സ്ത്രീസമത്വചിന്ത ആഴമേറിയ രീതിയില്‍ ചര്‍ച്ചകള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ കാലഘട്ടത്തില്‍, സ്ത്രീ-വിദ്യാഭ്യാസമെന്ന വിഷയവും വളരെ ശക്തമായ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതായുണ്ട്. സ്ത്രീ ശാക്തീകരണം മൂര്‍ച്ചയേറിക്കൊണ്ടിരിക്കവേ വിദ്യാഭ്യാസ മേഖലകളില്‍ സ്ത്രീകള്‍ നടത്തിക്കൊണ്ടിരിക്കുന്ന മുന്നേറ്റങ്ങള്‍ അത്യന്തം തീവ്രവും അതിശ്രേഷഠവും ആയിരിക്കെ, ഇന്നത്തെ സമൂഹത്തിലടക്കം സ്ത്രീകള്‍ മതിയായ രീതിയില്‍ ഉയര്‍ച്ച കൈവരിച്ചിട്ടുണ്ടോ എന്നത് പരിശോധിക്കപ്പെടേണ്ടതായുണ്ട്. സ്ത്രീ-സമത്വ-വിദ്യാഭ്യാസം എന്ന കാഴ്ചപ്പാടുകളില്‍ മാറ്റം വന്നിട്ടുണ്ടെങ്കിലും പൊതുവായ രീതിയില്‍ സമത്വം എന്ന കാഴ്ചപ്പാട് വെറും വാക്കുകളിലേക്ക് ചുരുക്കപ്പെടുന്നു. മതിയായ വിദ്യാഭ്യാസം ഒരു പരിധിവരെ ഇന്ന് ലഭ്യമാണെങ്കില്‍ പോലും, ആന്തരികമായ ഏതോ ശക്തികള്‍ അവളെ നാലുചുവരിനുള്ളില്‍ തളക്കുന്നു. സ്ത്രീ സമത്വാനുകൂലികള്‍ വാദിക്കുന്നത് പോലെ പാരമ്പര്യമായ വഴക്കങ്ങള്‍ തന്നെ ഇതിനു വളം എന്നു പറയാം.
പൊതുവായതും അടിസ്ഥാനപരവുമായ നിര്‍ബന്ധിത വിദ്യാഭ്യാസം ഊട്ടി ഉറപ്പിക്കുന്നതിനായി ധാരാളം സാമൂഹ്യ പരിഷ്കര്‍ത്താക്കള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്‍ഡ്യയിലും വിദേശ രാജ്യങ്ങളിലുമായി ഇതുമായി ബന്ധപ്പെട്ട് നിരവധി മുന്നേറ്റങ്ങള്‍ വിവിധ മേഖലകളില്‍ അരങ്ങേറിയിട്ടുണ്ട്. എന്നാല്‍ തത്ത്വ ചിന്തയിലടക്കം സ്ത്രീകളുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനായി അഘോരാര്‍ഥം പ്രവര്‍ത്തിച്ച നിരവധി സ്ത്രീ പോരാളികളെ നാം അറിയാതെ പോയി. അറിയിക്കപ്പെടാതെ പോയി എന്നു പറയുന്നതാകും കൂടുതല്‍ ഉചിതം. സ്ത്രീകളുടെ അടിസ്ഥാന അവകാശങ്ങള്‍ നേടിയെടുക്കുന്നതിനായി പ്രവര്‍ത്തിച്ച എത്ര സ്ത്രീകളുടെ പേരുകള്‍ നമുക്ക് ഓര്‍മിച്ചെടുക്കുവാന്‍ ഇന്ന് കഴിയും. ആ കാലങ്ങളില്‍ അനുഭവിച്ച അവഗണനകള്‍ എല്ലാം തന്നെ ഇന്നും പ്രകടമാണ്. വിദ്യാഭ്യാസ മേഖലകളിലടക്കം സ്ത്രീ തത്വചിന്തകര്‍ക്ക് വേണ്ടത്ര പ്രാധാന്യം നലകാത്തത് വളരെയധികം ഗൗരവമേറിയ വിഷയമായി കണക്കാക്കേണ്ടിയിരിക്കുന്നു.
സ്ത്രീ സമത്വ പോരാട്ടങ്ങള്‍ക്ക് 250 ലേറെ വര്‍ഷങ്ങള്‍ക്കു മുന്‍പേ തുടക്കം കുറിച്ചിരുന്നു. ഇന്‍ഡ്യയില്‍ ‘പണ്ഡിത രമാ ഭായി(18581922)’, ‘രമാ ഭായി റാനഡേ (1862 1922)’, ‘മാഡം കാമ (18611936)’, ‘ടോരു ദത്ത് (18551877)’, സ്വര്‍ണാകുമാരി ദേവീ (18551877), ആനി ബസന്ത്, എന്നിങ്ങനെ നീളുമ്പോള്‍ വിദ്യാഭ്യാസ മേഖലയില്‍ തത്വചിന്താ വിഭാഗത്തില്‍ ‘മേരി വുള്‍സ്റ്റോണ്‍ ക്രാഫ്റ്റ്(17591797)’, നെല്‍ നോഡിങ്സ്, ജയിന്‍ ആര്‍ മാര്‍ട്ടിന്‍, ബെല്‍ ഹൂക്സ് എന്നിങ്ങനെ നീളുന്നു പാശ്ചാത്യ ചിന്തകര്‍.
അധുനിക ഫെമിനിസ്റ്റ് ചിന്തകളുടെ തുടക്കക്കാരില്‍ വളരെ പ്രധാന്യം അര്‍ ഹിക്കുന്നതും എന്നാല്‍ ഒരു പൊളിറ്റിക്കല്‍ ചിന്തകയായി മാത്രം അറിയപ്പെട്ടതുമായ ഒരു വിദ്യാഭ്യാസ പരിഷ്കര്‍ത്താവ് കൂടിയായിരുന്നു മേരി വോളസ്റ്റോണ്‍ ക്രാഫ്റ്റ്. മേരി തത്വചിന്ത വിഭാഗത്തില്‍ നിന്നു കൊണ്ട് വിദ്യാഭ്യാസ മേഖലകളിലും സ്ത്രീ സമത്വ പോരാട്ടങ്ങള്‍ക്കും തുടക്കം കുറിച്ചിരുന്നു. 1759 ഏപ്രില്‍ 27 ലണ്ടനില്‍ ആയിരുന്നു മേരിയുടെ ജനനം. മേരിയുടെ ജീവചരിത്രവും സ്ത്രീ വിദ്യാഭ്യാസ മേഖലകളില്‍ അവര്‍ നടത്തിയ പോരാട്ടങ്ങളും പ്രാധാന്യം അര്‍ഹിക്കുന്നു.
മേരി വുള്‍സ്റ്റോണ്‍ ക്രാഫ്റ്റിന്‍റെ ജീവിത വഴികളിലൂടെ “ഞാന്‍ (സ്ത്രീ) ഒരിക്കലും പുരുഷന്മാരുടെ മേലില്‍ അധികാരമോ നിയന്ത്രണങ്ങളോ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ ഞങ്ങളില്‍ അധികാരങ്ങളും ശക്തികളും നിറക്കാനാണ് ആഗ്രഹിക്കുന്നത്”. (1)
മേലില്‍ സൂചിപ്പിച്ചിരിക്കുന്നത് മേരിയുടെ വളരെ പ്രധാനപ്പെട്ട വാക്യങ്ങളില്‍ ഒന്നും എന്നാല്‍ പിന്നീട് നിരവധി സ്ത്രീകള്‍ക്ക് പ്രചോദ നമായതുമാണ്. മേരി വൂള്‍സ്റ്റോണ്‍ ക്രാഫ്റ്റ് വലരെ പ്രധാനപ്പെട്ട ഒരു തത്വചിന്തകയായിരുന്നിട്ടുപോലും, നമുക്ക് അത്ര സുപരിചിതമായ ഒരു വ്യക്തി അല്ല. സ്കൂള്‍ പാഠ്യപദ്ധതികളിലെല്ലാം തന്നെ അവരുടെ പേരുവിവരം വളരെ വിരളമാണ്. 1759 ല്‍ സ്പിറ്റല്‍ ഫീള്‍ട്സ്, ലണ്ടനിലായിരുന്നു ജനനം. ചെറുപ്പകാലം തന്നെ വളരെ പ്രായാസമേറിയതും ദുരൂഹതകള്‍ നിറഞ്ഞതുമായിരുന്നു. അച്ഛന്‍ മദ്യത്തിനും ലഹരിക്കും അടിമയായ ഒരു വ്യക്തിയായിരുന്നു. നിരാലംബയായ ഒരു അമ്മയുടെ നിസ്സഹായ അവസ്ഥകള്‍ കണ്ടായിരുന്നു അവളുടെ വളര്‍ച്ച. ലഹരിയില്‍ അച്ഛന്‍ അവളുടെ അമ്മയെ നിരന്തരം ഉപദ്രവിക്കുകയും അമ്മയെ അച്ഛന് ഉതകും പോലെ ഒരു നിര്‍വികാര വസ്തുവായി കണക്കാക്കുകയും ചെയ്തിരുന്നു. ചെറുപ്പം മുതലേ ഇരുണ്ട കാഴ്ചകള്‍ കണ്ടു വളര്‍ന്നതിനാലാകണം അവളുടെ മനസ്സ് എന്തിനേയും നേരിടാനായി പ്രാപ്തമായിരുന്നു. അന്നത്തെ സാമൂഹികാവസ്ഥ മേരിയുടെ വീട്ടിലെ അവസ്ഥയില്‍ നിന്ന് വ്യത്യസ്തമായിരുന്നില്ല. മേരിയുടെ ഒരു സഹോദരന് മാത്രമേ ഇവര്‍ ഏഴുപേരില്‍ ഔപചാരിക വിദ്യാഭ്യാസം ലഭിച്ചിട്ടുള്ളൂ. മേരിക്ക് വളരെ ചുരുങ്ങിയ വിദ്യാഭ്യാസം മാത്രമേ ലഭിച്ചിട്ടുള്ളൂ. വായിക്കാനും എഴുതു വാനുമുള്ളത് മാത്രം. എന്നാല്‍ എഴുത്തി നോടും വായനയോടും അവള്‍ക്കുണ്ടായ അമിതമായ ഇഷ്ടം അവളെ ഇന്നീ കാണുന്ന പ്രശസ്തിയിലേക്കെ ത്തിച്ചു. അവള്‍ക്ക് ഷേക്സ്പിയര്‍- മില്‍ടന്‍ നോവലുകളെക്കുറിച്ച് വളരെ ഗഹനമായ അറിവുണ്ടായിരുന്നു. എന്നാല്‍ ശ്രദ്ധിക്കപ്പെടേണ്ട മറ്റൊരു കാര്യം ഇതെല്ലാം അവള്‍ സ്വയമേ ആര്‍ജിച്ചെടുത്തതാണ് എന്നതാണ്. അതുകൊണ്ടു തന്നെ അടിസ്ഥാന വിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യവും, അറിവ്കൊണ്ട് ജീവിതത്തില്‍ വരുന്ന മാറ്റങ്ങളെ കുറിച്ചും വ്യക്തമായ ധാരണ അവളില്‍ ഉടലെടുത്തു. മേരിയുടെ എഴുത്തുകളെല്ലാം തന്നെ അവളുടെ ജീവിത അനുഭവങ്ങളുടെ നേര്‍കാഴ്ചയാണെന്ന് പറയുവാന്‍ കഴിയും.
“എന്‍റെ സഹജീവികളുടെ നിഷേധിക്കപ്പെട്ട വിദ്യാഭ്യാസത്തിന്‍റെ ദുഖം ഉള്‍ക്കൊണ്ട് ഞാന്‍ ഖേദിക്കുന്നു”- ‘എ വിന്‍ഡയികേഷന്‍ ഓഫ് ദി റൈറ്റ്സ് ഓഫ് വുമന്‍’
സ്ത്രീസമത്വപോരാട്ടങ്ങളുടെ തുടക്കക്കാരിയായി പറയാവുന്ന മേരി ജനിച്ചു വീഴുന്നത് തന്നെ സ്ത്രീകളെ വെറും രണ്ടാം തരക്കാരായി മാത്രം കണക്കാക്കുന്ന ഒരു സമൂഹത്തിലേക്കായിരുന്നു. സ്ത്രീ തുല്യത മാത്രം മുന്നില്‍ കണ്ടുകൊണ്ടായിരുന്നു അവളുടെ ഓരോ ദിനങ്ങളും കടന്ന് പോയിക്കൊണ്ടിരുന്നത്. സ്ത്രീകള്‍ വിദ്യാഭ്യാസം നേടേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമായി അവള്‍ കണക്കാക്കി. പുരുഷന്‍മാര്‍ക്ക് ആഡംബരം കാണിക്കാനും എടുത്തു അണിയാനുമുള്ള ഒരു ആഭരണമൊന്നും അല്ല സ്ത്രീ എന്ന വ്യക്തമായ ചിന്ത അവര്‍ക്കുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അവര്‍ ലണ്ടനില്‍ ഒരു സ്കൂള്‍ ആരംഭിക്കുക യുണ്ടായി. അതിലൂടെ അവളുടെ ജീവിത ചെലവുകള്‍ക്കുള്ള വകയും കണ്ടെത്തി. പിന്നീട് ട്യൂട്ടറായി ജോലിനോക്കുകയും ചെയ്തു. ഇതിന് ശേഷം സ്ത്രീകള്‍ക്കായി അവരുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനായി ഒരു എഴുത്തുകാരിയായി മാറി. ജോസഫ് ജോണ്‍സന്‍ എന്ന ബുക്ക് പബ്ലിഷറുടെ സഹായത്തോടെ ബുക്ക് പബ്ലിഷ് ചെയ്യുകയും നിരവധി എഴുത്തുകാരുമായും ചിന്തകരുമായും ആശയങ്ങള്‍ പങ്കിടുകയും ചെയ്തു. അവള്‍ സ്ത്രീകളെ ക്കുറിച്ച് രണ്ടു നോവലുകളും പോളിറ്റിക്കല്‍ നിരൂപണങ്ങളും കത്തുകളും എഴുതുകയും ചെയ്തു. അവരുടെ “തോട്സ് ഓഫ് എജ്യൂക്കേഷന്‍ ഓഫ് ഡോട്ടേഴ്സ്” എന്നത് പെണ്‍കുട്ടികളുടെ ഉന്നമനത്തിനായുള്ള നിര്‍ദ്ദേശങ്ങളും അവര്‍ക്കായുള്ള പ്രചോദനങ്ങളും അടങ്ങിയതാണ്. ‘വിന്‍ഡികേഷന്‍ ഓഫ് ദി റൈറ്റ്സ് ഓഫ് വുമന്‍’ എന്ന ബുക്ക് ആണ് മേരിയുടെ ജീവിതത്തിലെ വഴിത്തിരിവായതും നിരവധി സ്ത്രീകള്‍ക്ക് അവരുടെ മൂല്യം മനസ്സിലാക്കാനുള്ള ആണിക്കല്ലായതും. ഫെമിനിസ്റ്റ് ഫിലൊസോഫിയില്‍ ആദ്യത്തെ കൃതിയിലൂടെ സ്ത്രീ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനായുള്ള നിരവധി പോരാട്ടങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു.
33 മത്തെ വയസില്‍ മേരി അമേരിക്കന്‍ എഴുത്തുകാരനായ ഗില്‍ബെര്‍ട് ഇമലേ ആയി പ്രണയത്തിലാവുകയും, ഒരു പെണ്‍കുഞ്ഞിന് ജന്മം നലകുകയും ചെയ്തു. വിവാഹം കഴിക്കാതെയുള്ള ഗര്‍ഭധാരണം, അന്നത്തെ സമൂഹത്തില്‍ അപൂര്‍വമായിരുന്നതിനാല്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. പിന്നീട് അവള്‍ ലണ്ടനിലേക്ക് തിരിച്ചു വരികയും തത്വചിന്തകനും എഴുത്തുകാരനുമായ വില്യം ഗോഡ്വിനുമായി പ്രണയത്തിലാവുകയും വീണ്ടുമൊരു പെണ്‍കുഞ്ഞിന് ജന്മം നലകുകയും ചെയ്തു. (ആ പെണ്‍കുഞ്ഞാണ് മേരി ഷെല്ലി എന്ന പ്രമുഖ എഴുത്തുകാരി ആയത്. അവരുടെ പ്രധാനപ്പെട്ട ബുക്ക് ആണ് ഫ്രണ്‍കെന്‍സ്റ്റീന്‍.) എന്നാല്‍ പ്രസവശേഷം അവര്‍ ഒരു രോഗിയായി മാറുകയും 1897 സെപ്റ്റംബര്‍ 10നു മരണപ്പെടുകയും ചെയ്തു. പക്ഷേ മേരി വൂള്‍സ്റ്റോണ്‍ക്രാഫ്റ്റ് ഇന്നും വ്യത്യസ്തമായ സ്ത്രീ അനുഭാവ ആശയങ്ങളിലൂടേയും ചിന്തകളിലൂടേയും ലോകത്തിലെ പല കോണിലുള്ള സ്ത്രീകള്‍ക്കും പ്രചോദനമേകിക്കൊണ്ടേയിരിക്കുന്നു. എത്ര മൂടിവെക്കപ്പെട്ടാലും അവര്‍ നല്‍കിയ സംഭാവനകളും ആശയങ്ങളും എന്നും അലയടിച്ചുകൊണ്ടിരിക്കുകതന്നെ ചെയ്യും.
“എ വിന്‍ഡികേഷന്‍ ഓഫ് റൈറ്റ്സ് ഓഫ് വുമെന്‍” 1792 ലാണ് പബ്ലിഷിംഗ് ചെയ്യപ്പെടുന്നത്. ആധുനിക ഫെമിനിസത്തിന് അടിത്തറ പാകിയത് ഈ കൃതിയാണെന്ന് പറയനാകും. പുരുഷാധിപത്യ സമൂഹത്തില്‍ സ്ത്രീകള്‍ അനുഭവിച്ച അവഗണനകള്‍ വളരെ ശക്തമായ രീതിയില്‍ ഈ കൃതി കൈകാര്യം ചെയ്തു. ഒരു എഴുത്തുകാരിയെന്നതിലുപരി അവര്‍ സ്കൂള്‍ അധ്യാപികയുമായിരുന്നതിനാല്‍ അന്നു നിലനിന്നിരുന്ന വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങളെല്ലാം തന്നെ അവര്‍ക്ക് സുപരിചിതമായിരുന്നു. അന്നത്തെ വിദ്യാഭ്യാസ സമ്പ്രദായം കഴിവുള്ള പൗരന്മാരെ നിര്‍മിക്കുന്നതിന് പകരം അവരെ കഴിവു കെട്ടവരാക്കുകയാണ് എന്നു മേരി തിരിച്ചറിഞ്ഞു. 1786 ല്‍ പുറത്തിറങ്ങിയ “തോട്ട്സ് ഓണ്‍ എഡ്യുകേഷന്‍ ഓഫ് ഡോട്ടേഴ്സ്” ഫ്രഞ്ച് വിപ്ലവത്തിന്‍റെ വരവറിയിക്കുന്നതായിരുന്നു. അതുകൊണ്ട് തന്നെ മേരിക്ക് പൊതുശ്രദ്ധ ഇതിലൂടെ നേടുവാനായി. ഫ്രഞ്ച് വിപ്ലവം വളരെ വ്യത്യസ്തമായതും തീവ്രമായതുമായ പല ആശയങ്ങള്‍ക്കും ചിന്തകള്‍ക്കും വഴിയൊരുക്കി. വിപ്ലവത്തിന്‍റെ പ്രതിധ്വനികള്‍ യൂറോപ്പിലാകമാനം അലയടിച്ചു. ഫ്രഞ്ച് വിപ്ലവത്തിനെതിരായ ആദ്യത്തെ പ്രധാനപ്പെട്ട നിരൂപണങ്ങളില്‍ ഒന്നായിരുന്നു,എഡ്മണ്‍ഡ് ബര്‍ക്കിന്‍റെ “റിഫളക്ഷന്‍സ് ഓണ്‍ ദി റെവല്യൂഷന്‍ ഇന്‍ ഫ്രാന്‍സ്”. ഈ ബുക്ക് വിപ്ലവാനുകൂലികളേയും വിപ്ലവാശയങ്ങളേയും പാടേ തള്ളിക്കളയുന്നതും വിമര്‍ശിക്കുന്ന തരത്തിലുമായിരുന്നു. ഇതിന് മറുപടി എന്നപോലെയാണ് “എ വിന്‍ഡികേഷന്‍ ഓഫ് റൈറ്റ്സ് ഓഫ് വുമെന്‍” പബ്ലിഷ് ചെയ്യപ്പെടുന്നത്. ഈ ബുക്ക് ഉടനടി ഫ്രഞ്ചിലേക്കു തര്‍ജമ ചെയ്യപ്പെടുകയും ലോക ചരിത്രത്തിലെ സ്ത്രീ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനായുള്ള ഒരു പോരാട്ട കൃതിയായി മാറുകയും ചെയ്തു. ഇതിനു ബദലായി ടോം പൈന്‍ “ദി റൈറ്റ്സ് ഓഫ് മാന്‍” എന്ന കൃതി എഴുതുകയും ചെയ്തിരുന്നു.
“എ വിന്‍ഡികേഷന്‍ ഓഫ് റൈറ്റ്സ് ഓഫ് വുമെന്‍” എന്ന ബുക്കിലൂടെ അവര്‍ സ്ത്രീ വിദ്യഭ്യാസത്തിന്‍റെ പ്രാധാന്യവും വ്യക്തി രൂപീകരണത്തിന് വിദ്യാഭ്യാസ മേഖല വഹിക്കുന്ന പങ്കും കൃത്യമായ രീതിയില്‍ വരച്ചു കാണിക്കുന്നു. കൃതിയുടെ ആമുഖം ആരംഭിക്കുന്നത് തന്നെ നാഗരികതയുടെ നിര്‍മാണത്തെ വിമര്‍ശിക്കുന്ന രീതിയിലാണ്. ഇതോടൊപ്പം അന്നത്തെ സമൂഹം സ്ത്രീ-പുരുഷ വ്യത്യാസങ്ങള്‍ ഇത്രയധികം തുറന്നു കാണിച്ച , കടന്നു പോയ മോശം അവസ്ഥയേയും കാണിക്കുന്നു. സ്ത്രീകളെ കഴിവ് കെട്ടവരാക്കി ചിത്രീകരിക്കുന്നതില്‍ വിദ്യാഭ്യാസ മേഖല വഹിച്ച പങ്കും വരച്ചു കാണിക്കുന്നു. പുരുഷാധിപത്യം നിരാവധി മേഖലകള്‍ കടന്നാക്രമിച്ചിരുന്നു. തത്വ ചിന്ത, കലാസാംസ്കാരിക രംഗങ്ങളിലെല്ലാം തന്നെ പുരുഷന്‍റെ മേല്‍കോയ്മ അവന്‍ ഉറപ്പിച്ച് സ്ഥാപിച്ചു കഴിഞ്ഞിരുന്നു.
“വിദ്യാഭ്യാസം ലഭിക്കാത്ത സ്ത്രീകളുടെ മനസ്സ് അടിമത്വത്തിലും അറിവില്ലായ്മയിലും നിലനിക്കുന്നതാണ്”. – ‘എ വിന്‍ഡികേഷന്‍ ഓഫ് ദി റൈറ്റ്സ് ഓഫ് വുമന്‍’
അന്നിറങ്ങിയ ഭൂരിഭാഗം എഴുത്തുകളും ലിംഗ അസമത്വം വിളിച്ചോതുന്നവയായിരുന്നു. സ്ത്രീ കഥാപാത്രങ്ങളെല്ലാം തന്നെ പ്രണയത്തിന്‍റേയും ത്യാഗത്തിന്‍റേയും പ്രതീകമായി ചിത്രീകരിച്ചു. അബലയും കഴിവുകെട്ടവളും മാത്രമായി. ചിന്തിക്കാനും ചിന്തിക്കപ്പെടാനുമുള്ള കഴിവ് പുരുഷ വര്‍ഗത്തിനുള്ളതാക്കി അന്നത്തെ എഴുത്തുകള്‍ മാറ്റി. സ്ത്രീ അടുക്കളയുടെ ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങവേ, നോവലുകളെല്ലാം കുലസ്ത്രീ മഹിമകള്‍ ചിത്രീകരിച്ചു. സമൂഹം ഇതപലപിച്ചതിന് കാരണം അന്നത്തെ എഴുത്തുകളാണെന്നാണ് മേരി ഈ ബുക്കിലൂടെ പറയുന്നത്.
“മനുഷ്യന്‍റെ എല്ലാ അവകാശങ്ങളും ലംഘിക്കപ്പെടുന്നതിനു, കാരണം പൊട്ടയായ കീഴ് വഴക്കങ്ങളിലും, അനുസരണയിലും തൂങ്ങിക്കിടക്കുന്നതിനാല്‍”- ‘എ വിന്‍ഡികേഷന്‍ ഓഫ് ദി റൈറ്റ്സ് ഓഫ് വുമന്‍’
എ വിന്‍ഡികേഷന്‍ ഓഫ് റൈറ്റ്സ് ഓഫ് വുമന്‍ എന്ന കൃതി ഒരു രാഷ്ട്രീയ സിദ്ധാന്തമായി മാത്രം കണക്കാക്കാന്‍ കഴിയുകയില്ല. പ്ലേറ്റോയുടെ ‘റിപ്പബ്ലിക്’, റൂസോയുടെ ‘എമിലി’ എന്നിവ പോലെ ഇതിലും സാമൂഹ്യപരവും വിദ്യാഭ്യാസപരവുമായ ആശയങ്ങളുടെ കൂടിച്ചേരലായി കണക്കാക്കാം. സ്ത്രീകളുടെ ചിന്താശേഷിയുടെ ആഴം വിളിച്ചോതുന്നതിലുപരിയായി സ്ത്രീ വിദ്യാഭ്യാസ മേഖലയില്‍ റൂസ്സോ നടത്തിയ പരമാര്‍ശങ്ങളെ രൂക്ഷമായ രീതിയില്‍ വിമര്‍ശിക്കുന്നുമുണ്ട്. റൂസ്സോ പറയുന്നത് സ്ത്രീകള്‍ ദുര്‍ബലരും വ്യക്തമായ ചിന്താശേഷി ഇല്ലാത്തവരുമാണ്. എമിലിയില്‍ മുന്നോട്ട് വെക്കുന്ന റൂസ്സോയുടെ വിദ്യാഭ്യാസ വേര്‍തിരിവിനെ മേരി ചോദ്യം ചെയ്യുന്നു. സ്ത്രീകള്‍ വ്യത്യസ്തമായ രീതിയില്‍ കഴിവുള്ളവരാണെന്ന് മേരി വാദിക്കുന്നു. ചിന്തിക്കാനുള്ള കഴിവിന് മേരി എപ്പോളും പ്രധാന്യം നല്കിയിരുന്നു. എപ്പോളും ഈ കഴിവ് ഉപപയോഗിച്ച് ശരിയും തെറ്റും തെരഞ്ഞെടുക്കാന്‍ സ്ത്രീകള്‍ക്കു പ്രചോദനം നല്‍കി. ചെറുപ്പകാലം മുതല്‍ കുട്ടികള്‍ വളര്‍ന്നുവരുന്ന അന്തരീക്ഷത്തിന് വരേണ്ട മാറ്റങ്ങളെ കുറിച്ച് ഈ ബുക്കിലൂടെ വര്‍ണിച്ചു. വളര്‍ന്നു വരുന്ന അവസരത്തില്‍ തന്നെ പെണ്‍കുട്ടികള്‍ക്കു ചിന്തിക്കാനുള്ള അവസരങ്ങള്‍ നല്‍കണമെന്നും,അവളെ മുന്നേ പിന്തുടര്‍ന്ന സാമൂഹിക വഴക്കങ്ങളിലൂടെ നടത്താതെ ഒരു മനുഷ്യനായി കണക്കാക്കി തുല്യ വിദ്യാഭ്യാസം ഉറപ്പാക്കണമെന്നും, പുരുഷന്മാരെ പോലെ തന്നെ ജോലിചെയ്യാനും, സമ്പാദിക്കാനുമുള്ള അവസരങ്ങള്‍ നല്‍കണമെന്നും വാദിച്ചു. തുല്യവും ഒരുമിച്ചുമുള്ള നിര്‍ബന്ധിത വിദ്യാഭ്യാസം എന്ന ആശയം ഈ കൃതിയിലൂടെ മേരി മുന്നോട്ട് വെച്ചു.
“ഏറ്റവും ശ്രേഷ്ഠമായ വിദ്യാഭ്യാസം എന്തെന്നാല്‍, എന്‍റെ കാഴ്ചപ്പാടില്‍ ,ഒരു വ്യായാമം ആണ്, ശരീരത്തിന് ബലവും നല്ല ഹൃദയവും നേടിയെടുക്കുവാനായുള്ളത്. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍, ഒരു വ്യക്തിക്ക് നല്ല ചിന്താശേഷി ആര്‍ജിക്കുന്നതിനുള്ള കഴിവ് നേടലും, അത് സ്വയമേ പ്രതിഫലിപ്പിക്കുന്നതിനുമാണ്. പക്ഷേ, നമ്മുടെ സ്വയമായല്ലാത്ത ആശയങ്ങളില്‍ നിന്ന് ഉടലെടുക്കാത്ത നന്മയെ നന്മ എന്നു വിളിക്കുവാന്‍ കഴിയില്ല. ഈ ആശയമാണ് റൂസോ മുന്നോട്ട് വെച്ച ആണ്‍ ബഹുമാനം. എന്നാല്‍ ഞാന്‍ ഇത് സ്ത്രീകളിലേക്ക് നീട്ടുന്നു”.
പുരുഷാധിപത്യ സമൂഹം സ്ത്രീകളെ യുക്തിസഹമായ മനുഷ്യരേക്കാള്‍ അകര്‍ഷകമായ യജമാനത്തികളാക്കാന്‍ ശ്രമിച്ചു. അസ്തിത്വം തന്നെ നമാവശേഷമാക്കി. മാറ്റി നിര്‍ത്തപ്പെട്ട ഒരുകൂട്ടം ജനതയുടെ പ്രതീകമായി പ്രസവിക്കാനും പിന്‍ഗാമികളെ ഉണ്ടാക്കാനുമുള്ള വസ്തുവായി സ്ത്രീകളെ മാറ്റി. കലാന്തരങ്ങളാല്‍ പിന്തുടര്‍ന്ന വഴക്കങ്ങളെ തെറ്റിക്കുവാനോ ചട്ടക്കൂടില്‍ നിന്നു പുറത്തുവരാനോ അവള്‍ക്ക് കഴിഞ്ഞില്ല. പുരുഷന്മാര്‍ കൊടുക്കുന്ന സ്നേഹവും കരുതലുമാണ് എന്നും സ്ത്രീകള്‍ ആഗ്രഹിക്കുന്നത് എന്ന തരത്തില്‍ എഴുത്തുകളിലെല്ലാം തന്നെ പുരുഷന്മാര്‍ ആവര്‍ത്തിച്ച് പോന്നു. എന്നാല്‍ മേരി വൈകാരികമായി കാര്യങ്ങള്‍ എടുക്കാതെ വളരെ നിഷ്പക്ഷമായി കാര്യങ്ങള്‍ കാണാനും, ആശയങ്ങളെ തുറന്നു കാണിക്കുവാനും ഇതിലൂടെ ശ്രമിച്ചു. ലിംഗ അസമത്വം സമൂഹം ഉണ്ടാക്കിയെടുത്തത് ആണെന്നും, അത് തലമുറകളായി കൈമാറ്റം ചെയ്യപ്പെടുന്നുവെന്നും എഴുത്തുകളിലൂടെ വാദിച്ചു.
ടെളെരാന്‍ഡ് ഓഫ് ഫ്രാന്‍സ് എന്ന ബിഷപ്പിനാണ് ഈ എഴുത്ത് അവര്‍ സമര്‍പ്പിച്ചത്. അദ്ദേഹം സ്ത്രീകളുടെ അവകാശങ്ങള്‍ക്കും സ്ത്രീ വിദ്യാഭ്യാസത്തിനുമായി പോരാടിയിട്ടുള്ള ഒരു വ്യക്തിയാണ്. മേരി വൂള്‍സ്റ്റോണ്‍ ക്രാഫ്റ്റ് എഴുത്തിലൂടെ നടത്തിയ പോരാട്ടങ്ങള്‍ക്ക് ഫലമെന്നവണ്ണം നിരവധി മാറ്റങ്ങള്‍ ഉണ്ടായെന്ന് പറയാന്‍ കഴിയും. 1870 ല്‍ സ്ത്രീ വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങള്‍ വന്നു. പൊതു സ്കൂളുകള്‍ നിലവില്‍ വന്നു. വുമെന്‍സ് കോളേജ് ഇന്‍ ലണ്ടന്‍ സ്ഥാപിതമായി. ഓക്സ്വോര്‍ഡ്, കേംബ്രിഡ്ജ് കോളേജുകള്‍ തുറന്നു. സ്ത്രീ വിദ്യാഭ്യാസ രംഗത്ത് ഒട്ടേറെ പുതുമാറ്റങ്ങള്‍ കൊണ്ടുവരാന്‍ മേരിക്ക് കഴിഞ്ഞു.
ഉപസംഹാരം
വിദ്യാഭ്യാസം ഓരോ വ്യക്തിയിലും വരുത്തുന്ന മാറ്റങ്ങളെക്കുറിച്ചും, വ്യക്തിത്വവികസനത്തില്‍ വിദ്യാഭ്യാസത്തിനുള്ള പങ്കിനെ കുറിച്ചും മേരിവുള്‍സ്റ്റോണ്‍ക്രാഫ്റ്റിന് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ സമൂഹത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരണമെങ്കില്‍ തുല്യമായ വിദ്യാഭ്യാസം ഉറപ്പാക്കണം എന്ന ഉറപ്പായ തീരുമാനം അവര്‍ക്കുണ്ടായിരുന്നു. വിദ്യാഭ്യാസം ഓരോ മനുഷ്യന്‍റെയും ജീവിത അവകാശമായി കണക്കാക്കി. സാമൂഹിക പരിവര്‍ത്തനത്തില്‍ ഇതിനുള്ള പങ്കും ചൂണ്ടിക്കാട്ടി. പുരുഷ-സ്ത്രീ വ്യത്യാസങ്ങള്‍ പരമിതമാണെന്ന തിരിച്ചറിവ് ഉണ്ടാക്കാനായി നിരന്തരം ശ്രമിച്ചു. എന്നാല്‍ അവഗണനകളും നിയന്ത്രണങ്ങളും ഇന്നും കുറവല്ല. പല മേഖലകളിലും നിയന്ത്രണങ്ങള്‍ ഇന്നും ശക്തമാണ്. വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഇന്നത്തെ കാലയളവില്‍ എത്ര സ്ത്രീ തത്വചിന്തകരെ നമുക്ക് കാണാന്‍ കഴിയും? ഒന്നോ രണ്ടോ മാത്രം. സ്ത്രീകള്‍ നടത്തിയ പോരാട്ടങ്ങളും മുന്നേറ്റങ്ങളും ഇനിയും അറിയപ്പെടാതെ പോകരുത്. എല്ലാ മേഖലകളിലും അവര്‍ ആഗ്രഹിക്കുന്ന നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ അവരെ പ്രോല്‍സാഹിപ്പിക്കുക. വേണ്ട സഹായങ്ങള്‍ കൊടുക്കുക. അവരും ആവരുടെ ആഗ്രഹങ്ങളും ഇഷ്ടങ്ങളും താല്പര്യങ്ങളും നിറവേറ്റി ജീവിക്കട്ടെ. രണ്ടാം തരക്കാരായി അല്ല മനുഷ്യരായി.
ഗ്രന്ഥ സൂചിക :
ക്രാസിയം, സി(2002)എ റുടെലെഡ്ജ് ലിറ്റററി സോഴ്സ് ബുക്ക് ഓണ്‍ മേരി വൂള്‍സ്റ്റോണ്‍ ക്രാഫ്റ്റ്സ് “എ വിന്‍ഡികേഷന്‍ ഓഫ് റൈറ്റ്സ് ഓഫ് വുമെന്‍”, ലണ്ടന്‍ : റൌടെലഡ്ജ് ഫാള്‍കോ, എം. ജെ. (എഡ്)(1966) ഫെമിനിസ്റ്റ് ഇന്‍ ടെര്‍പ്രെറ്റേഷന്‍സ് ഓഫ് മേരി വൂള്‍സ്റ്റോണ്‍ ക്രാഫ്റ്റ്, പെന്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റി പ്രെസ്സ്.
ജാകോബ്സ്, ഡി.(2001). ഹെര്‍ ഓണ്‍ വുമെന്‍: ദി ലയിഫ് ഓഫ് മേരി വൂള്‍സ്റ്റോണ്‍ ക്രാഫ്റ്റ്. ന്യൂയോര്‍ക്: സിമൊണ്‍ &സച്ചസേര്‍.
കെല്ലി, ജി.(1995) റെവെല്യൂഷണറിഫെമിനി ഫെമിനിസം: ദി മയിന്‍ഡ് ആന്‍ഡ് കരിയര്‍ ഓഫ് മേരി വൂള്‍സ്റ്റോണ്‍ ക്രാഫ്റ്റ്, ന്യൂയോര്‍ക്: സെന്‍റ് മാര്‍ട്ടിന്‍സ്.
ഗോര്‍ഡണ്‍, എല്‍ .(2005) മേരി വൂള്‍സ്റ്റോണ്‍ ക്രാഫ്റ്റ്: എ ന്യൂ ജെനെസ്. ലണ്ടന്‍: ലിറ്റില്‍, ബ്രവുണ്‍.
മില്ലെര്‍,സി.(1999) മേരി വൂള്‍സ്റ്റോണ്‍ ക്രാഫ്റ്റ് ആന്‍ഡ് റൈറ്റ്സ് ഓഫ് വുമെ, മോര്‍ഗന്‍ റെയ്നോള്‍ഡ്സ്.
മൂര്‍, ജെ(1999) മേരി വൂള്‍സ്റ്റോണ്‍ ക്രാഫ്റ്റ്, നോര്‍ത്ത്കോട്ട് ഹൗസ് എഡുക്കേഷണല്‍ പബ്ലിഷേഴ്സ്.
ടെയിലേര്‍, ബി. (2003)മേരി വൂള്‍സ്റ്റോണ്‍ ക്രാഫ്റ്റ്: എ ഫെമിനിസ്റ്റ് ഈമാജിനേഷന്‍, കെംബ്രിഡ്ജ്: യൂണിവേര്‍സിറ്റി ഓഫ് കെംബ്രിഡ്ജ്.
ടോഡ്,ജെ. (2000) മേരി വൂള്‍സ്റ്റോണ്‍ ക്രാഫ്റ്റ്: എ റെവെല്യൂഷണറി ലയിഫ്, ലണ്ടന്‍ : വിഡെന്‍ഫീല്‍ഡ് ആന്‍ഡ് നികോളസോന്‍
വൂള്‍സ്റ്റോണ്‍ക്രാഫ്റ്റ്, മേരി (1993)പൊളിറ്റിക്കല്‍ റൈറ്റിങ്സ്: എ വിന്‍ഡികേഷന്‍ ഓഫ് റൈറ്റ്സ് ഓഫ് വുമെന്‍; ആന്‍ഡ് ആന്‍ ഹിസ്റ്റോറിക്കല്‍ ആന്‍ഡ് മോറല്‍ വ്യൂ ശൗര ഓഫ് ദി ഒറിജിന്‍ ആന്‍ഡ് പ്രോഗ്രെസ് ഓഫ് ഫ്രെഞ്ച് റെവെല്യൂഷന്‍, എഡ്. ബൈ ജാനറ്റ് ടോഡ്, ടൊറണ്ടോ.
COMMENTS