എന്തിനാണ് ഇത്രയും പെണ്ണുങ്ങള്‍ കോവിഡ് കാലത്തും ആത്മഹത്യ ചെയ്യുന്നത്? സ്ത്രീധനം കാരണമാണ് എന്ന് ഊന്നിപ്പറയുന്നവരോട് പറയാനുണ്ട് ഏറെ.പെണ്ണ് ജനിക്കുന്നതും വളരുന്നതും എല്ലാ വീട്ടുകാരേയും ഏറെ ഭയപ്പെടുത്തുന്നുണ്ട്. എപ്പോള്‍ വേണമെങ്കിലും എവിടെ വെച്ചു വേണമെങ്കിലും പീഡിപ്പിക്കപെടാനുള്ള സാധ്യതയും പീഡിപ്പിക്കുന്നവര്‍ക്ക് ഞെളിഞ്ഞ് നടക്കാനുള്ള സാഹചര്യവും ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ ഉണ്ടല്ലോ. പെണ്ണ് ജനിക്കുമ്പോള്‍ തന്നെ അവളെ പഠിപ്പിക്കേണ്ടത് പ്രതിരോധം തീര്‍ക്കുവാനാണ്, എതിര്‍ക്കാനാണ്. പഠിച്ച് ഉദ്യോഗം മേടിക്കുന്നതിനേക്കാള്‍ പ്രാധാന്യം പൊരുതി ജീവിക്കുന്നതിനാണ് എന്ന് പഠിപ്പിക്കണം. സ്ത്രീധനം വേണ്ട എന്നു പറയുന്നവരും വേണ്ട എന്നു പറഞ്ഞ് ആസ്തിയുള്ള വീട്ടില്‍ നിന്ന് പെണ്ണുകെട്ടുന്നവരും സ്ത്രീകളെ ബഹുമാനിക്കുന്നവരായിരിക്കും എന്നു കരുതാനാവില്ല.
നമുക്ക് പെണ്‍കുട്ടികളെ വളര്‍ത്തുന്നതില്‍ മാത്രമല്ല ഉത്തരവാദിത്തമുള്ളത്. ആണ്‍ കുട്ടികളെ മൂല്യബോധത്തോടെ വളര്‍ത്തുന്നതിലും ഉണ്ട് എന്ന ഓര്‍മ്മ വേണം. വലിയ ജോലിയും ശമ്പളവും മാത്രം ലക്ഷ്യം വെച്ചു വളര്‍ത്തിക്കൊണ്ടു വരുന്ന ആണ്‍കുട്ടികള്‍ക്ക് മനുഷ്യനും പ്ര കൃതിയും എല്ലാം ഇരകളാക്കപ്പെടേണ്ടവര്‍ മാത്രം. പെണ്ണിനെ ഒരിക്കലും തന്‍റെ ഒപ്പം നിര്‍ത്താന്‍ അവന്‍ ആഗ്രഹിക്കുന്നില്ല അവന്‍ അങ്ങനെ കണ്ടിട്ടില്ല, എവിടെ തിരഞ്ഞാലും ഒരു മാതൃക കിട്ടില്ല.
ഭര്‍ത്താവിന്‍റെ വീട്ടില്‍ പോയാല്‍ പാലിക്കേണ്ട മര്യാദകളെക്കുറിച്ച് പഠിപ്പിക്കുന്നതിനു പകരം അടിക്ക് തിരിച്ചടിയും തെറിക്ക് മുറിപ്പത്തലും പഠിപ്പിച്ചിരുന്നെങ്കില്‍ ഇക്കാലത്ത് ഇത്രയും പെണ്‍കുട്ടികള്‍ മരിക്കില്ലായിരുന്നു. സ്വതന്ത്രയായി നടക്കുന്ന പെണ്‍കുട്ടികള്‍ പോലും വിവാഹപ്പന്തലില്‍ കുനിഞ്ഞു പോകുന്ന ശിരസ് പിന്നീടൊരിക്കല്‍ ഉയര്‍ ത്താനാവാത്ത വിധം അടിമ ബോധം കുത്തിവെച്ചാണ് നമ്മള്‍ പറഞ്ഞു വിടുന്നത്. അതു കൊണ്ട് അല്ലയോ പെണ്‍കുട്ടികളേ, സ്ത്രീധനം വേണ്ടാ എന്നു പറയുന്നവരെ അല്ല, തന്‍റെ വ്യക്തിത്വത്തെ ബഹുമാനിക്കുന്നവരേയാണ് നിങ്ങള്‍ സ്വീകരിക്കേണ്ടതെന്ന് ഞാന്‍ പറയും. ഭര്‍ത്താവിന്‍റെ വീട്ടില്‍ വെച്ച് എപ്പോള്‍ സ്വാതന്ത്ര്യം നഷ്ടമാവുന്നുവോ അപ്പോള്‍ തീരുമാനങ്ങള്‍ നിങ്ങള്‍ തന്നെ എടുക്കണം. ഈ കോവിഡ് കാലത്തും അല്ലാത്തപ്പോഴും ജീവിച്ചിരിക്കുക എന്നതു തന്നെയാണു് പ്രധാനം
ഡോ.ജാന്‍സി ജോസ്
COMMENTS