Homeചർച്ചാവിഷയം

ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ ആരോഗ്യമേഖലയിലെ അതിജീവനശ്രമങ്ങള്‍

ലിംഗഭേദങ്ങള്‍ പുരാതന കാലം മുതല്‍ തന്നെ വിവിധ വ്യാകരണ നാമങ്ങളില്‍ നിലവിലുണ്ട്. വര്‍ഷങ്ങളായി, ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ കൂടുതല്‍ സാമൂഹികമായി ദൃശ്യമാവുന്നുണ്ടെങ്കിലും, അവര്‍ പല ഇടങ്ങളില്‍ നിന്നും പുറത്താക്കപ്പെടുന്നു. ഇക്കാര്യത്തില്‍ കേരളം ശ്രദ്ധേയമായ നിരവധി മുന്‍ കൈകള്‍ എടുത്തിട്ടുണ്ടെങ്കിലും, സാമൂഹിക മേഖല ഇപ്പോഴും ലിംഗ ന്യൂനപക്ഷങ്ങളോട് വിചിത്രമായ മനോഭാവം പ്രകടിപ്പിക്കുന്നു. മനുഷ്യന്‍റെ അടിസ്ഥാന ആവശ്യങ്ങളാണ് ആഹാരം വസ്ത്രം, പാര്‍പ്പിടം അതുപോലെ തന്നെ പ്രധാനപ്പെട്ട ഒന്നാണ് ആരോഗ്യം. സ്ത്രീയും പുരുഷനും ഉള്ളതാണ് ഈ ഉലകം എന്ന് വിശ്വസിച്ചു കൊണ്ടിരുന്നവര്‍ ക്കിടയിലേക്കാണ് ഒരു കൂട്ടര്‍ കടന്നെത്തിയത് ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍. പരിഹാസങ്ങളേയും കളിയാക്കലുകളെയും ചിരിച്ചു കൊണ്ട് നേരിട്ട് ഇന്ന് എല്ലാമേഖലകളിലും ഇവര്‍ എത്തിയിട്ടുണ്ട് എങ്കില്‍ അതൊരു നിസ്സാരമായ അതിജീവനമല്ല. ജനനസമയത്തെ ലിംഗസ്വത്വത്തില്‍ നിന്ന് മറ്റൊരു ലിംഗസ്വത്വം ആഗ്രഹിക്കുന്നവര്‍. കേരളാഗവണ്മെന്‍റ് ഇന്ന് അവര്‍ക്ക് ധാരാളം അവകാശങ്ങളും ആനുകൂല്യങ്ങളും നല്‍കിയിട്ടുണ്ടെങ്കിലും ആരോഗ്യ മേഖലയില്‍ ഇവര്‍ ഇന്നും പ്രതിസന്ധികള്‍ നേരിടുന്നു.
ജീവിതനിലവാരം മെച്ചപ്പെട്ടിട്ടും ലിംഗമാറ്റത്തില്‍ ഇപ്പോഴും ധാരാളം അപകടങ്ങളുണ്ടായിട്ടുണ്ട്. ലിംഗമാറ്റം ചെയ്യപ്പെടുന്നവരില്‍ ചിലര്‍ക്കെങ്കിലും അമിതരക്തസ്രാവം, സ്വകാര്യഭാഗത്തുണ്ടാകുന്ന അണുബാധ, രക്തസമ്മര്‍ദ്ദം, ആവശ്യമുള്ള ദ്വിതീയ ലൈംഗിക സ്വഭാവങ്ങളുടെ മന്ദഗതിയിലുള്ള വികസനം എന്നിവ പോലുള്ള പ്രതികൂല ആരോഗ്യപ്രശ്നങ്ങള്‍ അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്ന് കണ്ടെത്തി. ശസ്ത്രക്രിയക്ക് നിരവധി നടപടിക്രമങ്ങള്‍ ഉണ്ട്, അവയെല്ലാം തന്നെ സങ്കീര്‍ണ്ണവും ചെലവേറിയതുമാണ്. ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിന് ഒരു സഹായ ഹസ്തമെന്ന നിലയില്‍, ശസ്ത്രക്രിയയ്ക്ക് ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് രണ്ടു ലക്ഷം രൂപ വരെ സാമ്പത്തിക സഹായം നല്‍കുന്ന ഒരു പദ്ധതി സാമൂഹ്യ നീതി വകുപ്പ് ആവിഷ്കരിച്ചിട്ടുണ്ട്.
ലിംഗ പരിവര്‍ത്തനത്തിനായി ശസ്ത്രക്രിയ ധനസഹായം ലഭിക്കുന്നതിനായി കുറച്ച് രേഖകള്‍ സമര്‍പ്പിക്കേണ്ടതായിട്ടുണ്ട്. അതില്‍ ഒന്നാമത്തേത് ശസ്ത്രക്രിയ ചെയ്യാന്‍ ആഗ്രഹിക്കുന്ന ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തി 18 വയസ്സ് പൂര്‍ത്തിയായിരിക്കണം ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തിയാണെന്ന് തെളിയിക്കുന്ന തിരിച്ചറിയല്‍ രേഖ ഉണ്ടായിരിക്കണം. ഇതുകൂടാതെ ഏത് ആശുപത്രിയിലാണോ സര്‍ജറി നടക്കുന്നത്/നടത്തിയത് ആ ഡോക്ടറിന്‍റെ പക്കല്‍ നിന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടും, പ്രഖ്യാപനവും കൈപ്പറ്റി. സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ധനസഹായം ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ലിംഗപരിവര്‍ത്തനം നടത്തിയ വ്യക്തിയ്ക്ക് കിട്ടുന്നതാണ്. ഈ ധനസഹായം ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തിയ്ക്ക് വളരെയധികം ആശ്വാസമാണ്. എന്നാല്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തേണ്ടത് ഒരു കൗണ്‍സിലിംഗിനു ശേഷമാണ്. ലിംഗപരിവര്‍ത്തനം നടത്തുന്ന വ്യക്തിയ്ക്ക് മാനസികവും ശാരീരികവുമായ തയ്യാറെടുപ്പിനാണ് ഇത്തരം കൗണ്‍സിലിംഗ്. പക്ഷെ ആശുപത്രികളില്‍ ഇത്തരം കൗണ്‍സിലിംഗ് മിക്കവാറും നടക്കാറില്ല. ഇതുതന്നെയാണ് ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ ശസ്ത്രക്രിയയ്ക്ക് ശേഷം ആരോഗ്യപ്രശ്നങ്ങളില്‍ ഏര്‍പ്പെടാന്‍ കാരണം. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സംസ്ഥാനത്തെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥിയും കേരളത്തിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ റേഡിയോ ജോക്കിയുമായ അനന്യ കുമാരി അലക്സിന്‍റെ (28) വേര്‍പാട് സമൂഹമാധ്യമാങ്ങളില്‍ ഏറെ വിവാധമായ ഒന്നാണ്. ഇടപ്പള്ളിയിലെ അപ്പാര്‍ട്ട്മെന്‍റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അനന്യയുടെ മരണം, സ്വകാര്യ ആശുപത്രിയിലെ ചികിത്സാപിഴവ് മൂലമാണെന്ന് സുഹൃത്തുക്കളും കുടുംബാംഗങ്ങളും ആരോപിച്ചതിനെ തുടര്‍ന്ന് വിവാദത്തിലായി. അധികൃതര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ട്രാന്‍സ്ജെന്‍ഡര്‍ സമൂഹം ആശുപത്രിക്കു മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഒരു വര്‍ഷം മുമ്പ് അനന്യ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. വളരെയധികം വേദന നിറഞ്ഞതും മാത്രവുമല്ല, ശസ്ത്രക്രിയയ്ക്ക് ശേഷം ധാരാളം ശാരീരിക പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുകയും ചെയ്തു എന്നതായിരുന്നു അനന്യയുടെ സമീപകാല സോഷ്യല്‍ മീഡിയ പോസ്റ്റ്. അനന്യയുടെ മരണശേഷം ശസ്ത്രക്രിയ കഴിഞ്ഞ മറ്റു പല ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളും അവര്‍ക്കുണ്ടായ ശാരീരിക അസ്വസ്ഥതകള്‍ പുറത്തുപറയുകയുണ്ടായി.
2011 ലെ സെന്‍സസ് പ്രകാരം ഇന്ത്യയിലെ ജനസംഖ്യയുടെ 480,803 ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളാണ്. സുപ്രിംകോടതി 2014 ഏപ്രില്‍ 15-ന് പുറപ്പെടുവിപ്പിച്ച വിധിയില്‍ മറ്റു പൗരന്മാര്‍ക്ക് ഉള്ളതുപോലെ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കും സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും ബാധകമാണെന്നു പറയുകയുണ്ടായി. 2015-ല്‍ കേരളം ആദ്യമായി ഒരു ട്രാന്‍സ്ജെന്‍ഡര്‍ നയം പ്രഖ്യാപിക്കുകയുണ്ടായി. ആദ്യത്തെ ട്രാന്‍സ്ജെന്‍ഡര്‍ സ്കൂള്‍, ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കുള്ള സ്കോളര്‍ഷിപ്പുകള്‍, ആരോഗ്യ ക്ലിനിക്കുകള്‍, വാര്‍ദ്ധക്യകാല പെന്‍ഷനുകള്‍, കൊച്ചി മെട്രോയില്‍ അവര്‍ക്ക് തൊഴില്‍, സാഹിത്യ, കായിക പരിപാടികള്‍, ഫാഷന്‍ഷോകള്‍ തുടങ്ങി നിരവധി പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഇതിനു പുറമേ ധാരാളം ക്ഷേമപരിപാടികള്‍ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കു വേണ്ടി നടപ്പിലാക്കുകയും ചെയ്തു. എന്നാല്‍ ഇതിന്‍റെയെല്ലാം ഗുണഫലം ഇവര്‍ക്ക് കിട്ടുന്നുണ്ടോ എന്ന കാര്യം നമ്മള്‍ പരിശോധിക്കേണ്ടത് അനിവാര്യമാണ്.

ജയലക്ഷ്മി എല്‍.
ഗവേഷക
ഇന്‍സ്റ്റിറ്റൂട്ട് ഓഫ് മാനേജ്മെന്‍റ് ഇന്‍ ഗവണ്മെന്‍റ് ട്രിവാന്‍ഡ്രം
സോഷ്യോളജി വിഭാഗം, കേരളാ സര്‍വ്വകലാശാല

COMMENTS

COMMENT WITH EMAIL: 0