Homeചർച്ചാവിഷയം

തിരുവിതാംകൂര്‍ ഈഴവരുടെ ഇടയിലെ സാമൂഹ്യപരിഷ്ക്കരണം, നിയമം, ലിംഗാധിഷ്ഠിത സ്വത്വനിര്‍മ്മിതി

എല്‍.കെ.അനന്തകൃഷ്ണ അയ്യരുടെ പുസ്തകത്തില്‍ നിന്ന്

ആമുഖം
കേരളത്തിലെ പൊതുപ്രവര്‍ത്തനത്തിന്‍റെ വളര്‍ച്ചക്കും, സമ്പത്ത്, അധികാരം എന്നിവയുടെ വിതരണത്തെ സംബന്ധിച്ച നൂതനാശയങ്ങളുടെ കടന്നുവരവിനും വഴിയൊരുക്കിയ ഘടകങ്ങളില്‍ ചിലത് കോളനിവത്ക്കരണം, ഭൂബന്ധങ്ങളിലുണ്ടായ മാറ്റങ്ങള്‍, സമ്പദ്വ്യവസ്ഥയുടെ വാണിജ്യവത്ക്കരണം, ഔപചാരിക വിദ്യാഭ്യാസത്തിന്‍റെ വളര്‍ച്ചയും വ്യാപനവും എന്നിവയാണെന്ന് സ്ത്രീപക്ഷ ഗവേഷകര്‍ പൊതുവെ നിരീക്ഷിച്ചിട്ടുണ്ട്. 1880കള്‍ മുതല്‍ 1950കള്‍ വരെയുള്ള കാലയളവില്‍ കേരളത്തിലെ സ്ത്രീകളുടെ ജീവിതത്തില്‍ വന്ന കാതലായ പല മാറ്റങ്ങള്‍ക്കും കളമൊരുക്കിയതും മേല്‍പ്പറഞ്ഞ സംഭവവികാസങ്ങളാണ്.
സമൂഹത്തില്‍ നീതിന്യായബോധം വളര്‍ത്തുന്നതോടൊപ്പം തന്നെ വിവിധ സമുദായങ്ങളിലെ സാമൂഹ്യപരിഷ്ക്കരണ പ്രസ്ഥാനങ്ങള്‍, പിന്തുടര്‍ച്ചാവകാശ നിയമങ്ങളില്‍ വന്ന മാറ്റങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. എങ്കിലും അതൊരു സങ്കീര്‍ണ്ണപ്രക്രിയായിരുന്നു എന്നു മാത്രമല്ല, അതിന്‍റെ ഫലമായി സാമൂഹിക പ്രക്രിയകളില്‍ വൈരുദ്ധ്യങ്ങള്‍ ഉടലെടുക്കുകയും ചെയ്തു. 20ാം നൂറ്റാണ്ടില്‍ ബന്ധുത്വത്തിലുണ്ടായ മാറ്റങ്ങളുടെയും സ്ത്രീ, പുരുഷന്‍, നായര്‍ജാതി എന്നിങ്ങനെയുള്ള പുതിയ സ്വത്വരൂപീകരണത്തില്‍ ഈ മാറ്റങ്ങള്‍ വഹിച്ച പങ്കിന്‍റെയും പിന്നിലുള്ള ചാലകശക്തി, നായര്‍ തറവാടുകളിലെ അധികാരബന്ധങ്ങളുടെ ചരിത്രപരമായ പുനഃക്രമീകരണം ആണെന്ന്, മേല്‍ജാതി നായര്‍-മരുമക്കത്തായ തറവാടുകളെപ്പറ്റിയുള്ള പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. കീഴ്ജാതി ഈഴവരുടെയിടയിലെ സാമൂഹ്യപരിഷ്ക്കരണ പ്രസ്ഥാനമാകട്ടെ, അതിനുള്ളില്‍ത്തന്നെയുള്ള വ്യത്യസ്ത ധാരകള്‍ തമ്മിലുള്ള മത്സരത്തെക്കുറിച്ചു മാത്രമല്ല, സ്ത്രീകളുടെ സ്വതന്ത്രപ്രവര്‍ത്തനം നടക്കുന്ന നിരവധി മണ്ഡലങ്ങളുടെ വികാസത്തെക്കുറിച്ചു കൂടിയും സൂചിപ്പിക്കുന്നുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ സ്ത്രീകളുടെ സാമൂഹികപങ്കിനെക്കുറിച്ച് അവബോധം സൃഷ്ടിച്ചു. എന്നിരുന്നാലും, ഈഴവസാമൂഹ്യപരിഷ്ക്കരണപ്രസ്ഥാനത്തിനുള്ളില്‍ത്തന്നെ ഉള്ള മരുമക്കത്തായം, പിന്തുടര്‍ച്ച, വിവാഹം എന്നീ വ്യവഹാരങ്ങളും ഈഴവര്‍ക്കായി ഒരു വിവാഹ-പിന്തുടര്‍ച്ചാവകാശ നിയമം കൊണ്ടുവരാനുള്ള പ്രചാരണവും, ഒരു പ്രത്യേകതരം ലിംഗബോധനിര്‍മ്മിതിയെ ആധാരമാക്കിയുള്ളവയായിരുന്നു.

പശ്ചാത്തലം
കേരളത്തിലെ സുഗന്ധവ്യഞ്ജനങ്ങളുടെ പ്രശസ്തി യൂറോപ്യന്‍ കച്ചവടക്കമ്പനികളെ ഇന്ത്യന്‍ തീരങ്ങളിലേക്ക് ആകര്‍ഷിച്ചതും ലോകവ്യാപാരകമ്പോളത്തെ ലക്ഷ്യം വെച്ചുകൊണ്ടുള്ള നാണ്യവിളകൃഷി വ്യാപകമായതും കേരളത്തിന്‍റെ സാമൂഹികഘടനയില്‍ ദൂരവ്യാപക ഫലങ്ങളുളവാക്കിയിട്ടുണ്ട്. തിരുവിതാംകൂറില്‍ നാണ്യവിളകൃഷിയുടെ വ്യാപനം ദ്രുതഗതിയിലായത്, 20ാം നൂറ്റാണ്ടില്‍ മലയോര പ്രദേശങ്ങളില്‍ കമ്പനിവക തോട്ടങ്ങള്‍ ആരംഭിച്ചതോടു കൂടിയും, കായല്‍ നിലങ്ങള്‍ വ്യാപകമായി വാണിജ്യാടിസ്ഥാനത്തിലുള്ള നെല്‍കൃഷിക്കായി ഉപയോഗിച്ചു തുടങ്ങിയതോടു കൂടിയും ആണ്. 1921 ആയപ്പോഴേക്കും തിരുവിതാംകൂറിലെ കൃഷിഭൂമിയുടെ പകുതിയില്‍ താഴെ ഭൂമിയും നാണ്യവിളത്തോട്ടങ്ങളായി മാറിക്കഴിഞ്ഞിട്ടുണ്ടായിരുന്നു.
സാമൂഹികഘടനയുടെ ആധാരശിലയായി വര്‍ത്തിച്ചതും, തിരുവിതാംകൂര്‍ ഫ്യൂഡലിസത്തിന്‍റെ സ്വഭാവത്തെ തന്നെ നിര്‍ണ്ണയിച്ചതുമായ ജാതിയാകട്ടെ, അപ്പോഴും കാര്യമായ പരിക്കേല്‍ക്കാതെ നിലനില്‍ക്കുകയായിരുന്നു. സ്ഥാനികമായും സാമ്പത്തികമായും ഉന്നതസ്ഥിതിയിലായിരുന്നിട്ടു കൂടിയും.

1898ല്‍ ഡണ്‍സ്റ്റര്‍വില്‍ എടുത്ത ചിത്രം

സമൂഹത്തിലെ ഒരു ചെറുന്യൂനപക്ഷം മാത്രമായിരുന്ന ബ്രാഹ്മണരെ ഒഴിച്ചുനിര്‍ത്തിയാല്‍, തികച്ചും വ്യത്യസ്തമായ പ്രതീകാത്മക- സാംസ്കാരിക-ആചാര മണ്ഡലങ്ങളില്‍ വ്യാപരിക്കുകയും അതിവിശാലവും അതീവവിപുലവുമായ സാമ്പത്തിക-രാഷ്ട്രീയ വിഭവങ്ങള്‍ കയ്യാളുകയും ചെയ്തിരുന്ന നാലു പ്രധാന ജാതികളാണ്, അതിന്‍റെ വിശാലാര്‍ത്ഥത്തില്‍, കേരളത്തിലുണ്ടായിരുന്നത്. ഈ അധികാരശ്രേണിയുടെ ഏറ്റവും മുകളിലായിരുന്നു, പ്രധാന ജന്മിവിഭാഗവും മാടമ്പി-പടയാളികളും തിരുവിതാംകൂര്‍ ഭരണകര്‍ത്താക്കളുമായിരുന്ന നായന്മാരുടെ സ്ഥാനം. ഭൂവുടമകളല്ലാത്ത നായന്മാര്‍, ബ്രാഹമ്ണരില്‍ നിന്നും സര്‍ക്കാരില്‍ നിന്നും സര്‍ക്കാര്‍ അധീനതയിലുള്ള അമ്പലങ്ങളില്‍ നിന്നും ചിലപ്പോള്‍ സമ്പന്നരായ മറ്റു നായന്മാരില്‍ നിന്നുമെല്ലാം കാണക്കുടിയാന്‍ സ്ഥാനം കൈക്കൊള്ളുകയും അവരുടെ പാട്ടഭൂമിയില്‍, സാധാരണയായി സുറിയാനി ക്രിസ്ത്യാനികളുടെയോ ഈഴവക്കുടിയാന്മാരുടെയോ സഹായത്തോടെ, അല്ലെങ്കില്‍ പാട്ടക്കുടിയാന്മാരുടെയും അസ്പൃശ്യരും ഭൂരഹിതരുമായ തൊഴിലാളികളുടെയും സംയുക്ത സഹായത്തോടെ, കൃഷി ചെയ്യുകയും ചെയ്തു.
നാനാവിധ ജീവിതവൃത്തിയിലേര്‍പ്പെട്ടുവന്നിരുന്ന ഈഴവരാകട്ടെ, കോളനിവത്ക്കരണത്തിന്‍റെയും ഭൂബന്ധങ്ങളിലുണ്ടായ മാറ്റങ്ങളുടെയും വാണിജ്യവത്ക്കരണത്തിന്‍റെയും അഭ്യസ്തവിദ്യരായ ഒരു പുതുമധ്യവര്‍ഗ്ഗത്തിന്‍റെ ഉയര്‍ച്ചയുടെയും ഫലമായി തങ്ങള്‍ക്കു മുന്നില്‍ പുതുതായി വന്നുപെട്ട അവസരങ്ങളെ വേണ്ടുംവിധം പ്രയോജനപ്പെടുത്തുകയും ചെയ്തു. പല ചെറുകിട സംരംഭകരും വ്യാപാരികളും അവരുടെ ഇടയില്‍ നിന്നും ഉയര്‍ന്നുവന്നു. ഒരു ചെറുവിഭാഗം പാട്ടക്കുടിയായ്മാവകാശവും ഭൂമിയും സ്വന്തമാക്കി. ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ഒരു മധ്യവര്‍ഗ്ഗം എന്നതുപോലെ തന്നെ, വിശാലമായൊരു തൊഴിലാളിവര്‍ഗ്ഗവും അവരുടെയിടയില്‍ നിന്നുണ്ടായി. ഇങ്ങനെ, തിരുവിതാംകൂറിലെ അധീശവിഭാഗമല്ലാതിരുന്ന ജാതി-സമുദായങ്ങള്‍ക്കിടയില്‍ നിന്നും പുതിയ സാമൂഹിക വര്‍ഗ്ഗങ്ങള്‍ ഉദയം കൊണ്ടതിന്‍റെ പശ്ചാത്തലത്തിലാണ്, തിരുവിതാംകൂര്‍ കണ്ടതില്‍ വെച്ച് ഏറ്റവും കൂടുതല്‍ പ്രചാരം ലഭിച്ച ബഹുജനപ്രസ്ഥാനമായ ഈഴവസാമൂഹ്യപരിഷ്ക്കരണപ്രസ്ഥാനത്തിന്‍റെ ആവിര്‍ഭാവം, എന്ന് നിസ്സംശയം പറയാം.
എസ്.എന്‍.ഡി.പി യോഗം വിവാഹ-പിന്തുടര്‍ച്ചാവകാശ നിയമത്തിനായി ഈഴവരുടെ ഇടയില്‍ നടത്തിയ പ്രചാരണത്തില്‍ നിന്നും തിരുവിതാംകൂര്‍ ശ്രീമൂലം പ്രജാസഭയ്ക്കു വേണ്ടി തയ്യാറാക്കിയ 1919ലെ ഈഴവനിയമസമിതിയുടെ റിപ്പോര്‍ട്ടില്‍ നിന്നും ഒരു പോലെ തെളിയുന്നൊരു വസ്തുതയാണ്, മാറിക്കൊണ്ടിരുന്ന ചുറ്റുപാടുകളെ ധ്വനിപ്പിക്കുന്ന പുതിയൊരു സാമൂഹിക- സാംസ്കാരിക വ്യവഹാരം ഉടലെടുത്തു കഴിഞ്ഞിരുന്നു എന്നത്. ഇത് സംബന്ധിച്ച പഠനങ്ങള്‍ അധികമില്ലെങ്കിലും, സാമൂഹ്യപദവിയില്‍ നായന്മാര്‍ക്കു തൊട്ടുതാഴെയായിരുന്ന അയിത്തജാതിക്കാരായ ഈഴവര്‍, പരമ്പരാഗതമായി, നായന്മാരുടെയോ നമ്പൂതിരിമാരുടെയോ ഉടമസ്ഥതയിലുള്ള തോട്ടങ്ങളിലും നെല്‍വയലുകളിലും പണി ചെയ്തിരുന്ന പാട്ടക്കുടിയാന്മാരായിരുന്നു എന്നാണ് അതിലൊരു പ്രധാനപഠനം സൂചിപ്പിക്കുന്നത്. തദ്ദേശീയമായി താവഴിബന്ധങ്ങള്‍ ഉണ്ടായിരുന്നതു കൊണ്ടു തന്നെ സമ്പന്ന വിഭാഗത്തിലെ അംഗങ്ങള്‍ പാട്ടാവകാശം പാരമ്പര്യമായി അനുഭവിച്ചുപോരുകയും ഏതെങ്കിലുമൊരു നായര്‍ ജന്മികുടുംബവുമായി ബന്ധപ്പെട്ട്, അവരുടെ ആശ്രിതത്വത്തില്‍ കഴിഞ്ഞുപോരുകയും ചെയ്തു.
19-ാംനൂറ്റാണ്ടിന്‍റെ രണ്ടാംപകുതിയില്‍ നാണ്യവിളകൃഷി വ്യാപകമായതിന്‍റെയും കമ്പോളസമ്പദ് വ്യവസ്ഥയിലേക്കുള്ള ചുവടുമാറ്റത്തിന്‍റെയും ഫലമായി ഈഴവ മരുമക്കത്തായ തറവാടുകള്‍ക്ക് പാട്ടഭൂമിയിന്മേലുള്ള അവയുടെ പാരമ്പര്യ ജന്മാവകാശം നഷ്ടമാകാന്‍ തുടങ്ങി. വ്യക്തിഗതമായി ഭൂമി കൈവശം വച്ചിരുന്ന നിരവധി ഈഴവര്‍, ഹ്രസ്വകാല പാട്ടക്കുടിയാന്മാര്‍ ആയപ്പോള്‍, ഗണ്യമായ മറ്റൊരു വിഭാഗത്തിന് എല്ലാ പാട്ടാവകാശങ്ങളും നഷ്ടപ്പെടുകയും അവര്‍ കൂലിത്തൊഴിലാളികളായി മാറേണ്ടി വരികയും ചെയ്തു. മൂന്നാമതൊരു വിഭാഗം ഈഴവര്‍, കച്ചവടത്തിലേക്ക് തിരിയുകയോ സ്വന്തം നിലക്ക് ഭൂവുടമകളായി മാറുകയോ ഒക്കെ ചെയ്തു.
തിരുവിതാംകൂര്‍ ഈഴവരില്‍ ഒരു വലിയ വിഭാഗം മരുമക്കത്തായ സമ്പ്രദായവും മറ്റൊരു വിഭാഗം മക്കത്തായം അഥവാ പിതൃദായക്രമമനുസരിച്ചുള്ള പിന്തുടര്‍ച്ചാരീതിയും പിന്‍തുടര്‍ന്നു വന്നപ്പോള്‍ മൂന്നാമതൊരു വിഭാഗം ഈ രണ്ടുസമ്പ്രദായങ്ങളും ചേര്‍ന്ന മിശ്രദായക്രമവും പിന്തുടര്‍ന്നു പോന്നു. മിശ്രദായ ക്രമത്തില്‍, ഒരു പുരുഷന്‍, അദ്ദേഹത്തിന്‍റെ ഒസ്യത്ത് എഴുതിവയ്ക്കാതെ മരണപ്പെടുകയാണെങ്കില്‍ അയാളുടെ തറവാട്ടുസ്വത്തിന്‍റെ ഭാഗമല്ലാത്ത ആര്‍ജ്ജിത ഭൂസ്വത്ത് മരണപ്പെട്ടയാളുടെ മക്കള്‍ക്കും തറവാടിനുമായി വീതം വയ്ക്കപ്പെട്ടു. ഹൈക്കോടതി നടത്തിയ ഒരു പ്രസ്താവന പ്രകാരം, തെക്കന്‍ തിരുവിതാംകൂറില്‍ ഈഴവര്‍ക്ക് സ്ഥിരമായ ദായക്രമങ്ങള്‍ ഉണ്ടായിരുന്നില്ലെന്നു മാത്രമല്ല കാലാകാലങ്ങളില്‍ അവര്‍ക്ക് മികച്ചതെന്നു തോന്നിയ രീതികള്‍
കൈക്കൊള്ളാനും, അവരുടെ ചുറ്റുവട്ടത്തുള്ള അധീശജാതിക്കാരുടെയിടയില്‍ പ്രചാരത്തിലിരുന്ന സമ്പ്രദായങ്ങള്‍ ഇടവിട്ട് പിന്തുടര്‍ന്നു പോരാനുള്ള പ്രവണത കാണിക്കുകയും ചെയ്തു. ഈഴവനിയമസമിതിയുടെ റിപ്പോര്‍ട്ടു പ്രകാരം, മരുമക്കത്തായ സമ്പ്രദായം പിന്തുടര്‍ന്നു പോന്ന തിരുവിതാംകൂറില്‍, ഈഴവര്‍ എവിടെയൊക്കെ മക്കത്തായ രീതിയിലേക്ക് ചുവടുമാറിയോ, അവിടെയെല്ലാം സ്വത്തു സംബന്ധിച്ച കുടുംബകലഹങ്ങളും കോടതിവ്യവഹാരങ്ങളും കുത്തനെ കുറഞ്ഞു. ഈഴവനിയമസമിതിയുടെ അഭിപ്രായത്തില്‍, ഈ പ്രദേശങ്ങളിലുണ്ടായ മാറ്റം വിരല്‍ചൂണ്ടുന്നത് മക്കത്തായ സമ്പ്രദായം പിന്തുടര്‍ന്നിരുന്ന സമീപപ്രദേശങ്ങളുടെ സ്വാധീനത്തിലേക്ക് മാത്രമല്ല, സമുദായ-മതസംഘടനകളുടെ സ്വാധീന ത്തിലേക്കും കൂടിയാണ്.
ഈഴവ ജാതിയില്‍പ്പെട്ട എല്ലാവര്‍ക്കും ബാധകമാകുന്ന ഒരു പൊതു പിന്തുടര്‍ച്ചാനിയമം കൊണ്ടുവരുന്നതു വഴി എല്ലാ ഈഴവരെയും ഒന്നിച്ചു നിര്‍ത്താന്‍ ഈഴവസാമൂഹ്യപരിഷ്ക്കരണപ്രസ്ഥാനം ശ്രമിച്ചു. ഈഴവ സമുദായസ്വത്വം രൂപപ്പെടുത്തുന്നതിനായി ചെയ്യേണ്ടതെന്തെന്ന് വ്യക്തമാക്കിക്കൊണ്ട്, 1909ല്‍ എസ്.എന്‍.ഡി.പി യോഗത്തിന് അയച്ച ഒരു സന്ദേശത്തില്‍, ശ്രീനാരായണഗുരു ഇങ്ങനെ പറഞ്ഞു: സമുദായത്തില്‍ മരുമക്കത്തായ രീതി പിന്തുടരുന്നയിടങ്ങളില്‍ ഒരു പുരുഷന്‍റെ വ്യക്തിഗതസമ്പാദ്യത്തിന്‍റെ ഒരു ഭാഗം അയാളുടെ ഭാര്യയ്ക്കും കുട്ടികള്‍ക്കും നല്‍കുന്നതിനായുള്ള ഒരു ചട്ടം, നിയമത്തില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. അല്ലാത്തപക്ഷം, വിവാഹം എന്നത് അര്‍ത്ഥശൂന്യമായിത്തീരും. കൂടുതല്‍ പര്യാലോചനകള്‍ക്കു ശേഷം, ഈയൊരു ലക്ഷ്യം മുന്‍നിര്‍ത്തിക്കൊണ്ടുള്ള അവശ്യനടപടികള്‍ കൈക്കൊള്ളേണ്ടതുണ്ട്.’ മക്കത്തായ സമ്പ്രദായം പിന്തുടരുന്ന വിഭാഗങ്ങളുടെ എതിര്‍പ്പുമൂലം, നിര്‍ദ്ദിഷ്ട നിയമത്തിന്‍റെ പരിധിയില്‍ നിന്നും അത്തരം വിഭാഗങ്ങളെ ഒഴിവാക്കാന്‍ ഈഴവനിയമസമിതി തീരുമാനിച്ചു. മരുമക്കത്തായം, മിശ്രദായം, മക്കത്തായം എന്നീ ദായക്രമങ്ങള്‍ പിന്തുടരുന്ന എല്ലാ വിഭാഗങ്ങള്‍ക്കും ബാധകമായ ഒരു പൊതുനിയമം എന്നത്, തീര്‍ത്തും വിപ്ലവകരമായ ഒരു ചുവടുവയ്പ്പായിട്ടാണ് അക്കാലത്ത് കരുതപ്പെട്ടത്. പൊതുസ്വത്വത്തിനും അന്തസ്സിനും വേണ്ടി കീഴ്ജാതിവിഭാഗങ്ങള്‍ പൊതുവെ അവരുടെ സ്വത്വനിര്‍ദ്ധാരണത്തിനും അന്തസ്സിനും വേണ്ടി പോരാടിക്കൊണ്ടിരുന്ന ഒരു കാലത്ത്, ഈഴവ സാമൂഹ്യപരിഷ്ക്കരണപ്രസ്ഥാനത്തിന്‍റെ പ്രചാരണപ്രവര്‍ത്തനങ്ങളാകട്ടെ, ഈഴവരുടെ വിദ്യാഭ്യാസ-സാമൂഹ്യ പദവികള്‍ ഉയര്‍ത്തുന്നതിനെ മാത്രം ലക്ഷ്യംവച്ചുകൊണ്ടുള്ളവ ആയിരുന്നില്ല. മറിച്ച് അവരെ സാമൂഹ്യബന്ധനങ്ങളില്‍ നിന്നും മാമൂലുകളില്‍ നിന്നും മുക്തരാക്കുന്നതിനുവേണ്ടി കൂടിയും ഉള്ളവയായിരുന്നു. ഇത്തരം മാമൂലുകളാകട്ടെ, മേല്‍ജാതിക്കാരുടേതിന്‍റെ അനുകരണമായും കരുതപ്പെട്ടു. ഇങ്ങനെയുള്ള മാമൂല്‍ സമ്പ്രദായങ്ങള്‍ക്ക്, സ്ത്രീ ജീവിതത്തിന്മേലും അവരുടെ ലിംഗാധിഷ്ഠിത സ്വത്വത്തെക്കുറിച്ച് സമുദായത്തെ ധരിപ്പിക്കുന്നതിലും പ്രധാന പങ്കുണ്ട്.
താലികെട്ടു കല്യാണം (പെണ്‍കുട്ടി ഋതുമതിയാകുന്നതിന് മുമ്പ് നടത്തപ്പെടുന്ന ചടങ്ങ്), തിരണ്ടുകുളി (ആദ്യ ആര്‍ത്തവത്തിനു ശേഷം പെണ്‍കുട്ടിയെ കുളിപ്പിക്കുന്ന ചടങ്ങ്), പുളികുടി (ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട ചടങ്ങ്) എന്നിവയുള്‍പ്പെടെ ആര്‍ഭാടം നിറഞ്ഞതും ചെലവേറിയതുമായ ചടങ്ങുകള്‍ അവസാനിപ്പിക്കാന്‍ എസ്.എന്‍.ഡി.പി.യോഗം അതിന്‍റെ ആരംഭകാലത്തു തന്നെ ആഹ്വാനം ചെയ്തിരുന്നു. കൂടാതെ, പുതിയൊരു വിവാഹനിയമനിര്‍മ്മാണം നടത്തുന്നതിനു വേണ്ടിയും യോഗം ആവശ്യപ്പെട്ടു. സമുദായനേതാവും കവിയുമായിരുന്ന കുമാരനാശാന്‍ 1904ല്‍ തന്നെ ഇങ്ങനെ എഴുതിയിട്ടുണ്ടായിരുന്നു. ആചാരപരിഷ്ക്കരണത്തെ സംബന്ധിച്ച് നമ്മുടെ ആളുകള്‍ക്കിടയില്‍ ഒരു പുത്തനുണര്‍വ്വ് ഉണ്ടായിരിക്കുന്നു. യോഗം പ്രവര്‍ത്തകര്‍ക്ക് രണ്ടു പ്രധാന ലക്ഷ്യങ്ങളാണ് ഉള്ളത്: ഒന്ന്, അര്‍ത്ഥശൂന്യമായ നിരവധി ആചാരങ്ങളും ചടങ്ങുകളും നിലനിര്‍ത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി വരുത്തിവയ്ക്കുന്ന ഭീമമായ ചിലവുകളും അനുബന്ധപ്രയാസങ്ങളും സമുദായപുരോഗതിയില്‍ സൃഷ്ടിക്കുന്ന തടസ്സങ്ങള്‍, സാധ്യമാകുന്നത്രയും ഒഴിവാക്കുക.
രണ്ട്, ഇടിഞ്ഞു കൊണ്ടിരിക്കുകയും പരിഹാസപാത്രമായി മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്ന സമുദായാന്തസ്സ് സംരക്ഷിക്കുക. കെട്ടുകല്യാണസമ്പ്രദായം അനാവശ്യവും അനാചാരവുമാണെന്നാണ് നമ്മുടെ പൂജനീയ ഗുരുസ്വാമിയുടെ സുചിന്തിതാഭിപ്രായം. ഹിന്ദുക്കളുടെ വേദഗ്രന്ഥങ്ങളിലോ മതാചാരങ്ങളിലോ ഒന്നും തന്നെ ഈയൊരു സമ്പ്രദായം കാണാനാകില്ല. വിവാഹത്തിന് സ്വാഭാവികമായിത്തന്നെ മനുഷ്യജീവിതത്തില്‍ പ്രാധാന്യമുണ്ട്. ഹിന്ദു ചടങ്ങുകളിലാകട്ടെ, അതിന് അതിപ്രധാനമായൊരു സ്ഥാനമാണുള്ളത് താനും. ഇത്രയും സവിശേഷമായൊരു സംഗതിയെ അത്യാഢംബര പൊങ്ങച്ചപ്രകടനങ്ങളോടെ ആഘോഷിക്കുന്ന വെറുമൊരു കുട്ടിക്കളിയാക്കി ചുരുക്കിയതില്‍ നമുക്കിനിയും ലജ്ജ തോന്നുന്നില്ല എന്നതോര്‍ത്ത് നമ്മള്‍ക്ക്, യഥാര്‍ത്ഥ ആത്മബഹുമാനവും ആത്മാഭിമാനവുമുള്ള ഒരു സമുദായമാണ് നമ്മളെങ്കില്‍, ഖേദം തോന്നേണ്ടതാണ്.
വര്‍ഷങ്ങള്‍ക്കു ശേഷം ഈഴവ നിയമസമിതിയും ഇതേ കാഴ്ചപ്പാട് പങ്കിട്ടുകൊണ്ട് പ്രസ്താവിച്ചു: ഭൂരിഭാഗം ഈഴവര്‍ക്കും താലികെട്ടുകല്യാണം എന്നത് ചിലവേറിയ ഏര്‍പ്പാടാണെന്ന് മാത്രമല്ല, ഈ ചടങ്ങ് പല ഈഴവതറവാടുകളേയും ആഭ്യന്തര പിരിമുറുക്കത്തിലേക്കും കോടതി വ്യവഹാരങ്ങളിലേക്കും നയിക്കുകയും ചെയ്തിട്ടുണ്ട്. കാരണം, താലികെട്ടുകല്യാണം തറവാട്ടിലെ അനിവാര്യതയായി കണക്കാക്കപ്പെടുകയും ഈ ചടങ്ങ് നടത്തുന്നത് വഴിയുണ്ടാകുന്ന പണച്ചിലവ്, തറവാട്ട് സ്വത്ത് അന്യാധീനപ്പെട്ടു പോകുന്നതിലേക്ക് നയിക്കുകയും ചെയ്തിട്ടുണ്ട്.’

വിവാഹമെന്ന പുത്തന്‍ ആദര്‍ശ മാതൃക
തിരുവിതാംകൂറിലെ ഈഴവര്‍ പൊതുവെ രണ്ടുതരം വിവാഹ സമ്പ്രദായങ്ങള്‍ പിന്തുടര്‍ന്നുവന്നതായാണ് കാണുന്നത്- നാട്ടുനടപ്പനുസരിച്ചുള്ള ‘മുണ്ടുകൊട’/’പുടവകൊട’യും ശ്രീനാരായണഗുരു പരിചയപ്പെടുത്തിയ ‘വിവാഹ’വും. ഈഴവര്‍ പിന്തുടര്‍ന്നുവന്ന സാമ്പ്രദായിക വിവാഹ രീതിയായ ‘സംബന്ധം’ എന്നത് ഈഴവനിയമസമിതിയുടെ റിപ്പോര്‍ട്ട് പ്രകാരം, ഈഴവര്‍ യാതൊരു കൂറും കാണിക്കാത്ത സ്മൃതി പോലെയുള്ള ഹിന്ദു നിയമങ്ങള്‍ അടിസ്ഥാനപ്പെടുത്തി ഉള്ളതായിരുന്നില്ല. സംബന്ധത്തില്‍ ഏര്‍പ്പെട്ടവരില്‍ ഒരു ഭാഗത്തിന്‍റെ അറിവോ സമ്മതമോ കൂടാതെ മറുഭാഗം ഏകപക്ഷീയമായി നടത്തുന്ന പ്രഖ്യാപനമോ എടുക്കുന്ന നടപടിയോ മതിയാകുമായിരുന്നില്ല ആ സംബന്ധം പിരിയാന്‍. സംബന്ധത്തിലേര്‍പ്പെടുന്ന പുരുഷന് ആ ബന്ധത്തിലുണ്ടാകുന്ന കുട്ടികളോട് തോന്നുന്ന പിതൃഭാവത്തിന്‍റെ പടിപടിയായുള്ള വികാസം, മക്കത്തായം അഥവാ പിതൃദായക്രമം പിന്തുടരുന്ന സമുദായങ്ങളിലെ പുരുഷന്മാരില്‍ ക്രമേണ വളര്‍ന്നു വരുന്ന പിതൃഭാവത്തിന് സമാനമായിരുന്നു.
പിതൃമേധാവിത്വത്തില്‍ ഊന്നിയ ഏകപതീ/ പത്നീ സമ്പ്രദായം എന്ന ആദര്‍ശ മാതൃക വിശദീകരിച്ചുകൊണ്ട് സമിതി വ്യക്തമാക്കി : കര്‍ക്കശമായ ഏകഭാര്യാ-ഭര്‍തൃ സമ്പ്രദായം ഭാവിയില്‍ നിര്‍ബന്ധമാക്കുന്ന തരം വിവാഹ നിയമത്തെ അനുകൂലിച്ചുകൊണ്ടുള്ള സമുദായാംഗങ്ങളുടെ അഭിപ്രായ ഐക്യത്തില്‍ നിന്നും, അതുപോലെതന്നെ വിവാഹമോചന സംഭവങ്ങളുടെ വിരളതയില്‍ നിന്നും മനസ്സിലാകുന്നത് , ഈഴവര്‍ ഉയര്‍ന്ന ദാമ്പത്യവിശ്വാസ്യത മുറുകെ പിടിക്കുന്നവരും താലിയുടെ പവിത്രതയെ സംബന്ധിച്ച സൂക്ഷ്മ ബോധ്യം വെച്ചുപുലര്‍ത്തുന്നവരുമാണ് എന്നതാണ്. ഈഴവ ഭാര്യ അവരുടെ ഭര്‍ത്താവിന്‍റെ കൂടെ, അയാളുടെ സംരക്ഷണയിലാണ് ജീവിക്കുന്നത് എന്നാണ് കണക്കുകള്‍ പൊതുവെ സൂചിപ്പിക്കുന്നത്.
അമ്പലത്തിലോ വിശാലമായ വീട്ടുമുറ്റത്ത്, പുരോഹിതരുടെയും സമുദായ പ്രമാണിമാരുടെയും സാന്നിധ്യത്തിലോ നടത്തപ്പെടുന്ന ലളിതമായ ഒരു ചടങ്ങില്‍ പിതാവോ പിതൃസ്ഥാനത്തുള്ളവരോ വധുവിനെ വരന്‍റെ കൈപിടിച്ചേല്‍പ്പിക്കുന്നതും വരന്‍ വധുവിന്‍റെ കഴുത്തില്‍ മംഗല്യസൂത്രം (താലിച്ചരട്) അണിയിക്കുന്നതും ഉള്‍പ്പെട്ടതായിരുന്നു ശ്രീനാരായണഗുരു പ്രചരിപ്പിച്ച ‘വിവാഹം’ എന്ന പുതിയ സമ്പ്രദായം. ഈ ചടങ്ങുകള്‍ക്കുശേഷം മന്ത്രങ്ങളുരുവിടും. ഈ പുതിയ വിവാഹസമ്പ്രദായം അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ, അന്നത്തെ ഈഴവ ജനസംഖ്യയുടെ വലിയൊരു ശതമാനം ജാരസന്തതികള്‍ ആയി അറിയപ്പെടുന്നത് ഒഴിവാക്കാനായി, പഴയ സംബന്ധ സമ്പ്രദായത്തിനും അംഗീകാരം നല്‍കേണ്ടതുണ്ടെന്ന് ഈഴവനിയമസമിതി നിരീക്ഷിച്ചു. സമുദായവികാരത്തിന് എതിരായേക്കാം എന്ന കാരണത്താല്‍ നിര്‍ബന്ധിത വിവാഹ രജിസ്ട്രേഷനെ എതിര്‍ത്ത സമിതി മുന്നോട്ടുവെച്ച നിര്‍ദേശം, സമുദായത്തിലെ ഉപവിഭാഗങ്ങള്‍ തമ്മിലുഉള്ളതും തിരുവിതാംകൂറിലും പുറത്തുമുള്ള ഈഴവ സമുദായാംഗങ്ങള്‍ക്കിടയില്‍ ഉള്ളതുമായ വിവാഹങ്ങള്‍ക്ക് നിയമസാധുത നല്കുക എന്നതാണ്. ഈഴവരില്‍ തന്നെ ഭൂസ്വത്തുള്ള വിഭാഗങ്ങള്‍ക്കിടയിലാകട്ടെ, തിരുവിതാംകൂറിന്‍റെ വിവിധഭാഗങ്ങളിലുള്ള സമുദായാംഗങ്ങളുമായുള്ള വിവാഹബന്ധം ഒരു സാധ്യതയായി ഉയര്‍ന്നുവരികയും ചെയ്യുന്നുണ്ടായിരുന്നു .അങ്ങനെ, തെക്കന്‍ മലബാറിലെ ഷൊര്‍ണൂരിനടുത്ത് ജനിച്ച ഒരു ഈഴവന് ആലപ്പുഴയിലെ നാണ്യവിളവ്യാപാരകമ്പനിയുടെ മാനേജര്‍ ആകാമെന്നും കൊല്ലത്ത് വേരുകളുള്ള ഒരു കുടുംബത്തിലെ സ്ത്രീയെ വിവാഹം ചെയ്യാം എന്നും ഉള്ള സാധ്യത കൈവരികയും തിരിച്ച്, മധ്യ തിരുവിതാംകൂറില്‍ നിന്ന് ചകിരിയും കയറും ആലപ്പുഴയിലേക്ക് കടത്തുന്നത് വഴി, കൊല്ലത്തുള്ള ഒരു കുടുംബത്തിന് സാമ്പത്തികാഭിവൃദ്ധി കൈവരിക്കാം എന്ന സാധ്യത നിലനില്‍വരുകയും ചെയ്തു.
വാണിജ്യവല്‍ക്കരണവും വ്യവസായങ്ങളുടെ വളര്‍ച്ചയും സമ്പദ് വ്യവസ്ഥയില്‍ സൃഷ്ടിച്ച നിരവധി പുതിയ മേച്ചില്‍പുറങ്ങള്‍ തേടി ഈഴവര്‍ സഞ്ചരിക്കാന്‍തുടങ്ങിയതോടുകൂടി, ഈഴവ ജാതിയിലെ വിവിധ ഉപജാതികള്‍ തമ്മിലുള്ള സമ്പര്‍ക്കവും വര്‍ദ്ധിച്ചു. ‘പിതൃമേധാവിത്വത്തിലൂന്നിയ കുടുംബം’ എന്ന ആദര്‍ശമാതൃകയെ ‘സ്വാഭാവികമായ’തെന്നും ‘പരിഷ്കാരരീതിക്കിണങ്ങുന്നതും പരിഷ്കാരചായ്വുള്ളതും’ എന്നും വിശേഷിപ്പിച്ച ഈഴവനിയമസമിതി, ഈ മാതൃകയെ കൂടുതല്‍ ബലപ്പെടുത്തും വിധം അതിനെ ഒന്നുകൂടി വിശദീകരിക്കാനായി മുന്നോട്ടുവരികയും അതിനായി, മനു ഉള്‍പ്പെടെയുള്ള ബ്രാഹ്മണ നിയമങ്ങളും ബെന്താമിന്‍റെയും മില്ലിന്‍റെയും പുരോഗമനാശയങ്ങളും വ്യാഖ്യാനിച്ചുപയോഗിക്കുകയും ചെയ്തു. ‘ധാര്‍മികതയുടെ വികാസത്തിനും കുടുംബജീവിതത്തിലെ സ്വാസ്ഥ്യത്തിനും വിഘാതം നില്‍ക്കുന്ന തടസ്സങ്ങള്‍’ എന്ന നിലക്ക് ഈഴവ വിഭാഗങ്ങള്‍ക്കിടയില്‍ പ്രചാരത്തിലിരുന്ന ബഹുഭാര്യ ബഹുഭര്‍തൃ സമ്പ്രദായങ്ങളെ ഒരുപോലെ എതിര്‍ത്ത നിയമസമിതി ‘ആത്മനിയന്ത്രണം ശീലിക്കുവാനും, ഗാര്‍ഹിക സമാധാനത്തില്‍ വിള്ളല്‍ വീഴ്ത്തുന്നതില്‍ മുന്‍പന്തിയിലുള്ള സ്ത്രീസഹജമായ അസൂയ ഇല്ലാതാക്കുന്നതിനും ഏറ്റവും യോജിച്ചത് ഏകഭാര്യാ/ഭര്‍തൃ സമ്പ്രദായമാണെന്ന് അടിവരയിട്ട് പറഞ്ഞു. സാമൂഹികജീവിതത്തിന്‍റെ സൂക്ഷ്മനിരീക്ഷകന്‍ ആയിരുന്ന ജനകീയകവി കുഞ്ചന്‍നമ്പ്യാര്‍ ഇങ്ങനെ പാടി: പൊണ്ടാട്ടിമാര്‍ രണ്ടു കൊണ്ടു നടക്കുന്ന/ സാധു ഭുജിക്കില്ല സ്വാസ്ഥ്യ പ്രസാദം,’ വിവിധ കീഴ്വഴക്കങ്ങള്‍ തിരുവിതാംകൂറിലെ മരുമക്കത്തായ വിഭാഗങ്ങളുടെ ഇടയില്‍ വര്‍ദ്ധിച്ചുവരുന്ന ആഭ്യന്തരപിരിമുറുക്കങ്ങളും വിവാഹമോചനത്തിനായുള്ള കോടതി വ്യവഹാരങ്ങളും കൈകാര്യം ചെയ്യേണ്ടി വന്നതില്‍ നിന്നും, സമുദായത്തില്‍ പ്രചാരത്തിലിരുന്ന പല കീഴ്വഴക്കങ്ങളും പരിശോധനയ്ക്കു വിധേയമാക്കാന്‍ ഈഴവനിയമസമിതി നിര്‍ബന്ധിതമായി.
വിവാഹമോചനവുമായി ബന്ധപ്പെട്ട നാട്ടുനടപ്പുകള്‍ പലവിധമായിരുന്നു. വിവാഹമോചനം അനുവദിക്കാനുള്ള ഉപാധികള്‍ സംബന്ധിച്ച കോടതി തീരുമാനങ്ങളാകട്ടെ, വൈരുദ്ധ്യങ്ങള്‍ നിറഞ്ഞവയുമായിരുന്നു. വിവാഹമോചന കീഴ്വഴക്കങ്ങള്‍ സംബന്ധിച്ച ഒരു വിവരണം വെളിപ്പെടുത്തുന്നത്, ഇരുവിഭാഗവും വിവാഹമോചനം ആവശ്യപ്പെടുകയാണെങ്കില്‍ ആദ്യം ബന്ധുക്കളെയും സമുദായപ്രമാണിമാരേയും വിവരമറിയിച്ചിരുന്നു എന്നാണ്. ഒത്തുതീര്‍പ്പുശ്രമങ്ങള്‍ ഫലം കാണുന്നില്ലെങ്കില്‍, ഭര്‍ത്താവ് അയാളുടെ ഭാര്യയ്ക്ക് ആദ്യം, അവളുടെ യൗവനത്തിനും ആരോഗ്യത്തിനും കോട്ടംവരുത്തിയതിനുള്ള നഷ്ടപരിഹാരമായി ‘അഴിവും’, വിവാഹം നടത്തുന്നതിനാവശ്യമായി വന്ന ‘ചിലവും’ നല്‍കും. പിന്നീട്, വിവാഹവേളയില്‍ ഭര്‍ത്താവു ഭാര്യയ്ക്കു സമ്മാനിച്ച പുടവ ഒഴിയുന്നതായി സൂചിപ്പിക്കുന്ന ‘ഒഴിവുപുടവ’ അഥവാ ‘ഒഴിമുറി’ (വിവാഹമോചന പ്രമാണം) നല്‍കുന്നതോടുകൂടി ആ ബന്ധം അവസാനിച്ചു എന്നുവരുന്നു. പരസ്പരസമ്മതത്തോടുകൂടി നടപ്പിലാക്കപ്പെടുന്ന വിവാഹമോചനരീതിയായിരുന്നു മറ്റൊന്ന്. ഇത്തരം വിവാഹമോചന നടപടികളില്‍ വിവാഹമോചനം നേടാനുള്ള ഭര്‍ത്താവിന്‍റെ ഇച്ഛ സമുദായ സഭ പിന്താങ്ങുകയും ഭര്‍ത്താവ്, തന്‍റെ സ്വത്തില്‍ ഒരു ഓഹരിയോ 101 പണമോ 101 പണത്തിനുള്ള പ്രമാണമോ ഭാര്യയ്ക്ക് നല്‍കുകയും ചെയ്യുന്നു തീരുമാനങ്ങള്‍ എടുക്കാനുള്ള അവകാശം സര്‍ക്കാരില്‍ നിക്ഷിപ്തമായതിനുശേഷം, വിവാഹമോചനം നല്‍കാനുള്ള ഉപാധികള്‍ പലതരത്തില്‍ വ്യാഖ്യാനിക്കുന്ന സമുദായസഭയ്ക്ക് പകരം, ‘തിരുവിതാംകൂര്‍ നായര്‍ റഗുലേഷന്‍ ആക്ട്’ മാതൃകയില്‍ ജില്ലാ മുന്‍സിഫ് കോടതി വിവാഹ മോചനം അനുവദിച്ചു കൊടുക്കണമെന്ന് ഈഴവനിയമസമിതി നിര്‍ദ്ദേശിച്ചു. എന്നിരുന്നാലും, വിവാഹമോചനത്തില്‍ നഷ്ടപരിഹാരത്തുക ഭര്‍ത്താവില്‍നിന്നു മാത്രം ഈടാക്കാന്‍ അനുവദിക്കുന്ന ‘നായര്‍ റെഗുലേഷ’നില്‍ നിന്നും വിഭിന്നമായി, വിവാഹമോചന വിഷയത്തിന്മേല്‍ ഈഴവ നിയമസമിതി വിസ്തരിച്ച സാക്ഷികളില്‍ (പ്രധാനമായും പുരുഷന്മാര്‍) ഭൂരിഭാഗവും അഭിപ്രായപ്പെട്ടത്, ഭാര്യയും നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യസ്ഥയാണ് എന്നാണ്. അതിനാല്‍ വിവാഹമോചനം ആവശ്യപ്പെടുന്ന കക്ഷി, അതായത് ഭാര്യയോ ഭര്‍ത്താവോ, ആണ് നഷ്ടപരിഹാരം നല്‍കേണ്ടതെന്ന് ഈഴവനിയമസമിതി നിഷ്കര്‍ഷിച്ചു. 94 ശതമാനത്തിലധികം ഹരജികളിലും വിവാഹമോചനാവശ്യം മുന്നോട്ടുവച്ചത് ഭാര്യമാരായിരുന്നു എന്നത് ഇവിടെ പ്രത്യേകം ശ്രദ്ധേയമാണ്. ഈഴവനിയമനിര്‍മ്മാണസമിതി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത് ആര്‍ജ്ജിതസ്വത്ത് സംബന്ധിച്ച ചര്‍ച്ചകളില്‍ ആയിരുന്നു. മരുമക്കത്തായ കുടുംബങ്ങള്‍ക്ക് തറവാട്ടുസ്വത്തിലുള്ള പിന്തുടര്‍ച്ചാവകാശം സംബന്ധിച്ച നിയമങ്ങളില്‍ മാറ്റം കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നില്ലെന്നും സമിതി ആവര്‍ത്തിച്ച് വ്യക്തമാക്കി. ഇവിടെയും, തിരുവിതാംകൂറിലെ ഈഴവരുടെ ഇടയില്‍ പ്രചാരത്തിലിരുന്ന പല കീഴ്വഴക്കങ്ങളേയും നിയമസമിതിക്ക് കണക്കിലെടുക്കേണ്ടി വന്നു. അവയില്‍ ചിലതാകട്ടെ, കോടതിവിധി വഴി നിയമസാധുത നേടിയെടുത്തവയുമായിരുന്നു. അത്തരത്തിലൊന്നായ ‘വത്സരാവകാശ’ സമ്പ്രദായം എന്നത്, സ്വത്ത് ഭാഗം വയ്ക്കുന്നതിനു മുമ്പുള്ള ഒരു വര്‍ഷക്കാലം ഒരു വ്യക്തിയുടെ മുഴുവന്‍ ആര്‍ജ്ജിതസ്വത്തും അയാളുടെ ഭാര്യയ്ക്കും മക്കള്‍ക്കും അനുഭവിക്കാം എന്നുള്ള നിയമമായിരുന്നു. ‘ചെറുനേട്ടം’ അഥവാ ‘ചെറുതെട്ടും’ സമ്പ്രദായമാകട്ടെ, വ്യക്തിയുടെ ആര്‍ജ്ജിതസ്വത്തില്‍ നിന്ന് ഒരു അധികഓഹരി അയാളുടെ പ്രായപൂര്‍ത്തിയാകാത്ത മക്കളുടെ വിവാഹച്ചെലവുകള്‍ക്കായി നീക്കിവയ്ക്കണമെന്ന് നിഷ്കര്‍ഷിച്ചു. ഇത്തരം കീഴ്വഴക്കങ്ങളുടെ തുടക്കം സംബന്ധിച്ച് ഭിന്നാഭിപ്രായങ്ങളുണ്ട്.
ഈ ആചാരങ്ങളുടെ ഉത്ഭവം സംബന്ധിച്ച ജുഡീഷ്യല്‍ തീരുമാനങ്ങളും വ്യത്യസ്തമായിരുന്നു. ആര്‍ജ്ജിതസ്വത്തിലുള്ള സ്ത്രീകളുടെ സംഭാവനയെയും അതിന്മേലുള്ള അവരുടെ അവകാശത്തെയും അനുകൂലിച്ചും പ്രതികൂലിച്ചും കൊണ്ടുള്ള നിരവധി വാദങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നു. ഇതു സംബന്ധിച്ച് സദ്ദാര്‍ കോടതിയുടെ തീര്‍പ്പ് ഇങ്ങനെയായിരുന്നു – ഭര്‍ത്താവിന്‍റെ പാതിസ്വത്തില്‍ ഭാര്യയ്ക്കുള്ള അവകാശം അംഗീകരിക്കപ്പെടുന്നത്, ആ സ്വത്തില്‍ അവളുടെ അധ്വാനത്തിന്‍റെ പങ്ക് കൂടി ഉള്ളതുകൊണ്ടാണ്. പരിശ്രമശാലികളായ ഈഴവസമുദായഅംഗങ്ങളുടെ ഇടയില്‍ സാധാരണയായി, ഭാര്യ അവളുടെ ഭര്‍ത്താവിനെ അയാളുടെ ജോലിയില്‍, അത് വ്യവസായസംരംഭമായാലും കച്ചവടമായാലും, സഹായിക്കാറുണ്ട് എന്നും സദ്ദാര്‍ കോടതി നിരീക്ഷിച്ചു.

ഈ കീഴ്വഴക്കത്തിന്‍റെ പിറവി സംബന്ധിച്ച് സൂചന നല്‍കിക്കൊണ്ട് സദ്ദാര്‍കോടതി ഇങ്ങനെ അനുശാസിച്ചു: ‘ഈഴവര്‍ക്കിടയിലെ ഒരു തറവാട്ടംഗം സ്വന്തമായി സ്വത്ത് സമ്പാദനത്തിലേര്‍പ്പെടുമ്പോള്‍, തന്‍റെ അധ്വാനത്തിലൂടെ അയാളുടെ ഭാര്യയും ആ സ്വത്തിലേക്ക് ഒരു പങ്ക് സംഭാവന ചെയ്യുന്നുണ്ട്. ഭാര്യ പ്രസ്തുത തറവാട്ടിലെ അംഗമല്ലാത്തതിനാല്‍, അവളുടെ അധ്വാനഫലത്തിന്‍റെ ഗുണം അനുഭവിക്കാനുള്ള അവകാശം അവളുടെ മക്കള്‍ക്കാണ്. ഈ അവകാശമെന്നത് മേല്‍സ്വത്തിന്‍റെ തുല്യ പകുതിക്കു വരെയുള്ള അവകാശമാണ്. അതുകൊണ്ടുതന്നെ, ഭര്‍ത്താവിന്‍റെ ആര്‍ജ്ജിതസ്വത്തിന്‍റെ പകുതി, ഭാര്യയുടെ അനന്തരാവകാശികള്‍ക്ക് (ഇവര്‍ ഭര്‍ത്താവിന്‍റെ അനന്തരാവകാശികളായിരിക്കില്ല) അവകാശപ്പെട്ടതാണ് എന്നതാണ് ഇതിലെ തീര്‍പ്പ്.’ വിവാഹബന്ധത്തിലെ കുട്ടികള്‍ക്ക് പിതാവിന്‍റെ ആര്‍ജ്ജിതസ്വത്തിന്‍റെ പങ്ക് ലഭിക്കുന്നത് അയാളുടെ അനന്തരാവകാശികള്‍ എന്ന നിലയ്ക്കല്ല, മറിച്ച് ആര്‍ജ്ജിതസ്വത്തില്‍ തന്‍റെ അധ്വാനത്തിന്‍റെ പങ്ക് നിക്ഷേപിച്ചുകൊണ്ട്, ആ സ്വത്തിന്‍റെ തുല്യ ഉടമസ്ഥതയ്ക്ക് അവകാശിയായ മാതാവിന്‍റെ അനന്തരാവകാശികള്‍ എന്ന നിലയ്ക്കാണ്. കൂട്ടായ അധ്വാനസിദ്ധാന്തം അടിസ്ഥാനമാക്കിയുള്ള സദ്ദാര്‍ കോടതിയുടെ ഈ വ്യാഖ്യാനത്തെ ചോദ്യംചെയ്തുകൊണ്ട് ഹൈക്കോടതി പ്രസ്താവിച്ചത്, സ്വത്തവകാശം സംബന്ധിച്ച കീഴ്വഴക്കങ്ങളുടെ തുടക്കത്തിനു കാരണം സംയുക്തഅധ്വാനം ആണോ അതോ ‘സ്വാഭാവിക സ്നേഹവാത്സല്യങ്ങള്‍’ ആണോ എന്ന് നിശ്ചയമില്ല എന്നാണ്. സംയുക്തഅധ്വാന സിദ്ധാന്തം പിന്നീട് ഹൈക്കോടതി തള്ളുകയും, ആര്‍ജ്ജിത സ്വത്ത് സമ്പാദനം നടന്നത് പിതാവുമായുള്ള മാതാവിന്‍റെ വിവാഹത്തിനു മുമ്പോ ശേഷമോ എന്നത് കണക്കിലെടുക്കാതെ തന്നെ കുട്ടികള്‍ക്ക് പിതാവിന്‍റെ ആര്‍ജ്ജിതസ്വത്തില്‍ അവകാശമുണ്ടെന്ന് വ്യക്തമാക്കുകയും ചെയ്തു. മിശ്രദായക്രമത്തിനേറ്റ കനത്ത പ്രഹരമായാണ് ഈ ഹൈക്കോടതി വിധിയെ ഈഴവനിയമസമിതി നോക്കികണ്ടത്. സ്വത്തവകാശം ആണ്‍സന്തതിയില്‍ നിക്ഷിപ്തമാക്കുന്ന ഒരു നിയമത്തിനു വേണ്ടി ഈഴവ വിഭാഗങ്ങളുടെ ഇടയില്‍ നിന്ന്, കുറച്ചുകാലത്തേക്കെങ്കിലും, മുറവിളി ഉയരാന്‍ ഈ വിധി കാരണമാവുകയും ചെയ്തു. സ്വത്തിന്മേല്‍ കുട്ടികള്‍ക്കുള്ള നിയമപരമായ അവകാശം പിതാവുമായുള്ള അവരുടെ ബന്ധത്തില്‍ നിന്ന് ഉണ്ടാകുന്നതാണ് എന്ന് ഹൈക്കോടതി ഊന്നിപ്പറഞ്ഞു. സാമ്പ്രദായിക കീഴ്വഴക്കം അനുസരിച്ച് ഭാര്യക്കും മക്കള്‍ക്കും ആര്‍ജ്ജിത സ്വത്തില്‍ അവകാശം ഇല്ലെങ്കിലും, തന്‍റെ ആര്‍ജ്ജിത സ്വത്ത് ഭാര്യക്കും മക്കള്‍ക്കും നല്‍കാന്‍ പുരുഷന്മാര്‍ തയ്യാറാകുന്ന പ്രവണത മരുമക്കത്തായക്രമം പിന്തുടരുന്ന ഈഴവരുടെ ഇടയിലും വര്‍ധിച്ചുവരുന്നതായി ഈഴവ നിയമസമിതി നിരീക്ഷിച്ചിട്ടുണ്ട്.
എസ്.എന്‍.ഡി.പി. യോഗവും അറുപതില്‍പ്പരം മറ്റു ഈഴവ സംഘടനകളും ചേര്‍ന്ന ഈഴവ സാമൂഹ്യപരിഷ്കരണ പ്രസ്ഥാനവും, ഭര്‍ത്താവിന്‍റെ ആര്‍ജ്ജിത സ്വത്തില്‍ ഭാര്യക്കും മക്കള്‍ക്കും അവകാശം നല്‍കണമെന്ന വാദം ഉയര്‍ത്തിപ്പിടിച്ചു. ഹൈക്കോടതിയുടെ ഭാഷ്യത്തെ അനുകൂലിച്ച് നിലപാട് എടുത്തവരില്‍ സമ്പന്ന ഈഴവ തറവാടുകളിലെ കാരണവന്മാരും ഉള്‍പ്പെട്ടിരുന്നു. വ്യാഖ്യാനത്തെ അനുകൂലിച്ച നേതാക്കന്മാരില്‍, എസ്.എന്‍.ഡി.പി. യോഗം സ്ഥാപകരായ ശ്രീനാരായണഗുരു, ഡോക്ടര്‍ പല്‍പ്പു, മാധവന്‍ വൈദ്യന്‍, കുഞ്ഞുശങ്കരന്‍ വൈദ്യന്‍ സമ്പന്ന കാരണവരായ കൊച്ചുകുഞ്ഞു ചാന്നാര്‍ എന്നിവരും നാരായണപ്പണിക്കര്‍, അയ്യപ്പന്‍ രാമന്‍ തുടങ്ങിയ ഈഴവ നേതാക്കളും ഉള്‍പ്പെട്ടിരുന്നു. എങ്കിലും ഈഴവരുടെ ഇടയിലെ ചെറു വിഭാഗങ്ങള്‍ ഹൈക്കോടതിയുടെ വ്യാഖ്യാനത്തെ എതിര്‍ത്തു. കാരണം, ആര്‍ജ്ജിതസ്വത്ത് സംബന്ധിച്ച അധികാര കൈമാറ്റാവകാശവും സ്വത്തിന്‍റെ ആളോഹരി വീതംവയ്പും ചേര്‍ന്ന് മരുമക്കത്തായ കുടുംബങ്ങളെ തകര്‍ക്കുമെന്നും, മക്കത്തായത്തിന്‍റെ വളര്‍ച്ച സമുദായത്തിലെ സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിന് എതിരായിരിക്കുമെന്നും അവര്‍ ഭയന്നു.
ഈ വാദമുയര്‍ത്തിയ വിഭാഗത്തിലെ പ്രമുഖരില്‍ സി. ഒ. മാധവന്‍, കോമത്ത് കുഞ്ചുപ്പണിക്കര്‍, സി.വി. കുഞ്ഞുരാമന്‍, സി. പരമേശ്വരന്‍, ശങ്കരപ്പണിക്കര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. ഈഴവനിയമസമിതിയുടെ അഭിപ്രായത്തില്‍, ദാമ്പത്യബന്ധത്തെ പവിത്രവും അലംഘനീയവുമായ ഒന്നായിട്ടാണ് ഈഴവസമുദായം കണ്ടിരുന്നത്. പിതൃബോധമാകട്ടെ, രൂഢമൂലവുമായിരുന്നു. ഭാര്യ, സാധാരണയായി ഭര്‍ത്താവും കുട്ടികളുമായി, ഭര്‍തൃവീട്ടിലാണ് കഴിഞ്ഞിരുന്നത്. പിതാവ്, കുട്ടികളുടെ രക്ഷിതാവായി പ്രവര്‍ത്തിക്കുകയും അവരെ വിദ്യാഭ്യാസം ചെയ്യിക്കുകയും ചെയ്തു. അയാള്‍, അയാളുടെ ഭാര്യക്കും മക്കള്‍ക്കും വേണ്ടി ജീവിക്കുകയും അധ്വാനിക്കുകയും ചെയ്തപ്പോള്‍, ഭാര്യയും മക്കളും, അയാളുടെ ആര്‍ജ്ജിതസ്വത്തിലേക്ക് സംഭാവന ചെയ്താലും ഇല്ലെങ്കിലും, പൊതുവേ അയാളുടെ അദ്ധ്വാനഫലം അനുഭവിക്കാന്‍ അവകാശം ഉള്ളവരാണെന്നു വന്നു.
പിതാവ് മരണപ്പെടുമ്പോള്‍ മക്കള്‍ പുല ആചരിക്കുകയും ശേഷക്രിയകള്‍ ചെയ്യുകയും ശ്രാദ്ധമൂട്ടുകയും ചെയ്തു. അങ്ങനെ, പിതാവ് വഴി മക്കള്‍ക്ക് ലഭിക്കുന്ന സ്വത്ത് നിലവില്‍ വരികയും, ഈ സ്വത്തില്‍ പിതാവിന്‍റെ തറവാടിന് യാതൊരു അവകാശവും ഇല്ലാതെ വരികയും ചെയ്തു. സംരംഭകശീലത്തിന് പേരുകേട്ട ഈഴവസമുദായത്തിന്‍റെ പരിശ്രമശീലം ബലപ്പെടുത്തുന്നതില്‍ മേല്‍പ്പറഞ്ഞ മൂലധനം നല്‍കിയ സംഭാവന ഒട്ടും ചെറുതല്ല. മക്കത്തായ സമ്പ്രദായം ഉളവാക്കിയ സ്വാഭാവികമാറ്റങ്ങളുടെ ഫലമായി, ഉയര്‍ന്ന പിതൃ-പുത്രകര്‍ത്തവ്യബോധം വളര്‍ത്തിയെടുക്കാന്‍ ഈഴവര്‍ക്ക് കഴിഞ്ഞു. അതുകൊണ്ടുതന്നെ മക്കത്തായ അഥവാ പിതൃദായ ക്രമത്തിലേക്കുള്ള ‘സ്വാഭാവിക’ ചുവടുമാറ്റമാണ് ലക്ഷ്യമെന്ന് ഈഴവനിയമസമിതി ഊന്നിപ്പറഞ്ഞു. എന്നിരുന്നാലും ഒരു ഈഴവ പുരുഷന്‍റെ മരണസമയത്ത് തീര്‍പ്പ് കല്‍പ്പിക്കാതെ അവശേഷിക്കുന്ന അയാളുടെ ആര്‍ജ്ജിതസ്വത്ത് സംബന്ധിച്ചു മാത്രമേ നിര്‍ദ്ദിഷ്ടനിയമം സംസാരിക്കുന്നുള്ളൂവെങ്കിലും, നിയമം പ്രാബല്യത്തില്‍ വന്നതിനു ശേഷമുള്ള ആര്‍ജ്ജിതസ്വത്തിനും മേല്‍നിയമം ബാധകമായിരിക്കുമെന്ന് നിയമസമിതി വ്യക്തമാക്കി.
ഭൂരിഭാഗം ഈഴവരും തൊഴിലാളികളായിരുന്നു എന്നതിനാല്‍ ഒരേക്കറിലധികം ഭൂമിയുള്ള ഈഴവതറവാടുകളുടെ എണ്ണം അയ്യായിരത്തിലധികം വരില്ലെന്ന് ഈഴവക്ഷേമസമിതി വിലയിരുത്തി. എങ്കിലും വ്യക്തികളുടെ ആര്‍ജ്ജിതസ്വത്ത് ധാരാളമുണ്ടായിരുന്നു. മരുമക്കത്തായം പിന്തുടരുന്ന ഈഴവകൂട്ടുകുടുംബങ്ങളുടെ മേല്‍, വര്‍ദ്ധിച്ചുകൊണ്ടിരുന്ന തൊഴിലവസരങ്ങള്‍ക്ക് ഗണ്യമായ സ്വാധീനമുണ്ടായിരുന്നു. ആര്‍ജ്ജിതസ്വത്തിന്മേലുള്ള വ്യക്തിയുടെ അവകാശത്തിന് അംഗീകാരം നല്‍കാനുള്ള തീരുമാനം വളരെ നേരത്തെ തന്നെ നിലവില്‍ വന്നതും, സ്വന്തമായി സമ്പാദ്യം ഉള്ള വ്യക്തിക്ക് തന്‍റെ അധ്വാനഫലം തറവാട്ടിലെ മറ്റ് അംഗങ്ങളുമായി പങ്കിടാനുള്ള വൈമുഖ്യം കാരണമാകാം. തറവാട്ടില്‍ നിന്നും വേര്‍പിരിഞ്ഞ് സ്വന്തമായി വീടും വീട്ടുകാര്യം നടത്താനുള്ള അധികാരവും ആവശ്യമായി വന്നതും ഇതിനു മറ്റൊരു കാരണമായിരുന്നു. സമ്പത്തിന്മേലുള്ള വ്യക്തിഗത ഉടമസ്ഥത ലഭിക്കുന്നത്, ഭൂസ്വത്ത് കൂടുതല്‍ വിസ്തൃതമാക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും അതിനായി കൂടുതല്‍ അധ്വാനിക്കാനുമുള്ള പ്രചോദനമാകുമെന്നും, ഇത് മെച്ചപ്പെട്ട കൃഷി രീതികള്‍ പരീക്ഷിക്കാനും ഉല്പാദന ക്ഷമത വര്‍ദ്ധിപ്പിക്കാനുമുള്ള ശ്രമങ്ങളിലേക്ക് വഴിതെളിക്കുമെന്നും ഈഴവനിയമസമിതി മനസ്സിലാക്കി. ഇക്കാരണത്താല്‍ തന്നെ കുടുംബസ്വത്തിന്‍റെ വ്യക്തിഗത ഭാഗംവയ്പിനെ സമിതി അനുകൂലിക്കുകയും ചെയ്തു. അപ്പോഴും, ഇക്കാര്യത്തില്‍ ജാഗ്രത വേണമെന്ന് സമിതി സമുദായത്തെ ഉപദേശിക്കുകയും ചെയ്തു. കാരണം, വ്യക്തിഗത ഭാഗംവയ്പ്പിനായുള്ള ഒരു നിയമ നിര്‍മ്മാണം, കര്‍ഷകസമുദായമായ ഈഴവരുടെ ഭൂസ്വത്ത് വിഭജിച്ചു പോകുന്നതിലേക്കും താമസിയാതെ അത് അന്യാധീനപ്പെട്ടുപോകുന്നതിലേക്കും നയിച്ചേക്കുമെന്ന് സമിതി ഭയപ്പെട്ടിരുന്നു.

ഉപസംഹാരം
സമുദായസ്വത്വം, കീര്‍ത്തി, സാമൂഹികപദവി എന്നിവയോടൊപ്പം തന്നെ സ്ത്രീകളുടെ കീഴാളനിലയും നിര്‍മ്മിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ കൂടിയാണ് ഈഴവനിയമസമിതി നടത്തിയത് എന്നാണ്, പിന്തുടര്‍ച്ചാ-സ്വത്തവകാശ-വിവാഹ നിയമങ്ങള്‍ നടപ്പില്‍ വരുത്താനുള്ള സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വ്യവഹാരം സൂചിപ്പിക്കുന്നത്. പുതുതായി രൂപംകൊണ്ട ‘കുടുംബം’ എന്ന ഘടകത്തിനകത്ത് ആണ്‍-പെണ്‍ വിഭാഗങ്ങള്‍ക്കിടയിലെ ആസ്തിബന്ധം ഉള്‍പ്പെടെയുള്ള ബന്ധങ്ങളെ നിയന്ത്രിച്ചു കൊണ്ടാണ് സ്ത്രീകളുടെ ഈ കീഴാളനില നിര്‍മ്മിച്ചെടുക്കാന്‍ സമിതി ശ്രമിച്ചത് . മരുമക്കത്തായ സമ്പ്രദായങ്ങള്‍ അവസാനിപ്പിക്കാനായി എസ്.എന്‍.ഡി.പി. യോഗത്തിന്‍റെ നേതൃത്വത്തില്‍ ഈഴവ സാമൂഹ്യപരിഷ്ക്കരണപ്രസ്ഥാനം നടത്തിയ സംയുക്തശ്രമങ്ങള്‍, അക്കാലത്തെ എഴുത്തുകള്‍, പത്രവാര്‍ത്തകള്‍, മഹിളാസമാജങ്ങളുടെ യോഗറിപ്പോര്‍ട്ടുകള്‍ എന്നിവയില്‍ നിന്നെല്ലാം മനസ്സിലാക്കാന്‍ സാധിക്കും. നിയമനിര്‍മ്മാണവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ഈഴവസംഘടനകള്‍, മതനേതാക്കന്മാര്‍, അഭ്യസ്തവിദ്യരായ മധ്യവര്‍ഗ്ഗം, സര്‍ക്കാര്‍ ജീവനക്കാര്‍ എന്നിവരുടെയെല്ലാം പ്രതിനിധികള്‍ ഉള്‍പ്പെട്ടപ്പോള്‍, ഈഴവസ്ത്രീകള്‍ അവഗണിക്കപ്പെട്ടു. സ്വയംബോധ്യമുള്ളതും സമര്‍ത്ഥമായതുമായ അഭിപ്രായങ്ങള്‍ പ്രകാശിപ്പിക്കാന്‍ കഴിവില്ലാത്തവരായാണ് പൊതുവെ സ്ത്രീകള്‍ വീക്ഷിക്കപ്പെട്ടത്. സാക്ഷി വിസ്താരത്തിനായി ആളുകളെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് ഈഴവനിയമസമിതി, തഹസില്‍ദാര്‍മാര്‍ക്ക് നല്‍കിയ ഉത്തരവില്‍ നിന്നും ഈയൊരു മനോഭാവം വ്യക്തമാണ്. തെളിവ് നല്‍കാന്‍ അവര്‍ പ്രാപ്തരാണെന്ന് ബോധ്യപ്പെടുകയാണെങ്കില്‍, ഏതാനും സ്ത്രീസാക്ഷികളെയും സാക്ഷിവിസ്താരത്തില്‍ ഉള്‍പ്പെടുത്താനായിരുന്നു സമിതിയുടെ നിര്‍ദ്ദേശം. 863 സാക്ഷികളില്‍ ആകെ 10 പേരായിരുന്നു സ്ത്രീകള്‍. എന്നാല്‍, എവിടെയെല്ലാം സ്ത്രീകളുടെ അഭിപ്രായം തേടിയോ, അവിടെയെല്ലാംതന്നെ കൃത്യമായ ആശയങ്ങള്‍ അവര്‍ പങ്കുവെച്ചിട്ടുണ്ട് എന്ന് നിയമസമിതി തന്നെ അംഗീകരിക്കുന്നുമുണ്ട്. കായംകുളം കേന്ദ്രത്തില്‍ മാത്രം നാല് സ്ത്രീകളുമായി കൂടിയാലോചിച്ചു. അവരോട് ചോദിച്ച ചോദ്യങ്ങള്‍ക്ക് സുവ്യക്തവും സമര്‍ത്ഥവുമായ ഉത്തരങ്ങളാണ് എല്ലാ സ്ത്രീസാക്ഷികളും നല്‍കിയത്. സമിതി തയ്യാറാക്കിയ ചോദ്യങ്ങള്‍ ആഴത്തില്‍ പഠിക്കാന്‍ അവര്‍ മിനക്കെട്ടിട്ടുണ്ടെന്നും, മതിയായ ശ്രദ്ധ അവയ്ക്കു കൊടുത്തിട്ടുണ്ടെന്നും ആണ് മനസ്സിലാകുന്നത്. വാചാവിസ്താരത്തിനു തയ്യാറായവരും, ഉത്തരങ്ങള്‍ എഴുതി അയച്ചവരുമായ സ്ത്രീസാക്ഷികള്‍ കാണിച്ച, പ്രായേണ ഗൗരവമേറിയ, ഈ താത്പര്യത്തിനുള്ള അഭിനന്ദനങ്ങള്‍ ഞങ്ങളിവിടെ രേഖപ്പെടുത്തുന്നു’ എന്നാണ് സമിതി, ഇതു സംബന്ധിച്ച് പ്രസ്താവിച്ചത്. ഈഴവസ്ത്രീകളുടെ ലിംഗാധിഷ്ഠിതസ്വതം നിര്‍മ്മിക്കപ്പെട്ടത് ഈ നിയമം വഴി മാത്രമായിരുന്നില്ലെങ്കിലും, തിരുവിതാംകൂറിലെ ഈഴവസാമൂഹ്യപരിഷ്ക്കരണപ്രസ്ഥാനത്തിനുള്ളില്‍ പിന്നീട് ഉയര്‍ന്നു വന്ന പലതരം തര്‍ക്കങ്ങളും ഉടലെടുത്തത് ഈ നിയമമൊരുക്കിയ ചട്ടക്കൂടിനകത്തുനിന്നായിരുന്നു.

 

 

 

 

മീര വേലായുധന്‍
പോളിസി അനലിസ്റ്റ്, മുന്‍ ഐ.എ.ഡബ്ല്യു.എസ്.   പ്രസിഡന്‍റ്

 

 

 

 

വിവര്‍ത്തനം: ഷീബ എന്‍. കെ.
ഹൈസ്കൂള്‍ ഇംഗ്ലിഷ് വിഭാഗം അധ്യാപിക

COMMENTS

COMMENT WITH EMAIL: 0