Homeചർച്ചാവിഷയം

തത്ത്വചിന്താപഠനത്തില്‍ ലിംഗഭേദത്തിന്‍റെ പങ്ക്

ത്ത്വചിന്തയില്‍ ലിംഗഭേദത്തിനുള്ള പ്രാധാന്യം എന്താണെന്ന് മനസിലാക്കാന്‍ ഉള്ള ഒരു അവലോകനം ആണ് ഈ ലേഖനത്തില്‍ നടത്തുന്നത് . കഴിഞ്ഞ കുറെ കാലങ്ങളായി ലിംഗഭേദവും അതുമായി ബന്ധപ്പെട്ട പല വിഷയങ്ങളിലും ദാര്‍ശനിക പ്രവര്‍ത്തനങ്ങളുടെ സ്വാധീനം നമുക്കു കാണാന്‍ കഴിയും. യഥാര്‍ത്ഥത്തില്‍, ഇന്നത്തെ തലമുറയുടെ പ്രധാന ആവശ്യം ലിംഗഭേദത്തോടുള്ള ചില സമീപനങ്ങളെ ഒറ്റപ്പെടുത്തുക, അതുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകള്‍ പരിശോധിക്കുക മാത്രമല്ല, ഓരോന്നിന്‍റെയും പരിമിതികള്‍ മനസിലാക്കി ഓരോ പ്രശ്നത്തേയും സാധ്യമായ രീതിയില്‍ പരിഹരിക്കാന്‍ ആവശ്യമായ മാര്‍ഗം കണ്ടെത്തുക എന്നതാണ്. പ്രധാനമായും നെഗറ്റീവ് വിമര്‍ശനാത്മക നിലപാടുകളില്‍ നിന്ന് ആരംഭിച്ച് കൂടുതല്‍ പോസിറ്റീവായ സമീപനങ്ങള്‍ എന്താണെന്നാണ് ഞാന്‍ മനസിലാക്കാന്‍ ശ്രമിക്കുന്നത്. അതിനു ഒന്നാമതായി സംഭാഷണ വിശകലനത്തിലൂടെ(അതായത്, ദൈനംദിന ജീവിത സാഹചര്യങ്ങളില്‍ വാക്കാലുള്ളതും അല്ലാത്തതുമായ പെരുമാറ്റം ഉള്‍ക്കൊള്ളുന്ന സാമൂഹിക ഇടപെടലുകളെക്കുറിച്ചു മനസിലാക്കുന്ന രീതിയിലൂടെ) ഉള്ള ലിംഗവിമര്‍ശനം എന്താണെന്ന് മനസ്സിലാക്കേണ്ടത് ആവശ്യമായ കാര്യമാണ്. രണ്ടാമതായി ലിംഗപരമായ ആശയങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിനെക്കുറിച്ചുള്ള ഗവേഷണമാണ് നടത്തേണ്ടത്.

സ്ത്രീസമത്വവും ലിംഗസമത്വവും :
സ്ത്രീസമത്വവാദം എന്നത്കൊണ്ടുദ്ദേശിക്കുന്നത് സ്ത്രീകളുടെ പക്ഷത്ത് സമത്വം സൃഷ്ടിക്കുന്നതിനും നേടുന്നതിനുമുള്ള ഒരു പൊതുലക്ഷ്യത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഒരു കൂട്ടം പ്രത്യയശാസ്ത്രങ്ങളുടേയും രാഷ്ട്രീയ സാമൂഹിക പ്രസ്ഥാനങ്ങളുടേയും ഒരു കൂട്ടമാണ്. ലിംഗസമത്വം, ചില അവകാശങ്ങളിലും അവസരങ്ങളിലും ലിംഗഭേദം ബാധിക്കാത്ത ഒരു അവസ്ഥയെയുമാണ് സൂചിപ്പിക്കുന്നത്.

ലിംഗഭേദം എന്നത് സാമൂഹികമായി നിര്‍മ്മിച്ച സ്ത്രീകളുടേയും പുരുഷന്മാരുടേയും പെണ്‍കുട്ടികളുടേയും ആണ്‍കുട്ടികളുടേയും സവിശേഷതകളെ സൂചിപ്പിക്കുന്ന ഒരു പ്രക്രിയയാണ് . ഒരു സ്ത്രീയോ പുരുഷനോ പെണ്‍കുട്ടിയോ ആണ്‍കുട്ടിയോ ആയി ബന്ധപ്പെട്ട എല്ലാ മാനദണ്ഡങ്ങളും പെരുമാറ്റങ്ങളും അതുപോലെ പരസ്പര ബന്ധങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ഒരു സാമൂഹിക നിര്‍മ്മിതി എന്ന നിലയില്‍, ലിംഗഭേദം ഒരു സമൂഹത്തില്‍ നിന്ന് മറ്റൊരു സമൂഹത്തിലേക്ക് വ്യത്യാസപ്പെടുകയും കാലത്തിനനുസരിച്ച് പരിവര്‍ത്തനം ചെയ്യപ്പെടുകയും ചെയ്യും.

ലിംഗഭേദം എന്നത് ആളുകള്‍ പരസ്പരം എങ്ങനെ കാണുന്നു, അവര്‍ തമ്മില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു, എങ്ങനെ ഇടപഴകുന്നു എന്നിവയെ ഒക്കെ ആശ്രയിച്ചിരിക്കുന്നു. മാത്രമല്ല, സമൂഹത്തിലെ അധികാരത്തിന്‍റെയും വിഭവങ്ങളുടെ വിതരണത്തെയും ഇത് സ്വാധീനിക്കുന്നു. ലിംഗപരമായ ഐഡന്‍റിറ്റി ഒരു സ്ത്രീയിലോ പുരുഷനിലോ ഒതുങ്ങുന്നില്ല, അല്ലെങ്കില്‍ അത് സ്ഥിരമല്ല. അത് തുടര്‍ച്ചയായി നിലനില്‍ക്കുന്നതും കാലക്രമേണ മാറാവുന്നതുമാണ്. സമൂഹത്തില്‍ ലിംഗഭേദം സ്ഥാപനവത്കരിക്കപ്പെട്ട ഈ കാലഘട്ടത്തില്‍ വ്യക്തികളും സംഘടനകളും ലിംഗഭേദം എങ്ങനെ മനസിലാക്കുന്നു എന്നതില്‍ വൈവിധ്യമുണ്ട്.

തത്വചിന്തയും ലിംഗനീതിയും :
തത്ത്വചിന്ത ആളുകളുടെ ലോകവീക്ഷണം രൂപപ്പെടുത്തുന്നു, കാരണം അത് അവരുടെ പെരുമാറ്റത്തെയും പ്രത്യേക പ്രശ്നത്തില്‍ തീരുമാനമെടുക്കുന്നതിനുള്ള സമീപനങ്ങളെയും പ്രധാനമായും നിര്‍ണ്ണയിക്കുന്നു. ആഗോളപ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ തത്ത്വചിന്ത ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഒരു ലോക വീക്ഷണം രൂപപ്പെടുത്തുക എന്നതാണ് ഇതിന്‍റെ പ്രധാന പ്രവര്‍ത്തനം, പ്രായോഗിക പരിഹാരങ്ങളുടെ വികസനത്തിലും തത്വചിന്ത പരോക്ഷമായി സ്വാധീനം ചെലുത്തുന്നു.
സ്ത്രീകളുടെ അടിച്ചമര്‍ത്തലുകളെ കുറിച്ച് മനസ്സിലാക്കാനും വെല്ലുവിളികളെ നേരിടാനും ലക്ഷ്യമിടുന്ന തത്ത്വചിന്തയാണ് ഫെമിനിസ്റ്റ് ഫിലോസഫി. ഫെമിനിസ്റ്റ് തത്ത്വചിന്ത, പരമ്പരാഗതമായി പ്രായോഗിക ധാര്‍മ്മികതയിലും രാഷ്ട്രീയ തത്ത്വശാസ്ത്രത്തിലും ആതിഭൗതികഥയിലും ജ്ഞാനശാസ്ത്രത്തിലും ഭാഷാ തത്ത്വശാസ്ത്രത്തിലും കാണപ്പെടുന്ന പ്രശ്നങ്ങള്‍ പരിശോധിക്കുന്നു.

പ്ലാറ്റോണിയന്‍ സമീപനം :
പ്ലേറ്റോ പുനര്‍ജന്മത്തില്‍ ഉറച്ചു വിശ്വസിക്കുകയും പുരുഷന്മാരുടേയും സ്ത്രീകളുടേയും സ്വഭാവം തമ്മില്‍ ഉള്ള വ്യത്യാസത്തെ തുറന്നു കാട്ടുകയും ചെയ്തു. അദ്ദേഹം സ്ത്രീകളേക്കാള്‍ പുരുഷന്മാര്‍ക്ക് ശ്രേഷ്ഠമായ ആത്മാവുണ്ടെന്ന് വിശ്വസിക്കുകയും മനുഷ്യര്‍ക്ക് ഇരട്ട സ്വഭാവമുണ്ടെന്നും ഉയര്‍ന്ന തരം സ്വഭാവം ഉള്ളവനെ അന്നുമുതല്‍ ‘പുരുഷന്‍’ എന്ന് വിളിക്കപ്പെടുന്നു എന്നും മോശമായ ജീവിതം നയിച്ച പുരുഷന്മാര്‍ സ്ത്രീകളായി പുനര്‍ജനിക്കും എന്നും അവകാശപ്പെടുന്നു. അദ്ദേഹത്തിന്‍റെ ‘ഠവല ഞലുൗയഹശര’ എന്ന പുസ്തകത്തില്‍ ഇതിനെ കുറിച്ച് പരാമര്‍ശിക്കുന്നു ‘ഒരാള്‍ തന്‍റെ കാലയളവിലുടനീളം നല്ല ജീവിതം നയിച്ചാല്‍, അവസാനം അവന്‍ തന്‍റെ വാസസ്ഥലത്തേക്ക് മടങ്ങും തന്‍റെ സ്വഭാവത്തോട് യോജിക്കുന്ന സന്തോഷകരമായ ജീവിതം നയിക്കാന്‍. എന്നാല്‍ ഇതില്‍ പരാജയപ്പെട്ടാല്‍, അവന്‍ രണ്ടാമതും ജനിക്കും, അത് ഒരു സ്ത്രീ ആയിട്ടായിരിക്കും’ എന്നതില്‍ പ്ലാറ്റോയുടെ ആശയത്തിന്‍റെ സ്ത്രീവിരുദ്ധത നമുക്കു മനസിലാക്കാന്‍ സാധിക്കുന്നു.

അരിസ്റ്റോട്ടിലിയന്‍ സമീപനം :
അരിസ്റ്റോട്ടിലിന്‍റെ അഭിപ്രായത്തില്‍ പുരുഷന്മാരുടെ സന്തോഷത്തിന് തുല്യമായ പ്രാധാന്യം സ്ത്രീകളുടെ സന്തോഷത്തിനും ഉണ്ടെന്നും, കൂടാതെ സ്ത്രീകള്‍ സന്തുഷ്ടരല്ലെങ്കില്‍ ഒരു സമൂഹത്തിന് സന്തുഷ്ടരായിരിക്കാന്‍ കഴിയില്ലെന്നും . പറയുന്നതായി കാണാം. അരിസ്റ്റോട്ടിലിന്‍റെ “അക്കൌണ്ട് ഓഫ് ദി സബ്ജക്ഷന്‍ ഓഫ് വുമണ്‍’ എന്ന ഒരു ലേഖനത്തില്‍, ശ്രേഷ്ഠനായ ഒരു വ്യക്തിയുടെ ഭരണം പ്രകൃതിയില്‍ ഒരു പൊതു നന്മയാണ് സൃഷ്ടിക്കുന്നതെന്നാണ് അരിസ്റ്റോട്ടില്‍ വിശ്വസിച്ചിരുന്നത്. എന്നാല്‍ പുരുഷന്മാര്‍ സ്ത്രീകളേക്കാള്‍ ശ്രേഷ്ഠരാകാനുള്ള പൊതുനന്മയെക്കുറിച്ചു അദ്ദേഹം സൂചിപ്പിക്കുന്നില്ല. ശ്രേഷ്ഠത എന്നതുകൊണ്ട് ശക്തമായത് എന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്. യുക്തിയാണ് ഒരുവനെ പ്രകൃതിയിലെ താഴ്ന്ന ജീവികളേക്കാള്‍ ശ്രേഷ്ഠനാക്കുന്നത് എന്നും അരിസ്റ്റോട്ടില്‍ വിശ്വസിച്ചു. സ്ത്രീകള്‍ക്ക് യുക്തി കുറവാണെന്നുള്ളതാണ് അവരുടെ കുറവ് ആയി അരിസ്റ്റോട്ടില്‍ കാണുന്നതെന്ന് വ്യക്തം.

ലിംഗനീതിയുടെ പ്രാധാന്യം :
ഇത്തരം വ്യത്യസ്ത സ്വാധീനങ്ങളുടെ ഒരു വലിയ നിര തന്നെ, സ്ത്രീകളും പുരുഷന്മാരും ആയി നമ്മെ സാമൂഹികവല്‍ക്കരിക്കുന്നതില്‍ പങ്കു വഹിക്കുന്നു എന്ന് സാമൂഹിക പഠന സൈദ്ധാന്തികര്‍ അഭിപ്രായപ്പെടുന്നു. സ്ഥിതിഗതികള്‍ ഇങ്ങനെയായിരിക്കെ, ലിംഗപരമായ സാമൂഹികവല്‍ക്കരണത്തെ ചെറുക്കുക എന്നത് വളരെ ബുദ്ധിമുട്ടാണ്. ഉദാഹരണത്തിന്, മാതാപിതാക്കള്‍ തങ്ങളുടെ പെണ്‍കുട്ടികളോടും ആണ്‍കുട്ടികളോടും വ്യത്യസ്തമായി പെരുമാറുന്നു. ആണ്‍കുട്ടികളെ ശക്തരും ജാഗ്രതയുള്ളവരും ഏകോപിപ്പിക്കുന്നവരുമായും പെണ്‍കുട്ടികള്‍ അശക്തരും മൃദുവും ലോലവുമാണെന്നാണ് അവരുടെ ചിന്താഗതി തന്നെ. രക്ഷിതാക്കള്‍ തങ്ങളുടെ കുഞ്ഞുങ്ങളോടുള്ള പെരുമാറ്റത്തില്‍ അറിഞ്ഞോ അറിയാതെയോ ഇങ്ങനെ തന്നെയാണ് പെരുമാറുന്നത്. ചില സാമൂഹികവല്‍ക്കരണം കൂടുതല്‍ തുറന്നതാണ്. കുട്ടികള്‍ പലപ്പോഴും ലിംഗപരമായ വസ്ത്രങ്ങളും നിറങ്ങളും ധരിക്കുന്നു. അതായത് ആണ്‍കുട്ടികള്‍ക്ക് നീലയും പെണ്‍കുട്ടികള്‍ പിങ്ക് നിറവുമാണ് സമൂഹം കല്പിച്ചിരിക്കുന്നത്. അതുപോലെ തന്നെയാണ് കുട്ടികള്‍ക്കു കളിപ്പാട്ടം തിരഞ്ഞെടുക്കുന്ന കാര്യത്തിലും മാതാപിതാക്കള്‍ അവരെ പ്രേരിപ്പിക്കുന്നത്. മനപ്പൂര്‍വ്വമോ അല്ലാതെയോ ചില പെരുമാറ്റങ്ങളെ രൂപപ്പെടുത്തുന്നതില്‍ അവര്‍ക്കുള്ള പങ്ക് ചെറുതല്ല.

വിവിധ വിഷയങ്ങളില്‍ നിന്ന് പഠിക്കാന്‍ കഴിയുന്ന ഒരു ഇന്‍റര്‍ ഡിസിപ്ലിനറി മേഖലയാണ് ലിംഗ പദവി പഠനം. ഇത് പ്രധാനമായും ഫെമിനിസവും ഫെമിനിസ്റ്റ് സിദ്ധാന്തങ്ങളുമായി ബന്ധപ്പെട്ടതാണെങ്കിലും, ജീവശാസ്ത്രം, സാമൂഹ്യശാസ്ത്രം, മനഃശാസ്ത്രം, ഭാഷ, സാഹിത്യം, നരവംശശാസ്ത്രം, രാഷ്ട്രമീമാംസ, മുതലായ മറ്റ് വിഷയങ്ങളില്‍ കൂടി ഇതിനെ വിവരിക്കാനും വിശദീകരിക്കാനും മനസിലാക്കുവാനും സാധിക്കും . ഈ വിഷയങ്ങള്‍ എങ്ങനെ, എന്തുകൊണ്ട് പഠിക്കുന്നു എന്നുള്ള സമീപനങ്ങളില്‍ മാത്രമാണ് വ്യത്യാസം. ഒരു ഭാഷാ സമൂഹത്തിനുള്ളിലെ മനുഷ്യരായ നമ്മള്‍ ലിംഗഭേദം എങ്ങനെ പഠിക്കുന്നു എന്നും പെരുമാറുന്ന രീതി എന്താണെന്നും മനസിലാക്കാന്‍ വ്യത്യസ്ത സിദ്ധാന്തങ്ങള്‍ ഓരോ മേഖലയിലും നിര്‍ദ്ദേശിച്ചു.
ചുരുക്കത്തില്‍, തത്ത്വചിന്ത, യാഥാര്‍ത്ഥ്യത്തെയും മനുഷ്യന്‍റെ അസ്തിത്വത്തിന്‍റേയും അനുഭവത്തിന്‍റേയും അടിസ്ഥാന മാനങ്ങളെക്കുറിച്ചുള്ള യുക്തിസഹവും അമൂര്‍ത്തവും ആയ പഠനം എന്ന നിലക്ക് നമ്മള്‍ നേരിടേണ്ടി വരുന്ന ഏതൊരു പ്രശ്നവും തത്വചിന്തയുടെ പരിധിയില്‍ ഉള്‍പ്പെടുന്നതാണ്. അതുകൊണ്ട് തന്നെ ലിംഗഭേദം എന്നത് തീര്‍ച്ചയായും തത്വചിന്ത പഠന വിഭാഗത്തില്‍ പെടുന്നു.

സൗമ്യ എ.എസ്.
ഗവേഷക, തത്വചിന്ത വിഭാഗം
ശ്രീ ശങ്കരാചാര്യ സര്‍വ്വകലാശാല
കാലടി

COMMENTS

COMMENT WITH EMAIL: 0