Homeചർച്ചാവിഷയം

ട്രാന്‍സ് സൗഹൃദകേരളം അവകാശങ്ങളും വെല്ലുവിളികളും

പുലര്‍ച്ചെ നാല് മണി. അഞ്ചര മണിയുടെ തിരുവനന്തപുരം ഫാസ്റ്റിന് പോകണം. അപ്പോഴാണ് ഡ്രൈവര്‍ ബാബുവേട്ടന്‍റെ ഫോണ്‍കാള്‍. “മോളേ, എനിക്ക് കലശലായ പനി. മോള് വിഷമിക്കണ്ട, എന്‍റെ ബന്ധു ഒരു കക്ഷി ഉണ്ട്, കുഴപ്പമില്ലല്ലോ അല്ലേ?” സ്വല്പം ദേഷ്യം വന്നെങ്കിലും എന്ത് ചെയ്യാം, രോഗമല്ലേ.
“ശരി ബാബുവേട്ടാ” എന്ന് മറുപടി നല്‍കി ഫോണ്‍ വച്ചു.
കൃത്യം നാലേമുക്കാലിന് ആളെത്തി. യാത്രയ്ക്കിടയില്‍ വിവിധ വിഷയങ്ങള്‍ സംസാരിക്കവേ ബാബുവേട്ടന്‍റെ ബന്ധുവാണെന്നും സാമ്പത്തികശാസ്ത്രത്തില്‍ ബിരുദാനാന്തരബിരുദം നേടിയതിനുശേഷം സിവില്‍സര്‍വീസ് പരിശീലനം നടത്തിവരുകയാണെന്നും, താന്‍ ഒരു ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തിയാണെന്നും അയാള്‍ പങ്കുവച്ചു. അങ്ങനെ കോട്ടയം ബസ് സ്റ്റാന്‍ഡില്‍ എത്തി. അവിടെ കംഫര്‍ട്ട് സ്റ്റേഷനില്‍ എത്തിയ എന്നെ വിസ്മയപ്പെടുത്തിയത് അവിടുത്തെ പുതിയ സംവിധാനങ്ങള്‍ ആണ്. ചിരിക്കുന്ന ചേച്ചിയുടെയും ഗൗരവക്കാരനായ ചേട്ടന്‍റെയും ചിത്രങ്ങള്‍ അവിടെ കണ്ടില്ല. തല്‍സ്ഥാനത്തു ഒരു ബോര്‍ഡ് “Gender Neutral Comfort station.”
വാച്ച് നോക്കി. ബസിനു സമയം ആയി. ഒരു സീറ്റില്‍ ഇരുന്നു. തിരക്ക് കുറവാണ്. പെട്ടെന്നാണ് അത് എന്‍റെ ശ്രദ്ധ ആകര്‍ഷിച്ചത്. ‘സ്ത്രീകള്‍’ ‘പുരുഷന്മാര്‍’ എന്നീ ബോര്‍ഡുകള്‍ എല്ലാം നീക്കം ചെയ്തിരിക്കുന്നു. എന്തൊരു മാറ്റമാണിത്!
യാത്രയുടെ ഉദ്ദേശ്യം എന്താണെന്നല്ലേ? എന്‍റെ പി.എച്ച്.ഡി ഗവേഷണ ചര്‍ച്ചയുമായി ബന്ധപ്പെട്ടുള്ള യാത്ര. ഇക്കണോമിക്സില്‍ ഇന്ന് ഇന്ത്യയിലെ പ്രഗത്ഭയായ ഗൈഡ് നിരുപമ ദീക്ഷ. അവരുടെ കീഴില്‍ പി.എച്ച്.ഡി എന്നത് എന്‍റെ വലിയ സ്വപ്നം ആണ്. ട്രാന്‍സ്ജെന്‍ഡര്‍ കമ്മ്യൂണിറ്റിയില്‍ നിന്നും പൊരുതിനേടിയ അക്കാദമിക് നേട്ടം തന്നെയാണ് ഡോ.നിരുപമയുടെ കീഴില്‍ ഗവേഷണം നടത്താന്‍ എന്നെ സ്വാധീനിച്ച ഘടകം.
റിംഗ്… പെട്ടെന്ന് അലാറം ശബ്ദിച്ചു. പതിവുപോലെ ഓഫ് ആക്കി ഉറങ്ങാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
മനോഹരമായ ഈ സ്വപ്നം എനിക്ക് പകര്‍ന്ന ഉന്മേഷം പറഞ്ഞറിയിക്കാന്‍ സാധിക്കില്ല. സ്വപ്നങ്ങള്‍ ഭാവിയെ തൊട്ടുണര്‍ത്തുന്ന പ്രതീക്ഷകളാണല്ലോ. വിദ്യാഭാസത്തിലൂടെ സമൂഹത്തിന്‍റെ ഉന്നതപടവുകള്‍ ചവിട്ടിക്കയറിയ ഡോ.നിരൂപമയും, സമൂഹത്തിന്‍റെ അവഗണനകള്‍ അനുഭവിക്കാതെ സാധാരണ ജീവിതം നയിക്കുന്ന ഇന്ത്യയുടെ ഭരണചക്രം തിരിക്കാന്‍ സ്വപ്നം കാണുന്ന മനുഷ്യനും, കംഫര്‍ട്ട് സ്റ്റേഷനു മുന്നില്‍ ‘ലിംഗ-ന്യൂട്രല്‍ ടോയ്ലറ്റ്’ അല്ലെങ്കില്‍ പുരുഷ/സ്ത്രീ ചിത്രങ്ങള്‍ ഇല്ലാത്തതുമെല്ലാം എന്‍റെ വെറും സ്വപ്നമായിരുന്നോ? അല്ല, മറിച്ചു ഇവയെല്ലാം ട്രാന്‍സ് ഇന്‍ക്ലൂസീവ് പൊതുമണ്ഡലത്തിന്‍റെ അടയാളങ്ങളായിരുന്നു, ട്രാന്‍സ് ഫ്രണ്ട്ലി കേരളയെക്കുറിച്ചുള്ള എന്‍റെ ഏറെനാളത്തെ പ്രതീക്ഷകളാണ്. എന്‍റെ നിരീക്ഷണങ്ങളും പ്രതീക്ഷകളും പ്രാവര്‍ത്തികമാക്കാന്‍ പറ്റിയ ചുറ്റുപാട് കേരളത്തെ സംബന്ധിച്ചിടത്തോളം നിലനില്‍ക്കുന്നുണ്ടോ എന്ന അന്വേഷണമാണ് ഈ ലേഖനം.
അമേരിക്കന്‍ തത്ത്വചിന്തകയും ലിംഗ സൈദ്ധാന്തികയുമായ ജൂഡിത്ത് പമേല ബട്ലര്‍, അവരുടെ രാഷ്ട്രീയ തത്ത്വചിന്ത, ധാര്‍മ്മികത, ക്വീര്‍ സിദ്ധാന്തം എന്നിവ ലിംഗ പഠനങ്ങളിലേക്കുള്ള എന്‍റെ സാഹിത്യ പ്രചോദനങ്ങളാണ്. ബട്ലറുടെ വാക്കുകളില്‍, “ശാരീരിക പെരുമാറ്റ ഭേദങ്ങളില്‍ നിന്നാണ് ലിംഗബോധം / ലിംഗതന്മ ഉടലെടുക്കുന്നത്. അതുകൊണ്ടു തന്നെ ലിംഗതന്മ എന്നു പറയുന്നത് പ്രകടനാത്മകമാണ്. ജന്മനാ നിശ്ചയിക്കാവുന്നതല്ല.” ജന്മനാ ഉണ്ടായിരുന്ന ലിംഗത്തില്‍ നിന്ന് വ്യതിയാനം പ്രദര്‍ശിപ്പിക്കുന്ന, ലിംഗ വ്യക്തിത്വം, സ്വഭാവം, ലിംഗ പ്രകാശനം കാണിക്കുന്ന മനുഷ്യരെ പൊതുവായി വിശേഷിപ്പിക്കുന്ന പദമാണ് ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍. സമൂഹത്തിലെ മറ്റ് അംഗങ്ങള്‍ ആസ്വദിക്കുന്ന അവകാശങ്ങള്‍, വിഭവങ്ങള്‍, അവസരങ്ങള്‍ തുടങ്ങിയവയില്‍ നിന്ന് ഒരു വ്യക്തിയെയോ സമൂഹത്തെയോ തടയുന്ന പ്രക്രിയയാണ് പാര്‍ശ്വവല്‍ക്കരണം. ഈ പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളില്‍, സമൂഹം പലപ്പോഴും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളെ കൂടുതലായി അവഗണിക്കുന്നു. 2011 ലെ സെന്‍സസ് പ്രകാരം ഭാരതത്തില്‍ 480,000 ട്രാന്‍സ്ജന്‍ഡര്‍ വ്യക്തികള്‍ നിലവിലുണ്ട്.
ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള കേരളം, വിവിധ ക്ഷേമപദ്ധതികള്‍ അവതരിപ്പിച്ചുകൊണ്ട് ഒരു ‘ട്രാന്‍സ്ജെന്‍ഡര്‍ മോഡല്‍ സ്റ്റേറ്റ്’ എന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണം ആരംഭിച്ചുകഴിഞ്ഞിരിക്കുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ഒരു സാംസ്കാരിക സ്വത്വം നിലനില്‍ക്കുന്നുണ്ടെങ്കിലും അത് കേരളത്തില്‍ ഇല്ല എന്നതാണ് കേരള ട്രാന്‍സ്ജെന്‍ഡര്‍ കമ്മ്യൂണിറ്റിയെ വ്യത്യസ്തമാക്കുന്നത്.
2012 വരെ കേരളത്തില്‍ നിലനിന്നിരുന്ന ഉയര്‍ന്ന വിവേചന നിരക്ക് കാരണം നിരവധി ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ ബെംഗളൂരുവിലേക്ക് പലായനം ചെയ്യുന്ന ഒരു സമ്പ്രദായമുണ്ടായിരുന്നു. അവരില്‍ പലരും ബെംഗളൂരുവിലെ ഹിജ്റാസ് കമ്മ്യൂണിറ്റിയില്‍ പ്രവേശിച്ചു, കമ്മ്യൂണിറ്റി അംഗങ്ങളായി മാറിയിരുന്നു. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കു ഇത് ഒരു ഇരുണ്ട യുഗമായിരുന്നു, കാരണം, ഈ സമയത്ത് അവര്‍ക്ക് വളരെയധികം ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവന്നു. ഇപ്പോള്‍ കാറ്റ് ഈ സമൂഹത്തിന് അനുകൂലമായതിനാല്‍, പലരും അടുത്ത കാലത്തായി കേരളത്തിലേക്ക് മടങ്ങി വരുന്നതായി കണ്ടുവരുന്നു.
കേരളത്തിന്‍റെ പരിവര്‍ത്തനത്തിനു തുടക്കം കുറിച്ചത് 2014 ലെ 10 ദിവസത്തെ സംസ്ഥാന സര്‍വ്വേയാണ്. ഇതില്‍ 14 ജില്ലകളും ഉള്‍പ്പെടുത്തിയിരുന്നു. ഇതിനുശേഷം സംസ്ഥാന ട്രാന്‍സ്ജെന്‍ഡര്‍ പോളിസി, ട്രാന്‍സ്ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് സ്ഥാപനം, ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കായുള്ള ഇന്ത്യയിലെ ആദ്യത്തെ സ്കൂള്‍, സ്കോളര്‍ഷിപ്പുകള്‍, ആരോഗ്യ ക്ലിനിക്കുകള്‍, വാര്‍ദ്ധക്യ പെന്‍ഷനുകള്‍, വിവിധതരം സാഹിത്യ പരിപാടികള്‍, ഫാഷന്‍ ഷോകള്‍, കൊച്ചിന്‍ മെട്രോ നിയമനം എന്നിവ കേരളത്തിലെ ട്രാന്‍സ് അനുകൂല പദ്ധതികളാണ്.
ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് അവരുടെ ദൈനംദിന ജീവിതത്തില്‍ അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ ഉന്നയിക്കാനുള്ള ഏറ്റവും അനുയോജ്യമായ വേദിയാണ് കേരളത്തിലെ ട്രാന്‍സ്ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ്. ട്രാന്‍സ്ജെന്‍ഡര്‍ അസോസിയേഷനുകളുമായി ചേര്‍ന്ന്, ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കു ആത്മവിശ്വാസം പകരുന്നതിനും അവരുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനുള്ള ഒരു സ്ഥാപനമായി ബോര്‍ഡ് നിലകൊള്ളുന്നു.
സേജ് പബ്ലിക്കേഷന്സിന്‍റെ ഇന്ത്യന്‍ ജേര്‍ണല്‍ ഓഫ് ജന്‍ഡര്‍ സ്റ്റഡീസില്‍ പ്രസിദ്ധീകരിച്ച ‘മുഖ്യധാരയിലെ ട്രാന്‍സ്ജന്‍ഡര്‍ വ്യക്തികള്‍: കേരളത്തിലെ ക്ഷേമപദ്ധതികള്‍-കൊച്ചി മെട്രോ റെയില്‍ പദ്ധതി, വിദ്യാഭ്യാസ പരിപാടി, ആരോഗ്യ ക്ലിനിക്കുകള്‍, വാര്‍ദ്ധക്യ പെന്‍ഷന്‍’ എന്ന എന്‍റെ പഠനത്തിന്‍റെ ഭാഗമായി നടത്തിയ അഭിമുഖങ്ങളില്‍ ലഭിച്ച പ്രതികരണങ്ങളില്‍ ഒന്ന് ഇങ്ങനെയാണ്, “ബോര്‍ഡ് സ്ഥാപിതമായപ്പോള്‍ ഞാന്‍ വളരെ സന്തുഷ്ടനായിരുന്നു. ഞങ്ങള്‍ക്ക് ഒരു ജസ്റ്റിസ് ബോര്‍ഡ്. എന്‍റെ സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും കുടുംബവും എന്നെ പിന്തുണയ്ക്കുന്ന ആരെല്ലാമോ എനിക്കുള്ളതുപോലെ.” ലിംഗമാറ്റ വ്യക്തികളുടെ അവകാശങ്ങള്‍ നടപ്പിലാക്കുക,ഉറപ്പാക്കുക, അവരെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുക തുടങ്ങിയവ ബോര്‍ഡിന്‍റെ പ്രധാന ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുന്നു.
ട്രാന്‍സ്ജെന്‍ഡര്‍ കമ്മ്യൂണിറ്റിക്കുവേണ്ടിയുള്ള കേരളസര്‍ക്കാരിന്‍റെ പ്രയത്നങ്ങള്‍ അഭിനന്ദാര്‍ഹമാണെങ്കിലും പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതില്‍ അധികം ശ്രദ്ധ ചെലുത്തേണ്ടതായിട്ടുണ്ട്. ഉദാഹരണത്തിന്, 2016-17 ലെ ബജറ്റ് അവതരണത്തില്‍ ധനകാര്യമന്ത്രി ശ്രീ തോമസ് ഐസക് 60 വയസിനു മുകളിലുള്ള ട്രാന്‍സ്ജിന്‍ഡര്‍ വ്യക്തികള്‍ക്ക് പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിച്ചു.
Source: Kerala Transgender Survey (2014-15)
201415 ലെ കേരള ട്രാന്‍സ്ജന്‍ഡര്‍ സര്‍വേയും 2017 ലെ എന്‍റെ പഠനവും ഒരേ സ്വരത്തില്‍ വിരല്‍ചൂണ്ടുന്ന വസ്തുതയാണ് 60 വയസിനു മുകളിലുള്ള ട്രാന്‍സ്ജന്‍ഡര്‍ വ്യക്തികള്‍ കേരളത്തില്‍ ഗണ്യമായും കുറവാണ് എന്നുള്ളത്. പ്രായം കൂടുന്നതിനനുസരിച്ച് ഈ ന്യൂനപക്ഷ ജനസംഖ്യ കണ്ടെത്തുന്നത് വളരെ പ്രയാസമാണ്. ദാരിദ്ര്യം, എച്ച്ഐവി എയ്ഡ്സ്, പോഷകാഹാരക്കുറവ് തുടങ്ങിയവ കാരണം അവരില്‍ ഭൂരിഭാഗവും ആത്മഹത്യ ചെയ്യുന്നു അല്ലെങ്കില്‍ 50-ന് ശേഷം അതിജീവിക്കുന്നില്ല എന്നതാണ് ഇതിന് കാരണം. അതിനാല്‍ തന്നെ, ഈ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ കമ്മ്യൂണിറ്റിയുടെ ഭൂരിഭാഗത്തിനും ലഭ്യമാകില്ല. പദ്ധതി ആസുത്രണത്തില്‍ ട്രാന്‍സ്ജന്‍ഡര്‍ കമ്മ്യൂണിറ്റിയുടെ പ്രതീക്ഷിത ജീവിതദൈര്‍ഘ്യം കൂടി കണക്കിലെടുത്തു മാറ്റങ്ങള്‍ കൊണ്ടുവന്നാല്‍ അഭികാമ്യം ആയിരിക്കും.
അന്താരാഷ്ട്ര വാര്‍ത്താദിനപത്രങ്ങള്‍ പോലും കേരളസര്‍ക്കാരിന് അഭിനന്ദനവര്‍ഷം പൊഴിച്ച ഒരു പദ്ധതിയായിരുന്നു കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ ഭാഗമായുള്ള ട്രാന്‍സ്ജന്‍ഡര്‍ നിയമനം. ഈ പദ്ധതിക്കെതിരെ ട്രാന്‍സ് കമ്മ്യൂണിറ്റിയില്‍ നിന്ന് തന്നെ വിവിധ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. ഈ പദ്ധതി ‘ശുദ്ധമായ പബ്ലിസിറ്റിയുടെ’ ഭാഗമായിരുന്നുവെന്നും ഈ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളെ കുടുംബശ്രീയാണ് ഔട്സോഴ്സ് ചെയ്തതെന്നും ഇത് ഒരു കരാര്‍ ജോലിയായിരുന്നുവെന്നും, അവര്‍ക്ക് കുറഞ്ഞ ശമ്പളവും പൂജ്യം ആനുകൂല്യങ്ങളും കൂടാതെ എപ്പോള്‍ വേണമെങ്കിലും പിരിച്ചുവിടാം എന്ന കരാറിലാണെന്നും പിന്നീട് തെളിയുകയുണ്ടായി. അതോടൊപ്പം, ഈ ലിംഗ ന്യൂനപക്ഷ സമുദായത്തിന് മാന്യമായ ജീവിതനിലവാരം ഉറപ്പാക്കാന്‍ കെ.എം.ആര്‍.എല്ലിനു സാധിച്ചോ എന്നും പരിശോധിക്കേണ്ടതാണ്. 8000-12000 വരെയുള്ള ശമ്പളം, കൊച്ചി പോലുള്ള ഒരു മെട്രോപൊളിറ്റന്‍ നഗരത്തില്‍ ജീവിക്കുന്നതിനു തികച്ചും അപര്യാപ്തമാണ്. ജീവിതച്ചെലവ് സൂചിക (ഫെബ്രുവരി 2018 വിലകള്‍) പ്രകാരം വാടകയില്ലാതെ കൊച്ചിയിലെ ഒരു വ്യക്തിയുടെ ജീവിതച്ചെലവ് 17,989.49 രൂപയാണ്. വാടകയില്ലാതെ ഒരാള്‍ക്ക് കൊച്ചിയില്‍ താമസിക്കാന്‍ 17,989 രൂപ വേണമെങ്കില്‍, എങ്ങനെ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ ജോലിയില്‍ തുടരുമെന്ന് നമുക്ക് പ്രതീക്ഷിക്കാനാവും? ഈ സുപ്രധാന ചോദ്യം നയരൂപകര്‍ത്താക്കള്‍ തീര്‍ച്ചയായും അഭിസംബോധന ചെയ്യേണ്ടതുണ്ട്.

സാമ്പത്തിക അസമത്വം
Source: Kerala Transgender Survey (2014-15)
2014 15 ലെ കേരള ട്രാന്‍സ്ജന്‍ഡര്‍ സര്‍വേയും 2017 ലെ എന്‍റെ പഠനവും ചൂണ്ടിക്കാണിക്കുന്നത് ബിപിഎല്‍ വിഭാഗത്തിലുള്ള കമ്മ്യൂണിറ്റി അംഗങ്ങള്‍ ആണ് കേരളത്തില്‍ കൂടുതല്‍ എന്നാണ്. ജിനി ഗുണകം (GINI COEFFICIENT) പ്രകാരം ഇന്ത്യയില്‍ സാമ്പത്തിക അസമത്വം ( 47.9) വളരെ കൂടുതലാണ്. എങ്കില്‍ സ്ത്രീ -പുരുഷ ലിംഗ വിഭാഗങ്ങളെക്കാള്‍ മൂന്നിരട്ടി വിവേചനം അനുഭവിക്കുന്ന ട്രാന്‍സ്ജന്‍ഡര്‍ കമ്മ്യൂണിറ്റി എന്ന ഈ ലിംഗ ന്യൂനപക്ഷത്തിന്‍റെ സാമ്പത്തിക അസമത്വം എത്രെയോ അധികമായിരിക്കും. സമൂഹത്തില്‍ ഉന്നത സ്ഥാനത്തേക്കുയരുന്ന കമ്മ്യൂണിറ്റി അംഗങ്ങള്‍ നിലവില്‍ ഉണ്ടെങ്കിലും ഒരു വലിയ വിഭാഗവും സാമ്പത്തികമായും വളരെ പിന്നാക്കമാണ്.
സാമ്പത്തിക സ്വാതന്ത്ര്യം കൈവരിക്കുക എന്നതാണ് ട്രാന്‍സ്ജെന്‍ഡര്‍ കമ്മ്യൂണിറ്റിയുടെ ഏറ്റവും പ്രധാന വെല്ലുവിളി. അതിനായി വിദ്യാഭാസം, തൊഴില്‍ എന്നിവ ആവശ്യമാണ്. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്‍റെ കാര്യത്തിലെന്നപോലെ, ട്രാന്‍സ്ജെന്‍ഡര്‍ കമ്മ്യൂണിറ്റിക്കു തൊഴിലവസരങ്ങള്‍ നല്കുന്നതിലൂടെ അവരില്‍ ഭിക്ഷാടകരുടെയും ലൈംഗികത്തൊഴിലാളികളുടെയും എണ്ണം കുറയ്ക്കുന്നതിനു കഴിയും. മറ്റു ജീവിതമാര്‍ഗങ്ങളില്ലാത്തതിനാലാണ് അവരില്‍ പലരും ലൈംഗികവേലയോ ഭിക്ഷാടനമോ ഏറ്റെടുക്കാന്‍ നിര്‍ബന്ധിതരാകുന്നത്. മറിച്ചു, ഈ തൊഴിലില്‍ അവര്‍ സംതൃപ്തരായതിനാല്‍ അല്ല.
വിദ്യാഭ്യാസത്തിന്‍റെ കാര്യം എടുത്താലോ? വിദ്യാലയങ്ങളില്‍ നിന്ന് പുറത്താവുന്ന ട്രാന്‍സ്ജന്‍ഡര്‍ വ്യക്തികളുടെ ശതമാനം വളരെ കൂടുതലും ഉന്നതവിദ്യാഭ്യാസം കൈവരിച്ചവരുടെ ശതമാനം വളരെ കുറവുമാണ്. കേരള ട്രാന്‍സ്ജന്‍ഡര്‍ സര്‍വേ പ്രകാരം 58 % ട്രാന്‍സ്ജന്‍ഡര്‍ വ്യക്തികളും 10-ാം തരം പൂര്‍ത്തിയാകുന്നതിനു മുന്‍പേ തന്നെ പഠനം നിര്‍ത്തേണ്ടി വന്നവരാണ്. വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, അധികാരികള്‍ തുടങ്ങിയവരില്‍ നിന്നും കയ്പേറിയ അനുഭവങ്ങള്‍ നേരിടേണ്ടിവന്നുവെന്ന് അവരില്‍ ഭൂരിഭാഗവും സമ്മതിക്കുന്നു. ഇത് അവരെ വളരെ പ്രതികൂലമായി ബാധിക്കുകയും പഠനം തുടരുന്നത് ബുദ്ധിമുട്ടിലാക്കുകയും ചെയ്തു. ഏതൊരു പരിവര്‍ത്തനത്തിനും ശക്തമായ ആയുധമാണ് വിദ്യാഭ്യാസം. മാന്യമായ ജീവിതനിലവാരം പുലര്‍ത്തുന്നതിന്, ഒരു ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ഥിക്കുപോലും പഠനം നിര്‍ത്തേണ്ടി വരില്ലെന്ന് സ്കൂള്‍ അധികൃതര്‍ ഉറപ്പാക്കേണ്ടതുണ്ട്. അതിനാല്‍ അവരുടെ സ്കൂള്‍ വിദ്യാഭ്യാസം തുടരുന്നതിന് അനുകൂലമായ അന്തരീക്ഷം ലഭ്യമാക്കണം.
ട്രാന്‍സ്ജന്‍ഡര്‍ വ്യക്തികള്‍ക്കായി ഷെല്‍ട്ടര്‍ ഹോമുകള്‍ എന്ന ആശയം പല ചര്‍ച്ചകളിലും മുഴങ്ങികേട്ടിട്ടുണ്ടെങ്കിലും ഭാഗികമായേ അതിനെ അനുകൂലിക്കാന്‍ സാധിക്കുകയുള്ളു. ഷെല്‍ട്ടര്‍ ഹോമുകള്‍ താത്കാലിക ആശ്വാസം പ്രദാനം ചെയ്യുമെങ്കിലും എന്തുകൊണ്ട് “വീട് -നമ്മുടെ കരുതല്‍” പദ്ധതി മുന്നോട്ടുവെച്ചുകൂടാ? ലക്ഷംവീട് കോളനി മോഡലില്‍ ഒരു പദ്ധതി നടപ്പിലാക്കുകയാണെങ്കില്‍ വീട് എന്ന സ്വപ്നത്തോടോപ്പം കരുതലിന്‍റെ സംരക്ഷണബോധവും അവര്‍ക്കു ലഭിക്കും.
സര്‍ക്കാര്‍ വിഭാവനം ചെയ്ത നിരവധി ക്ഷേമ നയങ്ങള്‍ ഉണ്ടെങ്കിലും, അവ നടപ്പിലാക്കുന്നതില്‍ പൂര്‍ണവിജയം കൈവരിച്ചുവോ എന്നത് ചര്‍ച്ചചെയ്യേണ്ട ഒന്നാണ്. ക്ഷേമപദ്ധതികള്‍ ഒരു ന്യൂനപക്ഷ സമൂഹത്തിന്‍റെ വിമോചനത്തിന് നിര്‍ണ്ണായകമാണെന്നത് ശരിയാണ്, കേരള സര്‍ക്കാരും സജീവമായ ട്രാന്‍സ്ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡും കേരളത്തിലെ ശക്തരും ധീരരുമായ ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിന്‍റെ സഹകരണവും പ്രശംസനീയമാണ്. ക്ഷേമപദ്ധതികളുടെ പ്രഖ്യാപനം യാഥാര്‍ത്ഥ്യത്തിലേക്ക് മാറിയാല്‍ മാത്രമേ പ്രകടമായ മാറ്റങ്ങള്‍ സംഭവിക്കൂ. നയനിര്‍മ്മാതാക്കള്‍ വസ്തുതകള്‍ പരിഗണിക്കണം. ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിന് യഥാര്‍ത്ഥത്തില്‍ ആവശ്യമായ, ഉചിതമായ നയങ്ങള്‍ കൊണ്ടുവരുക. അതിനാല്‍ പോളിസികളുടെ രൂപീകരണം അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. ഒരു പദ്ധതി, അത് ശരിയായ കരങ്ങളില്‍ കാലതാമസം കൂടാതെ എത്തുമ്പോഴാണ് പദ്ധതിയുടെ ഫലപ്രാപ്തി നിര്‍ണയിക്കാന്‍ സാധിക്കുക, അങ്ങനെയുള്ള പദ്ധതികളാണ് ഒരു കമ്മ്യൂണിറ്റിയുടെ വികസനത്തിന്‍റെ ദൈര്‍ഘ്യം തീരുമാനിക്കുന്നത് .
സമൂഹത്തിന്‍റെ ഔദാര്യം അവര്‍ക്കാവശ്യമില്ല, മറിച്ചു ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14 സമത്വാവകാശപ്രകാരം ഇത് ട്രാന്‍സ്ജന്‍ഡര്‍ കമ്മ്യൂണിറ്റിയുടെ അവകാശമാണ്. 1800-കളില്‍ ആരംഭിച്ച ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്‍റെ ലക്ഷ്യങ്ങള്‍ ഇന്നും ഇന്ത്യന്‍ മഹാരാജ്യം കൈവരിച്ചിട്ടില്ല. നൂറ്റാണ്ടുകള്‍ക്കുശേഷം ഇന്നും സ്ത്രീ-പുരുഷ തുല്യതയ്ക്കായി മുറവിളി കൂട്ടുന്ന ഈ സമൂഹത്തില്‍ ട്രാന്‍സ്ജന്‍ഡര്‍ കമ്മ്യൂണിറ്റിയുടെ പോരാട്ടങ്ങള്‍ക്കും കാലതാമസം നേരിടുമെന്നതില്‍ സംശയമില്ല. സാമൂഹിക അവഗണനകള്‍ കുറക്കുന്നതിനും മെച്ചപ്പെട്ട ആരോഗ്യസേവനങ്ങള്‍ കമ്മ്യൂണിറ്റിയിലേക്കു എത്തിക്കേണ്ടതും ആവശ്യമാണ്. അവഗണനകള്‍ തുടക്കം കുറിക്കുന്ന വീടുകളില്‍, ഇനിയെങ്കിലും ജനാധ്യപത്യം ഉറപ്പുവരുത്തുക. ഇനിയും ട്രാന്‍സ്ജന്‍ഡര്‍ മരണങ്ങള്‍ സംഭവിക്കാതിരിക്കട്ടെ. സാമൂഹിക കൊലപാതകങ്ങള്‍ക്ക് കേരളം സാക്ഷിയാവാതിരിക്കട്ടെ. ലിംഗസമത്വം സാക്ഷാത്കരിക്കാം. ആ ഒരു നാളേക്കായി സ്വപ്നം കാണാം.

മേഘ കുര്യന്‍
അധ്യാപിക , ബെംഗളൂരു

COMMENTS

COMMENT WITH EMAIL: 0