ഇത്രമേലെന്നെ അസ്വസ്ഥമാക്കുമാ ചിന്തകളെ
ജിജ്ഞാസയോടെ ഞാന്‍ തിരഞ്ഞിറങ്ങി
നിഗൂഢമാമെന്നുള്ളൊന്നറിയാനായി ഞാനന്നലഞ്ഞു
അവ്യക്തമെങ്കിലും കണ്ടതാരെയിന്നവിടെ,
ഈ ഗഗനത്തിന്‍ കീഴെ ആരെയോ തേടും വിരഹിയാമൊരു പ്രണയിനിയെയൊ
ശൂന്യമായ് ഒരു തേങ്ങലായ് വിജനതയിലേക്കൊഴുകുവാന്‍
കാക്കും ഏകാകിയാമൊരു നിഴലിനെയൊ
എന്നോ കളഞ്ഞൊരു മയില്‍പ്പീലിതുണ്ടിനെ ഇന്നും തിരയുന്നൊരു ഭ്രാന്തിയെയോ
അലറിയണയുന്ന തിരകള്‍ നിറഞ്ഞശാന്തമാമൊരു കടലിനെ തന്നെയോ
പകയുള്ള മനസ്സുമായി കലിതുള്ളിയാടുന്ന കോമരം കണക്കൊരു പെണ്ണിനേയോ
അതോ, ഒരുവേള ശാന്തമായൊരു കടല്‍പോലെ ഓര്‍മ്മകള്‍ തപ്പുന്ന കരിമ്പുകച്ചുരുളുകളെയോ…
പൂക്കള്‍ വിടര്‍ന്നു നിന്നില്ലവിടെ, പൂമ്പാറ്റകളൊട്ടുമില്ല
വര്‍ണ്ണ പുസ്തകങ്ങളൊന്നുമേ കണ്ടില്ലവിടെ, വെള്ളമേഘങ്ങളേതുമില്ല
വളകിലുക്കങ്ങളോ പൊട്ടിച്ചിരികളോ താരാട്ടിനീണമോ കേട്ടില്ലവിടെ…
എത്ര രാത്രികള്‍ നീളെ ഞാന്‍ കണ്ണീര്‍പൊഴിക്കണം
ഇനിയെത്ര തിരകളാല്‍ കഴുകേണമെന്നെ, തിരികെ വെടിപ്പാക്കിവെക്കാന്‍
ഉച്ചമയക്കത്തിലെ പിഴച്ച സ്വപ്നങ്ങള്‍ പേനത്തുമ്പിലൂടിറ്റിറ്റു വീഴുമ്പോള്‍
ഏതോ ഇരുട്ടിലേക്കെന്നേക്കുമായി മറയട്ടെ എന്നുള്ളിലെ ഞാനും ഈ ചിന്തകളും….
രമ്യ രാമചന്ദ്രന്‍
അധ്യാപിക, തലശ്ശേരി
COMMENTS