Homeചർച്ചാവിഷയം

തൊഴിലിടത്തിലെ ലൈംഗികാതിക്രമങ്ങളും പരാതിക്കമ്മിറ്റികളും

കേരളത്തില്‍ പ്രത്യേകിച്ച് കോഴിക്കോട് ഈയടുത്തകാലത്തു നടന്ന ലൈംഗികാതിക്രമക്കേസിലെ സംവാദങ്ങളില്‍ പ്രധാന ചര്‍ച്ചയായ ഒന്നാണ് ഇന്‍റേണല്‍ കമ്മറ്റിയുടെ റിപ്പോര്‍ട്ടും ജാമ്യവ്യവസ്ഥയും. ലൈംഗികാതിക്രമക്കേസുകളില്‍ ജാമ്യം അനുവദിക്കുമ്പോള്‍ കോടതികള്‍ നിഷ്കര്‍ഷിക്കേണ്ട ഉത്തരവാദിത്വങ്ങള്‍ അപര്‍ണ്ണഭട്ട് ഢെ സ്റ്റേറ്റ് ഓഫ് മധ്യപ്രദേശ് എന്ന കേസില്‍ ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ ഉത്തരവില്‍ നിഷ്കര്‍ഷിക്കുന്ന പ്രധാനപ്പെട്ട കാര്യങ്ങളാണ് അതിജീവിതയും പ്രതിയുമായുള്ള സമ്പര്‍ക്കത്തിന് ഉത്തരവിടുന്നതോ, നിര്‍ദ്ദേശിക്കുന്നതോ ആവരുത് ജാമ്യവ്യവസ്ഥ, മറിച്ച് അതിജീവിതയെ പ്രതി വീണ്ടും പീഡിപ്പിക്കുന്നതില്‍ നിന്നും സംരക്ഷിക്കുന്ന വ്യവസ്ഥകളായിരിക്കണം എന്നുമുള്ളത്.

പ്രതിക്ക് ജാമ്യം അനുവദിക്കുമ്പോള്‍ പരാതിക്കാരിയെ വിവരം അറിയിക്കേണ്ടതും ജാമ്യ ഉത്തരവിന്‍റെ പകര്‍പ്പ് നല്‍കേണ്ടതുമാണ്.
ജാമ്യ വ്യവസ്ഥകളിലും ജാമ്യ ഉത്തരവിലും പുരുഷമേധാവിത്വത്തിന്‍റേതായ സ്ഥിരംപല്ലവിയിലുള്ള, സ്ത്രീകളെക്കുറിച്ചുള്ള മുന്‍വിധികള്‍ ഒഴിവാക്കേണ്ടതും ക്രിമിനല്‍ നടപടി ചട്ടത്തിന് അനുസൃതവും ആയിരിക്കണം. അതായത് സ്ത്രീയുടെ വേഷം, പെരുമാറ്റം, മുന്‍കാലസ്വഭാവം, സദാചാരം എന്നിവ പരാമര്‍ശിക്കാന്‍ പാടില്ല എന്നിവ. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, അതിജീവിതക്ക് കോഴിക്കോട് കോടതിയില്‍ നിന്നോ ഇന്‍റേണല്‍ കമ്മിറ്റിയില്‍നിന്നോ നീതി ലഭിച്ചില്ല എന്നു മാത്രമല്ല കേരളത്തിലെ ഫെമിനിസ്റ്റുകള്‍ വേര്‍തിരിഞ്ഞ് അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായം പ്രകടിപ്പിക്കുന്നതുമായ സാഹചര്യമാണ് ഉണ്ടായത്.
എന്നാല്‍ തൊഴിലിടങ്ങളിലെ ഇന്‍റേണല്‍ കമ്മറ്റിയുടെ രൂപീകരണം, ഘടന, അധികാരപരിധി എന്നിവയെപ്പറ്റി സാധാരണജനങ്ങള്‍പോലും ചര്‍ച്ചചെയ്തു എന്നത് ഏറെ ശ്രദ്ധേയമാണ്. (പലപ്പോഴും ഇത്തരം സംഭവങ്ങളാണ് നിയമങ്ങളെപ്പറ്റി അവബോധമുണ്ടാക്കാന്‍ സഹായിക്കുന്നത്) തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് അതിക്രമങ്ങളില്ലാതെ ഭയപ്പെടാതെയും നേരിടാനും സ്വസ്ഥവും സമാധാനപരവും സുരക്ഷിതവുമായ അന്തരീക്ഷത്തില്‍ ജോലിചെയ്യുവാനുള്ള ഭരണഘടനാപരമായ അവകാശം ഉറപ്പാക്കുന്നതാണ് 2013 ലെ തൊഴില്‍സ്ഥലത്തെ ലൈംഗികപീഡന നിരോധന പരിഹാര നിയമം.
തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന വിവേചനങ്ങളിലൊന്ന് ലൈംഗികതയുമായി ബന്ധപ്പെട്ടിട്ടുള്ളത് തന്നെയാണ്. തൊഴിലിടങ്ങളില്‍ ഓരോ വ്യക്തികളില്‍ നിന്നും നേരിടണ്ടിവരുന്ന ലൈംഗികസ്വഭാവമുള്ളതും അസ്വീകാര്യവുമായ പെരുമാറ്റത്തെയാണ് ഇതുകൊണ്ട് സൂചിപ്പിക്കുന്നത്. തൊഴിലിടങ്ങളില്‍ നടക്കുന്ന ലൈഗികാതിക്രമം അങ്ങനെ ലൈംഗിക വിവേചനത്തിന്‍റെ ഭാഗമാകുന്നു. കാരണം ഒരു വ്യക്തിയുടെ ലിംഗത്തെ അടിസ്ഥാനപ്പെടുത്തിയതിനാല്‍ എല്ലായിടത്തും നിലനില്‍ക്കുന്ന സ്ത്രീകള്‍ക്കെതിരായ കടന്നാക്രമണങ്ങളുടെ വിപുലീകരണം കൂടിയാണിതെന്നും മനസിലാക്കേണ്ടതുണ്ട്.
തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങള്‍ക്കെതിരെ പരാതിപ്പെടുന്നതിനായി രൂപികരിച്ചിട്ടുളള കമ്മറ്റികളാണ് ഇന്‍റേണല്‍ പരാതി കമ്മറ്റിയും (ഐ.സി.സി) ലോക്കല്‍ കമ്മറ്റിയും.

ഇന്‍റേണല്‍ പരാതി കമ്മറ്റിയുടെ ഘടനയും അധികാരവും

1) പ്രിസൈഡിംഗ് ഓഫീസര്‍ : തൊഴിലാളികളില്‍ നിന്നും സീനിയര്‍ തലത്തില്‍ ജോലിചെയ്യുന്ന സ്ത്രീ ജീവനക്കാരി. അവരെ ലഭ്യമല്ലെങ്കില്‍ അതേ തൊഴിലിടവുമായി ബന്ധപ്പെട്ട മറ്റ് ഓഫീസുകളില്‍ നിന്നോ, ഭരണസമിതി യൂണിറ്റുകളില്‍ നിന്നോ, ഒരേ തൊഴിലുടമക്കു കീഴിലുള്ള മുതിര്‍ന്ന സ്ത്രീകളെ നാമനിര്‍ദ്ദേശം ചെയ്യണം.
2) തൊഴിലാളികളില്‍ നിന്നും തെരെഞ്ഞെടുക്കുന്ന രണ്ടില്‍ കുറയാത്ത അംഗങ്ങള്‍-സ്ത്രീ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നതോ, സാമൂഹ്യപ്രവര്‍ത്തനമോ, നിയമപരിജ്ഞാനമോ അഭിലഷണീയം.
3) സ്ത്രീപ്രശ്നങ്ങളില്‍ സജീവമായി ഇടപെടുന്നതോ അല്ലെങ്കില്‍ ലൈംഗികാതിക്രമപ്രശ്നങ്ങളില്‍ ഇടപെട്ടുപരിചയമുള്ള തൊഴിലിടത്തിനു പുറത്തുള്ള ഏതെങ്കിലും ഒരു സംഘടനയുടേയോ സ്ഥാപനത്തിന്‍റേയോ പ്രതിനിധി
4) അംഗങ്ങളില്‍ പകുതിയും സ്ത്രീകളായിരിക്കണം. ഈ കമ്മറ്റിയുടെ കാലാവധി മൂന്ന് വര്‍ഷത്തില്‍ കൂടാന്‍ പാടില്ല.
ലോക്കല്‍ പരാതിക്കമ്മറ്റിയുടെ ഘടനയും അധികാരവും.
1) ഏതെങ്കിലും വ്യവസായ സംരംഭങ്ങളിലോ ഓഫീസുകളിലോ പത്തില്‍ താഴെ തൊഴിലാളികള്‍ ഉണ്ടെങ്കില്‍, ഇന്‍റേണല്‍ പരാതി കമ്മറ്റികള്‍ രൂപീകരിച്ചിട്ടില്ലെങ്കിലും, ലൈംഗിക പീഡനപരാതി തൊഴിലുടമക്ക് എതിരെയായാല്‍കൂടിയും ജില്ലാതലത്തില്‍ ലൈംഗികപീഡന പരാതികള്‍ സ്വീകരിക്കുന്നതിനായി ലോക്കല്‍ പരാതി കമ്മറ്റി രൂപീകരിക്കണം.
2) ഓരോ ഗ്രാമപ്രദേശങ്ങളിലെ ബ്ലോക്കിലും താലൂക്കിലും ആദിവാസിമേഖലയിലും നഗരപ്രദേശങ്ങളില്‍ വാര്‍ഡ്/മുനിസിപ്പാലിറ്റിയിലും പരാതികള്‍ സ്വീകരിക്കുന്നതിനും അത് ഏഴ് ദിവസത്തിനകം ലോക്കല്‍ കമ്മറ്റിക്ക് അയച്ചുകൊടുക്കുന്നതിനും ഒരു നോഡല്‍ ഓഫീസറെ ജില്ലാ ഓഫീസര്‍ നിയമിക്കണം.
3) ലോക്കല്‍ കമ്മറ്റിയുടെ അധികാരപരിധി ആ ജില്ല മുഴുവനും ആണ്.

ലോക്കല്‍ കമ്മറ്റി അംഗങ്ങള്‍
എ) ചെയര്‍പേഴ്സണ്‍- സാമൂഹ്യപ്രവര്‍ത്തനരംഗത്ത് മികവുപുലര്‍ത്തിയിട്ടുള്ളതും സ്ത്രീപ്രശ്നങ്ങളില്‍ സജീവമായി ഇടപെടുന്നതുമായ വനിതയായിരിക്കണം.
ബി) ജില്ലയിലെ ബ്ലോക്കിലോ, താലൂക്കിലോ, വാര്‍ഡിലോ, മുനിസിപ്പാലിറ്റിയിലോ പ്രവര്‍ത്തിക്കുന്ന സ്ത്രീകളില്‍ നിന്ന് ഒരംഗം.
സി) രണ്ട് അംഗങ്ങളില്‍ ഒരാള്‍ സ്ത്രീയായിരിക്കണം. സ്ത്രീ പ്രശ്നങ്ങളിലും ലൈംഗികപീഡന പ്രശ്നങ്ങളിലും സജീവമായി ഇടപെടുന്നതോ പ്രവര്‍ത്തിക്കുന്നതോ ആയ സര്‍ക്കാരേതര സംഘടനകളിലേയോ, അസോസിയേഷനിലോ ഒരംഗം. ഇതില്‍ ഒരാള്‍ക്കെങ്കിലും നിയമപരിജ്ഞാനമോ, നിയമപശ്ചാത്തലമോ അഭിലഷണീയം, ഒരാള്‍ പട്ടികജാതി-വര്‍ഗ്ഗവിഭാഗത്തിലോ, മറ്റുപിന്നാക്ക ന്യൂനപക്ഷ സമുദായത്തിലോ പെടുന്ന സ്ത്രീ ആയിരിക്കണം.
ഡി) ജില്ലയിലെ സാമൂഹ്യനീതിവകുപ്പിലോ, സ്ത്രീകളുടേയും കുട്ടികളുടേയും വകുപ്പിലോ ബന്ധപ്പെട്ട ഓഫീസര്‍ എക്സ് ഒഫീഷ്യോ അംഗമായിരിക്കണം.
ലോക്കല്‍ കമ്മറ്റിയുടെ കാലാവധി മൂന്നുവര്‍ഷം ആയിരിക്കും.
പരാതിയുടെ അന്വേഷണത്തിന് ഇരുകമ്മറ്റികള്‍ക്കും താഴെപറയുന്ന കാര്യങ്ങളില്‍ സിവില്‍ കോടതിയുടെ അധികാരമുണ്ടായിരിക്കും.
എ) ഏതുവ്യക്തിയേയും വിളിക്കുന്നതിനും തെളിവെടുപ്പിനും
ബി) രേഖകള്‍ വരുത്തുന്നതിനും കണ്ടെടുക്കുന്നതിനും
സി) പരാതിയുമായി ബന്ധപ്പെട്ട മറ്റേതുകാര്യങ്ങള്‍ക്കും തൊണ്ണൂറ് ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണം.
ലൈംഗികാതിക്രമക്കേസുകള്‍ കൈകാര്യം ചെയ്യുന്ന കോടതികളാകട്ടെ കമ്മറ്റികളാകട്ടെ സ്ത്രീപക്ഷചിന്താഗതിയുള്ളവരായിരിക്കണം. അപര്‍ണ്ണാഭട്ട് കേസില്‍ ബഹുമാനപ്പെട്ട സുപ്രീം കോടതി നിര്‍ദ്ദേശിക്കുന്നത് ലൈംഗികാതിക്രമക്കേസുകള്‍ പരിഗണിക്കുമ്പോള്‍ സ്ഥിരം പല്ലവിയിലുള്ള അഭിപ്രായങ്ങള്‍ ഒഴിവാക്കേണ്ടതാണ്. അഥവാ ഉത്തരവുകളില്‍ സ്ത്രീകള്‍ ശാരീരികമായി ബലഹീനരാണെന്നും, സംരക്ഷണം വേണമെന്നും, സ്ത്രീകള്‍ക്ക് സ്വയം തീരുമാനമെടുക്കാന്‍ കഴിവില്ലാത്തവരാണെന്നും, പുരുഷനാണ് കുടുംബനാഥനെന്നും കുടുംബസംബന്ധമായ എല്ലാ തീരുമാനങ്ങളും കുടുംബനാഥനായ പുരുഷന്‍റേതാണെന്നും, നമ്മളുടെ സംസ്കാരം അനുസരിച്ച് സ്ത്രീകള്‍ കീഴ്പ്പെട്ടും അനുസരണയോടെയും ഇരിക്കണമെന്നും, നല്ല സ്ത്രീകള്‍ ചാരിത്ര്യവതികളായിരിക്കുമെന്നും, മാതൃത്വമാണ് സ്ത്രീകളുടെ കടമയും ചുമതലയുമെന്നും, രാത്രികാലങ്ങളില്‍ സ്ത്രീകള്‍ ഒറ്റക്കായതുകൊണ്ടും വസ്ത്രധാരണ രീതികൊണ്ടുമാണ് ആക്രമിക്കപ്പെടുന്നതെന്നും തുടങ്ങിയ വികലമായ കാഴ്ചപ്പാടുകള്‍ അവസാനിപ്പിക്കേണ്ടത് ഓരോ പൗരന്‍റേയും കൂടി കടമയാണ്.

അഡ്വ. പ്രീത കെ.കെ.
സീനിയര്‍ ഗവ. പ്ലീഡര്‍
കേരള ഹൈക്കോടതി

COMMENTS

COMMENT WITH EMAIL: 0