Homeചർച്ചാവിഷയം

തെരഞ്ഞെടുപ്പ്-രാഷ്ട്രീയം-സ്ത്രീ

തെരഞ്ഞെടുപ്പ്- രാഷ്ട്രീയം- സ്ത്രീ ഈ വിഷയങ്ങള്‍ ചേര്‍ത്തുവെച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ കേരളത്തില്‍ കെ.ആര്‍. ഗൗരിയമ്മയില്‍ നിന്ന് മാത്രമേ ഈ ചര്‍ച്ച ആരംഭിക്കുവാന്‍ സാധിക്കുകയുള്ളൂ. സ്വാതന്ത്ര്യാനന്തര കാലത്തെ കേരള സംസ്ഥാനത്തിന്‍റെ സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ ചരിത്രഗതിയില്‍ നിര്‍ണായക സ്വാധീനം ചെലുത്തുവാന്‍ കഴിഞ്ഞ പ്രമുഖ രാഷ്ട്രീയ നേതാക്കളില്‍ ഒരാളാണ് കെ. ആര്‍. ഗൗരിയമ്മ. ആലപ്പുഴ ജില്ലയിലെ പട്ടണക്കാട് ഗ്രാമത്തില്‍ പാര്‍വതിയുടെയും രാമയും പത്തു മക്കളില്‍ ഏഴാമത്തെ മകളായി 1919 ജൂലൈ പതിനാലാം തീയതി ഗൗരി ജനിച്ചു. സ്ത്രീ എന്നാല്‍ ഇപ്രകാരം ആകണമെന്ന സമൂഹത്തിന്‍റെ വാര്‍പ്പുമാതൃകകളെ വെല്ലുവിളിച്ചാണ് ഗൗരി ജീവിതമാരംഭിച്ചത്. ആണ്‍കോയ്മ അനുവദിച്ച പെണ്ണിടങ്ങള്‍ക്ക് അപ്പുറത്തേക്ക് എത്തിനോക്കുവാന്‍ പോലും ധൈര്യം ഇല്ലാതിരുന്ന യാഥാസ്ഥിക കാലത്തെ നിയമങ്ങളെ ആവോളം വെല്ലുവിളിച്ചായിരുന്നു ഗൗരിയമ്മ ജീവിച്ചതും ഇന്നും ജീവിക്കുന്നതും. കടപ്പുറത്ത് പപ്പു സാറിന്‍റെ ഏകാധ്യാക സ്കൂളില്‍ നിന്ന് അക്ഷരാഭ്യാസം നേടിയ ഗൗരി ചേര്‍ത്തല തുറവൂര്‍ സ്കൂളില്‍ നിന്ന് സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി . ഗൗരിയുടെ കോളേജ് വിദ്യാഭ്യാസം എറണാകുളത്തെ പ്രസിദ്ധമായ സെന്‍റ് തെരേസാസ് കോളേജിലും മഹാരാജാസ് കോളേജിലുമായിരുന്നു. തിരുവനന്തപുരം ലോ കോളേജില്‍ നിന്ന് നിയമബിരുദം നേടി സമുദായത്തില്‍ ആദ്യത്തെ നിയമ ബിരുദധാരിയായി കെ. ആര്‍. ഗൗരി.
വീട്ടിലെ രാഷ്ട്രീയ പശ്ചാത്തലമാണ് ഗൗരിയമ്മയില്‍ രാഷ്ട്രീയ അഭിനിവേശം സൃഷ്ടിച്ചത് . മൂത്ത സഹോദരനും അന്ന് ട്രേഡ് യൂണിയന്‍ നേതാവുമായിരുന്ന സുകുമാരന്‍റെ പ്രേരണയാലാണ് ഗൗരിയമ്മ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത് . സ്ത്രീകള്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതിനെക്കുറിച്ച് ചിന്തിക്കുക പോലും ചെയ്യാതിരുന്ന കാലത്താണ് ഗൗരിയമ്മ ഈ സാഹസത്തിനു മുതിര്‍ന്നത്. പുന്നപ്ര-വയലാര്‍ സമരത്തിനു ശേഷം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കന്മാര്‍ പലരും ജയിലിലും ഒളിവിലും പോവുകയും അല്ലാത്തവര്‍ സംസ്ഥാനം വിട്ടുപോവുകയും ചെയ്ത സാഹചര്യത്തില്‍ അവര്‍ സംഘാടനം നടത്തിയിരുന്ന വിവിധ തൊഴിലാളി യൂണിയനുകളുടെ നടത്തിപ്പ് ഗൗരിയമ്മയുടെ ചുമരില്‍ വന്നുചേരുകയും ഗൗരിയമ്മ അത് തന്‍റേടത്തോടുകൂടി ഏറ്റെടുത്തു നടത്തുകയും ചെയ്തു. അങ്ങനെ ആലപ്പുഴ- ചേര്‍ത്തല ഭാഗങ്ങളിലെ വിവിധ തൊഴിലാളികളെ സംഘടിത ശക്തിയാക്കി വളര്‍ത്തുവാനും അതിന്‍റെ നേതൃനിരയിലെത്തുവാനും ഗൗരിയമ്മയ്ക്ക് കഴിഞ്ഞു. തിരുകൊച്ചി നിയമസഭാ തെരഞ്ഞെടുപ്പുകളിലൂടെയായിരുന്നു ഗൗരിയമ്മയുടെ നിയമസഭാ പ്രവേശം. കേരള സംസ്ഥാന രൂപീകരണത്തിനു ശേഷമുള്ള പതിനൊന്നു നിയമസഭകളില്‍ അഞ്ചാം നിയമസഭയിലൊഴികെ എല്ലാ നിയമസഭകളിലും ഗൗരിയമ്മ അംഗമായിരുന്നു. കേരളത്തിന്‍റെ റവന്യൂ മന്ത്രി ഗൗരിയമ്മയായിരുന്നു. എക്സൈസ്, വിജിലന്‍സ്, വ്യവസായം, കൃഷി, ഭക്ഷ്യം സാമൂഹ്യക്ഷേമം, ദേവസ്വം, മൃഗസംരക്ഷണ നിയമം എന്നീ വകുപ്പുകളില്‍ മന്ത്രിയായി മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ക്കുവാന്‍ ഗൗരിയമ്മയ്ക്ക് കഴിഞ്ഞു .

1957ലെ കുടിയൊഴിപ്പിക്കല്‍ നിയമത്തില്‍ തുടങ്ങിയ വിവിധ കാര്‍ഷിക പരിഷ്കരണ നിയമങ്ങള്‍ കേരളത്തില്‍ സാമൂഹ്യമാറ്റത്തിന്‍റെ കൊടുങ്കാറ്റുയര്‍ത്തി. ജനസംഖ്യയില്‍ നേര്‍പാതിയിലധികം വരുന്ന സ്ത്രീകള്‍ അനുഭവിക്കുന്ന ചൂഷണങ്ങളും അപമാനങ്ങളും മറികടക്കുന്നതിനാണ് 1987 വനിതാ കമ്മീഷന്‍ നിയമം പാസാക്കിയത്. അതുപോലെ പ്രധാനപ്പെട്ട മറ്റൊരു നിയമം അഴിമതി നിരോധന നിയമമായിരുന്നു. നീണ്ടനാള്‍ 1960 മുതല്‍ 1984 വരെ ഗൗരിയമ്മ കേരള കര്‍ഷകസംഘം പ്രസിഡണ്ടായിരുന്നു. അതുപോലെ കേരള മഹിളാസംഘം കെട്ടിപ്പടുക്കുകയും 1967 മുതല്‍ 1976 വരെ പ്രസിഡണ്ടായും 1976 മുതല്‍ 87 വരെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. ദീര്‍ഘകാലം പ്രവര്‍ത്തിച്ചു വന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് ഒരു പ്രത്യേക സാഹചര്യത്തില്‍ 1994ല്‍ ഗൗരിയമ്മയെ പുറത്താക്കി. അതിനുശേഷം ജനാധിപത്യ സംരക്ഷണ സമിതി എന്ന പേരില്‍ ഒരു പുതിയ പാര്‍ട്ടി ഉണ്ടാക്കുകയും അതിന്‍റെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
2001ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗൗരിയമ്മയുടെ പുതിയ പാര്‍ട്ടി യു.ഡി.എഫിന്‍റെ ഘടകകക്ഷിയായി മത്സരിക്കുകയും യു.ഡി.എഫ് മന്ത്രിസഭയില്‍ ഗൗരിയമ്മ കൃഷി മന്ത്രിയാവുകയും ചെയ്തു.

1957 പ്രമുഖ നേതാവും മന്ത്രിയുമായിരുന്ന ടി.വി തോമസിനെ ഗൗരിയമ്മ വിവാഹം കഴിച്ചു. 1964 കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലുണ്ടായ പിളര്‍പ്പിനുശേഷം ഗൗരിയമ്മ സി.പി.ഐ.എമ്മിനൊപ്പം നില്‍ക്കുകയും ടി.വി. തോമസ് സി.പി.ഐ. തുടരുകയും ചെയ്തു. ഇന്നും വിവാഹം കഴിഞ്ഞാല്‍ ഭര്‍ത്താവിന്‍റെ രാഷ്ട്രീയത്തിലേക്ക് ഇടം മാറുന്ന ഉത്തമകളായ ഭാര്യമാരുടെ നാട്ടിലാണ് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഭര്‍ത്താവിന്‍റെ വിശ്വാസങ്ങള്‍ക്കൊപ്പം പോവാതെ ഞാന്‍ എന്‍റെ വിശ്വാസങ്ങള്‍ക്കൊപ്പം നില്‍ക്കും എന്ന് പറയാനുള്ള തന്‍റേടം ഗൗരിയമ്മ കാണിച്ചത്. വിദ്യാഭ്യാസം, വിവാഹം, തൊഴില്‍, പൊതുപ്രവര്‍ത്തനം , രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങി ജീവിതത്തിലെ എല്ലാ ഏടുകളിലും അന്നു നിലനിന്നിരുന്ന വാര്‍പ്പുമാതൃകകളെ പുറത്താക്കി തന്‍റേതായ മാതൃക സൃഷ്ടിച്ചു. അറിവ്, ധൈര്യം, ആത്മവിശ്വാസം, നിശ്ചയദാര്‍ഢ്യം, കാര്‍ക്കശ്യം, പ്രതിബദ്ധത തുടങ്ങി സ്ത്രീകളുടേതെന്ന് പറഞ്ഞിട്ടില്ലാത്ത ഗുണങ്ങള്‍ കൈമുതലാക്കി കേരളത്തിലെ സാമൂഹ്യ മാറ്റത്തിന് ആക്കം കൂട്ടിയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ നെടുംതൂണുകളിലൊരാളാകുവാന്‍ ഗൗരിയമ്മയ്ക്ക് കഴിഞ്ഞു. ഒരു പുരുഷാധിപത്യ സമൂഹത്തില്‍ ഒരു സംവരണവും ഇല്ലാതെ പാര്‍ട്ടിയിലെ പുരുഷാധിപത്യ മനോഭാവങ്ങളേയും ജാതിയേയും കൂസാതെ ചരിത്രത്തില്‍ തന്‍റേതായ ഇടം നേടിയ തന്‍റേടിയാണ് ഗൗരിയമ്മ. സാമൂഹ്യ പ്രവര്‍ത്തനത്തിലൂടെയും കക്ഷിരാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടേയും കഴിവ് തെളിയിച്ച നിരവധി സ്ത്രീകള്‍ ഇന്ന് പൊതുരംഗത്തുണ്ട് . അതുപോലെ ത്രിതലപഞ്ചായത്ത് ഭരണത്തിലൂടെ ഭരണ മികവ് തെളിയിച്ച നിരവധി സ്ത്രീകള്‍ ഭരണരംഗത്തുണ്ട്. എന്നിട്ടും സ്ത്രീകള്‍ക്ക് നിയമസഭയിലേക്ക് രംഗപ്രവേശം നടത്തുന്നതിനുള്ള അവസരം ലഭിക്കാത്തതിനുള്ള കാരണങ്ങള്‍ ഗൗരിയമ്മയുടെ തീക്ഷ്ണമായ ജീവിതപാഠങ്ങളിലൂടെ കടന്നുപോയാല്‍ നമുക്ക് മനസ്സിലാക്കിയെടുക്കാം.

 

 

 

 

 

ഗീത തങ്കമണി
സാമൂഹിക പ്രവര്‍ത്തക, സോഷ്യോ എക്ക ണോമിക് ഫൌണ്ടേഷന്‍, കുടുംബശ്രീ, സഖി തിരുവനന്തപുരം ഇന്നിവിടങ്ങളില്‍ ഔദ്യോ ഗിക. ആലപ്പുഴ കേന്ദ്രമായി പ്രവര്‍ത്തിച്ചു വരുന്ന ‘മോചിത’ സ്ത്രീ പഠന കേന്ദ്രത്തിന്‍റെ സ്ഥാപക മെമ്പര്‍മാരിലൊരാള്‍

COMMENTS

COMMENT WITH EMAIL: 0