തിയ്യ, ഈഴവ മാതൃദായക്രമം വലിയ തോതില്‍ അവഗണിക്കുന്ന കേരളത്തിലെ മാതൃദായക്രമത്തെ കുറിച്ചുള്ള പഠനങ്ങളെ ഈ ലേഖനം വിമര്‍ശനാത്മകമായി നോക്കുകയും, അനന്തരാവകാശം നിയമവിധേയമാക്കുന്നതിനെക്കുറിച്ചുള്ള വ്യവഹാരങ്ങളില്‍ ഇരു സമുദായങ്ങളിലെയും പുരുഷന്മാരും സ്ത്രീകളും ഏര്‍പ്പെട്ടിരുന്ന രീതികളും ചര്‍ച്ചചെയ്യുന്നു. കേരളത്തില്‍ നിലവിലുള്ള മാതൃദായക്രമത്തെ കുറിച്ചുള്ള മിക്ക പഠനങ്ങളും നായര്‍ മാതൃദായക്രമവുമായി ബന്ധപ്പെട്ടതാണ്. ഗൗ (1951), ഉണ്ണി (1958), പുത്തന്‍കാലം (1977), ജെഫറി (2004) തുടങ്ങി നിരവധി സാമൂഹിക നരവംശശാസ്ത്രജ്ഞരും സാമൂഹ്യശാസ്ത്രജ്ഞരും ഇത് empirical ആയി പഠിച്ചിട്ടുണ്ട്. പി വി ബാലകൃഷ്ണന്‍ (1981), രഞ്ജിനി (2000), കോടോത്ത് (2001), അരുണിമ (2003) മുതലായ ഗവേഷകര്‍ നായര്‍ മാതൃദായത്തെകുറിച്ചാണ് പ്രധാനമായും പഠനങ്ങള്‍ നടത്തിയിട്ടുള്ളത്, അവരില്‍ ഭൂരിഭാഗവും മലബാറിലെ മാതൃദായക്രമത്തെകുറിച്ചാണ് കൈകാര്യം ചെയ്യുന്നത്.മീര വേലായുധന്‍ (2008), അയ്യപ്പന്‍ (1944), ജെഫ്രി (2004) എന്നിവര്‍ തിയ്യരും ഈഴവരും തമ്മില്‍ ഉള്ള വ്യത്യാസത്തെ കുറിക്കാതെ ഈഴവര്‍ക്കിടയിലെ മാതൃദായക്രമത്തെക്കുറിച്ച് പഠിച്ചിട്ടുണ്ട്. എന്നിരുന്നാലും വിവാഹ സമ്പ്രദായങ്ങളുമായി ബന്ധപ്പെട്ട് തിയ്യരും ഈഴവനും തമ്മില്‍ പ്രാദേശികമായ വ്യത്യാസങ്ങളുണ്ടെന്ന് റോബിന്‍ ജെഫ്രി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. തിയ്യ സ്ത്രീകളുടെ പദവിയെക്കുറിച്ചു ശ്രദ്ധേയമായ പഠനങ്ങള്‍ ഇല്ലെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട്, വടക്കന്‍ മലബാറില്‍ 19 -ആം നൂറ്റാണ്ടിന്‍റെ അവസാനത്തിലും 20 -ആം നൂറ്റാണ്ടിന്‍റെ തുടക്കത്തിലും മാതൃദായക്രമത്തിലുള്ള തിയ്യ സ്ത്രീകളുടെ യഥാര്‍ത്ഥ നിലയും സമഗ്രമായ കൊളോണിയലിസവും പിതൃദായക്രമവും അതെങ്ങനെ മാറ്റിമറിച്ചു എന്നും കണ്ടെത്താന്‍ മഞ്ജുളയുടെ പഠനം ശ്രമിക്കുന്നു. മാതൃദായക്രമത്തിലെ സ്ത്രീകളുടെ പദവിയുടെ വിരോധാഭാസം അവര്‍ ചൂണ്ടിക്കാണിക്കുന്നു. ഒരു വശത്ത് മാതൃദായക്രമത്തില്‍ തിയ്യ സ്ത്രീകളെ ആചാരങ്ങളിലൂടെയും ആഘോഷങ്ങളിലൂടെയും ആദരിച്ചിരുന്നു, മറുവശത്ത് അവര്‍ക്ക് സ്വത്തില്‍ യാതൊരു അവകാശവുമില്ല എന്നും രേഖപ്പെടുത്തുന്നതോടൊപ്പം കൊളോണിയലിസവും ഇംഗ്ലീഷ് വിദ്യാഭ്യാസവും വടക്കേ മലബാറിലെ തിയ്യ സ്ത്രീകളുടെ ജീവിതത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തി എന്നും അവര്‍ വാദിക്കുന്നു. കൂടാതെ ബ്രിട്ടീഷ് ഭരണത്തിന് മുമ്പും ശേഷവും മാതൃദായക്രമത്തിലുള്ള തിയ്യ സ്ത്രീകളുടെ പദവിയെക്കുറിച്ചും അവര്‍ പഠിച്ചിട്ടുണ്ട്. അവരുടെ ഗവേഷണം തീയ്യ മാതൃദായക്രമവുമായി ബന്ധപ്പെട്ടതാണെങ്കിലും, മാതൃദദായക്രമത്തിലുണ്ടായിരുന്ന തിയ്യ സ്ത്രീകള്‍ക്ക് സ്വത്തില്‍ യാതൊരു അവകാശവുമില്ലെന്ന അവരുടെ വാദത്തെ പരിശോധിക്കേണ്ടതുണ്ട്. ജാനകി എബ്രഹാമിന്‍റെ തിയ്യരുടെ ഇടയിലുണ്ടായിരുന്ന മാതൃദായക്രമത്തെ കുറിച്ചുള്ള ethnography പഠനം (വംശീയ പഠനം) പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നു. ലിംഗഭേദവും ജാതിയും സംബന്ധിച്ച പഠനത്തിനും ഇന്ത്യയിലെ മാതൃദായക്രമങ്ങളെ കുറിച്ചുള്ള പഠനങ്ങള്‍ക്കും ഒരു നിര്‍ണായക ചട്ടക്കൂട് നല്‍കാനുള്ള ശ്രമമാണ് അവരുടെ പഠനം എന്ന് എന്നവര്‍ വാദിക്കുന്നു. ജാതി അതിരുകള്‍ സാമൂഹികമായും ചരിത്രപരമായും രൂപപ്പെട്ടതാണെന്നും ജാതിയും ദായക്രമങ്ങളും പരസ്പരം രൂപപ്പെടുന്ന രീതിയും പര്യവേക്ഷണം ചെയ്യുന്നുവെന്നും അവര്‍ വാദിക്കുന്നു. ഈ ലേഖനത്തിലൂടെ ഞാന്‍ തിയ്യരുടെയും ഈഴവരുടെയും പിതൃദായക്രമത്തിലേക്കുള്ള പരിവര്‍ത്തന പ്രക്രിയ പരിശോധിക്കുകയും ജാതിയുടെയും സമുദായത്തിന്‍റെയും പ്രശ്നത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും.
തിയ്യരുടെയും ഈഴവരുടെയും മാതൃദായക്രമം
പത്മനാഭ മേനോന്‍, കെ കെ പിള്ള, ജെഫ്രി, ഇളംകുളം എന്നിവര്‍ വാദിക്കുന്നത് മരുമക്കത്തായ സമ്പ്രദായം അഥവാ മാതൃദായക്രമം കേരളത്തില്‍ 11 -ആം നൂറ്റാണ്ടില്‍ ഉത്ഭവിച്ചതാണെന്നും എന്നാല്‍ പി.വി ബാലകൃഷ്ണനെപ്പോലുള്ളവര്‍ അഭിപ്രായപ്പെടുന്നത് ഇത് മലബാറിന്‍റെ മണ്ണില്‍ നിന്നാണ് ഉടലെടുത്തത് എന്നാണ്. ഈ പഠനങ്ങളില്‍ ഭൂരിഭാഗവും ഇത് നായര്‍ സമുദായത്തില്‍ നിന്നാണ് ഉത്ഭവിച്ചത് എന്ന അനുമാനത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. അത്തരം അനുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ കേരളത്തിലെ മറ്റ് സമുദായങ്ങള്‍ മാതൃദായ ക്രമം പിന്തുടര്‍ന്നത് അവരെ അനുകരിച്ചുകൊണ്ട് മാത്രമാണ് എന്നുള്ള വാദങ്ങളും ഉണ്ട്. കേരളത്തിലെ മാതൃദായക്രമത്തിന്‍റെ ഉത്ഭവം ഇപ്പോഴും ചര്‍ച്ചാവിഷയമായതിനാല്‍, അത് എവിടെ, ഏത് സമുദായത്തില്‍ നിന്നാണ് ഉത്ഭവിച്ചത് എന്നതിനെക്കുറിച്ച് ഒരു നിഗമനത്തിലും എത്തിച്ചേരാനാകില്ല. എന്നിരുന്നാലും, മിക്കപ്പോഴും സമുദായങ്ങള്‍ അവര്‍ പിന്തുടരുന്ന അനന്തരാവകാശ സമ്പ്രദായത്താല്‍ തിരിച്ചറിയപ്പെടുന്നു. ഉദാഹരണത്തിനു തിരുവിതാംകൂര്‍ സംസ്ഥാന മാനുവലില്‍, വേലു പിള്ള പറയുന്നത് പാരമ്പര്യത്തെ സംബന്ധിച്ചിടത്തോളം, വ്യത്യസ്ത സമുദായങ്ങളെ അവര്‍ പിന്തുടരുന്ന സമ്പ്രദായം പിതൃദായമോ മാതൃദായമോ അല്ലെങ്കില്‍ രണ്ടിന്‍റെയും മിശ്രിതമോ ആയി തരംതിരിക്കാം. 1931 -ല്‍ നടത്തിയ അവസാന സെന്‍സസില്‍, 3,134,888 വ്യക്തികളില്‍ 882,163 പേര്‍ മക്കത്തായികളും 925,902 മരുമക്കത്തായിമാരും 1,328,821 സമ്മിശ്ര അല്ലെങ്കില്‍ സംശയാസ്പദമായ സംവിധാനത്തിന്‍റെ അനുയായികളാണ് എന്നാണ് (421).
കേരളത്തിലെ ജനസംഖ്യയുടെ പകുതിയോളം മാതൃദായക്രമത്തിലുള്ളവരാണെന്നു വാദിക്കാന്‍ , ജെഫ്രി 1891 ലെ തിരുവിതാംകൂര്‍ സെന്‍സസ് റിപ്പോര്‍ട്ട് ഉദ്ധരിക്കുന്നു, അതില്‍ 530,000 കുടുംബങ്ങളെ കണക്കാക്കി, അതില്‍ 56 ശതമാനം മാതൃദായക്രമം പിന്‍തുടരുന്നതായും 44 ശതമാനം പിതൃദായക്രമം പിന്തുടരുന്നതായും രേഖപ്പെടുത്തുന്നു(Legacies 649). എന്നിരുന്നാലും, ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം, വളരെ പിന്നീട് 1940 -ല്‍ പ്രസിദ്ധീകരിച്ച തിരുവിതാംകൂര്‍ സ്റ്റേറ്റ് മാനുവലില്‍, സമ്മിശ്രമായ അല്ലെങ്കില്‍ സംശയാസ്പദമായ ഒരു സമ്പ്രദായം പിന്തുടരുന്ന ഒരു പുതിയ വിഭാഗം നമുക്ക് കാണാം. തുടക്കത്തില്‍ മാതൃസമ്പ്രദായത്തില്‍ പെടുകയും ക്രമേണ പിതൃദായക്രമത്തിലേക്കു മാറുകയും ചെയ്ത ഗ്രൂപ്പായിരിക്കാം ഇത്. കേരളത്തിലെ മാതൃദായക്രമം പിന്തുടരുന്ന സമുദായങ്ങളെ പുത്തന്‍കാലം അടയാളപ്പെടുത്തിയിട്ടുണ്ട് .
കൂടാതെ വടക്കന്‍ കേരളത്തിലെ മിക്കവാറും എല്ലാ ജാതികളും മാതൃദായക്രമം പിന്തുടര്‍ന്നതായും ഇദ്ദേഹം ചൂണ്ടിക്കാണിക്കുന്നു (പുത്തന്‍കലം). തെക്കന്‍ കേരളത്തിലും വടക്കന്‍ കേരളത്തിലും അനന്തരാവകാശം സംബന്ധിച്ച കടുത്ത വ്യത്യാസം രണ്ട് പ്രദേശങ്ങളിലെയും അനന്തരാവകാശ നിയമനിര്‍മ്മാണത്തിലും ഭേദഗതിയിലും പ്രതിഫലിച്ചിട്ടുണ്ട്. എന്നാല്‍ തിയ്യര്‍ക്കും ഈഴവര്‍ക്കുമിടയില്‍ അനന്തരാവകാശ നിയമം പ്രാബല്യത്തില്‍ വരുന്നതിനെക്കുറിച്ചുള്ള വ്യവഹാരങ്ങളില്‍ അവര്‍ പിന്തുടരുന്ന പാരമ്പര്യ സമ്പ്രദായത്തിന്‍റെ സങ്കീര്‍ണ്ണതകളെ പ്രതിഫലിപ്പിച്ചിട്ടില്ല. അതിലേക്ക് പോകുന്നതിനുമുമ്പ്, തിയ്യര്‍ക്കും ഈഴവര്‍ക്കുമിടയിലുള്ള സങ്കീര്‍ണ്ണമായ പാരമ്പര്യ സമ്പ്രദായത്തെക്കുറിച്ചുള്ള വ്യത്യസ്ത അഭിപ്രായം നോക്കാം. ലോഗന്‍റെ അഭിപ്രായത്തില്‍, വടക്കേ മലബാറിലെ തിയ്യര്‍ മാതൃദായ ക്രമം പിന്തുടര്‍ന്നപ്പോള്‍, ദക്ഷിണ മലബാറിലെ തിയ്യര്‍ പിതൃദായക്രമം പിന്തുടര്‍ന്നു (മലബാര്‍ മാനുവല്‍ 115). എഡ്ഗര്‍ തുര്‍സ്റ്റണ്‍ ഇതേ അഭിപ്രായം പങ്കുവെക്കുന്നു. അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ തെക്കന്‍ മലബാര്‍ തീയ്യരുടെ അവകാശം പുരഷന്മാരിലൂടെയും വടക്കന്‍ മലബാര്‍ തീയ്യരുടെ അവകാശം സ്ത്രീകളിലൂടെയുമാണ്. തിയ്യരും ഈഴവരും തമ്മിലുള്ള വ്യത്യാസം രേഖപ്പെടുത്താതെ രാജേന്ദ്രന്‍ വാദിക്കുന്നത് നോക്കാം:
‘വടക്കേ മലബാര്‍, കാസര്‍കോട്, കൊച്ചി, തിരുവിതാംകൂര്‍ എന്നിവിടങ്ങളിലെ ഈഴവര്‍ക്കിടയില്‍ മരുമക്കത്തായം അഥവാ മാതൃദായ സമ്പ്രദായം നിലവിലുണ്ടായിരുന്നു. അതേസമയം, ദക്ഷിണ മലബാര്‍, കൊച്ചി സംസ്ഥാനത്തിന്‍റെ വടക്കന്‍ ഭാഗം, തിരുവിതാംകൂറിന്‍റെ ചില ഭാഗംഎന്നിവിടങ്ങളില്‍ മക്കത്തായം അവര്‍ പിന്തുടര്‍ന്നു. സൗത്ത് ക്വിലോണിലെ ഈഴവര്‍, രണ്ട് സംവിധാനങ്ങളും പിന്തുടര്‍ന്നു(27).’
തിരുവിതാംകൂര്‍ സംസ്ഥാന മാനുവല്‍ കുറിപ്പുകളില്‍ വേലു പിള്ള, ഈഴവര്‍ മിശ്രിതമോ സംശയാസ്പദമോ ആയ സംവിധാനത്തിന്‍റെ അനുയായികളാണെന്നു രേഖപ്പെടുത്തുന്നു (422). ജോസഫിനും ഇതേ അഭിപ്രായമാണ്. അദ്ദേഹം പ്രസ്താവിക്കുന്നു:
‘തെക്കന്‍ തിരുവിതാംകൂറിലെ ഈഴവര്‍, പൊതുവെ മരുമക്കത്തായ സമ്പ്രദായത്തിന്‍റെ അനുയായികളാണെങ്കിലും, സ്വന്തമായി സ്വത്തുക്കളുടെ കാര്യത്തില്‍ ഇരട്ട പൈതൃക സമ്പ്രദായം സ്വീകരിച്ചിട്ടുണ്ട്. അവര്‍ ‘മിശ്രവാഴി’ അല്ലെങ്കില്‍ ‘മക്കള്‍ അല്ലെങ്കില്‍ മരുമക്കള്‍വഴി ‘ പാരമ്പര്യ സമ്പ്രദായത്തിന്‍റെ അനുയായികളാണെന്ന് പറയപ്പെടുന്നു(പുത്തന്‍കാലം 19).’ കൊച്ചി സ്റ്റേറ്റ് മാനുവലില്‍, കൊച്ചിയിലെയും കണയന്നൂര്‍ താലൂക്കിലെയും ഈഴവര്‍ മാതൃദായക്രമമാണെന്നും ബാക്കിയുള്ള സ്ഥലങ്ങളില്‍ പിതൃദായക്രമമാണെന്നും പ്രസ്താവിച്ചിട്ടുണ്ട്. തിരുവിതാംകൂറിലെയും കൊച്ചിയിലെയും മിക്കവാറും എല്ലാ ഈഴവരും പിതൃദായക്രമം അല്ലെങ്കില്‍ ‘മിശ്രവാഴി’ (സമ്മിശ്ര പൈതൃക സമ്പ്രദായം) പിന്തുടരുന്നുണ്ടെങ്കിലും, മയ്യനാട്ടിലെ ചാന്നാര്‍ (ക്വിലോണിന് തെക്ക്), കണിയന്നൂര്‍ താലൂക്കിലെ ഈഴവര്‍ (എറണാകുളം ജില്ല ), ഒരു ചെറിയ ന്യൂനപക്ഷം, മാതൃദായക്രമം പിന്തുടരുന്നു എന്ന് പുത്തന്‍കാലവും അഭിപ്രായപ്പെടുന്നു ( ്ശ)ലോഗനെപ്പോലുള്ളവര്‍ ഈഴവര്‍ പിതൃദായക്രമമാണ് പിന്തുടര്‍ന്നതെന്ന് അഭിപ്രായമുണ്ട്. എന്നിരുന്നാലും, തിരുവിതാംകൂറിലെ ഈഴവര്‍ മാതൃദായക്രമം (മരുമക്കത്തായം), പിതൃദായക്രമം (മക്കത്തായം), മിശ്രിത സമ്പ്രദായം (മിശ്രദായം ) എന്നിവ പിന്തുടര്‍ന്നപ്പോള്‍, തെക്കന്‍ മലബാറിലെ തിയ്യര്‍ പിതൃദായക്രമവും വടക്കന്‍ മലബാറിലെ തിയ്യര്‍ മാതൃദായക്രമവും മാത്രമാണ് പിന്തുടര്‍ന്നതെന്ന നിഗമനത്തിലെത്താം.
പിന്തുടര്‍ച്ചാവകാശ നിയമം: സമുദായവും സ്ത്രീകളും
1933 -ലെ മദ്രാസ് മരുമക്കത്തായം ആക്ട് തിയ്യ പരിഷ്ക്കര്‍ത്താക്കള്‍ ചോദ്യം ചെയ്യാതെ സ്വീകരിച്ചതിനെ വിമര്‍ശനാത്മകമായി വിശകലനം ചെയ്യുന്നതോടോപ്പം മാതൃദായക്രമവുമായി ബന്ധപ്പെട്ടുള്ള വ്യവഹാരങ്ങളില്‍ ഈഴവരുടെ പങ്കാളിത്തവും നിയമനിര്മാണവും പരിശോധിക്കാം .
മാതൃദായക്രമം പിന്തുടര്‍ന്ന സമുദായങ്ങളില്‍, ഓരോ പ്രദേശത്തെയും വിവാഹത്തിന്‍റെയും അനന്തരാവകാശത്തിന്‍റെയും നിയമനിര്‍മ്മാണത്തിന് മുന്‍കൈ എടുത്തത് നായര്‍മാരാണെന്ന് നമുക്കറിയാം (ജെഫ്രി 651). മറ്റ് കാര്യങ്ങളിലെന്നപോലെ, തുടക്കത്തില്‍, ഈഴവരുടെ വിവാഹത്തിനും സ്വത്തവകാശത്തിനും നിയമനിര്‍മ്മാണം നടത്തണമെന്ന ഈഴവരുടെ ആവശ്യത്തിലേക്ക് സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. വിവേകോദയത്തില്‍ നിന്ന് എടുത്ത ഒരു കുറിപ്പ് നോക്കാം.
‘ഇത്തവണ ഏഴ് ഈഴവ പ്രതിനിധികള്‍ പ്രജാസഭയില്‍ ഉണ്ടായിരുന്നു. ഈ ഏഴ് അംഗങ്ങളെയും സര്‍ക്കാര്‍ നിയോഗിച്ചതായിരുന്നു. അവരില്‍ സി. കൃഷ്ണന്‍ വൈദ്യന്‍റെ പ്രസംഗം നായര്‍ റെഗുലേഷന്‍റെ മാതൃകയില്‍ മറ്റൊരു നിയമം ഈഴവര്‍ക്ക് വേണ്ടി ഉണ്ടാക്കുകയോ നായര്‍ റെഗുലേഷനില്‍ തന്നെ ചില മാറ്റങ്ങള്‍ വരുത്തുകയോ ചെയ്യേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചായിരുന്നു. മറ്റ് പല ഈഴവ പ്രതിനിധികളും ഇതിനെക്കുറിച്ച് മുമ്പ് സംസാരിച്ചിട്ടുണ്ട്, അവര്‍ ഒരു പ്രത്യേക മെമ്മോറിയല്‍ പോലും സമര്‍പ്പിച്ചിട്ടുണ്ട്. അനന്തരാവകാശവും വിവാഹവും സംബന്ധിച്ച ഒരു നിയമത്തിന്‍റെ അഭാവത്തില്‍ ഈഴവര്‍ നിരവധി സമുദായ പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്ന് നമുക്കറിയാം. അതിനാല്‍, ദയയോടെ സര്‍ക്കാര്‍ മുകളില്‍ പറഞ്ഞ നിയമം നടപ്പിലാക്കാന്‍ ശ്രമിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു'(11)
പിതൃദായക്രമം നിയമമാക്കണമെന്ന് ആവശ്യപ്പെട്ട് ഈഴവര്‍ സമര്‍പ്പിച്ച മെമ്മോറിയലുകളോടുള്ള സര്‍ക്കാരിന്‍റെ അവഗണനയാണ് ഈ കുറിപ്പ് സൂചിപ്പിക്കുന്നത്. പിന്നീട്, പ്രമുഖ ഈഴവരും ഈഴവ സമാജങ്ങളും സര്‍ക്കാരിന് സമര്‍പ്പിച്ച മെമ്മോറിയലുകളുടെ അടിസ്ഥാനത്തില്‍, 1916 -ല്‍, തിരുവിതാംകൂര്‍ സര്‍ക്കാര്‍ ഈഴവ സമുദായം വിവാഹവും അനന്തരാവകാശവും സംബന്ധിച്ച്പിന്തുടരുന്ന ആചാരങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു സമിതിയെ നിയോഗിച്ചു.
1917 ലെ വിവേകോദയം എഡിറ്റോറിയലുകള്‍ ഈഴവ നിയമ സമിതിയുടെ പ്രവര്‍ത്തനങ്ങളുടെ കാലതാമസം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പിന്തുടര്‍ച്ചയുടെ നിയമനിര്‍മാണം സംബന്ധിച്ചു നായര്‍ റെഗുലേഷന്‍ പിന്തുടരുന്നത് കൂടുതല്‍ സൗകര്യപ്രദമാണെന്ന് നിര്‍ദ്ദേശിക്കപ്പെട്ടപ്പോള്‍ വിവാഹവും വിവാഹമോചനങ്ങളും സംബന്ധിച്ച നിയമങ്ങള്‍ ശ്രദ്ധാപൂര്‍വ്വം എടുക്കണം എന്നായിരുന്നു അവ സൂചിപ്പിച്ചതു (വിവേകോദയം 1917, 151-152). എന്നാല്‍ പൊതുജനാഭിപ്രായം വ്യത്യസ്തമായിരുന്നു. അത് പിന്നീടുള്ള വിവേകോദയം ലക്കത്തില്‍ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട് . ഈഴവര്‍ നായര്‍ റെഗുലേഷന്‍ പിന്‍തുടരുന്നതിനെ അവര്‍ നിശിതമായി വിമര്‍ശിച്ചു. തിരുവിതാംകൂറിലെ ഈഴവര്‍ക്കായി ഒരു നിയമം രൂപീകരിക്കാന്‍, സര്‍ക്കാര്‍ നിയോഗിച്ച സമിതിക്ക് സാക്ഷികളിലൂടെ വിവരങ്ങള്‍ ശേഖരിക്കാനുള്ള അനുമതി നല്‍കണമെന്ന് വിവേകോദയം മുഖേന നടത്തിയ മുന്‍ ശ്രമങ്ങളെ കുറിച്ചാണ് വിവേകോദയത്തിന്‍റെ (1917) എഡിറ്റോറിയല്‍ കുറിപ്പ്. ഇത് സംബന്ധിച്ച് ഒരു തീരുമാനം കുമ്പം 1 ന് ചേര്‍ന്ന കമ്മറ്റി യോഗത്തില്‍ എടുക്കുകയും അത് സര്‍ക്കാരിന് അയക്കുകയും ചെയ്തു എന്നും രേഖപ്പെടുത്തുന്നു. ഇത് കൂടാതെ പ്രജാസഭയുടെ ഈഴവ പ്രതിനിധികളും ഈഴവ റെഗുലേഷന് സാക്ഷിയുടെ ആവശ്യം നിര്‍ബന്ധമാണെന്ന് വ്യക്തമാക്കി വിചാരണയും അതിനുള്ള അനുമതിയും അഭ്യര്‍ത്ഥിച്ചുകൊണ്ടു ദിവാന്‍ജിക്കു ഒരു മെമ്മോറാണ്ടം സമര്‍പ്പിച്ചതായും പറയുന്നുണ്ട് . ഇതിനായി എല്ലാ ചെലവുകളും വഹിക്കാന്‍ അവര്‍ ദിവാന്‍ജിയോട് ആവശ്യപ്പെടുകയും ചെയ്തു . ഇതില്‍ ഏറ്റവും പ്രധാനം കമ്മിറ്റി രൂപീകരിക്കുന്നതിന് മുമ്പ്, ഈഴവ നേതാക്കള്‍ക്ക് നായര്‍ റെഗുലേഷന്‍ പരിഷ്കരിച്ചുകൊണ്ടു ഈഴവ റെഗുലേഷന്‍ രൂപീകരിക്കാന്‍ കഴിയുമെന്ന് അഭിപ്രായമുണ്ടായിരുന്നു, അവര്‍ സര്‍ക്കാരിനെയും അറിയിച്ചിരുന്നു എന്നിരുന്നാലും ഈ വിഷയത്തില്‍ പൊതുജനാഭിപ്രായം വ്യത്യസ്തമായിരുന്നതിനാല്‍, പൊതുജനാഭിപ്രായം പരിഗണിക്കേണ്ടതിന്‍റെ ആവശ്യകത അവര്‍ വ്യക്തമാക്കി. ചുരുക്കത്തില്‍, ഈ കുറിപ്പ് സാക്ഷി വിചാരണ നടത്തേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് വാദിക്കുകയും കമ്മിറ്റി അംഗങ്ങളുടെയും പ്രജാസഭ അംഗങ്ങളുടെയും അഭ്യര്‍ത്ഥന പരിഗണിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു (വിവേകോദയം 1917, 137-83).
നെയ്യാറ്റിന്‍കര താലൂക്കിലെ ക്രിസ്ത്യ ഈഴവര്‍, ബിഷപ്പുമാരുടെ കത്തുകള്‍ , ഈഴവ പുരുഷന്മാരുടെയും ഈഴവ സ്ത്രീകളുടെയും വിവിധ മീറ്റിംഗുകളുടെ പ്രമേയം മുതലായവ സംബന്ധിച്ച നിവേദനം ഈഴവ നിയമ സമിതി പരിശോധിച്ചിട്ടുണ്ട്, എന്നാല്‍ മീര വേലായുധന്‍ പ്രസ്താവിക്കുന്നതുപോലെ, സ്ത്രീകളെ പൊതുവെ കാര്യമായ അഭിപ്രായം രേഖപ്പെടുത്താന്‍ കെല്‍പ്പില്ലാത്തവരായി അല്ലെങ്കില്‍ അതിനുള്ള യോഗ്യതയില്ലാത്തവരായി അവര്‍ കരുതി . 863 സാക്ഷികളില്‍ 10 പേര്‍ മാത്രമാണ് സ്ത്രീകള്‍ (Reform 2481). എന്നിരുന്നാലും അനേകം ഈഴവ പുരുഷന്മാരും സ്ത്രീകളും അത്തരം നിയമം നടപ്പാക്കുന്നതില്‍ വിയോജിച്ചു. മീര വേലായുധന്‍ എഴുതുന്നു:
അവരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് നിര്‍ദ്ദിഷ്ട നിയമനിര്‍മ്മാണത്തിന്‍റെ പരിധിയില്‍ നിന്ന് മക്കത്തായം അനന്തരാവകാശ സമ്പ്രദായമായി പിന്തുടരുന്ന വിഭാഗങ്ങളെ ഒഴിവാക്കാന്‍ ഈഴവ നിയമ കമ്മിറ്റി തീരുമാനിച്ചു. മരുമക്കത്തായം, മിശ്രദായം , മക്കത്തായം എന്നിവ പിന്തുടരുന്നവരെ ഉള്‍ക്കൊള്ളുന്ന ഒരു പൊതു നിയമനിര്‍മാണം ആ കാലഘട്ടത്തിലെ വളരെ സമൂലമായ ഒരു മാറ്റമായി കണക്കാക്കപ്പെട്ടു (2482) ഈ നിയമത്തില്‍ പ്രശ്നമുണ്ടായിരുന്നത് മക്കത്തായിമാര്‍ക്ക് (പിതൃദായക്രമത്തില്‍പ്പെട്ട) മാത്രമല്ല, മരുമക്കത്തായികളും (മരുമക്കത്തായ സമ്പ്രദായത്തില്‍ പെട്ട ആളുകള്‍) ഈ നിയമത്തില്‍ താല്‍പ്പര്യമില്ലായ്മ കാണിച്ചു. ഈഴവ റെഗുലേഷന്‍റെ പേരില്‍ സി കേസവനും അദ്ദേഹത്തിന്‍റെ ഭാര്യ പിതാവ് സി വി കുഞ്ഞിരാമനും മുഴിഞ്ഞതിനെ കുറിച്ച് സി കേശവന്‍ തന്‍റെ ആത്മകഥയില്‍ പറയുന്നുണ്ട്(190191). ഈഴവ റെഗുലേഷനുവേണ്ടിയുള്ള വാദം എസ് എന്‍ ഡി പി യില്‍ ഉണ്ടായെന്നും പല സംഭവ പരമ്പരകളും തരണം ചെയ്തു ആയിരത്തിഒരുനൂറാമാണ്ട് ഒരു ഈഴവ റെഗുലേഷന്‍ രൂപം പൂണ്ടു എന്നും കേരളീയദായക്രമം എന്ന് ഇന്നും അറിയപ്പെടുന്ന മരുമക്കത്തായതില്‍ നിന്നും മക്കത്തായത്തിലേക്കും ആളോഹരിഭാഗത്തിലേക്കും ഉള്ള ഒരു കുതിച്ചുകയറ്റമാണ് ഈഴവര്‍ നടത്തിയത് എന്നുമാണ് സി കേശവന്‍റെ അഭിപ്രായം. ദേശാഭിമാനിയില്‍ ഉജ്വലമായ ഒരു ലേഖന പരമ്പര പ്രസിദ്ധപ്പെടുത്തി സി വി കുഞ്ഞുരാമന്‍ എന്ന ഈഴവ പരിഷ്കര്‍ത്താവ് ആണ് ഈഴവരുടെ ഇടയില്‍ മാതൃദായക്രമത്തില്‍ നിന്നും പിതൃദായക്രമത്തിലേക്കു മാറ്റങ്ങള്‍ക്ക് തുടക്കമിട്ടതും ഈഴവരെ അതില്‍ നിന്ന് പിതൃദായക്രമത്തിലേക്കു മാറാന്‍ പ്രോത്സാഹിപ്പിച്ചതും എന്നും സി കേശവന്‍ പറയുന്നു. ഒരിക്കല്‍ ഈ സന്ദേശം സമൂഹത്തില്‍ പ്രചരിക്കപ്പെട്ടെങ്കിലും , കുഞ്ഞുരാമന്‍ തന്‍റെ മനസ്സ് പിന്നീട് മാറ്റി, മിശ്രദായത്തിനു വേണ്ടി വാദിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നുണ്ട് (മക്ക മരുമക്കത്തായ സമ്പ്രദായം ) (വാല്യം. 2: 191). തല്‍ഫലമായി, ഈ ലക്ഷ്യത്തെ പിന്തുണയ്ക്കുന്നതിനായി കേരളകൗമുദി കൊല്ലം -പറവൂരില്‍ നിന്ന് പ്രവര്‍ത്തനം പുനരാരംഭിച്ചു. മാതൃദായ സമ്പ്രദായത്തെയോ അനന്തരാവകാശ സമ്പ്രദായത്തെയോ പിന്തുണയ്ക്കുന്നതിനായി നിരവധി പ്രചാരണങ്ങളും പൊതുയോഗങ്ങളും ഉണ്ടായിരുന്നു. ഈ സമയത്ത്, ദേശാഭിമാനിയില്‍ റിപ്പോര്‍ട്ടുചെയ്തതുപോലെ, മയ്യനാട്ടില്‍ ഒരു മിസ്രമിശ്രമഹായോഗം നടത്തുകയും ഈ ലക്ഷ്യത്തെ പിന്തുണയ്ക്കുകയും സെക്ഷന്‍ 33 മിശ്രദായത്തിനു പിന്തുണ നല്‍കുകയും ചെയ്തു. സി.കേശവന്‍ പറഞ്ഞതുപോലെ, അദ്ദേഹത്തിന്‍റെ ഭാര്യ വാസന്തി, അദ്ദേഹത്തോട് വിയോജിക്കുകയും അവരുടെ പിതാവിന്‍റെ (സി. വി. കുഞ്ഞുരാമന്‍) പിന്തുണയോടെ, മാതൃദായക്രമത്തെ പിന്തുണയ്ക്കുന്ന നിവേദനത്തില്‍ ഒപ്പിട്ടു (വാല്യം 2: 191-193). മാതൃദായ സമ്പ്രദായം നിലനിര്‍ത്തുന്നതില്‍ സ്ത്രീകളുടെ ഉത്സാഹമായി വാസന്തിയുടെ പ്രവൃത്തി വായിക്കാവുന്നതാണ്. നമുക്ക് ഇത് ഒരു കുടുംബത്തിന്‍റെ ചരിത്രമായിട്ടല്ല, ഒരു സമൂഹത്തിന്‍റെ ചരിത്രമായി വായിക്കാം. സി. കേശവന്‍ അദ്ദേഹത്തോടുള്ള കുഞ്ഞുരാമന്‍റെ അനുഭാവപൂര്‍വ്വമായ ശ്രമം ആയി ഇതിനെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നുണ്ട് . തറവാട്ടില്‍ അധികം സ്ത്രീകള്‍ ഇല്ലാത്തതിനാല്‍ മാതൃദായക്രമത്തില്‍ തുടരുകയാണെങ്കില്‍ അത് തന്‍റെ മകള്‍ക്കും പരോക്ഷമായി അദ്ദേഹത്തിന്‍റെ മരുമകനും (സി. കേശവന്‍) ഗുണം ചെയ്യുമെന്ന് കുഞ്ഞുരാമന്‍ മനസ്സിലാക്കിയിരിക്കാം എന്നദ്ദേഹം പറയുന്നുണ്ട്. ഈഴവരുടെ മാതൃദായ സമ്പ്രദായത്തില്‍, സ്വത്ത് സ്ത്രീകള്‍ക്ക് പോകുന്നുവെന്നും പരോക്ഷമായി പുരുഷന്മാര്‍ക്കും പ്രയോജനം ലഭിച്ചിട്ടുണ്ടെന്നും ഇത് ചൂണ്ടിക്കാണിക്കുന്നു. തിരുവിതാംകൂര്‍ ഈഴവ റെഗുലേഷനില്‍ ഈഴവരുടെ നിര്‍വചനത്തില്‍ ചോവ, തിയ്യര്‍ എന്നിവരും ഈഴവര്‍ എന്നറിയപ്പെടുന്നവരും അംഗീകരിക്കപ്പെട്ടവരും ഉള്‍പ്പെടുന്നു (ഈഴവ റെഗുലേഷന്‍ 783). തിരുവിതാംകൂറില്‍ മക്കത്തായം പിന്തുടരുന്നവര്‍ ഒഴികെയുള്ള എല്ലാ ഈഴവര്‍ക്കും തിരുവിതാംകൂറില്‍ താമസിക്കുന്നവുമായി വൈവാഹികബന്ധമുള്ള എല്ലാ ഈഴവര്‍ക്കും ഈ നിയമം ബാധകമാണ്. ഏറ്റവും രസകരമായ ഒരു കാര്യം ടിപ്പുവിന്‍റെ അധിനിവേശകാലത്ത് മലബാറില്‍ നിന്ന് തിരുവിതാംകൂറിലേക്ക് കുടിയേറിപ്പാര്‍ക്കുകയും തിയ്യ എന്ന ജാതിപ്പേര് ഉപേക്ഷിക്കാതിരിക്കുകയും ചെയ്തവരെ ഈഴവ നിയമ സമിതി റിപ്പോര്‍ട്ട് പരിഗണിക്കുന്നു (കെ. ജി. നാരായണന്‍ 41). തിയ്യരെ (മലബാറില്‍ നിന്ന് കുടിയേറിയ തിയ്യര്‍) ഉള്‍പ്പെടുത്തിയും ഈഴവര്‍ എന്നറിയപ്പെടുന്ന തിയ്യരെയും വിഭാവനം ചെയ്തുകൊണ്ട് ഈഴവ റെഗുലേഷനും ഈ രണ്ട് സമുദായങ്ങളെ ഏകീകൃതമാക്കുന്നതിന് സംഭാവന നല്‍കി.
മാതൃദായ സമ്പ്രദായത്തെക്കുറിച്ചുള്ള വ്യവഹാരങ്ങളില്‍ തിയ്യരുടെ പങ്കാളിത്തത്തിലേക്ക് വരുമ്പോള്‍ മുന്‍പ് സൂചിപ്പിച്ചതുപോലെ, മലബാറില്‍, 1933 -ലെ മദ്രാസ് മരുമക്കത്തായ നിയമം മറ്റ് മാതൃദായം പിന്തുടരുന്ന സമുദായങ്ങള്‍ക്കൊപ്പം തിയ്യര്‍ക്കും ബാധകമായിരുന്നു. മൂര്‍ക്കോത്തുകുമാരന്‍ എന്ന , ഒരു തിയ്യ പരിഷ്കര്‍ത്താവിന്‍റെ അഭിപ്രായത്തില്‍ മലയാളം തിയ്യര്‍ നായന്മാരെപ്പോലെ മാതൃദായസമ്പ്രദായക്കാര്‍ ആയതിനാല്‍, ബഹുമാനപ്പെട്ട രാമന്‍ മേനോന്‍റെ ബില്‍ അവര്‍ക്കും ബാധകമാണെന്നും പത്രത്തില്‍ ഈ ബില്ലുകള്‍ക്ക് ചുറ്റുമുള്ള ചര്‍ച്ചകളില്‍ തിയ്യരുടെ അഭാവം ഒന്നുകില്‍ അവര്‍ ബില്ലിനെ പിന്തുണയ്ക്കുന്നു അല്ലെങ്കില്‍ ബില്‍ നടപ്പിലാക്കുന്നതിനെക്കുറിച്ച് അവര്‍ക്ക് ഒട്ടും ആശങ്ക ഇല്ല എന്ന് അനുമാനിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു എന്നും പറയുന്നു (മിതവാദി 1914, 12).
അനന്തരാവകാശത്തെക്കുറിച്ചും ബില്‍ നടപ്പാക്കുന്നതിനെക്കുറിച്ചും ഉള്ള നിയമങ്ങളെക്കുറിച്ച് തിയ്യന്മാര്‍ക്ക് ഒട്ടും ആശങ്കയില്ലെന്നു തെളിയിക്കാന്‍ നിരവധി ശ്രമങ്ങള്‍ ഉണ്ടായിരുന്നു . ഭൂരിഭാഗം തീയ്യരും ദരിദ്രരും അബലരും ആയതിനാല്‍, പിന്തുടര്‍ച്ചാവകാശവുമായ ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് അക്കാദമിക മൂല്യം മാത്രമാണെന്ന് പുത്തന്‍കാലം വാദിക്കുന്നു (ജെഫറി പൊളിറ്റിക്സ് 49 ). ഗൗ യുടെ അഭിപ്രായത്തില്‍ , ‘ഈ പ്രവൃത്തികളുടെ കൃത്യമായ വ്യവസ്ഥകള്‍ കുറച്ചു സ്വത്ത് ഉള്ള പാവപ്പെട്ട തിയ്യ കുടിയാന്മാര്‍ക്കും തൊഴിലാളികള്‍ക്കും ഒരു പരിധിവരെ അക്കാദമിക് വിഷയമാണ്’ (408). ഇത് വളരെ ലളിതവും വിശാലമായ സാമാന്യവല്‍ക്കരണവുമാണെന്ന് തോന്നുന്നു. ഈ കാലഘട്ടത്തിലെ പരിഷ്കര്‍ത്താക്കളുടെ ഉദ്ദേശ്യങ്ങളെക്കുറിച്ച് നമ്മള്‍ വിമര്‍ശനാത്മകമായി ചിന്തിക്കേണ്ടതുണ്ട്.
വടക്കേ മലബാര്‍ തീയ്യര്‍ക്കിടയില്‍ അധികം സമ്പന്നരായ തറവാടുകള്‍ ഇല്ലായിരുന്നുവെന്ന് മൂര്‍ക്കോത്ത് കുമാരന്‍ പ്രസ്താവിക്കുന്നു (മിതവാദി 1914, 12). തല്‍ഫലമായി, ജീവിക്കാന്‍ ദൈനംദിന ചെലവുകള്‍ വഹിക്കേണ്ടിവരുന്നവര്‍ സാധാരണയായി ഭാര്യയും കുട്ടികളുമൊത്ത് താമസിക്കുന്നു. ഈ സമയത്ത് ധാരാളം പിതൃദായക്രമം പിന്തുടരുന്ന അണു കുടുംബങ്ങള്‍ ഉണ്ടായിരുന്നുവെന്ന് തെളിയിക്കാനാണ് ഈ പ്രസ്താവന നടത്തിയത് എന്ന് ഊഹിക്കാമല്ലൊ. വിദ്യാസമ്പന്നരായ തീയ്യരുടെ മാതൃസമ്പ്രദായത്തില്‍ നിന്ന് പിതൃവ്യവസ്ഥയിലേക്ക് മാറാനുള്ള പ്രവണതയും അദ്ദേഹം നന്നായി രേഖപ്പെടുത്തിയിട്ടുണ്ട് . അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ വിദ്യാഭ്യാസവും സര്‍ക്കാര്‍ സേവനവും ഉള്ളവര്‍ പിതാവിന്‍റെ കുടുംബപ്പേര് സ്വീകരിച്ചിട്ടുണ്ട്. ഒരാളുടെ തറവാട് വീട്ടുപേര് നോക്കി കൃത്യമായി തിരിച്ചറിയാന്‍ നമ്മള്‍ക്ക് കഴിയില്ല എന്നും അതിനുദാഹരണമായി . ശ്രീ. കൊട്ടിയേത്ത് കണ്ണന്‍ അടിയേരി തറവാട്ടില്‍ നിന്നും ശ്രീ. കൊട്ടിയത്ത് കൃഷ്ണന്‍ മൂര്‍ക്കോത്ത് തറവാട്ടില്‍ നിന്നും ആണ് എന്നും അദ്ദേഹം പറയുന്നു. മാത്രവുമല്ല, ‘ഇത് മക്കത്തായത്തിലേക്കുള്ള അവരുടെ കുതിപ്പാണ് ((മിതവാദി 1914, 13) കാണിക്കുന്നതു എന്നും അദ്ദേഹം വാദിക്കുന്നു. വിവാഹവുമായി ബന്ധപ്പെട്ട ബില്ലിനെ അനുകൂലിച്ചുകൊണ്ടാണ് അദ്ദേഹം ലേഖനം അവസാനിപ്പിക്കുന്നത്. അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ പിതൃദായ സമ്പ്രദായത്തോട് സഹാനുഭൂതി ഉള്ളവരും വിവാഹം അസാധുവാക്കാന്‍ താല്പര്യം ഇല്ലാത്തവരും അച്ഛനുമായുള്ള കുട്ടികളുടെ ബന്ധം നിഷേധിക്കാന്‍ താല്പര്യമില്ലാത്തവരും തീര്‍ച്ചയായും ഈ ബില്ലിനെ ബഹുമാനിക്കും ((മിതവാദി 1914, 12). ഈ ലേഖനം പുരുഷന്‍റെ വീക്ഷണകോണില്‍ എഴുതിയതാണ്, കൂടാതെ തിയ്യ പരിഷ്കര്‍ത്താക്കള്‍ എങ്ങനെയാണ് തിയ്യരുടെ ഇടയില്‍ പിതൃദായ സമ്പ്രദായം സാധാരണമാക്കിയതും അംഗീകരിക്കുകയും ചെയ്യുന്നതെന്ന് ഇതില്‍ നിന്നും മനസിലാക്കാം .
Reference:
Manuals, Gazetteers, Memos and Acts
Logan, William. Malabar Manual. 1985. Trans. T. V. Krishnan. 6th ed. Kozhikode: Mathrubhumi, 2007. Print.
Pillai, T. K. Velu. The Travancore State Manual. Vol. 1. Trivandrum: The Government of Travancore, 1940. Print.
Regulation III of 1100 (1925): The Ezhava Regulation, Sec 4. N.p., n.d. Print.
Census Reports
Aiyar, N. Subramhanya. Census Report of India: Travancore. 1901. Vol. 26. (Part 1 – Report). Trivandrum: Malabar Mail Press, 1903. Print. Magazines, Newspaper articles
“Acharaparishkaranam.” [Reformation of Practices]. Vivekodayam 1.2. 1079 [1903]. 28-31. Print.
“Kochiyile Thiyyar.” [Thiyyas of Kochi]. Mitavadi May 1914. 6. Print.
“Pathradipakkurippukal.” [Editorials]. Vivekodayam 13.6,7. 1917. 151-152. Print.
Kumaran, Moorkoth. “Puthiya Billukalum Vatakke Malayalathile Thiyyarum.” [New Bills and Thiyyas in Northern Malayalam]. Mitavadi 2.5. May 1914. Print.
Kunjan, K. V. Udyaperur. “Samudayikam: Nammute Vivaham.” Vivekodayam 10.7,8. n.d. 194-201. Print.
Mitavati 3.3. March 1915. 12. Print.
Mitavati 3.7. May 1915. 13-15. Print.
Palpu, P. Vivekodayam, 14.1,2. 1092. 35. Print.
Vivekodayam 10.9,10. n.p, n.d. 268. Print.
Vivekodayam 11 n.p, n.d. 11. Print.
Vivekodayam April-June 1909. Print.
Books
Abraham, Janaki. “Gender, Status, and Class: A Sociological Study of the Thiyyas.” Diss. University of Delhi, 2007. Print.
Aiyappan, A. Eravas and Cultural Change. Madras: Government Press, 1944. Print.
Ananthan, Kambil. Kerala Charithra Niroopanam:Thiyyarude Pouranikathvam: Oru Padanam. [Critique of Kerala History: Legend of Thiyyas: A Study]. 1935. Kannur: Sreenarayana Books, 2009. Print.
Arunima, G. There Comes Papa: Colonialism and the Transformation of Matriliny in Keralam, Malabar c.1850-1940. New Delhi: Orient Longman, 2003. Print.
Asan, Kumaran. Mathaparivarthanarasavadam: Mahakavi Kumaran Asan Ezhuthiya Oru Marupati. [Theory of Religious Conversion: A Response from the great Poet Kumaran Asan]. Thonnakkal: Sarada, 1947. Print.
Balakrishnan, P. V. Matrilineal System in Malabar. Cannore: Satyavani Prakashan, 1981. Print.
Balakrishnan, P.K. Jathivyavasthithiyum Kerala Charithravum. [Caste System and Kerala History]. Kottayam: NBS, 1983. Print.
Bhaskaranunni, P. Keralam: Irupatham Noottandinte Arambathil. [Kerala: At the beginning of Twentieth Century]. Thrissur: Kerala SahityaAkademy, 2005. 123. Print.
Bhaskaranunni, P. Pathonbatham Noottandile Keralam.[19thCentury Kerala]. Thrissur: Kerala Sahitya Akademy,1988. Print.
Gough, Kathleen. “Tiyyar: North Kerala.” Matrilineal Kinship. Eds. David M. Scheider and Kathleen Gough. Berkly: Universiy of California press. 1961. 405 – 414. Print.
Iyer, L. K. Ananda Krishna. The Tribe and Caste of Cochin. Delhi: Casino, 1981. Print.
Jeffery, Robin. Politics, Women and Well-Being: How Kerala Became ‘A Model.’ New Delhi: Oxford University Press, 1992. Print.
Kesavan, C. Jeevithasamaram. [Life Struggle]. 2 Vols. Thiruvananthapuram: Kaumudi, 1953-1955. Print.
Kumaran, Moorkoth. “Thiyyar Oru Charithra Sameepanam.” (Thiyyas: A Historical Approach). Sree Gnanodaya Yogam Centinary Historical Souvernir. Ed. Chambadan Vijayan. Thalassery: Sree Gnanodaya Yogam Centinary Committee for History Preparation, 2005. Print.
Logan, William. Malabar. New Delhi: Asian Educational Services, 1989. Print.
Manjula. K.V. Utharamalabarile Thiyya Samudaythile Sthreekalute Padavi. Diss. University of Calicut, 2004. Print.
ശ്രീബിത പി. വി.
കണ്ണൂര്‍ സര്‍വ്വകലാശാല
ഇംഗ്ലീഷ് വിഭാഗത്തില്‍
അസോസിയേറ്റ് പ്രൊഫസര്‍
COMMENTS