വെള്ളിത്തിരയുടെ വെള്ളിവെളിച്ചത്തില്‍ പ്രകാശിക്കുവാന്‍ ആഗ്രഹിക്കാത്തവര്‍ കുറവാണ്. കലാപരമായ കഴിവുകള്‍ കൂടുതല്‍ ശ്രദ്ധയോടെ പരിപാലിക്കുകയും വളര്‍ത്തിയെടുക്കുകയും ചെയ്തു കൊണ്ട് , സ്വയം പ്രകാശിപ്പിക്കുന്ന തോടൊപ്പം ഒരു തൊഴില്‍ എന്ന നിലയിലും സ്വീകരിക്കാവുന്ന ഇത് ഇന്ന് വളരെയേറെ സ്വീകാര്യമായി കൊണ്ടിരിക്കുന്ന മേഖലയാണ് സിനിമ. ബഹുസ്വരതയുടെ സമ്മേളനമായ സിനിമ ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച കലാ മാധ്യമം ആയിരിക്കുന്നു . നാടകവും നൃത്തവും സംഗീതവും മറ്റ് കലാരൂപങ്ങളെയും എല്ലാം സംയോജിപ്പിച്ചുകൊണ്ട് കൂടുതല്‍ പേരിലേക്ക് എത്തിയ കൂടുതല്‍ കാലം നിലനില്ക്കുന്നതുമായ സിനിമ എന്ന കലാവിഷ്ക്കാര മാധ്യമം കേവലം കലകള്‍ക്കപ്പുറം ആധുനിക സാങ്കേതികതയുടെ വിവിധ തരത്തിലുള്ള വിദ്യകളുടെ പ്രയോഗവത്ക്കരണത്തിലൂടെയാണ് നമുക്ക് അനുഭവവേദ്യമാകുന്നത്.
സിനിമയും സീരിയലുകളും മ്യൂസിക് ആല്‍ബം തുടങ്ങിയ മറ്റു വീഡിയോ ഉല്പാദനങ്ങളും സവിശേഷമായ ഒരു തൊഴില്‍ ഇടമാണ് പ്രദാനം ചെയ്യുന്നത്. മൊത്തത്തില്‍ സിനിമ എന്ന് ഇത്തരത്തിലുള്ള എല്ലാ സാങ്കേതിക ഉപാധികളോടെയുള്ള കലാവിഷ്ക്കാരങ്ങളെ വിളിക്കാം. സിനിമ കേവലം കല മാത്രമല്ല എന്നും അതൊരു വ്യവസായമായി കഴിഞ്ഞു എന്നും അതില്‍ കോര്‍പ്പറേറ്റ് വല്‍ക്കരണം പോലും സംഭവിച്ചു കഴിഞ്ഞു എന്നതും പലപ്പോഴും നാം ഓര്‍ക്കുന്നില്ല. ആയിരക്കണക്കിന് മനുഷ്യര്‍ പണിയെടുക്കുന്ന ഈ കലാരൂപത്തെ വ്യവസായമായി കാണുമ്പോള്‍ ഇന്ത്യയിലെ എല്ലാ തൊഴില്‍ നിയമങ്ങളും പുനര്‍ വായിക്കേണ്ടിവരും.
തൊഴില്‍ നിയമങ്ങള്‍ സിനിമാമേഖലയിലും ബാധകമാണ് എന്ന് പ്രത്യേകം പറയേണ്ടതില്ല.
എന്നാല്‍ തൊഴില്‍ നിയമങ്ങള്‍ രൂപീകരിക്കുന്ന കാലത്ത് സിനിമ ഇന്നത്തെ വിധത്തിലുള്ള ഒരു വ്യവസായമായി മാറിയിട്ടു ണ്ടായിരുന്നില്ല. പൊതുവേ നിലവിലുള്ള തൊഴില്‍ നിയമങ്ങള്‍ ബാധകമാണെങ്കിലും സിനിമ എന്ന വ്യവസായം ഉല്പാദിപ്പിക്കുന്നത് കലയാണ്.
അധ്വാനവും മൂലധനവും മാത്രം പോര, സ ര്‍ഗാത്മകത കൂടി വലിയ അളവില്‍ ഉപയോഗിക്കപ്പെടുന്ന ഈ വ്യവസായത്തില്‍ പതിയിരിക്കുന്ന ചൂഷണങ്ങളില്‍ നിന്നും സംരക്ഷിക്കപ്പെടുന്നതിന് പുതിയ നിയമം നിര്‍വഹിക്കുകയോ നിലവിലെ നിയമങ്ങളില്‍ വലിയ ഭേദഗതികള്‍ കൊണ്ടുവരികയോ വേണ്ടിവരും . സിനിമയിലെ പ്രധാന തൊഴിലാളികളായ അഭിനേതാക്കള്‍ ടെക്നീഷ്യന്മാര് തുടങ്ങിയവരെല്ലാം ഒരു കരാറില്‍ ഏര്‍പ്പെട്ടു കൊണ്ട് അവരുടെ സേവന വേതന വ്യവസ്ഥകള്‍ നിശ്ചയിച്ച് പ്രവര്‍ത്തിച്ചുവരികയാണ്. ഒരു കോര്‍പ്പറേറ്റ് നിയമപ്രകാരം രൂപീകരിക്കപ്പെട്ട കമ്പനിയോ ഒരു കൂട്ടം വ്യക്തികളോ ഒരു വ്യക്തിയോ ആണ് സിനിമാ നിര്‍മാണം നടത്തുന്നത്. ആ നിര്‍മ്മാതാവ് സിനിമയുടെ കഥ മുതല്‍ എല്ലാ തൊഴിലെടുക്കുന്നവര്‍ വരെയുള്ളവരുടെ മൂല്യശേഷിയെ പണം കൊടുത്തു വാങ്ങുകയാണ്.
അഭിനയിച്ച നടീനടന്മാരുടെയോ കഥ, തിരക്കഥ, സംഭാഷണം , സംഗീതം തുടങ്ങിയവ എഴുതിയവരുടെയോ സംവിധായകന്റെയോ ഛായാഗ്രാഹകന്റെയോ സംയോജകന്റെയോ അല്ല ആ സിനിമ എന്ന ഉല്‍പ്പന്നം. അതേസമയം തന്നെ മേല്‍ പറഞ്ഞവരുടെ ഐഡന്റിറ്റി സിനിമയില്‍ കൃത്യമായി തന്നെ ഉണ്ടാകുന്നുമുണ്ട്. ഇത്തരത്തില്‍ സങ്കീര്‍ണമാണ് സിനിമ എന്ന ജനപ്രിയ കലാരൂപം. സിനിമാ വ്യവസായത്തിലെ തൊഴിലിടം ഓരോ സീനുകള്‍ക്ക് അനുസരിച്ച് മാറിക്കൊണ്ടിരിക്കും.
മലനിരകളിലോ താഴ്വാരങ്ങളിലോ ആഴക്കടലിലോ ഉത്സവപ്പറമ്പുകളിലോ
കുളിമുറിയിലോ ഓടുന്ന വാഹനങ്ങളിലോ എവിടെയും സിനിമ ഉണ്ടാകുന്നു. കണിശമായ ഒരു തൊഴിലിടം സിനിമയില്‍ ഇല്ല. അത് മാറിക്കൊണ്ടേയിരിക്കുന്നു. സിനിമ ലൊക്കേഷനിലേക്ക് വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ മുതല്‍ അതിനാല്‍ ഒരു അഭിനേത്രി തന്റെ തൊഴിലിടത്തിലാണ് അവരുടെ തൊഴില്‍ അവകാശങ്ങള്‍ അപ്പോള്‍ മുതല്‍ തുടങ്ങി അവര്‍ സിനിമയുടെ എല്ലാ ജോലിയും കഴിഞ്ഞ് വീടണയുന്നത് വരെയാകുന്നു. പ്രശസ്ത സിനിമാ നടി വീട്ടില്‍ നിന്നും പുറപ്പെട്ട് ഡബ്ബിങ് സ്റ്റുഡിയോയിലേക്ക് പോകുന്ന വഴിയിലാണ് ക്രൂരമായി അതിക്രമിക്കപ്പെടുന്നത്.
ഒരു തൊഴില്‍ നിയമവും ആ അഭിനേത്രിയെ സഹായിക്കാന്‍ ഉതകിയില്ല എന്നത് നിയമത്തിന്റെ വലിയ ന്യൂനതയായി കാണേണ്ടതുണ്ട്. ലോക്ഡൗണ്‍ സമയത്ത് കാസ്റ്റിംഗ് കോളിന് പോയി ഹോട്ടല്‍മുറിയില്‍ തടവിലാക്കപ്പെട്ട പെണ്‍കുട്ടികളും സിനിമയില്‍ അവസരം തേടി ഓഡീഷനും മറ്റും പോകുന്നവരും നിര്‍മാതാവിനും സംവിധായകനും ഫോട്ടോയും വീഡിയോയും അയക്കുന്നവരും ആരും സംരക്ഷിക്കപ്പെടുന്നില്ല. അവരുടെ നേരെ ഉണ്ടാകുന്ന അക്രമങ്ങളെ സംബോധന ചെയ്യുന്ന നിയമങ്ങളിലും ഒരു നടിയെ/നടനെ സിനിമാ മേഖലയില്‍ നിന്നും ഊരുവിലക്ക് നടത്തി അവസര നിഷേധം നടത്തുന്ന പ്രവണതയും ധാരാളം കാണുന്നുണ്ട്. ഇത്തരം പ്രവൃത്തികളെ ചോദ്യം ചെയ്യാനോ തൊഴില്‍ സംരക്ഷണം ഉറപ്പുവരുത്തുന്നതിനോ
തൊഴിലാളി സംഘടനകള്‍ക്കായിട്ടില്ല. കേവലം ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത ഒരു സംഘടന മാത്രമാണ് അഭിനേതാക്കളുടെതായി നിലവിലുള്ളത്. ആ സംഘടനയും സിനിമയുടെ മറ്റു ടെക്നിക്കല്‍ മേഖലയിലെ സംഘടനയും നിര്‍മ്മാതാക്കളുടെ സംഘടനയും വിതരണക്കാരുടെ സംഘടനയും പ്രദര്‍ശന തീയേറ്ററുടമകളുടെ സംഘടനയും സജീവമായിത്തന്നെ ഉണ്ടെങ്കിലും ഇതില്‍ ഒരു സംഘടനയും അഭിനേതാക്കളുടെ തൊഴില്‍ സംരക്ഷണത്തിനായി നിലകൊള്ളുന്നില്ല. പ്രത്യേകരീതിയിലുള്ള മാഫിയാവല്‍ക്കരണം സിനിമാ മേഖലയില്‍ നടക്കുന്നുണ്ട് എന്ന ആരോപണം തള്ളിക്കളയേണ്ടതല്ല.
തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ സര്‍ക്കാറുകളുടെ ഭരണഘടനാപരമായ ഉത്തരവാദിത്വമാണ്. സ്ത്രീ സൗഹൃദ പരമായ തൊഴില്‍ പരിതസ്ഥിതി അവരുടെ സ്വതന്ത്രമായ കലാപ്രകടനത്തിനും ഏറ്റവും ശ്രേഷ്ഠമായ അഭിനയ മുഹൂര്‍ത്തങ്ങള്‍ക്കും വഴിയൊരുക്കും. എന്നാല്‍ സിനിമാവ്യവസായം സ്ത്രീസൗഹൃദപരമല്ല. ഒട്ടുംതന്നെ സുതാര്യവുമല്ല. ഈ മേഖലയില്‍ ധാരാളം ചൂഷണങ്ങള്‍ നടക്കുന്നുണ്ടെങ്കിലും പരാതിപ്പെടുന്നവര്‍ അപൂര്‍വ്വമാണ്. അതിജീവനത്തിന് കഴിയാത്തവര്‍ തൊഴില്‍മേഖല ഉപേക്ഷിക്കുകയോ ജീവിതം വെടിയുകയോ ചെയ്തിട്ടുണ്ട്.
തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുന്നതിനാണ് 2013ല്‍ കേന്ദ്രസര്‍ക്കാര്‍ The Sexual Haramsset of Women to Work Place Act എന്ന നിയമം കൊണ്ടുവന്നിട്ടുള്ളത്.
ഈ നിയമത്തില്‍ 2(a) aggrieved woman എന്നാല്‍ 1)ഒരു തൊഴിലിടവുമായി ബന്ധപ്പെട്ട് തൊഴിലെടുക്കുന്നവളോ അല്ലാത്തതോ ആയ ഏതു പ്രായത്തിലുള്ള ഒരു സ്ത്രീ എതിര്‍കക്ഷിയാല്‍ ലൈംഗികാതിക്രമത്തിന് വിധേയമാകുമ്പോള്‍, 2) ഒരു താമസസ്ഥലം അല്ലെങ്കില്‍ വീടുമായി ബന്ധപ്പെട്ട് ആ ഇടത്തില്‍ ജോലി ചെയ്യുന്ന ഏതു പ്രായത്തിലുള്ള ഒരു സ്ത്രീ എന്നാണ്. രണ്ടാം വകുപ്പിലെ ( a)(1) പ്രകാരം അവരുടെ കൂടെയുള്ളതോ അല്ലാത്തതോ ആയ ഒരു സ്ത്രീ എന്നാണ്. അതുപോലെ തന്നെ രണ്ടാം വകുപ്പ് പ്രകാരം വര്‍ക്ക് പ്ലേസ് തൊഴിലിടത്തിന്റെ നിര്‍വചനത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. (1) സര്‍ക്കാരിന്റെയോ പ്രാദേശിക അധികാര സ്ഥാപനത്തിന്റെയോ സര്‍ക്കാര്‍ കമ്പനിയുടെയോ കോര്‍പ്പറേഷന്റെയോ കോര്‍പ്പറേറ്റ് സൊസൈറ്റി സ്ഥാപിച്ചതോ, ഉടമസ്ഥതയില്‍ ഉള്ളതോ നിയന്ത്രിക്കുന്നതോ അല്ലെങ്കില്‍ മുഴുവനായോ ഭാഗികമായോ ഫണ്ടുകള്‍ മുഖേന ധനസഹായം നല്കുന്നതോ ആയ ഏതെങ്കിലും വകുപ്പുകളോ സംഘടനകളോ ഏറ്റെടുത്ത സ്ഥാപനങ്ങളോ ഓഫീസോ ബ്രാഞ്ചോ യൂണിറ്റോ എന്നും. ഏതെങ്കിലും സ്വകാര്യമേഖല സംഘടനയോ സ്വകാര്യ സംരംഭമോ അണ്ടര്ടേക്കിങ്ങോ എന്റര്‍പ്രൈസസോ സ്ഥാപനമോ എസ്റ്റാബ്ലിഷ്മെന്റോ സൊസൈറ്റിയോ ഗവണ്മെന്റ് ഇതര സംഘടനകളോ യൂണിറ്റോ സേവനദാതാവോ വാണിജ്യപരമായതോ പ്രൊഫഷണലോ വൊക്കേഷണലോ വിദ്യാഭ്യാസപരമോ വിനോദപരമോ വ്യവസായികമോ ആരോഗ്യ സേവനങ്ങളോ ധനകാര്യപ്രവര്ത്തികളോ നടത്തുന്നതില്‍ ഉല്പാദനം, വിതരണം , വില്‍പ്പന , സേവനം എന്നിവ ഉള്‍പ്പെടുന്നു . 3) അസംഘടിത മേഖലയിലെ തൊഴിലിടം എന്നാല്‍ വ്യക്തിയുടെയോ സ്വയം തൊഴില്‍ ചെയ്യുന്നവരുടെയോ ഉടമസ്ഥതയിലുള്ള ഒരു എന്റര്‍പ്രൈസസില്‍ ഉല്പാദനമോ വില്പനയോ ഏതെങ്കിലും വിധത്തിലുള്ള സേവനം നല്‍കുകയോ ചെയ്യുന്ന . തൊഴിലാളികളെ തൊഴിലെടുക്കുന്നയിടം പത്തില്‍ കുറവ് തൊഴിലാളികളാണെങ്കിലും എന്നിങ്ങനെ നിര്‍വചിച്ചിരിക്കുന്നു. ഈ നിര്‍വചനമനുസരിച്ച് ക്ഷേമകാര്യത്തിനായി പ്രവര്‍ത്തിക്കുന്ന ട്രസ്റ്റും സൊസൈറ്റിയും സംഘടനകളും എല്ലാം തന്നെ തൊഴിലിടം എന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടുന്നു.
ഉദാഹരണമായി മലയാള സിനിമാ മേഖലയിലെ അഭിനേതാക്കളുടെ സംഘടനയായ Association of Malayalam Movie Artists അഭിനേതാക്കളുടെ ക്ഷേമ കാര്യങ്ങള്‍ക്ക് വേണ്ടിയാണ് രൂപീകൃതമായിട്ടുള്ളതെങ്കിലും ഈ സംഘടന പലപരിപാടികള് നടത്തുകയും അതില്‍ ധാരാളം അഭിനേതാക്കള്‍ പങ്കെടുക്കുകയും ചെയ്തു വരുന്നു. സിനിമാ നിര്‍മ്മാണം നടത്തുന്നത് ഒരു കമ്പനിയോ വ്യക്തിയോ വ്യക്തികളോ ആയിരിക്കെ അവര്‍ മാത്രമാണ് തൊഴില്‍ദാതാക്കള്‍ എന്നും സിനിമയില്‍ തൊഴിലെടുക്കുന്ന ഒരു സ്ത്രീയുടെ നേരെ ലൈംഗിക അതിക്രമം നടന്നാല്‍ (തൊഴിലെടുക്കുന്ന സമയങ്ങളിലും സ്ഥലത്തും വെച്ച്) അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം നിര്‍മ്മാതാവിന് മാത്രമാണ് എന്നാണ് പൊതുവേ കരുതിയിരിക്കുന്നത്. എന്നാല്‍ 2(ജി) വകുപ്പ് പ്രകാരം എംപ്ലോയീസ് അഥവാ തൊഴില്‍ ദാതാവിനെ നിര്‍വചിച്ചിരിക്കുന്നു. തൊഴില്‍ദാതാവ് എന്നാല്‍ ഏതെങ്കിലും വകുപ്പുകള്‍ സംഘടനകള്‍, ഉദ്യമം, സ്ഥാപനം, സംരംഭം , സ്ഥാപനം , ഓഫീസ് , ശാഖ, ഘടകം അല്ലെങ്കില്‍ സര്‍ക്കാരോ പ്രാദേശിക സര്‍ക്കാരോ ഒരു ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്ന ഒരു ഉദ്യോഗസ്ഥനോ 2) സബ് ക്ലോസില്‍ പരാമര്‍ശിക്കാത്ത തൊഴിലിടം എങ്കില്‍ ഒരു തൊഴിലിടത്തിലെ മാനേജ്മെന്റോ സൂപ്പര്‍വിഷനോ നിയന്ത്രണത്തിനോ ഉത്തരവാദിത്തപ്പെട്ടയാള്‍ എന്നും. മാനേജ്മെന്റ് എന്നാല്‍ ഒരു സംഘടന രൂപീകരണത്തിനോ ഭരണത്തിനോ ഉത്തരവാദിത്തപ്പെട്ട ഒരു വ്യക്തിയോ ബോര്‍ഡോ കമ്മിറ്റിയോ എന്നത് ഉള്‍പ്പെടുന്നു .
POSH നിയമത്തില്‍ രണ്ടാം വകുപ്പില്‍ തൊഴിലിടം , തൊഴില്‍ദാതാവ് അതിക്രമി പ്പെട്ട സ്ത്രീ എന്നിവ കൃത്യമായി നിര്‍വചിച്ചിരിക്കുന്നു. ഈ നിര്‍വചനങ്ങള്‍ പ്രകാരം അസോസിയേഷന് ഓഫ് മലയാളം മൂവി.ആര്‍ട്ടിസ്റ്റസ് എന്ന സംഘടനയും ഇതെ തരത്തില്‍ രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിച്ചുവരുന്ന ഏതൊരു സംഘടനയും ട്രേഡ് യൂണിയനുകളും എല്ലാം തന്നെ തൊഴില്‍ ദാതാവ് എന്ന നിര്‍വചനത്തില്‍ വരുന്നതിനാല്‍ ഈ POSH ആക്ട് സ്ത്രീ അഭിനേതാക്കളുടെ സംരക്ഷണത്തിനായി നിയമാനുസരണം പ്രവര്‍ത്തിക്കേണ്ടതും അവരുടെ തൊഴിലിടങ്ങളില്‍ സംഭവിക്കുന്ന എല്ലാവിധ ലൈംഗികവും അല്ലാത്തതുമായ അതിക്രമങ്ങളില്‍ പരാതിപ്പെടാന്‍ ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റി രൂപീകരിക്കേണ്ടതുമാണ്.
ഈ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഈ സംഘടനകളെ നിയമവിധേയമാക്കാന്‍ സാധിക്കുന്നത് . മാത്രമല്ല സിനിമാ മേഖലയെ നിയന്ത്രിക്കുന്നതിനായി ഒരു റെഗുലേറ്ററി അതോറിറ്റി രൂപീകൃതമാകേണ്ടതും അനിവാര്യമാണ്. സിനിമ, സീരിയല്‍ തുടങ്ങിയ പെര്‍ഫോര്‍മന്‍സ് കലകളെ തങ്ങളുടെ പ്രൊഫഷന് ആയി സ്വീകരിക്കുന്നവര്‍ക്ക് എല്ലാവിധ തൊഴില്‍ അവകാശങ്ങളും ലഭ്യമാക്കേണ്ടത് സര്‍ക്കാറിന്റെ ഉത്തരവാദിത്വമാണ്.
സിനിമാമേഖലയില്‍ നടന്ന ചൂഷണങ്ങളെ പഠിക്കാനായി രൂപീകരിച്ച് പ്രവര്‍ത്തിച്ച ജസ്റ്റിസ് ഹേമ കമ്മീഷന് റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിക്കപ്പെട്ടിട്ടും നാളിതുവരെ റിപ്പോര്ട്ടിന്മേല് നടപടികളെടുക്കുകയോ റിപ്പോര്‍ട്ട് നിയമസഭയിലോ സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കുന്നതിനായി രൂപീകൃതമായ നിയമസഭ കമ്മിറ്റിയിലോ വയ്ക്കുകയോ ജനങ്ങള്‍ക്ക് ലഭ്യമാകുന്ന രീതിയില്‍ പബ്ലിക് ഡോക്യുമെന്റാക്കുകയോ ചെയ്തിട്ടില്ല എന്നതും ഈ കാര്യത്തില്‍ സര്‍ക്കാര്‍ കാണിക്കുന്ന ഉദാസീനതയാണ്. സിനിമാമേഖലയിലെ ചൂഷണങ്ങള്‍ അതിക്രമങ്ങള്‍ പെരുകിക്കൊണ്ടിരിക്കുന്ന മാഫിയ വല്‍ക്കരണം ഏറ്റവും ദോഷകരമായി ബാധിക്കുന്നത് സ്ത്രീകളെയാണ്. ഭരണഘടന ഉറപ്പുനല്‍കുന്ന സമത്വം, തൊഴിലിടങ്ങളിലെ സംരക്ഷണം, വിവേചനമില്ലായ്മ എല്ലാം കാറ്റില്‍പറത്തി ഒരു കൂട്ടം വ്യക്തികളുടെ നിയന്ത്രണത്തില്‍ ഒതുക്കുന്ന സിനിമ വ്യവസായ കുത്തകവത്ക്കരണത്തെ ഒരു കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അനുവദിക്കരുത് . അത് തികഞ്ഞ നീതിനിഷേധമാണ്.
(കേരള ഹൈക്കോടതിയില്‍ അഭിഭാഷകയാണ്)
COMMENTS