സമസ്ത മേഖലകളേയും അടിമുടി ഉലച്ച കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ നിന്നു കൊണ്ട് മാത്രമേ തൊഴിലുമായി ബന്ധപ്പെട്ട വിശകലനങ്ങളും നടത്താനാവുകയുള്ളൂ. കോവിഡിനു മുമ്പുള്ള കാലങ്ങളേക്കാള്‍ രൂക്ഷമായ അവസ്ഥയിലാണ് തൊഴില്‍ മേഖല മുമ്പോട്ടു പോകുന്നത്. അസംഘടിത തൊഴിലാളികള്‍ ഭൂരിപക്ഷമുള്ള ഇന്ത്യയിലെ തൊഴില്‍ മേഖലയില്‍ തൊഴില്‍ നിലനിര്‍ത്തുന്നതിനോ തൊഴിലാളികളെ സംരക്ഷിക്കുന്നതിനോ ഭരണകൂടങ്ങള്‍ യാതൊരു ജാഗ്രതയും പുലര്‍ത്താതിരിക്കുന്നത് നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. തങ്ങളുടെ അനുദിനാദ്ധ്വാനത്തിലൂടെ ഉപജീവനം കണ്ടെത്തുന്ന ജനവിഭാഗം തൊഴില്‍ പൂര്‍ണ്ണമായും നഷ്ടപ്പെട്ട അവസ്ഥയിലാണ് മുന്നോട്ട് പോയത്. ഒന്നാം തരംഗത്തിന്‍റെ ആഘാതത്തില്‍ നിന്ന് കരകയറുന്നതിനുള്ള ശ്രമങ്ങള്‍ക്കിടയിലാണ് കോവിഡ് രണ്ടാം തരംഗവും ഇപ്പോള്‍ മൂന്നാം തരംഗവും അതിരൂക്ഷമായി ആഞ്ഞടിച്ചത്. ഇത്തരം പ്രതിസന്ധിഘട്ടങ്ങളില്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിലാകുന്നവര്‍ അസംഘടിത തൊഴില്‍ മേഖലയിലെ തൊഴിലാളികളാണ് എന്ന് ഉറപ്പിച്ചു പറയുന്നതിന് കണക്കിന്‍റെ പിന്‍ബലം ഒന്നും ആവശ്യമില്ല. ഇന്ത്യയിലെ 6-7% വരുന്ന സംഘടിത തൊഴിലാളി വര്‍ഗ്ഗം എണ്ണത്തില്‍ ചുരുങ്ങി കൊണ്ടിരിക്കുമ്പോള്‍ അസംഘടിതരുടെ എണ്ണം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു. ലോകത്താകമാനം സംഭവിക്കുന്ന അതിസങ്കീര്‍ണ്ണമായ സാമ്പത്തിക മാറ്റങ്ങളും തൊഴിലിന്‍റെ രൂപഭേദങ്ങളും സൂക്ഷ്മ തലങ്ങളില്‍ വലിയ സ്വാധീനം ചെലുത്തി കൊണ്ടിരിക്കുന്നു. സംഘടിത മേഖലകളെ ശിഥിലീകരിച്ചു കൊണ്ടു വര്‍ദ്ധിക്കുന്ന അസംഘടിതവല്‍ക്കരണം നിലനില്‍ക്കുന്ന നിയമ, നയ, മറ്റ് പിന്തുണ സംവിധാനങ്ങളുടെയെല്ലാം അപര്യാപ്തത കൃത്യമായി ചൂണ്ടിക്കാട്ടുന്നുണ്ട്.
ഈ സാഹചര്യത്തില്‍ നിന്നു കൊണ്ട് വേണം സ്ത്രീ തൊഴിലാളികളുടെ ഇന്നത്തെ അവസ്ഥയെ കുറിച്ച് ചിന്തിക്കേണ്ടത്. ഇന്ത്യയിലെ സ്ത്രീ തൊഴില്‍ പങ്കാളിത്ത നിരക്ക് കഴിഞ്ഞ കുറേ വര്‍ഷങ്ങളിലായി കുറഞ്ഞു വരുന്ന കാഴ്ച്ചയാണ് നാം കാണുന്നത്. 2017-18 മുതല്‍ 19-20 വരെയുള്ള കാലഘട്ടങ്ങളില്‍ 18 – 20 ശതമാനമാനത്തിനിടക്കാണ് സ്ത്രീ തൊഴില്‍ പങ്കാളിത്ത നിരക്ക് (PLFS data).. നഗര മേഖലകളിലെ പങ്കാളിത്ത നിരക്കുകളില്‍ ക്രമാതീതമായ കുറവുകള്‍ കാണുന്നു. സാമ്പത്തിക വളര്‍ച്ചയിലെ പുരോഗതിയും കുറയുന്ന ഗര്‍ഭധാരണ നിരക്കുകള്‍ , പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ നിരക്കിലെ വര്‍ദ്ധനവുമൊക്കെ സംഭവിക്കുമ്പോഴുംڔ ഗ്രാമീണ/നഗരമേഖലകളിലും തൊഴില്‍ പങ്കാളിത്ത നിരക്ക് വര്‍ദ്ധിക്കുന്നില്ല. ഗ്രാമ പ്രദേശങ്ങളില്‍ തൊഴില്‍ എടുക്കുന്ന സ്ത്രീകളില്‍ 40 ശതമാനത്തിലേറെ പേര്‍ വീടു കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സംരംഭങ്ങളില്‍ കൂലിയില്ലാതെയോ തുച്ഛമായോ കൂലിക്കോ ആണ് പണിയെടുക്കുന്നത്. 30 ശതമാനത്തോളം സ്ത്രീകള്‍ മറ്റ് സ്വകാര്യ മേഖലകളില്‍ ലഭ്യമായിട്ടുള്ള പണികളാണെടുക്കുന്നത്. സര്‍ക്കാര്‍ പദ്ധതിയായ മഹാത്മാ ഗാന്ധി തൊഴിലുറപ്പു പദ്ധതി പോലെയുള്ള പൊതു തൊഴില്‍ പരിപാടികളില്‍ ഏര്‍പ്പെടുന്നവര്‍ 3 – 4 ശതമാനം മാത്രമേ ഉള്ളൂ. ബാക്കിയെല്ലാവരും തികച്ചും അസംഘടിതമായ തൊഴിലുകളില്‍ ആണ് ഏര്‍പ്പെടുന്നത്. നഗര പ്രദേശങ്ങളിലാവട്ടെ തൊഴിലെടുക്കുന്ന സ്ത്രീകളില്‍ പകുതിയിലേറെപ്പേര്‍ സ്ഥിരമായ വേതനമുള്ള തൊഴിലുകളില്‍ ആണ് ഏര്‍പ്പെടുന്നത്. വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹ്യ പ്രവര്‍ത്തന, ഗാര്‍ഹിക തൊഴില്‍ മേഖലകളില്‍ നഗര / ഗ്രാമ പ്രദേശങ്ങളില്‍ കൂടുതല്‍ സ്ത്രീകള്‍ പങ്കാളികളാവുന്നുണ്ട്. എന്നാല്‍ സ്ഥിര വേതനമുള്ള തൊഴിലുകളില്‍ 80 ശതമാനവും പുരുഷന്മാരാണ് പണിയെടുക്കുന്നത്. സ്ത്രീകള്‍ പ്രവേശിക്കുന്ന തൊഴില്‍ മേഖലകള്‍ കൂടുതലും അസംഘടിതവും യാതൊരു തരത്തിലുള്ള തൊഴില്‍ സുരക്ഷയോ സാമൂഹ്യ സുരക്ഷയോ ഇല്ലാത്തവയുമാണ്.
കേരളത്തിലെ സ്ത്രീ തൊഴില്‍ പങ്കാളിത്തം
ദേശീയ ശരാശരിയേക്കാളും കുറഞ്ഞ സ്ത്രീ തൊഴില്‍ പങ്കാളിത്ത നിരക്കായിരുന്നുڔ കേരളത്തിന്‍റേത്. എന്നാല്‍ 2018-19 കാലഘട്ടത്തില്‍ നേരിയ തോതില്‍ തൊഴില്‍ പങ്കാളിത്തം വര്‍ദ്ധിക്കുന്നതായി കാണുന്നു. 2018 ലെ പീരിയോഡിക്ക് ലേബര്‍ ഫോഴ്സ് സര്‍വ്വേ പ്രകാരം 127 ലക്ഷം തൊഴിലാളികളുള്ള കേരളത്തില്‍ സ്ത്രീ തൊഴിലാളികള്‍ 33.4 ലക്ഷം ആണ് (PLFS 2018-19). 20.4 ശതമാനം മാത്രമാണ് സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്ത നിരക്ക്. സാക്ഷരതയിലും വിദ്യാഭ്യാസത്തിലും രാഷ്ട്രീയ പ്രബുദ്ധതയിലും മുന്നില്‍ നില്‍ക്കുന്ന കേരളത്തില്‍ കുറയുന്ന സ്ത്രീ പങ്കാളിത്ത നിരക്ക് വിരല്‍ ചൂണ്ടുന്നത് എന്തിലേക്കാണ്? അഭ്യസ്തവിദ്യരായ സ്ത്രീകള്‍ ഏറ്റവും കൂടുതലുള്ള നാട്ടില്‍ തൊഴില്‍ വിപണിയില്‍ അവരുടെ ദൃശ്യതയില്ലായ്മയുടെ കാരണം വളരെ ഗൗരവത്തോടെ അന്വേഷിക്കേണ്ട വിഷയമാണ്. വിദ്യാഭ്യാസം ചില പ്രത്യേക തൊഴിലുകള്‍ (വെള്ള/ പിങ്ക് കോളര്‍)തെരഞ്ഞെടുക്കാന്‍ സ്ത്രീകളെ പ്രേരിപ്പിക്കുന്നത് കുറഞ്ഞ തൊഴില്‍ പങ്കാളിത്ത നിരക്കിനും വേതന വിടവിനും കാരണമാകുന്നുണ്ടോ?
കുടുംബത്തിലെ ഉത്തരവാദിത്തങ്ങള്‍ ആണ് സ്ത്രീകളെ തൊഴിലില്‍ നിന്ന് അകറ്റി നിര്‍ത്തുന്നതില്‍ ഏറ്റവും പ്രധാന കാരണം എന്നാണ് പൊതുവേയുള്ള ധാരണ. പ്രത്യേകിച്ചും വിവാഹാനന്തര ചുറ്റുപാടുകളും പ്രത്യുല്പാദന ചുമതലകളും സ്ത്രീകളുടെ ചലനാത്മകതയെ നിര്‍ണ്ണയിക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. വീട്ടിനുള്ളില്‍ ഇരുന്നു കൊണ്ട് ചെയ്യാനാവുന്നതും വീടിന് ചുറ്റുപാടും ലഭ്യമായിട്ടുള്ളതുമായ തൊഴിലുകള്‍ക്ക് മുന്‍ഗണന നല്‍കാന്‍ താല്പര്യമുള്ള ഒട്ടേറെ സ്ത്രീകളുണ്ട്. വീട്ടിലെ ആവശ്യങ്ങള്‍ എല്ലാം നിര്‍വ്വഹിച്ച ശേഷം കുട്ടികളെ സ്കൂളില്‍ അയച്ച് അവര്‍ തിരിച്ചു വരുന്ന സമയത്തിനുള്ളില്‍ മാത്രം തൊഴിലെടുക്കുവാന്‍ അവസരമുള്ളവരാണിവര്‍. എന്നാല്‍ കുടുംബം നിലനിര്‍ത്തുന്നതിനായി സമയ ക്രമങ്ങള്‍ ഒന്നും ഗൗനിക്കാതെ ഏതു തരത്തിലുള്ള തൊഴിലുകള്‍ ഏറ്റെടുക്കാനും തയ്യാറായുള്ള ഒട്ടനവധി സ്ത്രീകളുമുണ്ട്. വ്യത്യസ്തമായ ഈ സാഹചര്യങ്ങളെ അതിന്‍റെ സ്വാഭാവികതയില്‍ മനസ്സിലാക്കിയാല്‍ മാത്രമേ സ്ത്രീ തൊഴില്‍ പങ്കാളിത്തത്തിന്‍റെ ചിത്രം നമുക്ക് ലഭ്യമാവുകയുള്ളു.
ഇതോടൊപ്പം തന്നെ വിലയിരുത്തേണ്ട വിഷയമാണ് വേതനത്തിലെ വിടവുകളും. തുല്യ ജോലിക്ക് തുല്യ വേതനമെന്ന നിയമവും മിനിമം വേതന നിയമവുമൊക്കെ ഉണ്ടായിരുന്ന ഒരു രാജ്യത്ത് ഇപ്പോഴും നിലനില്‍ക്കുന്ന പുരുഷന്‍റേയും സ്ത്രീയുടേയും വേതനങ്ങളിലെ വിടവ് വലിയ ആശങ്ക ഉളവാക്കുന്നതാണ്. ഭൂരിപക്ഷം തൊഴിലുകളിലും പുരുഷ തൊഴിലാളിക്ക് ലഭിക്കുന്ന വേതനത്തിന്‍റെ പകുതിയോ അതില്‍ കുറവോ മാത്രമേ സ്ത്രീ തൊഴിലാളിക്ക് ലഭിക്കുന്നുള്ളു. ഗ്രാമീണ മേഖലയില്‍ ഈ അന്തരം വളരെ പ്രകടമാണ് . സ്വയം തൊഴില്‍ മേഖലയില്‍ ജോലി ചെയ്യുന്ന പുരുഷന്‍റെ വരുമാനത്തിന്‍റെ 30-40 ശതമാനം മാത്രമേ ആ മേഖലയില്‍ തൊഴിലെടുക്കുന്ന സ്ത്രീ തൊഴിലാളികള്‍ക്ക് ലഭിക്കുന്നുള്ളു. സാധാരണ മേഖലകളില്‍ പുരുഷ വേതനത്തിന്‍റെ 52 – 67 ശതമാനം വരെ. ഗ്രാമീണ മേഖലയിലെ സ്വയം തൊഴിലുകള്‍ കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് ആണ് നടക്കുന്നത്. എന്നാല്‍ നഗരങ്ങളില്‍ ഉലപാദനം, വിപണനം, ഭക്ഷ്യ ഉല്പന്നങ്ങള്‍, സേവനം തുടങ്ങിയ മേഖലകളില്‍ ആണ് ചെറുകിട സംരംഭങ്ങള്‍ കൂടുതലും സ്ത്രീകള്‍ ആരംഭിക്കുന്നത്.
അസംഘടിത തൊഴില്‍ മേഖലകളില്‍ തൊഴിലെടുക്കുന്ന ഈ സ്ത്രീകളുടെ തൊഴിലവസ്ഥകള്‍ ഈ അന്തരങ്ങളുടെ യാഥാര്‍ത്ഥ്യങ്ങളിലേക്ക് നമ്മെ എത്തിക്കും. സ്വന്തം ജീവിതവും കുടുംബത്തിന്‍റെ ഉപജീവനവും മുന്നോട്ടു കൊണ്ടു പോകുന്നതിനായി യാതൊരു അംഗീകാരവും ഇല്ലാത്ത തൊഴില്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതരായി പണിയെടുക്കുന്ന സ്ത്രീകളുടെ അനുഭവങ്ങള് ആണ് കേരളത്തില്‍ തൊഴിലെടുക്കുന്ന ഭൂരിഭാഗം സ്ത്രീകളുടെയും അവസ്ഥ. ഇതില്‍ തന്നെ തികച്ചും അസംഘടിതരായി സംഘടിത മേഖലയില്‍ തൊഴിലെടുക്കുന്ന ധാരാളം പേരുണ്ട്. ടെക്സ്റ്റൈയില്‍മേഖലകളില്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ , കടകള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന ധാരാളം പേരുണ്ട്. ചെയ്യുന്ന ജോലിക്ക് മുതലാളി നിശ്ചയിച്ച കൂലിക്ക് അപ്പുറം മറ്റു തൊഴിലവകാശങ്ങള്‍ ഒന്നും ഉറപ്പിക്കാനാവാത്തത്ര അസംഘടിതരാണ് ഈ സ്ത്രീ തൊഴിലാളികളെല്ലാം. കോവിഡ് മഹാമാരിയില്‍ ഈ തൊഴിലിടങ്ങളൊന്നും ഇവര്‍ക്ക് കൈത്താങ്ങായില്ല എന്നത് പ്രത്യക്ഷ ഉദാഹരണമാണ്. ഉടമക്ക് ആവശ്യമില്ലാത്തപ്പോള്‍ ഇവരെ പറഞ്ഞു വിടാം, തൊഴില്‍ അവകാശങ്ങളൊക്കെ നിര്‍ദ്ദാക്ഷിണ്യം നിരാകരിക്കാം, സംഘം ചേര്‍ന്നുള്ള എതിര്‍ ശബ്ദങ്ങള്‍ ഉണ്ടാവാനുള്ള സാദ്ധ്യതയില്ല എന്നതൊക്കെ ഈ സാഹചര്യങ്ങളെ ലഘൂകരിക്കുന്നു. പൊതു ഇടങ്ങളില്‍ തങ്ങളുടെ ഉപജീവനം കണ്ടെത്താന്‍ ശ്രമിക്കുന്നവരുടെ നിലനില്പും വല്ലാത്ത പ്രതിസന്ധിയിലാണ്. നീളുന്ന കോവിഡ് മാനദണ്ഡങ്ങള്‍ അവരുടെ ദൈനംദിന ജീവിതാവസ്ഥ ദുഷ്ക്കരമാക്കുന്നു. പ്രകൃതി വിഭവങ്ങളില്‍ ആശ്രയിച്ചു ജീവിക്കുന്നവര്‍ക്ക് വിഭവങ്ങളിന്മേലുള്ള പ്രാപ്യത തന്നെ ഇല്ലാതാകുന്നു. കടലും കാടും അതിലെ ഉല്പന്നങ്ങളും വന്‍കിട മുതലാളിത്ത ശക്തികള്‍ക്ക് ഭരണകൂടം തീറെഴുതുമ്പോള്‍ അതിനെ ആശ്രയിച്ചു മാത്രം ജീവിക്കുന്ന ലക്ഷക്കണക്കിന് തൊഴിലാളികള്‍ വഴിയാധാരമാവുന്നു. പ്രകൃതി സമ്പത്തിന്‍റെ ഉടമസ്ഥാവകാശം അതിനെ ആശ്രയിച്ചു ജീവിക്കുന്നവരുടേതാകണമെന്ന സമീപനത്തിന് വിരുദ്ധമാണിത്.
സേവന/ പരിചരണ മേഖല
സേവന / പരിചരണ മേഖലയിലാണ് സ്ത്രീകളുടെ പങ്കാളിത്തം ഇന്ന് ഏറ്റവും കൂടുതല്‍ കാണുന്നത്. പരിചരണ സമ്പദ്ഘടന (കെയര്‍ ഇക്കോണമി) ഇന്ന് അന്താരാഷ്ട്ര തൊഴില്‍ വിപണിയില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തി കഴിഞ്ഞിരിക്കുന്നു. മൂന്നാം ലോക രാജ്യങ്ങളിലെ സ്ത്രീകളുടെ പരിചരണ വൈദഗ്ദ്ധ്യം ആഗോള വിപണിയില്‍ വളരെ കുറഞ്ഞ വേതനത്തിന് ലഭ്യമാണ് എന്നുള്ളതാണ് ഈ സമ്പദ്ഘടനക്ക് ഇത്രയേറെ പരിഗണന ലഭിക്കുന്നത്. ഇന്ത്യ, ശ്രീലങ്ക, നേപ്പാള്‍, ബംഗ്ലാദേശ് തുടങ്ങിയ ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് കുടിയേറ്റം ചെയ്യുന്ന തൊഴിലാളികളില്‍ 50 ശതമാനത്തോളം ഗാര്‍ഹിക തൊഴില്‍, നഴ്സിംഗ് അസിസ്റ്റന്‍റ്, ക്ളീനിംഗ് തുടങ്ങിയ വിഭാഗങ്ങളില്‍ തൊഴില്‍ ചെയ്യുന്ന സ്ത്രീകളാണ്. അനധികൃത കടത്തലും അതിനെ തുടര്‍ന്നുണ്ടാവുന്ന പ്രശ്നങ്ങളും ഈ മേഖലകളില്‍ വളരെ സാധാരണമാണ്. ഇവിടെയും പരിചരണം വളരെയധികം തൊഴില്‍ സാദ്ധ്യതയുള്ള മേഖലയായിക്കഴിഞ്ഞു. ഔദ്യോഗിക കണക്കുകളനുസരിച്ച് 33. 4 ലക്ഷം തൊഴില്‍ ചെയ്യുന്ന സ്ത്രീകളുള്ള കേരളത്തില്‍ 19.7 ലക്ഷം പേരും സേവന മേഖലയിലാണ് തൊഴിലെടുക്കുന്നത് (PFLS, 2017-18).). ഈ മേഖലയിലെ ഒരു പ്രധാനപ്പെട്ട തൊഴിലായ ഗാര്‍ഹിക തൊഴിലിന്‍റെ കാര്യമെടുത്ത് നോക്കാം. മറ്റൊരു വീട്ടില്‍ (സ്വകാര്യയിടം) കൃത്യമായ ഒരു തൊഴില്‍ ദാതാവുള്ള തൊഴിലാളിയാണത്. എന്നാല്‍ ഈ ബന്ധം തെളിയിക്കുന്നതിന് രേഖകളോ നിയമപരമായ സംവിധാനങ്ങളോ ഇല്ല എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. നിലവില്‍ നിര്‍വചിക്കപ്പെട്ടിട്ടുള്ളڔ തൊഴിലിടങ്ങളില്‍ മറ്റൊരാളുടെ വീട് തൊഴിലിടമാകുന്നില്ല. ഇന്ത്യയില്‍ നിരവധി തൊഴില്‍ നിയമങ്ങള്‍ റദ്ദുചെയ്തു കൊണ്ട് 4 ലേബര്‍ കോഡുകള്‍ നിലവില്‍ വന്നത് ഈ വിവേചനങ്ങളെ സാധൂകരിച്ചു കൊണ്ടാണ്. തൊഴില്‍ നിയമങ്ങളില്‍ ഉള്‍പ്പെടാതെയിരുന്ന അസംഘടിത മേഖലയെ ഉള്‍പ്പെടുത്താനെന്ന മട്ടില്‍ അവതരിപ്പിക്കപ്പെട്ട പരിഷ്ക്കരണങ്ങളില്‍ നിന്ന് അവരെ മാറ്റി നിര്‍ത്തിയപ്പോള്‍ ഈ ഉദ്യമത്തിന്‍റെ ലക്ഷ്യം തന്നെ വ്യക്തമാകും. പരമ്പരാഗത മേഖലകളുടെ തകര്‍ച്ചയും തൊഴിലില്ലായ്മയും വര്‍ദ്ധിച്ചു വരുന്ന നഗര വല്‍ക്കരണ പ്രവണതയും ഗാര്‍ഹിക തൊഴിലിന്‍റെ സാദ്ധ്യതകള്‍ വര്‍ദ്ധിപ്പിച്ചു കൊണ്ടിരിക്കുന്നു. എന്നാല്‍ ‘മറ്റൊരു വീട്’ എന്ന അപ്രഖ്യാപിത തൊഴിലിടം സ്വീകരിക്കുമ്പോള്‍ തൊഴിലാളി എന്ന ദൃശ്യതയും അവകാശവും പലപ്പോഴും ഉയര്‍ത്തുന്നതിനായി സാധിക്കുന്നില്ല. തൊഴിലുടമകള്‍ ദൃശ്യതയില്‍ തന്നെ അദൃശ്യരായി ഇവിടെ മാറുന്നു.
രേഖാമൂലമുള്ള തൊഴില്‍ ബന്ധങ്ങള്‍ നിലവില്‍ ഇല്ലാതെ തൊഴില്‍ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനോ ശബ്ദമുയര്‍ത്തുന്നതിനോ സാധിക്കുന്നില്ല. അന്താരാഷ്ട്ര തൊഴില്‍ കണ്‍വെന്‍ഷന്‍ 189ലൂടെ ഗാര്‍ഹിക തൊഴില്‍ അന്തസ്സുള്ള തൊഴില്‍ എന്ന് അംഗീകരിക്കപ്പെട്ടിട്ടുണ്ട്. 32 രാജ്യങ്ങള്‍ ഈ കണ്‍വെന്‍ഷന്‍ സാധൂകരിച്ചിട്ടും ഇന്ത്യയില്‍ അതിനുള്ള പ്രാഥമിക ചര്‍ച്ച പോലും നടന്നിട്ടില്ല. ഇന്ത്യയിലും കേരളത്തിലും എത്ര ഗാര്‍ഹിക തൊഴിലാളികള്‍ ഉണ്ട് എന്ന ലഭ്യമായിട്ടുള്ള കണക്കുകള്‍ നോക്കിയാല്‍ മനസ്സിലാവും ഈ തൊഴിലാളികളുടെ എണ്ണം കണക്കാക്കുന്നതിനായി ഇന്ന് നിലവിലുള്ള രീതിശാസ്ത്രത്തിന്‍റെ തന്നെ പരിമിതികള്‍.അവര്‍ക്ക് ലഭ്യമാകേണ്ട അംഗീകാരങ്ങള്‍, അന്തസ്സാര്‍ന്ന തൊഴില്‍ സാഹചര്യങ്ങള്‍, സാമൂഹ്യ സുരക്ഷിതത്വ അവകാശങ്ങള്‍ – എല്ലാം തന്നെ ഈ അനിശ്ചിതത്വങ്ങള്‍ മൂലം നഷ്ടമാകുന്നു.
വീട് കേന്ദ്രമാക്കി തൊഴില്‍ ചെയ്യുന്നവര്‍
സ്ത്രീകള്‍ എറ്റവം കൂടുതല്‍ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നത് തങ്ങളുടെ സ്വന്തം വീടുകളിലാണ്. സ്വന്തം വീട് തൊഴിലിടം എന്ന യാഥാര്‍ത്ഥ്യം ഇന്നും വേണ്ട തരത്തില്‍ ചര്‍ച്ചയായിട്ടില്ല. ഫാക്ടറികളും ചെറുകിട വ്യവസായങ്ങളും ഉല്പാദന തൊഴില്‍ മേഖല ആയി കണക്കാക്കപ്പെടുമ്പോള്‍ അവിടെ തൊഴില്‍ ചെയ്യുന്നവര്‍ മാത്രം ഔദ്യോഗികമായി ഉല്പാദന മേഖലകളിലെ തൊഴിലാളികളായി രേഖപ്പെടുത്തപ്പെടുന്നു.വിതരണ ശൃംഖലകളുടെ ഭാഗമായി ഉല്പാദനം ഏറ്റവും താഴേത്തട്ടിലേക്ക് എത്തപ്പെടുമ്പോള്‍ വീടുകള്‍ തൊഴില്‍ സ്ഥലങ്ങളായി പരിണമിക്കപ്പെടുന്നു. തങ്ങളുടെ ഗാര്‍ഹിക ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിച്ചതിനു ശേഷം ബാക്കിയുള്ള സമയത്തോ അല്ലെങ്കില്‍ ‘നേരം പോക്കാ’യോ ഈ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സ്ത്രീകള്‍ ഏറ്റെടുക്കുമ്പോള്‍ വീട് എന്ന തൊഴിലിടത്തെ അടയാളപ്പെടുത്തി കൊണ്ട് അവരെ തൊഴിലാളികളായി കാണാനുള്ള ശേഷി ഇന്ന് നിലനില്‍ക്കുന്ന മുഖ്യധാര കാനേഷുമാരി സംവിധാനങ്ങള്‍ക്കോ തൊഴില്‍ വകുപ്പിനോ ഇല്ല. അതു കൊണ്ട് തന്നെ ഈ തൊഴിലാളി സ്ത്രീകളൊന്നും ഉല്പാദന മേഖലയിലെ തൊഴിലാളികളായി എണ്ണപ്പെടുന്നില്ല. ഈ ശൃംഖലകളുടെ മുതലാളിമാര്‍ ഈ പ്രകിയകളില്‍ ഒന്നും പങ്കാളികളാവുന്നില്ല. അതോടൊപ്പം ഭരണകൂടത്തിന്‍റെ അംഗീകാരമില്ലായ്മയും സമ്പദ്ഘടനയിലുള്ള ഇവരുടെ സംഭാവനകളെ നിരാകരിക്കുന്നതിന് കാരണമാവുന്നു.
മിനിമം വേതനമോ മറ്റു തൊഴിലവകാശങ്ങളോ ഒന്നും ഈ പീസ് റേറ്റ് ജോലിക്കില്ല. ഇടനിലക്കാരാണ് (സബ് കോണ്‍ട്രാക്ടര്‍) ഇവരുടെ അദ്ധ്വാനത്തിന്‍റെ ലാഭം കൂടുതല്‍ എടുക്കുന്നത്. വീടുകള്‍ കേന്ദ്രീകരിച്ച് മറ്റു പരമ്പരാഗത, സ്വയം തൊഴിലുകളില്‍ ഏര്‍പ്പെടുന്നവരുടേയും അവസ്ഥ ഇതു തന്നെയാണ്. പുരുഷന്മാര്‍ക്ക് മുന്‍തൂക്കം ഉണ്ടായിരുന്ന കയര്‍, കൈത്തറി, ഈറ്റ, മണ്‍പാത്ര നിര്‍മ്മാണം, കശുവണ്ടി തുടങ്ങിയ പരമ്പരാഗത തൊഴിലുകളെല്ലാം ഇന്ന് നിലനിര്‍ത്തപ്പെടുന്നത് സ്ത്രീകളിലൂടെയാണ്. കുറഞ്ഞകൂലിയും മറ്റൊരു ആനുകൂല്യങ്ങളും ഇല്ലാത്ത തൊഴില്‍ അവസ്ഥക്ക് ഏറ്റവും പറ്റിയത് സ്ത്രീകളാണല്ലോ. വസ്ത്ര നിര്‍മ്മാണം, ഭക്ഷ്യ സംസ്ക്കരണം, കച്ചവടം, കൃഷി, ക്ഷീര കൃഷി തുടങ്ങിയ മേഖലകളിലൂടെ ഒരു പാട് സ്ത്രീകള്‍ സ്വയം തൊഴില്‍ ചെയ്യുന്നവരായി മാറുന്നു. സ്വയം തൊഴില്‍ സംരംഭമായി മാറ്റപ്പെടുമ്പോള്‍ ഇവര്‍ തന്നെ തൊഴിലാളിയും മുതലാളിയുമായി മാറുന്നു. ഇത്തരം മേഖലകളുടേയും പ്രത്യേകിച്ച് സ്വയം തൊഴിലുകളുടേയും ഉത്തരവാദിത്വത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങുമ്പോള്‍ ഈ സ്ത്രീ തൊഴിലാളികള്‍ സ്ഥിരതയില്ലാത്ത സംരംഭക പട്ടികയില്‍ സ്ഥാനം പിടിക്കുന്നു. തൊഴിലാളി പട്ടികയില്‍ നിന്ന് പുറത്താവുകയും ചെയ്യുന്നു.
സ്ത്രീ തൊഴില്‍ പങ്കാളിത്തം എങ്ങനെ ഉയര്‍ത്താം
തുല്യ ജോലിക്ക് തുല്യ വേതന നിയമം(1976), മിനിമം വേതന നിയമം (1948) എന്നിവ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ടതും അടിസ്ഥാനവുമായ തൊഴില്‍ നിയമങ്ങളായിരുന്നു. തൊഴില്‍ നിയമ പരിഷ്ക്കാരങ്ങളിലൂടെ ഇന്ത്യയിലെ പ്രധാനപ്പെട്ട 29 തൊഴില്‍ നിയമങ്ങള്‍ റദ്ദുചെയ്യപ്പെട്ടപ്പോള്‍ ഈ നിയമങ്ങള്‍ നിലവിലില്ലാതായി. സ്ത്രീകള്‍ക്ക് തുല്യ കൂലി നിഷേധിക്കുന്നത്, മിനിമം വേതനത്തെക്കാളും താണ കൂലി നല്കുക എന്നുള്ളതൊക്കെ വളരെ കാതലായ പ്രശ്നങ്ങളാണ്. ആണ്‍കോയ്മ സംവിധാനത്തിലൂന്നിയ വ്യവസ്ഥകള്‍ സൃഷ്ടിച്ചിട്ടുള്ള അസമത്വങ്ങള്‍ തൊഴിലിലെ സ്ത്രീയുടെ പങ്കാളിത്തത്തേയും അവകാശങ്ങളേയും സാരമായി ബാധിച്ചിട്ടുണ്ട്. തുല്യ ജോലികള്‍ക്ക് പുരുഷന് കൂടുതല്‍ വേതനവും സ്ത്രീക്ക് വളരെ കുറഞ്ഞ വേതനവുമെന്ന അലിഖിത സാമൂഹ്യ ചിട്ട വളരെ സ്വാഭാവികമെന്നോണം സമൂഹത്തില്‍ രൂഢമൂലമാകുന്നു. അസംഘടിത തൊഴില്‍ മേഖലയിലെ മിക്ക തൊഴിലുകളിലും ഇതു തന്നെയാണ് സ്ഥിതി. മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയെടുത്താല്‍ കേരളത്തില്‍ 95 ശതമാനവും സ്ത്രീകളാണ് പണിയെടുക്കുന്നത്. പ്രായമായ കുറച്ചു പുരുഷന്മാര്‍ മാത്രമാണ് ഇതിനൊരപവാദം. ഇന്ന് നിലവിലുള്ള കൂലിയായ 290 രൂപയ്ക്ക് തൊഴില്‍ ചെയ്യാന്‍ പുരുഷന്മാരൊന്നും തയ്യാറാവില്ല എന്നതാണ് വളരെ ലഘുവായ യുക്തി. തൊഴില്‍ ലഭ്യമല്ലാതായാലും വീട്ടില്‍ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങള്‍ ആണെങ്കില്‍ പോലും കേരളത്തിലെ പുരുഷന്മാരൊന്നും തൊഴിലുറപ്പു പണി തെരഞ്ഞെടുക്കാറില്ല. എന്നാല്‍ മറ്റു സംസ്ഥാനങ്ങളില്‍ കോവിഡ് ലോക്ക് ഡൗണാനന്തര കുടിയേറ്റ തൊഴിലാളികളുടെ സ്വന്തം ഗ്രാമങ്ങളിലേക്കുള്ള മടങ്ങിയെത്തലിന്‍റെ ഭാഗമായി പല പുരുഷ തൊഴിലാളികളും തങ്ങളുടെ കുടുംബത്തിലെ സ്ത്രീകളുടെ തൊഴിലുറപ്പു തൊഴില്‍ എറ്റെടുത്തതായി അറിയുന്നു. ആ വരുമാനം സ്വീകരിക്കുന്നതില്‍ അവിടുത്തെ പുരുഷന്മാര്‍ക്ക് ബുദ്ധിമുട്ടില്ല. അതോടെ ആ സ്ത്രീകള്‍ തൊഴില്‍ രഹിതരുമായി. സ്ത്രീ പുരുഷ വേതനത്തിലെ വലിയ വിടവ് കേരളം ഇന്ന് നയപരമായി, ഗൗരവത്തോടെ ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്. വേതനം നിശ്ചയിക്കുന്നതിന്‍റെ പുതിയڔ മാനങ്ങള്‍ തീരുമാനിക്കേണ്ടത് മാറി വരുന്ന സാഹചര്യങ്ങളെ കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിലാവണം.
വൈദഗ്ദ്ധ്യ നിര്‍ണ്ണയത്തിന്‍റെ മാനദണ്ഡം
മറ്റൊരു പ്രധാനപ്പെട്ട വിഷയം സ്ത്രീകളുടെ വൈദഗ്ദ്ധ്യത്തെ കുറിച്ചുള്ള സമീപനമാണ്.സ്ത്രീകള്‍ ഭൂരിഭാഗമുള്ള തൊഴില്‍ മേഖലകളിലെല്ലാം അവരുടെ തൊഴില്‍ വൈദഗ്ദ്ധ്യമില്ലാത്തതായോ ഭാഗിക വൈദഗ്ദ്ധ്യമുള്ളതായോ ആണ് കണക്കാക്കപ്പെടുന്നത്. വൈദഗ്ദ്ധ്യം തൊഴിലിന്‍റെ മൂല്യം നിശ്ചയിക്കുന്ന പ്രധാന അളവുകോലാണെന്നത് കൊണ്ട് വൈദഗ്ദ്ധ്യമില്ലാത്ത തൊഴിലുകള്‍ അത് ചെയ്യുന്നവരുടെ തൊഴില്‍ വിപണിയിലെ മൂല്യമില്ലായ്മ തന്നെയാണ് വെളിവാക്കുന്നത്. സ്കില്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായുള്ള ദേശീയ വൈദഗ്ദ്ധ്യവികസന കോര്‍പ്പറേഷന്‍റെ ഭാഗമായി 38 സെക്ടര്‍ സ്കില്‍ കൗണ്‍സിലുകള്‍ ഉണ്ട് ഇന്ത്യയില്‍. ഇവയുടെ ഭാഗമായി വരുത്തേണ്ട അടിയന്തര മാറ്റങ്ങളൊന്നും തൊഴില്‍ വൈദഗ്ദ്ധ്യവികസന ശ്രേണിയില്‍ പ്രതിഫലിക്കുന്നില്ല. അതോടൊപ്പം മിനിമം വേതന വര്‍ദ്ധനയിലും ഈ പദ്ധതിക്ക് ഒരു സ്വാധീനവുമില്ല. മിനിമം വേതന നിര്‍ണ്ണയ കമ്മിറ്റിയും വേതനത്തിന്‍റെ അടിസ്ഥാനം നിര്‍ണ്ണയിക്കുന്നത് കാലങ്ങള്‍ പഴക്കമുള്ള, നിശ്ചയിക്കപ്പെട്ടിട്ടുള്ള ശേഷിയുടെ അടിസ്ഥാനത്തിലാണ്. ഈ കാഴ്ച്ചപ്പാടുകള്‍ മാറുന്നതിനുള്ള ശ്രമങ്ങള്‍ ക്രിയാത്മകമായി വരുത്തിയേ പറ്റൂ. ഉദാഹരണത്തിന് ഭക്ഷണം ഹോട്ടലില്‍ പുരുഷന്‍ ഉണ്ടാക്കുമ്പോള്‍ ‘ഷെഫ്’ എന്ന വിഭാഗത്തില്‍ വൈദഗ്ദ്ധ്യം നിശ്ചയിക്കപ്പെടുമ്പോള്‍ അതിരുചികരമായി സ്വയം തൊഴിലെന്ന നിലയിലും മറ്റു വീടുകളിലും സ്ത്രീകള്‍ ചെയ്യുമ്പോള്‍ അത് കുടുംബത്തിലെ ജോലിയുടെ തുടര്‍ ജോലിയായി കണക്കാക്കപ്പെടുന്നു. മൂല്യത്തിന്‍റെ നിര്‍ണ്ണയത്തില്‍ വലിയ അന്തരമാണ് ഇവ തമ്മില്‍. രോഗീ ശുശ്രൂഷയുടെ അവസ്ഥയും ഇതു തന്നെ. ഒറ്റക്ക് ഒരു കിടപ്പു രോഗിയെ പരിചരിക്കണമെങ്കില്‍ അസാമാന്യ വൈദഗ്ദ്ധ്യവും ശേഷിയും വേണം. എന്നാല്‍ ആ ജോലികളെയെല്ലാം ഗാര്‍ഹിക തൊഴില്‍ എന്ന് കണ്ടു കൊണ്ട് മിനിമം വേതനത്തില്‍ തന്നെ കുറഞ്ഞത് നിശ്ചയിക്കപ്പെടുന്നത് കൊണ്ട് തന്നെ ഈ സ്ത്രീ തൊഴിലാളികളുടെയെല്ലാം വേതനം വളരെ കുറവാണ്.
സംഘടിത മേഖലയിലെ അസംഘടിത തൊഴില്‍ വിഭാഗങ്ങള്‍
ഔദ്യോഗിക സാമ്പത്തിക മേഖലയില്‍ വര്‍ദ്ധിച്ചു വരുന്ന അസംഘടിതവല്‍ക്കരണം സ്ത്രീ തൊഴിലാളികളുടെ നിലനില്പിനെ തന്നെ ചോദ്യം ചെയ്യുന്നു. കോവിഡ് പശ്ചാത്തലത്തില്‍ ചെറിയ നിര്‍മ്മാണ ശാലകള്‍, കടകള്‍, സംരംഭങ്ങള്‍ തുടങ്ങിയവയില്‍ തൊഴില്‍ ചെയ്തു കൊണ്ടിരുന്നവരുടെ അവസ്ഥ തന്നെ ഉദാഹരണം. ഈ സ്ഥാപനങ്ങളുടെ ഔദ്യോഗിക രേഖയിലൊന്നും ഇവരൊന്നും തൊഴിലാളികളായി ചേര്‍ക്കപ്പെട്ടിട്ടില്ല. അതു കൊണ്ട് തന്നെ പൂട്ടിയിടല്‍ സമയത്തൊന്നും വേതനമോ മറ്റ് പിന്തുണകളോ നല്കാന്‍ ഉടമകള്‍ ബാദ്ധ്യസ്ഥരല്ല എന്നതാണ് ഇതിന്‍റെ അര്‍ത്ഥം. ലോകം മുഴുവന്‍ ഈ പ്രവണത ഇന്ന് ദൃശ്യമാണ്. ഔദ്യോഗിക/സംഘടിത മേഖല ഇന്ന് അനുഭവിക്കുന്ന സുരക്ഷിതത്വം ശക്തമായ തൊഴിലാളി പോരാട്ടങ്ങളുടെ പരിണിത ഫലമാണ് എന്നുള്ളതിന് യാതൊരു സംശയവുമില്ല. മുതലാളിത്ത തൊഴില്‍ വിപണിയുടെ പുതിയ തന്ത്രമാണ് ഇന്ന് വര്‍ദ്ധിച്ചു വരുന്ന സംഘടിതമേഖലയിലെ അസംഘടിത വല്‍ക്കരണം. ഇതിന് ഇരയാവുന്നതോ സ്ത്രീകളും മറ്റ് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളും. സ്ഥിരത ഒരിക്കലും ഉറപ്പിക്കാനാവാത്ത തൊഴിലനുഭവങ്ങള്‍ڔ ആണ് ഇവരുടേത്. പുതിയ തൊഴില്‍ നിയമ ഭേദഗതികളുടെ ഭാഗമായി സംഘടിത തൊഴില്‍ മേഖലയില്‍ വേണ്ട മിനിമം തൊഴിലാളികളുടെ എണ്ണം 20 ഉം 40 ആയി മാറുമ്പോള്‍ കൂടുതല്‍ പേര്‍ അസംഘടിതരായി മാറ്റപ്പെടും. മിനിമം കൂലി പോലും നല്‍കാന്‍ തൊഴില്‍ ഉടമകള്‍ ബാദ്ധ്യസ്ഥരല്ലാത്ത സാഹചര്യത്തിലേക്കാണ് കാര്യങ്ങള്‍ എത്തി ച്ചേരുന്നത്. ഇതിന്‍റെ ഭവിഷ്യത്ത് ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നതിനായി പോകുന്നത് സ്ത്രീകളാണെന്നത് ഉറപ്പാണ്. വൈദഗ്ദ്ധ്യമില്ലായ്മ, അസംഘടിതവല്‍ക്കരണം , തൊഴില്‍ ദാതാക്കളുടെ സാന്നിദ്ധ്യമില്ലായ്മ – ഇതിന്‍റെ ഒക്കെ പാര്‍ശ്വഫലങ്ങള്‍ സ്ത്രീകളുടെ മേല്‍ കെട്ടിയേല്പിച്ചാല്‍ ഉല്പാദനം കുറഞ്ഞ ചിലവില്‍ നടക്കുമല്ലോ.
ഘടനാപരമായ പരിമിതികള്‍ , അദ്ധ്വാന മൂല്യനിര്‍ണ്ണയത്തിന്‍റെ പുതിയ രീതി ശാസ്ത്രം
വ്യവസായവല്‍ക്കരണ വര്‍ഗ്ഗ സമൂഹത്തിലെ തൊഴില്‍ ഘടനയാണല്ലോ ഇന്നും തൊഴില്‍ ബന്ധങ്ങളുടെ അടിസ്ഥാനം. തൊഴിലുടമ- തൊഴിലാളി ബന്ധത്തിലധിഷ്ഠിതമായ തൊഴില്‍ സ്വഭാവങ്ങളാണ് മാതൃക തൊഴില്‍ ബന്ധമായി കാണുന്നതും തൊഴിലവകാശങ്ങള്‍ നിര്‍ണ്ണയിക്കുന്നതും. എന്നാല്‍ ഔദ്യോഗിക/സംഘടിത മേഖല ശുഷ്കിച്ചു കൊണ്ട് അനൗദ്യോഗിക / അസംഘടിത മേഖല വികസിച്ചു കൊണ്ടിരിക്കുകയാണ്. ലോകമാകമാനമുള്ള തൊഴില്‍ വിപണിയുടെ മാറ്റങ്ങള്‍ ഏറ്റവും പ്രാദേശിക -സൂക്ഷ്മ തലങ്ങളില്‍ വരെ പ്രതിഫലിക്കുന്നുണ്ട്. അനൗദ്യോഗിക സമ്പദ്ഘടനയുടെ ഔദ്യോഗിക വല്‍ക്കരണം എന്ന അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ 204 -ാം ശുപാര്‍ശ ലോക രാജ്യങ്ങള്‍ ഗൗരവമായി ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്ന സമയത്താണ് ഇന്ത്യ പോലെയുള്ള രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന അസംഘടിതവല്‍ക്കരണ പ്രവണതകള്‍ നാം കാണുന്നത്. മുകളില്‍ വിശദീകരിക്കപ്പെട്ട തൊഴില്‍ മേഖലകള്‍ ആണ് ഇന്ന് വികസിച്ചു വരുന്ന അനൗദ്യോഗിക തൊഴില്‍ വിപണിയുടെ സാദ്ധ്യതകള്‍. തൊഴില്‍ ഉടമ അപ്രത്യക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യമാണ് ഈ മേഖലകളിലെല്ലാം കണ്ടു വരുന്നത്. അതു കൊണ്ട് തൊഴില്‍ ദാതാവ് – തൊഴിലാളി സംവിധാനത്തിലൂന്നിയ തൊഴില്‍ ബന്ധങ്ങള്‍ ഇവയിലൊന്നും പ്രസക്തമാകുന്നില്ല. സ്വന്തം വീട്, ചുറ്റുപാടുകള്‍, മറ്റുള്ളവരുടെ വീട്, പൊതു ഇടങ്ങള്‍ തുടങ്ങിയവ തൊഴിലിടമാകുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നു. ഈ ഇടങ്ങളില്‍ ചിലതില്‍ തൊഴിലുടമ അദൃശ്യമായിരിക്കും , ചിലതില്‍ ഉണ്ടാവില്ല, ചിലതില്‍ മധ്യവര്‍ത്തികള്‍ തൊഴിലുടമയുടെ ഏജന്‍റുകളായി പ്രവര്‍ത്തിക്കും. രേഖീയമായ ഒരു കൈമാറ്റവും ഈ തൊഴില്‍ ബന്ധങ്ങളുടെ ഭാഗമായി ഉണ്ടാവുന്നില്ല. തൊഴില്‍ സ്ഥിരത ഒട്ടുമേ ഉണ്ടാവില്ല. സ്വയം തൊഴിലാളികള്‍, സ്വന്തം ഉത്തരവാദിത്വത്തിലെ സംരംഭങ്ങള്‍, പീസ് റേറ്റ് പണിയിലേര്‍പ്പെടുന്നവര്‍, പ്ളാറ്റ്ഫോം തൊഴിലാളികള്‍, ഗിഗ് സമ്പദ് വ്യവസ്ഥതൊഴിലാളികള്‍ എന്നൊക്കെയാണ് ഇവര്‍ അറിയപ്പെടുന്നത്. സ്ത്രീകളും മറ്റു പാര്‍ശ്വവല്ക്കരിക്കപ്പെട്ട തൊഴിലാളികളുമാണ് ഇവരിലേറെയും. ത്രികക്ഷി വിലപേശല്‍ സംവിധാനത്തില്‍ ഇവരുടെ തൊഴില്‍ ദാതാവായി ആരും ഉണ്ടാവുന്നില്ല. അതു കൊണ്ട് തന്നെ അപൂര്‍ണ്ണവും നീതിയുക്തമല്ലാത്തതുമായ വിലപേശല്‍ ആണ് ഇന്ന് നടക്കുന്നത്.
ഭരണകൂടത്തിന്‍റെ ഇടപെടല്‍ ശക്തമായി ഉണ്ടാവേണ്ട സാഹചര്യത്തിലേക്കാണിത് വിരല്‍ ചൂണ്ടുന്നത്. അന്തസ്സുള്ള തൊഴില്‍ എന്ന സുസ്ഥിര വികസന ലക്ഷ്യത്തിന്‍റെ (SDG,2030) 8ാം അജണ്ട നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ മാറി വരുന്ന ഈ തൊഴില്‍ രീതികളുടെ യഥാര്‍ത്ഥ്യങ്ങളെ വേണ്ട വിധം ഉള്‍ക്കൊണ്ടിട്ടുണ്ടോ? കോവിഡ് മഹാമാരി സാധാരണക്കാരില്‍ സാധാരണക്കാരായ ഈ തൊഴിലാളികളുടെ ദുരവസ്ഥ തുറന്നു കാട്ടുന്നു. പൊടുന്നനെയുള്ള തൊഴില്‍ നഷ്ടവും സാമൂഹ്യ സുരക്ഷ സംവിധാനങ്ങളുടെ പരിമിതിയും ഇവരെ ദുരിതത്തിലാക്കി. ഉത്തരവാദിത്വത്തോടെ പെരുമാറാന്‍ ഭരണകൂടങ്ങള്‍ക്ക് ഏറെ പരിമിതികളുണ്ടായി. നവ സാധാരണത്വത്തിന്‍റെ പ്രതിസന്ധി എന്ന് പറഞ്ഞ് വേണ്ട വിധം ശ്രദ്ധിക്കാതെ രാഷ്ട്രീയവും പ്രത്യയശാസ്ത്രവുമൊക്കെ സഹാനുഭൂതിയിലേക്ക് വഴിമാറി. വീട്ടിലിരുന്ന് തൊഴില്‍ ചെയ്യുക എന്നത് നവ സാധാരണത്വത്തിന്‍റെ പുതിയ യാഥാര്‍ത്ഥ്യമായി മാറി. കോവിഡ് പശ്ചാത്തലത്തില്‍ നടക്കുന്ന ഇത്തരം മാറ്റങ്ങള്‍ കൂടുതല്‍ സ്ത്രീകളെ അസംഘടിതരാക്കും എന്നതിന് സംശയമില്ല. തൊഴില്‍ ദാതാവിന്‍റെ ഉത്തരവാദിത്തങ്ങളില്‍ നിന്നുള്ള പിന്മാറ്റം ആയിരിക്കും ഇനി ഉണ്ടാവുക. അതിലൂടെ ‘വര്‍ക്ക് ഫ്രം ഹോം’ സ്ത്രീ തൊഴില്‍ പങ്കാളിത്തത്തിന്‍റെ സവിശേഷ ഘടകമായി സ്ഥാപിക്കപ്പെടും. കോവിഡ് കാലത്ത് ഇന്ത്യയില്‍ 100ല്‍ 76 സ്ത്രീകള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു എന്ന് CMIE – CPHS കണക്കുകള്‍ (December,2020) സൂചിപ്പിക്കുന്നു. അതില്‍ 24 സ്ത്രീകള്‍ മാത്രമാണ് ലോക്ക് ഡൗണിന് ശേഷം തൊഴിലില്‍ തിരികെ കയറിയത്. അതേ സമയം 100ല്‍ 36 പുരുഷന്മാര്‍ക്ക്മാത്രമേ തൊഴില്‍ നഷ്ടപ്പെട്ടുള്ളു. അതില്‍ 24 പേരും തിരികെ ജോലിയില്‍ പ്രവേശിച്ചു. ഇതില്‍ നിന്നും പുതിയ സാഹചര്യങ്ങള്‍ ആരെയായിരിക്കും മോശമായി ബാധിക്കുക എന്ന് വ്യക്തമാണ്.
ഇന്നിന്‍റെയും നാളെയുടേയും യാഥാര്‍ത്ഥ്യങ്ങളാണ് ഇത്തരം പുതിയ തൊഴില്‍ സാഹചര്യങ്ങള്‍. അതു കൊണ്ട് തന്നെ ഉപജീവന ബദലുകളായി വ്യത്യസ്തമായڔ തൊഴിലുകളും തൊഴില്‍ സാദ്ധ്യതകളും മാറുമ്പോള്‍ അതിനെ തൊഴിലാളിക്കനുകൂലമായി മാറ്റാനാവുന്ന പുതിയ ചര്‍ച്ചകളും വിലപേശലുകളും അതിലൂടെ പുതിയ സംവിധാനങ്ങളും ഉരുത്തിരിയണം. അദ്ധ്വാന മൂല്യനിര്‍ണ്ണയത്തിന്‍റെ പുതിയ രീതി ശാസ്ത്രമായി അത് മാറപ്പെടണം. ഇത്തരം തൊഴിലാളികളുടെ ഔദ്യോഗിക/സംഘടിത വല്‍ക്കരണം എങ്ങനെയായിരിക്കണം എന്നതിനുള്ള പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഉണ്ടായി വരണം. 8 മണിക്കൂര്‍ തൊഴില്‍, 8 മണിക്കൂര്‍ വിശ്രമം, 8 മണിക്കൂര്‍ വിനോദം എന്ന യുക്തിയിലൂടെ ഈ പ്രക്രിയ നടപ്പാവില്ല. തൊഴിലില്‍ ഏര്‍പ്പെടുന്നവരുടെ പ്രത്യേക സവിശേഷതകളിലൂടെയാവണം ഈ നയ രൂപീകരണം നടക്കേണ്ടത്. മത്സ്യവിപണനം നടത്തുന്ന ഒരു സ്ത്രീക്ക് മത്സ്യം ലഭിക്കുന്ന സമയത്ത് തീരത്തെത്തിയാല്‍ മാത്രമേ അവരുടെ ഉപജീവനത്തിനുള്ള സാഹചര്യം സാദ്ധ്യമാവുകയുള്ളു. എടുക്കുന്ന മത്സ്യം വിറ്റുപോകുന്നതു വരെ കച്ചവടം ചെയ്തേ പറ്റുകയുള്ളു. ഇങ്ങനെ ഓരോ മേഖലകള്‍ക്കും തനതായ പ്രത്യേകതകള്‍ ഉണ്ട്. ഇവ മനസ്സിലാക്കി ഘടനാപരമായ പൊളിച്ചെഴുത്തലുകള്‍ നടത്തിയാലേ ലിംഗ പദവി അടിസ്ഥാനമാക്കിയുള്ള അന്തസ്സുള്ള തൊഴില്‍ എന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്കെത്തുകയുള്ളു. അല്ലെങ്കില്‍ അസംഘടിതമേഖല കൂടുതല്‍ രൂക്ഷമായ സാഹചര്യങ്ങളിലേക്ക് തള്ളി നീക്കപ്പെടും. അന്തസ്സുള്ള വേതനമോ, സാമൂഹ്യ സുരക്ഷാസംവിധാനങ്ങളോ ഇവര്‍ക്ക് ലഭ്യമാവാതെ വരും. ‘പാവങ്ങള്‍’ അല്ലെങ്കില്‍ ‘ദാരിദ്യരേഖക്ക് താഴെയുള്ളവര്‍’ എന്ന വിഭാഗത്തില്‍ അസംഘടിതര്‍ പെട്ടു പോകും. നിലനില്പിനെ നിര്‍ണ്ണയിക്കുന്ന ഘടനയില്‍ നിന്ന് തൊഴിലാളി എന്ന സ്വത്വം പുറന്തള്ളപ്പെടും, ഇതോടൊപ്പം തൊഴിലവകാശങ്ങളും. തൊഴിലാളി സംഘടനകള്‍ ഈ തിരിച്ചറിവിലേക്കെത്തിയാല്‍ മാത്രമേ അസംഘടിത തൊഴില്‍ വിഭാഗങ്ങളുടെ, സ്ത്രീ തൊഴിലാളികളുടെ അംഗീകാരം സാദ്ധ്യമാവുകയുള്ളു.സംഘാടനത്തിന്‍റെ പുതിയ സമവാക്യങ്ങളും തന്ത്രങ്ങളും ഈ ഗതിയില്‍ പ്രധാനമാണ്. ഇത്തരം പുതിയ ചിന്തകളിലൂടെ മാത്രമേ സ്ത്രീകളുടേയും പാര്‍ശ്വവല്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടേയും തൊഴില്‍ പങ്കാളിത്ത നിരക്ക് വര്‍ദ്ധിപ്പിക്കുന്നതിനും തൊഴില്‍ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനും സാധ്യമാവുകയുള്ളു.
COMMENTS