ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലി 1979-ല്‍ സ്വീകരിച്ച സ്ത്രീകള്‍ക്കെതിരെ എല്ലാവിധത്തിലുള്ള വിവേചനങ്ങളും അവസാനിപ്പിയ്ക്കാനുള്ള ഉടമ്പടി (സിഡോ) -(CEDAW) അംഗീകരിച്ച് എല്ലാരാജ്യങ്ങളും പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എതിരായുള്ള എല്ലാവിധ വിവേചനങ്ങളും അവസാനിപ്പിക്കുവാനും അവര്‍ക്ക് മൗലിക- മനുഷ്യാവകാശ-തത്വങ്ങളും, തുല്ല്യതയും ഉറപ്പാക്കുന്നതിനും പ്രതിജ്ഞാബദ്ധരാണ്.
ഈ ഉടമ്പടിപ്രകാരം രാജ്യത്ത് നിലവിലുള്ള സ്ത്രീകള്‍ക്കെതിരെ വിവേചനത്തിനിടയാക്കുന്ന നിയമങ്ങള്‍, നിബന്ധനകള്‍, ആചാരങ്ങള്‍, പ്രയോഗങ്ങള്‍ എന്നിവ നിരോധിക്കുകയോ, പരിഷ്ക്കരിക്കുകയോ ചെയ്യണം. കൂടാതെ, പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായുള്ള അതിക്രമങ്ങള്‍ ഇല്ലാതാക്കുന്നതിനായി ഗാര്‍ഹികപീഡനവും, ലൈംഗിക വ്യാപാരവും തടയുകയും ബലാല്‍സംഗവും, ലൈംഗിക അതിക്രമങ്ങളും കുറ്റമായി കരുതുകയും ചെയ്യണം. തെരഞ്ഞെടുപ്പുകളിലും പൊതുജനഹിതപരിശോധനകളിലും മത്സരിക്കാനും വോട്ടുചെയ്യുന്നതിനും സര്‍ക്കാര്‍തലത്തില്‍ ഔദ്യോഗികപദവി വഹിക്കുന്നതിനും അവസരം നല്‍കി സ്ത്രീകളുടെ രാഷ്ട്രീയപങ്കാളിത്തം ഉറപ്പാക്കണം.
ശൈശവവിവാഹവും നിര്‍ബന്ധിതവിവാഹവും നിര്‍ത്തലാക്കുക. ലിംഗ പദവി വിവേചനമില്ലാതെ ഇഷ്ടമുള്ള ജോലിയോ തൊഴിലോ വ്യവസായമോ തെരഞ്ഞടുക്കാനുള്ള അവകാശം ഉറപ്പാക്കുക എന്നിവ നിര്‍ബന്ധമായും അംഗരാജ്യങ്ങള്‍ പാലിക്കേണ്ടതാണ്.
അന്താരാഷ്ട്ര ഉടമ്പടികളും, ദേശീയതലത്തില്‍ സ്ത്രീകള്‍ക്കെതിരായുള്ള അതിക്രമങ്ങളും വിവേചനങ്ങളും അവസാനിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും, സ്ത്രീകളുടെ മനുഷ്യാവകാശങ്ങല്‍ അംഗീകരിക്കുകയും ചെയ്തിട്ടും, ആഗോളതലത്തില്‍ പൊതു-സ്വകാര്യഇടങ്ങളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ നിലനില്‍ക്കുകയാണ്.
തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ സാധാരണ നേരിടുന്ന വിവേചനങ്ങളുടെ ഒരു രൂപം ലൈംഗികപീഡനമാണ്. ലൈംഗിക സ്വഭാവമുള്ള അനാവശ്യവും അസ്വീകാര്യവുമായ പെരുമാറ്റത്തെയാണ് അത് സൂചിപ്പിക്കുന്നത്. തൊഴിലിടങ്ങളില്‍ നടക്കുന്ന ലൈംഗിക പീഡനം വിവേചനത്തിന്‍റെ ഒരു ഭാഗമാകുന്നത്. ഒരു വ്യക്തിയുടെ ലിംഗത്തെ അടിസ്ഥാനമാക്കിയതുകൊണ്ടും എല്ലായിടവും നിലനില്‍ക്കുന്ന സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ വിപൂലീകരണമാണെന്നും തിരിച്ചറിയേണ്ടതാണ്. ലൈംഗിക പീഡനം പ്രത്യക്ഷമാകണമെന്നില്ല. പക്ഷേ രാജ്യത്താകമാനമുള്ള സര്‍ക്കാര്‍, സര്‍ക്കാരേതര സംഘടനകളില്‍ അത് നിലനില്‍ക്കുന്നുണ്ടെന്ന് വ്യക്തമാണ്. മാത്രമല്ല അത് തിരിച്ചറിഞ്ഞ് നടപടികള്‍ സ്വീകരിക്കേണ്ടതുമാണ്. ലൈംഗികാതിക്രമം എന്നത് ലിംഗപദവി അടിസ്ഥാനമാക്കിയുള്ള അതിക്രമത്തിന്‍റെ ഒരു രൂപവും മൗലികഅവകാശങ്ങളുടെ ലംഘനവുമാകുന്നു. സ്ത്രീപുരുഷന്‍ അടങ്ങുന്ന എല്ലാ തൊഴിലാളികളെയും പീഡനത്തില്‍ നിന്നും അതിക്രമങ്ങളില്‍ നിന്നും അന്തരാഷ്ട്ര ഉടമ്പടികള്‍ വാഗ്ദാനം ചെയ്യുന്ന അവകാശങ്ങളാല്‍ സംരക്ഷിക്കേണ്ടതാണ്. സ്ത്രീയും പുരുഷനും അവരുടെ ദിവസത്തിന്‍റെ കൂടുതല്‍ സമയവും ചിലവഴിക്കുന്ന പ്രവര്‍ത്തന മേഖല എന്ന നിലയില്‍ തൊഴിലിടം സംരക്ഷിതവും സുരക്ഷിതവും അവരുടെ ജോലിയും ഉത്തരവാദിത്വവും നിറവേറ്റാന്‍ സഹായകരമാകുന്ന അന്തരീക്ഷത്തിലായിരിക്കണം എന്നത് വളരെ പ്രാധാന്യമുള്ളതാണ്. തിരിച്ചറിയപ്പെടേണ്ട മറ്റൊരു പ്രധാന കാര്യം തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമങ്ങളുടെ പരിണിതഫലമായി ഇരകള്‍ക്ക്, വളരെക്കാലം നീണ്ടുനില്‍ക്കുന്ന പ്രതികൂലവും അസുഖകരവുമായ മാനസിക ശാരീരിക ബുദ്ധിമുട്ടുകളും തൊഴില്‍ നഷ്ടവും ഉണ്ടാകുന്നു. ഇത് രാജ്യത്തിന്‍റെ ഉല്‍പാദനക്ഷമതയെ തന്നെ ബാധിക്കുന്നു.
വിശാഖ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍
ഇന്ത്യയില്‍ തൊഴില്‍ സ്ഥലത്തെ ലൈംഗികാതിക്രമങ്ങള്‍ രാജ്യം നേരിടുന്ന വലിയ പ്രശ്നമായി തിരിച്ചറിഞ്ഞതും, നിയമത്തിന്‍റെ കീഴ്വഴക്കമായതും വിശാഖ കേസിലൂടെയാണ് (വിശാഖ വി. രാജസ്ഥാന്‍ സംസ്ഥാനം 1997) ദളിതയും സാമൂഹ്യ പ്രവര്‍ത്തകയുമായ ബന്‍വാരിദേവി രാജസ്ഥാന്‍ സര്‍ക്കാരിന്‍റെ ശൈശവ വിവാഹ നിരേധനത്തിനു വേണ്ടി പ്രവര്‍ത്തിച്ചതിനാല്‍ ഉയര്‍ന്ന സമുദായക്കാരായ പുരുഷന്മാരാല്‍ കൂട്ട ബലാത്സംഗം ചെയ്യപ്പെട്ടു.. ഇതിനെതിരെ കോടതിയില്‍ എത്തിയ ബന്‍വാരിദേവിക്ക് ഉയര്‍ന്ന സമൂദായക്കാരായ പുരുഷന്മാര്‍ താഴ്ന്ന ജാതിക്കാരിയെ ബലാത്സംഗം ചെയ്യില്ലڈ എന്ന വിധിയാണ് ലഭിച്ചത്. കോടതി വിധിക്കെതിരായി വിശാഖ എന്ന സ്ത്രീസംഘടന മറ്റുനാലു സംഘടനകള്‍ക്കൊപ്പം ഇന്ത്യന്‍ സുപ്രീം കോടതിയില്‍ റിട്ട് പെറ്റീഷന്‍ സമര്‍പ്പിച്ചു. അപ്പോഴാണ് ഇന്ത്യയില്‍ തൊഴില്‍സ്ഥലത്തെ ലൈംഗികാതിക്രമങ്ങള്‍ നേരിടാന്‍ തദ്ദേശ നിയമം ഇല്ലെന്നും അതിനാല്‍ അന്തര്‍ ദേശീയ ഉടമ്പടിയായ സിഡോയില്‍ നിന്നും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളുകയും, പുതിയ നിയമം ഉണ്ടാകുന്നതുവരെ അതു നിയമമായി പരിഗണിക്കണം എന്നുമുള്ള വിധിയാണ് ഉണ്ടായത്. അതിന്‍റെ അടിസ്ഥാനത്തിലാണ് ചരിത്രപരമായ വിശാഖ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ രൂപം കൊള്ളുന്നത്. തൊഴില്‍ സ്ഥലത്തെ ഓരോ ലൈംഗികപീഡന സംഭവങ്ങള്‍ മൗലികാവകാശങ്ങളായ ലൈംഗിക തുല്യത മാത്രമല്ല, സ്ത്രീകള്‍ക്ക് ഏതു ഉദ്യോഗവും, തൊഴിലും, വ്യാപാരവും അല്ലെങ്കില്‍ വ്യവസായവും നടത്തുവാനുള്ള സ്വാതന്ത്യത്തേയും നിഷേധിക്കുന്നു എന്ന് ഈ കേസിലൂടെ തിരിച്ചറിഞ്ഞു.
തൊഴില്‍ സ്ഥലത്തെ ലൈംഗിക പീഡനനിര്‍വചനം ഉള്‍ക്കൊള്ളുന്നതോടൊപ്പം ഇത്തരം പ്രവ്യത്തികള്‍ അപമാനകരം മാത്രമല്ല, ആരോഗ്യത്തിനും സുരക്ഷിതത്വത്തിനും ഭീഷണിയാണെന്നും അതുകൊണ്ടുതന്നെ ലൈംഗിക പീഡന നിവാരണമാര്‍ഗങ്ങള്‍ക്ക് ഊന്നല്‍ നല്‍കണമെന്നും ഈ നിയമം വ്യവസ്ഥ ചെയ്യുന്നു. തൊഴില്‍ സ്ഥലത്തെ ലൈംഗികാതിക്രമം തടയുന്നതിനും പരിഹരിക്കുന്നതിനാവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങളും നിയമവും ഉണ്ടായെങ്കിലും ബന്‍വാരിദേവി ഇപ്പോഴും സ്വന്തം കേസില്‍ നീതിക്കായി കോടതികള്‍ കയറുകയാണ്.
തൊഴില്‍ സ്ഥലത്തെ ലൈംഗിക പീഡനം (തടയല്‍, നിരോധനം, പരിഹാരം) നിയമം 2013 തൊഴിലിടങ്ങളിലെ ലൈംഗിക പീഡനങ്ങളില്‍നിന്നും സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുകയും, ലൈംഗികപീഡനമായി ബന്ധപ്പെട്ടതും അതിലേക്കു വന്നു ചേരുന്നതുമായ എല്ലാം കാര്യങ്ങളും നിരോധിക്കുകയും പരാതികള്‍ക്ക് പരിഹാരമുണ്ടാക്കുകയും ചെയ്യുന്നു.
യഥാര്‍ത്ഥത്തില്‍ തൊഴിലിടങ്ങളിലെ ലൈംഗിക പീഡനം ഇന്ത്യന്‍ ഭരണഘടനയുടെ അനുചേദം 14,15 എന്നിവ വിഭാവനം ചെയ്യുന്ന മൗലികാവകാശങ്ങളായ നിയമത്തിനു മുന്നില്‍ തുല്ല്യത , ലിംഗപരമായ വിവേചനമില്ലായ്മ എന്നിവയും, അനുഛേദം 21 പ്രകാരം അന്തസ്സോടെ ജിവിക്കാനുള്ള അവകാശവും, ലൈംഗികാതികക്രമങ്ങളില്ലാതെ സുരക്ഷിതമായ അന്തരീക്ഷത്തില്‍ ഏത് തൊഴിലും വ്യവസായവും ചെയ്ത് ജീവിക്കാനുള്ള സ്ത്രീകളുടെ സ്വതന്ത്ര്യത്തെയും ലംഘിക്കുന്നു.
ഈ നിയമത്തിലെ പ്രധാന നിര്‍വചനങ്ങള്‍
1, പരാതിക്കാരിയായ സ്ത്രീ എന്നാല്‍ എതിര്‍ കക്ഷിയുടെ ലൈംഗികപീഡനത്തിനു ഇരയായിട്ടുള്ള, തൊഴില്‍ സ്ഥലവുമായി ബന്ധപ്പെട്ട, തൊഴിലുള്ളതോ അല്ലാത്തതോ ആയ ഏത് പ്രായത്തിലുള്ള സ്ത്രീയും; വാസസ്ഥലമോ വീടോ ആണെങ്കില്‍ അവിടെ ജോലി ചെയ്യുന്ന ഏത് പ്രായത്തിലുള്ള സ്ത്രീയും; ഗാര്‍ഹിക തൊഴിലാളിയും ഉള്‍പ്പെടുന്നു.
2, തൊഴിലാളി എന്നാല്‍ സ്ഥിരമായോ താല്‍ക്കാലികമായോ പ്രത്യേകകാര്യത്തിനുവേണ്ടിയോ ദിവസവേതനത്തിനോ, നേരിട്ടോ, ഏജന്‍റ് മുഖേനയോ, പ്രധാനതൊഴിലുടമയുടെ അിറവോട് കൂടിയും അറിവില്ലാതെയും ഏത് ജോലിക്കും തൊഴിലിടത്തില്‍ നിയമിച്ചിട്ടുള്ള, കോണ്‍ട്രാക്റ്റര്‍ ഉള്‍പ്പെടെ വേതനത്തിനുവേണ്ടിയും അല്ലാതെയും സ്വന്തം ഇഷ്ടപ്രകാരവും അല്ലാതെയും തൊഴില്‍ വ്യവസ്ഥകള്‍ പ്രകടമായതും അല്ലാത്തതും, സഹപ്രവര്‍ത്തകന്‍, കരാര്‍ തൊഴിലാളി, പ്രോബേഷനര്‍, ട്രെയ്നി, അപ്രന്‍റീസ് ഉള്‍പ്പെടെ അതേ രീതിയില്‍ വരുന്ന ഏതൊരാളും ജീവനക്കാരന്‍ ആകുന്നു.
3, തൊഴിലിടം
1) ഏതു വകുപ്പും, സംഘടന, വ്യവസായം, വ്യവസായസംരംഭം, സ്ഥാപനം, കാര്യാലയം, സര്‍ക്കാരുകളോ തദ്ദേശഅധികാരികളോ നേരിട്ടോ അല്ലാതെയോ, മുഴുവനായോ, ഭാഗികമായോ സാമ്പത്തിക സഹായം നല്‍കുന്ന വ്യവസായസംരംഭത്തിന്‍റെ ബ്രാഞ്ചുകള്‍, യുണിറ്റുകള്‍ സര്‍ക്കാരിനുസ്വന്തമായതോ നിയന്ത്രണത്തിലുള്ളതോ ആയ കമ്പനികള്‍, കോര്‍പ്പറേഷനുകള്‍, കോ-ഓപ്പറേറ്റീവ് സൊസൈറ്റി.
2) സ്വകാര്യ മേഖലയിലുള്ള സംഘടന, സ്വകാര്യസംരംഭം, വ്യവസായസ്ഥാപനം, വ്യവസായസംരംഭം സ്ഥാപനം, സൊസൈറ്റി, ട്രസ്റ്റ, സര്‍ക്കാരേതര സംഘടനകള്‍.
3) ആശുപത്രികളും നേഴ്സിംഗ് ഹോമുകളും
4) ഏതു സ്പോര്‍ട്സ് സ്ഥാപനവും, സേറ്റഡിയം സ്പോര്‍ട്സ് കോംപ്ലക്സ്, മത്സരം ഗെയിംസ് എന്നിവ നടക്കുന്ന സ്ഥലം, താമസത്തിനോ, സ്പോര്‍ട്സിനോ അതുമായി ബന്ധപ്പെട്ട മറ്റു പ്രവര്‍ത്തികള്‍ക്കോ ഉപയോഗിക്കുന്ന സ്ഥലം.
5) തൊഴില്‍ സമയത്തും അല്ലാത്തപ്പോഴും തൊഴിലാളി സന്ദര്‍ശിക്കുന്ന ഏതു സ്ഥലവും തൊഴിലുടമ ഏര്‍പ്പെടുത്തിയിട്ടുള്ള വാഹനം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍.
6) വാസസ്ഥലവും വീടും.
ഈ തൊഴിലിടങ്ങളിലെ നിയന്ത്രണവും മേല്‍ നോട്ടവുമുള്ള ഏതൊരു വ്യക്തിയും തൊഴിലുടമയാണ്. ഈ ഇടങ്ങളിലൊക്കെ സ്വതന്ത്രവും സുരക്ഷിതവുമായ അന്തരീക്ഷം സ്ത്രീകള്‍ക്ക് ഒരുക്കുവാനുള്ള ബാധ്യത തൊഴിലുടമയില്‍ നി്ക്ഷിപ്തമാണ്.
4. അസംഘടിത മേഖല
തൊഴിലിടവുമായി ബന്ധപ്പെട്ട് വ്യക്തികളുടെ ഉടമസ്ഥതയിലുള്ള വ്യവസായ സംരംഭം, സ്വയം തൊഴിലിന്‍റെ ഭാഗമായി നിയമിതരായിട്ടുള്ള തൊഴിലാളികളും, ഉല്‍പാദനം, സാധനങ്ങളുടെ വിപണനം, മറ്റുതരത്തിലുള്ള സേവനങ്ങള്‍ നല്‍കുന്നവര്‍, 10 പേരില്‍ താഴെ തൊഴിലാളികളെ നിയമിച്ചിട്ടുള്ള സംരംഭങ്ങള്‍.
5. ലൈംഗിക പീഡനം
താഴെ പറയുന്നതില്‍ ഒന്നോ അതിലധികമോ അസ്വീകാര്യമായ പ്രവര്‍ത്തികളോ പെരുമാറ്റമോ (നേരിട്ടും അല്ലാതെയും)
1. ശാരിരീക സ്പര്‍ശനവും കൈയ്യേറ്റവും
2. ലൈംഗിക താത്പര്യങ്ങള്‍ക്ക് വേണ്ടി ആവശ്യപ്പെടുകയോ അഭ്യര്‍ത്ഥിക്കുകയോ ചെയ്യുക.
3. ലൈംഗിക ചുവയുള്ള പരാമര്‍ശം നടത്തുക.
4. അശ്ലീല ചിത്രങ്ങല്‍ കാണിക്കുക
e). അസ്വീകാര്യമായ ലൈംഗിക സ്വഭാവമുള്ള ശാരീരിക, വാചിക അവാചികമായ ഏത് തരം പെരുമാറ്റവും.
പരാതികമ്മറ്റികളുടെ രൂപികരണം ഈ നിയമത്തിന്‍റെ പ്രത്യേകതകളില്‍ ഒന്നാണ്.
തൊഴിലിടങ്ങളിലെ ലൈംഗിക പരാതികളുമായി ബന്ധപ്പെട്ട് അതാത് സ്ഥാപനങ്ങളിലെ ഇന്‍റേണല്‍ പരാതികമ്മറ്റികളിലോ (ICC/LCC) 10ല്‍ താഴെ തൊഴിലാളികള്‍ ഉള്ള സ്ഥാപനമാണെങ്കില്‍ ലോക്കല്‍ പരാതി കമ്മറ്റികളിലോ (LCC) പരാതി നല്‍കാം. ഈ കമ്മറ്റികള്‍ക്ക് സിവില്‍ കോടതിയുടെ അധികാരം ഉണ്ടായിരിക്കുന്നതാണ്. പീഡനത്തിനിരായ ഏത് സ്ത്രീക്കും(ICC/LCC) പരാതിയുടെ ഗൗരവം അനുസരിച്ച് അവസാന സംഭവത്തിനുശേഷം മൂന്ന് മാസത്തിനുള്ളില്‍ പരാതി എഴുതി നല്‍കാം.
ലൈംഗികാകര്‍ഷണമല്ല അധികാരവും ഭയപ്പെടുത്തലും ആണ് ലൈംഗികപീഡനത്തിനുകാരണം. അത് ലിംഗപദവി വാര്‍പ്പ് മാതൃകകളും തൊഴില്‍ സ്ഥലത്തെ അധികാരശ്രേണി ഘടനയും തിരിച്ചു കൊണ്ടുവരുന്നു. പീഡീപ്പിക്കുന്ന ആളിന്‍റെ ഉദ്ദേശത്തെയല്ല പീഡനത്തിനു ഇരയായ ഒരു വ്യക്തിയെ ഇത് എങ്ങനെ ബാധിക്കുന്നു എന്നതാണ് ലൈംഗിക പീഡനനിയമം നേരിടുന്നത്. ക്ഷമിക്കുന്നത് ഒരിക്കലും ഇത്തരം പെരുമാറ്റം സ്വാഗതാര്‍ഹമാണെന്ന് അത്ഥമാക്കുന്നില്ല. സ്ത്രീപുരുഷന്മാര്‍ തമ്മിലുള്ള സാധാരണ ജിവിതത്തിന് ഈ നിയമം തടസ്സമാകുന്നില്ല.
വിശാഖയില്‍ നിന്നും മീടു(ICC/LCC)ല്‍ എത്തുമ്പോള്‍ നിലനില്‍ക്കുന്ന നൈതികതയുടെ വീഴ്ചയില്‍ നിന്നാണ് മീടു ക്യാമ്പയിനുകള്‍ ഉയര്‍ന്നു വരുന്നത്. സൂപ്രീംകോടതി പുറപ്പെടുവിച്ച വിശാഖ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനുള്ള നിസംഗതമൂലം സ്ത്രീകള്‍ക്ക് സുരക്ഷിതമായ ഒരു തൊഴിലന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ ഭരണകൂടം പൂര്‍ണ്ണമായി വിജയിച്ചില്ല. മീ ടു ക്യാമ്പയിന്‍ സമൂഹത്തില്‍ ഉറഞ്ഞ് കിടന്ന ജീര്‍ണ്ണാവസ്ഥയെ തുറന്ന് കാണിക്കുന്ന പ്രകടിതരൂപമാണ്; പരിഹാരമല്ല. ഇന്ന് തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമങ്ങളെ നേരിടുന്നതിന് ഒരു നിയമമുണ്ട്. മീ ടൂ ക്യാമ്പയിന്‍ ആര്‍ജിച്ചെടുത്ത പുതിയ ശക്തിയും ഊര്‍ജ്ജവും നിലവിലുള്ള നിയമ സംവിധാനത്തെ പുതുക്കുന്നതിനും, ലിംഗനീതിയുടെ പുത്തന്‍ സങ്കല്‍പ്പങ്ങളെ സാമുഹ്യനിയമ സംവിധാനങ്ങളിലേക്ക് തുന്നിചേര്‍ക്കുന്നതിനും ഉതകേണ്ടതാണ്.
സമൂഹത്തില്‍ ശക്തമായി നിലനില്‍ക്കുന്ന ആണ്‍കോയ്മ സ്ഥാപനവല്‍ക്കരിക്കപ്പെട്ടതും, നീതിശാസ്ത്രങ്ങളാല്‍ നീതികരിക്കപ്പെട്ടതും, സാമൂഹ്യബോധത്തിന്‍റെ ആഴങ്ങളില്‍ അലിഞ്ഞു ചേര്‍ന്നിട്ടുള്ളതും ആണ്. ഇങ്ങനെ ജീര്‍ണ്ണിക്കപ്പെട്ട സമൂഹത്തിന്‍റെ ദുര്‍ലക്ഷണങ്ങളാണ് ബലാല്‍സംഗം, ഗാര്‍ഹികപീഡനം, ആസിഡ് അറ്റാക്ക്, തൊഴിലിടങ്ങളിലെ ലൈംഗികപീഡനം എന്നിവയായി പുറത്തുവരുന്നത്. ഇവയ്ക്കെതിരെ സ്ത്രീകള്‍ നടത്തുന്ന ശക്തമായ സമരങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ ഉയര്‍ന്ന് കേള്‍ക്കുന്ന മീ ടൂ ക്യാമ്പയിന്‍. അത് സ്ത്രീകളുടെ ഒരുമയുടെ ശക്തി തെളിയിക്കുന്നു.
ആണ്‍കോയ്മ ആണ്‍ അധികാരമാണ്. ആണ്‍ വര്‍ഗ്ഗത്തിന് അത് പക്ഷപാതപരമായ അവകാശം നല്‍കുന്നു. എന്നാല്‍ പുത്തന്‍ സാമ്പത്തിക വ്യവസ്ഥിതിക്ക് സ്ത്രീകളെ ഒഴിച്ച് നിര്‍ത്താനാവാതെ വന്നിരിക്കുന്നു. അവര്‍ ഇന്ന് വലിയ തൊഴില്‍ ശക്തിയാണ്. സ്ത്രീയുടെ കൈതാങ്ങ് ഇല്ലാതെ സാമ്പത്തിക വ്യവസ്ഥിതി നിലനിര്‍ത്താനാകില്ല. തൊഴിലിടങ്ങളില്‍ ലൈംഗിക അതിക്രമം നടത്തുന്ന പുരുഷനെ സമൂഹത്തില്‍ തുറന്ന് കാണിക്കുന്നതിനും അവരുടെ സ്വകാര്യവും ഔദ്യോഗികവുമായ ജീവിതത്തെ താളം തെറ്റിക്കുന്നതിനും മീ ടൂ ക്യാമ്പയിന് കഴിഞ്ഞിട്ടുണ്ട്. തൊഴില്‍ ശക്തിയായ സ്ത്രീകള്‍ തൊഴിലിടങ്ങളില്‍ പീഡനവിധേയമാകുന്നത് രാജ്യത്തിന്‍റെ ഉല്‍പാദനക്ഷമതയെയും സാമ്പത്തിക വ്യവസ്ഥിതിയെയും ബാധിക്കും എന്ന തിരിച്ചറിവുമുണ്ടായിട്ടുണ്ട്. പുരുഷ ഭാഷഅധികാരാമാണെങ്കില്‍, ഭയത്തിന്‍റെ ഭാഷയും അവര്‍ തിരിച്ചറിഞ്ഞു. ആ ഭയം സൃഷ്ടിക്കുവാന്‍ മീ ടൂ വിന് കഴിഞ്ഞു എന്നതാണ് പുതിയകാലത്തെ പുതിയ പെണ്‍തൊഴില്‍ നിയമ വിപ്ലവം.
വിഷയ സൂചിക :-
1) തൊഴില്‍ സ്ഥലത്തെ ലൈംഗിക പീഡനം (തടയല്‍, നിരോധനം, പരിഹാരം) നിയമം 2013, സംയുക്ത ട്രേഡ് യൂണിയന്‍ വനിതാസമിതി പ്രസിദ്ധീകരിച്ചത്-വിവര്‍ത്തനം -ലേഖിക.
2) സിഡോ, പ്രസാധകര്‍, പിഎല്‍ഡി, ന്യൂഡല്‍ഹി, അന്വേഷി വിമന്‍സ് കൗണ്‍സിലിംങ് സെന്‍റര്‍, കോഴിക്കോട്.
3) ദി ഹിന്ദു, മീറ്റു ഡിബേറ്റ്
(അഡ്വക്കേറ്റ്, കേരള ഹൈക്കോടതി)
COMMENTS