുത്തുമെന്ന് അനുമാനിക്കപ്പെടുന്നു. ഇത്തരം മെഡിക്കല്‍ ഗവേഷണങ്ങള്‍ സിസ് വ്യക്തികള്‍ക്കും ട്രാന്‍സ് വ്യക്തികള്‍ക്കും ഒരു പോലെ അവബോധത്തിനു കാരണമാവാം. ട്രാന്‍സ്ഭീതി ഒഴിവാക്കാനും സിസ് വ്യക്തിത്വം പോലെ തന്നെ പ്രകൃതിപരമാണ് ട്രാന്‍സ് വ്യക്തിത്വമെന്നും മനസ്സിലാക്കി തരുന്നതില്‍ ഇവ പ്രധാന പങ്കു വഹിക്കുന്നു. ‘പരിവര്‍ത്തന ചികിത്സ’ പോലുള്ള അപകടകരമായ പ്രവണതകള്‍ക്കെതിരെ മെഡിക്കല്‍ വിദ്യാര്‍ഥികളടക്കം പ്രതികരിക്കുന്നത് ഇത്തരം ക്രിയാത്മകമായ ഗവേഷണ പ്രവര്‍ത്തനങ്ങളുടെ ഫലമായിട്ടാണെന്നു ആശ്വസിക്കാം.

ട്രാന്‍സ് സാമൂഹിക ജീവിതവും, കമ്മ്യൂണിറ്റി രൂപീകരണവും ഗവേഷണങ്ങളില്‍
ആരോഗ്യമേഖല സാമൂഹ്യജീവിതത്തെക്കുറിച്ചുള്ള ഗവേഷണങ്ങളുമായി വളരെയധികം ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണ്. മനുഷ്യര്‍ക്ക് സാമൂഹ്യജീവിതം അവരുടെ ശാരീരികവും മാനസികവുമായ സുസ്ഥിതിക്ക് അത്യന്താപേക്ഷിതമായതിനാല്‍ ട്രാന്‍സ് ഗവേഷണങ്ങളിലും ഇവയെല്ലാം ഉള്‍ക്കൊള്ളിക്കുന്ന നിലപാടാണ് ഗവേഷകരും അവലംബിച്ചിരിക്കുന്നത്. കുടുംബമാണ് സാമൂഹ്യജീവിതത്തിന്‍റെ പ്രാഥമിക തലമായി കണക്കാക്കപ്പെടുന്നത്. അപ്പോള്‍ കുടുംബത്തില്‍ നിന്നും ട്രാന്‍സ് വ്യക്തികള്‍ക്ക് ലഭിക്കേണ്ട പിന്തുണ വളരെ പ്രധാനമാണ്. അവ ലഭിക്കാതെ വരുന്നതാണ് ശാരീരിക-മാനസിക അനാരോഗ്യത്തിലേക്കും സംഘര്‍ഷങ്ങളിലേക്കും നയിക്കുന്നത്. സാമൂഹിക പിന്തുണ, കമ്മ്യൂണിറ്റി രൂപീകരണങ്ങളും അനുബന്ധപ്രവര്‍ത്തനങ്ങളും, പ്രണയവും ലൈംഗികതയും, കുടുംബവും സൗഹൃദങ്ങളും നല്‍കുന്ന പ്രോത്സാഹനങ്ങള്‍, മുതലായവ എങ്ങിനെയാണ് ട്രാന്‍സ് വ്യക്തികളെ അനുകൂലമായും പ്രതികൂലമായും ബാധിക്കുന്നതു എന്നത് പ്രധാനപ്പെട്ട ഒരു അനുബന്ധ ഗവേഷണ മേഖലയാണ്. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ രക്ഷാകര്‍ത്താക്കളായുള്ള കുടുംബങ്ങളെക്കുറിച്ചും അവരും അവര്‍ വളര്‍ത്തുന്ന കുട്ടികളുമായുള്ള ബന്ധങ്ങളെക്കുറിച്ചും പഠനങ്ങളുണ്ട്. ട്രാന്‍സ്ജെന്‍ഡര്‍ രക്ഷകര്‍ത്താക്കളുടെ കുട്ടികള്‍ നല്ല സാമൂഹ്യ ബോദ്ധ്യങ്ങളോടെ വളര്‍ന്നു വരുന്നതായി പഠനങ്ങള്‍ കാണിക്കുന്നു.

ട്രാന്‍സ് പാര്‍ശ്വവത്കരണം മാനവിക-സാമൂഹിക ശാസ്ത്ര ഗവേഷണത്തില്‍
സാമൂഹ്യശാസ്ത്ര ഗവേഷണങ്ങള്‍ ട്രാന്‍സ് വ്യക്തികളുടെ സാമൂഹ്യ പിന്നോക്കാവസ്ഥയും അരികുവത്കരണവും പ്രശ്നവത്കരിക്കുന്നുണ്ട്. വിവിധ ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് വിവേചനങ്ങളും അവര്‍ക്കെതിരെയുള്ള ആക്രമണങ്ങളും നടക്കുന്നത്, ജാതി, മതം, ഗോത്രം, വംശം, വിദ്യാഭ്യാസം, സാമ്പത്തികം, തൊഴിലും ജീവിത മാര്‍ഗങ്ങളും എന്നിങ്ങനെ നിരവധിയായ വിഷയങ്ങള്‍ ട്രാന്‍സ് പഠനങ്ങളുമായി ചേര്‍ത്ത് വായിക്കപ്പെടുന്നത് ട്രാന്‍സ് വ്യക്തികള്‍ തന്നെ നടത്തിയ ധീരമായ പോരാട്ടങ്ങളുടെ ഗുണഫലമായാണ്. ഇതില്‍ തന്നെ ചരിത്രം, നരവംശ ശാസ്ത്രം, രാഷ്ട്രതന്ത്രം, സാമ്പത്തിക ശാസ്ത്രം, സാംസ്കാരിക പഠനങ്ങള്‍ എന്നിവ ട്രാന്‍സ് സംബന്ധിയായ പല തരം ഗവേഷണങ്ങള്‍ ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിക്കുന്നു. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ നേരിടേണ്ടി വരുന്ന ശാരീരികവും മാനസികവും ലൈംഗികവുമായുള്ള അക്രമങ്ങള്‍, അവയുടെ ആഘാതങ്ങള്‍ വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒന്നാണ്. പൊതു സമൂഹത്തില്‍ നിന്നും നിയമസംവിധാനങ്ങളില്‍ നിന്നും വിവേചനം നേരിടുന്ന അവര്‍ ട്രാന്‍സ്ഭീതിയുടെ നിഴലില്‍ എങ്ങിനെ സാമൂഹ്യജീവിതം സാധ്യമാക്കുന്നു എന്നിവയും പഠനവിധേയമായിട്ടുണ്ട്. അതിന്‍റെ ഫലമായി തന്നെ പല രാഷ്ട്രങ്ങളും ട്രാന്‍സ് ക്ഷേമപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും നിയമനിര്‍മാണവും നയപ്രഖ്യാപനങ്ങളും നടത്തുകയും ചെയ്തിട്ടുണ്ട്. ട്രാന്‍സ് ആക്ടിവിസം എന്ന ഗവേഷണ മേഖല എങ്ങിനെയാണ് ട്രാന്‍സ്-ക്വീര്‍ പോരാട്ടങ്ങള്‍ പ്രതിരോധത്തിന്‍റെ രാഷ്ട്രീയം സൃഷ്ടിച്ചു മാറ്റത്തിന് വേദിയൊരുക്കിയത് എന്ന് കാണിച്ചു തരുന്നു.
ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളെ സംബന്ധിച്ചിടത്തോളം തൊഴില്‍ ഏറ്റവും ചൂഷണം നേരിടുന്ന മേഖലയാണ്. മാന്യമായ തൊഴിലും സാമ്പത്തിക ഭദ്രതയും ഒരു വ്യക്തിക്കു ആഹാരം, വസ്ത്രം, പാര്‍പ്പിടം എന്നിവ ഉറപ്പു വരുത്തുന്നതോടൊപ്പം തനിക്കും സമൂഹത്തിനും വേണ്ടി ക്രിയാത്മകമായി പ്രവര്‍ത്തിക്കാന്‍ അവസരവും നല്‍കുന്നു. സ്കൂള്‍വിദ്യാഭ്യാസം പൂര്‍ത്തീകരിക്കാനാവാത്തതിനാല്‍ ഉയര്‍ന്ന വിദ്യാഭ്യാസം ആവശ്യമായ ജോലികള്‍ ലഭിക്കുന്നില്ല. ഹെറ്റെറോനോര്‍മാറ്റിവ് സമൂഹത്തിന്‍റെ ട്രാന്‍സ്ഭീതി മൂലം വിദ്യാഭ്യാസ- തൊഴില്‍ രംഗങ്ങളില്‍ മാറ്റിനിര്‍ത്തപ്പെടുന്ന അവസ്ഥ- ഇങ്ങനെ നോക്കുമ്പോള്‍ ഓരോ പ്രശ്നവും പരസ്പര ബന്ധിതമാണെന്നു കാണാം. എന്നാല്‍ പ്രതിസന്ധികളോട് ചെറുത്തു നിന്ന് വിജയം കൈവരിച്ചവരുടെ ഉദാഹരണങ്ങളുമുണ്ട്. രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളിലെ ഗവേഷണങ്ങള്‍ പലതും ദേശീയ-അന്തര്‍ദേശീയ തലത്തില്‍ ഈ പ്രശ്നങ്ങളെ പഠിക്കാനും പരിഹാരം കാണാനും ശ്രമിക്കുന്നുണ്ട്. ട്രാന്‍സ് വ്യക്തികളുടെ തൊഴില്‍, സംരംഭകത്വം, ട്രാന്‍സ് വ്യക്തികളെ ഉള്‍പ്പെടുത്തിയുള്ള വിദ്യാഭ്യാസവും തൊഴിലിടങ്ങളും മുതലായ വിഷയങ്ങളിലെ പ്രശ്നങ്ങളും പരിഹാരമാര്‍ഗങ്ങളും ആക്ടിവിസത്തോടൊപ്പം ഗവേഷണം ചെയ്യപ്പെടേണ്ടതുമാണ്. ദേശീയ പ്രാദേശിക തിരഞ്ഞെടുപ്പിലടക്കം പ്രാതിനിധ്യമില്ലാതെ പോകുന്ന അവസ്ഥയ്ക്ക് കാരണവും മറ്റൊന്നല്ല.
അരികുവത്കരണം നേരിടുന്ന ട്രാന്‍സ് വ്യക്തികളില്‍ തന്നെ വംശവും ഗോത്രവും മൂലം വിവേചനം അനുഭവിക്കുന്നവരെക്കുറിച്ചു ആഫ്രിക്കന്‍, ആഫ്രോ-അമേരിക്കന്‍ പശ്ചാത്തലത്തില്‍ ഗവേഷണങ്ങള്‍ നടന്നു വരുന്നുണ്ട്. ഇത്തരം ദ്വിമാന പാര്‍ശ്വവത്കരണം മാനസികാഘാതിനും ആക്രമണങ്ങള്‍ക്കു ഇരയാക്കപ്പെടുന്നതിനും കാരണമാവുന്നു. സാമൂഹ്യമായ പിന്നോക്കാവസ്ഥയില്‍ ജീവിക്കുന്ന, ഇന്ത്യയിലെ ട്രാന്‍സ് വ്യക്തികള്‍ ഇങ്ങനെ ഇരയാക്കപ്പെടുന്ന നിരവധി ഉദാഹരണങ്ങളുണ്ടെങ്കിലും അവരനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് കൃത്യമായ പഠനവും പോളിസികളും പരിഹാരങ്ങളും നടപ്പിലാക്കാന്‍ എല്ലാ സര്‍ക്കാരുകള്‍ക്കും കഴിഞ്ഞിട്ടില്ല. ദലിത് സമൂഹത്തില്‍ നിന്നുള്ള ട്രാന്‍സ് വ്യക്തികളെക്കുറിച്ചു കൂടുതലായി പഠിക്കണം. സിസ് ദലിതരേക്കാള്‍ ട്രാന്‍സ് ദലിതര്‍ എങ്ങിനെ അരികുവത്കരിക്കപ്പെടുന്നു എന്ന് ചിന്തിക്കണം. സമൂഹത്തില്‍ നിലനില്‍ക്കുന്ന ബ്രഹ്മണീയ സാമൂഹ്യഘടന ട്രാന്‍സ് വ്യക്തികളില്‍ ചിലരുടെ ജീവിത മാര്‍ഗ്ഗമായ ഭിക്ഷാടനത്തെയും ലൈംഗിക തൊഴിലിനേയും സാമൂഹ്യശാസ്ത്ര പുസ്തകങ്ങളും മാധ്യമ രേഖകളും സംഭ്രമജനകമായാണ് രേഖപ്പെടുത്തി വച്ചിട്ടുള്ളത്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ദലിത്-ട്രാന്‍സ് ആക്ടിവിസ്റ്റുകള്‍ പരസ്യമായി ഈ വിവേചനത്തിനെതിരെ പ്രതികരിക്കുന്നു. ദലിത് ട്രാന്‍സ് ആക്ടിവിസത്തിന്‍റെ ചരിത്രം രേഖപ്പെടുത്തുതി വയ്ക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചാണ് ദലിത് ട്രാന്‍സ് ആക്ടിവിസ്റ്റും ചരിത്രകാരിയും പെര്‍ഫോര്‍മറുമായ ഗ്രേസ് ഭാനു പറയുന്നത്. ചരിത്ര രേഖകളിലടക്കം ദലിത് ട്രാന്‍സ് സ്ത്രീകള്‍ നിഗൂഢതകള്‍ നിറഞ്ഞവരും നിഷ്കാസിതരുമായാണ് ചിത്രീകരിക്കപ്പെട്ടിരിക്കുന്നതു എന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. ദലിത് സിസ്-ട്രാന്‍സ് സ്ത്രീകളെ ഉള്‍പ്പെടുത്തിയുള്ള ‘മുക്തി’ എന്ന പ്രൊജക്റ്റ് അവരുടെ ഉന്നമനത്തെ ലക്ഷ്യം വയ്ക്കുന്നു.

സാംസ്കാരിക സാഹിത്യ പഠനങ്ങളിലെ ട്രാന്‍സ് പ്രതിനിധാനങ്ങള്‍
കല-സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ ധാരാളമായി ഏര്‍പ്പെടുന്നവരാണ് ട്രാന്‍സ്വ്യക്തികള്‍. സിനിമയിലെ ട്രാന്‍സ് പ്രതിനിധാനങ്ങളുമായി ബന്ധപ്പെട്ട ഒട്ടനവധി ഗവേഷണങ്ങളുണ്ട്. ‘ട്രാന്‍സ് സിനിമ’ എന്ന സങ്കല്‍പം അത്തരത്തിലുള്ള ഒന്നാണ്. റെബേക്ക ബെല്‍ മെറ്റീരിയോ, എലിസ സ്റ്റെയിന്‍ബൊക്ക്, വിബ്കെ സ്ട്രോബ്. എന്നിങ്ങനെ നിരവധി സിസ്- ട്രാന്‍സ് യൂറോ – അമേരിക്കന്‍ ഗവേഷകര്‍ ട്രാന്‍സ് സിനിമയെക്കുറിച്ചു അക്കാഡമിക് ഗ്രന്ഥങ്ങളും ലേഖനങ്ങളും രചിച്ചിട്ടുണ്ട്. ഇന്ത്യന്‍ സിനിമകളെക്കുറിച്ചും പ്രാദേശിക സിനിമകളിലെ ട്രാന്‍സ് പ്രതിനിധാനങ്ങളെക്കുറിച്ചുമുള്ള ചര്‍ച്ചകളും സജീവമായിക്കൊണ്ടിരിക്കുന്നു. സിനിമയില്‍ ട്രാന്‍സ്വ്യക്തികള്‍ എങ്ങിനെയാണ് അദൃശ്യരായിരിക്കുന്നതെന്നും വിവേചനം നേരിട്ട് കൊണ്ടിരിക്കുന്നതെന്നും തീര്‍ച്ചയായും ഗൗരവമായി സമീപിക്കേണ്ട ഒന്നാണ്. മറ്റു കല-സാംസ്കാരിക മണ്ഡലങ്ങളും ഇതില്‍ നിന്നും വിഭിന്നമല്ല. നാടക പഠനങ്ങളില്‍ ‘ക്രോസ്സ് ഡ്രസിങ്’ എന്നൊരു സമ്പ്രദായം ഉണ്ടെങ്കിലും അത്തരം പ്രതിനിധാനങ്ങളെയും അതിന്‍റെ രാഷ്ട്രീയത്തിന്‍റെ വിവിധ മാനങ്ങളെക്കുറിച്ചും ആഴത്തില്‍ അന്വേഷിക്കേണ്ടിയിരിക്കുന്നു.
സാഹിത്യ ഗവേഷണത്തിലും ഈ അവസ്ഥക്ക് വലിയ മാറ്റമില്ല. ട്രാന്‍സ്ജെന്‍ഡര്‍ സാഹിത്യം ഇപ്പോഴും പിന്‍നിരയിലാണ്. ട്രാന്‍സ് സാഹിത്യകാരുടെ കൃതികള്‍ക്കാണ് ട്രാന്‍സ് അനുഭവങ്ങളെ ശരിയായി അവതരിപ്പിക്കാന്‍ സാധിക്കുക. സമൂഹത്തിന്‍റെ കാഴ്ചപ്പാടുകളാണ് അതിനു തടസ്സം സൃഷ്ടിക്കുന്നത്. 2020 ലെ ബുക്കര്‍ സമ്മാന ജേതാവ് നോണ്‍-ബൈനറി വ്യക്തിയായ മരീകെ ലൂക്കാസ് റിജേവേള്‍ഡ്, ആണെന്നത് സാമൂഹ്യ മാറ്റത്തിന്‍റെ പ്രതിഫലനമാണ്. സാഹിത്യത്തിലെ തന്നെ ആത്മകഥാസാഹിത്യപഠനങ്ങളില്‍ ട്രാന്‍സ്ജെന്‍ഡര്‍ ആത്മകഥകളെയും ജീവിതചരിത്രങ്ങളെയും കുറിച്ച് ഇന്ത്യയിലും വിദേശത്തുമായി നിരവധി ഗവേഷണ പ്രബന്ധങ്ങള്‍ സമീപകാലത്തു വരുന്നുണ്ട്. ട്രാന്‍സ് ആഖ്യായികകള്‍ക്ക് തങ്ങളുടെ ചരിത്രത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും രേഖപ്പെടുത്തി മികച്ച രീതിയില്‍ സൂക്ഷിക്കാനാവുമെന്നുള്ളൊരു മേന്മയുണ്ട്.
തമിഴ്നാട്ടില്‍ നിന്നുള്ള സാമൂഹിക പ്രവര്‍ത്തകയും അഭിനേത്രിയും ചിത്രകാരിയും എഴുത്തുകാരിയുമായ കല്‍ക്കി സുബ്രഹ്മണിയം താന്‍ നടത്തുന്ന ബഹുമുഖമായ ട്രാന്‍സ് പ്രവര്‍ത്തനമേഖലകളുമായി മികച്ചൊരു മാതൃകയാണ് നല്‍കുന്നത്. കല എങ്ങിനെയാണ് സാമൂഹ്യപ്രവര്‍ത്തനത്തിനും സ്വത്വ പ്രകാശത്തിനുമുള്ള ഒരു വേദിയായി മാറ്റാന്‍ കഴിയുക എന്നുള്ളത് കല്‍ക്കിയുടെ ജീവിതത്തില്‍ നിന്നും തിരിച്ചറിയാവുന്നതാണ്. തന്‍റെ കലയിലൂടെ നിലവിലിരിക്കുന്ന ലിംഗ വ്യവസ്ഥകളെയും പ്രതിനിധാനങ്ങളെയും ചോദ്യം ചെയ്യുകയും അവയെ വെല്ലുവിളിക്കുകയും ചെയ്യുന്ന കല്‍ക്കിയുടെ വാക്കുകളും വരയും ഗവേഷകര്‍ക്ക് മുന്നില്‍ ഒരു തുറന്ന പുസ്തകമാണ്. കേരളത്തില്‍ നിന്നുള്ള ട്രാന്‍സ് സാഹിത്യകാരിയായ വിജയരാജ മല്ലിക നമുക്കൊക്കെ അഭിമാനമാണ്. സാഹിത്യത്തിലും മലയാള ഭാഷയിലും മല്ലിക പല സംഭാവനകളും നല്‍കിയിട്ടുണ്ട്. മല്ലികയുടെ പ്രസംഗങ്ങളിലും കൃതികളിലും അവര്‍ ട്രാന്‍സ് അനുഭവങ്ങളെ ഉള്‍ക്കൊള്ളിക്കുന്ന പദങ്ങള്‍ ഉപയോഗിക്കാറുണ്ട്. ഉദാഹരണത്തിന് ‘എഴുത്തുകാരന്‍’ ‘എഴുത്തുകാരി’ എന്നിങ്ങനെ ബൈനറി ലിംഗവ്യവസ്ഥക്കു പുറത്തു നില്‍ക്കുന്നവരെ ഒഴിവാക്കുന്ന പദങ്ങള്‍ക്ക് പകരം ‘എഴുത്താളി’ എന്ന പദം നിര്‍ദ്ദേശിക്കുക വഴി എങ്ങിനെയാണ് ഭാഷയെ പുനര്‍നിര്‍മിക്കേണ്ടതെന്നു അവര്‍ കാണിച്ചു തരുന്നു. ട്രാന്‍സ്ഭീതി പരത്തുന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ക്കും മറ്റു എഴുത്തുകള്‍ക്കും ബദലായി ട്രാന്‍സ് എഴുത്തുകള്‍ കൂടുതലായി മുഖ്യധാരയിലെത്തിയാല്‍ മാത്രമേ ട്രാന്‍സ് സൗഹൃദപരമായ അന്തരീക്ഷം സൃഷ്ടിച്ചെടുക്കാനാകൂ. ട്രാന്‍സ് വ്യക്തികള്‍ക്ക് കൂടുതലായി സാഹിത്യത്തിലും മാധ്യമരംഗത്തും അക്കാദമിക മേഖലയിലും അവസരം നല്‍കുന്നത് വഴി അത് സാധ്യമാക്കാനാവും.
ട്രാന്‍സ് ഗവേഷണത്തിന്‍റെ ഭാവിയെക്കുറിച്ചു ചിന്തിക്കുമ്പോള്‍ ട്രാന്‍സ് വ്യക്തികളെക്കൂടി ഉള്‍ക്കൊള്ളിച്ചുകൊണ്ട് വ്യത്യസ്ത മേഖലകളിലുള്ള വിദഗ്ദ്ധരുടെ സഹകരണത്തോടെയുള്ള പഠനങ്ങളുടെ ആവശ്യകതയെക്കുറിച്ചു കൂടി ബോധ്യമുണ്ടാവേണ്ടതുണ്ട്. കൂട്ടായ പ്രവര്‍ത്തനം കേവലമായ പങ്കെടുക്കല്‍ മാത്രമല്ല; ട്രാന്‍സ് വ്യക്തികളുടെ ആവശ്യങ്ങളെക്കുറിച്ചു ബോധ്യമുണ്ടായാല്‍ മാത്രം പോരാ, അത് നേടിയെടുക്കാനുള്ള പരിശ്രമവും വേണം. പ്രത്യേകിച്ചും വര്‍ഗം കൊണ്ടും വര്‍ണം കൊണ്ടും ഭാഷ കൊണ്ടും ദേശം കൊണ്ടും പാര്‍ശ്വത്കരിക്കപ്പെട്ട ട്രാന്‍സ് വ്യക്തികളെക്കുറിച്ചു ഗൗരവമായ പഠനങ്ങള്‍ വേണം. ട്രാന്‍സ്- സിസ് ഗവേഷകര്‍ ഒന്ന് ചേര്‍ന്ന് പ്രവര്‍ത്തിച്ചാലേ അത് സാധ്യമാവൂ.

 

ഡോ. അനു കുര്യാക്കോസ്
അസിസ്റ്റന്‍റ് പ്രൊഫസര്‍
എസ്. ആര്‍. എം. യൂണിവേഴ്സിറ്റി ആന്ധ്രപ്രദേശ്

 

COMMENTS

COMMENT WITH EMAIL: 0